Interviews
അഴിമതി തന്നെയാണ് തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം: ഉമ്മന്‍ചാണ്ടി
മുഖാമുഖം -കെ.പി ജലീല്‍
തിരുവനന്തപുരം: ഇടതുമുന്നണിസര്‍ക്കാരിന്റെ അഴിമതിതന്നെയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം. ജനങ്ങള്‍ സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ്. പ്രാദേശികമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാമെങ്കിലും സംസ്ഥാനസര്‍ക്കാരിനെതിരായ വിധിയെഴുത്താകും വരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജഗതിയിലെ വസതിയില്‍ ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
പ്രസക്തഭാഗങ്ങള്‍:
? കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജനം വലിയ ഭൂരിപക്ഷമാണ് നല്‍കിയത്. അത് ആവര്‍ത്തിക്കപ്പെടുമോ
= തീര്‍ച്ചയായും. അന്നത്തെ വിഷയങ്ങള്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇപ്പോഴും നിലനില്‍ക്കുകയാണ്. തൊഴിലില്ലായ്മ, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കുള്ള വിലക്കുറവ്, പൊതുവിപണിയിലെ വിലക്കയറ്റം,നോട്ടുപിന്‍വലിക്കല്‍, സാമുദായികസൗഹാര്‍ദം തകര്‍ക്കല്‍ തുടങ്ങിയവ കേന്ദ്രസര്‍ക്കാരിനെതിരായ പൊതുവികാരമാണ്. ബി.ജെ.പിക്കെതിരായി അത് പ്രതിഫലിക്കും. അതിനേക്കാള്‍ മോശമാണ് കേരളത്തിലെ ഇടതുമുന്നണിസര്‍ക്കാര്‍ ജനങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈസര്‍ക്കാര്‍ അപ്പടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.
? എവിടെയാണ് പിണറായിസര്‍ക്കാരിന് പിഴച്ചതെന്നാണ് കരുതുന്നത്.
= ഏത് വിഭാഗത്തെയാണ് ഈ സര്‍ക്കാര്‍ നിരാശരാക്കാതിരുന്നിട്ടുള്ളത്. ഈ സര്‍ക്കാര്‍ വന്നതില്‍ സന്തോഷിച്ചവര്‍പോലും ഇന്ന് കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്. ഇവരുടെ വഴിപിഴച്ചനടപടികള്‍ പിന്‍വലിക്കണം. എല്ലാംശരിയാക്കാമെന്ന് പറഞ്ഞ് വോട്ട് വാങ്ങിയവര്‍ അഴിമതിയുടെ കയത്തിലാണ്. എല്ലാം പാഴ്‌വാക്കായി. ഇനി അധികാരംതീരാന്‍ മാസങ്ങളുള്ളപ്പോഴും വാഗ്ദാനംചെയ്തതിലെ യാതൊന്നും നടപ്പിലാക്കിയിട്ടില്ല.
? രാഷ്ട്രീയഎതിരാളികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാരെന്ന ആരോപണത്തെക്കുറിച്ച്
= അധികാരത്തിലേറിയ ഉടന്‍ സര്‍ക്കാര്‍പറഞ്ഞത് കഴിഞ്ഞകാലത്തെ അഴിമതികളെക്കുറിച്ച് അന്വേഷണംനടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നായിരുന്നു. എന്നിട്ടെന്തുണ്ടായി. ഇതുവരെയും വല്ലതും സ്വീകരിച്ചോ. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയല്ലേ ചെയ്യുന്നത്. പാലത്തിന്റെ 70 ശതമാനം ജോലിയേ യു.ഡി.എഫ് കാലത്ത് പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. ബാക്കി നിര്‍മിച്ചത് ഈ സര്‍ക്കാരാണ്. റോഡ് ഉദ്ഘാടനം ചെയ്തതും ഈ സര്‍ക്കാരാണ്. ഉദ്ഘാടനത്തിന് മുമ്പ് പാലം ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് ആരായിരുന്നു. ഇത് സര്‍ക്കാര്‍ നിര്‍വഹിച്ചോ?പാലത്തിന്റെ ബലം പരിശോധിക്കാന്‍ ചെന്നൈയിലെ ഐ.ഐ.ടി വിദഗ്ധര്‍ വന്നു. ഹൈക്കോടതി രണ്ടുതവണ ഭാരപരിശോധന നടത്താന്‍ നിര്‍ദേശിച്ചു. എന്നിട്ട് അതിനെതിരെ ദുരുദ്ദേശ്യത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതിയില്‍ പോയി ജനങ്ങളുടെചെലവില്‍ പാലം പൊളിച്ചുപണിയുകയല്ലേ? പാലത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടവര്‍ ഇപ്പോള്‍ കുറ്റപ്പെടുത്തലും കേസും അറസ്റ്റുമായി ചെല്ലുന്നതെന്തിനാണ്.
? രാഷ്ട്രീയപ്രതിയോഗികളെ കുടുക്കി സര്‍ക്കാരിന്റെ അഴിമതിയില്‍നിന്ന് രക്ഷപ്പെടുകയാണെന്നാണോ
=യഥാര്‍ത്ഥത്തില്‍ അവര്‍ കുടുക്കുന്നത് ഇബ്രാഹിംകുഞ്ഞിനെയോ മറ്റോ അല്ല, സ്വന്തംമുന്‍നിലപാടിനെതന്നെയാണ്. ഇടതുപക്ഷമുന്നണിതന്നെയാണ് പ്രതിക്കൂട്ടിലാകുന്നത്.
? മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് ആരോപണങ്ങളധികവും.
= വളരെ മോശമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അത് അന്വേഷിക്കുന്നു. അന്വേഷണത്തെ സ്വാഗതംചെയ്തവര്‍തന്നെ ഇപ്പോള്‍ അന്വേഷണത്തിനെതിരെ രംഗത്തുവരുന്നത് എന്തിനാണ്. സ്വര്‍ണക്കടത്തും തലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്ന് കടത്തുമൊക്കെയാണ് . രാജ്യദ്രോഹക്കുറ്റമാണ് ഒന്നാമത്തേത്.
? ഇടതുമുന്നണി വികസിപ്പിക്കുന്നതുവഴി മുന്നണിയുടെ അടിത്തറ വിപുലീകരിക്കുകയാണെന്നാണ് പറയുന്നത്
= സ്വന്തംശേഷിയില്‍ സംശയമുള്ളതുകൊണ്ടല്ലേ അത്. 2016ല്‍ നേടിയ വിജയം ഇപ്പോഴുണ്ടാകില്ലെന്ന് തുറന്നുപറയുകയല്ലേ പുതിയപാര്‍ട്ടികളെ കൂട്ടുന്നതുവഴി ചെയ്യുന്നത്. വോട്ടില്‍ വന്ന ചോര്‍ച്ചതടയാനുള്ള പരക്കംപാച്ചിലാണിപ്പോള്‍ ഇടതുമുന്നണി നടത്തുന്നത്. പ്രതിപക്ഷത്തിനെതിരായ വൈരനിര്യാതനനടപടികളും അതിന്റെ ഭാഗമാണ്. ഞങ്ങള്‍ക്കൊരു പേടിയുമില്ല. ഏത് ആരോപണത്തെ്ക്കുറിച്ചും അന്വേഷിച്ചുകൊള്ളട്ടെ. യു.ഡി.എഫിനെതിരായി അവര്‍ കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ ഒരു ആരോപണവും തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. ഇനിയുണ്ടാകാനും പോകുന്നില്ല.
? മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയിലെയും എല്ലാം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു
= അത് അവരുടെ സംഘടനാപരമായ കാര്യമാണ്. ഏത് സ്ഥാനത്ത് ആരിരുന്നാലും ശരിയേത്, തെറ്റേതെന്ന് തിരിച്ചറിയാനുളള കഴിവ് ജനത്തിനുണ്ട്.
