Connect with us

Video Stories

അധികാരം ഇന്നും തീണ്ടാപ്പാടകലെ

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ ഇന്ത്യയുടെ സമീപകാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് ഒന്നോടൊന്ന് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. പിന്നാക്ക സമുദായങ്ങളുടെ കേന്ദ്ര സര്‍വീസിലെ ദയനീയമായ സ്ഥിതിവിവരത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടാണ് ഒന്ന്. മറ്റേത്, ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍നിന്ന് ഏതാനും കിലോമീറ്ററകലെ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ മായാവതി നടത്തിയ അനുയായികളുമൊത്തുള്ള മതംമാറ്റത്തെക്കുറിച്ചുള്ള പ്രസ്താവനയാണ്. രണ്ടും തമ്മിലെ ബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമയത്തുതന്നെയാണ് ഇന്ത്യയുടെ രണ്ട് സുപ്രധാനമായ അധികാര സിംഹാസനങ്ങളില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നത് എന്ന വൈരുധ്യവും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്ന നിലക്ക് ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പ്രചണ്ഡ പ്രചാരണമാണ് നടത്തിവരുന്നത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പുറത്താകലിന് ഇടയാക്കിയ ഒരു പ്രസ്താവന മോദി വളരെ വ്യക്തിപരമായും വൈകാരികമായും തെരഞ്ഞെടുപ്പുവിഷയമായി ഉയര്‍ത്തിക്കാട്ടുകയുണ്ടായി. തന്നെ അയ്യര്‍ നീച ജാതിക്കാരന്‍ എന്ന് അവഹേളിച്ചുവെന്നാണ് മോദിയുടെ പരാതി. താന്‍ രാജ്യത്തെയും പ്രത്യേകിച്ച് ഗുജറാത്തിലെയും താഴ്ന്ന ജാതിക്കാരുടെ മിശിഹയാണെന്നും തന്നെ കോണ്‍ഗ്രസ് മന:പൂര്‍വം കരിവാരിത്തേക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ 22 കൊല്ലം ഗുജറാത്ത് ഭരിച്ച മോദിയുടെ പാര്‍ട്ടിക്ക് വികസനത്തെക്കുറിച്ച് സംസാരിക്കാനൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം തരംതാഴ്ന്ന വ്യക്തി കേന്ദ്രീകൃത വിഷയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ എടുത്തിടുന്നതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പക്ഷം. യഥാര്‍ത്ഥത്തില്‍ നീച ജാതിക്കാരന്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന തന്റെ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി ആ വിഭാഗങ്ങളുടെ ജീവിത നിലവാരത്തിന് എന്തു സംഭവിച്ചുവെന്ന് സ്വന്തം നിലനില്‍പിന്നുള്ള തത്രപ്പാടിനിടയില്‍ മോദി സ്വയം ചിന്തിച്ചുനോക്കിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ നടേപറഞ്ഞ രണ്ടു സംഭവങ്ങളെക്കുറിച്ച് മോദി തീര്‍ച്ചയായും ആത്മപരിശോധന നടത്തിയേ തീരു.
‘ദ ഹിന്ദു’ ദിനപത്രത്തില്‍ ഞായറാഴ്ച അതീവപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: 1993ല്‍ വി.പി സിങ് സര്‍ക്കാര്‍ ഏറെ ഇച്ഛാശക്തിയോടെ, ആര്‍.എസ്.എസിന്റെയും ഉന്നത കുലജാതരുടെയും പിണിയാളുകളുടെ അക്രമങ്ങളെ വകവെക്കാതെ നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ സര്‍വീസിലെ മറ്റു പിന്നാക്ക ജാതിക്കാര്‍ക്കുള്ള 27 ശതമാനം സംവരണം വെറും ജലരേഖയായി കിടക്കുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യമായ വകുപ്പുകളിലെല്ലാം രാജ്യത്തെ ഏറ്റവും വലിയ പിന്നാക്ക ജനവിഭാഗങ്ങളുടെ സംഖ്യ തുലോം തുച്ഛമാണ്. കേന്ദ്ര സര്‍വീസിലെ 35ല്‍ 24 മന്ത്രാലയങ്ങളിലെ കണക്കുകള്‍ മാത്രം വെച്ച്, വേണ്ടതിന്റെ എത്രയോ താഴെയാണ് ഇവരുടെ ഭരണ പങ്കാളിത്തം. 2017 ജനുവരിയിലെ കണക്കനുസരിച്ച് 24 മന്ത്രാലയങ്ങളിലെ ഗ്രൂപ്പ് എ (ഉന്നത കേഡര്‍) ഓഫീസര്‍മാരില്‍ 17 ശതമാനം മാത്രമാണ് ഒ.ബി.സിക്കാര്‍. ഗ്രൂപ്പ് ബിയില്‍ ഇത് 14 ശതമാനവും. ഗ്രൂപ്പ് സി-11, ഗ്രൂപ്പ് ഡി -10 എന്നിങ്ങനെയും. കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലെ ശതമാനം ഇങ്ങനെ: ഗ്രൂപ്പ് എ- 14, ബി-15, സി-17,ഡി-18. 