Connect with us

Sports

ഇതാണ് അർജന്റീന ഫാൻസ് കാത്തിരുന്ന കളി

Published

on

കെ.പി മുഹമ്മദ് ഷാഫി

അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം പ്ലാനോടെയുമാണ് അർജന്റീന കളിച്ചത്. കൃത്യസമയങ്ങളിൽ ഗോൾ നേടാൻ കഴിഞ്ഞതും പ്രതിരോധത്തിലെ പ്ലാൻ പിഴവുകളില്ലാതെ നടപ്പാക്കിയതും വിജയത്തിൽ നിർണായകമായി. കടലാസിലെ മികവിൽ ബ്രസീലിനൊപ്പമില്ലെങ്കിലും സെമിഫൈനലിന് ബൂട്ടുകെട്ടും മുമ്പ് ആത്മവിശ്വാസം സംഭരിക്കാൻ കഴിഞ്ഞ രണ്ട് കോപകളിലെയും ഫൈനലിസ്റ്റുകൾക്ക് കഴിഞ്ഞു.

ഖത്തറിനെതിരായ നിർണായക ഗ്രൂപ്പ്ഘട്ട മത്സരത്തിനിറങ്ങിയ ടീമിൽ രണ്ട് സുപ്രധാന മാറ്റങ്ങളോടെയാണ് ലയണൽ സ്‌കലോനി ടീമിനെ ഇറക്കിയത്. മധ്യനിരയിൽ ജിയോവന്നി ലോസെൽസോക്കു പകരം മാർകോസ് അക്യൂന വന്നു. പ്രതിരോധത്തിൽ റെൻസോ സറാവിയയെ മാറ്റി ജർമൻ പെസല്ലയെ കൊണ്ടുവന്നു. കഴിഞ്ഞ മത്സരത്തിൽ ഫുൾബാക്ക് ആയി കളിച്ച് ചില പിഴവുകൾ വരുത്തിയ 21-കാരൻ ഹുവാൻ ഫോയ്തിനെ വലതു വിങ്ബാക്കിൽ അവതരിപ്പിച്ചു.

സെർജിയോ അഗ്വേറോ – ലോതാറോ മാർട്ടിനസ് ആക്രമണ ദ്വയത്തിനു പിന്നിലായി ഏറെക്കുറെ ഒരു പ്ലേമേക്കറുടെ റോളിലായിരുന്നു ലയണൽ മെസ്സി. പ്രതീക്ഷിച്ചതു പോലെ സൂപ്പർ താരത്തിന് തുടക്കം മുതൽക്കേ കനത്ത മാർക്കിങ് നേരിടേണ്ടിവന്നു. 5-ാം നമ്പർ താരം ജൂനിയർ മൊറേനോക്കായിരുന്നു മെസ്സിക്കും മറ്റു കളിക്കാർക്കുമിടയിലെ ബന്ധം മുറിക്കാനുള്ള ചുമതല. എങ്കിലും തുടക്കം മുതൽക്കേ ആക്രമണം നടത്താനും തുടർച്ചയായി കോർണറുകൾ സമ്പാദിക്കാനും അർജന്റീനക്കു കഴിഞ്ഞു.

പത്താം മിനുട്ടിൽ, നിമിഷങ്ങൾക്കിടെ നേടിയ രണ്ടാമത്തെ കോർണർ കിക്കാണ് ആദ്യഗോളിലേക്ക് വഴിതുറന്നത്. ഇടതുഭാഗത്തുനിന്ന് മെസ്സിയെടുത്ത കിക്ക് ബോക്‌സിൽ കൂട്ടമായി നിന്ന കളിക്കാർക്കൊന്നും പിടിനൽകാതെ വലതുഭാഗത്ത് അഗ്വേറോയുടെ വഴിയിലേക്ക് തൂങ്ങിയിറങ്ങി. സമയം പാഴാക്കാതെ മാഞ്ചസ്റ്റർ സിറ്റി താരം ഗോൾ ലക്ഷ്യമാക്കി ഷോട്ടുതിർക്കുകയും ചെയ്തു.ഗോളിന്റെ സഞ്ചാരഗതിയിലുണ്ടായിരുന്ന ലോതാറോ മാർട്ടിനസ് മനോഹരമായൊരു പിൻകാൽ ഫഌക്കിലൂടെ പന്ത് വലയിലേക്ക് വഴി തിരിച്ചുവിട്ടു.

ഗോൾ വഴങ്ങിയതോടെ വെനിസ്വേല പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്താൻ തുടങ്ങി. അർജന്റീനയാകട്ടെ കൂടുതൽ പരീക്ഷണങ്ങൾക്കു മുതിരാതെ ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുൾബാക്കുകളായ ഒറ്റമെൻഡിയുടെയും പെസല്ലയുടെയും പ്രകടനം ഈ ഘട്ടത്തിൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ബോക്‌സിൽ ആധിപത്യം സ്ഥാപിക്കാൻ എതിരാളികളെ അനുവദിക്കാതെ അവർ പന്ത് അടിച്ചകറ്റി. ക്രോസുകൾ വന്നപ്പോഴൊക്കെ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി പൊസിഷൻ പാലിച്ച് അപകടമൊഴിവാക്കുകയും ചെയ്തു. പന്ത് പിൻനിരയിൽ പാസ് ചെയ്ത് കളിക്കുന്നതിനു പകരം ഉയർത്തിയടിച്ച് എതിർ ഹാഫിലെത്തിക്കാനായിരുന്നു അർമാനിക്ക് കോച്ച് നൽകിയ നിർദേശം. ഡാർവിൻ മാക്കിസും റിങ്കൺ ഹെർണാണ്ടസും ഇടതുഭാഗത്തു കൂടി വെനസ്വേലയുടെ ആക്രമണം നയിച്ചെങ്കിലും ഫോയ്ത് ശക്തമായ ടാക്ലിങുകൾ നടത്തി വിഫലമാക്കി. ഒരു ഘട്ടത്തിൽ ബോക്‌സിനകത്തുവെച്ച് യുവതാരം പന്ത് എതിരാളിയിൽ നിന്ന് തട്ടിയെടുത്തത് മനോഹരമായ കാഴ്ചയായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ച പരദസിനും പിടിപ്പത് പണിയുണ്ടായിരുന്നു.