? മെഡിക്കല്‍ ഫീസ് വര്‍ധനയെക്കുറിച്ച്
= യു.ഡി.എഫ് കാലത്ത് നാമമാത്രമായ ഫീസ് വര്‍ധനയുണ്ടായപ്പോള്‍ സി.പി.എമ്മും ഡി.വൈ.എഫ്്.ഐയും എസ്.എഫ്.ഐയും എന്തെല്ലാം അക്രമങ്ങളാണ് കാട്ടിയത്. തീക്കളിയാണ് നടത്തിയത്. ഇന്ന് മൂന്നിരട്ടിവരെ ഫീസ് ഈടാക്കുമെന്ന് മാനേജ്‌മെന്‍ുകള്‍ പറയുമ്പോള്‍ അതിനെതിരെ ഒരുചര്‍ച്ചപോലും സര്‍ക്കാര്‍ നടത്തുന്നില്ല. അന്ന് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത് ഓര്‍ക്കണം.
? എന്‍.എന്‍.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച്
= എല്ലാകാലത്തും എല്ലാവിധ സാമുദായികസംഘടനകളുമായും നല്ലതരത്തിലുള്ള ബന്ധം പുലര്‍ത്താനാണ് യു.ഡി.എഫ് ശ്രമിച്ചിട്ടുള്ളത്. അത് തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല. ജനങ്ങളുടെയെല്ലാം വോട്ട് മുന്നണി സ്വീകരിക്കും. ആളുകളെ സാമുദായികമായും വര്‍ഗീയമായും ചേരിതിരിക്കുന്ന സമീപനമല്ല യു.ഡി.എഫിന്റേത്. അത് ബി.ജെ.പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേതുമാണ്. വാളയാറില്‍ ദലിത് ബാലികമാര്‍ ദരിദ്രരായ മാതാപിതാക്കളുടെ കുടിലില്‍ അനുഭവിച്ച ക്രൂരമായപീഡനവും പ്രതികളെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളും എന്തുമാത്രം വേദനാജനകമാണ്. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ക്രൂരതയാണ് വാളയാറില്‍ നടന്നത്. ഞാനവിടെ പോയിരുന്നു.
? നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടനം എങ്ങനെയാകും
= തദ്ദേശതിരഞ്ഞെടുപ്പില്‍ മഹാഭുരിപക്ഷം സ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പിലും വന്‍വിജയമാണ് യു.ഡി.എഫ്് നേടുക.
? അഖിലേന്ത്യതലത്തിലെകോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെക്കുറിച്ച്
= ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകും.
? നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ
= (ചിരിക്കുന്നു) അതെല്ലാം പാര്‍ട്ടി പറയുന്നതനുസരിച്ച് .
രണ്ടുമൂന്നു മൊബൈല്‍ഫോണുകള്‍ നീണ്ടുവരുന്നു. മകന്‍ ചാണ്ടിഉമ്മനും ഗണ്‍മാനും ഡ്രൈവറും റെഡിയായി അടുത്തെത്തി. ഇനി കെ.പി.സി.സി ഉപസമിതിയോഗവും തിരഞ്ഞെടുപ്പ്ഓഫീസ് ഉദ്ഘാടനവും. കോവിഡ്മഹാമാരിക്കിടയിലും ശാരീരികാവശതകളും രോഗവും മറന്നുള്ള ഈ ഓട്ടപ്പാച്ചിലിനുപിന്നില്‍ ഒരുപുരുഷായുസ്സിന്റെ മുഴുവന്‍ അനുഭവപരിചയമുണ്ട്. അതുതന്നെയാണ് കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഊര്‍ജവും.
Culture
നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുക തന്നെ വേണം എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയ സംസാരിക്കുന്നു
സക്കറിയ / പ്രശോഭ് സാകല്യം
മലയാള സാഹിത്യത്തില്‍ സാമൂഹിക അവബോധത്തിന്റെ മുദ്രണം ചാര്‍ത്തിയ പ്രതിഭാശാലിയായ എഴുത്തുകാരനാണ് സക്കറിയ. സൗമ്യമായ ഭാഷയില്‍ സമൂഹത്തിലെ കപട സദാചാരത്തിനു മുകളില്‍ അദ്ദേഹം ആഴത്തിലുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്നു.
ഒരു സാധാരണ വാക്കുപോലും സക്കറിയയുടെ തൂലികയിലൂടെ കടന്നുവരുമ്പോള്‍ അസാധാരണമായ ഒരു രാസമാറ്റം സംഭവിക്കുന്നു. കണ്ടു പരിചയമുള്ള വസ്തുവിനെ മുന്‍വിധികളില്ലാതെ വീണ്ടും കാണാന്‍ അങ്ങനെയാണ് സക്കറിയയുടെ കഥകളും നോവലുകളും നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലക്ക് സമൂഹത്തെ ശരിയായ രീതിയില്‍ കാണാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കുന്ന സിദ്ധൗഷധം കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
എഴുത്തിലെ പൂര്‍വസൂരികള്‍ പകര്‍ന്നു നല്‍കിയ രചനാസങ്കല്‍പ്പത്തെ നിരാകരിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്ന പുതിയ തലമുറയിലെ എഴുത്തുകാര്‍ പോലും സക്കറിയയുടെ സാഹിത്യഭാവുകത്വത്തെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല എന്നിടത്താണ് ഇന്നും സക്കറിയക്കുള്ള പ്രസക്തി.
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയ സംസാരിക്കുന്നു.
എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്ന കാലത്ത് ലഭിച്ച പുരസ്‌കാരത്തിന് പ്രാധാന്യം കൂടുതലാണെന്ന് താങ്കള്‍ പറയുകയുണ്ടായി. ഒരു എഴുത്തുകാരനെ ബഹുമാനിതനാക്കുന്നത് അദ്ദേഹത്തിന്റെ രചനകളും നിലപാടുകളുമായിരിക്കണ്ടേ?
രചനകളും നിലപാടുകളുമാണ് എഴുത്തുകാരനെ ഇത്തരത്തിലുള്ള അവാര്‍ഡിന് അര്‍ഹനാക്കുന്നത്. ആ നിലപാടുകളുടെ പ്രാധാന്യമാണ് പുരസ്‌കാരലബ്ധിയിലൂടെ ഉയര്‍ത്തപ്പെടുന്നത് എന്നാണ് ഞാന്‍ ആ വാചകത്തിലൂടെ അര്‍ത്ഥമാക്കിയത്. അസ്വാതന്ത്ര്യങ്ങളുടെയും വിവേചനങ്ങളുടെയും ഇക്കാലത്ത് എഴുത്തുകാരുടെ ഒച്ചയെ, അവരുടെ വാക്കുകളെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ഫാസിസ്റ്റ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാരന്‍ സ്വീകരിക്കുന്ന നിലപാടിന് വളരെയധികം പ്രാധാന്യമുണ്ട്. അത് എഴുത്തിലും പ്രതിഫലിക്കും. ആ നിലപാടുകള്‍ മതേതരവും ജനാധിപത്യപരവും മൂല്യസൗഹാര്‍ദ്ദങ്ങളെ പിന്തുണക്കുന്നതും സ്ത്രീകളുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും ദളിതരുടെയും പക്ഷത്ത് നില്‍ക്കുന്നതുമായതിനാലാവാം അത് അംഗീകരിക്കപ്പെടുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സ്വേച്ഛാധിപത്യ നിലപാടുകള്‍ സ്വീകരിച്ച് വര്‍ഗീയ ശക്തികളുടെ തോളില്‍ കൈയിട്ടുകൊണ്ട് നാണംകെട്ടു നടക്കുന്ന അല്‍പ്പജ്ഞാനികളും നട്ടെല്ലില്ലാത്തവരുമായ ചില എഴുത്തുകാരെങ്കിലും നമുക്ക് ചുറ്റിലുമുണ്ട്. ആ നിലക്ക് വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന ഒരു രാജ്യത്തിരുന്നുകൊണ്ട് അതിനെതിരെ ചിന്തിക്കുന്ന എഴുത്തുകാരന് ലഭിക്കുന്ന ഏതൊരംഗീകാരവും വളരെയധികം വിലപ്പെട്ടതു തന്നെയാണ്. ഭരണകൂട നിലപാടുകള്‍ക്കെതിരെയുള്ള സമൂഹത്തിന്റെ മനസ്സ് ഈ പുരസ്‌കാരത്തിന് ഒപ്പമുണ്ട് എന്നും ഞാന്‍ കരുതുന്നു. അതുതന്നെയാണ് അതിന്റെ പ്രാധാന്യം.
