Connect with us

Features

അരീക്കോട് പി.വി ഉപസംഹരിച്ചു

ആശയില്ലാത്തത് കൊണ്ട് എനിക്ക് നിരാശയമുണ്ടായിട്ടില്ല. ഒരു സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനു ലഭിക്കാവുന്ന പരമാവധി അംഗീകാരം എനിക്കു കിട്ടിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടേയും നേതാക്കന്മാരുടേയും അളവറ്റ സ്‌നേഹം ലഭിച്ചു. എന്റെ എല്ലാ നേട്ടങ്ങളിലും മുസ്‌ലിംലീഗിന്റെ കയ്യൊപ്പുണ്ട്. ഒരു ബീഡി തൊഴിലാളിയായി ഒതുങ്ങിപ്പോകുമായിരുന്ന എന്നെ ഇന്നു കാണുന്ന പി.വി മുഹമ്മദ് അരീക്കോട് ആക്കിയത് മുസ്‌ലിം ലീഗാണ്.

Published

on

സി.പി സൈതലവി

ഫലിതം പൂക്കുന്നൊരു മരമുണ്ടായിരുന്നു പണ്ട് ചാലിയാറിന്റെ കരയിൽ; അരീക്കോട്ട്. കെ.സി അബൂബക്കർ മൗലവി. മലബാറിലെ കമ്മ്യൂണിസ്റ്റ് വൻമലകളെ വാഗ്വിലാസം കൊണ്ടുവിറപ്പിച്ച പണ്ഡിതൻ. പ്രതിയോഗികളുടെ ആശയക്കോട്ടകളെ നർമം പുരട്ടിയ അസ്ത്രത്താൽ തരിപ്പണമാക്കിയ വാഗ്മി. ആ മരത്തിൻ തണൽചേർന്നാണ് പി.വി മുഹമ്മദ് അരീക്കോട് എന്ന പ്രസംഗകൻ യാത്രയാരംഭിക്കുന്നത്. മതത്തിലും രാഷ്ട്രീയത്തിലും അഗാധമായ അറിവുണ്ടായിരുന്ന, ശൗര്യത്തിലൊട്ടും പിറകിലല്ലാതിരുന്ന എൻ.വി അബ്ദുസ്സലാം മൗലവിയുടെ ആശീർവാദത്തോടെ.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു ബീഡിത്തൊഴിലാളിയിൽനിന്ന് കേരള രാഷ്ട്രീയമാകെ നിറഞ്ഞു കത്തിയ നർമത്തിന്റെയും നിശിത വിമർശനത്തിന്റെയും പ്രതിരൂപമായ പ്രഭാഷകനിലേക്കുള്ള പി.വിയുടെ വളർച്ച അതിവേഗമായിരുന്നു. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യത്തെപ്രതിയുള്ള അതിരറ്റ ആത്മാർത്ഥതയുടെയും വിജയം. പ്രതിസന്ധികളുടെ ഉച്ചക്കൊടുംവെയിൽ താണ്ടാൻ ത്യാഗത്തിന്റെ തലപ്പാവണിഞ്ഞ് സ്വപ്‌നദൂരത്തിലേക്കു കൈവീശി നീങ്ങിയ മുസ്്‌ലിംലീഗിലെ ഒന്നാം തലമുറയുടെ പിന്നാലെ നടന്നവനാണ് പി.വി. വിശപ്പും വിശ്രമവും നോക്കാതെ പച്ചക്കൊടിയുമേന്തി ഏറനാടൻ ഗ്രാമങ്ങളിലൂടെ അലഞ്ഞവൻ.

‘ചൂട് ചുട്ട വെയിലിലും; തോർന്നിടാത്ത മഴയിലും
ഒട്ടുമേ മടിച്ചിടാതെ; ലീഗിൽ ത്യാഗം ചെയ്യുവിൻ
തോക്ക് ടാങ്ക് ബോംബുകൾ; അല്ല നമുക്കായുധം
ഐക്യമൊന്നു മാത്രമാണ് നമ്മുടേക ആയുധം’

നാട്ടിടവഴികളിലൂടെ, വയൽ വരമ്പിലൂടെ പച്ചക്കൊടിയുമേന്തി നടന്നുനീങ്ങുന്ന സംഘത്തിലെ ഏറ്റവുമിളയവൻ, പുത്തൻ വീടൻ മുഹമ്മദ് എന്ന ബാലൻ മെഗാഫോണിലൂടെ ഈണത്തിൽ ചൊല്ലുകയാണ്. തലനരച്ചവർ, തീരെ ചെറിയവർ, ഒത്തയുവാക്കൾ അതേറ്റുപാടുന്നു. സന്ധ്യയണയുന്ന കവലകളിൽ നേതാക്കൾ പ്രസംഗിക്കുന്നു. കേട്ടതത്രയും വായിച്ചതൊക്കെയും മനസ്സിൽ സൂക്ഷിക്കാൻ മുഹമ്മദിനിത് ഒരു പാഠശാലയാവുന്നു. പിൽക്കാലം ജനസഹസ്രങ്ങളെ പിടിച്ചുകെട്ടിയ പ്രതിഭയുടെ കൊടിനാട്ടിയത് ഈ ഓർമശക്തിയിലാണ്. പ്രസിദ്ധ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം.സി വടകര, പി.വിയുടെ മരണത്തിനു മൂന്നു ദിവസം മുമ്പുള്ള ഒരു ദീർഘ സംഭാഷണത്തിനിടെ ഈ ലേഖകനോട് ആ സിദ്ധിയെ ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തി. ‘മുസ്്‌ലിംലീഗ് ചരിത്രത്തിന്റെ ദശാസന്ധികളിൽ’ എന്ന എം.സിയുടെ പ്രഥമകൃതി നേരത്തെ ചെറുഗ്രന്ഥമായി പ്രസിദ്ധീകരിച്ചിരുന്നു. ഒരു ജാഥക്കിടെ പി.വി പറഞ്ഞു. ആ പുസ്തകം മുഴുവൻ തനിക്കു മന:പാഠമാണെന്ന്. എന്റെ സംശയം കണ്ടാവണം; ആദ്യം മുതൽ അവസാനം വരെ പറഞ്ഞു തരട്ടെയെന്ന് എന്നോട് ചോദിച്ചു. എന്നിട്ട് മുഴുവൻ ഭാഗവും ഓർമയിൽ നിന്നെടുത്ത് ഒരു വരിപോലും തെറ്റാതെ ചൊല്ലിക്കേൾപ്പിച്ചു. അത്ഭുതം തന്നെ; ആപുസ്തകം മുഴുവൻ പി.വിക്ക് ഹൃദിസ്ഥമാണ്.

