Connect with us

Video Stories

ലഹരിക്കെതിരെ ജാഗ്രത മാത്രം മതിയോ

Published

on

സര്‍ക്കാര്‍ തലത്തിലും സന്നദ്ധ, ആരോഗ്യ സംഘടനകളുടെ ആഭിമുഖ്യത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോഴും ലഹരി നിറയുന്ന വിഷച്ചെടികള്‍ നമുക്കു ചുറ്റും അതിവേഗം തഴച്ചുവളരുകയാണ്. വലിയൊരു സാമൂഹ്യ വിപത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന ദൂഃസ്സൂചന നല്‍കുന്നതാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്ന ലഹരിവേട്ടയുടെ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വീര്യമേറിയ ലഹരിവസ്തുക്കളുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയിലായതും ഇന്നലെ ആഢംബര നിശാപാര്‍ട്ടികള്‍ ലക്ഷ്യമിട്ടെത്തിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയിലായതുമെല്ലാം ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളാണ്.
ലഹരിക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റുകളുടെ സാന്നിധ്യം തന്നെയുണ്ടാവാറുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഒടുവിലത്തെ കണ്ണികള്‍ മാത്രമാണ് പിടിക്കപ്പെടാറ്. മറ്റു കണ്ണികളെ തേടിയുള്ള അന്വേഷണങ്ങളാവട്ടെ പലപ്പോഴും ലക്ഷ്യത്തില്‍ എത്താറുമില്ല. എത്ര പിടിക്കപ്പെട്ടാലും പുതിയ കാരിയര്‍മാര്‍ വഴി സാധനങ്ങള്‍ വീണ്ടും ആവശ്യക്കാരിലേക്ക് എത്തിക്കൊണ്ടേയിരിക്കും. കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന യുവ തലമുറയെയാണ് ലഹരിക്കടത്തുകാര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുമ്പെല്ലാം വന്‍ നഗരങ്ങളില്‍ മാത്രമായിരുന്നു ഇത്തരം കണ്ണികളുടെ സാന്നിധ്യമെങ്കില്‍ ഇന്ന് കുഗ്രാമങ്ങള്‍ പോലും ഇത്തരം വിഷച്ചിലന്തികള്‍ നെയ്ത വലയുടെ നിഴലിലാണ്.
അനുഭൂതിയുടെ മായിക വലയത്തില്‍ സ്വന്തബന്ധങ്ങളെ മറക്കുകയും തിന്മയുടെ മൂര്‍ത്തീഭാവങ്ങളായി പരിണമിക്കുകയും ഒടുവില്‍ സ്വയം കത്തിത്തീരുകയും ചെയ്യുന്ന ഒരു തലമുറയെയാണ് ലഹരി ഉപയോഗം സമ്മാനിക്കുന്നത്. ആര്‍ക്ക് എപ്പോള്‍ എവിടെവെച്ച് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നത് എന്നത് ജാഗ്രതാ ശ്രമങ്ങളെപോലും വിഫലമാക്കുന്നു. ഡി.എല്‍.എസ്, ആസിഡ് എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡിന്റെ 41 പായ്ക്കറ്റുകളാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുകാരനായ യുവാവില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. പുതുവത്സരാഘോഷം ലക്ഷ്യം വെച്ചാണ് ഇവ എത്തിച്ചതെന്ന് പിടിയിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കിയിരുന്നു. നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കപ്പെടുന്ന എം.ഡി.എം.എ (മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍) എന്ന ലഹരിയാണ് കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് പിടിച്ചെടുത്തത്. 24 പായ്ക്കറ്റുകളിലായി 16 ഗ്രാം ലഹരിയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഒരു ഗ്രാമിനു തന്നെ ലക്ഷങ്ങള്‍ വില വരുന്നതാണ് പിടിക്കപ്പെട്ട ലഹരിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആവശ്യക്കാരില്‍ എത്തുമ്പോള്‍ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ആദം, ബീന്‍സ്, ഇഎക്‌സ്, ലവ്ഡ്രഗ്, ക്ലബ് ഡ്രഗ് തുടങ്ങിയവ എം.ഡി.എം.എയുടെ ചില വിളിപ്പേരുകളാണ്.
ഏപ്രില്‍ 27ന് കൊച്ചിയില്‍ കുമ്പള സ്വദേശിയായ യുവാവില്‍നിന്ന് സമാന സ്വഭാവമുള്ള മയക്കുമരുന്ന് പിടികൂടിയിരുന്നു. ജൂലായ് 21ന് വളാഞ്ചേരി സ്വദേശിയില്‍നിന്ന് എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ പിടിച്ചതും ഓഗസ്റ്റ് 20ന് കോഴിക്കോട് കുന്ദമംഗലം സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന ലഹരി പിടിച്ചതുമെല്ലാം അടുത്തിടെ മാത്രം വാര്‍ത്തകളില്‍ വന്ന വലിയ തോതിലുള്ള ലഹരി വേട്ടയുടെ വാര്‍ത്തകളാണ്. ജൂലൈയില്‍ ഗുജറാത്ത് തീരത്ത് കപ്പലില്‍നിന്ന് 3500 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് രാജ്യാന്തര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു.