ഇത്തരം നിലപാടുകള്‍ പലപ്പോഴും താങ്കള്‍ ഒച്ചയില്‍ വിളിച്ചു പറയാറുണ്ട്. രചനകള്‍ക്ക് പ്രതികരണ ശേഷി പോരെന്ന തോന്നലാണോ ഇതിന് കാരണം? പൊതുവേദികളില്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍ എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഊനം തട്ടുമെന്നു കരുതുന്നുണ്ടോ?
നമ്മുടെ നിലപാടുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ വേണ്ടിയല്ല സാഹിത്യ രചന നടത്തുന്നത്. കഥകളും കവിതകളും നോവലുകളും പ്രതികരിക്കാനുള്ള ഉപാധി മാത്രമാണെങ്കില്‍ സര്‍ഗ സൃഷ്ടി എന്ന നിലയില്‍ അതിനുള്ള പ്രാധാന്യമെന്താണ്? നിലപാടുകളും സാഹിത്യവും വേറെ വേറെയാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തുന്ന രചനകള്‍ക്ക് മാറ്റ് കുറയും. വായനക്കാരും കുറയും. രചനകളിലൂടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന രീതി ശരിയല്ല. അതിന് ഒരു തെരുവു നാടകത്തിന്റെ പ്രാധാന്യമേയുള്ളൂ. ഏതെങ്കിലും ഒരു കാര്യത്തില്‍ നമ്മുടെ പ്രതികരണം സമൂഹത്തെ അറിയിക്കണമെന്നുണ്ടെങ്കില്‍ അതിന് അഭിപ്രായങ്ങളുടെ ഒരു ലോകം വേറെയുണ്ട്. അത് ഇതുപോലെയുള്ള അഭിമുഖങ്ങളാകാം, ചര്‍ച്ചയാകാം, പ്രസംഗമാകാം. അല്ലാതെ അത് കഥകളിലും നോവലുകളിലും പറയാന്‍ കഴിയില്ല. അങ്ങനെ കുത്തിച്ചെലുത്താന്‍ പാടില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അപ്പോള്‍ സാഹിത്യത്തിനു തന്നെ അര്‍ത്ഥമില്ലാതായി തീരും. പ്രസക്തി നഷ്ടപ്പെടും. അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് മുഖത്തു നോക്കി തുറന്നു പറയാനുള്ള നട്ടെല്ലുണ്ടായിരിക്കണം. അതിന് ഒരു എഴുത്തുകാരനോ കലാകാരനോ രാഷ്ട്രീയക്കാരനോ ആയിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇനി അഭിപ്രായങ്ങള്‍ പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എല്ലാവര്‍ക്കും അതിനുള്ള കരുത്തും ആര്‍ജ്ജവവും ഉണ്ടാകണമെന്നില്ലല്ലോ. അങ്ങനെയുള്ളര്‍ അങ്ങനെ ചെയ്യട്ടെ.
മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നതു പോലും ഒരു വലിയ രാഷ്ട്രീയപ്രവര്‍ത്തനമാണ്. എന്നാല്‍ പൊതുവേദികളില്‍ പ്രതികരിക്കാന്‍ മടിക്കുന്ന എഴുത്തുകാരുമുണ്ട്. അതുകൊണ്ടുമാത്രം എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊനം തട്ടുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്തായാലും നാലാള്‍ കൂടുന്ന ഏതിടങ്ങളിലും ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ടുള്ള ഭവിഷ്യത്ത് ഞാന്‍ കാര്യമാക്കാറില്ല.
പ്രതികരിക്കാനുള്ള ഒരു മാധ്യമമല്ല എഴുത്ത് എന്നാണല്ലോ പറയുന്നത്. എന്നാല്‍ സാമൂഹ്യ പ്രസക്തമായ താങ്കളുടെ ചില കഥകളെങ്കിലും വായിക്കാനിട വന്നിട്ടുണ്ട്. ഉദാഹരണത്തിന് ‘കണ്ണാടി കാണ്മോളവും’ എന്ന കഥ നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ വളരെ പ്രസവുക്തമാണ്.
ആ കഥയില്‍ യേശു ഒരു പ്രതിനിധി മാത്രമാണ്. യേശുവിന്റെ സ്ഥാനത്ത് ആരായാലും വെളിപ്പെടുന്ന കാഴ്ചകള്‍ തന്നെയാണത്. കേരള സമൂഹമാണ് കണ്ണാടിയില്‍ നോക്കുന്നതെങ്കില്‍ വിവിധതരം പ്രതിലോമകാരികളായ ശക്തികള്‍ നിര്‍മ്മിക്കുന്ന മായക്കാഴ്ചകളായിരിക്കും വെളിപ്പെടുന്നത്. നോക്കൂ, ഈ കേരളത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് അടിമകളായി, അതില്‍ വിശ്വസിച്ച് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കാണുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍മ്മിക്കുന്ന ആഖ്യാനങ്ങളുണ്ട്, മതങ്ങളും ജാതികളും നിര്‍മ്മിക്കുന്ന ആഖ്യാനങ്ങളുണ്ട്, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്നവയുണ്ട്. ഇതെല്ലാം വെള്ളപൂശിയും സ്വര്‍ണ്ണംപൂശിയും പുറത്തേക്ക് കൊണ്ടുവന്ന മാധ്യമങ്ങളാണ്, ഇവയ്‌ക്കെല്ലാം ജീവിതത്തേക്കാള്‍ വലിയതാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു ആഖ്യാനം പ്രതിഷ്ഠിച്ചുകൊടുക്കുന്നത്. ഇതില്‍ വിശ്വസിച്ചുപോയ മലയാളിയെയാണ് കണ്ണാടിയില്‍ നോക്കിയാല്‍ സ്വയം കാണുക. എന്നാല്‍ അവര്‍ക്ക് കണ്ണാടിയില്‍ നോക്കാനുള്ള ശേഷി ഉണ്ടായിരുന്നെങ്കില്‍ ഈ ആഖ്യാനങ്ങള്‍ക്കു പിറകിലെ അജണ്ടകളും കള്ളത്തരങ്ങളും കാപട്യങ്ങളും എന്നേ മനസ്സിലാകുമായിരുന്നു. പക്ഷെ, ഭൂരിപക്ഷം മലയാളികളും അത് മനസ്സിലാക്കുന്നില്ല. അപ്പോള്‍ അടിസ്ഥാനപരമായി മാധ്യമങ്ങള്‍ക്ക് കീഴടങ്ങി ജീവിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കണ്ണാടിയിലൂടെ കാണുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ടല്ലോ? എന്തിന്റെ അടിസ്ഥാനത്തിലാണ് രചനകളില്‍ ഭാഷാപരമായ തെരഞ്ഞെടുപ്പ് നടത്തുന്നത്?
പ്രത്യേകമായ ഒരു അജണ്ട വെച്ച് അങ്ങനെയൊരു തെരഞ്ഞെടുപ്പും ഞാന്‍ നടത്താറില്ല. എനിക്ക് അറിവുള്ള ഭാഷയില്‍ ഞാന്‍ എഴുതുന്നു. അത്രമാത്രം. എനിക്ക് ചൈനീസ് ഭാഷ അറിയാമായിരുന്നെങ്കില്‍ അതിലും ഞാന്‍ എഴുതിയേനെ. ഹിന്ദിയോ തമിഴോ അങ്ങനെ മറ്റേതെങ്കിലും ഭാഷ അറിയാമായിരുന്നെങ്കില്‍ അതിലൊക്കെ എഴുതാമായിരുന്നു.
