Connect with us

Culture

രാജ്യദ്രോഹ കുറ്റത്തിന്റെ മാനദണ്ഡം

Published

on

സുഫ്് യാന്‍ അബ്ദുസ്സലാം

ഭീമ-കൊരെഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാവോയിസ്റ്റ് ബന്ധവും തീവ്രവാദ പ്രോത്സാഹനവും ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും അറസ്റ്റ് ചെയ്തതും അവരുടെ വീടുകള്‍ റെയ്ഡ് ചെയ്തതും കോടതികളുടെയും നിയമവിശാരദന്മാരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജനാധിപത്യമെന്ന പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വാണ് വിമര്‍ശനമെന്നും വിമര്‍ശനം ഇല്ലാതാകുമ്പോള്‍ ആ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നുമാണ് പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ ജയിലിലടക്കരുതെന്ന ശക്തമായ നിര്‍ദ്ദേശം പൊലീസിന് നല്‍കുകയും കേസ് പരിഗണിക്കുന്നതുവരെ വീട്ടുതടങ്കലില്‍ വെക്കാമെന്നുമാണ് കോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന് കോടതിയില്‍ പൊലീസ് പറഞ്ഞുനോക്കിയെങ്കിലും കോടതി അതിനു പുല്ലുവില നല്‍കിയില്ല.

സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ട് ഒരാളെ രാജ്യദ്രോഹിയായി മുദ്ര കുത്താന്‍ ഇന്ത്യയില്‍ നിലവിലുള്ള രാജ്യവിരുദ്ധ നിയമം (124 എ) അനുവദിക്കുന്നില്ലെന്ന് ദേശീയ നിയമ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാനും അഭിപ്രായപ്പെട്ടത് പൊലീസ് നടപടിക്കേറ്റ തിരിച്ചടിയാണ്. സര്‍ക്കാര്‍ പറയുന്ന പല്ലവികള്‍ ആവര്‍ത്തിച്ചു പാടുകയെന്നതല്ല രാജ്യസ്‌നേഹത്തിന്റെ ലക്ഷണമെന്നും ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് നിയമവിധേയമായ മാര്‍ഗങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നും നിയമ കമ്മീഷന്‍ പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കി ബ്രാഹ്മണ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ പൊരുതാന്‍ പട്ടികജാതി വര്‍ഗ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിലെ സായുധരായവരെ ഉപയോഗപ്പെടുത്താന്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് പദ്ധതിയുണ്ടെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പൂനെ കോടതിയില്‍ സമര്‍പ്പിച്ച രേഖയിലുള്ളത്. തമിഴ്നാട്ടിലും ഗുജറാത്തിലും ദലിത് സംഘങ്ങള്‍ വളര്‍ന്നുവരുന്നുവെന്നും കേരളം, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ മുസ്ലിം സംഘടനകള്‍ സായുധ പരിശീലനം നല്‍കുന്നുണ്ടെന്നുമൊക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല പവാറിന്റെ രേഖയിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നൊക്കെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തി യു.എ.പി.എ ചുമത്തി എക്കാലത്തേക്കും ഇവരെ ജയിലിലടക്കാന്‍ മാത്രം ഇവരോട് സര്‍ക്കാരിനും പൊലീസിനും ഇത്രമാത്രം വിരോധമുണ്ടായതിന്റെ പിന്നിലുള്ള ചില പ്രത്യയശാസ്ത്രപരമായ അസുഖങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നത് ശരിയല്ല. പൊലീസ് റെയ്ഡിന് വിധേയമായ പ്രമുഖ എഴുത്തുകാരനും ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ കെ. സത്യനാരായണയോട് റെയ്ഡിന് വന്ന പൊലീസുകാര്‍ ചോദിച്ച ചോദ്യങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. ദൈവങ്ങളുടെയും ദേവിയുടെയും ചിത്രങ്ങള്‍ക്ക് പകരം എന്തിനാണ് അംബേദ്കറുടെയും ജ്യോതിറാവു ഫുലെയുടെയും ചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിടുന്നതെന്നും കിട്ടുന്ന ശമ്പളംകൊണ്ട് ജീവിച്ചാല്‍ പോരേയെന്നും ബുദ്ധിജീവി ചമയണോ എന്നുമെല്ലാം പൊലീസ് ചോദിച്ചതായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പറഞ്ഞു. ജാതീയതക്കെതിരെയും അയിത്താചരണത്തിനെതിരെയും അതിശക്തമായി പോരാടിയ അംബേദ്കറിനെക്കുറിച്ചും ഫുലെയെക്കുറിച്ചുമെല്ലാം പൊലീസ് ഇങ്ങനെ സംസാരിക്കണമെങ്കില്‍ പ്രശ്‌നം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പിന്നാക്ക ജാതിക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നവരായതുകൊണ്ടും പട്ടികജാതി വര്‍ഗ സമൂഹത്തോട് അവര്‍ക്കുള്ള ആഭിമുഖ്യംകൊണ്ടും മാത്രമാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല.

ബ്രാഹ്മണര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുകയെന്നതാണ് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ള നയം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്തിലെ പ്രതാപ് സാഗര്‍ തടാകത്തില്‍ മത്സ്യബന്ധനം നടത്താനുള്ള അനുമതി സബര്‍ഗന്ധ ജില്ലാ ഭരണകൂടം നിഷേധിച്ചപ്പോള്‍ അതിനുള്ള കാരണം അവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തിയത് പ്രതാപസാഗറില്‍ മത്സ്യബന്ധനം നടത്തുന്നത്‌വഴി ബ്രാഹ്മണരുടെ വികാരം വ്രണപ്പെടും എന്നായിരുന്നു. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഒരു പൊതു സ്വഭാവമായി ഇത് മാറിയിരിക്കുന്നു. ഉന്നതര്‍ക്കും വരേണ്യവര്‍ഗങ്ങള്‍ക്കും പാദസേവ ചെയ്യുകയും പിന്നാക്കക്കാരെയും മതന്യൂനപക്ഷങ്ങളെയും ഇടിച്ചുതാഴ്ത്തുകയും ചെയ്യുകയെന്ന ശൈലിയാണ് ബി.ജെ.പി സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ നയത്തിന്റെ ഭാഗമായി മാത്രമേ ഇപ്പോള്‍ നടന്ന അറസ്റ്റിനെയും റെയ്ഡിനെയും കാണാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ ജനുവരിയില്‍ ഭീമ-കൊരെഗാവില്‍ ഉണ്ടായ സംഘര്‍ഷത്തിന് വഴിമരുന്നിട്ട് സഹായിച്ചുവെന്നതാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെയുള്ള കുറ്റപത്രം. പക്ഷേ സംഘ്പരിപാറുകാര്‍ ഒളിപ്പിച്ചുവെക്കുന്ന പരസ്യമായ ചില രഹസ്യങ്ങളുണ്ട്. കൊരെഗാവില്‍ ഡിസംബര്‍ 31ന് എല്‍ദാര്‍ പരിഷത്തിന്റെ പേരില്‍ നടന്ന പരിപാടിയുടെ പശ്ചാത്തലവും ആ പരിപാടി എങ്ങനെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നുമുള്ള കാര്യങ്ങളെ കുറിച്ച് പഠനം നടത്തുന്ന ഏതൊരാള്‍ക്കും ആ രഹസ്യം വളരെ പെട്ടെന്ന് മനസ്സിലാവും.

മഹാരാഷ്ട്രയില്‍ പൂനെക്കടുത്ത പ്രദേശമാണ് ഭീമ-കൊരെഗാവ്. 1818ല്‍ മറാഠ സാമ്രാജ്യത്തിന്റെ അവസാന ചക്രവര്‍ത്തി പേഷ്വ ബാജിറാവു രണ്ടാമന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നയിച്ച യുദ്ധത്തില്‍ ബാജിറാവു പരാജയപ്പെടുകയുണ്ടായി. അതിന്റെ അനുസ്മരണമെന്നോണമാണ് പട്ടികജാതി വര്‍ഗ സംഘടനകള്‍ പരിപാടി സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ വിജയിച്ച ഒരു യുദ്ധം എന്തുകൊണ്ട് അനുസ്മരിക്കപ്പെടുന്നുവെന്ന ചോദ്യം സ്വാഭാവികമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിന്റെ കൂടെയായിരുന്നു ആ പ്രദേശത്തെ പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പെട്ട മഹര്‍ സമുദായക്കാര്‍. അവരുടെ ഒരു പട്ടാള യൂണിറ്റ് ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാന്‍ ഉണ്ടായിരുന്നു. ബാജിറാവു രണ്ടാമന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയപ്പോള്‍ മഹര്‍ സമുദായക്കാര്‍ ബാജിറാവുവിനെതിരെ ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കിയതിന് അവര്‍ക്ക് ന്യായമായ കാരണങ്ങളുണ്ടായിരുന്നു.