ആദ്യപകുതിയിൽ വെനിസ്വേല മധ്യനിര നിയന്ത്രിച്ചപ്പോൾ മെസ്സിയുടെയും അഗ്വേറോയുടെയും മറ്റും പ്രകടനങ്ങൾ ചില മിന്നായങ്ങളിലൊതുങ്ങി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചു. റോഡ്രിഗോ ഡിപോളിന്റെ മുന്നോട്ടുള്ള പാസ് പിടിച്ചെടുത്ത് മുന്നേറിയ ലോതാറോ തൊടുത്ത ഷോട്ട് ബാറിൽ തട്ടിമടങ്ങിയത് അവർക്ക് ക്ഷീണമായി. തൊട്ടുപിന്നാലെ മെസ്സിയും അഗ്വേറോയും ചേർന്നുനടത്തിയ നീക്കത്തിൽ നിന്ന് വെനസ്വേല രക്ഷപ്പെടുകയും ചെയ്തു.

56-ാം മിനുട്ടിൽ യുവതാരം യെഫേഴ്‌സൺ സോറ്റൽഡോ കളത്തിലെത്തിയത് വെനിസ്വേലക്ക് കരുത്തും അർജന്റീനക്ക് ആശങ്കയും പകർന്നു. ബോക്‌സിനു ചുറ്റും പന്തുമായി റോന്തുചുറ്റിയ 21-കാരനെ നിയന്ത്രിച്ചുനിർത്താൻ അർജന്റീന പ്രതിരോധം പാടുപെട്ടു. വെനിസ്വേല സമനില ഗോളിനായി ആഞ്ഞുപൊരുതുന്നതിനിടെയാണ് അർജന്റീന ലീഡ് വർധിപ്പിച്ച ഗോൾ നേടിയത്. എതിർതാരത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിലേക്ക് കുതിച്ച ഡിപോൾ കുറ്റമറ്റൊരു പാസ് മധ്യത്തിലേക്കു നൽകി. പാസ് പിടിച്ചെടുത്ത അഗ്വേറോ വെട്ടിത്തിരിഞ്ഞ് ഷോട്ട് തൊടുത്തപ്പോൾ പന്ത് കൈപ്പിടിയിലൊതുക്കാൻ കീപ്പർ ഫാരിനസിനായില്ല. പന്ത് തുളുമ്പി വീണതും മുന്നോട്ട് ഓടിക്കയറിയ ലോ സെൽസോ ആളൊഴിഞ്ഞ വലയിൽ അനായാസം ഗോൾ നിക്ഷേപിച്ചു. ആറു മിനുട്ടു മാത്രം മുമ്പ് അക്യൂനക്ക് പകരക്കാരനായാണ് ലോ സെൽസോ ഇറങ്ങിയത്.

64-ാം മിനുട്ടിൽ ലോതാറോ മാർട്ടിനസിനു പകരം വന്ന എയ്ഞ്ചൽ ഡിമരിയ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മെസ്സിക്കും അഗ്വേറോക്കുമൊപ്പം ഭീഷണിയുയർത്തുന്ന വലിയ നീക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടു. അതേസമയം, 85-ാം മിനുട്ടിൽ അഗ്വേറോക്കു പകരം വന്ന പൗളോ ഡിബാല കിട്ടിയ അവസരത്തിൽ കാണികളെ കയ്യിലെടുത്തു.

പ്രതിരോധത്തിൽ അർജന്റീന പാലിച്ച അച്ചടക്കമാണ് ഈ വിജയത്തിലെ സുപ്രധാന രഹസ്യം. മുന്നേറ്റനിരയിൽ മെസ്സി കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കിൽ കൂടുതൽ ഗോൾ പിറന്നേനെ. കരുത്തരായ ബ്രസീലിനെ നേരിടുമ്പോൾ മധ്യനിരയിലെ കളിയായിരിക്കും നിർണായകമാവുക. വിങ് ബാക്കുകൾ കയറിക്കളിച്ചാൽ ഡിഫൻസ് പൊളിയുമെന്നതിനാൽ വെനിസ്വേലക്കെതിരെ പുലർത്തിയ അതേ ശൈലി തന്നെയാവും സ്‌കലോനി അവലംബിക്കുക. അതേസമയം, ഗോൾ കണ്ടെത്താൻ മെസ്സിയുടെയും അഗ്വേറോയുടെയും വ്യക്തിഗത മികവിനെയും നന്നായി ആശ്രയിക്കേണ്ടി വരും. ഡിബാലക്ക് കുറച്ചധികം സമയം അനുവദിച്ചാൽ ടിറ്റേയുടെ ടീമിനെതിരെ ശക്തമായൊരു മത്സരം കാഴ്ചവെക്കാൻ അർജന്റീനക്കു കഴിയും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.