ആർത്തലച്ചു വരുന്നൊരു പേമാരി പോലെ സി.എച്ചിന്റെ പ്രസംഗം തീർന്നാൽ കളമൊഴിയും. അവിടെയാണ് ജനങ്ങളെ തിരിച്ചുവിളിച്ച് മണിക്കൂറുകൾ പി.വി തന്നെക്കേൾപ്പിച്ചത്. ആകാരഗാംഭീര്യവും അധികാര മുദ്രകളും പദവിഭാരങ്ങളുമില്ലാതെ ഒരു സാധാരണക്കാരൻ ഉച്ചഭാഷിണിക്കുമുമ്പിലെത്തുമ്പോൾ ചിരിവിടർന്ന കണ്ണുകളുമായി സമ്മേളന നഗരികൾ എങ്ങുനിന്നോ ഓടിവന്നു നിറയും. ചരിത്രത്തെയും വർത്തമാനത്തെയും കൂട്ടിക്കെട്ടി അന്നന്നത്തെ പത്രവാർത്തകളുയർത്തിക്കാട്ടി ദശാബ്ദങ്ങൾ മുമ്പ് തൊട്ടുള്ള കൃത്യമായ വിലവിവരപട്ടികകൾ ഓർമയിൽ നിന്ന് നിരത്തി നിലക്കാത്ത പൊട്ടിച്ചിരികൾക്കു മധ്യത്തിലൂടെ പി.വി പടർന്നു കത്തും. തീയതിയും പ്രസ്താവനയും ചരിത്ര കഥകളും പാട്ടും കവിതയും മുദ്രാവാക്യവും പിഴവുപറ്റാതെ പ്രസംഗത്തിൽ ഒഴുകിക്കടന്നുപോകും. കോടതിയിൽ തന്റെ കക്ഷിക്കു വേണ്ടി ന്യായവാദങ്ങൾ നിരത്തുന്ന അഭിഭാഷകനെ പോലെ വേദിയിൽ പൊരുതും. അക്കമിട്ടു മറുപടി പറഞ്ഞു പ്രതിയോഗികളെ നിരായുധരാക്കും. സ്വന്തം പാർട്ടി ഭരണത്തിലായാലും പ്രതിപക്ഷത്തായാലും, വേദിയിൽ തനിക്കുമുമ്പ് എത്രപേർ പ്രസംഗിച്ചു പോയാലും പി.വിക്കു ആശയദാരിദ്ര്യമില്ല. വാക്കുകൾക്കായി തപ്പിത്തടയലില്ല. ഒറ്റശ്വാസത്തിൽ ഒരുപാട് ദൂരം താണ്ടുന്ന വാക്പ്രവാഹമാണത്. സംഘടനാ, രാഷ്ട്രീയ പ്രതിസന്ധികളുടെ മൂർധന്യത്തിലാണ് പി.വിയുടെ വാഗ്മിത ദശാവതാരംപൂണ്ടുവരിക. അണികളിൽ ആത്മവിശ്വാസവും നിർഭയത്വവും പകരുന്ന വാക്കുകളാകും. ഏതു സംഘർഷ ഭൂമിയിലും ആരെയും കൂസാതെ കടന്നുചെല്ലും. എതിരാളികൾ പ്രസംഗം തടയുമെന്ന് വെല്ലുവിളിച്ച തട്ടകങ്ങളിൽ കയറി ഉശിരോടെ മറുപടി നൽകും. ‘അരീക്കോട് നിന്ന് താൻ വന്നത് പ്രസംഗിക്കാനാണെങ്കിൽ അതു കഴിഞ്ഞിട്ടെ മടങ്ങുന്നുള്ളു. ആരാണ് തടയുകയെന്ന് കാണട്ടെ’ എന്ന പി.വിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ എതിർപ്പുകൾ പിൻവാങ്ങും. ഇതൊക്കെയാണെങ്കിലും വെല്ലുവിളി പ്രസംഗം കഴിഞ്ഞാലും അതുവരെ കേട്ടു നിന്ന പ്രതിയോഗിയുടെ തോളിൽ കൈവെച്ച് റോഡരികിൽ നിന്ന് തമാശ പറയുന്ന പി.വിയെ കാണാം. അരീക്കോട്ടെ സി.പി.എം കേന്ദ്രമായിരുന്ന ഉദയ ബീഡിക്കമ്പനിയിൽ ചെന്ന് അവരുടെ ബീഡിയെടുത്ത് വലിച്ച് ദേശാഭിമാനിയും വായിച്ച് ഉച്ചത്തിൽ തർക്കിക്കുന്ന പി.വി മറ്റൊരു കാഴ്ച. ശരിക്കും മാളത്തിൽ കയറി അക്രമിക്കുന്ന രീതി. ‘മറുപടിക്കു മറുപടിയുമായി അരീക്കോട് പി.വി മുഹമ്മദ് ആറാം തവണയും മോങ്ങത്ത്’ എന്ന മട്ടിലാകും ചില സ്ഥലങ്ങളിലെ പ്രഭാഷണ നോട്ടീസുകൾ. മതപ്രസംഗ പരമ്പര പോലെ ഒരേ നാട്ടിൽ തുടർച്ചയായ ദിവസങ്ങളിൽ രാഷ്ട്രീയ പ്രസംഗം.

പത്രപാരായണവും വിപുലമായ വായനയും നൽകിയ ഭാഷാജ്ഞാനം പി.വിയെ കേരളത്തിലെ ഏത് പ്രദേശത്തും പ്രസംഗിക്കാൻ പ്രാപ്തമാക്കി. പ്രാസഭംഗിയുള്ള പ്രയോഗങ്ങൾ. ഏറനാടൻ ഫലിതത്തിനു തദ്ദേശ ഭാഷ്യം നൽകിയാവും തിരുവിതാംകൂറിലും മധ്യകേരളത്തിലും അത്യുത്തര മലബാറിലുമെല്ലാം അവതരണം. പഴയ എം.വി.ആർ മാതൃകയിൽ ചോദ്യോത്തര രീതിയിലുള്ള പ്രസംഗവും ജനത്തിനു പിടിച്ചു. മുസ്്‌ലിംലീഗിലെ സംഘടനാ ഭിന്നിപ്പിന്റെ കാലത്തും ശരീഅത്ത് വിവാദം, ഭാഷാസമരം, ബാബരി മസ്ജിദ് തുടങ്ങിയ ഘട്ടങ്ങളിലുമെല്ലാം പ്രസംഗവേദിയിൽ പി.വി ഉറുമി വീശുന്ന പടയാളിയെ പോലെ പൊരുതി. കേരളം മുഴുവൻ ഏറ്റവും കൂടുതൽ തവണ നടന്നു തീർത്ത രാഷ്ട്രീയ പ്രവർത്തകനാകും പി.വി. മുസ്്‌ലിം യൂത്ത് ലീഗ് യുവജന യാത്രയിലും യു.ഡി.എഫ് യാത്രയിലും വിവിധ കാലങ്ങളിലെ സംസ്ഥാന പദയാത്രകളിലും അണിചേർന്നു.

