Connect with us

Culture

‘ചാരക്കഥകളുടെ മറുവശം’: നമ്പി നാരായണനെ പ്രതിരോധിച്ച് അന്ന് ‘ചന്ദ്രിക’ പറഞ്ഞത്

Published

on

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. നിയമയുദ്ധത്തിനു വേണ്ടി 25 വര്‍ഷം നഷ്ടമായ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച പരമോന്നത നീതിപീഠം സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തു.
മാലി വനിത മറിയം റഷീദ ഇന്ത്യയിലെത്തിയെന്ന് പറയുന്ന 1994 ഒക്ടോബര്‍ എട്ടു മുതല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വരെ വിഷയത്തില്‍ നടന്ന മാധ്യമ വിചാരണ എടുത്തുപറയേണ്ടതാണ്. തെളിവുകളുടെ അഭാവത്തിലും പ്രതിസ്ഥാനത്തു നിര്‍ത്തി മാധ്യമങ്ങള്‍ അന്ന് നമ്പി നാരായണനെ രാജ്യദ്രോഹിയാക്കി. ഉത്തരവാദബോധമില്ലാത്ത ചില രാഷ്ട്രീയ നേതാക്കളും വാര്‍ത്താമാധ്യമങ്ങളും പ്രചരിപ്പിച്ച അപവാദങ്ങളെ പ്രതിരോധിച്ച് ‘ചന്ദ്രിക’ മാത്രമാണ് അന്ന് വാര്‍ത്തകള്‍ നല്‍കിയത്.
1995 ജനുവരി അഞ്ചിന് ‘ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗം വായിക്കാം:

ചാരക്കഥകളുടെ മറുവശം

തിരുവനന്തപുരത്തെ ഇന്ത്യയുടെ പ്രതിരോധ ആസ്ഥാനമായി ഒരിക്കല്‍ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി വിശേഷിപ്പിക്കുകയുണ്ടായി. ശാസ്ത്രീയ നേട്ടങ്ങളിലൂടെ ഇന്ത്യയെ വിശ്വപ്രശസ്തിയുടെ ചക്രവാളത്തിലേക്കുയര്‍ത്തിയ ഐ.എസ്.ആര്‍.ഒയുടെ സാന്നിധ്യമാണ് ഇന്ദിരയെ ഇപ്രകാരം പ്രസ്താവിക്കാന്‍ പ്രേരിപ്പിച്ചത്. ശാസ്ത്രസിദ്ധികളെയും സാങ്കേതിക വൈദഗ്ധ്യത്തെയും പിടിച്ചുയര്‍ത്തി, പുതിയ നൂറ്റാണ്ടിലേക്ക് രാഷ്ട്രത്തെ നയിക്കാന്‍ ശ്രമിച്ചുപോന്ന ഐ.എസ്.ആര്‍.ഒക്ക് രാഷ്ട്രാന്തരീയ പ്രാധാന്യം തന്നെയുണ്ട്. രാജ്യത്തിന്റെ സുപ്രധാനമായ പ്രതിരോധ കവിചങ്ങളിലൊന്നാണ് ഈ കേന്ദ്രം. എന്നാല്‍ മഹത്തും ബ്രഹത്തുമായ ഒരു മഹാ ദൗത്യമേറ്റെടുത്ത ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ അപവാദ ശരങ്ങളോടു മുഖം കുനിച്ചു നില്‍ക്കുകയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ രക്ഷകര്‍ എന്ന് നാമിത്ര കാലവും കരുതിപോന്ന വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ, ഒരു മാദക സുന്ദരിയുടെ മേനി വെളുപ്പിനു മുമ്പിലോ മദ്യക്കുപ്പികള്‍ക്ക് മുമ്പിലോ രാഷ്ട്രത്തിന്റെ വിലമതിക്കാന്‍ കഴിയാത്ത പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തവരാണ് എന്നറിയുമ്പോള്‍ ഏത് രാജ്യസ്‌നേഹിയുടെ ഹൃദയമാണ് നൊമ്പരപ്പെടാതിരിക്കുക? ഐ.എസ്.ആര്‍.ഒയില്‍ നടന്നതായി പറയപ്പെടുന്ന ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സത്യമിപ്പോഴും വളരെയകലെ നില്‍ക്കുന്നു. പക്ഷെ ഒരു കാര്യം സൂര്യപ്രകാശം കണക്കെ വ്യക്തമായിരിക്കുന്നു. ഈ സംഭവം ലോകത്തിനു മുമ്പില്‍ നമ്മുടെ യശസ്സിനെ കളങ്കപ്പെടുത്തുകയും, പ്രതിബദ്ധതയും രാജ്യസ്‌നേഹവുമുള്ള പ്രതിരോധ ശാസ്ത്രജ്ഞന്മാരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്തിരിക്കുന്നു എന്നതാണത്.

