Connect with us

Video Stories

ഭരണ സ്തംഭനത്തില്‍ പൊറുതിമുട്ടുന്ന ജനം

Published

on

വിട്ടൊഴിയാത്ത വിവാദങ്ങളും വെറുപ്പൊഴിയാത്ത വിഴുപ്പലക്കലുകളും കാരണം സംസ്ഥാനത്ത് ഭരണ സ്തംഭനം തുടരുന്നതില്‍ പൊറുതിമുട്ടുകയാണ് പൊതുജനം. സെക്രട്ടറിയേറ്റു മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ജനസേവന സംവിധാനങ്ങളത്രയും നിശ്ചലമായിട്ട് മാസങ്ങളായി. കയ്യേറ്റങ്ങളുടെയും ക്രമക്കേടുകളുടെയും കുരുക്കുകള്‍ ഒന്നിനു മീതെ മറ്റൊന്നായി സര്‍ക്കാറിന്റെ കഴുത്തില്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. കേസും വഴക്കും തീര്‍ക്കാനല്ലാതെ നേരാംവണ്ണം ഭരണം നടത്താന്‍ കഴിയാതെ നാണക്കേടിന്റെ ആഴക്കയത്തിലാണ് ഇടതു സര്‍ക്കാര്‍. സുതാര്യ കേരളം, ജനക്ഷേമ ഭരണം തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പട്ടില്‍ പൊതിഞ്ഞ പാഷാണമായിരുന്നുവെന്ന് പൊതുജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്ന ആപ്തവാക്യവും അന്വര്‍ത്ഥമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയും വകുപ്പു മന്ത്രിമാരും ഒരുപോലെ നിഷ്‌ക്രിയമായ ഒരു സര്‍ക്കാര്‍ ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല. അധികാരത്തിന്റെ നിര്‍മാമാത്മക സൗന്ദര്യം പ്രതിഫലിക്കേണ്ട ജനാധിപത്യ വ്യവസ്ഥയെ നശീകരണത്തിന്റെ ശവപ്പറമ്പാക്കി മാറ്റുകയാണ് ഇടതുപക്ഷം. സ്വപ്‌ന പദ്ധതികളിലൂടെ കേരളത്തെ വികസന വിഹായസിലേക്ക് കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാറെങ്കില്‍, ഇടതുപക്ഷം അധികാരത്തിലേറിയതു മുതല്‍ കേരളം മുരടിപ്പിന്റെ മാറാപ്പുഭാണ്ഡം പേറുകയാണ്. രണ്ടുവര്‍ഷത്തോടടുക്കുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിച്ചതൊന്നും പൊതുജനത്തിന് ലഭിച്ചില്ലെന്നു മാത്രമല്ല, സമസ്ത മേഖലകളിലും ദുരിതത്തിന്റെ വേവലാതികളാണ് ഉയര്‍ന്നുവരുന്നത്.
സംസ്ഥാനത്ത് ഐ.എ.എസ് ഓഫീസര്‍മാര്‍ മുതല്‍ എല്‍.ഡി ക്ലാര്‍ക്ക് വരെ മനംമടുത്താണ് കൃത്യനിര്‍വഹണം നടത്തുന്നത്. സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ സമീപനങ്ങളും ഫയലുകളുടെ മെല്ലെപ്പോക്കുമെല്ലാം ഉദ്യോഗസ്ഥരുടെ മന:സാമീപ്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചകാലം ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല. പരസ്പരം പാരവെയ്ക്കാനും പകപോക്കാനും ചേരിതിരിയുന്ന ഇത്തരക്കാരെ പിടിച്ചുകെട്ടാന്‍ മുഖ്യമന്ത്രിക്കൊ വകുപ്പ് മന്ത്രിമാര്‍ക്കൊ കഴിയുന്നില്ല എന്നതും പരിതാപകരം തന്നെ. സര്‍വീസിലിരിക്കെ സര്‍ക്കാറിനെയും സഹപ്രവര്‍ത്തകരെയും പരിഹസിച്ച് ഖണ്ഡശ്ശ എഴുതി സമയം കളയുന്നവരെ മഹത്വവത്കരിച്ചിരുന്ന പിണറായിക്ക് ഇപ്പോഴാണ് തിക്തഫലം തിരിച്ചടിയായി കരണത്തേല്‍ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മൂക്കിനു നേരെ മുഷ്ടിചുരുട്ടി ഇച്ഛയ്‌കൊത്ത് തങ്ങളുടെ രാഷ്ട്രീയ വാലില്‍ ചുരുട്ടിക്കെട്ടാമെന്ന വ്യാമോഹം ഒടുവില്‍ വിനയായി മാറി.
മേക്കാനറിയാത്ത ഇടയനെ പോലെ ഓടിത്തളര്‍ന്ന പിണറായിയെ ഓര്‍ത്ത് കേരള ജനത ലജ്ജിച്ചു തലതാഴ്ത്തുകയാണ്. തൊട്ടതെല്ലാം പിഴക്കുന്ന മന്ത്രിപ്പടയെ മെരുക്കിയെടുക്കാനുള്ള ഭരണപാടവമില്ലാത്ത മുഖ്യമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രബുദ്ധ കേരളം പ്രതീക്ഷിക്കുന്നില്ല. വലിയ വായയില്‍ വിടുവായിത്തവും വീരവാദവും വീമ്പുപറച്ചിലും കൊണ്ട് ഭരണവൈകല്യങ്ങളെ മൂടിവെയ്ക്കാമെന്ന വ്യാമോഹമാണ് നാള്‍ക്കുനാള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നത്. സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലെ മറ്റു ഘടകകക്ഷികളിലെയും പുഴുക്കുത്തുകള്‍ വലിയ വൃണങ്ങളായി വളര്‍ച്ച പ്രാപിക്കുന്നത് പ്രതിരോധിക്കുന്നതില്‍ ഇനിയും പരാജയം ആവര്‍ത്തിച്ചാല്‍ ടീം പിണറായി കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് നിസ്സംശയം പറയാം. രണ്ടു വര്‍ഷത്തിനിടെ മൂന്നു മന്ത്രിമാര്‍ നാണംകെട്ട് രാജിവച്ചൊഴിഞ്ഞതിന്റെ അനുഭവപാഠങ്ങള്‍ ഇതിന് ഉത്തമ സാക്ഷ്യമാണ്.