ഖാഇദെമില്ലത്ത്, ബാഫഖി തങ്ങൾ, സി.എച്ച്, ശിഹാബ് തങ്ങൾ, തുടങ്ങിയ മുസ്്‌ലിംലീഗ് നേതാക്കൾ മാത്രമല്ല; കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും കെ.എം മാണിയും ചെന്നിത്തലയുമെല്ലാം പി.വിയുമായി ഉറ്റബന്ധമുള്ളവർ. പി.വിയുടെ മരണവാർത്തയറിഞ്ഞ് എ.കെ ആന്റണി അയച്ച സന്ദേശം ആ സൗഹൃദത്തിന്റെ അടയാളമായിരുന്നു.

1960 മുതൽ കേരളത്തിലെവിടെയും റോഡും വൈദ്യുതിയുമൊന്നും എത്തിനോക്കാത്ത ഇരുൾഗ്രാമങ്ങളിലേക്ക് നടന്നുചെന്ന് റാന്തൽവിളക്കിന്റെ വെളിച്ചത്തിൽ പ്രസംഗിച്ചു. ആ രാത്രിയിൽ തന്നെ അപരിചിതമായ വഴികളിലൂടെ തിരികെ നടക്കുന്ന പി.വിയുണ്ട്. ദൂരെ നിന്നെത്തിയ അതിഥിക്ക് രാത്രിയിലൊന്നു തലചായ്ക്കാനുള്ള സൗകര്യം പോലും നൽകാനാവാത്ത ദരിദ്രരായ പ്രവർത്തകരുടെ ഗ്രാമങ്ങൾ. അങ്ങനെ കഠിനപാതകൾ താണ്ടി പച്ചക്കൊടി പറത്താൻ എത്രയെത്ര ദേശങ്ങളിൽ ചെന്നു. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ എത്രയെത്ര സ്ഥാനാർത്ഥികൾക്ക് ആ പ്രസംഗം വിജയമുറപ്പിച്ചു. അതോർത്ത് പി.വിയെ പിന്നീട് ചേർത്തുപിടിച്ചവരുണ്ടാകും, പാടെ മറന്നവരും. ഒരു കാലം സി.പി.എം സ്വാധീനമേഖലയായിരുന്ന മങ്കടയിലും പെരിന്തൽമണ്ണയിലുമൊക്കെ 1980കളിൽ മാസങ്ങളോളം സ്ഥിരതാമസമാക്കി ഒറ്റബെഞ്ചിലുറങ്ങി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയിരുന്ന പി.വിയെ കണ്ടിട്ടുണ്ട്. തന്നിലുമിളയവരെത്രയോ ഉന്നതങ്ങളിലേക്ക് കയറിപോകുമ്പോഴും പരിഭവമന്യെ പി.വി പ്രസംഗം തുടരുകയായിരുന്നു. താൻ നടന്നുനടന്നു കൊടിപറത്തിയ പറഞ്ഞുപറഞ്ഞു പ്രചരിപ്പിച്ച പ്രസ്ഥാനത്തിനായി പിന്നെയും പി.വി നടത്തം തുടർന്നു. 82 വയസ്സുവരെ. 2021 സെപ്തംബർ 25 വരെ. സംഘടനാ ജീവിതത്തിലെന്നും സി.എച്ചിനു പിന്നിൽ നിലയുറപ്പിച്ച പി.വി സി.എച്ചിന്റെ സ്മരണാദിനത്തോടുചേർന്ന് അരങ്ങിൽ നിന്ന് മറഞ്ഞു. ഇരുപതിനായിരം പ്രസംഗമെങ്കിലും ചെയ്ത ആറു പതിറ്റാണ്ടിന്റെ പര്യടനം തീർന്നു.
ഉപസംഹരിക്കും മുമ്പ് ആ ഓർമപാതയിൽ വെച്ചു പി.വി പല നേരങ്ങളിൽ പറഞ്ഞ ജീവിത കഥയിങ്ങനെ:

”ഞാൻ ആദ്യമായി കാണുന്ന മുസ്‌ലിംലീഗ് നേതാവ് കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന (1946) കാലമായിരിക്കണം അത്. അദ്ദേഹം കാവനൂരിൽ വന്നതാണ്. ഞാനന്നു ചെറിയകുട്ടിയാണ്. മുതിർന്നവർ പറയുന്നതുകേട്ട് നിങ്ങളാണോ കൊയപ്പത്തൊടി എന്നു ചോദിച്ചു. ചുറ്റും കൂടി നിന്നവരിൽ അതൊരമ്പരപ്പുണ്ടാക്കി. എന്നാൽ അദ്ദേഹം എന്നെ വിളിച്ചുമടിയിൽ ഇരുത്തി, എന്നിട്ട് ഒരു പഴം തന്നു. അതാണ് മുസ്‌ലിംലീഗിൽ നിന്ന് എനിക്ക് ആദ്യമായി കിട്ടുന്ന സമ്മാനം. കാവനൂരിൽ നിന്ന് കുടുംബം 1950 ൽ അരീക്കോട്ടേക്കു മാറി. 1952 ലെ തെരഞ്ഞെടുപ്പ് മുതൽ ഞാൻ മെഗാഫോണിലൂടെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെ കാവനൂരിലെ സമ്മേളനത്തിലേക്കുള്ള ഒരു ജാഥയിൽ നല്ല ശബ്ദമുള്ളതുകൊണ്ട് മുദ്രാവാക്യം വിളിച്ചുകൊടുക്കാൻ എന്നെ കൂട്ടി. മുദ്രാവാക്യം വിളിക്കുന്നവർ ബെൽറ്റ് പോലെ ഒരു പച്ചപട്ട അണിയുമായിരുന്നു. രാത്രിയാണ് സമ്മേളനം. പി.എം.എസ്.എ പൂക്കോയ തങ്ങളാണ് പതാക ഉയർത്തുന്നത്. ബാഫഖി തങ്ങൾ, സീതി സാഹിബ്, സി.എച്ച്, എൻ.വി അബ്ദുസ്സലാം മൗലവി തുടങ്ങിയവരെല്ലാം ഉണ്ട്. ആ യോഗത്തിൽ പാട്ടുപാടാനാവശ്യപ്പെട്ടു കാവനൂർ സൈതലവി ഹാജി എന്നെ സ്‌റ്റേജിലേക്കു കൊണ്ടുപോയി. മുസ്‌ലിംലീഗ് വേദിയിൽ ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നത് അതാണ്, പതിമൂന്നാം വയസ്സിൽ. ‘സയ്യിദരാം ബാഫഖി തങ്ങൾ പറയുമ്പോലെ, സംഘടിച്ചുനിൽക്കുവിൻ മുസ്‌ലിംലീഗിനു പിന്നാലെ… എന്ന് തുടങ്ങുന്ന തെരഞ്ഞെടുപ്പ് ഗാനമാണ് പാടിയത്.

അന്നുമുതൽ മുസ്‌ലിം ലീഗ് ജാഥകളിലെ സ്ഥിരം മുദ്രാവാക്യം വിളിക്കാരനായി. കൂടെ ഇലക്ഷൻ പ്രചാരണവും.

ജ്യേഷ്ഠൻ പി.വി മൊയ്തീൻകുട്ടിയും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്നു. അരീക്കോട് ആദ്യമായി യൂത്ത് ലീഗ് കമ്മിറ്റി രൂപീകരിച്ചപ്പോൾ പ്രസിഡന്റായിരുന്നു ജ്യേഷ്ഠൻ. കെ മുഹമ്മദലി സെക്രട്ടറിയും. തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞതോടെ ഞാൻ ബീഡി തെറുപ്പ് തൊഴിലിലേക്കു തിരിഞ്ഞു. അക്കാലത്ത് നാട്ടിലെ ഭേദപ്പെട്ടൊരു ജോലിയാണത്. കാവനൂരിൽ നിന്ന് താമസം മാറുമ്പോൾ അഞ്ചാംതരത്തിൽ വെച്ച് പഠനവും നിലച്ചിരുന്നു. ബീഡി തെറുപ്പിനൊപ്പം രാവിലെ എല്ലാവർക്കും പത്രം വായിച്ചു കൊടുക്കുന്ന പതിവുമുണ്ട്. അതു കേൾക്കാൻ ആളുകൾ ചുറ്റിലുംകൂടും. അന്ന് അഞ്ചു പത്രം മാത്രമാണ് ആകെ നാട്ടിൽ വന്നിരുന്നത്. അതിൽ ഒരെണ്ണം എന്റെ പിതാവ് കടയിൽ വരുത്തിച്ചിരുന്ന ‘ചന്ദ്രിക’യായിരുന്നു. അന്നത്തെ മുഖ്യ വാർത്താ വിനിമയ സംവിധാനം പത്രമാണ്.

1954 ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പിൽ കൊരമ്പയിൽ അഹമ്മദ് ഹാജിയും എ.പി മോയിൻസാഹിബും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെടുപ്പ് സമയത്ത് പല പ്രദേശത്തേക്കും ജാഥയിൽ മുദ്രാവാക്യം വിളിക്കാൻ ക്ഷണമുണ്ടാകും. നിമിഷ കവികളുടെ മട്ടിൽ അപ്പപ്പോൾ കെട്ടിയുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ ആളുകൾക്ക് രസിച്ചുതുടങ്ങിയതു കൊണ്ടാകും.

മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി വളരെ സാധാരണക്കാരനായ മോയിൻ സാഹിബായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കൊരമ്പയിലിനെതിരായി മുദ്രാവാക്യം വിളിച്ചതും മെഗാഫോണിന്റെ തകരം തട്ടിവായിൽ മുറിവുണ്ടായി കുറച്ചുകാലം സംസാരിക്കാൻ പോലും കഴിയാതെയാതുമെല്ലാം അദ്ദേഹത്തോടുതന്നെ പിൽക്കാലം പറഞ്ഞു ചിരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയാണു വിജയിച്ചത്.

പണിയും തരവും നോക്കാതെ രാപകലില്ലാതെ രാഷ്ട്രീയ പ്രവർത്തനവുമായി നടക്കുമ്പോഴും വീട്ടിൽനിന്നു കാര്യമായ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. പിതാവ് അരീക്കോട് കൊഴക്കോട്ടൂരിലെ പുത്തൻവീടൻ അഹമ്മദ് 1921ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ഒമ്പതു വർഷം ആന്തമാനിലെ ജയിലിൽ കിടന്നു തിരിച്ചെത്തി കച്ചവടക്കാരനായതാണ്. അതുകൊണ്ട് ഉപ്പാക്ക് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ആ മനോഭാവമറിയുന്നതിനാൽ ഉമ്മ പാത്തുമ്മയും മറുത്തൊന്നും പറയാതെ ഈ കുട്ടിരാഷ്ട്രീയക്കാരനു ഭക്ഷണം വിളമ്പും.

1957ലെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ പി.പി ഉമ്മർകോയ (കോൺ), നീലാമ്പ്ര മരക്കാർ ഹാജി, എം. ചടയൻ (ലീഗ്), കുഞ്ഞമ്പു എന്നിവരായിരുന്നു മത്സര രഗത്ത്. ജനറൽ സീറ്റിലേക്ക് പി.പി ഉമ്മർകോയ വിജയിച്ചു. സംവരണ സീറ്റിൽ എം. ചടയനും. വണ്ടൂരുൾപ്പെടെയുള്ള മഞ്ചേരി ദ്വയാംഗ മണ്ഡലത്തിൽ കോൺഗ്രസിന് സ്വാധീനം കൂടുതലുണ്ടായിരുന്നു. മൂവായിരത്തോളം വോട്ടിനായിരുന്നു മരക്കാർഹാജി പരാജയപ്പെട്ടത്.

അന്നെല്ലാം മുദ്രാവാക്യം വിളിയും ചുമരെഴുത്തുമൊക്കെയാണ് എന്റെ കാര്യമായ പണി. വിമോചനസമരം കഴിഞ്ഞുള്ള 1960ലെ മുക്കൂട്ട് മുന്നണി തെരഞ്ഞെടുപ്പിലാണ് ഞാനൊരു പ്രസംഗകനാകുന്നത്. ചെമ്രക്കാട്ടൂർ മഠത്തിൽ മമ്മുണ്ണിഹാജിയുടെ പീടിക കോലായിയിൽ നടന്ന പൊതുയോഗത്തിൽ വെച്ച് എൻ.വി അബ്ദുസ്സലാം മൗലവി പറഞ്ഞു; മുഹമ്മദേ നീയിവിടെയൊന്ന് പ്രസംഗിക്ക്, വെറും മുദ്രാവാക്യം വിളിയുമായി നടന്നാൽ പോരാ. അതായിരുന്നു എന്റെ ആദ്യ പ്രസംഗവും പിൽക്കാലത്തെ പ്രസംഗയാത്രയിലേക്കുള്ള പ്രവേശവും.

