Connect with us

Video Stories

സെക്രട്ടറിയേറ്റിലെ പുകമറ നീങ്ങണം

Published

on

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായതോ ഉണ്ടാക്കിയതോ ആയ അഗ്നിബാധ വലിയ തോതിലുള്ള സംശയങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്ന സ്ഥലത്ത് അന്വേഷണം തുടരുന്നതിനിടെതന്നെ തീപിടിത്തമുണ്ടായത് ജനങ്ങളുടെ ഇടയില്‍ വലിയ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയതില്‍ അത്ഭുതത്തിന് അവകാശമില്ല. സര്‍ക്കാര്‍ എങ്ങനെ ന്യായീകരിക്കാന്‍ പരിശ്രമിച്ചാലും ചുമ്മാ തീരുന്നതല്ല മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഓഫീസില്‍ നടന്ന ഈ തീപിടിത്തത്തിലെ ദുരൂഹത. ഷോര്‍ട്ട്‌സര്‍ക്യൂട്ട് മുഖേനയാണ് അഗ്നിപടര്‍ന്നതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സംഘം പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെങ്കിലും തുടര്‍ച്ചയായ, പഴുതുകളച്ച അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥപുറത്തുവരൂ. കാരണം സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കു വഹിച്ച മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ബന്ധമുള്ള പ്രോട്ടോകോള്‍ ഓഫീസറുടെ ഫയലുകളാണ് അഗ്നിക്കിരയായതായി വ്യക്തമായിരിക്കുന്നത്. കേസില്‍ സസ്‌പെന്‍ഷനിലായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്‌നസുരേഷുമായി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യംചെയ്തുവരികയാണ്. ഇതിനിടെതന്നെ അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനപ്പെട്ട ഫയലുകള്‍ കത്തിനശിച്ചുവെന്ന് വരുന്നത് സംശയത്തിന് ഇടയാക്കാവുന്നതേയുള്ളൂ.

ഒരു ജീവനക്കാരന് കോവിഡ് ബാധയേറ്റതിനാല്‍ 24, 25 തീയതികളില്‍ പ്രോട്ടോകോള്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ അണുനാശിനി തളിച്ചതായി പറയുന്നുണ്ട്. ഫാനിന്റെ ഓണ്‍ ചെയ്തുവെച്ച സ്വിച്ചിലും അണുനാശിനി തളിച്ചെന്നും അതിലൂടെയാണ് വൈദ്യുതി പ്രവാഹം ഉണ്ടായി തീപിടിത്തത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ വളരെയധികം സംശയം നിറഞ്ഞുനില്‍ക്കുകയും ജനങ്ങളുടെ ഉദ്വേഗത്തിന് പാത്രവുമായ ഒരു ഓഫീസിലെ ഫയലുകളാണ് അഗ്നിക്കിരയായത് എന്നതിനെ ചെറുതായി കാണാനാവില്ല. കള്ളക്കടത്തുകേസില്‍ പലതും ഒളിക്കാനിരിക്കുന്നവര്‍ക്ക് ഈ ഫയലുകളും അപ്രത്യക്ഷമാകേണ്ടത് ആവശ്യമുണ്ടായിരിക്കാം. അതായിരിക്കും തീ കത്തിച്ചവരുടെ മനസ്സിലെ ഗൂഢോദ്ദേശ്യം. ഇതില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. സംസ്ഥാന സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെകൊണ്ട് ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ അതുകൊണ്ടുതന്നെ ന്യായമായും ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍.ഐ.എ സംഘം കടന്നുവന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യത്തേതാണ്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രതികള്‍ ഈ ഓഫീസില്‍ വന്നിരുന്നോ, എത്ര തവണ വന്നു തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു അത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ ഇടിമിന്നലില്‍ നശിച്ചുവെന്ന് പറഞ്ഞവരാണ് ഈ സര്‍ക്കാരിലുള്ളത്. തിരുവനന്തപുരത്ത് എവിടെയും ഇടിയോ മിന്നലോ ഉണ്ടാകാതിരിക്കെയായിരുന്നു ഈ മുട്ടന്‍ ന്യായീകരണം. ഇത് വിവാദമായതോടെ ദൃശ്യങ്ങള്‍ ഉണ്ടെന്നും ഹാജരാക്കാമെന്നും സര്‍ക്കാര്‍ തിരുത്തി. ഇതും തീപിടിത്തവും കണക്കിലെടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് പലതും ഒളിച്ചുവെക്കാനുണ്ടെന്നുതന്നെ കരുതുന്നവരെ കുറ്റം പറയാനാകില്ല.തീപിടിത്തത്തിന്റെ വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ചീഫ് സെക്രട്ടറിയും പൊതുഭരണവകുപ്പിലെ അഡീ. സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് അത്യപൂര്‍വതയായി. ഇന്നുവരെയും ഒരു ചീഫ്‌സെക്രട്ടറിയും ചെയ്യാത്ത പണിയാണ് എം.എല്‍.എമാരെയുള്‍പ്പെടെ തടഞ്ഞതുവഴി വിശ്വാസ്‌മേത്ത നിര്‍വഹിച്ചത്. ആര്‍ക്കുവേണ്ടിയാണിതെന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും വി.ടി ബലറാം, കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള നിയമസഭാസാമാജികരും വിവരമന്വേഷിക്കാന്‍ എത്തിയെങ്കിലും അവരെ തടയാന്‍ മാത്രം എന്തധികാരമാണ് ചീഫ് സെക്രട്ടറിക്കുള്ളത്? മാധ്യമ പ്രവര്‍ത്തകരെയും സെക്രട്ടറിയേറ്റ് വളപ്പിനകത്തേക്ക് അടുപ്പിക്കാതെ പുറത്താക്കി. ഇതോടെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ക്കായില്ല. പുറത്തേക്കുവന്ന പുകയാണ് പിന്നീട് അവര്‍ക്ക് ക്യാമറയിലാക്കാനായത്. ഇതിനുമാത്രം എന്താണ് സര്‍ക്കാരിന് ഒളിക്കാനുള്ളത്? സംഭവസമയം മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മന്ത്രി ഇ.പി ജയരാജന്‍ സ്ഥലത്തുണ്ടായിരുന്നുവെന്നതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

