Connect with us

Sports

അര്‍ജന്റീനയുടെ കളിയെപ്പറ്റി ആറു കാര്യങ്ങള്‍

Published

on

മുഹമ്മദ് ഷാഫി

1. ക്രൊയേഷ്യക്കെതിരായ കളിയില്‍ സാംപോളി കളിപ്പിക്കാന്‍ മടിച്ച രണ്ടു താരങ്ങളാണ് (എവര്‍ ബനേഗ, റോഹോ) നൈജീരിയക്കെതിരായ ഗോളുകളില്‍ പ്രധാന പങ്കുവഹിച്ചത്. ക്ലാസിക് ശൈലിയിലുള്ള ബനേഗയാണ് അര്‍ജന്റീനയില്‍ ഇന്ന് ക്രിയേറ്റീവ് റോള്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനായ മിഡ്ഫീല്‍ഡര്‍. പന്ത് ഹോള്‍ഡ് ചെയ്യുന്നു, ഗ്രൗണ്ട് പാസുകളും എയര്‍ബോളുകളും മുന്നിലേക്ക് നല്‍കുന്നു, ബോക്സിന്റെ പരിസരത്തെത്തിയാല്‍ ഗോള്‍ ലക്ഷ്യം വെക്കാന്‍ മടിയുമില്ല. മെസ്സിയെയും മഷരാനോയെയും പോലെ ഇയാളെയും റെഗുലര്‍ സ്റ്റാര്‍ട്ടര്‍ ആക്കി സ്ഥിരം ശൈലി ഒരുക്കാന്‍ സാംപോളി മടിക്കുന്നത് എന്തുകൊണ്ടാണ്? ഈ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ബനേഗ സ്റ്റാര്‍ട്ടിങ് ഇലവനില്‍ വരുന്നത്. ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പ് ജേതാക്കളാകാനും പ്രീക്വാര്‍ട്ടറില്‍ കടുപ്പം കുറഞ്ഞ ഡെന്‍മാര്‍ക്കിനെ കിട്ടാനും കഴിഞ്ഞേനെ. ഏതായാലും ഫ്രാന്‍സിനെതിരെയും ബനേഗയെ തുടക്കം മുതല്‍ കളിപ്പിക്കുമെന്ന് കരുതുന്നു.
മൂന്നംഗ ഡിഫന്‍സ് – ഹോള്‍ഡര്‍മാര്‍ക്ക് കളി രൂപീകരിക്കുന്നതിന്റെ അധികഭാരമുണ്ടെങ്കില്‍ – അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം മോശം ഓപ്ഷനാണെന്ന് ക്രൊയേഷ്യ തെളിയിച്ചു. വശങ്ങളിലൂടെ, വ്യത്യസ്ത യൂണിറ്റുകളായി കളി രൂപപ്പെടുത്താന്‍ പ്രതിഭാസമ്പന്നരായ കളിക്കാര്‍ വേണം. ഫ്രാന്‍സ് അങ്ങനെ കളിച്ചു നോക്കുന്നത് അവര്‍ക്ക് അതിനുള്ള കോപ്പുള്ളതുകൊണ്ടാണ്. ഒറ്റമെന്‍ഡിക്കൊപ്പം റോഹോയെ കൂടി ഇറക്കി നാലംഗ ഡിഫന്‍സ് തന്നെയാണ് പ്രായോഗികം. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇരുവരും ചേര്‍ന്നാല്‍ ബോക്സ് ഏറെക്കുറെ സംരക്ഷിക്കാന്‍ കഴിയും.

