Connect with us

Culture

തുളസിത്തോട്ടവും കഞ്ചാവ് ചെടിയും

Published

on

സക്കീര്‍ താമരശ്ശേരി

തുളസിത്തോട്ടത്തിലെ കഞ്ചാവ് ചെടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ വിശേഷിപ്പിക്കാന്‍ ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉപയോഗിച്ച വാക്കാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വാക്‌പോരും മുറുകിക്കഴിഞ്ഞു ആന്ധ്രാ രാഷ്ട്രീയത്തില്‍. തികച്ചും വ്യത്യസ്തമാണ് ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ രംഗം. പ്രാദേശിക കക്ഷികളുടെ സമഗ്രാധിപത്യം. പണക്കൊഴുപ്പും താരപ്പൊലിമയും വേണ്ടുവോളം. ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും (ടി.ഡി.പി) മുഖ്യപ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമല്‍സരം. ഡല്‍ഹിയില്‍ അധികാരത്തിനായി പോരാടുമ്പോഴും ആന്ധ്രയില്‍ സാന്നിധ്യമറിയിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 25 ആയി ചുരുങ്ങിയ സംസ്ഥാനത്ത് 2014 ല്‍ 15 സീറ്റ് നേടിയാണ് ടി.ഡി.പി കരുത്ത് തെളിയിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എട്ടു സീറ്റ്. ടി.ഡി.പി സഖ്യത്തിലായിരുന്ന ബി.ജെ.പി രണ്ടിടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല. ഏപ്രില്‍ 11 ന് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ചാണ് ആന്ധ്രയില്‍ തെരഞ്ഞെടുപ്പ്.

പ്രശ്‌നം ഗുരുതരം
ഒരു പ്രതാപകാലത്തിന്റെ അയവിറക്കലിലാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടിലധികം ആന്ധ്ര ഭരിച്ച പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതനം പൂര്‍ണം. ആന്ധ്രയെ വിഭജിച്ച യു.പി.എ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ സമ്മാനം. 2004 ലും 2009 ലും യു.പി.എ സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ആന്ധ്രയിലെ മുന്നേറ്റം. 1998ല്‍ 22 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലൊതുങ്ങി. എന്നാല്‍ 2004 ല്‍ 29 സീറ്റും 2009 ല്‍ 33 സീറ്റും നേടി ഗംഭീര തിരിച്ചുവരവ്. 2009 ല്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണവും 2013 ലെ സംസ്ഥാന വിഭജനവും നേതൃദാരിദ്ര്യവും പിന്നീടു പാര്‍ട്ടിയെ തളര്‍ത്തി. ഫലം, 2014 ല്‍ വട്ടപ്പൂജ്യം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മുന്‍മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുള്‍പ്പെടെ ചിലര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഭരണകക്ഷിയായ ടി.ഡി.പിയുമായി ദേശീയ തലത്തില്‍ കൈകോര്‍ക്കുമ്പോഴും സംസ്ഥാനത്ത് നേര്‍ക്കുനേര്‍ പോരാട്ടം.

ബി.ജെ.പിക്ക് ഷോക്ക്
ബി.ജെ.പി.യും ആന്ധ്രയില്‍ പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തുന്നില്ല. കഴിഞ്ഞ തവണ ടി.ഡി.പി. സഖ്യത്തില്‍ രണ്ടു സീറ്റുകളില്‍ ജയിക്കാനായി. 1998 ല്‍ നാലു സീറ്റില്‍ ജയിച്ച ബി.ജെ.പി 1999 ല്‍ ഏഴു സീറ്റാക്കി നില മെച്ചപ്പെടുത്തി. എന്നാല്‍ 2004 ലും 2009 ലും ഒരു സീറ്റു പോലും നേടാനായില്ല. 2014 ല്‍ മോദി തരംഗത്തിലും ജയിക്കാനായത് രണ്ടു സീറ്റില്‍ മാത്രം. എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പിന്‍മാറാനുള്ള ടി.ഡി.പി തീരുമാനം ബി.ജെ.പിക്ക് ഷോക്കാവും. വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ചാക്കിലാക്കാന്‍ ശ്രമം നടന്നെങ്കിലും വിലപ്പോയില്ല. അതോടെ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇക്കുറി ഒരിടത്തുപോലും ബി.ജെ.പി പച്ചതൊടില്ലെന്നാണ് വിലയിരുത്തല്‍.

വൈ.എസ്.ആര്‍
എന്ന മൂന്നക്ഷരം
മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്റ്റംബറില്‍ വൈ.എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണമായത്. മുഖ്യമന്ത്രി പദത്തിനായി രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി ഉന്നയിച്ച അവകാശവാദം കോണ്‍ഗ്രസ് തള്ളി. തുടര്‍ന്ന് ധനകാര്യമന്ത്രി കെ. റോസയ്യയെ മുഖ്യമന്ത്രിയാക്കി. വൈകാതെ 2011ല്‍ ജഗന്‍മോഹന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടി മല്‍സരിച്ച ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (2014) എട്ടു സീറ്റുകള്‍ നേടി കരുത്തുതെളിയിച്ചു. പിന്നീട് കിങ് മേക്കറായി ജഗന്‍ വളര്‍ന്നു.

