Connect with us

Video Stories

അഹംഭാവങ്ങളുടെ രാഷ്ട്രീയ സംസ്‌കാരം

Published

on

കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയായി 2016 മെയ് ഇരുപത്തഞ്ചിന് അധികാരമേറ്റ ശേഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ മന്ത്രിസഭായോഗത്തില്‍ എടുത്ത ‘സുപ്രധാന തീരുമാന’മായിരുന്നു ദലിത് വിദ്യാര്‍ഥിനി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം പുതിയ സംഘത്തെ ഏല്‍പിച്ചുകൊണ്ടുള്ളത്. കേസില്‍ പൊലീസിന് ഗുരുതരമായ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്; പൊതുസമൂഹം അത് മനസ്സിലാക്കുന്നുവെന്നായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം. മുന്‍ഗാമിയായ യു.ഡി.എഫ് സര്‍ക്കാരിനെയും പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെയും ഉന്നംവെച്ചുകൊണ്ടുള്ള വെടിയായിരുന്നു അതെങ്കില്‍ ആസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം എന്ന യുവാവിനെ അറസ്റ്റ് ചെയ്തതല്ലാതെ പ്രസ്തുത കേസില്‍ ഒരുവിധ കണ്ടെത്തലും നടത്താന്‍ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിനും കഴിഞ്ഞില്ല. പത്തു മാസത്തിനകം പത്തൊമ്പതില്‍ രണ്ടു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും ലൈംഗികാരോപണത്തിനുമായി പുറത്താക്കേണ്ടിവന്ന സര്‍ക്കാര്‍ നാളെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തിയെന്ന് അഭിമാനിക്കുന്നത് വളരെയധികം കൗതുകകരം തന്നെ.
ക്രമസമാധാനം എന്ന ജനാധിപത്യ സര്‍ക്കാരിന്റെ അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പോലും അമ്പേ പരാജയപ്പെട്ടതിന് ഇതുപോലെ പഴികേട്ട ഒരു സര്‍ക്കാര്‍ സംസ്ഥാനചരിത്രത്തിലിതുവരെ ഉണ്ടായിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞ ന്യായവാദങ്ങളൊക്കെയും രാജ്യത്തെ ഉന്നത നീതിപീഠം അവജ്ഞയോടെ തള്ളിക്കളഞ്ഞത് കേരളീയര്‍ക്കാകെ നാണക്കേടായി. ഭരണത്തിലെ അവിഭാജ്യഘടകമായ ഉദ്യോഗസ്ഥ തലപ്പത്തെ ചേരിപ്പോര് പാരമ്യത്തിലെത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ചീഫ് സെക്രട്ടറിക്ക് വരെ ഈ സര്‍ക്കാരിനെതിരെ നിലപാടെടുക്കേണ്ടിവന്നു. പൊലീസ് തലപ്പത്ത് വിവാദ നായകരായ ലോക്‌നാഥ്‌ബെഹ്്‌റയെയും ടോമിന്‍ ജെ.തച്ചങ്കരിയെയും ശ്രീജിത്തിനെയും പ്രതിഷ്ഠിച്ചപ്പോള്‍ ബിജുപ്രഭാകറെ പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പീഡനപര്‍വമാണ് സഹിക്കേണ്ടിവരുന്നത്. വാളയാറിലെ ചെറ്റക്കൂരയില്‍ രണ്ടുപിഞ്ചു പെണ്‍കുട്ടികള്‍ രണ്ടു മാസത്തിനിടെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതും പ്രമുഖ നടിക്ക് കൊച്ചി മഹാനഗരത്തില്‍ ഗുണ്ടകളുടെ ലൈംഗിക ആക്രമണത്തിന് വിധേയയാകേണ്ടിവന്നതും എഞ്ചി. വിദ്യാര്‍ഥിയായ മകന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടതിന് നടുറോഡില്‍ വീട്ടമ്മയെ പൊലീസ് വലിച്ചിഴച്ചതും മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കം ചുമത്തി അകാരണമായി തുറുങ്കിലടച്ചതും മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതുമെല്ലാം കാലം മറയ്ക്കാത്ത വസ്തുതകളാണ്. കൊച്ചിയില്‍ യുവാക്കളെ ശിവസേനക്കാര്‍ കുറുവടികളുമായി കൈകാര്യം ചെയ്യുമ്പോള്‍ ഒത്താശ ചെയ്യുകയായിരുന്നു പിണറായിയുടെ പൊലീസ്. മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലും കാസര്‍കോട്ട് റിയാസ് മൗലവിയും അതിദാരുണമായി നടുറോട്ടിലും പള്ളിക്കെട്ടിടത്തിലും വെച്ച് ഹിന്ദുത്വ ഭീകരരാല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഈ സര്‍ക്കാരിന് കുലുക്കമേതുമുണ്ടായില്ല. താരതമ്യേന ശാന്തമായിരുന്ന 2016വരെയുള്ള അഞ്ചു വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ കൊലപാതക പരമ്പര തിരിച്ചുവന്നു. മൂന്നുതവണ മുഖ്യമന്ത്രി വിളിച്ച സമാധാന യോഗത്തില്‍ നല്‍കിയ ഉറപ്പുകളെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍. തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് ഒറ്റുകൊടുക്കുകയാണ് സര്‍ക്കാരിലെ പ്രബല വിഭാഗം ചെയ്തത്. പൊലീസ്, നിയമം, പ്രസ്, മാധ്യമം, സാമ്പത്തികം എന്നുവേണ്ട മുഖ്യമന്ത്രിയുടെയും മറ്റു വകുപ്പുകളുടെയും കാര്യത്തില്‍ പോലും ഉപദേശകരെ വെച്ചൊരു മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരാളുണ്ടാവില്ല. എന്നിട്ടും വിവാദങ്ങളുടെയും വീഴ്ചകളുടെയും കനല്‍കൂട്ടിലായി സര്‍ക്കാര്‍. ഇനിയുള്ള അഞ്ചു കൊല്ലവും വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞവര്‍ കേരള ചരിത്രത്തിലാദ്യമായി റേഷനിങ് സമ്പ്രദായം അട്ടിമറിച്ചു. അരിവില അമ്പതു രൂപയിലെത്തി. കൂട്ട പനി മരണങ്ങളുടെ ദിനങ്ങളിലൂടെയാണ് നാട് കടന്നുപോകുന്നത്. മാലിന്യക്കൂമ്പാരത്തിനിടയില്‍ തെരുവു നായ്ക്കളുടെ കടിയേറ്റുപിടഞ്ഞുവീഴുന്ന കുടുംബങ്ങളുടെ രോദനം കഴിഞ്ഞ ദിവസവും നാം കേട്ടു. എയര്‍ കേരള പദ്ധതി കടലാസിലൊതുങ്ങി. ഇതാദ്യമായി പത്താംതരം പരീക്ഷാചോദ്യപ്പേപ്പര്‍ ചോര്‍ന്ന് പുതിയ പരീക്ഷ നടത്തേണ്ടിവന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭയലേശമെന്യേ ജോലിചെയ്യാനുള്ള അവസരം ഇല്ലാതാക്കിയ സര്‍ക്കാരെന്ന അപഖ്യാതിയും ഇതേ ഭരണകൂടത്തിനുതന്നെ. മൂന്നാറില്‍ കുടിയൊഴിപ്പിക്കാനായി ചെന്ന തന്റെ സര്‍ക്കാരിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും സ്വന്തംവകുപ്പിലെ പൊലീസുദ്യോഗസ്ഥരെയും പരസ്യമായി ആക്ഷേപിച്ചൊരു മുഖ്യമന്ത്രിയും പിണറായി വിജയനല്ലാതെ മറ്റാരുമില്ല. അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായിരുന്നു വിജിലന്‍സ് ഡയറക്ടറായ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടേതടക്കമുള്ള അര ഡസനോളം ഉത്തരവുകള്‍. മുന്‍മന്ത്രിമാരായ കെ.എം മാണിക്കും കെ. ബാബുവിനുമെതിരെ കൊട്ടിഘോഷിച്ച് നടത്തിയ അന്വേഷണങ്ങളാകെ തരിമ്പുപോലും തെളിവില്ലാതെ അവസാനിപ്പിച്ചാണ് ആ ഡയറക്ടര്‍ അവധിയെടുത്ത് സ്ഥലം വിട്ടത്. മുന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അച്ചടക്ക ലംഘനം നടത്തിയ ഡി.ജി.പിക്ക് നല്‍കിയ പട്ടുംവളയും തിരിച്ചെടുക്കേണ്ടിവന്നു സര്‍ക്കാരിന്. കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ ബൃഹത് പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ അതിനുവേണ്ടി രാപ്പകല്‍ ഓടിനടന്നൊരു മുഖ്യമന്ത്രിയും സര്‍ക്കാരുമായിരുന്നു കഴിഞ്ഞവര്‍ഷം വരെ സംസ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇതിന്റെയെല്ലാം അട്ടിപ്പേറ് പേറാനാണ് ഇടതു സര്‍ക്കാരിന്റെ പാഴ്ശ്രമം. ഇതെല്ലാം കാര്യക്ഷമതാരാഹിത്യത്തിന്റെയും അഹന്തയുടെയും പിടിപ്പുകേടല്ലാതെ അഭിമാനമായി കാണുന്നവരെക്കുറിച്ച് മറ്റെന്തുപറയാനാണ്. തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ക്ക് ഓരോ വീഴ്ചകളിലും പാഠം പഠിക്കാതെ വീഴ്ചപറ്റിയെന്ന് പാര്‍ട്ടിയിലും നിയമസഭയിലും ആവര്‍ത്തിക്കാനേ നേരമുള്ളൂ. അപ്പോഴും പിണറായി വിജയനിലുടെയും എം.എം മണിയിലൂടെയും സി.പി.എം എം.എല്‍.എമാരിലുടെയും പുറത്താകുന്ന അഹന്തയുടെയും അഹംഭാവവും തന്നെയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.