മുമ്പ് മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് തഹസില്‍ദാര്‍ ഓഫീസില്‍ തീപിടിത്തമുണ്ടായതും പ്രധാനപ്പെട്ട പല ഫയലുകള്‍ കത്തിനശിച്ചതെന്നതും മറക്കരുത്. പ്രോട്ടോകോള്‍ ഓഫീസില്‍ ഫയലുകള്‍ മിക്കതും ഇ-ഫയലിങിലാക്കിയെന്നും കമ്പ്യൂട്ടറുകളില്‍ അവ സുരക്ഷിതമാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നത്. തീപിടിത്തത്തെക്കുറിച്ച് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുമ്പോള്‍ ഈ ന്യായീകരണം അന്വേഷണം എങ്ങനെയായിരിക്കണമെന്ന മുന്നറിയിപ്പാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിര്‍ണായക ഫയലുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ട് ഇനിയും അവ കൈമാറിയിട്ടില്ല. റെഡ്‌ക്രെസന്റും സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെക്രട്ടറിയേറ്റ്‌പോലെ അതിപ്രധാനമായ ഓഫീസുകള്‍ക്ക് കാവലാളാകേണ്ട സുരക്ഷാ-അഗ്നിശമനസേനാജീവനക്കാര്‍ സംഭവസമയം എവിടെയായിരുന്നുവെന്ന് അറിയാനും പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കുകതന്നെ വേണം. നിലവിലെ എന്‍.ഐ.എ അന്വേഷണത്തില്‍ തീപിടിത്തവും ഉള്‍പെടുത്തണം. ഗവര്‍ണറും സന്ദര്‍ഭത്തിനൊത്ത് ഉണരണം. അപ്രധാനമായ ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ എന്ന പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണിയുടെ പരാമര്‍ശവും ഒരു ശതമാനം ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ലെന്നതും സംഭവത്തിലെ പുകമറ കൂട്ടുകയാണ്.

 

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.