2. സ്‌കോര്‍ലൈനില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും എയ്ഞ്ചല്‍ ഡിമരിയ ഇന്നലെ സജീവമായും ആത്മാര്‍ത്ഥമായുമാണ് കളിച്ചത്. മെസ്സിയും മഷരാനോയും പെരസും ചേര്‍ന്ന് കളി വലതുഭാഗത്ത് കേന്ദ്രീകരിക്കുമ്പോള്‍ നേരെ എതിര്‍വശത്ത് ഡിമരിയയുടെ മിന്നല്‍ വേഗത നൈജീരിയക്കാര്‍ക്ക് ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയത്. ബാറില്‍ തട്ടിമടങ്ങിയ മെസ്സിയുടെ ഫ്രീകിക്കിന് കാരണമായത് ഡിമരിയ സമ്പാദിച്ച ഫൗള്‍ കിക്കായിരുന്നു. അക്യൂനയേക്കാള്‍ എന്തുകൊണ്ടും ഫാര്‍ ഫാര്‍ ബെറ്ററാണ് മരിയ. പാവോണിനെ തുടക്കം മുതല്‍ കളിപ്പിക്കാന്‍ തീരുമാനിച്ചാലും രണ്ടാംപകുതിയില്‍ ഇറങ്ങിയാല്‍ ഡിമരിയ കളിയുടെ താളത്തില്‍ വ്യത്യാസമുണ്ടാക്കും. ക്രോസുകളും പാസുകളുമൊക്കെ വന്നോളും.

3. ടൂര്‍ണമെന്റ് തുടങ്ങിയതു മുതല്‍ ആരാധകര്‍ ചോദിക്കുന്ന വലിയ ചോദ്യമാണ് എന്തുകൊണ്ട് ഡിബാലയെ ഉപയോഗിക്കുന്നില്ല എന്നത്. ഇന്നലെയും ഐസ്ലാന്റിനെതിരെയും കളിച്ച ഫോര്‍മേഷനുകളില്‍ മെസ്സിക്ക് വലിയ റോളുണ്ടായിരിക്കെ ഡിബാലക്ക് പ്രസക്തിയും സ്പേസും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ മെസ്സിയെ കുറച്ചുകൂടി ഡീപ് ആയി മധ്യത്തില്‍ കളിപ്പിച്ചു കൊണ്ടുള്ള മൂന്നംഗ ആക്രമണ പദ്ധതി ആവിഷ്‌കരിക്കേണ്ടി വരും. അതിന് മെസ്സി തയ്യാറാകുമോ എന്നതും അതയാളുടെ കളിയെ ബാധിക്കുമോ എന്നതുമാണ് വലിയ ചോദ്യം. മെസ്സിയും ഡിബാലയും സ്പേസ് കവര്‍ ചെയ്യുന്ന കളിക്കാരും ഇടങ്കാലന്മാരുമാണെന്നത് കോച്ചിന്റെ ധര്‍മസങ്കടകമാണ്. മെസ്സിക്ക് റോള്‍ കുറഞ്ഞ ക്രൊയേഷ്യക്കെതിരായ കളിയില്‍ 68-ാം മിനുട്ടില്‍ കളത്തിലെത്തിയിട്ടും ഡിബാലക്ക് എന്തുമാറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്ന് ആരാധകരെങ്കിലും ആലോചിക്കണം. ഒരു പ്രതിഭയെ ഉപയോഗിക്കാതെ നശിപ്പിക്കുന്നു എന്നൊക്കെ പരാതി പറയാം; പക്ഷേ, യാഥാര്‍ത്ഥ്യം കൂടി പരിഗണിക്കണമെന്നു മാത്രം.

4. ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി അര്‍ജന്റീനക്കു വേണ്ടി അരങ്ങേറ്റം നടത്തുകയായിരുന്നുവെന്നത് എനിക്കു മാത്രമല്ല പലര്‍ക്കും പുതിയ അറിവായിരുന്നിരിക്കും. വില്ലി കബായറോ വരുത്തിയ പിഴവു കാരണം അപ്രതീക്ഷിതമായി അവസരം ലഭിച്ചതാണെങ്കിലും അര്‍മാനിയുടെ പ്രകടനം ഡീസന്റ് ആയിരുന്നു; അയാളുടെ ശേഷി പരീക്ഷിക്കാന്‍ നൈജീരിയക്കാര്‍ക്ക് അധികം അവസരം കിട്ടിയില്ല.
ഒരു ‘തുടക്കക്കാരന്റെ’ പരിഭ്രമം അര്‍മാനിയുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും ബോള്‍ കളക്ഷനിലും ഡെലിവറിയിലുമൊക്കെ അയാള്‍ അടിസ്ഥാന കാര്യങ്ങള്‍ പാലിച്ചു. ഇടതുബോക്സിനു പുറത്ത് ഗോമസിന് പന്തുകിട്ടാതിരിക്കാന്‍ നടത്തിയ ഇടപെടലായിരുന്നു കാര്യമായ പരീക്ഷണ നിമിഷം. അതിലയാള്‍ വിജയിച്ചു. കബായറോ ആയാലും അര്‍മാനി ആയാലും ഇനി ഗുസ്മാന്‍ ആണെങ്കിലും ഫ്രാന്‍സ് ഗോള്‍കീപ്പറെ പരീക്ഷിക്കരുതേ എന്ന് അര്‍ജന്റീനാ ആരാധകര്‍ക്കു പ്രതീക്ഷിക്കാം. അര്‍ജന്റീനയുടെ മൂന്ന് കീപ്പര്‍മാരുടെയും പ്രായം മുപ്പതിനു മുകളിലാണ്. അടുത്ത ലോകകപ്പില്‍ ങൗരവ ഥീൗിഴലൃ ആയ, അടിമുടി മാറ്റങ്ങളുള്ള ഒരു ടീമിനെയും ഗോള്‍കീപ്പറെയുമാവും നമ്മള്‍ കാണുക എന്ന് പ്രതീക്ഷിക്കാം.

5. മഷരാനോയെയും മെസ്സിയെയും പറ്റി ഞാന്‍ ഇനി പറയേണ്ടതില്ല. വല്ലാത്ത പോരാട്ടവീര്യമാണ് രണ്ടാളും കാഴ്ചവെച്ചത്. ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞത് മെസ്സിയുടെ ആത്മവിശ്വാസം കൂട്ടി. ഗോള്‍ വഴങ്ങിയിട്ടും മെസ്സിയുടെ ശരീരഭാഷയില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നു മാത്രമല്ല, കളി അവസാനത്തോടടുത്ത ഘട്ടങ്ങളില്‍ അയാള്‍ പൊസിഷന്‍ വിട്ടിറങ്ങി പന്ത് നേടാനും നല്‍കാനും തയ്യാറായി.
ഉയരക്കാരും ബലിഷ്ഠരുമായ എതിരാളികളെ നേരിടാന്‍ മഷരാനോ തന്റെ പരിചയ സമ്പത്ത് മുഴുവനും ഉപയോഗപ്പെടുത്തി. മുഖത്ത് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന മഷെ ആരാധക മനസ്സുകളില്‍ ദീര്‍ഘകാലം തങ്ങിനില്‍ക്കുന്ന ചിത്രമാവും. മഷരാനോ വഴങ്ങിയ പെനാല്‍ട്ടിയില്‍ റഫറിക്ക് പിഴച്ചു എന്നുതന്നെ ഇപ്പോഴും കരുതുന്നു. റിക്കവറിയിലും ഡിഫന്‍സിലും മെസ്സിയെ സഹായിക്കുന്നതിലുമെല്ലാം മഷെ മികച്ചുനിന്നിരുന്നു.

6. അടുത്ത മത്സരത്തെപ്പറ്റി പ്രവചനമൊന്നും നടത്താനില്ല. മത്സരത്തിലെ അണ്ടര്‍ഡോഗ്സ് അര്‍ജന്റീന ആണെന്നുമാത്രം പറയാം. മിഡ്ഫീല്‍ഡില്‍ കരുത്തരായ ഫ്രാന്‍സിനെതിരെ കൃത്യമായ ആസൂത്രണ ഗെയിം കൊണ്ടേ കാര്യമുള്ളൂ. 4-4-2 അല്ലെങ്കില്‍ മെസ്സിയെ ഫീഡര്‍ റോളില്‍ നിര്‍ത്തിയുള്ള 4-2-3-1 ആയിരിക്കും നല്ലതെന്ന് തോന്നുന്നു. ഇതുവരെ തിളങ്ങാത്ത ഹിഗ്വയ്ന്‍ കൂടി ഫോം വീണ്ടെടുക്കുക അനിവാര്യമാണ്.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.