Connect with us

Video Stories

തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍

Published

on

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് മൂന്നു ദിവസത്തിനിടെ രണ്ടു കൊലപാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 50 കിലോ മീറ്റര്‍ മാത്രം അകലെ ഹാപൂരിലെ ബജേര ഖുര്‍ദ് ഗ്രാമത്തിലാണ് ആദ്യത്തെ സംഭവം. പ്രദേശത്തുകാരനായ ഖാസിം എന്ന മുസ്്‌ലിം യുവാവിനെ ഗോ രക്ഷാ ഗുണ്ടകള്‍ തല്ലിക്കൊല്ലുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന ഷമീഉദ്ദീന്‍ (65) എന്നയാളെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ഇറച്ചിവില്‍പ്പനക്കാരന്‍ മുഹമ്മദ് സലീം ഖുറേഷി ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചതാണ് രണ്ടാമത്തെ സംഭവം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പശുവിന്റെ പേരില്‍ എഴുപതിലധികം പേരാണ് ഇതോടെ കൊല്ലപ്പെടുന്നത്.
പശു ഇറച്ചി ഭക്ഷിച്ചുവെന്നാരോപിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ ഗ്രാമമായ ദാദ്രിയില്‍ നിന്നും കഷ്ടിച്ച് 10 കിലോമീറ്റര്‍ മാത്രമാണ് ബജേര ഖുര്‍ദിലേക്കുള്ള ദൂരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗാസിയാബാദില്‍ ബി.ജെ.പി എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗം വിളിച്ചു ചേര്‍ത്ത ദിനത്തിലാണ് പൈശാചികമായ സംഭവം അരങ്ങേറുന്നത്. പശുവിന്റെ പേരിലുള്ള കൊലപാതകമാണ് കാസിമിന്റേതെന്ന് സമ്മതിക്കാന്‍ പൊലീസ് തുടക്കത്തില്‍ തയ്യാറായിരുന്നില്ല. രണ്ട് ബൈക്കുകള്‍ തമ്മില്‍ റോഡില്‍ വെച്ച് കൂട്ടിയിടിക്കുകയും ഇതേ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഗോവധം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പശുവിനേയോ, ആയുധങ്ങളോ തങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്നാണ് ഹാപൂര്‍ പൊലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ പൊലീസിന്റെ വാദം കല്ലുവെച്ചനുണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഖാസിമിനെ തല്ലിക്കൊന്നത് ഗോവധത്തിന്റെ പേരില്‍ തന്നെയാണെന്ന് തെളിയിക്കുന്ന രണ്ടു വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുറിവേറ്റ് കിടക്കുന്ന ഖാസിം നിലവിളിക്കുന്നതും അക്രമികളിലൊരാള്‍ അദ്ദേഹത്തെ നിലത്തുകൂടി വലിക്കുന്നതുമായിരുന്നു ആദ്യം പുറത്തുവന്ന ദൃശ്യത്തിലുണ്ടായിരുന്നത്. എന്നാല്‍ അക്രമത്തിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമാക്കിത്തരുന്ന ദൃശ്യങ്ങള്‍ വൈകാതെ പുറത്തുവരികയുണ്ടായി. ഖാസിമിനൊപ്പം ക്രൂരമായി മര്‍ദ്ദനമേറ്റ് ആസ്പത്രിയില്‍ കഴിയുന്ന സമായുദ്ദീനെ അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
ഈ മാസം 14നാണ് ബറേലി സ്വദേശിയായ ഖുറേഷിയെ ഗോഹത്യ നടത്തിയെന്നാരോപിച്ച് രണ്ടു പൊലീസുകാര്‍ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയത്. വീട്ടില്‍ നിന്നും പിടിച്ചിറക്കിയ ശേഷം ഖുറേഷിയെ പൊലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ഫര്‍സാനയുടെ പരാതിയില്‍ പറയുന്നു. ഖാസിമിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ ഇറങ്ങിയ പശുവിനെയും കുട്ടിയേയും വയലില്‍ നിന്നും കയര്‍ പിടിച്ച് കൊണ്ടു വരുന്നതിനിടെ ഇവര്‍ കന്നുകാലികളെ കടത്തുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഷമീഉദ്ദീന്റെ സഹോദരന്‍ മുഹമ്മദ് യാസീന്‍ പറയുന്നത്.