1961ലായിരുന്നു വിവാഹം. ഭാര്യ ഖദീജയുടെ വീട് എളയൂരിൽ. പ്രധാനമായും രാഷ്ട്രീയവും പാട്ടും വൈകുന്നേരം ഫുട്‌ബോൾ കളിയും മറ്റുമായി ഊരുചുറ്റുന്ന കാലമാണത്.

1962 പാർലമെന്റ് തെരഞ്ഞെടുപ്പ്, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ് മണ്ഡലത്തിൽ വരാതെ തെരഞ്ഞെടുപ്പിനെ നേരിട്ട സമയം. റമസാൻ മാസത്തിലായിരുന്നു. പകൽ പ്രകടനത്തിനും പൊതുയോഗം നടത്താനുമൊന്നും കഴിയില്ല. നോമ്പ് തുറന്നതിനു ശേഷം അത്താഴച്ചോറിന്റെ സമയം വരെ തെരഞ്ഞെടുപ്പ് പ്രചാരണവും മുദ്രാവാക്യവും ജാഥയുമായി പോകും. ഒരു ‘ഇബാദത്ത്’ പോലെയായിരുന്നു അത്. റമസാൻ 18നു തെരഞ്ഞെടുപ്പ് വരുന്നത് മുസ്‌ലിം വോട്ടർമാർക്ക് പ്രയാസമുണ്ടാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ബന്ധുവീട്ടിലെ ഒന്നാം നോമ്പ് സൽക്കാരത്തിനിടയിൽ നിന്നാണ് തൃപ്പനച്ചിയിലേക്ക് ജാഥയിൽ മുദ്രാവാക്യം വിളിച്ചു പോയതും പ്രസംഗിച്ചതുമെല്ലാം. മുസ്‌ലിംലീഗ് നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. രാപകലില്ലാതെ രാഷ്ട്രീയം പറഞ്ഞു എതിരാളികളോട് പടവെട്ടി നടക്കുകയാണാ കാലം. ഖാഇദെ മില്ലത്ത് മണ്ഡലത്തിൽ വരുന്നത് വിജയിച്ചതിനു ശേഷമാണ്. അരീക്കോട് അദ്ദേഹത്തിന് ഒരു ഗംഭീര സ്വീകരണമൊരുക്കിയിരുന്നു. കൊണ്ടോട്ടി അരീക്കോട് ജങ്ഷനിലെ പള്ളിയിലായിരുന്നു മഗ്‌രിബ് നിസ്‌കാരം. അദ്ദേഹത്തിന്റെ രീതിയനുസരിച്ച് ചെറിയ ഹൗളിൽ നിന്ന് വുളുഅ് എടുക്കാൻ പ്രയാസം. നേതാവ് ആവശ്യപ്പെട്ടത് പ്രകാരം ഓടിപ്പോയി അടുത്ത വീട്ടിൽ നിന്ന് ഒരു കിണ്ടി എടുത്തുകൊണ്ടുവന്ന് അംഗശുദ്ധിക്കായി വെള്ളം ഒഴിച്ചു കൊടുത്തു. അതൊരു വലിയ ഭാഗ്യമായാണ് കരുതുന്നത്.

അരീക്കോട് ടൗണിലേക്ക് ഖാഇദെ മില്ലത്തിനെ ആനയിച്ചുകൊണ്ടു പോകുമ്പോൾ ഞാനന്നു വിളിച്ചുകൊടുത്ത മുദ്രാവാക്യം അദ്ദേഹം ശ്രദ്ധിച്ചുവെന്നു തോന്നി. ‘മാപ്പിളനാടിനു ജീവൻ നൽകിയ ഖാഇദെ മില്ലത്ത് സിന്ദാബാദ്’. സ്‌റ്റേജിൽ പ്രസംഗിക്കുന്ന സമയത്ത് അദ്ദേഹം അതിന് മറുപടി നൽകി. ‘മാപ്പിള നാടിനു ജീവൻ നൽകിയത് ഞാനല്ല, ഇന്ത്യക്കു തന്നെ ഉയിരുകൊടുത്തത് നിങ്ങളാണ്. ഇന്ത്യയിൽ തന്നെ മുസ്‌ലിംലീഗിന് ജീവൻ നൽകിയ തെരഞ്ഞെടുപ്പാണിത്.’ യു എ ബീരാൻ സാഹിബായിരുന്നു പരിഭാഷകൻ. ചന്ദ്രികയുടെ എം. അലിക്കുഞ്ഞി സാഹിബുമുണ്ട് കൂടെ. പരിപാടി കഴിഞ്ഞ് എൻ.വി അബ്ദുസ്സലാം മൗലവിയുടെ വീട്ടിലായിരുന്നു ഖാഇദേ മില്ലത്ത് താമസിച്ചത്. അദ്ദേഹത്തിന് ‘ഖിദ്മത്ത്’ ചെയ്ത് ഞാനവിടെതന്നെ നിന്നു. പിറ്റേദിവസം വൈകുന്നേരം നാല് മണിക്ക് ചാലിയാറിനു മധ്യത്തിൽ വെട്ടുപാറ വലിയ മണൽപ്പുറത്തൊരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാനായി പോയി.

അന്ന് അവിടേക്ക് റോഡ് ഇല്ല. പൂങ്കുടിയിൽ പാലമില്ലാത്തതിനാൽ തോണിയിൽ വേണം അക്കരെയെത്താൻ. പുഴകടന്ന് അവിടെ ചെല്ലുമ്പോൾ ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്ന കൊലത്തിക്കൽ മമ്മദ്കുട്ടി ഹാജി, ഖാഇദെമില്ലത്തിന് മാലയണിയിക്കാൻ ഒരു കൊമ്പനാനയുമായി നിൽക്കുന്നു. മുമ്പ് രണ്ടാളുടെ മരണത്തിനിടയാക്കിയ ആനയാണ്. അബ്ദുസ്സലാം മൗലവി ഭാര്യാ സഹോദരൻ കൂടിയായ മമ്മദ്കുട്ടി ഹാജിയോട് പറഞ്ഞു; അളിയാ, ഇന്ത്യൻ മുസൽമാന്മാരുടെ നേതാവാണിത്. ആന വല്ല അപകടവും കാണിച്ചാൽ ആര് സമാധാനം പറയും? ഹാജിയാർ പറഞ്ഞു; ഞാനരികിലുണ്ടെങ്കിൽ അവൻ ഒന്നും ചെയ്യില്ല. അങ്ങനെ ഹാജിയുടെ ആജ്ഞക്കൊത്ത് ആ കൊലകൊമ്പൻ അനുസരണയുള്ള കുഞ്ഞിനെപോലെ ഖാഇദെ മില്ലത്തിന് മാലയിട്ടു. പ്രസംഗശേഷം ഫറോക്കിലേക്ക് തോണിയിൽ തന്നെ പോയി. അപ്പോഴൊക്കെയും ഒരു ഖാദിമായി കൂടെ ചെന്നു. ആ ബന്ധം പിന്നീട് മദ്രാസിൽ കച്ചവടവും മറ്റുമായി താമസിച്ചിരുന്ന ഇടക്കാലത്ത് സുദൃഢമായി തുടർന്നു. ആ മഹാനായ നേതാവിന്റെ വീട്ടിൽ ദയാ മൻസിലിൽ പോവുകയും കാണുകയുമൊക്കെ പതിവായി.1962ലെ ഖാഇദെ മില്ലത്തിന്റെ തെരഞ്ഞടുപ്പ് വിജയം മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ വളർച്ചയിലെ വളരെ പ്രധാനമായ നാഴികക്കല്ലാണ്.