മലയാളത്തിലാണ് ഞാന്‍ എഴുത്ത് ആരംഭിക്കുന്നത്. പിന്നീട് ഇംഗ്ലീഷിനോടുള്ള ഒരു അടുപ്പം വായനയിലൂടെയും അതിന്റെ ഉപയോഗത്തിലൂടെയും വന്നുചേര്‍ന്നു. ഇംഗ്ലീഷില്‍ എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം തോന്നിയതുകൊണ്ട് ഞാന്‍ ഇംഗ്ലീഷിലുമെഴുതി. ഒരു ഭാഷയെ നമുക്ക് ആസ്വദിക്കാനുള്ള ശേഷി കൈവരുമ്പോഴേ ആ ഭാഷയില്‍ നമുക്ക് സാഹിത്യം രചിക്കാന്‍ സാധിക്കുകയുള്ളൂ.
മലയാളത്തിന്റെ റീച്ച് കുറവാണ് എന്ന ഒരു തോന്നലുകൂടി ഇംഗ്ലീഷിലെഴുതാന്‍ പ്രേരിപ്പിക്കുണ്ടാകില്ലേ?
മലയാളത്തിന്റെ റീച്ച് കുറവാണ് എന്ന തോന്നലൊന്നുമല്ല അതിന് പ്രേരിപ്പിച്ചത്. ലോകമൊട്ടുക്കുമുള്ള മലയാളികള്‍ക്കിടയില്‍ മലയാളത്തിന് റീച്ചുണ്ടല്ലോ. മലയാളത്തിന് പുറത്ത് റീച്ച് ഉണ്ടാകണമെങ്കില്‍ മലയാളത്തെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല എന്നേയുള്ളൂ. അപ്പോള്‍ മറ്റൊരു ഭാഷ കൂടി തെരഞ്ഞെടുക്കേണ്ടി വരും. റീച്ച് കണ്ടുകൊണ്ടുള്ള എഴുത്ത് വളരെ മോശമായ കാര്യമാണ്. നമ്മള്‍ എഴുതുന്നത് മികവുറ്റ ഒരു രചനയാണെങ്കില്‍ അതിന് ഭാഷ ഒരിക്കലും ഒരു തടസ്സമല്ല. ലോകത്തിലെ മറ്റു ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള മികച്ച രചനകളെക്കുറിച്ച് നമുക്കറിയാമല്ലോ. വിവര്‍ത്തനത്തിലൂടെയാണെങ്കിലും നമുക്കത് വായിക്കാനും സാധിക്കുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് കേരളത്തിലാണ് എന്നു പറയാറുണ്ട്. ഒരു ആഗോള ഭാഷയായതുകൊണ്ട് ചില സാധ്യതകള്‍ ഇംഗ്ലീഷ് രചനകള്‍ക്കുണ്ട്. എന്നാല്‍ ഇംഗ്ലീഷിലെഴുതിയാലും ഒരു മോശം രചനയാണെങ്കില്‍ വേണ്ടത്ര വായിക്കപ്പെടണമെന്നില്ല. ഒരു മെറിറ്റ് ഉണ്ടെങ്കില്‍ ലോകമൊട്ടാകെ അത് വായിക്കും. സ്വാഭാവികമാണ്.
ഒരു കലാകാരന്റെ പ്രസക്തിയും അവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധവും?
എഴുത്തുകാരനുള്ള പ്രസക്തി എന്നു പറയുന്നത് സാഹിത്യത്തിനുള്ള പ്രസക്തി മാത്രമാണ്. ഓരോ എഴുത്തുകാരനും വിഭിന്നമായ ജീവിത വീക്ഷണമായിരിക്കും ഉണ്ടാകുക. അതുകൊണ്ടുതന്നെ മനുഷ്യകുലത്തോടും മനുഷ്യബന്ധങ്ങളോടും ലോകത്തോടും ലോകത്ത് നമ്മള്‍ കാണുന്ന വിവിധ പ്രതിഭാസങ്ങളോടും അവര്‍ക്ക് ഓരോരോ സമീപനങ്ങളായിരിക്കും. ആ സമീപനമായിരിക്കും അവരുടെ എഴുത്തിലും പ്രകടമാകുക. അത് രസകരമാണെങ്കില്‍ ആളുകള്‍ വായിക്കും. അത് ഉദാത്തമാണെങ്കില്‍ എക്കാലും നിലനില്‍ക്കും. ചര്‍ച്ച ചെയ്യപ്പെടും. അതാണ് സാഹിത്യത്തിനുള്ള പ്രസക്തി. ആ പ്രസക്തി മാത്രമാണ് ഓരോ എഴുത്തുകാരനുമുള്ളത്.
സാഹിത്യത്തിനുള്ള പ്രസക്തി പോലെ തന്നെ പ്രധാനമാണ് സിനിമ, പെയിന്റിംഗ്, സംഗീതം, ചരിത്രം മുതലായ എല്ലാ വിധത്തിലുള്ള ആത്മാവിഷ്‌കാരങ്ങളും. ഇതൊക്കെ നമുക്ക് പുതിയ അനുഭവങ്ങളും അറിവുകളും സമ്മാനിക്കുന്നവയാണ്. അവ പുതിയ പുതിയ ആശയങ്ങള്‍ തരുന്നു. ജീവസ്സുറ്റ ഒരു ജീവിതം നയിക്കാനുള്ള ഊര്‍ജ്ജം നമുക്ക് പ്രദാനം ചെയ്യുന്നു. മനസ്സിന്റെ ചക്രവാളങ്ങള്‍ വികസിക്കുന്നു. ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. നമ്മെ കൂടുതല്‍ കൂടുതല്‍ മനുഷ്യരാക്കി മാറ്റുന്നു. അതുകൊണ്ട് ഇത്തരം കലകള്‍ തന്നെയാണ് മാനുഷിക മൂല്യങ്ങളെ ഉത്തേജിപ്പിക്കാനുള്ള സിദ്ധൗഷധം. ഒരു കലാകാരന്റെ പ്രസക്തിയും അവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധവും ഈ വിധത്തിലാണ്. വര്‍ഗീയശക്തികളുടെ തോളില്‍ കൈവെച്ച് നടക്കുന്ന മനസ്സുള്ളവരാണെങ്കില്‍ അവര്‍ സാഹിത്യത്തിലും ഇതര കലകളിലും വിഷം പരത്തും. ശ്രദ്ധിക്കേണ്ട കാര്യമാണത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വന്ന അപചയം. ഭൗതികമായ ജീവിതക്രമീകരണങ്ങളില്‍ പോലും ആദര്‍ശവും പ്രത്യയശാസ്ത്രവും പരിഗണിക്കപ്പെടുന്നില്ല. ഈ മൂല്യശോഷണത്തെക്കുറിച്ച്?
