Connect with us

Video Stories

മതേതരത്വം മത നിരാസമല്ല മത സഹിഷ്ണുതയാണ്

Published

on

 

ഇ സ്വാദിഖലി

മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 25 മത രാഷ്ട്രീയം സംബന്ധിച്ച ശ്രദ്ധേയമായ വകുപ്പാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ സമീപനത്തിന്റെ ശരിയായ ഗുണനിരൂപണത്തിലുള്ള മുഖ്യ വകുപ്പാണിത്. 25 (1) പൊതുക്രമം, സദാചാരബോധം, ആരോഗ്യം, മറ്റ് വകുപ്പുകള്‍ എന്നിവക്ക് വിധേയമായി എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും തുല്യ അവകാശമുണ്ട്. (2) ഈ വകുപ്പിലെ യാതൊന്നും തന്നെ രാഷ്ട്രീത്തിലെ നിലവിലുള്ള നിയമത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു നിയമനിര്‍മ്മാണത്തെ തടയുകയോ ചെയ്യില്ല. (മ) മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തിക, രാഷ്ട്രീയ, മതേതരമായ മറ്റു പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും നിയന്ത്രിക്കാനും; (യ) പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമത സ്ഥാപനങ്ങളും സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനും വേണ്ടി എല്ലാ ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കും തുറന്നു കൊടുക്കുക. വിശദീകരണം: കൃപാണ്‍ ധരിക്കലും കൊണ്ടുനടക്കലും സിക്ക് മതാനുഷ്ഠാനത്തിലുള്‍പ്പെട്ടതായി കരുതപ്പെടും. വിശദീകരണം (2) രണ്ടാം വകുപ്പ് (യ) ഉപവകുപ്പിലെ ഹിന്ദുക്കള്‍, എന്ന സൂചനയില്‍ സിക്ക്, ജൈന അല്ലെങ്കില്‍ ബുദ്ധമതാചാരികളായ വ്യക്തികളുടെ സൂചനയുമുള്‍പ്പെടുന്നു. ഹിന്ദുമത സ്ഥാപനങ്ങളെന്ന സൂചന അതിന്‍പ്രകാരം വ്യാഖ്യാനിക്കപ്പെടുന്നതാണ്. അതിനാല്‍ മതത്തിന്റെ സ്വേച്ഛാനുസൃതമായ പ്രവര്‍ത്തനാവകാശമെന്നത് പൂര്‍ണമായ സ്വാതന്ത്ര്യമല്ല. വ്യക്തമായ നിബന്ധനകള്‍ക്ക് വിധേയമാണ്. (1) പൊതുക്രമം, ധാര്‍മ്മികബോധം, ആരോഗ്യം. (2) ഭരണഘടനയുടെ മൂന്നാം ഭാഗത്തെ മറ്റ് വകുപ്പുകള്‍. (3) മതാനുഷ്ഠാനവുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനും നിയന്ത്രണത്തിനുമുള്ള രാഷ്ട്രത്തിന്റെ അധികാരം. (4) സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനുമുള്ള നിയമ നിര്‍മ്മാണം. എല്ലാ പൗരന്മാര്‍ക്കും തുല്യമായ സ്വാതന്ത്ര്യാവകാശമുണ്ടെന്ന് ആര്‍ട്ടിക്ക്ള്‍ 25 (1) വ്യക്തമാക്കുന്നുണ്ട്. മതത്തില്‍ നിന്നും സ്റ്റേറ്റിനെ വേര്‍തിരിക്കുന്നത് വ്യക്തമാക്കുന്നത് പോലെ മതങ്ങളോടുള്ള രാഷ്ട്രത്തിന്റെ നിഷ്പക്ഷതയുടെ തത്വത്തെ ഇത് ഉറപ്പാക്കുന്നു. വ്യത്യസ്ത മത ഗ്രൂപ്പുകള്‍, സമുദായങ്ങള്‍ എന്നിവക്കിടയില്‍ തുല്യതയെന്ന തത്വം രാഷ്ട്രം പിന്തുടരുകയാണെങ്കില്‍ സ്റ്റേറ്റിന് മതത്തെ നിയമപരമായി സഹായിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകപോലും ചെയ്യാമെന്ന് മുസ്‌ലിം ലീഗ് നേതാവായിരുന്ന ജി.എം ബനാത്ത്്‌വാല പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും അനുഷ്ഠാനത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തിക്ക് മതം വിവേചനാധികാരം നല്‍കുകയാണെങ്കില്‍, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ‘സ്വതന്ത്രമായ ആചരണം’ എന്ന സങ്കല്‍പം സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന്റെ വ്യാപ്തി ക്ലിപ്തപ്പെടുത്തുകയെന്നത് ഭരണഘടനയുടെ 25-ാം വകുപ്പ് സങ്കല്‍പിച്ചത് പോലുള്ള സ്വേച്ഛാനുസൃത മതാചരണമായിരിക്കില്ല.