സ്വന്തം നാട്ടുകാര്‍ക്ക് പിന്തുണ നല്‍കാതെ ബ്രിട്ടീഷുകാര്‍ക്ക് എന്തുകൊണ്ട് പട്ടികജാതി വര്‍ഗ വിഭാഗമായ മഹര്‍ സമുദായം പിന്തുണ നല്‍കിയെന്ന കാര്യം അറിയേണ്ടതുണ്ട്. 1674ല്‍ ഛത്രപതി ശിവജി പ്രാരംഭം കുറിച്ച മറാഠ സാമ്രാജ്യം നാമാവശേഷമായത് 1818ല്‍ പേഷ്വാ ബാജിറാവു രണ്ടാമന്‍ നയിച്ച ഈ യുദ്ധത്തോട് കൂടിയായിരുന്നു. മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിലും അതിന്റെ പട്ടാള സംവിധാനങ്ങളിലും വലിയ സംഭാവനകള്‍ നല്‍കിയവരായിരുന്നു മഹര്‍ സമുദായമടക്കമുള്ള ദലിത് സമൂഹം. 1761ല്‍ അഫ്ഗാനിലെ അഹ്മദ് ഷാക്കെതിരെ മറാഠകള്‍ നടത്തിയ മൂന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ പോലും മഹര്‍ സമുദായം മറാഠകളുടെ കൂടെയായിരുന്നു. എന്നാല്‍ ബാജിറാവു ഒന്നാമന് ശേഷം 1795ല്‍ ബാജിറാവു രണ്ടാമന്‍ ഭരണത്തിലേറിയതോടെ സ്ഥിതിഗതികള്‍ മാറി. മറാഠയിലെ ബ്രാഹ്മണ പ്രമാണിമാരുടെ പാവ മാത്രമായിരുന്ന ബാജിറാവു താഴ്ന്ന ജാതിക്കാരെ വളരെയധികം ദ്രോഹിച്ചു. സൈന്യത്തില്‍നിന്നും അവരെ പുറത്താക്കി. ഈ സമയത്ത് തന്നെയാണ് മറാഠകളും ബറോഡയിലെ ഗെയ്ക്ക്വാദുകളും തമ്മില്‍ റവന്യൂ വരുമാനങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്. ഗെയ്ക്ക്വാദുകള്‍ മഹര്‍ സമുദായമടക്കമുള്ള പട്ടിക ജാതിക്കാര്‍ ഉള്‍പ്പെടുന്ന വിഭാഗമാണ്. സുപ്രസിദ്ധ തമിഴ് നടന്‍ രജനികാന്തിന്റെ യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ് എന്നാണ്. അദ്ദേഹം ഗെയ്ക്ക്വാദ് വിഭാഗത്തില്‍പെട്ട ആളാണത്രെ. മറാഠ സാമ്രാജ്യത്തിലെ ഏറ്റവും ഉന്നത സ്ഥാനം ഛത്രപതിയാണ്. അതിന്റെ തൊട്ടുതാഴെയാണ് പേഷ്വ അഥവാ പ്രധാനമന്ത്രി എന്ന സ്ഥാനം. പക്ഷേ ഫലത്തില്‍ പേഷ്വകള്‍ ആയിരുന്നു അധികാര കേന്ദ്രം. പേഷ്വ ബാജിറാവുവും ഗെയ്ക്ക്വാദുകളും തമ്മിലുള്ള റവന്യൂ തര്‍ക്കത്തില്‍ ഗെയ്ക്ക്വാദുകള്‍ക്ക് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാര്‍ സ്വീകരിക്കുകയും പേഷ്വയോട് കരാറില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ ഒപ്പ്‌വെക്കാന്‍ നിരസിച്ചു. ഇതാണ് പേഷ്വാ ബാജിറാവുവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുണ്ടായ യുദ്ധത്തിന്റെ അടിസ്ഥാന കാരണം.

രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി അതിനു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തങ്ങളെ ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തിയ ബാജിറാവുവിനോടുള്ള ശക്തമായ വിരോധം കാരണം മഹറുകള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചു. തങ്ങളുടെ സഹോദരങ്ങളായ ഗെയ്ക്ക്വാദുകള്‍ക്ക് വേണ്ടിയാണല്ലോ ബ്രിട്ടീഷുകാര്‍ യുദ്ധം നയിച്ചത്. യുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ അവിടെ ഒരു വിജയ സ്തംഭം സ്ഥാപിച്ചു. കൊരെഗാവ് യുദ്ധത്തില്‍ ബാജിറാവുവിന്റെ കൂടെ 28000 പേരടങ്ങുന്ന മറാഠ സൈന്യം പോരാടിയിട്ടും മഹര്‍ സമുദായത്തിന്റെ അഞ്ഞൂറോളം വരുന്ന തുച്ഛമായ കാലാള്‍പ്പടക്ക് മുമ്പില്‍ പട്ടികജാതി വര്‍ഗവിരോധിയും ബ്രാഹ്മണരുടെ തോഴനുമായിരുന്ന ബാജിറാവുവിന് അടിയറവു പറയേണ്ടിവന്നു. ലജ്ജാകരമായ ഈ ഓര്‍മ്മകള്‍ സംഘ്പരിവാറിനെയും വരേണ്യവര്‍ഗത്തെയും 200 വര്‍ഷം കഴിഞ്ഞിട്ടും വേട്ടയാടുന്നുവെന്നതാണ് ഈ അനുസ്മരണ പരിപാടിയോടുള്ള സംഘ്പരിവാറിന്റെ വിരോധത്തിന് കാരണം.

ഇപ്പോള്‍ സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് വേണ്ടി പോരാടിയ മറാഠകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ ജയിച്ച യുദ്ധത്തിന്റെ അനുസ്മരണം നടത്തുന്നത് രാജ്യവിരുദ്ധമാണ് എന്നാണ്. സത്യത്തില്‍ പട്ടികജാതി വര്‍ഗ ക്കാര്‍ അയിത്തത്തിനെതിരെയും അടിച്ചമര്‍ത്തലിനെതിരെയുമാണ് ബാജിറാവുവിനോട് യുദ്ധത്തിലേര്‍പ്പെട്ടത് എന്ന കാര്യം സംഘ്പരിവാറുകാര്‍ മറച്ചുവെക്കുകയാണ്. 1927ല്‍ രാജ്യത്തിന്റെ ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും യുദ്ധത്തില്‍ പങ്കെടുത്ത മഹര്‍ സമുദായക്കാരെ അനുസ്മരിക്കുകയും ചെയ്തതോടെ ഈ സ്ഥലത്തിനും സംഭവത്തിനും പുതുജീവന്‍ വന്നു. മഹര്‍ സമുദായാംഗമായിരുന്നതിന്റെ പേരില്‍ അദ്ദേഹവും വളരെയധികം കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. 2005ല്‍ ആ പ്രദേശത്തുകാര്‍ ‘ഭീമ-കൊരെഗാവ് രണ്‍സ്തംഭ് സേവാ സംഘ്’ (ആഗഞടട) എന്ന പേരില്‍ സംഘടന രൂപീകരിക്കുകയുണ്ടായി. ഇന്ത്യാചരിത്രത്തിലെ തന്നെ തങ്ങളുടെ സമുദായം നടത്തിയ ധീരോദാത്തമായ പോരാട്ടത്തെ അനുസ്മരിക്കുന്നതിനും ആത്മാഭിമാനം കാത്തുസൂക്ഷിച്ചുകൊണ്ട് യുദ്ധം ചെയ്ത പട്ടികജാതി വര്‍ഗ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിശേഷിച്ചും ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പട്ടികജാതി വര്‍ഗ വിഭാഗങ്ങളില്‍പെട്ട ലക്ഷക്കണക്കിനാളുകളാണ് ജനുവരി ഒന്നിന് പ്രദേശം സന്ദര്‍ശിക്കാറുള്ളത്. സൈന്യങ്ങളില്‍നിന്നും വിരമിച്ച ധാരാളം പട്ടികജാതി വര്‍ഗ ഉദ്യോഗസ്ഥരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്താറുണ്ട്.

