Connect with us

Sports

മില്‍ഖക്ക് കണ്ണീര്‍ പ്രണാമം

പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന്‍ എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു.

Published

on

 കമാല്‍ വരദൂര്‍

കണ്ണീരണിയാതെ മില്‍ഖയെ വായിക്കാന്‍ ആര്‍ക്കുമാവില്ല. കുട്ടിക്കാലത്ത് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ…. സമീപം ചേതനയറ്റ സഹോദരിമാരെ. വര്‍ഗീയ കലാപത്തിന്റെ വറുതീയില്‍ മില്‍ഖയിലെ ബാല്യം ജീവനായാണ് ആദ്യം ഓടിയത്. സഹോദരന്‍ സൈന്യത്തിലേക്ക് വഴികാട്ടിയപ്പോഴും ആ കൗമാരക്കാരന്‍ എപ്പോഴും തിരിഞ്ഞ്‌നോക്കും. ആയുധങ്ങളുമായി ആരെങ്കിലും പിറകിലുണ്ടോ..? ലോകം കീഴടക്കിയ ഓട്ടക്കാരനായിമാറിയിട്ടും ശൈശവത്തിലെ ഉള്‍ഭയം മില്‍ഖയില്‍നിന്നും അകന്നില്ല. റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഫൈനലില്‍ എന്തായിരുന്നു സംഭവിച്ചത്…? ആദ്യ 200 മീറ്റര്‍ അനായാസം പിന്നിട്ട മില്‍ഖ പിറകിലെ പ്രതിയോഗികളെ ഒന്ന് തിരിഞ്ഞ്‌നോക്കി. ആ നോട്ടത്തിനിടെ മൂന്ന് പേര്‍ മുന്നേ പാഞ്ഞു…. പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ അയ്യൂബ്ബ്ഖാന്‍ മല്‍സരത്തിനായി വിളിച്ചപ്പോള്‍ ഞാനില്ല എന്ന് മില്‍ഖ പറഞ്ഞത് ഭയം കൊണ്ടായിരുന്നു. നെഹ്‌റുവിന്റെ നിര്‍ബന്ധത്തില്‍ പാകിസ്താനില്‍ പോയി പാക് ജനതയുടെ മനം കവര്‍ന്ന് തിരിച്ചുവന്നിട്ടും മില്‍ഖ പിറകിലേക്ക് നോക്കും… ജീവിതമെന്ന മൈതാനത്ത് എന്നുമെപ്പോഴുമുണ്ടായിരുന്ന പ്രിയപ്പെട്ട നിര്‍മല്‍ കോവിഡില്‍ തളര്‍ന്ന് മരണത്തെ പുല്‍കിയപ്പോള്‍ മാത്രം മില്‍ഖ തിരിഞ്ഞ്‌നോക്കിയില്ല, ആ ഓട്ടത്തില്‍ അദ്ദേഹത്തിന് അതിവേഗതയുണ്ടായിരുന്നു. പ്രിയതമക്ക് അരികിലെത്തണം. നിര്‍മല്‍ മരിച്ച് അഞ്ചാം നാള്‍ അദ്ദേഹവും ജീവിത മൈതാനം വിട്ടുവെങ്കില്‍ എങ്ങനെ മില്‍ഖക്ക് വേണ്ടി കണ്ണുകള്‍ തുടയ്ക്കാതിരിക്കും.