ഏറ്റവുമൊടുവില്‍ ചില പത്രങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളും കഥകളും ഊറിച്ചിരിക്കാന്‍ വക നല്‍കുന്നവയാണ്. ഇതേ വരെ ചാരപ്രവര്‍ത്തനത്തിന് പിറകില്‍ പാക്കിസ്താന്റെ ഐ.എസ്.ആര്‍.ഒയെക്കുറിച്ചുള്ള മുറവിളിയായിരുന്നു കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് പ്രതിരോധരംഗത്തെ ഇന്ത്യയുടെ വന്‍ മുന്നേറ്റത്തെ തടുക്കാനും, നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ മനോവീര്യത്തെ തകര്‍ക്കാനും അമേരിക്കയെ പോലുള്ള വന്‍ ശക്തികള്‍ നടത്തിയ നീക്കമാണ് ഈ ചാരക്കഥകള്‍ക്ക് പിന്നിലുള്ളത് എന്നാണ്. മുമ്പ് ഒരു കാമുകിയും കാമുകനും പ്രണയനൈരാശ്യം കൊണ്ട് കെട്ടിത്തൂങ്ങി മരിച്ചുവത്രെ. അതു കണ്ടു വന്ന ഒരു വഴിപോക്കനെ നോക്കി ഒരു നാടന്‍ കവി ചോദിച്ചത് പോലെ അമേരിക്കക്ക് ഈ ചാരക്കഥ മിനയുന്നതില്‍ പ്രത്യേക താല്‍പര്യമുണ്ടാവാം. പക്ഷേ ഈ ചാരക്കഥകളുടെ മരത്തില്‍ കെട്ടിത്തൂങ്ങി മറ്റുള്ളവര്‍ എന്തിന് ആത്മപീഡനത്തിനൊരുങ്ങുന്നു എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ഇവിടെയാണ് ഉത്തരവാദബോധമില്ലാത്ത ചില രാഷ്ട്രീയ നേതാക്കളും വാര്‍ത്താമാധ്യമങ്ങളും പ്രചരിപ്പിക്കുന്ന അപവാദങ്ങളെക്കുറിച്ച് ചിലത് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നത്. ഇവിടെ ചാരക്കഥകളെക്കുറിച്ച് നിരന്തരമായി പ്രസ്താവനകളിറക്കുകയും വാര്‍ത്തകള്‍ മിനയുകയും ചെയ്യുന്ന ചിലരുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ച് പാക് ചാരന്മാരുടെ താവളമെന്ന് വിശേഷിപ്പിക്കുന്നത് പതിവാക്കിയ മുസ്‌ലിം വിരോധം കൊണ്ട് അന്ധരായ ചില രാഷ്ട്രീയ നേതാക്കള്‍, ചാര പ്രവര്‍ത്തനത്തിന് മലപ്പുറം ജില്ലയിലെ ലീഗ്കാരെയോ മുസ്‌ലിംകളെയോ ഏര്‍പ്പെടുത്താന്‍ മാത്രം ബുദ്ധിമോശം കാണിക്കുന്നവരാണ് പാക്കിസ്താന്‍ ഗവണ്‍മെന്റ് എന്ന് വിശ്വസിക്കാനുള്ള മൗഢ്യം ഇവിടെ ബി.ജെ.പിക്കാര്‍ക്ക് മാത്രമേയുണ്ടാവുകയുള്ളൂ. എ.ഐ.സി.സി ഓഫീസില്‍ നിന്ന് തന്നെ പാക്ചാരന്‍ പിടിക്കപ്പെട്ടിട്ടുണ്ടോ. ഒരു പാക് മന്ത്രി രഹസ്യമായി വന്നു ബി.ജെ.പി നേതാക്കളെ കണ്ടതായി ലോക്‌സഭയില്‍ പ്രസ്താവിക്കപ്പെട്ടതാണ്. മുമ്പ് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചില പ്രമുഖര്‍ക്ക് മുസ്‌ലിംലീഗും മലപ്പുറം ജില്ലയുമായിട്ടായിരുന്നില്ല ബന്ധമുണ്ടായിരുന്നത്. മറിച്ച് ബി.ജെ.പിയുമായിട്ടായിരുന്നു. വിഭജന വേളയില്‍ പാക്കിസ്താനില്‍ കുടുങ്ങിപ്പോയ പിതാവ് വാര്‍ദ്ധക്യകാലത്ത് മക്കളെ കാണാന്‍ വന്നാല്‍ അയാളെ പോലും ചാരനായി മുദ്രക്കുത്തുന്നത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. മണ്ണില്‍ നമുക്ക് അതിരുകളിട്ട് വേര്‍തിരിക്കാം. പക്ഷെ മനുഷ്യഹൃദയങ്ങളെ അതിരുകളിട്ട് വേര്‍തിരിക്കാനാവുമോ? അച്ഛനും മകനും അമ്മക്കും മകള്‍ക്കുമിടയില്‍ രാജ്യത്തിന്റെ അതിര്‍രേഖ വരച്ചു നമുക്ക് അവരെ വിഭജിച്ചു നിര്‍ത്താനാവുമോ? വാജ്‌പൈ, മല്‍ക്കാനി, തുടങ്ങിയ പാക് വംശജരടക്കമുള്ള ബി.ജെ.പി നേതാക്കളും മഹാറാണി ഗായത്രിദേവി, സുബ്രഹ്മണ്യസ്വാമി, കുഷ്‌വന്ത്‌സിംഗ് തുടങ്ങിയ പ്രശസ്ത വ്യക്തികളുമൊക്കെ ഇടക്കിടക്ക് പാക്കിസ്താനില്‍ പോവുന്നതില്‍ ഒരു അനൗചിത്യവും കാണാത്തവര്‍ ഒരു വൃദ്ധന്‍ പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലെ തന്റെ പുത്രനെ കാണാന്‍ എത്തുന്നതില്‍ മാത്രം ചാരപ്രവര്‍ത്തനം കാണുന്നത് വിരോധാഭാസമാണ്.

മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളില്‍ പാക്കിസ്താന്റെ നാവികക്കപ്പളുകള്‍ എത്തുന്നുവെന്നും ഐ.എസ്.ഐ ചാരന്മാര്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കി രാഷ്ട്രഭദ്രതയെ തകര്‍ക്കുന്നുവെന്നും പ്രചരിപ്പിക്കുന്ന ചില രാഷ്ട്രീയക്കാര്‍ ഇവിടുണ്ടല്ലോ. പാക് വിരോധത്തിന്റെ പേരില്‍ മാത്രം നിലനില്‍ക്ുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലുണ്ടെങ്കില്‍ ഇന്ത്യയെ ചൂണ്ടികാണിച്ചു ജനങ്ങളില്‍ ഭീതി വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ പാക്കിസ്താനിലുമുണ്ട്. രണ്ട് കൂട്ടരുടെയും സ്വരത്തിലും മുദ്രാവാക്യത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ലക്ഷ്യം ഒന്ന് തന്നെയാണ്. അധികാരം ഐ.എസ്.ഐക്ക് ഇന്ത്യയില്‍ വന്ന ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കേണ്ട ആവശ്യമുണ്ടോ? ആ പണി കൂലിയില്ലാതെ നിര്‍വഹിച്ചു കൊണ്ട് ഐ.എസ്.ഐയെ നമ്മുടെ ചില രാഷ്ട്രീയക്കാര്‍ എത്ര കാലമായി സഹായിച്ചു പോരുന്നു? പള്ളി പൊളിക്കുന്ന ബി.ജെ.പിക്കാരും, രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കലാശാലകള്‍ക്ക് പോലും തീക്കൊളുത്തുന്ന മാര്‍ക്‌സിസ്റ്റുകളും, അക്രമത്തിന്ഞറെ വഴി തേടുന്ന ഉത്തര്‍ഖണ്ഡ്, ഖലിസ്ഥാന്‍, കാശ്മീര്‍, ഗൂര്‍ഖാലാന്റ് പ്രക്ഷോഭകരും, വര്‍ഗ്ഗീയ ജാതിയ ലഹളകള്‍ കുത്തിപ്പൊക്കല്‍ തന്നെയല്ലേ? ലക്ഷദ്വീപില്‍ പാക് ഹെലികോപ്റ്ററുകള്‍ അനധികൃതമായി എത്തുന്നുവെന്നും, മലപ്പുറം ജില്ലയില്‍ പാക് കപ്പലുകള്‍ അനധികൃതമായി വരുന്നുവെന്നും പ്രചരിപ്പിക്കുന്നവര്‍ നമ്മുടെ സുരക്ഷാ സംവിധാനം ഏറ്റവും ദുര്‍ബ്ബലമാണ് എന്ന് വിളിച്ചറിയിച്ചു കൊണ്ട് ലോകത്തിനു മുമ്പില്‍ രാജ്യത്തെ കൊച്ചാക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും സമുദ്രാതിര്‍ത്തിയും ഇത്ര നഗ്നവും പ്രത്യക്ഷവുമായ രീതിയില്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്, ബി.ജെ.പി. ഓഫീസില്‍ ചായ കൊണ്ട് വരുന്ന ബോയിക്ക് പോലും അത് കണ്ടുപിടിക്കാന്‍ ഇത്ര എളുപ്പത്തില്‍ കഴിഞ്ഞിട്ടും ഈ അതിര്‍ത്തിലംഘനങ്ങളൊന്നും കണ്ടുപിടിക്കാന്‍ നമ്മുടെ നാവികസേനക്കും വ്യോമസേനക്കും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ആ സംവിധാനങ്ങളെ നമ്മള്‍ തീറ്റിപ്പോറ്റുന്നത്?