2018 ജനുവരി ഒന്നിന് സംഭവത്തിന്റെ ഇരുന്നൂറാം വാര്‍ഷികം വിപുലമായ രൂപത്തില്‍ തന്നെ ആഘോഷിക്കാന്‍ പട്ടികജാതി വര്‍ഗ സംഘടനകള്‍ മുന്നോട്ട് വന്നതാണ് തീവ്ര വലതുപക്ഷ ഹിന്ദുത്വ ബ്രാഹ്മണ സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കാനുള്ള കാരണം. പട്ടികജാതി വര്‍ഗ സമൂഹം ഇന്നും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സംഗമവേദിയില്‍ പ്രഭാഷകര്‍ അനുസ്മരിച്ചു. രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് ആധുനിക പേഷ്വകള്‍ ആണെന്ന പരാമര്‍ശമാണ് സംഘ്പരിവാറുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. പേഷ്വകള്‍ സ്ഥാപിക്കുകയും അവരുടെ അധികാര കേന്ദ്രമായി അവസാനംവരെ കൊണ്ട് നടന്നിരുന്ന പൂനയിലെ ശനിവാര്‍വഡ കോട്ടയില്‍ വെച്ചുതന്നെ ഈ പരിപാടി നടന്നതില്‍ സംഘ്പരിവാറുകാര്‍ കൂടുതല്‍ കുപിതരായി. അവര്‍ പരിപാടി അലങ്കോലമാക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു. രണ്ടു പട്ടികജാതി വര്‍ഗ പ്രവര്‍ത്തകര്‍ അവിടെ വെച്ച് കൊല്ലപ്പെട്ടു. പിറ്റേദിവസം മുതല്‍ സംസ്ഥാന വ്യാപകമായി ദലിതര്‍ ബന്ദ് സംഘടിപ്പിച്ചത് മഹാരാഷ്ട്ര സര്‍ക്കാരിനെയും ആര്‍.എസ്.എസിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ബന്ദിലും അക്രമത്തിലുമായി ഒരാള്‍കൂടി കൊല്ലപ്പെട്ടു. മനോഹര്‍ സംബാജി, മിലിന്‍ഡ് എക്ബോട്ട് എന്നീ തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ പൊലീസ് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉഴപ്പിയപ്പോള്‍ സുപ്രീംകോടതി ശക്തമായ വിമര്‍ശനം നടത്തി. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന പട്ടികജാതി വര്‍ഗ പെണ്‍കുട്ടി പൂജ സകത് കൊല്ലപ്പെടുകയുണ്ടായി. ഇതുകൊണ്ടൊന്നും സംഘ്പരിവാര്‍ അടങ്ങിയില്ല. പട്ടികജാതി വര്‍ഗക്കാരെയും മുസ്‌ലിംകളെയും മാത്രമല്ല അവര്‍ വേട്ടയാടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ജേര്‍ണലിസ്റ്റുകളും അഭിഭാഷകരുമെല്ലാം അവരുടെ ക്രൂരവിനോദങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ദേശീയ നിയമ കമ്മീഷനും സുപ്രീംകോടതിയും രാജ്യത്തെ നിരവധി മാധ്യമങ്ങളും നീതിയുടെയും സത്യത്തിന്റെയും പക്ഷത്തു നിന്നുകൊണ്ട് ‘സര്‍ക്കാര്‍-പൊലീസ്’ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ രംഗത്തുവരുന്നത് ശുഭോദര്‍ക്കമാണ്. രാജ്യം ഒരു ഫാസിസത്തിനും കീഴ്‌പ്പെടാന്‍ തയ്യാറല്ല എന്നതിന്റെ പ്രഖ്യാപനമായി അതിനെ നിരീക്ഷിക്കാം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.