Connect with us

Video Stories

അരുത്, വിശന്നിട്ടാണ് !

Published

on

 

യഥേഷ്ടം ഭക്ഷണം, വസ്ത്രങ്ങള്‍, മണിമാളികകള്‍, യാത്രാസൗകര്യങ്ങള്‍ ഒക്കെകൊണ്ട് മധ്യവര്‍ഗ കേരളീയ സമൂഹം ജീവിത സൗഭാഗ്യങ്ങളുടെ ആനന്ദ ലഹരിയിലായിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായി. ഇതേസമയംതന്നെ സമൂഹത്തിലെ രോഗികളും പട്ടിക ജാതി വര്‍ഗക്കാരുമടക്കമുള്ള നൂറുകണക്കിന് അശരണര്‍ ഒരിറ്റുവറ്റിനായി കേഴുന്ന വൈരുധ്യം നിറഞ്ഞ അനുഭവ പാഠങ്ങള്‍ ദിനേനയെന്നോണം നമുക്കുമുന്നില്‍. അവരുടെ നേര്‍ക്ക് പൊതുസമൂഹവും ഭരണകൂടവും എന്തു നിലപാടെടുക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയില്‍ വ്യാഴാഴ്ച മാനസിക രോഗിയായ യുവാവിനെ തല്ലിക്കൊന്ന അത്യന്തം ദാരുണമായ സംഭവം. ഒറ്റപ്പെട്ടതെങ്കിലും ഇതിലൂടെ പുരോഗമന കേരളത്തിന്റെ തിരുനെറ്റിയില്‍ അടിച്ചേല്‍പിക്കപ്പെട്ട അപമാനത്തിന്റെ കറ പെട്ടെന്നൊന്നും മായുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ ശതകോടികള്‍ വിഴുങ്ങി മുങ്ങുന്ന മോദി മാര്‍ക്കിടയില്‍ പട്ടിണികൊണ്ട് നരക ജീവിതം നയിക്കുന്ന ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ ഭരണത്തിന്‍കീഴിലാണ് ഗിരിവര്‍ഗ യുവാവിന്റെ ഈ ദാരുണാന്ത്യം.
നാലു മണിയോടെ നാട്ടുകാര്‍ പിടികൂടിയ അട്ടപ്പാടി കടുകുമണ്ണ ഊരിലെ പരേതനായ മല്ലന്റെ മകന്‍ ഇരുപത്തേഴുകാരനായ മധു ആണ് പൊലീസ് വാഹനത്തില്‍വെച്ച് വൈകീട്ട് ഏഴു മണിയോടെ മരിച്ചത്. മല്ലീശ്വരന്‍ മലക്കുതാഴെ ചെമ്മണ്ണൂരില്‍ ഇയാളെകണ്ട നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് ഉടുമുണ്ട് ഉരിഞ്ഞ് കൈകള്‍കൂട്ടിക്കെട്ടി രണ്ടു മണിക്കൂറോളം പൊതിരെ മര്‍ദിക്കുകയായിരുന്നു. പതിവുപോലെ ചിലര്‍ വീരസ്യം കാട്ടാന്‍ സംഭവം സെല്‍ഫി ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. അവശനിലയില്‍ മുക്കാലികവലയില്‍ എത്തിച്ച ശേഷം പൊലീസിന് കൈമാറിയ യുവാവ് വാഹനത്തില്‍വെച്ച് ഛര്‍ദിച്ചെന്നും വൈകാതെ മരിച്ചെന്നുമാണ് അഗളി പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ മരണകാരണം അറിയുകയുള്ളൂവെങ്കിലും മര്‍ദനം തന്നെയാണ് കാരണമെന്നാണ് സംഭവഗതികള്‍ വെച്ച് അനുമാനിക്കേണ്ടത്. മുമ്പ് നിര്‍മാണ ജോലിക്ക് പോയിരുന്ന യുവാവിന് സഹപ്രവര്‍ത്തകന്റെ കയ്യില്‍നിന്ന് തലക്കടിയേറ്റതിനാലാണ് മാനസികാസ്വാസ്ഥ്യം തുടങ്ങിയതെന്ന് പറയുന്നു.
അട്ടപ്പാടി പോലെ ആദിവാസി വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പ്രദേശത്ത് പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന സംഭവം പതിവാണ്. പല കുടുംബങ്ങളും നിത്യജീവിതം തള്ളിനീക്കുന്നത് സര്‍ക്കാര്‍ വെച്ചുനീട്ടുന്ന റേഷന്‍ധാന്യം കൊണ്ടാണ്. ഇതിനിടെയാണ് ആരാരും സംരക്ഷിക്കാനില്ലാത്തതുമൂലം മധുവിനെ പോലുള്ളൊരു യുവാവിന് ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നത്. പണിക്കൊന്നും പോകാനാവാതിരുന്നതിനാല്‍ കാശില്ലാത്തതിനാലാണ് യുവാവ് കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളുമായി അന്യരുടെ അടുക്കല്‍ വിശപ്പടക്കാനായി എത്തിയിരിക്കുക. പ്രതിരോധിക്കാന്‍ ആരോഗ്യവും ആളുമില്ലാത്ത സന്ദര്‍ഭത്തില്‍ യുവാവിനെ അയാളുടെ തന്നെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരിക്കില്ല അവര്‍ ഈ നീചകൃത്യം ചെയ്തത്. മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത് അല്‍പം അരിയും മല്ലിപ്പൊടിയുമായിരുന്നുവത്രെ! എത്രനാളുകള്‍ വിശന്നുവലഞ്ഞ് ആ പാവം നാടുതെണ്ടിക്കാണണം. ക്ഷേമ പദ്ധതികളുടെ കുത്തൊഴുക്കില്‍ ഇയാളെ അധികൃതരും കണ്ടില്ലെന്ന് നടിച്ചു. ഉണക്കയിലയില്‍ അരിയിട്ടാണ് അവന്‍ വേവിച്ചുതിന്നതത്രെ. അയാള്‍ക്കുവേണ്ട ഭക്ഷണം ആര്‍ക്കും നല്‍കാനായില്ലെന്ന് മാത്രമല്ല, വിശന്നപ്പോള്‍ മോഷ്ടിച്ച അരിയും മല്ലിയും തന്റെ തന്നെ ജീവന്‍ കവരുന്ന വസ്തുക്കളായി മാറുമെന്ന് അവന്‍ നിനച്ചിരിക്കില്ല. പതിവു മോഷ്ടാവായ ഇയാള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിന്മേല്‍ പൊലീസ് പതിവു ശൈലിയില്‍ അനങ്ങാതിരുന്നു. സാമൂഹിക നീതിവകുപ്പിനും അനക്കമുണ്ടായില്ല. നാട്ടുകാര്‍ യുവാവിന്റെ ബാധ്യത നിറവേറ്റിയില്ലെന്ന് മാത്രമല്ല, ഒരുനിരാലംബമായ മനുഷ്യജീവനെ അതിക്രൂരമായി കുരുതികൊടുക്കുകയും ചെയ്തു. നാട്ടുകാരില്‍ പലരും കക്ഷിഭേദമെന്യേ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇതിനെ കാടത്തമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത്. കാട്ടിലെ ഒരുമൃഗവും ഭക്ഷിക്കാനല്ലാതെ ഒരുജീവനെയും കൊല്ലാറില്ല.
ആദിവാസികളുടെ അവസ്ഥ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതിദയനീയമാണ് നമ്മുടെ രാജ്യത്ത്. പ്രധാനമന്ത്രി തന്നെ സോമാലിയ എന്നു വിശേഷിപ്പിച്ച അട്ടപ്പാടിയിലടക്കമുള്ള സംസ്ഥാനത്തെ നാലേമുക്കാല്‍ ലക്ഷത്തോളം ആദിവാസികളില്‍ പകുതിയിലധികം ഇന്നും ഭൂ രഹിതരാണ്. 1975ല്‍ പാസാക്കിയ ആദിവാസിഭൂ നിയമം ഇന്നും പൂര്‍ണമായി നടപ്പായിട്ടില്ല. പല കുടുംബങ്ങളും മദ്യാസക്തിയുടെ പിടിയിലാണ്. ഉള്ള ജന സംഖ്യതന്നെ അനുദിനം നാമാവശേഷമാക്കപ്പെടുമെന്ന അവസ്ഥ. വന്യജീവികളുടെയും ഇതൊക്കെ മുതലെടുക്കാനെത്തുന്ന സായുധ സംഘങ്ങളുടെയും ഭീഷണിയും വേറെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടി പാക്കേജ് എന്ന പേരില്‍ മുന്നൂറ് കോടിയോളം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും പലതും നടപ്പാക്കുകയും ചെയ്തു. അന്ന് നിരാഹാര സമരമിരുന്ന നേതാക്കള്‍ ഭരിക്കുന്ന കാലത്താണ് ആദിവാസി യുവാവിന്റെ ദാരുണമരണം.
നമ്മുടെ സമൂഹത്തില്‍ അടുത്തിടെയായി കണ്ടുവരുന്ന അനാരോഗ്യകരമായ ചില പ്രവണതകളെ മുഖവിലക്കെടുക്കാതെ സമാന സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാകും. ഭീതിയും അപഖ്യാതിയും പരത്തി ആളുകളെ പട്ടാപ്പകല്‍ കൂട്ടമായി ആക്രമിക്കുന്നതും സദാചാര പൊലീസ് ചമയുന്നതും ചിലരുടെ സ്ഥിരം പെരുമാറ്റ രീതിയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് മുദ്രകുത്തി ഇതര സംസ്ഥാനത്തൊഴിലാളികളെ മര്‍ദിച്ച സംഭവം സംസ്ഥാനത്ത് അടുത്തിടെ പലയിടത്തുമുണ്ടായി. വിശപ്പാണ് ഏറ്റവും വലിയ മനുഷ്യവികാരം. പഞ്ഞ കാലത്ത് സഹോദരിയുടെ മക്കളുടെ വിശപ്പടക്കാന്‍ റൊട്ടി മോഷ്ടിച്ച പത്തൊമ്പതുകാരനെ ജയിലിലടച്ചതിനെക്കുറിച്ചെഴുതിയ വിക്ടര്‍ യൂഗോയെയും ‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ’ എന്നു പാടിയ കടമ്മനിട്ടയെയും നമുക്ക് മറക്കാതിരിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.