എല്ലാ കാലത്തും അങ്ങനെയൊക്കെത്തന്നെയാണ്. സ്വാതന്ത്ര്യാനന്തര കാലശേഷം തന്നെ നമ്മുടെ രാഷ്ട്രീയ മേഖലയില്‍ ഈ മൂല്യശോഷണം വന്ന് തുടങ്ങിയിട്ടുണ്ട്. അതിനു മുമ്പുള്ള കാലവുമായി തട്ടിച്ചുനോക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. അതിന് മുമ്പുണ്ടായിരുന്നത് രാഷ്ട്രീയമായിരുന്നില്ല. പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസ് ആണ് ആദ്യം രൂപപ്പെട്ട പ്രസ്ഥാനം. ഈ നാടിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനും നടത്താനും ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അധികാരകേന്ദ്രീകൃതമായി അത് വളര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ ആര്‍ത്തിയും അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വേച്ഛാധിപത്യ മനോഭാവവും ജനാധിപത്യത്തോടുള്ള പുച്ഛവും രൂപപ്പെട്ടുവരാന്‍ തുടങ്ങി. ഇത്തരം ജനാധിപത്യ-മതേതര വിരുദ്ധമായ പ്രവണതകളെ ചോദ്യം ചെയ്യാനുള്ള ശേഷി ജനങ്ങള്‍ക്കില്ലാത്തതുകൊണ്ട് ഇന്നും അത് തുടരുന്നു എന്നുമാത്രം. ലോകത്തെവിടെയുമുള്ള ഏതു രാഷ്ട്രത്തിനും ഇത്തരം പ്രതിലോമകരമായ പ്രവണതകളെ പ്രതിരോധിക്കാനുള്ള ജനാധിപത്യ സംവിധാനം മാധ്യമങ്ങളുടെ കൈയിലാണ്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ ഈ പറഞ്ഞ തരത്തിലുള്ള എല്ലാ കാര്യങ്ങളുടെയും ചൂട് പറ്റി അവയെ കണ്ടില്ലെന്ന് നടിച്ച് അവയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റൊരു ജീര്‍ണിച്ച പ്രസ്ഥാനമായി മാറി. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നമ്മുടെ ആളുകള്‍ക്ക് സദ്ബുദ്ധിയുണ്ടാകുന്നതുവരെ ഇത് ഇങ്ങനെ പോയിക്കൊണ്ടിരിക്കും.
കോവിഡ് കാലത്തെ ജീവിതം?
എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് വലിയ രീതിയിലൊന്നും ബാധിച്ചിട്ടേയില്ല. ഞാന്‍ വീട്ടിലിരുന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന ആളാണ്. കോവിഡ് കാലത്ത് കുറച്ചുകൂടി നന്നായി ജോലി ചെയ്യാന്‍ സാധിച്ചു. സന്ദര്‍ശനങ്ങളില്ല, യാത്രകളില്ല, പ്രസംഗങ്ങളില്ല -സ്വതന്ത്രമായ സമയം കൈയില്‍ വന്നു.
എന്നാല്‍, എത്രയോ ലക്ഷം ആളുകള്‍ക്ക് അവരുടെ ഉപജീവനം നഷ്ടപ്പെട്ടു. തട്ടുകട നടത്തിയും ഓട്ടോറിക്ഷ ഓടിച്ചുമൊക്കെയാണ് എത്രയോ ആളുകള്‍ ഇവിടെ ജീവിക്കുന്നത്. അവരൊക്കെയും പട്ടിണിയിലായി. ഇവിടയുള്ള സാധാരണക്കാരായ നിരവധി ആളുകളുടെ ജീവിതം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ ദുരിതപൂര്‍ണമായി. പല കുടുംബ ബന്ധങ്ങളിലും അസ്വാരസ്യങ്ങളുണ്ടായി. ഡിപ്രഷന്‍ രോഗികള്‍ കൂടി വന്നു. ആത്മഹത്യകള്‍ പെരുകി. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ പലതും നടക്കാതായി. നിരവധി ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും മുടക്കം വന്നു. ഓരോ ആളുകളുടെയും ജീവിതം വ്യത്യസ്ത തരത്തിലുള്ള പ്രതിസന്ധികളില്‍ ചെന്നുമുട്ടി.
ചില നല്ല ശീലങ്ങള്‍ മലയാളികള്‍ പഠിച്ചില്ലേ?
കോവിഡ് കാലം മലയാളികളില്‍ ഒരു പുതിയ ശീലവും ഉണ്ടാക്കാന്‍ സാധ്യതയില്ല. കോവിഡ് നിയമങ്ങളൊക്കെ താല്‍ക്കാലികമായി പാലിച്ചു പോകാം എന്നു മാത്രമേയുള്ളൂ. പുറത്തുപോയി വന്നാല്‍ കൈ കഴുകണം, പൊതു സ്ഥലങ്ങളില്‍ അകലം പാലിക്കണം തുടങ്ങിയ നിയമങ്ങളൊന്നും പാലിക്കാന്‍പോകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ചെയ്യേണ്ടി വരുന്നുണ്ടാകാം. അത് പേടികൊണ്ടാണ്, കോവിഡിനെ മാത്രമല്ല പൊലീസിനേയും. കോവിഡ് എന്ന് പോകുന്നോ അന്നു മുതല്‍ മലയാളികള്‍ പഴയ മലയാളികള്‍ തന്നെയായിരിക്കും. സംശയമില്ല. മറ്റുള്ളവരെ പരിഗണിക്കാനുള്ള സഹിഷ്ണുതയുള്ളവരല്ല മലയാളികള്‍.
സാംസ്‌കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളില്‍ എല്ലാ കാലത്തും പാലിക്കുന്ന നിയമങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ കോവിഡ് നിയമങ്ങളായി വന്നിരിക്കുന്നത്. വിദേശങ്ങളിലൊക്കെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ ഒരാള്‍ മുന്നിലും മറ്റെയാള്‍ പിറകിലുമായി മാത്രമേ നില്‍ക്കുകയുള്ളൂ. ആരും തള്ളിക്കയറാന്‍ ശ്രമിക്കുകയില്ല. ഇവിടെ അത് ചിന്തിക്കാന്‍ സാധിക്കുമോ?
Culture
“എന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മലപ്പുറം”
അഭിമുഖം: അനീഷ് ചാലിയാര്‍
ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്‍ ”ചെങ്ങായി’ എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന്‍ മണമ്പൂര്‍ രാജന്‍ ബാബു. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ് മലപ്പുറം. മലപ്പുറത്തിന് തിരിച്ചും അങ്ങനെത്തന്നെ.
തന്റെ എഴുത്തു ജീവിതവും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമെല്ലാം ഈ നാടിനോട് അത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്നതാണെന്ന് അടിവരയിടുകയാണ് പ്രിയ കവി. അടുത്തറിയാത്തവരിലിന്നും ഊഹക്കഥകളേറെയുള്ള മലപ്പുറത്തിന്റെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണെന്ന് നാല് പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് പറയുകയാണദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തെത്തി ഈ നാടിന്റെ സാംസ്‌കാരിക സാഹിത്യരംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച എഴുത്തുകാരനാണ് മണമ്പൂര്‍ രാജന്‍ബാബു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഇന്ന് ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപരാണദ്ദേഹം. തുടക്കക്കാര്‍ മുതല്‍ എം.ടി. വരെ ഈ മാസികയില്‍ ഇന്നും എഴുതുന്നുണ്ട്. ഏറ്റവും പഴക്കം ചെന്ന ഇന്‍ലന്‍ഡ്് മാസികയാണ് ”ഇന്ന്”. എം.ടി. ചെയര്‍മാനായ തുഞ്ചന്‍സ്മാരക ട്രസ്റ്റ് അംഗവും ‘രശ്മി’ ഫിലിം സൊസൈറ്റിയുടെ അദ്ധ്യക്ഷനുമാണ്. കേരളത്തിലങ്ങോളമിങ്ങോളം സാംസ്‌കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ് മണമ്പൂര്‍ രാജന്‍ ബാബു. പതിനൊന്ന് കാവ്യ സമാഹാരങ്ങള്‍ ഉള്‍പ്പെടെ പതിനാല് ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഭാഷകളിലേക്ക് കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
മലപ്പുറം ജില്ല രൂപവത്കരണത്തിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ ഖല്‍ബില്‍ സ്‌നേഹത്തിന്റെ അരുവികളൊഴുകുന്ന ഒരു ജനതയെ, ജീവിത വഴികളില്‍ കൈപിടിച്ചുനടന്ന ഗ്രാമവിശുദ്ധിയെ പിന്തുണയും അഭയവും നല്‍കിയ കൂട്ടിലങ്ങാടി ദേശത്തെ എല്ലാം ഓര്‍ത്തെടുത്ത് പങ്കുവെക്കുകയാണിവിടെ.