ജീവിതം മില്‍ഖക്ക്മുന്നില്‍ എപ്പോഴും വില്ലനായിരുന്നു. പാകിസ്താന്‍ പഞ്ചാബിലെ ഗോവിന്ദപുര എന്ന കൊച്ചു ഗ്രാമത്തില്‍ 1929 ല്‍ ജനിച്ച മില്‍ഖ കുട്ടിക്കാലത്ത് കണ്ടത് വിഭജനത്തിന്റെ ഭീതിത കാഴ്ചകളായിരുന്നു. ഇന്ത്യയും പാകിസ്താനും രണ്ടായപ്പോള്‍ കലാപഭൂമിയില്‍ എല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കണ്‍മുന്നില്‍ ഉറ്റവര്‍ ചേതനയറ്റ് കിടക്കുമ്പോഴായിരുന്നു ആദ്യമായി അദ്ദേഹം ഓടിയത്; അക്രമികളില്‍നിന്ന് രക്ഷ നേടാന്‍. എത്തിയത് ഡല്‍ഹിയില്‍. ലോക കായിക ചരിത്രം പരിശോധിച്ചാല്‍ സ്വന്തം ജീവന്‌വേണ്ടി ആദ്യമായി ഓടിയ ഒരു അത്‌ലറ്റുണ്ടാവില്ല. ജീവിച്ചിരിപ്പുള്ള ഏക സഹോദരന്റെ നിരന്തരമായ അഭ്യര്‍ത്ഥനയില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ മൂന്ന് തവണ എഴുത്ത് പരീക്ഷയെഴുതി. മനസ് നിറയെ രക്തത്തില്‍ കുളിച്ച്കിടക്കുന്ന മാതാപിതാക്കളും സഹോദരങ്ങളുമാവുമ്പോള്‍ മില്‍ഖയിലെ കൗമാരത്തിന് പരീക്ഷയില്‍ ഉത്തരങ്ങളുണ്ടായിരുന്നില്ല. നാലാം ശ്രമത്തില്‍ അദ്ദേഹം വിജയിച്ചത് വളര വേഗതയില്‍ ദീര്‍ഘദൂരം ഓടാനാവുന്നു എന്ന യോഗ്യതയിലായിരുന്നു. ജീവിക്കാനായി ഗോവിന്ദപുരയില്‍നിന്നും ഡല്‍ഹിയിലേക്ക് കുതിച്ച ആ പയ്യന് ആരും ഓട്ടം പഠിപ്പിക്കേണ്ടതില്ലല്ലോ… അമേരിക്കയുടെ വിഖ്യാതനായ ഓട്ടക്കാരന്‍ ചാള്‍സ് ജെന്‍കിന്‍സ് ഒരു വേള മില്‍ഖയോട് ചോദിച്ചു, ആരാണ് നിന്റെ പരിശീലകന്‍… അദ്ദേഹത്തിന്റെ ഉത്തരം മൂന്ന് അക്ഷരമായിരുന്നു-ജീവിതം. സൈന്യത്തില്‍ നിന്നും ക്രമാനുഗത പരിശീലനത്തിലൂടെ മില്‍ഖ വളര്‍ന്നു. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ അദ്ദേഹം ഇന്ത്യന്‍ കളറണിഞ്ഞു. മെഡലുകളൊന്നും കിട്ടിയില്ല. 1958 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200 ലും 400 ലും സ്വര്‍ണം നേടിയായിരുന്നു അദ്ദേഹം വാര്‍ത്തകളിലേക്ക് വരുന്നത്.

പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന്‍ എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു. തന്റെ സര്‍വസ്വവും നഷ്ടമായ ഭൂമി. അതിനാല്‍ ഖാലിക്കാണ് പ്രതിയോഗിയെങ്കില്‍ മില്‍ഖയിലെ പഞ്ചാബീ വീര്യം ശക്തമാവും. ടോക്കിയോ 200 മീറ്ററില്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത് ഖാലിക്കിനായിരുന്നെങ്കില്‍ മില്‍ഖ ഫിനിഷ് ചെയ്തത് 21.6 സെക്കന്‍ഡില്‍. ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഖാലിക്ക് രണ്ടാമനുമായി. 1958 ല്‍ കാര്‍ഡിഫില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മില്‍ഖ വീരചരിതമായി. നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കോമണ്‍വെല്‍ത്ത് വേദിയില്‍ മില്‍ഖ ഒന്നാമനായപ്പോള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ അതുവരെയില്ലാത്ത കനകശോഭ. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്‌പെന്‍സ്, കാനഡയുടെ ടെറി ടുബാഗോ എന്നീ ഉന്നതന്മാരെ പിറകിലാക്കിയായിരുന്നു ആ ഇതിഹാസ വിജയം. കാലമിപ്പോഴും മില്‍ഖയെ സ്മരിക്കുന്നത് 1960 ലെ റോം ഒളിംപിക്‌സ് വഴിയാണ്. അമേരിക്കയുടെ ജാക് യെര്‍മന്‍, ഒട്ടിസ് ഡേവിസ്, ഐക്യ ജര്‍മനിയുടെ കാള്‍ കഫ്മാന്‍ തുടങ്ങിയവരെല്ലാം അണിനിരന്ന വേദിയില്‍ സെപ്തംബര്‍ 6 ലെ ആ ഫൈനല്‍. (ഇപ്പോള്‍ യൂറോ നടക്കുന്ന അതേ ഒളിംപിക് സ്റ്റേഡിയം) ഇന്ത്യ എന്ന വലിയ രാജ്യം ഉറക്കമില്ലാതെ കാത്തിരുന്ന ആ ഫൈനല്‍. 200 മീറ്റര്‍ വരെ മില്‍ഖ ഒന്നാമന്‍. 250 മീറ്റര്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം വേഗത കുറച്ചു. ഒന്ന് തിരിഞ്ഞ്‌നോക്കി. അതിനിടെ ഒട്ടിസ് ഡേവിസ് കടന്നുപോയി. അദ്ദേഹം സ്വര്‍ണം നേടിയപ്പോള്‍ കഫ്മാന്‍ രണ്ടാമനായി. ദക്ഷിണാഫ്രിക്കയുടെ മാല്‍ക്കം സ്‌പെന്‍സ് വെങ്കലവും നേടിയപ്പോള്‍ 45.08 സെക്കന്‍ഡില്‍ മില്‍ഖ നാലാമനായി. ഒന്നാമനായ ഒട്ടിസിന്റെ സമയം 45.07 സെക്കന്‍ഡാണെന്നോര്‍ക്കണം.

എന്തിനായിരുന്നു ആ തിരിഞ്ഞു നോട്ടമെന്ന് എപ്പോഴും എല്ലാവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു, മനസിലെ ഭയം. കുട്ടിക്കാലം നല്‍കിയ വേദന. റോമിന് മുമ്പ് ലാഹോറില്‍ ഇന്ത്യ-പാകിസ്താന്‍ ഗെയിംസ് നടന്നിരുന്നു. നെഹ്‌റു പറക്കുംപക്ഷി എന്ന് വിശേഷിപ്പിച്ച അബ്ദുല്‍ ഖാലിക്കിനോട് മല്‍സരിക്കാന്‍ ക്ഷണിക്കപ്പെട്ട ദിവസം തന്നെ അദ്ദേഹം അത് നിരസിച്ചിരുന്നു. 1954 ലെ മനില ഏഷ്യന്‍ ഗെയിംസിലും 58 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലും അതിവേഗക്കാരനായി തെരഞ്ഞടുക്കപ്പെട്ട താരമായിരുന്നു ഖാലിക്ക്. അന്നത്തെ പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ അയ്യൂബ് ഖാന്‍ നേരിട്ട് മില്‍ഖയെ ക്ഷണിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഒടുവില്‍ നെഹ്‌റു ഇടപെട്ടു. മില്‍ഖ ലാഹോറില്‍ മല്‍സരിക്കണമെന്ന് പറഞ്ഞു. മനമില്ലാമനസോടെ അദ്ദേഹം ഗോവിന്ദപുര വഴി ലാഹോറിലെത്തി. 200 മീറ്ററില്‍ സാക്ഷാല്‍ ഖാലിക്കിനെ പിറകിലാക്കുമ്പോള്‍ ഗ്യാലറിയില്‍ ജനറല്‍ അയ്യൂബ് ഖാനുമുണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റ്‌നിന്ന് കൈകളടിച്ചു. ലാഹോറിലെ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി. ഖാലിക്ക് മില്‍ഖയുടെ അരികിലെത്തി കെട്ടിപ്പിടിച്ചു. വേദിയിലേക്ക് മില്‍ഖയെ ക്ഷണിച്ച അയ്യൂബ് ഖാന്‍ അന്ന് വിളിച്ചു ഇവന്‍ പറക്കും സിക്ക്…. അതായിരുന്നു എക്കാലത്തും മില്‍ഖയുടെ മനോഹരമായ വിശേഷണം. അതും ഒരു പാകിസ്താന്‍ പ്രസിഡണ്ടിന്റെ സമ്മാനം.