ചില്ലറയല്ല വെല്ലുവിളി
ആധിപത്യം നിലനിര്‍ത്താനുള്ള ടി.ഡി.പിയുടെ ശ്രമങ്ങള്‍ക്ക് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. സംസ്ഥാനത്തു നിറഞ്ഞുനില്‍ക്കുന്ന ജഗന്‍, നായിഡുവിന് തലവേദന സൃഷ്ടിച്ചുകഴിഞ്ഞു. തെലങ്കാന വിഭജനമാണ് ഇതില്‍ പ്രധാനം. സംസ്ഥാന ഭരണത്തിനെതിരായ വികാരവും ആളിക്കത്തിക്കുന്നുണ്ട്. രാജ്യത്തെ അതിസമ്പന്നരില്‍ ഒരാളായ ജഗന്‍ സാധാരണക്കാരന്റെ പരിവേഷമിട്ടാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. വന്‍ വാഗ്ദാനങ്ങളുമായാണ് ജഗന്റെ പ്രചാരണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 45 വയസ്സു കഴിഞ്ഞ ഓരോ സ്ത്രീക്കും 75,000 രൂപ, സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് 50 ശതമാനം സംവരണം, പിന്നാക്കവിഭാഗ കമ്മിഷന് നിയമപരമായ അംഗീകാരം എന്നിങ്ങനെ പിന്നാക്കവിഭാഗക്കാരെ കൂടെ നിര്‍ത്താന്‍ കൈവിട്ട കളികള്‍. നായിഡുവിന് നിങ്ങള്‍ എത്രയോ അവസരം കൊടുത്തു, ഇനിയിപ്പോള്‍ ഒരവസരം എനിക്കു തരൂ- ഇതാണ് 48കാരനായ ജഗന്റെ അപേക്ഷ. രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനും മുന്‍ മന്ത്രിയുമായ വൈ.എസ് വിവേകാനന്ദ റെഡ്ഡിയെ മാര്‍ച്ച് 15 ന് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും പ്രചാരണ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആവശ്യം.

ജഗജില്ലന്‍
ആസ്തി 375 കോടി രൂപ. ക്രിമിനല്‍ കേസ് 31. ജഗന്‍മോഹന്‍ റെഡ്ഡി നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കാണിത്. ഭാര്യയുടെയും (124 കോടി) 2 പെണ്‍മക്കളുടെയും (6.5, 4.6 കോടി വീതം) സ്വത്തുക്കള്‍ കൂടി ചേരുമ്പോള്‍ ആകെ 510 കോടി. 2014 ല്‍ ഇത് 416 കോടിയായിരുന്നു. ഭാര്യയുടെ ആസ്തിയില്‍ 3.5 കോടിയിലേറെ വില വരുന്ന 5.86 കിലോ സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്നു. കടപ്പ ജില്ലയിലെ പുലിവെന്തുല മണ്ഡലത്തില്‍ നിന്നാണ് ജഗന്‍ ജനവിധി തേടുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന അഴിമതി, കള്ളപ്പണക്കേസുകളും ജഗനെതിരെയുണ്ട്.

നെഞ്ചിടിപ്പേറി നായിഡു
ഒരു പരീക്ഷണഘട്ടത്തിലാണ് ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ക്കെതിരെ മല്‍സരിച്ച് കരുത്തുതെളിയിക്കേണ്ട അവസ്ഥ. നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി-ഇടത്-ബി.എസ്.പി സഖ്യവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം വന്‍ പരാജയമായി. പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ടു. മോദിക്കും ബി.ജെ.പിക്കുമെതിരെ പ്രതിപക്ഷ ഐക്യത്തിന് മുഖ്യപങ്ക് വഹിക്കണം. വ്യക്തിപ്രഭാവം അവസാനിച്ചിട്ടില്ലെന്ന അറിയിക്കാന്‍ മികച്ച വിജയം അനിവാര്യം. 1998 ല്‍ 12 സീറ്റും 1999 ല്‍ 29 സീറ്റും നേടിയ ടി.ഡി.പി 2004 ല്‍ അഞ്ചും 2009 ല്‍ ആറും സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍ 2014ല്‍ 15 സീറ്റ് നേടി കരുത്ത് കാട്ടി. കഴിഞ്ഞ തവണ നേടിയ വിജയം ആവര്‍ത്തിക്കുക ടി.ഡി.പിക്ക് വലിയ വെല്ലുവിളി തന്നെ.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.