അന്ന് കോഴിക്കോട് മത്സരിച്ചിരുന്നത് സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നു. അതുമൊരു റിക്കാർഡ് തന്നെയാണ്. 1957ലെ തെരഞ്ഞെടുപ്പിൽ കെ.എം സീതി സാഹിബ് പരാജയപ്പെട്ടിടത്താണ് സി.എച്ച് അന്ന് വിജയിച്ചത്. എതിർ സ്ഥാനാർത്ഥി കുട്ടികൃഷ്ണൻ നായർ ആയിരുന്നെങ്കിലും ഫലത്തിൽ അന്ന് തോൽപ്പിച്ചത് മഞ്ചുനാഥ റാവുവിനെയാണ്. അന്ന് സി.എച്ചിനെതിരെ ശക്തമായി പ്രവർത്തിച്ചത് മാതൃഭൂമി പത്രമായിരുന്നു. കടപ്പുറത്തു നടന്ന വൻ സ്വീകരണ സമ്മേളനത്തിൽ സി.എച്ച് തെരഞ്ഞെടുപ്പു കാലത്തെ ലീഗ് വിരുദ്ധ പ്രചാരകർക്കു ശക്തമായ മറുപടിയും നൽകി. കാവനൂർ സൈതലവി ഹാജിയുടെ ബൈക്കിലാണ് അക്കാലത്തെ യാത്ര. ആ സമ്മേളനത്തിലും സി.എച്ച് സ്പീക്കർ സ്ഥാനം ഉപേക്ഷിക്കുന്ന പാർട്ടിതീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറ്റിച്ചിറ സമ്മേളനത്തിലും പങ്കെടുക്കാൻ ബൈക്കിൽ പോയിട്ടുണ്ട്. 1965 തെരഞ്ഞെടുപ്പിൽ അരീക്കോട് കൊണ്ടോട്ടി മണ്ഡലത്തിന്റെ ഭാഗമായിരുന്നു. അന്ന് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി എം. മൊയ്തീൻ കുട്ടി ഹാജിയാണ്. അദ്ദേഹം വിജയിച്ചു. എന്നാൽ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാതായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനും കോൺഗ്രസ്സ് പി.ടി ചാക്കോ വിരുദ്ധ മുന്നണി വന്നതിനും ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. രാഷ്ട്രീയപരമായി നേട്ടമുണ്ടാക്കാൻ കഴിയുന്ന ഒരു നിലപാടാണ് ആ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്വീകരിച്ചത്.

1967 ആയപ്പോഴേക്ക് നോട്ടീസിൽ പേര് വെക്കുന്ന തരത്തിലുള്ള ഒരു പ്രാസംഗകനായി മാറിയിരുന്നു. അന്ന് കൊണ്ടോട്ടി മണ്ഡലത്തിൽ സയ്യിദ് ഉമർ ബാഫഖി തങ്ങളായിരുന്നു സ്ഥാനാർത്ഥി. സി.എച്ചുമായി കൂടുതൽ അടുത്തത് ഈ തെരഞ്ഞെടുപ്പോടെയാണ്. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിം ലീഗ് ഭരണ പങ്കാളിത്തം നേടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. സപ്തകക്ഷി മുന്നണി തകർന്ന് 1970ൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കൊണ്ടോട്ടിയിലെ സ്ഥാനാർത്ഥിയായിരുന്നു സി.എച്ച്. ആ സമയത്ത് ഞാൻ മദ്രാസിൽ നിന്ന് കച്ചവടം ഉപേക്ഷിച്ച് അരീക്കോട്ടേക്ക് വന്നു. പിന്നീട് മരണം വരെ സി.എച്ചുമായി ബന്ധം തുടർന്നു.

ഉപതെരഞ്ഞെടുപ്പിൽ പാർലമെന്റിൽ പോയതിന് ശേഷമാണ് സി.എച്ച് വീണ്ടും കേരള നിയമസഭയിലേക്കു വരുന്നത്. കൊണ്ടോട്ടി എം.എൽ.എയും മന്ത്രിയുമായിരുന്ന സമയത്താണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കാനുള്ള ആലോചന വരുന്നത്. അതിൽ മണ്ഡലത്തിൽ നിന്നുള്ളവർ എന്ന നിലയിൽക്കൂടി ഞങ്ങൾക്കുള്ള മന:പ്രയാസം ബാഫഖി തങ്ങളുടെയടുത്ത് പോയിപറഞ്ഞു. പഴേരി മുഹമ്മദ് ഹാജി, അരിമ്പ്ര ബാപ്പു, കാരാട്ട് മുഹമ്മദാജി, കാവനൂർ സൈതലവി ഹാജി എന്നിവരെല്ലാമുണ്ടായിരുന്നു. സി.എച്ച് പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പിനെ നേരിടുമ്പോളാണ് ബാഫഖി തങ്ങളുടെ മരണം. പിന്നീട് പാണക്കാട് പൂക്കോയ തങ്ങൾ പ്രസിഡണ്ടായി. കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസ് തൊഴിലാളി സമ്മേളനത്തിൽ വെച്ച് യു.പി ഉപതെരഞ്ഞെടുപ്പിന്റെ ഫണ്ട് ഏൽപ്പിക്കുന്ന പരിപാടിയിലേക്ക് സി.എച്ച് പോകുമ്പോൾ കൂടെ പോയിരുന്നു. അത് സംഘടനക്കുള്ളിലെ ഒരു നിർണായക ഘട്ടമാണ്. സി.എച്ച് എന്നോട് മനസ് തുറന്നു.

