Connect with us

Culture

ഇടതു സര്‍ക്കാര്‍ പകപോക്കുന്നു; സബ്‌സിഡി നിഷേധത്തിനെതിരെ പരസ്യ പ്രതികരണവുമായി സനല്‍ കുമാര്‍ ശശിധരന്‍

Published

on

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) സമാന്തരമായി ‘കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റ്’ സംഘടിപ്പിച്ചതിനും ഭരണകൂട വിമര്‍ശനം നടത്തിയതിനും ഇടതു സര്‍ക്കാര്‍ പകപോക്കുന്നതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ‘ഉന്മാദിയുടെ മരണം’ എന്ന തന്റെ പുതിയ ചിത്രത്തിന് കെ.എസ്.എഫ്.ഡി.സി സബ്‌സിഡി നിഷേധിച്ചിരിക്കുകയാണെന്നും തനിക്കെതിരായ ഈ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഒഴിവു ദിവസത്തെ കളി’, ‘എസ്. ദുര്‍ഗ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സനല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട സിനിമാ പ്രവർത്തകരെ സാംസ്കാരിക നായകരെ,
വല്ലാത്ത നിരാശയോടെയാണ് ഇതെഴുതുന്നുന്നത്. വിഷയം എന്റെ “ഉന്മാദിയുടെ മരണം” എന്ന സിനിമയ്ക്ക് കെഎസ്എഫ്ഡിസി സബ്‌സിഡി നിഷേധിച്ചതാണ്. നിങ്ങളെല്ലാം കൂടി ശബ്ദമുയർത്തി സബ്‌സിഡി വാങ്ങിത്തന്നില്ലെങ്കിൽ എന്റെ സിനിമ മുടങ്ങിപ്പോകും എന്നതുകൊണ്ടാണ് ഞാനിങ്ങനെ എഴുതുന്നത് എന്ന് കരുതരുത് എന്ന് ആദ്യമേ അഭ്യർത്ഥിച്ചുകൊള്ളട്ടെ. കെഎസ്എഫ്ഡിസി സബ്‌സിഡി മുടങ്ങിയാൽ പൂട്ടിപ്പോകാവുന്നതിലും അപ്പുറത്തേക്ക് സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചത് കൊണ്ട് ഇനിയത് മുടങ്ങും എന്ന ആശങ്കയോ/- വേണ്ട. സബ്‌സിഡി വേണ്ട എന്ന് വെക്കൂ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുള്ള ഉപദേശങ്ങളാണ് എന്റെ നിർമാതാവിൽ നിന്നും എനിക്ക് കിട്ടുന്നത്. സംഗതി ശരിയാണ് ആരുടെയൊക്കെയോ ചൊറിച്ചിലുകൾക്ക് പിന്നാലെ നടന്ന് സമയം കളയുന്നതിനെക്കാൾ നല്ലത് അത് തന്നെയാണ്. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതും ചെയ്യാതിരിക്കുന്നതും ധാർമികമായി ശരിയല്ലാത്തതുകൊണ്ട് അങ്ങനെ ഉപേക്ഷിച്ച് പോകാൻ വയ്യ.

കരുതുന്നതുപോലെ ടി സബ്‌സിഡി കോടികളുടെ സർക്കാർ സഹായമല്ല. രണ്ട് ലക്ഷം രൂപ മുൻകൂർ അടച്ചാൽ 7ലക്ഷം രൂപ വരെയുള്ള ജോലികൾ ചിത്രാഞ്ജലിയിൽ ചെയ്യാം എന്നതാണ് സബ്‌സിഡി എന്ന് അറിയപ്പെടുന്നത്. മഹാരാഷ്ട്രയും ഗുജറാത്തും പോലുള്ള “രാഷ്ട്രീയ പ്രതിരോധം” ഉയർത്താത്ത സംസ്ഥാനങ്ങൾ 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സിനിമകൾക്ക് സഹായം നൽകുമ്പോഴാണ് 5 ലക്ഷം രൂപയുടെ സബ്‌സിഡി എന്ന കൊട്ടിഘോഷിക്കൽ നമ്മൾ നടത്തുന്നത്. ഇത്രയും ചെറിയ സഹായത്തിനുവേണ്ടി കടന്നുപോകേണ്ട കടമ്പകൾ ആലോചിച്ചിട്ടാവും കഴമ്പുള്ള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളും അങ്ങോട്ട് പോകാറില്ല. ഷക്കീല തരംഗം ഉണ്ടായിരുന്ന സമയത്താണ് കെഎസ്എഫ്ഡിസി സബ്‌സിഡി എഫക്ടീവായി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ കൂടുതൽ വന്നത്. കണക്കെടുത്താൽ അറിയാം സിനിമയെ പ്രോൽസാഹിപ്പിക്കാൻ കൊണ്ടുവന്ന ഈ സബ്‌സിഡി എന്തൊക്കെ അനാശാസ്യപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്കാണ് ലഭിച്ചിട്ടുള്ളതെന്ന്. എന്നാൽ എന്റെ ആദ്യ സിനിമ മുതൽ ഈ സബ്‌സിഡി ഉപയോഗപ്പെടുത്തിക്കൊണ്ട് ചിത്രാഞ്ജലിപാക്കേജിൽ ചെയ്യുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഇത് എനിക്കും എന്നെപ്പോലെ സിനിമ ചെയ്യുന്നവർക്കും അവകാശപ്പെട്ടതാണ് എന്നുള്ള ബോധ്യം. രണ്ട്, ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും കലാമൂല്യമുള്ള സിനിമയോടുള്ള ആഭിമുഖ്യം. മൂന്നു സിനിമകൾക്കും ചിത്രാഞ്ജലിയിൽ നിന്നും കെഎസ്എഫ്ഡിസിയിൽ നിന്നും വളരെ നല്ല സഹകരണവും ആയിരുന്നുതാനും.

