Connect with us

Health

കോവിഡ് രക്തയോട്ടത്തെ ബാധിക്കും; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

കൊറോണ വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത ആവശ്യമാണ്

Published

on

ശ്വാസകോശവും ഹൃദയവും തലച്ചോറും ഉള്‍പ്പെടെയുള്ള നിരവധി അവയവങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നതിന് പുറമേ, ശരീരത്തിലെ രക്തപ്രവാഹത്തെ തകരാറിലാക്കി ആരോഗ്യമുള്ള യുവാക്കളില്‍ പോലും സങ്കീര്‍ണതകളുണ്ടാക്കാന്‍ കോവിഡിന് സാധിക്കും. കൊറോണ വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത ആവശ്യമാണ്. ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.

ധമനികളിലൂടെയും ഞരമ്പുകളിലൂടെയുമുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അസാധാരണ ക്ലോട്ടിങ്ങാണ് കോവിഡിനോട് അനുബന്ധിച്ച് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസ് ശരീരത്തില്‍ ഉയര്‍ത്തുന്ന സൈറ്റോകീന്‍ തരംഗവും അണുബാധയ്ക്കെതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണവുമെല്ലാം ക്ലോട്ടിങ്ങിന് കാരണമാകാം. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ രക്ത ക്ലോട്ടിങ്ങ് പ്രശ്നങ്ങള്‍ വളരെ ഉയര്‍ന്ന തോതിലായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഡീപ് വെയ്ന്‍ ത്രോംബോസിസ് ആണ് കോവിഡ് അണുബാധ ശരീരത്തിനേല്‍പ്പിക്കുന്ന മറ്റൊരു പാര്‍ശ്വഫലം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടും വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നത് മൂലമുണ്ടാകുന്നതാണ്. കൈകാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരമായി എടുക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പുകള്‍, നിറംമാറ്റം എന്നിവയും വൈറസ് രക്തപ്രവാഹത്തിന് നാശമുണ്ടാക്കുന്നതിന്റെ പ്രതിഫലനമാകാം. ഹൃദ്രോഗ ചരിത്രമില്ലാത്തവരില്‍ പോലും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയും കോവിഡ് വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ക്ലോട്ട് ശ്വാസകോശത്തെ ബാധിക്കാമെന്നും ശ്വാസതടസ്സത്തിന് കാരണമാകുമെന്നും ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനവും ചൂണ്ടിക്കാണിക്കുന്നു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Health

വയനാട് ജില്ലയില്‍ സ്ഥിരീകരിച്ച നോറോ വൈറസ് എന്താണ്? അറിയേണ്ടതെല്ലാം!!

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം

Published

on

എന്താണ് നോറ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

 

Continue Reading

Health

വാക്‌സിനേഷന്‍: പ്രതികൂല സംഭവങ്ങള്‍ 0.01 ശതമാനം

ശതമാനക്കണക്കില്‍ നോക്കിയാല്‍ 0.01ശതമാനം പ്രതികൂല സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് 26,000-ല്‍ അധികം പ്രതികൂലസംഭവങ്ങള്‍ അഥവാ അഡ്വേഴ്സ് ഇവന്റ്സ് ഫോളോവിങ് ഇമ്യുണൈസേഷന്‍(എ.ഇ.എഫ്.ഐ) രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍.

2021 ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. വാക്സിന്‍ സ്വീകരിച്ചതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 488 മരണവും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവില്‍ 23.5 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 26,200 എ.ഇ.എഫ്.ഐ കേസുകള്‍.

ശതമാനക്കണക്കില്‍ നോക്കിയാല്‍ 0.01ശതമാനം പ്രതികൂല സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാക്സിനേഷന്‍ ആരംഭിച്ച 143 ദിവസത്തിനിടെ, ഓരോദിവസവും വാക്സിന്‍ സ്വീകരിച്ച പതിനായിരത്തില്‍ ഒരാള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ച 10 ലക്ഷത്തില്‍ രണ്ടുപേര്‍ക്ക് വീതം ജീവനും നഷ്ടമായി. വാക്സിനേഷനു ശേഷമുള്ള എ.ഇ.എഫ്.ഐ കേസുകള്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണെന്നും വാക്സിന്‍ സ്വീകരിച്ചതുമായി അതിന് ബന്ധമുണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ വാക്സിനേഷനും എ.ഇ.എഫ്.ഇ. കേസുകളും തമ്മിലുള്ള അനുപാതം കോവിഷീല്‍ഡിനും കോവാക്സിനും 0.01 ശതമാനമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കോവിഷീല്‍ഡുമായി ബന്ധപ്പെട്ട് 24,703 എ.ഇ.എഫ്.ഐ. കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം കോവാക്സിനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എ.ഇ.എഫ്.ഐ. കേസുകളുടെ എണ്ണം 1,497 ആണ്. 21 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. 2.5 കോടി ഡോസ് കോവാക്‌സിനും വിതരണം ചെയ്തിട്ടുണ്ട്. വാക്‌സിനേഷനു ശേഷം മരിച്ച 488 കേസുകളില്‍ 457 പേര്‍ കോവിഷീല്‍ഡും 20 പേര്‍ കോവാക്‌സിനുമാണ് സ്വീകരിച്ചത്. 11 പേരുടെ വിവരം ലഭ്യമല്ല. ഇവരില്‍ 207 പേരെ ആശുപത്രികളില്‍ അഡ്മിറ്റാക്കിയിരുന്നു.

ജമ്മുകശ്മീരിലെ കത്വയില്‍ നിന്നുള്ള 21 കാരനാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. പ്രായം കൂടിയത് കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള 97 കാരനും. മരിച്ചവരില്‍ 27 പേര്‍ 39 വയസിന് താഴെ പ്രായമുള്ളവരാണ്. 10 പേര്‍ 29ന് താഴെ പ്രായമുള്ളവരും. രക്തം ഛര്‍ദ്ദിക്കല്‍, പെട്ടെന്ന് ബോധരഹിതനാവുക, നെഞ്ച് വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഇവരില്‍ പലര്‍ക്കും ഉണ്ടായത്. ചിലര്‍ക്ക് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന അവസ്ഥയും ഉണ്ടായി.

പ്രതികൂല സംഭവം കൂടുതല്‍ സ്ത്രീകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. (15,909) പുരുഷന്‍മാരില്‍ (10,287). മഹാരാഷ്ട്ര (4521), കേരളം (4074), കര്‍ണാടക (2650), പശ്ചിമ ബംഗാള്‍ (1456), യു.പി (1361), ഗുജറാത്ത് (1131), ഡല്‍ഹി (1111) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.