ബറേലിയിലെ ബറദാരിയില്‍ ഇറച്ചിവില്‍പ്പന നടത്തിയിരുന്ന സലീമിനെ രണ്ട് പൊലീസുകാര്‍ വന്നു വിളിച്ചു കൊണ്ടു പോവുകയായിരുന്നു. പശുവിനെ കൊന്നുവെന്ന് കോര്‍പ്പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവ് പരാതിപ്പെട്ടതിനാലാണ് പൊലീസ് സലീമിനെ കൂട്ടി കൊണ്ടുപോയി സമീപത്തെ ഒരു കല്യാണ മണ്ഡപത്തില്‍ വെച്ച് മര്‍ദ്ദിച്ച് കൊന്നതെന്ന് സലീമിന്റെ ഭാര്യ ആരോപിക്കുകയുണ്ടായി. ക്രൂരമായി മര്‍ദ്ദനമേറ്റ ഖുറേഷിയെ ആദ്യം സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.
യോഗിയുടെ നാട്ടില്‍ ഗോവധത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടം തുടരാനാണ് സംഘ്പരിവാരത്തിന്റെ തീരുമാനമെന്നതാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ ദാരുണ സംഭവങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകമോ വൈകാരിക പ്രതികരണമോ ആയി കാണാന്‍ സാധിക്കില്ല. മറിച്ച് രാജ്യത്താകമാനം, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ ഫാസിസ്റ്റുകള്‍ക്ക് ഏറ്റുവാങ്ങേണ്ടിവരുന്ന തിരിച്ചടികളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഹീനശ്രമങ്ങളുടെ ഭാഗമായിട്ടുവേണം ഇതിനെ വിലയിരുത്താന്‍.
ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലെത്തിയത്. സംസ്ഥാനത്ത് നിയമഭാ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി പദത്തിലേക്ക് പരാമര്‍ശിക്കപ്പെടാതിരുന്ന യോഗി ആര്‍.എസ്.എസിന്റെ ഇടപെടലിലൂടെയാണ് ആ പദവിയിലെത്തിയത്. വര്‍ഗീയ വിഷം ചീറ്റുന്ന തന്റെ പ്രസ്താവനകളായിരുന്നു തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നതെങ്കില്‍ അധികാരത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴേക്കും വര്‍ഗീയ ധ്രുവീകരണത്തിന്റെ പെരുമ്പറമുഴക്കി ആനയിച്ചവരുടെ പോലും വിശ്വാസം കാത്തു സൂക്ഷിക്കാന്‍ യോഗിക്ക് സാധിച്ചിരുന്നില്ല. സ്വന്തം പാളയത്തില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരാന്‍ അധിക സമയം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നില്ല. മുഖ്യമന്തിയുടെ പ്രവര്‍ത്തനശൈലി ശരിയല്ലെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ വിളിച്ചു പറയുന്ന സാഹചര്യമുണ്ടായി. തുടരെ തുടരെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിമര്‍ശകരുടെ വാദങ്ങള്‍ക്ക് ബലം പകരുന്നതായി. യോഗിയുടെ മാത്രമല്ല മോദിയുടെയും പ്രതാപം അസ്തമിക്കുകയാണെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളും വ്യത്യസ്ത മേഖലകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഒരു തിരിച്ചടിയുടെ മുഖത്ത് നില്‍ക്കുമ്പോഴാണ് വീണ്ടും പശുവില്‍ അഭയം പ്രാപിക്കാന്‍ യോഗിയും മോദിയും തീരുമാനിച്ചിരിക്കുന്നതെന്ന് വേണം കരുതാന്‍. പക്ഷെ രാജ്യം ഫാസിസ്റ്റുകളുടെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മോദി തരംഗം ആഞ്ഞടിച്ചുവെന്ന അവകാശവാദമുന്നയിക്കപ്പെടുന്ന 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പോലും രാജ്യത്ത് പകുതിയിലധികം ജനങ്ങളും ഫാസിസ്റ്റ് വിരുദ്ധ പക്ഷത്തായിരുന്നു. എന്നാല്‍ ഹിന്ദുത്വ വാദികളുടെ വോട്ടുകള്‍ ഏകോപിക്കപ്പെട്ടപ്പോള്‍ മതേതരവോട്ടുകള്‍ ചിതറിപ്പോവുകയായിരുന്നു.
പശുവിന്റെ പേരിലുള്ള പുതിയ കൊലപാതകങ്ങള്‍ വര്‍ഗീയ വിരുദ്ധ വികാരം ആളിക്കത്തിക്കുക തന്നെ ചെയ്യും. രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന മതേതര കക്ഷികളുടെ ഐക്യത്തിനുള്ള ശ്രമങ്ങള്‍ക്ക് ഇത് ആക്കം കൂട്ടം. കുറച്ചുപേരെ കുറേ കാലേത്തക്കും കുറേ പേരെ കുറച്ചുകാലത്തേക്കും വിഡ്ഢികളാക്കാം. പക്ഷേ എല്ലാവരേയും എല്ലാ കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന സത്യം മോദി, യോഗി ഭരണകൂടങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.