Connect with us

Culture

മനുഷ്യാവകാശങ്ങളുടെ സ്വന്തം ലേഖകന്‍

Published

on

എം.പി അബ്ദു സമദ് സമദാനി

ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സമരവേദിയില്‍ നിന്നും വിടപറഞ്ഞുപോയ കുല്‍ദീപ് നയാറിന്റെ ജീവിതം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി തൂലികയിലൂടെയും നല്ല കാലം പാര്‍ലമെന്റിലും ജീവിതകാലം മുഴുവന്‍ മറ്റ് നിരവധി വേദികളിലുമായി നാവിലൂടെയും തളരാത്ത പോരാളിയായി അദ്ദേഹം നീതിയുടെ പക്ഷത്ത് നിലകൊണ്ടു. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാട്തറ സുവ്യക്തവും സുദൃഢവുമായിരുന്നു. ഇന്ത്യയുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളില്‍ പണിതുയര്‍ത്തിയതായിരുന്നു അത്. ദേശീയതയും ബഹുസ്വരതയുമായിരുന്നു അതിന്റെ മറ്റ് അടിസ്ഥാനങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ എന്തിനെയും അരിഞ്ഞുവീഴ്ത്തുന്ന ഖഡ്ഗ പ്രഹരമായിരുന്നു കുല്‍ദീപിന്റെ തൂലിക ഏല്‍പിച്ചത്.

വിഭജനത്തോടെ പാകിസ്താന്റെ ഭാഗമായിത്തീര്‍ന്ന ലാഹോറില്‍ ജനിച്ച് സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തന്നെ ഇന്ത്യയിലേക്ക് മാറിത്താമസിച്ച കുടുംബത്തിലെ അംഗമായ കുല്‍ദീപ് നയാര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍, പാര്‍ലമെന്റംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും അദ്ദേഹത്തിന്റെ മുഖ്യതട്ടകം മാധ്യമരംഗം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കോളങ്ങള്‍ വിപുലമായി വായിക്കപ്പെട്ടു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും പംക്തികളെപ്പോലെ ശ്രദ്ധിക്കപ്പെടുകയും ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു.

‘അന്‍ജാം’ എന്ന ഉര്‍ദു ദിനപത്രത്തില്‍ നിന്നാണ് സുദീര്‍ഘമായ ആ തൂലികാ സഞ്ചാരം ആരംഭിക്കുന്നത്. പഴയ ഡല്‍ഹി നഗരത്തില്‍ കബാബും കഴിച്ച് ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന ബിഎഡും എല്‍.എല്‍.ബിയുമുള്ള ചെറുപ്പക്കാരന്‍ യാസീന്‍ എന്ന വ്യക്തി എഡിറ്ററായ ‘അല്‍ജാമില്‍’ എത്തിച്ചേര്‍ന്നു. പഴയ ഡല്‍ഹിയില്‍ തന്നെയുള്ള ബെല്ലിമാരാന്‍ തെരുവില്‍ നിന്നായിരുന്നു ‘അന്‍ജാം’ അച്ചടിച്ചിരുന്നത്. അവിടെ നിന്ന് കുല്‍ദീപ് നയാര്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഞ്ചാബി മാതൃഭാഷക്കാരനായ കുല്‍ദീപിന് ഉര്‍ദുവും മാതൃഭാഷ പോലെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യലോകം മുഴുവന്‍ ഉര്‍ദു ആയിരുന്നു. ഉര്‍ദുവിന്റെ വേരുകള്‍ ചെന്നെത്തുന്ന ഭാഷകളില്‍പെട്ട പേര്‍ഷ്യനും അദ്ദേഹത്തിന് വശമായിരുന്നു.

