Connect with us

തിരിഞ്ഞു കൊത്തുന്ന ദലിത് രോഷാഗ്നി

Published

on

 

രാജ്യത്ത് ഇരുപതു സംസ്ഥാനങ്ങളിലെ അധികാരം കരഗതമായെന്ന് വീമ്പടിച്ചു നടക്കുന്ന ബി.ജെ.പിക്കുമേല്‍ ഉത്തരം മുട്ടുന്ന ചോദ്യങ്ങളാണ് ജനകീയപ്രക്ഷോഭാഗ്നിയുടെ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനാദത്തവും നിയമപരവുമായ അവകാശ സംസ്ഥാപനത്തിനുവേണ്ടി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതുകളുടെ വന്‍പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിനിഞ്ഞാന്നും ഇന്നലെയുമായി ഒരു ഡസന്‍ പേര്‍ പൊലീസിന്റെ തോക്കിനും മര്‍ദനത്തിനും ഇരയായി നടുറോഡില്‍ മരിച്ചുവീണിരിക്കുന്നു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി തുടരുന്ന ദലിത്പ്രക്ഷോഭം അതിരുവിടുന്ന കാഴ്ചയാണ് കാണാനാകുന്നത്. സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭത്തെ സമാനമായി നേരിടുന്നതിനുപകരം പൊലീസിനെ വിട്ട് സമരക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു.
മാര്‍ച്ച് ഇരുപതിന് സുപ്രീംകോടതിയുടേതായി പുറത്തുവന്ന ഇടക്കാല വിധിയാണ് പ്രശ്‌നങ്ങളുടെയെല്ലാം ഹേതു. രാജ്യത്ത് പട്ടിക വിഭാഗ പീഡനക്കേസുകള്‍ പലതും വ്യക്തിവിരോധം തീര്‍ക്കുന്നതിന് ദുരുപയോഗിക്കുന്നുവെന്നാണ് കോടതിവിധിക്കടിസ്ഥാനം. 1989ലെ പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധനനിയമത്തിലെ ചില വ്യവസ്ഥകള്‍ ഈ കേസില്‍പെടുന്ന പ്രതികളുടെ മൗലികാവകാശത്തെ ഹനിക്കുന്നുവെന്ന് കാട്ടി ഉന്നത നീതിപീഠം അതിലെ ചില വ്യവസ്ഥകള്‍ മയപ്പെടുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരായ അഭിഭാഷകര്‍ ഹാജരായി കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയില്ലെന്ന് മാത്രമല്ല, വിധി വന്നപ്പോള്‍ മുതല്‍ കമാന്നിരിക്കുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട മോദി ഭരണകൂടം. വ്യക്തമായ തെളിവില്ലാത്തതും പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്തതുമായ പട്ടിക വിഭാഗ പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം. പ്രതികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ നിയമന അതോറിറ്റിയുടെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ലാ പൊലീസ് അധികാരിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ. കസ്റ്റഡിയില്‍ വെക്കുന്നതിനുമുമ്പ് മജിസ്‌ട്രേറ്റിന്റെ രേഖകള്‍ പരിശോധിക്കണം എന്നിവയാണ് വിധിയിലെ നിര്‍ദേശങ്ങള്‍. കേസ് പരിഗണനക്ക് വന്നപ്പോള്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചത് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാമെന്ന നിലപാടായിരുന്നു.
2016ല്‍ രാജ്യത്ത് രജിസ്റ്റര്‍ചെയ്ത പട്ടികജാതി-വര്‍ഗപീഡനക്കേസുകളില്‍ 83 ശതമാനവും ഇന്നും ഇഴയുകയാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞകൊല്ലം മാത്രം പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനക്കേസുകള്‍ പത്തു ശതമാനവും പട്ടിക വിഭാഗക്കാര്‍ക്കെതിരെ ആറു ശതമാനവും വര്‍ധിച്ചു. ഏഴു വര്‍ഷത്തിനിടെ തീര്‍പ്പാകാത്ത ഇത്തരം കേസുകളുടെ എണ്ണം 90 ശതമാനമാണ്. നിയമത്തിലെ പോരായ്മ തിരിച്ചറിഞ്ഞ് 2015ല്‍ ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പാസാക്കിയ നിയമത്തിലെ ഭേദഗതിയുടെ സത്തയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ തന്നെ സ്വീകരിച്ചത്. സ്വാഭാവികമായും കോടതിക്ക് അതനുസരിക്കുകയല്ലാതെ വഴിയില്ലായിരുന്നു. വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷം രാഷ്ട്രപതിയെ നേരില്‍കണ്ട് പുതിയ നിയമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കുകയും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ ഭേദഗതി പാസാക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രാജ്യത്തെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകള്‍ക്കിടയില്‍ വിഷയം വലിയ ജീവല്‍പ്രശ്‌നമായി