ടാറ്റൂ സ്റ്റിക്കറിന്റെയും സ്റ്റാമ്പിന്റെയുമെല്ലാം രൂപത്തിലാണ് എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള വീര്യമേറിയ ലഹരി പദാര്‍ത്ഥങ്ങള്‍ വിപണിയില്‍ എത്തുന്നത്. തുടര്‍ച്ചയായി 18 മണിക്കൂര്‍ വരെയാണ് ഇവയുടെ ഒറ്റ ഉപയോഗം ശരീരത്തില്‍ ലഹരിയുടെ സാന്നിധ്യം നിലനിര്‍ത്തുന്നത്. ഇത് തന്നെയാണ് വലിയ വില നല്‍കിയും ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ സ്വന്തമാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് എല്‍.എസ്.ഡിയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തിനും മനസ്സിനുമൊപ്പം ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് തകരാറിലാക്കും. കണ്ണിന്റെ കൃഷ്ണമണിക്ക് സ്ഥാനചലനം, അമിത വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരല്‍, ഞരമ്പുകളും പേശികളും ദുര്‍ബലമാകല്‍ തുടങ്ങിയവ എല്‍.എസ്.ഡിയുടെ ഉപയോഗം ഒരാളുടെ ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍പെട്ടവയാണ്.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചുനല്‍കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കോഴിക്കോട്ട് പിടിയിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൊഴിയില്‍നിന്ന് പുറത്തു വരുന്നത്. ലഹരി ഉപയോഗത്തിനെതിരെ അധ്യാപക, രക്ഷാ കര്‍ത്താക്കള്‍ കൂടി ഉള്‍പ്പെട്ട ജാഗ്രതാ സമിതികള്‍ ഇന്ന് ഏതാണ്ടെല്ലാ സ്‌കൂളുകളിലും നിലവിലുണ്ട്. എക്‌സൈസിന്റെയും പൊലീസിന്റെയും സജീവ നിരീക്ഷണവുമുണ്ട്. എന്നാല്‍ ഇവയെല്ലാം എത്രത്തോളം ഫലപ്രദമാകുന്നുണ്ടെന്ന ചോദ്യമാണ് ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടു വെക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ആളുകള്‍ നീങ്ങാതിരിക്കാനാണ് മദ്യത്തിന്റെ ലഭ്യത സാര്‍വ്വത്രികമാക്കുന്നതെന്ന വാദം സര്‍ക്കാര്‍ തലങ്ങളില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. മദ്യം സാര്‍വ്വത്രികമായിട്ടും മയക്കുമരുന്ന് വേട്ടയില്‍ ഒരു കുറവും വരുന്നില്ല എന്നത് സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ്. പേരിനു മാത്രമുള്ള ജാഗ്രതാ സമിതികള്‍ കൊണ്ടോ മറ്റോ മാത്രം പരിഹരിക്കപ്പെടുന്നതല്ല ലഹരി വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്ന് വേണം മനസ്സിലാക്കാന്‍. കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അനിവാര്യമാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ നിയമത്തിന്റെ പഴുതുകളിലൂടെ അതിവേഗം പുറത്തു കടക്കുന്നു എന്നതും ലഹരി വ്യാപനം തടയുന്നതിനുള്ള വലിയ പ്രതിസന്ധികളില്‍ ഒന്നാണ്. പിടിക്കപ്പെട്ടാലും എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതും വിചാരണ നടപടികള്‍ അനന്തമായി വൈകുന്നതും കുറ്റക്കാരെന്ന് കണ്ടെത്തിയാലും ദുര്‍ബലമായ ശിക്ഷ മാത്രം ലഭിക്കുന്നതും തിന്മകള്‍ ആവര്‍ത്തിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നു. പണത്തിനു വേണ്ടി കാരിയര്‍മാര്‍ ആകുന്നവര്‍ പോലും ഒന്നിലധികം തവണ പിടിക്കപ്പെട്ടാലും വീണ്ടും ഈ മേഖലയില്‍ തന്നെ നിലയുറപ്പിക്കുന്നു. വലിയ സാമൂഹ്യ വിപത്തായി ലഹരിവ്യാപനം മാറുന്ന കാലത്ത്, അത് തടയുന്നതിനുള്ള ഇത്തരം പരിമിതികള്‍ മറകടക്കുന്നതിന് പുനരാലോചനകള്‍ നടക്കണം. ജാഗ്രത മാത്രം പോര, സര്‍ക്കാര്‍ തലത്തിലും നിമയ, നീതി നിര്‍വഹണ തലങ്ങളിലും കാലത്തിനൊത്ത പൊളിച്ചെഴുത്തുകള്‍ കൂടിയേ തീരൂ. ലഹരിയില്‍ മയങ്ങുന്ന തലമുറ ക്രിയാത്മകമായ മാനവ വിഭവ ശേഷിയെ ഇല്ലാതാക്കും എന്നതിനാല്‍ രാജ്യത്തിന്റെ പൊതുനഷ്ടമായിതന്നെ അതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.