”മലപ്പുറമെന്നാല്‍ ആശങ്കകളുടെ കഥകള്‍ പ്രചരിക്കപ്പെട്ടിരുന്ന കാലത്താണ്് സര്‍ക്കാര്‍ ജോലിയുടെ ഭാഗമായി മലപ്പുറത്തേക്ക് വരേണ്ടി വന്നത്്. പൊലീസ് വകുപ്പില്‍ ക്ലാര്‍ക്കായി 1976-ലാണ് മലപ്പുറത്തെത്തിയത്. ഭക്ഷണം, സംസാരം എല്ലാം വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു വന്ന കാലത്ത്. പിന്നെ പിന്നെ എല്ലാറ്റിനോടും സമരസപ്പെട്ടു, പുതിയ രീതികളും ജീവിതത്തിന്റെ ഭാഗമായി.”
അവധിക്ക് നാട്ടിലെത്തുമ്പോള്‍ എങ്ങനെയവിടെ ജീവിക്കാന്‍ ഒക്കുമോ? എന്ന് ചോദിച്ച, ചോദിക്കുന്ന നാട്ടുകാരുണ്ട്. 43 വര്‍ഷമാകുന്നു മലപ്പുറത്തെത്തിയിട്ട്. ക്ലാര്‍ക്കായി വന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി സര്‍വീസില്‍ നിന്ന് വിരമിച്ചിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. എങ്കിലും മലപ്പുറത്തു തന്നെ സ്ഥിരതാമസമാക്കുകയാണ്. അതാണ് അന്നും ഇന്നും ഈ ചോദ്യമുന്നയിക്കുന്നവര്‍ക്കുള്ള എന്റെ മറുപടി. സ്വന്തമായി വീട് പണികഴിപ്പിച്ചിട്ടുണ്ട് ജന്മനാടായ മണമ്പൂരില്‍. സഹോദരങ്ങള്‍, മകനും കുടുംബവും എല്ലാവരും അവിടെ തന്നെ. എന്നാലും ഭാര്യ സുമയുമൊത്ത് മലപ്പുറത്ത് സ്ഥിരതാമസക്കാരനായി. അറുത്തെടുക്കാന്‍ പറ്റാത്ത വേരുകളുണ്ട് മലപ്പുറത്ത്. ജാതിമത ഭേദമില്ലാതെ, രാഷ്ട്രീയമില്ലാതെ, വലിപ്പചെറുപ്പമില്ലാതെ ഒന്നിനോടൊന്നു ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങള്‍, അതാണ് എന്നെ ഈ മണ്ണില്‍ പിടിച്ചു നിര്‍ത്തുന്നത്. നാട്ടിലേക്ക് മടങ്ങണമെന്ന ചിന്തയെ അതിജീവിക്കാന്‍ പോന്ന ആത്മബന്ധം. മനുഷ്യര്‍ തമ്മിലുള്ള വേര്‍പ്പെടുത്താനാവാത്ത ഈ ബന്ധങ്ങളാണ് മലപ്പുറത്തിന്റെ ആത്മാവും സൗന്ദര്യവും. ചെറുനഗരങ്ങളായി രൂപാന്തരപ്പെട്ടപ്പോഴും ഗ്രാമവിശുദ്ധിയും നിഷ്‌കളങ്കതയും നഷ്ടപ്പെടുത്താതെ ഇന്നും കാത്തുസൂക്ഷിക്കുന്ന മണ്ണ്. ആ മണ്ണിനോട് ചേര്‍ന്ന് ഇനിയുമേറെ നടക്കണം. പക്ഷേ, ഒന്നുണ്ട്, പേരിനൊപ്പം മാത്രമല്ല ജന്മനാടായ മണമ്പൂരുള്ളത്. അത് മനസ്സിനോടൊട്ടി വേര്‍പ്പെടുത്താനാവാതെ നില്‍ക്കുന്ന ഗൃഹാതുരത്വമാണ്.
കുടുംബ വിശേഷങ്ങളിലും ഒഴിവുസമയങ്ങളിലും ബന്ധുക്കള്‍ക്കൊപ്പവും പേരമക്കളുടെ മുത്തശ്ശനായും മണമ്പൂരിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഒക്കെ സജീവമായും ഇന്നും പങ്കെടുക്കുന്നുണ്ട്. പ്രധാന പ്രവര്‍ത്തനമണ്ഡലം മലപ്പുറമാണെങ്കിലും എനിക്കിപ്പൊ സ്വന്തമായി രണ്ട് നാടുണ്ട്. ജനിച്ചവളര്‍ന്ന മണമ്പൂരും എന്റെ ജീവിതവഴിയിലെ ‘ചെങ്ങായി’യായി മലപ്പുറവും. എന്നെ തിരിച്ചു ജന്മനാട്ടിലെത്തിക്കാനായി അവിടെയുള്ള സുഹൃത്തുക്കള്‍ യോഗം ചേരുകവരെയുണ്ടായ അനുഭവമുണ്ട്. ഇല്ല, മലപ്പുറം വിട്ട് പൂര്‍ണമായി മടങ്ങാനാവില്ലിനി.
നന്മയുടെ ഒരു വിളക്കുനാളം തെളിയിച്ചാല്‍ അതിന് ചുറ്റും കൂടുന്ന നിഷ്‌കളങ്കരായ മനുഷ്യര്‍. ആ ചെറു തിരിനാളമേറ്റെടുത്ത് പ്രകാശപൂരിതമാക്കി തലമുറകളിലേക്ക് പകരുന്ന മണ്ണ്. തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, മോയിന്‍കുട്ടി വൈദ്യര്‍, മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, ഉറൂബ്, നന്തനാര്‍, ചെറുകാട് തുടങ്ങിയവര്‍ക്ക് ജന്മം നല്‍കിയ ഈ നാടാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകേണ്ടിയിരുന്നതെന്നാണ് എന്റെ അഭിപ്രായം. ജനിച്ച നാടിന്റെ സംസ്‌കാരവും അതില്‍നിന്നേറെ വ്യത്യസ്താനുഭവങ്ങള്‍ സമ്മാനിച്ച മലപ്പുറവും എന്റെ രചനകളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും എന്റെ സംസാര ശൈലിയില്‍ പോലും മലപ്പുറം വല്ലാതെ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് പറയാറുണ്ട്.
12,000 വരിക്കാരുള്ള ‘ഇന്ന്’ ഇന്‍ലന്‍ഡ് മാസിക തുടങ്ങിയത് 1981-ലാണ്. തപാല്‍ വഴി കടലിനക്കരെയുള്ള വായനക്കാരില്‍വരെ എത്തിക്കാനാവുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളിലും മേല്‍വിലാസം പകര്‍ത്തി നല്‍കാനും സഹായിക്കുന്നവരുണ്ട് വര്‍ഷങ്ങളായി. മികച്ച നിലവാരമുള്ള ചിന്തയും വര്‍ത്തമാനവും സിനിമാ സംവാദങ്ങളുമായി നാല് പതിറ്റാണ്ടിലധികമായി സജീവമായി നില്‍കുന്ന ‘രശ്മി’ ഫിലിം സൊസൈറ്റി. അതിന്റെ അദ്ധ്യക്ഷനായും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനാവുന്നുണ്ട്. നാനാതുറകളില്‍ നിന്നുള്ളവരുടെ ഒരു സാംസ്‌കാരിക കൂട്ടായ്മയാണത്. മലപ്പുറത്തിന്റെ ഈ ഒത്തൊരുമ, സഹകരണമനോഭാവം ഇതെല്ലാമാണ് ഇന്‍ലന്‍ഡ് മാസികയും ഫിലിംസൊസൈറ്റിയും ഇന്നും സജീവമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം.