ഉയര്‍ന്നുവരികയുമായിരുന്നു. ഗുജറാത്തിലെ ജിഗ്നേഷ്‌മേവാനിയെപോലുള്ള ദലിത് നേതാക്കളും സംഘടനകളും തിങ്കളാഴ്ച ഭാരത്ബന്ദിന് ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് സമരവും പ്രകടനവും എരിതീയില്‍ എണ്ണയൊഴിച്ച മട്ടായി. ചില സാമൂഹിക വിരുദ്ധര്‍ തീവെപ്പും വഴിമുടക്കലും കല്ലേറുമായി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തെതന്നെ പശ്ചിമബംഗാളിലും ബീഹാറിലും മറ്റും മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ സംഘ്പരിവാരം തുടങ്ങിവെച്ചിരുന്നു. ബീഹാറില്‍ കേന്ദ്രമന്ത്രിയുടെ പുത്രനെയാണ് കലാപം ആസൂത്രണം ചെയ്തതിന് ജനതാദള്‍ (യു) സര്‍ക്കാരിന് അറസ്റ്റ്‌ചെയ്യേണ്ടിവന്നത്. ദലിതുകള്‍ക്കെതിരായ അക്രമവും കൂടിയായതോടെ ഇത് സ്വാതന്ത്ര്യത്തിന് ശേഷവും ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷവും കാണാത്ത രീതിയിലുള്ള കലാപത്തിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന തോന്നലുളവാക്കി. അതിനിടെ തിങ്കളാഴ്ച ദലിത ്പ്രക്ഷോഭം പരിധിവിട്ടപ്പോള്‍ നേരത്തെയുള്ള നിലപാടില്‍ അയവുവരുത്തി കോടതിവിധിക്കെതിരെ പുതിയ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും ഇന്നലെ ഇത് പരിഗണിച്ച കോടതി വിധി സ്‌റ്റേ ചെയ്യുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങള്‍ നിയമത്തിനെതിരല്ലെന്നും സമരം സ്ഥാപിത താല്‍പര്യക്കാരുടേതാണെന്നും പറയാന്‍ കോടതി തയ്യാറായി. വിഷയത്തിലെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമാണിത്. വിധി വന്ന് രണ്ടാഴ്ചയോളം അനങ്ങാതിരുന്നശേഷം കേന്ദ്രം കൊണ്ടുവന്ന അപ്പീലില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതി ഇതംഗീകരിക്കാത്ത നിലക്ക് ഇനി നിയമഭേദഗതിയേ മാര്‍ഗമുള്ളൂ. കക്ഷിഭേദം മറന്ന് എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് എല്ലാവരും ചേര്‍ന്ന് ശ്രമിക്കേണ്ടത്.
സത്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുനടക്കുന്നവരുടെ മനസ്സിലിരിപ്പ് ദലിത്-മുസ്‌ലിം വിരുദ്ധതയാണെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. അയ്യായിരം കൊല്ലത്തെ അസാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ജാതീയതയെയും പശു സംരക്ഷണത്തെക്കുറിച്ചും പറയുന്നവര്‍ ഇന്ത്യയുടെ മണ്ണിനുടമകളായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ സ്വത്വത്തെതന്നെയാണ് ചോദ്യം ചെയ്യുന്നത്. ജാതിയും അയിത്തവും ജന്മസിദ്ധമാണെന്ന് ഇന്നും ഓതിപ്പഠിപ്പിക്കുന്നു. മോദിയുടെ സ്വന്തം ഗുജറാത്തില്‍ കുതിരപ്പുറത്തേറിയെന്നതിന് കഴിഞ്ഞ ദിവസമാണ് ഇരുപത്തൊന്നുകാരനെ അടിച്ചുകൊന്നത്. പ്രേമിച്ച് വിവാഹം കഴിച്ചതിന് കൊല്ലപ്പെടുന്ന ദലിത് യുവാക്കള്‍ നിരവധി. ഉനയില്‍ കുലത്തൊഴില്‍ ചെയ്തതിന് യുവാക്കളെ പൊതിരെ തല്ലിയതും ഇതേ ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ തന്നെ. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളും മറ്റാരുമല്ല. ദലിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സര്‍ക്കാര്‍ സര്‍വീസിലെ തൊഴില്‍ സംവരണവും മറ്റ് ആനുകൂല്യങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്ന് ഉറക്കത്തിലും നൂറ്റൊന്നാവര്‍ത്തിക്കുന്നവരാണ് സംഘ്പരിവാരവും അതിന്റെ മാതൃരൂപമായ ആര്‍.എസ്.എസ്സും. അപ്പോള്‍ ഇവര്‍ ഒഴുക്കുന്ന കണ്ണീരിന് മുതലക്കണ്ണീരിന്റെ വിലയേ ഉള്ളൂവെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ! സഹസ്രാബ്ദങ്ങളുടെ പീഡനഭാരം ഒന്നിറക്കിവെക്കാന്‍ വിവരസാങ്കേതികയുടെ ഇക്കാലത്തെങ്കിലും കഴിയുമെന്ന്് ഭരണഘടനാശില്‍പിയും ദലിതുകളുടെ കാണപ്പെട്ട ദൈവവുമായ ഡോ. ഭീമറാവു അംബേദ്കറുടെ സമുദായം തിരിച്ചറിയാന്‍ തുടങ്ങിയതെന്നതിന്റെ തെളിവാണ് വിവിധ ഭീംസേനാ പ്രസ്ഥാനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പും ഇപ്പോഴത്തെ പ്രക്ഷോഭവും രക്തസാക്ഷിത്വങ്ങളുമെല്ലാം. കാലത്തിന്റെ വിളി കേള്‍ക്കാന്‍ കഴിയാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.