കേരളത്തില്‍ ഞങ്ങള്‍ ഒന്നിച്ച് നടത്തിയ യാത്രകള്‍ക്കെല്ലാം ഉര്‍ദുവിന്റെ കാവ്യസുഗന്ധം ഉണ്ടായിരുന്നു. നിരവധി ഈരടികള്‍ ഒന്നിച്ചിരുന്നു ആസ്വദിക്കുകയും പരസ്പരം കൈമാറുകയും ചെയ്ത കാവ്യമുഹൂര്‍ത്തങ്ങള്‍…. ഗാലിബും ഇഖ്ബാലും ഫിറാഖും ഫൈസും ജോഷും ഹസ്‌റത്തുമെല്ലാം കുല്‍ദീപിന്റെ ഇഷ്ട കവികളായിരുന്നു. നിരവധി കവിതകള്‍ അദ്ദേഹം മന:പാഠമാക്കി ഓര്‍മ്മയില്‍ അടുക്കിവെച്ചു. സന്ദര്‍ഭം വരുമ്പോള്‍ അതത്രയും ഈണത്തില്‍ അദ്ദേഹത്തിന്റെ പൗരുഷമുള്ള സ്വരത്തിലൂടെ പ്രവാഹം കൊണ്ടു.

ഉര്‍ദുവില്‍ പത്രപ്രവര്‍ത്തനത്തിന് അത്ര മെച്ചപ്പെട്ട ഭാവിയില്ലെന്ന് പറഞ്ഞു ഇംഗ്ലീഷിലേക്ക് മാറാന്‍ കുല്‍ദീപിനെ ഉപദേശിച്ചത് പ്രശസ്ത ഉര്‍ദു കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഹസ്‌റത്ത് മൊഹാനിയായിരുന്നു. അങ്ങനെ ഇംഗ്ലീഷ് പത്രങ്ങളിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും കുല്‍ദീപ് നയാര്‍ അന്ത്യം വരെയും ഉര്‍ദുവിലെയും പഞ്ചാബിലെയും പത്രങ്ങളില്‍ എഴുതിക്കൊണ്ടേയിരുന്നു. യു.എന്‍.ഐയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും അമരസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അനവരതം പ്രയത്‌നിച്ച അദ്ദേഹത്തിന്റെ കരങ്ങളില്‍ പത്രങ്ങളും വാര്‍ത്താ ഏജന്‍സികളും കൂടുതല്‍ ശക്തി സംഭരിക്കുകയായിരുന്നു. സുപ്രധാനമായ ഇതര മേഖലകളില്‍ പലതിലും പ്രവര്‍ത്തിച്ചുവെങ്കിലും കുല്‍ദീപിന് എന്നും ഏറ്റവും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്‍ത്തനം തന്നെയായിരുന്നു. പത്രക്കാരനായിരിക്കുക, റിപ്പോര്‍ട്ടര്‍ ആയിരിക്കുകയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്ന് അദ്ദേഹം പലവുരു പറയുകയുണ്ടായി.

ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച സൂക്ഷ്മമായ അറിവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും കുല്‍ദീപിന്റെ ദൗത്യത്തിന് കൂടുതല്‍ മിഴിവേകി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ‘അന്‍ജാമി’ലായിരിക്കെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ലാല്‍ബഹദൂര്‍ ശാസ്ത്രിയോടും അദ്ദേഹം അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അടുപ്പം ഉണ്ടായിരിക്കെ തന്നെ അവരെ വിവിധ ഘട്ടങ്ങളില്‍ ശക്തമായി പിന്തുണക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ- പാക് യുദ്ധകാലത്ത് കുല്‍ദീപ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചും അടിയന്തിരാവസ്ഥക്കാലത്ത് അവരെ വിമര്‍ശിച്ചും എഴുതി. അടിയന്തിരാവസ്ഥയെ ശക്തമായി വിമര്‍ശിച്ച കുല്‍ദീപ് നയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തിഹാര്‍ ജയിലില്‍ തനിക്ക് ലഭിച്ചിരുന്ന ഭക്ഷണത്തില്‍ നിറയെ ഈച്ചയായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ ആഹാരം കഴിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രമേണ ഈച്ച നിറഞ്ഞ ഭക്ഷണത്തോട് പൊരുത്തപ്പെടാന്‍ ശീലിച്ചു.