ഏറെ കോലാഹലങ്ങള്‍ക്കൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. പിറവിയെടുത്ത ആദ്യപതിറ്റാണ്ടില്‍ തന്നെ മലപ്പുറത്തെത്തിയതാണ്. ഒരു ഗ്രാമത്തെ പെട്ടെന്ന് ജില്ലയായി പ്രഖ്യാപിച്ചതിന്റെ ഞെട്ടലിപ്പോഴുമുണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, വളരെപ്പെട്ടെന്നുള്ള മലപ്പുറത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. സാമൂഹിക,സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറ്റത്തിന്റെ പടവുകള്‍ കയറുകയാണ് ഈ നാടിന്ന്. വിദ്യാഭ്യാസ, സാക്ഷരതാ രംഗങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റത്തിന് പുതിയ റവന്യൂ ജില്ലാ രൂപവത്കരണം ആക്കം കൂട്ടി.
Culture
സൂപ്പര്‍ ഹിറ്റായ സുഡാനി പറയുന്നു, ‘സൗബിനാണ് താരം…’
പുതുമുഖ സംവിധായകന്‍ സകരിയ്യയുടെ ‘സുഡാനി ഫ്രം നൈജീരിയ’ സൂപ്പര്‍ ഹിറ്റായതോടെ നൈജീരിയന്‍ നടന്‍ സാമുവല്‍ അരിയോള റോബിന്‍സണും താരമായി മാറിയിരിക്കുകയാണ്. ‘സുഡാനി’ ചിത്രത്തിലെ മജീദിനും ഉമ്മമാര്‍ക്കുമൊപ്പം താരമായ റോബിന്‍സണ്‍, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ‘ചന്ദ്രിക’ക്ക് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം..
എന്നെ സംബന്ധിച്ചിടത്തോളം കേരളം തീര്‍ത്തും അപരിചിതമായിരുന്നു. അതേസമയം, എന്റെ നാടായ നൈജീരിയയുമായി ഈ നാടിന് ചില കാര്യങ്ങളില്‍ സാമ്യതകളുണ്ടുതാനും.
കേരളത്തില്‍ ഞാനാദ്യം ശ്രദ്ധിച്ചത് ഇവിടുത്തെ മരങ്ങളും പച്ചപ്പുമാണ്. എന്റെ നാട്ടിലും ഇതേപോലെ നിറയെ മരങ്ങളാണ്. ഇവിടെ കൂടുതലും തെങ്ങുകളാണ് എന്ന ഒരു വ്യത്യാസം മാത്രം. കേരളത്തില്‍ എവിടെ നോക്കിയാലും മനോഹര ദൃശ്യങ്ങളാണ്. ഇവിടെ ഒരു ഫോട്ടോ എടുക്കുകയാണെങ്കില്‍, ഒരു ദ്വീപില്‍ വെച്ച് എടുത്തതാണെന്നേ തോന്നൂ; അതൊരു വിസ്മയമാണ്. കേരളം അതീവ രസകരമായ ഒരിടമായാണ് എനിക്കനുഭവപ്പെട്ടത്. ഇതുകൊണ്ടൊക്കെയാണെന്നു തോന്നുന്നു കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിളിക്കുന്നത്. ഹൃദ്യവും മനോഹരവുമായ അനുഭവങ്ങളാണ് എനിക്കിവിടെ ഉണ്ടായതെല്ലാം.
കേരളീയര്‍ അതീവ ഹൃദയാലുക്കളാണ്. ഞാന്‍ കാണുകയും, ഒപ്പം ജോലി ചെയ്യുകയും ചെയ്ത എല്ലാ മനുഷ്യരും അനുകമ്പയുള്ളവരായിരുന്നു. നൈജീരിയയില്‍ അതല്ല സ്ഥിതി. കേരളത്തില്‍ തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഏതെങ്കിലുമൊരു സാധനം വാങ്ങണമെന്ന് നമുക്ക് തോന്നിയാല്‍ മതി, ചോദിക്കേണ്ട താമസമേയുള്ളൂ, അതെവിടെ കിട്ടുമെന്ന് അപരിചിതര്‍ പോലും നമുക്ക് വിശദമായി പറഞ്ഞു തരും. നൈജീരിയയില്‍ ആളുകള്‍ക്ക് സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്നതിലാണ് താല്‍പര്യം. അവിടെ നിന്ന്, നന്നായി പിന്തുണക്കുന്ന ഒരു പരിസ്ഥിതിയിലേക്ക് വരിക എന്നത് സന്തോഷകരമാണ്.
കേരളം അല്ല നൈജീരിയ, മലയാളം പോലെയല്ല സിനിമ അവിടെ
സിനിമയോടുള്ള സമീപനത്തില്‍ കേരളവും നൈജീരിയയും തമ്മില്‍ വലിയ അന്തരമുണ്ട്. നൈജീരിയയില്‍ ഓരോ വര്‍ഷവും രണ്ടായിരത്തിലധികം സിനിമകളാണ് ഇറങ്ങുന്നത്; മിക്കതിന്റെയും നിലവാരം ദയനീയമാണ്. കേരളത്തില്‍ നിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ലെന്നു തോന്നുന്നു. ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കാന്‍ ഇവിടുത്തുകാര്‍ തയ്യാറാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും സകരിയയും സമീറുമൊക്കെ കാണിച്ച ശുഷ്‌കാന്തി തീവ്രമായിരുന്നു. എന്റെ അഭിനയ പാടവത്തെ പൂര്‍ണമായി പുറത്തെടുക്കാന്‍ അവര്‍ ഏറെ ക്ഷമകാണിച്ചു. ഉദ്ദേശിച്ച ഫലം ലഭിക്കുന്നതു വരെ വീണ്ടും വീണ്ടും ശ്രമിച്ചു. കഥാപാത്രത്തിന്റെ ഭാവം ശരിയാകാന്‍ വേണ്ടി എത്രസമയം വേണമെങ്കിലും ചെലവഴിക്കാന്‍ അവര്‍ തയ്യാറായിരുന്നു.
ഓരോ സീനിലും ഇത്രയധികം സൂക്ഷ്മതയോടെയും സമയമെടുത്തും ഞാന്‍ മറ്റൊരു പ്രൊജക്ടിലും പ്രവര്‍ത്തിച്ചിട്ടില്ല. കേരളത്തിലെ അനുഭവത്തില്‍ നിന്ന് എന്നിലെ നടന്‍ ഏറെ പഠിച്ചു.
പന്തുകളിക്ക് ഒരേ ഭാഷയാണ്
ഫുട്‌ബോളിനെ മാറ്റി നിര്‍ത്തി ആഫ്രിക്കയെ പറ്റി സംസാരിക്കാന്‍ പോലും കഴിയില്ല. നൈജീരിയയിലെ ഓരോ തെരുവിലും കുട്ടികള്‍ പന്തു കളിച്ചുകൊണ്ടിരിക്കുന്നത് എപ്പോഴും കാണാനാവും. ഓരോ മൂലയിലും ഒഴിവുള്ള ഓരോ സ്ഥലങ്ങളിലും റോഡരികിലും സദാസമയവും ഫുട്‌ബോള്‍ കളിക്കുന്നതു കാണാം. ഫുട്‌ബോള്‍ ഞങ്ങളുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയില്‍ കളിച്ചിരുന്ന ജോണ്‍ ഓബി മൈക്കലിനെപ്പോലെ നിരവധി ലോകോത്തര കളിക്കാര്‍ നൈജീരിയയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.