സി.എച്ചിന്റെ പ്രസംഗങ്ങളും പ്രയോഗങ്ങളും കേട്ടാണ് ഞങ്ങളൊക്കെ പ്രസംഗകരാകുന്നത്. തനിക്ക് രാഷ്ട്രീയപരമായി ഏറ്റവും വലിയ അംഗീകാരം കിട്ടിയത് സി.എച്ചിൽ നിന്നാണ്. സി.എച്ചിന്റെ പല ഉപദേശങ്ങളും രാഷ്ട്രീയ ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. അദ്ദേഹം പ്രധാനമായും പറയുന്നൊരു കാര്യമാണ് പൊതുയോഗത്തിൽ അവസാനത്തെ പ്രസംഗകനാകണമെന്ന്. എല്ലാവരുടെയും പ്രസംഗം കേട്ടുകഴിഞ്ഞാൽ അതുവരെ ആരും പറയാത്ത മറ്റൊരഭിപ്രായം അവതരിപ്പിക്കാൻ കഴിയുമെന്നതാണ് അതിന്റെ ഗുണം. അത് എനിക്ക് വലിയ പ്രയോജനം ചെയ്തിട്ടുണ്ട്. സി.എച്ചിനെ കേൾക്കാൻ അവസാനം വരെ ആളുകൾ കാത്തിരിക്കുമായിരുന്നു. സി.എച്ച് എന്നോടും പറഞ്ഞു, പിവീ നിന്നെ കാത്ത് ആളുകൾ നിൽക്കുന്ന സമയം വരുമെന്ന്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലൊക്കെ ശരാശരി ഒരു അസംബ്ലി മണ്ഡലത്തിൽ 35 എന്ന തോതിൽ ഏഴ് മണ്ഡലത്തിൽ പ്രസംഗം വരും. അത് രാവിലെ എട്ട് മണി മുതൽ രാത്രി രണ്ട് മണി വരെയൊക്കെ തുടരും. കാളികാവിൽ പാതിരാ കഴിഞ്ഞ് രണ്ടു മണിക്കും പെരിന്തൽമണ്ണ കോടതിപ്പടിയിൽ 12 മണിക്കു ശേഷവും പ്രസംഗിക്കേണ്ടി വന്നു.

നല്ലളത്ത് ‘ഇടത്പക്ഷം ഒരു പോസ്റ്റ്‌മോർട്ടം’ എന്ന വിഷയത്തിൽ മൂന്നുദിവസം ഒന്നര മണിക്കൂർ വെച്ച് തുടർച്ചയായി പ്രസംഗിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം പ്രസംഗിക്കേണ്ടി വന്ന നിരവധി സന്ദർഭങ്ങളുണ്ട്. 1977 ഓമാനൂരിൽ വെച്ച് മുസ്‌ലിം ലീഗ് വളണ്ടിയർമാരുടെ പരേഡ് അവസാനിക്കുന്ന വേദിയിൽ അന്ന് പരിപാടിയിൽ പങ്കെടുക്കേണ്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും യു.എ ബീരാൻ സാഹിബും എത്താൻ വൈകിയതാണ് പ്രസംഗം നീളാൻ കാരണം. പ്രസംഗം തീർന്നതിനു ശേഷം അടുത്തൊരു കടയിൽ തളർന്നു കിടന്നു. അന്ന് പ്രസംഗം കഴിഞ്ഞ് നാട്ടിലെത്താൻ വാഹനമില്ല. ഒരു സ്‌നേഹിതൻ ബൈക്കിൽ വീട്ടിലെത്തിക്കുകയായിരുന്നു.

1954ൽ തെരഞ്ഞെടുപ്പ് ജയിച്ച എ.പി മോയിൻ സാഹിബിനെ ആനയിച്ച് കച്ചേരിപ്പടിയിൽ നിന്ന് നാലുംകൂടിയിടം വരേ മുദ്രാവാക്യം വിളിച്ചു. പ്രകടനത്തിൽ എന്റെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു, ആളെ കാണുന്നില്ല. പാലായി അബൂബക്കർ സാഹിബ് എന്നെ അദ്ദേഹത്തിന്റെ തോളിൽ കയറ്റി. അവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. അത് കഴിഞ്ഞ് മഞ്ചേരി പി.സി.സിയുടെ ലോറിയിലാണ് നാട്ടിലെത്തിയത്.

പാലക്കാട് വലിയങ്ങാടിയിൽ ആർ.എസ്.എസുകാർ നമ്മുടെ പ്രവർത്തകരെ വെട്ടിക്കൊന്നതിനു ശേഷം നടന്ന സമ്മേളനത്തിലേക്ക് അരീക്കോട് നിന്ന് ലോറിയിൽ ജാഥ പോയിരുന്നു. അന്ന് തിരിച്ചുവരുന്ന സമയത്ത് ആനക്കയം ചെക്ക്‌പോസ്റ്റിൽ ഞങ്ങളെ തടയുകയുണ്ടായി.

കണ്ണൂർ കോട്ട മൈതാനിയിലെ മഹാസമ്മേളനത്തിലേക്കും ലോറി ജാഥ പോയിട്ടുണ്ട്. മാഹി അന്ന് ലയിച്ചിട്ടില്ല. യാത്രക്കിടെ വാഹനം തടഞ്ഞുനിർത്തി. എട്ട് ലോറികളായിരുന്നു ജാഥയിലുണ്ടായിരുന്നത്. കൂടെ ഒരു കാറിൽ സഞ്ചരിക്കുകയായിരുന്ന പി.എം അബൂബക്കർ സാഹിബാണ് പ്രശ്‌നം പരിഹരിച്ചത്. അഴിയൂർ മുതൽ മാഹി പാലം വരെ മുദ്രാവാക്യം വിളിക്കാതെ ജാഥ കടന്നുപോയി.

ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് പാർലമെന്റിലേക്ക് മത്സരം തുടങ്ങിയ മുതൽ 1991ലെ അവസാന തെരഞ്ഞെടുപ്പ് വരേ ‘ഗൺമാൻ’ എന്ന് സുഹൃത്തുക്കൾ കളിയാക്കും വിധം കൂടെ യാത്ര ചെയ്തു. ഓരോ പോയിന്റിലും പ്രസംഗിച്ചു.