തന്റെ മനസ്സാക്ഷിയെ പിന്‍പറ്റിക്കൊണ്ട് നടത്തിയ പോരാട്ട വഴികളിലെ പ്രതിസന്ധികള്‍ അചഞ്ചലനായി നേരിട്ട കുല്‍ദീപ് നയാര്‍ നേരിനും നീതിക്കും വേണ്ടിയുള്ള സമരമാണ് പത്രപ്രവര്‍ത്തനം എന്ന് വിശ്വസിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള വലിയൊരു കാവല്‍ ദൗത്യമായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വര്‍ഗീയ, ഫാസിസ്റ്റ് പ്രവണതകള്‍ രാജ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം അദ്ദേഹം തിരിച്ചറിയുകയും അതിനെ ധീരമായി നേരിടുകയും ചെയ്തു. സമുദായ സൗഹാര്‍ദ്ദവും ബഹുസ്വരതയും അദ്ദേഹത്തിന്റെ സുപ്രധാന തത്വങ്ങളും കര്‍മ്മമേഖലകളുമായിരുന്നു. ദേശീയോദ്ഗ്രഥനം നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സുരക്ഷയില്‍ മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച കുല്‍ദീപ് അതിന്റെ സംരക്ഷണത്തിനായി വീറോടെ വാദിക്കുകയും ധീരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഈ ലേഖകന്‍ രാജ്യസഭയില്‍ അംഗമായി ചെന്നപ്പോള്‍ അവിടെ കുല്‍ദീപ് നയാര്‍ ഉണ്ടായിരുന്നു. സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠ സഹോദരനെയാണ് പില്‍ക്കാലത്ത് ആ ബന്ധം പ്രധാനം ചെയ്തത്. മൂന്ന് തവണ കേരളത്തിലെ പരിപാടികളിലേക്ക് ക്ഷണിച്ചു. എല്ലാ ക്ഷണങ്ങളും സ്വീകരിച്ചു കോഴിക്കോട്ട് വന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങള്‍ ചെയ്തു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉര്‍ദു പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അവസരമുണ്ടായതും ഓര്‍ക്കുന്നു. പത്‌നീസമേതം കേരളത്തില്‍ വന്ന അദ്ദേഹം ഇവിടത്തെ പ്രകൃതിഭംഗിയും ഭക്ഷണവും ആസ്വദിച്ചു. ഉര്‍ദു, പഞ്ചാബി ഗസല്‍, ഖവാലികളുടെ സീഡികള്‍ യാത്രക്കിടയില്‍ കേള്‍പ്പിച്ച് അദ്ദേഹത്തെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭങ്ങളും ഇപ്പോള്‍ ദു:ഖത്തോടെ ഓര്‍ക്കുന്നു.

എഴുത്തിലും പ്രസംഗത്തിലും മാത്രമല്ല, ജീവിതത്തിലാകെ അടിമുടി ഒരു യഥാര്‍ത്ഥ മതേതരവാദിയായിരുന്നു കുല്‍ദീപ് നയാര്‍. മതേതര ഇന്ത്യയുടെ ഭാവിയായിരുന്നു അദ്ദേഹത്തെ എപ്പോഴും പ്രത്യേകിച്ചും അവസാനകാലത്ത് ഉല്‍ക്കണഠാകുലനാക്കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം റിപ്പോര്‍ട്ടു ചെയ്ത ആ യുവ പത്ര പ്രവര്‍ത്തകന്‍ ഗാന്ധിജിക്ക് ശേഷം ഇന്ത്യ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്നു. പില്‍ക്കാലത്ത് പലപ്പോഴും അതേ ചോദ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. നീതിയുടെ പോരാളിയായ വലിയൊരു മാധ്യമ പ്രതിഭ മാത്രമായിരുന്നില്ല കുല്‍ദീപ് നയാര്‍. യഥാര്‍ത്ഥ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. തന്റെ ജീവിതം തന്നെ മനുഷ്യത്വത്തിനായി സമര്‍പ്പിച്ച മഹാനായ മനുഷ്യ സ്‌നേഹി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.