ബി.ജെ.പിയുടെയും ബി.ജെ.പിയെ കവച്ചുവെക്കുന്ന മുസ്‌ലിംവിരോധവും ലീഗ് വിരോധവുമുള്ള മറ്റ് ചിലരുടെയും രാഷ്ട്രീയ വിരോധം അല്‍പ്പമെങ്കിലും ശമിപ്പിക്കാന്‍ ഇത്തരം ജല്‍പനങ്ങള്‍ ഉപകരിച്ചേക്കാം. പക്ഷെ അതിന് രാജ്യം നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. പി.എസ്.എല്‍.വി-2 അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാവുകയും ക്രയോജനിക് സാങ്കേതിക വിദ്യ നമ്മുടെ കൈപ്പിടിയില്‍ എത്താന്‍ പോവുകയും റോക്കറ്റ് വിക്ഷേപണരംഗത്ത് അമേരിക്കക്കും ഫ്രാന്‍സിനും, ചൈനക്കും റഷ്യക്കുമൊപ്പം എത്താന്‍ നമുക്കവസരം കൈവരികയും ചെയ്ത മുഹൂര്‍ത്തത്തിലാണ് ഈ ചാരക്കഥകള്‍ നമ്മുടെ യശസ്സിന് കളങ്കം ചാര്‍ത്തിയതും നമ്മുടെ മനോവീര്യത്തെ തകര്‍ത്തത് എന്നുമുള്ള വസ്തുത നമ്മള്‍ ഗൗരവപൂര്‍വ്വം കാണേണ്ടിയിരിക്കുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.