ഇ അഹമ്മദ് സാഹിബിനൊപ്പം അഞ്ച് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നത് മുതൽ സർട്ടിഫിക്കറ്റ് വാങ്ങുന്ന സമയം വരെ മുഴുവൻ സമയം കൂടെയുണ്ടായിരുന്നു. ഏറ്റവും കൂടുതൽ പ്രസംഗിച്ചതും ആ സമയത്താണ്. മഞ്ചേരി മണ്ഡലത്തിൽ മാത്രം 52 ഇടത്ത് ഞാൻ പ്രസംഗിച്ചിരുന്നു. ഇന്ത്യയിൽ മുസ്‌ലിംലീഗിന് ഏറ്റവും വലിയ അംഗീകാരം ലഭിച്ചിട്ടുള്ള നേതാവായിരുന്നു ഇ അഹമ്മദ് സാഹിബ്. അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്റെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജയം യഥാർത്ഥത്തിൽ പി.വി മുഹമ്മദ് അരീക്കോടിന്റെ പ്രസംഗമാണ്. പിന്നീട് അരീക്കോട് വെച്ചും അദ്ദേഹം അത് ആവർത്തിച്ചു. അന്ന് എം.സി വടകര എന്നോട് ചോദിച്ചു, ഇതിലും വലിയ സർട്ടിഫിക്കറ്റ് വേറെ വേണോ എന്ന്. ഇ അഹമ്മദിനോട് സി.എച്ചിനോടെന്ന പോലെ അടുപ്പമായിരുന്നു. ഞങ്ങൾ ഒരുമിച്ച് കിടക്കുക പോലും ചെയ്തിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമെല്ലാം വലിയ സ്‌നേഹം പകർന്നിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എം.എസ്.എഫുകാരനായിരുന്ന കാലം മുതൽ അടുത്ത സൗഹൃദമാണ്. പ്രായത്തിൽ തന്നേക്കാൾ വളരേ ചെറുപ്പമെങ്കിലും ജീവിതത്തിൽ എനിക്കേറെ സ്‌നേഹവും ഊർജവും പകർന്നുതന്നു. അങ്ങനെ ഓരോ നേതാവും പ്രവർത്തകനും ഞാനുമായി അടുപ്പമാണ്.

ജീവിതത്തിൽ മുസ്‌ലിംലീഗ് പ്രവർത്തനം കൊണ്ട് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു. 1996ലൊക്കെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് വലിയൊരു സംഗതി തന്നെയാണ്. സി.പി.എം ശക്തികേന്ദ്രമായിരുന്ന മേപ്പയൂരിൽ പരാജയപ്പെട്ട് മടങ്ങിയെത്തിയ എന്നെ കണ്ടപ്പോൾ സാരമില്ലെന്ന് ശിഹാബ് തങ്ങൾ സമാധാനിപ്പിച്ചു.

അതിൽ എനിക്ക് യാതൊരു നിരാശയുമില്ല. കാരണം എൻ.വി അബ്ദുസ്സലാം മൗലവി, കെ.സി അബൂബക്കർ മൗലവി, മുഹമ്മദ് മുഹാജിർ സാഹിബ്, എൻ.വി ഇബ്രാഹീം മാസ്റ്റർ, പി.പി അബ്ദുൽഗഫൂർ മൗലവി, മങ്കട അബ്ദുൽ അസീസ് മൗലവി, എം.ഐ തങ്ങൾ, എം.സി വടകര, റഹീം മേച്ചേരി, കൊളത്തൂർ മൗലവി തുടങ്ങിയവരൊന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ലല്ലോ! ആശയില്ലാത്തത് കൊണ്ട് എനിക്ക് നിരാശയമുണ്ടായിട്ടില്ല. അത് തന്നെയായിരിക്കും എന്റെ ആരോഗ്യത്തിന്റെ രഹസ്യവും. ഒരു സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനു ലഭിക്കാവുന്ന പരമാവധി അംഗീകാരം എനിക്കു കിട്ടിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടേയും നേതാക്കന്മാരുടേയും അളവറ്റ സ്‌നേഹം ലഭിച്ചു. ബനാത്ത്‌വാല സാഹിബിന്റെ കൂടെ കുവൈത്തിൽ പോയതുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെല്ലാം പലതവണ സന്ദർശിക്കുകയും പ്രസംഗിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ 23 ഇടങ്ങളിൽ പോയി പ്രസംഗിച്ചിട്ടുണ്ട്. യു.എ.ഇ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം പോയത് മുസ്‌ലിം ലീഗ് ആയതുകൊണ്ടുതന്നെയാണ്. ചെല്ലുന്നിടത്തെല്ലാം മുസ്‌ലിംലീഗ് കെ.എം.സി.സി പ്രവർത്തകരുടെ ഹൃദ്യമായ അംഗീകാരവും സ്വീകരണവും ലഭിച്ചു. എന്റെ എല്ലാ നേട്ടങ്ങളിലും മുസ്‌ലിംലീഗിന്റെ കയ്യൊപ്പുണ്ട്. ഒരു ബീഡി തൊഴിലാളിയായി ഒതുങ്ങിപ്പോകുമായിരുന്ന എന്നെ ഇന്നുകാണുന്ന പി.വി മുഹമ്മദ് അരീക്കോട് ആക്കിയത് മുസ്‌ലിം ലീഗാണ്.

മക്കളുടെ കാര്യത്തിലും ഭാഗ്യമുള്ളയാളാണ്. അവരൊക്കെ തരക്കേടില്ലാത്ത വിദ്യാഭ്യാസം നേടി. മനാഫ് അഭിഭാഷകനാണ്. ജില്ലാ പഞ്ചായത്തംഗവും. പ്രസംഗത്തിൽ എനിക്കൊരു പിന്തുടർച്ചക്കാരൻ. മുഹമ്മദ് ശരീഫ് ചന്ദ്രികയിൽ സബ് എഡിറ്ററാണ്. മുഹമ്മദ് ഇഖ്ബാൽ ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ അധ്യാപകൻ. പരിശുദ്ധ ഖുർആൻ മന:പാഠമുള്ള ഇളയ മകൻ അഹമ്മദ് ബഷീർ പഞ്ചാബിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. മക്കൾ ഖമറുന്നിസയും ആയിഷയും കോളജ് വിദ്യാഭ്യാസം നേടി. ആദ്യഭാര്യയുടെ മരണശേഷം നുസൈബയെ വിവാഹം ചെയ്തു.

എനിക്ക് കാര്യമായ വിദ്യാഭ്യാസം ഒന്നും ഇല്ല. പക്ഷെ സീതി ഹാജി പറഞ്ഞ എൽ.പി, ലോക പരിചയം എനിക്കുണ്ട്. രാഷ്ട്രീയത്തിൽ എനിക്ക് ശത്രുക്കളില്ല. എല്ലാവരും എന്നെ സ്‌നേഹിച്ചിട്ടേയുള്ളു. കണ്ടുമുട്ടിയ എല്ലാവരും ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നു.

ഒരിക്കൽ ദേശീയ പാതയിൽ കൊളപ്പുറത്ത് യോഗത്തിനെത്തുമ്പോൾ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അവിടെ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു; നിങ്ങളെല്ലാം ഇഷ്ടപ്പെടുന്ന പ്രസംഗകൻ പി.വി മുഹമ്മദ് അരീക്കോട് വരുന്നുണ്ട് അതുകൊണ്ട് ഞാൻ നിർത്തുകയാണെന്ന്. സത്യത്തിൽ അന്ന് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞുപോയി.”

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.