എന്നാൽ ഉന്മാദിയുടെ മരണം എന്ന സിനിമയുടെ നിർമാണത്തിന്റെ അന്തിമഘട്ടത്തിൽ കാര്യങ്ങൾ പൊടുന്നനെ മാറി മറിയുകയായിരുന്നു. മാസങ്ങൾക്ക് മുൻപേ ഒപ്പിട്ട സബ്‌സിഡി കരാർ അനുസരിച്ചുള്ള സബ്‌സിഡി നൽകാൻ തയാറല്ലെന്നും ഇതുവരെ ചെലവായ തുകമുഴുവൻ ഉടൻ അടച്ചു തീർക്കണം എന്നും കെഎസ്എഫ്ഡിസി എംഡി കത്ത് നൽകിയിരിക്കുന്നു. ഒരിഞ്ച് വലുപ്പമുള്ള സെൻസറുള്ള ക്യാമറയിൽ ഷൂട്ട് ചെയ്താലേ സബ്‌സിഡിക്ക് യോഗ്യതയുള്ളു എന്നാണ് കാരണമായി പറയുന്നത്. ഞാൻ സിനിമ ഷൂട്ട് ചെയ്യാൻ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ക്യാമറയുടെ സെൻസർ വലുപ്പം 1 ഇഞ്ചിൽ കൂടുതലാണെന്ന് കാണിച്ച് മറുപടി കൊടുക്കുകയും ചെയർമാനായ ലെനിൻ രാജേന്ദ്രൻ സാറിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തിട്ടും ഫലമില്ല. സിനിമാ മന്ത്രിക്ക് സമർപ്പിച്ച പരാതി ഇതുവരെ തീർപ്പായിട്ടില്ല. പരാതി തീർപ്പാക്കുന്നതിനു പകരം അദ്ദേഹം ചെയ്‌തത്‌ പരാതിയുമായി വീട്ടിൽ പോയപ്പോൾ കാണാൻ അനുവദിച്ചില്ല എന്ന സത്യം ഞാൻ പറഞ്ഞു എന്നതിൽ പരിഭവിക്കുകയാണ്.

എനിക്കെതിരെയുള്ള ഈ നീക്കം രാഷ്ട്രീയമായ പകപോക്കലാണെന്ന് പകൽ പോലെ വ്യക്തമാണ്. ഐഎഫ്എഫ്കെ നടക്കുമ്പോൾ സമാന്തരമായി ചലച്ചിത്രമേള നടത്താൻ മുന്നിട്ടിറങ്ങി, മന്ത്രിയെയും അക്കാഡമിയേയും കോർപ്പറേഷനെയും വിമർശിച്ചു എന്നതൊക്കെ ആവാം കാരണങ്ങൾ. ഒരു കാര്യം വളരെ വ്യക്തമാക്കിക്കോട്ടെ ഇത്തരം കുരുട്ടു വിദ്യകൾ കൊണ്ട് ഞാൻ സിനിമ എടുക്കുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്ന് ആരാരെങ്കിലും കരുതുന്നുവെങ്കിൽ അത് മണ്ടത്തരമാണ്. ആ ഘട്ടം കഴിഞ്ഞു. പക്ഷെ മണ്ടന്മാരാണ് പൊതുവെ എന്നുള്ളതുകൊണ്ട് ആവശ്യമില്ലാതെ അസ്വസ്ഥതകളുണ്ടാക്കാൻ ഇവർക്ക് കഴിയും.

എന്റെ നിരാശ ഇതൊന്നുമല്ല. ലജ്ജയില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രതിയോഗത്തിന്റെ പേരിൽ ഒരു സ്വതന്ത്ര സിനിമയ്ക്കെതിരെ നടക്കുകയും ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴും ഒന്നും മിണ്ടാതെ കടന്നുപോകുന്ന സിനിമപ്രവർത്തകരും സാംസ്കാരിക നായകരും ആരെയാണ് എൻഡോഴ്സ് ചെയ്യുന്നത്? ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയാൽ ഭരണകൂടത്തിന് ന്യായാന്യായങ്ങൾ നോക്കാതെ പ്രതികാരനടപടി എടുക്കാം എന്നാണോ നിങ്ങളുടെ മൗനം സൂചിപ്പിക്കുന്നത് !

സുഹൃത്തുക്കളെ ഞാൻ മുൻപ് സൂചിപ്പിച്ചപോലെ നിങ്ങളാരും ശബ്ദമുയർത്തി എന്റെ സിനിമയ്ക്ക് സബ്‌സിഡി നേടിത്തരണ്ട ആവശ്യമില്ല സബ്സിഡിയില്ലാതെയും സിനിമ പൂർത്തിയാവും. പക്ഷെ നെറികേടിനെതിരെ ശബ്ദമുയർത്താത്ത പാവകളാണ് നിങ്ങളെന്ന് ലോകരെക്കൊണ്ട് പറയിക്കരുത്. രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന കലാകാരനോട് അന്യായമായി അവകാശലംഘനം നടത്താമെന്ന് അധികാരവർഗത്തിന് തോന്നലുണ്ടാക്കരുത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.