2013ലും 2015ലും വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും കണക്കനുസരിച്ച് ശരാശരി പത്തില്‍ താഴെയായിരുന്നു ഒ.ബി.സിയുടെ പങ്കാളിത്തം. കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരം, പ്രതിരോധം, റെയില്‍വെ എന്നീ വകുപ്പുകളിലെ വിവരങ്ങള്‍ അപേക്ഷിച്ചിട്ടും നല്‍കാന്‍ തയ്യാറായില്ല. ഇതില്ലാതെ വെറും 8.75 ശതമാനം കേന്ദ്ര സര്‍വീസിന്റെ കണക്കിലാണ് ഇത്രയും വലിയ വിടവ് സംഭവിച്ചിരിക്കുന്നതെന്നത് ചെറിയ ഞെട്ടലൊന്നുമല്ല പിന്നാക്ക വിഭാഗക്കാരിലും ദേശസ്‌നേഹികളിലും സൃഷ്ടിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് വെച്ച കണക്കുപ്രകാരം കേന്ദ്ര സര്‍വീസില്‍ 19.28 ശതമാനം ഒ.ബി.സിക്കാരെ മാത്രമേ വെക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതിന് കാരണം ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതും അത് നികത്തുന്നതും തമ്മിലുള്ള കാലതാമസമാണെന്നും പറയുകയുണ്ടായി. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി രണ്ടു പതിറ്റാണ്ട് തികയാനിരിക്കെയാണ് പിന്നാക്ക വിഭാഗങ്ങളുടെ കഞ്ഞിയില്‍ പൂഴിയിട്ട് മുതലക്കണ്ണീരൊഴുക്കിക്കഴിയുന്ന അധികാരികളെക്കുറിച്ചുള്ള വാര്‍ത്ത ചിലര്‍ക്കെങ്കിലും ഞെട്ടലുളവാക്കുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കി മാസങ്ങള്‍ക്കകം തന്നെ കേന്ദ്ര സര്‍വീസുകളിലെ പട്ടിക ജാതി-വര്‍ഗ-ഒ.ബി.സി പങ്കാളിത്തത്തെക്കുറിച്ച് ഓരോ മൂന്നുമാസം കൂടുമ്പോഴും കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇന്നും അത് പ്രാവര്‍ത്തികമായിട്ടില്ല. പിന്നാക്കക്കാരുടെ ലഭിക്കാതെ പോയ ഒഴിവുകള്‍ (ബാക്ക്‌ലോഗ്) നികത്തണമെന്ന നിര്‍ദേശവും ഇന്നും രേഖകളില്‍മാത്രം.
സ്വാതന്ത്ര്യം നേടി എഴുപതാണ്ട് പിന്നിടുമ്പോഴും ഇന്ത്യയുടെ പിന്നാക്കാവസ്ഥ വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുന്നതിന്റെ കാരണത്തെപ്പറ്റി ഇനി അധികം വേവലാതിപ്പെടേണ്ടതില്ല. ശരീരത്തിന്റെ ഒരു ഭാഗത്ത് രോഗം ബാധിച്ചാല്‍ മൊത്തംതളരുമെന്ന സത്യം തിരിച്ചറിയണമെന്നും രാഷ്ട്ര പുനര്‍നിര്‍മാണത്തിന് താഴേക്കിടയില്‍ കിടക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരണമെന്നും നമ്മുടെ പൂര്‍വസൂരികള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നതിന് കാരണം മറ്റൊന്നായിരുന്നില്ല. ജാതീയതയുടെ ഉപോല്‍പന്നമാണ് അവര്‍ കണ്ടെത്തിയ സംവരണമെന്ന ഒറ്റമൂലി. രാജ്യത്തെ ജനസംഖ്യയുടെ എഴുപതു മുതല്‍ എണ്‍പതുവരെ ശതമാനം പേരെ ഭരണ പങ്കാളിത്തത്തില്‍ നിന്ന് അകറ്റിനിര്‍ത്തി, ബാക്കിയുള്ള തുച്ഛംപേര്‍ക്കുമാത്രം ജനങ്ങളുടെയാകെ വരുമാനത്തിലെ പങ്ക് വീതിച്ചുനല്‍കുന്ന ഏര്‍പ്പാട് തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇനിയും അതിനൊരു മാറ്റംവരുത്താന്‍ സമ്മതിക്കാതെ അവര്‍ക്ക് അര്‍ഹതപ്പെട്ട കസേരകളില്‍ അള്ളിപ്പിടിച്ചു കയറുന്ന കൈയ്യൂക്കും സാമ്പത്തികക്കരുത്തുമുള്ള വിഭാഗത്തിനുവേണ്ടിയാണ് ജനാധിപത്യം ഇന്നും ഓശാനപാടുന്നതെന്ന് കരുതേണ്ടിവരുന്നത് സങ്കടകരം തന്നെ. ഡോ. അംബേദ്കറെ പോലുള്ള മഹത്തുക്കള്‍ കൂലങ്കഷമായി വിശാരദിച്ച് നടപ്പാക്കിയ സംവരണത്തെ അട്ടിമറിച്ചവര്‍ മണ്ഡല്‍ കമ്മീഷനെതിരെ കൊളുത്തിവിട്ട തീക്കളി ഇനിയും മറക്കാറായിട്ടില്ല. അവരുടെ സമകാലിക പ്രതിനിധികളില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുക വയ്യെന്നാകിലും. ദലിതനും പിന്നാക്കക്കാരനും മുസ്‌ലിമും ഇന്നും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ബാലറ്റു പെട്ടിയും പണപ്പെട്ടിയും നിറക്കാനുള്ള ബാങ്കായി തുടരുന്നത് ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നുതന്നെയാണ് വിവരാവകാശ റിപ്പോര്‍ട്ടും ഡോ. അംബേദ്കറെ ഉദ്ധരിച്ചുള്ള മതം മാറ്റ ഭീഷണിയും നമ്മെ ഓര്‍മിപ്പിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.