മില്‍ഖയുടെ ജീവചരിത്രമുണ്ട് ദി റേസ് ഓഫ് മൈ ലൈഫ്. ആ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ബാഗ് മില്‍ഖാ ബാഗ് എന്ന ഫര്‍ഹാന്‍ അക്തര്‍ സിനിമയുണ്ട്. 100 കോടി ക്ലബില്‍ ഇടം നേടിയ മില്‍ഖാ ചിത്രം… ഇന്ത്യന്‍ വോളിബോള്‍ താരമായ നിര്‍മല്‍ കൗറും മില്‍ഖയും തമ്മിലുള്ള പ്രണയത്തിന്റെ സുന്ദര ചിത്രം കായിക ലോകത്തിനറിയാം. അദ്ദേഹത്തിന്റെ മകന്‍ ജീവ് ഇന്ത്യന്‍ ഗോള്‍ഫ് താരമായിരുന്നു.

ജീവിതം തേടി ഓടിയ മില്‍ഖയുടെ ജീവിതം അനശ്വര കാവ്യമാണ്… ആര്‍ക്ക് മുന്നിലും തല താഴ്ത്താതെയുള്ള ഓട്ടം. നെഞ്ച് വിരിച്ചുള്ള സംസാരം. ആ സംസാരത്തില്‍ ധാരാളം ശത്രുക്കള്‍. അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താന്‍ വൈകി. കോവിഡ് നാളുകളില്‍ പോലും ജാഗ്രതയുടെ മുദ്രാവാക്യം മുഴക്കിയ മില്‍ഖക്ക് ഒടുവില്‍ സ്വന്തം പത്‌നിയുടെ ജീവന്‍ തന്നെ വൈറസ് അപഹരിക്കുന്നത് വേദനയോടെ നോക്കിനില്‍ക്കേണ്ടിവന്നു. നിര്‍മല്‍ അകന്ന വേദനയില്‍ മില്‍ഖ തലതാഴ്ത്തി. ശൈശവത്തില്‍ രക്ഷിതാക്കള്‍ കൊല്ലപ്പെട്ട കാഴ്ചയില്‍ ഉച്ചത്തില്‍ നിലവിളിച്ച മില്‍ഖ നിര്‍മലിന്റെ ചേതനയറ്റ ശരീരം നോക്കി വീണ്ടും കരഞ്ഞു. പിന്നെ തല ഉയര്‍ത്തിയില്ല. ശേഷം പ്രിയതമക്ക് അരികിലേക്കുള്ള ഓട്ടമായിരുന്നു. ആ ഓട്ടത്തില്‍ മാത്രം അദ്ദേഹം തിരിഞ്ഞ്‌നോക്കിയില്ല, കാരണം പ്രണയിനിക്ക് അരികിലേക്കുള്ള ഓട്ടത്തില്‍ താന്‍ തനിച്ചാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മില്‍ഖാ, താങ്കളെ എഴുതുമ്പോള്‍, സ്മരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു.. വിട…

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.