29 വകുപ്പുകള്‍ കയ്യടിക്കവച്ച മുഖ്യമന്ത്രി തന്നെയാണ് ഭരണ സ്തംഭനത്തിന്റെ ഒന്നാം പ്രതി. നേരത്തെ കൈവശം വച്ചിരുന്ന 26 വകുപ്പുകള്‍ക്ക് പുറമെ തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന മൂന്ന് പ്രധാന വകുപ്പുകള്‍ കൂടി പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുകയാണ്. പൊതുവെ വണ്‍ മാന്‍ ഷോ എന്ന് വ്യാഖ്യാനിക്കുന്ന മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ കൈപ്പിടിയിലടക്കിപ്പിടിച്ചാണ് മുഖ്യമന്ത്രി മേനി നടിക്കുന്നതെന്നു സാരം. ഏറെ ശ്രദ്ധയും കരുതലും ആവശ്യമായ ആഭ്യന്തര വകുപ്പിനു പുറമെ ജയില്‍, വിജിലന്‍സ്, പരിസ്ഥിതി, ഐ.ടി, എയര്‍പോര്‍ട്ട്, സയന്‍സ് ആന്റ് ടെക്‌നോളജി, മെട്രോ റെയില്‍ തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി അധീനതയില്‍ വച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മുഖ്യമന്ത്രിമാരും ഇതിനു പകുതി പോലും വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നില്ലെന്ന കാര്യം ഗൗരവമായി കാണേണ്ടതാണ്. 11 വകുപ്പുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഉമ്മന്‍ ചാണ്ടിയും 13 വകുപ്പുകള്‍ കൈകാര്യം വി.എസ് അച്യുതാനന്ദനും കാബിനറ്റിലെ മറ്റു മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി ഭരണ മേല്‍നോട്ടത്തെ ശാസ്ത്രീയവത്കരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വാതന്ത്ര്യത്തോടെ ഭരണചക്രം തിരിക്കുന്നതിന്റെ സാധ്യതയെയാണ് പിണറായിയുടെ ഏകാധിപത്യ മനോഭാവം കരിച്ചുകളഞ്ഞത്. അതിനാല്‍ സര്‍വ വകുപ്പുകളും കുത്തഴിഞ്ഞു കിടക്കുകയും മറ്റു വകുപ്പുകള്‍ക്ക് തുണയാകേണ്ട ധനവകുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് ആപതിക്കുകയും ചെയ്യുന്ന ദയനീയ കാഴ്ച കേരളം കാണുന്നു. നോട്ട് നിരോധത്തിന്റെയും ജി.എസ്.ടിയുടെയും പരിക്കില്‍ നിന്ന് കേരളത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ അപകാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുകയാണ്.
സെക്രട്ടറിയേറ്റില്‍ വകുപ്പ് സെക്രട്ടറിമാരുടെ മുമ്പില്‍ ഫയലുകള്‍ കുന്നുകൂടിക്കിടക്കുന്നത് തന്നെ ഭരണ സ്തംഭനത്തിന്റെ നേര്‍ക്കാഴ്ചയാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഒരു സെക്രട്ടറി തന്നെ വിവിധ വകുപ്പുകളുടെ കൈകാര്യ കര്‍ത്താവാകുന്നതുമാണ് ഇതിന്റെ പ്രധാന കാരണം. കലക്ടറേറ്റുകളിലും താലൂക്ക്-മുനിസിപ്പല്‍-പഞ്ചായത്ത്-വില്ലേജ് ഓഫീസുകളിലും സ്ഥിതി തഥൈവ. സെക്രട്ടറിയേറ്റില്‍ ഒരു ഐ.ഐ.എസ് ഓഫീസര്‍ അഞ്ചും ആറും വകുപ്പുകള്‍ കൈകര്യം ചെയ്യുന്നതുപോലെ താഴെ തലങ്ങളിലും ഉദ്യോഗസ്ഥര്‍ അമിതഭാരം വഹിക്കുകയാണ്.
111 ഐ.എ.എസ് ഉദ്യോഗസ്ഥരും അതിലേറെ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും കുറവുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍കൂടി നിഷ്‌ക്രിയമായതാണ് പൊതുജനത്തെ പൊറുതികേടിന്റെ പടുകുഴിയിലെത്തിച്ചത്. തര്‍ക്കങ്ങളില്‍ അഭിരമിക്കുന്ന പിണറായിയും കൂട്ടരും ഇനിയും ജനദ്രോഹം തുടര്‍ന്നാല്‍ പൊതുജനം പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.