ആര്‍ട്ടിക്ക്ള്‍ 25 വ്യക്തിയുടെ മതസ്വാതന്ത്ര്യമുറപ്പിക്കുമ്പോള്‍ വകുപ്പ് 26 സംഘടിത മത സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. മത വിഷയങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം നിര്‍ണയിക്കാനുള്ള അവകാശം എല്ലാ മത സമുദായങ്ങള്‍ക്കും അല്ലെങ്കില്‍ അതിന്റെ വിഭാഗങ്ങള്‍ക്കും 26-ാം വകുപ്പ് സുരക്ഷിതമാക്കുന്നു. മത വിഷയങ്ങള്‍ രൂപപ്പെടുത്തുന്നതെന്താണെന്ന് തിട്ടപ്പെടുത്താനുള്ള പൂര്‍ണമായ സ്വയം നിര്‍ണയാവകാശം എല്ലാ മതങ്ങള്‍ക്കുമുണ്ട്. മതത്തിന്റെ ഏകോപിതമായ സ്വാതന്ത്ര്യത്തിന് ഇന്ത്യന്‍ ഭരണഘടന മഹത്തായ സംരക്ഷണം നല്‍കുന്നുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം ഒരു വ്യക്തി അനുഭവിക്കുന്ന അവകാശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ട്ടിക്ക്ള്‍ 26 പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വിധേയമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുമത പശ്ചാത്തലത്തിന്റെ കാരണത്താലാണിത്. അത്‌പോലെ ഒരു സമുദായത്തിന്റെയും അസ്തിത്വത്തില്‍ ഇടപെടില്ലെന്ന പരിഗണന ബഹുമത സമൂഹത്തിന്റെ അഖണ്ഡതയും ഏകതയും സംരക്ഷിക്കേണ്ടതിലുമാണ്. മത സിദ്ധാന്തങ്ങള്‍, ആചാരങ്ങള്‍ എന്നിവയാണ് ഒരു മതത്തിന് സവിശേഷമായ അസ്തിത്വം നല്‍കുന്നത്. അവയില്‍ ഇടപെടുകയെന്നാല്‍ മതത്തിന്റെ അസ്തിത്വമോ, വ്യതിരിക്തതയോ നിഷേധിക്കലാകുന്നു. ഇത് പ്രകാരം ഏതെങ്കിലും മതശാസന ലംഘിക്കുന്ന അംഗത്തെ ആ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ ആ മതത്തിന്റെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് 26 (യ) പ്രകാരം അധികാരമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതനുസരിച്ച് ബോംബെ സമുദായ ഭ്രഷ്ട് നിരോധന നിയമം (1949) കോടതി അസാധുവാക്കി. ഭരണഘടനയുടെ 25 (യ) പ്രകാരം മത സമുദായ വിഷയങ്ങള്‍ നിയന്ത്രിക്കുന്നതിന് മതങ്ങള്‍ക്ക് കിട്ടിയിട്ടുള്ള സ്വയം നിര്‍ണയാവകാശം സാമൂഹിക ക്ഷേമവും പരിഷ്‌കരണവും ഉറപ്പിക്കുന്ന ഭരണഘടന 25 (2) വകുപ്പിന് വിധേയമായിട്ടായിരിക്കും. മതാടിസ്ഥാനത്തിലുള്ള സമുദായം ഭ്രഷ്ട് റദ്ദ് ചെയ്യുന്നത് സാമൂഹിക ക്ഷേമവും പരിഷ്‌കാരവും അഭിവൃദ്ധിപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
ഭരണഘടനയുടെ 25-ാം വകുപ്പ് മതത്തിനും രാഷ്ട്രീയത്തിനുമിടയിലെ പരസ്പര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്. ഈ വകുപ്പിലുള്ള പരിമിതികള്‍ മതത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ വിപുലത സൂചിപ്പിക്കുമ്പോള്‍, ഉപവകുപ്പ് 2 (മ) മതത്തിന്റെ രാഷ്ട്രീയമായ പങ്കിനെ സൂക്ഷ്മാവലോകനത്തിലൂടെ അംഗീകരിക്കുന്നു. മതവുമായി ബന്ധപ്പെടുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ ഏതൊരു പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഭരണകൂടത്തെ ഈ ഉപവകുപ്പ് അധികാരപ്പെടുത്തുന്നു. നിയന്ത്രിക്കുക അല്ലെങ്കില്‍ പരിമിതപ്പെടുത്തുക എന്നതിലൊതുങ്ങുന്നു ഭരണകൂടത്തിന്റെ അധികാരം. പൂര്‍ണമായി നിരോധിക്കാന്‍ അതിനധികാരമില്ല. ഈ വകുപ്പ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ കൂലങ്കശമായ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും വിധേയമായി. 25 (2മ) വകുപ്പ് ഭരണഘടനയുടെ 19 (2) വകുപ്പിന്റെ അസ്സലിന് തുല്യമാണ്. രാഷ്ട്രീയം അതിന്റെ അധികാര പരിധി മതത്തിന്റെ ചിലവില്‍ വിപുലീകരിക്കുന്നില്ല. രാഷ്ട്രീയം മതവൈര്യമായിരിക്കേണ്ടതില്ലെന്ന് ഭരണഘടന അംഗീകരിച്ചിരിക്കുന്നു. മത സ്വാധീനത്തിന്റെ പ്രവര്‍ത്തന സൗകര്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതിന്റെ ശക്തി പ്രയോഗിക്കുന്നുമില്ല. ജീവിതത്തിന്റെ പരിപൂര്‍ണ പരിത്യാഗവും ഗുഹകളിലെയും വനങ്ങളിലെയും സന്യാസ ജീവിതവും അംഗീകരിക്കുന്ന മതത്തില്‍ നിന്ന് ജിവിതാസകലമുള്ള പൂര്‍ണമായ മാര്‍ഗനിര്‍ദ്ദേശ നിയമസംഹിത പ്രദാനം ചെയ്ത മതങ്ങളിലേക്കുള്ള പ്രയാണമാണ് ഇന്ത്യയിലെ മത ജീവിതത്തിലെ വിപുലമായ അഭിപ്രായാന്തരങ്ങള്‍. തീര്‍ച്ചയായും സ്വദേശീയമായ സാഹചര്യങ്ങളാണ് നമ്മുടെ ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ പ്രചാലകശക്തി. പാശ്ചാത്യലോകം അവയുടെ തന്നെ ചരിത്ര വീക്ഷണ മതത്തെയും ഭരണകൂടത്തെയും പരസ്പരം വേര്‍തിരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.
ബഹുമത സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ മത രാഷ്ട്രീയ പാരസ്പര്യത്തിലെ സമീപനം. മത വിശ്വാസവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിക്കുന്ന, പൊരുത്തപ്പെടാത്ത വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇന്ത്യയിലെ ജനത. രാഷ്ട്രീയമായി ഏകരായ സമൂഹത്തിനുള്ളിലെ സഹജീവനത്തിന്റെ അല്ലെങ്കില്‍ ബഹുമതങ്ങളുടെ സൂക്ഷ്മമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉചിതമായ പ്രതികരണമായിരുന്നു ആ സമീപനം.
മതത്തെയും രാഷ്ട്രീയത്തെയും പൂര്‍ണമായും വേര്‍പെടുത്തുന്നതിനുള്ള ആഹ്വാനം നമ്മുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ചൈതന്യത്തിനും തത്വദര്‍ശനത്തിനും ചിന്തകള്‍ക്കും അന്യവും വിരുദ്ധവുമാകുന്നു. ഭരണഘടനയിലെ പ്രകടമായ വകുപ്പുകള്‍ അത് നിഷേധിക്കുന്നു. ഈ സൂക്ഷ്മമായ തുല്യതയെ താറുമാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞോ, അറിയാതെയോ ബഹുമത സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമെതിരായാണ് നിലകൊള്ളുന്നതും സഹായിക്കുന്നതും. ഭരണകൂടവും നിര്‍ഭാഗ്യവശാല്‍ ഇതിനെ പിന്തുണക്കുന്നതാണ് നമുക്കനുഭവപ്പെടുന്നത്. മതത്തിന്റെയും രാഷ്ട്രത്തിന്റെയും സമ്പൂര്‍ണമായ വിഭജനമെന്നതല്ല ഏറ്റവും വലിയ പ്രശ്‌നം. മറിച്ച്, ഇരുശക്തികളും ഒന്നിച്ചു പ്രവര്‍ത്തിച്ചേക്കാവുന്ന രൂപരേഖ സംബന്ധിച്ചുള്ളതാകുന്നു.
(തുടരും)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.