ഫുട്‌ബോള്‍ കളിക്കാനറിയാത്ത 0.0001 ശതമാനം നൈജീരിയക്കാരില്‍ ഒരാളാണ് ഞാനെന്ന് പറയാന്‍ എനിക്കു മടിയുണ്ട്. ഈ സിനിമക്കു വേണ്ടി ഞാന്‍ ഫുട്‌ബോള്‍ പഠിച്ചു. ഏതാനും ആഴ്ചകള്‍ ഫുട്‌ബോള്‍ പഠനം തന്നെയായിരുന്നു. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ പഠിച്ചതോടെ പന്തു കളിക്കാമെന്ന ആത്മവിശ്വാസമായി. കേരളത്തില്‍ നിന്ന് എനിക്കു ലഭിച്ച വലിയൊരു കാര്യവും അതു തന്നെയാണ്.
ഫുട്‌ബോള്‍ ക്ലബ്ബുകളെ പറ്റിയോ കളിക്കാരെ പറ്റിയോ എനിക്ക് വലുതായൊന്നും അറിയില്ല. മെസ്സിയാണ് എന്റെ ഇഷ്ടതാരം. മെസ്സി കളിക്കുന്ന മത്സരം ടി.വിയില്‍ വരുമ്പോള്‍ അവസാനം വരെ ഇരുന്നു കാണും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഇഷ്ടമാണ്. ഫുട്‌ബോള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ യൂട്യൂബില്‍ റൊണാള്‍ഡോയുടെ കളി ആവര്‍ത്തിച്ചു കണ്ടിരുന്നു. അദ്ദേഹത്തിന്റെ കളിയും കിക്കെടുക്കുന്ന രീതിയുമെല്ലാം അതിമനോഹരമാണ്.
മലപ്പുറത്തുകാരെ പോലെയാണ് നൈജീരിയക്കാര്‍ പന്തുകളിയെ സ്‌നേഹിക്കുന്നത്. മലപ്പുറത്തെ കാറ്റില്‍ തന്നെ ഫുട്‌ബോളിനോടുള്ള പ്രണയം അറിയാന്‍ കഴിയും. ഘാനയില്‍ നിന്ന് കേരളത്തിലേക്കു വന്ന ഫുട്‌ബോള്‍ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം കേരളത്തെ സ്‌നേഹിക്കുന്നു; ഈ നാടിനെപ്പറ്റി സന്തോഷത്തോടെ സംസാരിക്കുന്നു.
കേരളത്തില്‍ വന്നു, കളി പഠിച്ചു
എന്നെ കളി പഠിപ്പിക്കുന്നതിനായി പ്രൊഡക്ഷനിലെ ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. അവരോടൊപ്പം കോഴിക്കോട്ടെ ഹൈലൈറ്റ് മാളിന്റെ മുകളിലുള്ള മിനി ഫീല്‍ഡ് പോലുള്ള ടര്‍ഫിലായിരുന്നു പരിശീലനം. കഠിനമായി പരിശീലിച്ചപ്പോള്‍ മാത്രമാണ് ചെറിയ സ്‌കില്ലുകളെങ്കിലും പഠിച്ചെടുക്കാനായത്. മലപ്പുറത്തു ചെന്നപ്പോള്‍ സെവന്‍സ് ഗ്രൗണ്ടുകളിലും പരിശീലനം നടത്തിയിരുന്നു. ഇനിയൊരു ചിത്രത്തില്‍ ഫുട്‌ബോള്‍ കളിക്കേണ്ടി വന്നാല്‍ ധൈര്യസമേതം എനിക്കത് ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്.
സൗബിനാണ് താരം
ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് സൗബിനൊപ്പമുള്ള അഭിനയമാണ്. അദ്ദേഹം മികച്ചൊരു അഭിനേതാവാണ്. കഥാപാത്രത്തിന് ക്ഷണവേഗത്തില്‍ ഭാവം നല്‍കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യമുണ്ട്. ആഴമുള്ള റോളുകള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. വ്യക്തിപരമായി സൗബിന്‍ തമാശക്കാരനാണ്. പക്ഷേ, ക്യാമറക്കു മുന്നിലെത്തുമ്പോള്‍ മികച്ചൊരു അഭിനേതാവും.
സൗബിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അദ്ദേഹത്തിന് തിരിച്ചും അങ്ങനെ തന്നെ എന്നു തോന്നുന്നു. നല്ല ഒഴുക്കോടെയാണ് ഞങ്ങള്‍ അഭിനയിച്ചത്. ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് എന്നറിയാത്ത ഒരു സീന്‍ പോലും ഉണ്ടായിരുന്നില്ല. നല്ലൊരു സംവിധായകന്‍ കൂടി ആയതിനാല്‍, എന്റെ പ്രകടനം മെച്ചപ്പെടുത്താനും സൗബിന്‍ സഹായിച്ചു. ഇതുവരെ കൂടെ അഭിനയിച്ചതില്‍ ഏറ്റവും മികച്ചവരിലൊരാളാണ് സൗബിനെന്ന് ഞാന്‍ പറയും.
‘സുഡാനി’ ടീമിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. ഒരു പ്രൊഫഷണല്‍ കൂട്ടായ്മ എന്നതിനേക്കാള്‍ കുടുംബം പോലെയായിരുന്നു ഞങ്ങള്‍. സകരിയയും ഷൈജുവും സമീറും സൗബിനുമെല്ലാം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഇടവേളകളില്ലാതെ ദീര്‍ഘ സമയങ്ങളില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യാറുണ്ടായിരുന്നില്ല. ഷൂട്ടിങ് നീണ്ടു പോകുന്നു എന്നു തോന്നുമ്പോള്‍ ബ്രേക്കെടുത്ത് ഞാനും സമീറും ചായയും പഴമ്പൊരിയും ദോശയും കഴിക്കും. സൗബിനുമൊത്ത് െ്രെഡവ് പോകാറുണ്ടായിരുന്നു.
സൗബിന്‍ എല്ലായ്‌പോഴും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും, നിര്‍ത്താതെ തമാശകള്‍ പറയും. ഒരിക്കല്‍ വാതിലിനു പിന്നില്‍ മറഞ്ഞു നിന്ന് ഞാന്‍ വന്നപ്പോള്‍ ചാടിവീണ് പേടിപ്പിക്കുക വരെ ചെയ്തു.
എല്ലാവരുടെയും കുടുംബങ്ങളെയും ഞാന്‍ നേരില്‍ക്കണ്ടു. കുറച്ചു ദിവസം ഷൈജുവിന്റെ വീട്ടില്‍ താമസിച്ചിരുന്നു. രുചികരമായ ഭക്ഷണവുമായി അവരെന്നെ സല്‍ക്കരിച്ചു.
ആഫ്രിക്കയിലെ ‘സുഡാനി’
‘സുഡാനി ഇന്‍ ഇന്ത്യ’ എന്നോ മറ്റോ ഉള്ള പേരില്‍ ഈ ചിത്രം ആഫ്രിക്കയില്‍ റിലീസ് ചെയ്താല്‍ വിജയിക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. ആഫ്രിക്കന്‍ ജനതക്ക് ബോളിവുഡ് ചിത്രങ്ങള്‍ പരിചിതമാണ്. എന്റെ നാട്ടിലെ ജങ്ഷനില്‍ നിന്നാല്‍ തന്നെ ബോളിവുഡ് ഡി.വി.ഡികള്‍ വില്‍ക്കുന്ന പയ്യന്മാരെ കാണാം. നല്ല മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി റിലീസ് ചെയ്താല്‍ മലയാള ചിത്രങ്ങള്‍ക്കും വിജയ സാധ്യതയുണ്ട്.
-
Video Stories8 years ago
കൊടിഞ്ഞിയില് കൊല്ലപ്പെട്ട ഫൈസലിന്റ കഫീല് അബ്ദുല്ല അല്മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില് ഖുര്ആന് ഉരുവിട്ട് കുഞ്ഞ്; വാര്ത്ത വായിക്കുമ്പോള് വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല് വിവാദ ഏറ്റുമുട്ടല്; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില് മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില് പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള് ഭര്ത്താവിന് വാട്സ് ആപ്പില്; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില് നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്ശം വൈറല്
-
Culture8 years ago
അണികളില് നിന്ന് ‘മുര്ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