Connect with us

Culture

മിഠായി തെരുവിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം; പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസുകാരന്‍

Published

on

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന അക്രമങ്ങളില്‍ പിണറായി പൊലീസിനും ആഭ്യന്തര വകുപ്പിനും ഉണ്ടായ പരാജയം തുറന്നുകാട്ടിയ പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. സിവില്‍ പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്നാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ജില്ലാ പൊലീസ് മേധാവിയുടെ പരാജയം മൂലമാണ് ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം ഉണ്ടായതെന്നാണ് പൊലീസുകാരന്റെ വിമര്‍ശനം. നേരെ ചെന്ന് ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍? അത്‌കൊണ്ടാണ് സാമൂഹ്യമാധ്യമം വഴി വിമര്‍ശനവുമായി രംഗത്തെത്തിയതെന്നും ഉമേഷ് പറയുന്നു.

ഉമേഷ് വള്ളിക്കുന്നിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം വായിക്കാം…

മിനിഞ്ഞാന്ന് പാതിരാത്രി നമ്മുടെ പ്രിയപ്പെട്ട തെരുവിന് കാവലിരിക്കുകയാണ് പോലീസുകാര്‍. ഭരണഘടനക്കും സുപ്രീം കോടതിക്കുമെതിരെ തുടരെത്തുടരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അതിന്റെ മറവില്‍ തലയില്‍ വെളിച്ചം കയറാത്ത നാലാംകിട ഗുണ്ടകളെ ഇറക്കിവിട്ട് രാജ്യദ്രോഹവും ജനദ്രോഹവും പതിവാക്കിയ നേതാക്കളൊക്കെ കൂര്‍ക്കം വലിച്ചും കേലയൊലിപ്പിച്ചും കിടന്നുറങ്ങുമ്പോള്‍ ഇവരിങ്ങനെ കൊതുകുകടിയും മഞ്ഞും കൊണ്ട് രാത്രി തള്ളി നീക്കണം. എട്ടു മണിക്കൂര്‍ ഡ്യൂട്ടിയെന്നൊക്കെ കേട്ടുകേള്‍വിയുണ്ടാകും. രാവിലെ അഞ്ചരമണിക്ക് യൂണിഫോമിട്ട് വന്നവരാണ്. ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാലെങ്കിലും യൂണിഫോമഴിക്കാനാകുമോ എന്നുറപ്പില്ല. കൂടെയുണ്ടായിരുന്ന പലരും പരിക്കേറ്റ് ആശുപത്രികളിലാണ്.

ഡ്യുട്ടിയല്ലേ, ഇങ്ങനെയൊക്കെ വേണ്ടി വരുമെന്ന് പോലീസുകാര്‍ക്കറിയാം. ഇതൊന്നും പുതിയ അനുഭവമല്ല ഒരു പോലീസുകാരനും. ബോംബെറിഞ്ഞും പുരകത്തിച്ചും കൊള്ളയടിച്ചും തെരുവില്‍ അഴിഞ്ഞാടിക്കഴിഞ്ഞ് ഊളകളും അവരെ ഇളക്കിയിറക്കി വിട്ട മരയൂളകളും കിടന്നുറങ്ങുമ്പോഴൊക്കെ ഉറങ്ങാതെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലിരിക്കേണ്ടത് പോലീസുകാരന്റെ ഡ്യൂട്ടിയാണ്.

ഇവിടെ പക്ഷെ വേദനിപ്പിക്കുന്നത് അതല്ല. പൊതു സമൂഹം മുഴുവന്‍ കോഴിക്കോട്ടെ പോലീസിന്റെ വീഴ്ചയെ ചര്‍ച്ച ചെയ്യുന്നത് കേട്ടുകൊണ്ട് നിസ്സഹായരായിരിക്കേണ്ടി വരുന്നതാണ്. സര്‍ക്കാര്‍ ഉറപ്പു പറഞ്ഞ സുരക്ഷ കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് നല്‍കാനാവാതെ പഴി കേള്‍ക്കേണ്ടി വരുന്നതാണ്. രാവും പകലും കഷ്ടപ്പെട്ടിട്ടും ഒരു നല്ല വാക്ക് കേള്‍ക്കാനില്ലാത്തതുകൊണ്ടാണ്.

ഈ സാഹചര്യത്തിലാണ് ചിലതൊക്കെ പറയേണ്ടി വരുന്നത്. ഇവനാരെന്നും ഇവനെന്തര്‍ഹതയെന്നുമൊക്കെ മറുചോദ്യവും അച്ചടക്ക ലംഘനമെന്ന ആക്ഷേപവും നടപടികളുമൊക്കെ വരുമെന്നും അറിയാതെയല്ല. പക്ഷേ, ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുക തന്നെ ചെയ്യുന്നു.

ഒരേ വിഷയത്തില്‍ രാജ്യദ്രോഹപരമായ നിലപാട് സ്വീകരിച്ചു കൊണ്ട് അയ്യപ്പന്റെ പേരും പറഞ്ഞു നടത്തിയ ആറ് ഹര്‍ത്താലുകളാണ് തുടര്‍ച്ചയായി കേരളം നേരിട്ടത്. സഹിച്ചു മടുത്ത ജനങ്ങളും വിവിധ സംഘടനകളും ഇനി ഹര്‍ത്താല്‍ വേണ്ട എന്നും ഒരു പാര്‍ട്ടിയുടെ ഹര്‍ത്താലും അംഗീകരിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചു തുടങ്ങിയത് ഇപ്പോഴാണ്. ( SAY NO TO HARTHAL പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി പറയുന്നത് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റുപിടിക്കാന്‍ ‘ശബരിമല’ ഹര്‍ത്താലുകള്‍ കാരണമായി.) ഹര്‍ത്താലുകള്‍ക്കെതിരെ ജനരോഷം ഉയരുകയും അത് ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോഴാണ് രണ്ടു പെണ്ണുങ്ങള്‍ മല ചവിട്ടിയ ‘അയിത്ത’ത്തിന്റെ പേരും പറഞ്ഞ് ഏഴാമത്തെ ഹര്‍ത്താല്‍ വരുന്നത്. നൂറു ശതമാനവും പരാജയപ്പെടുത്തേണ്ട ഒരു ഹര്‍ത്താല്‍.

കച്ചവടക്കാര്‍ കട തുറക്കാന്‍ തയ്യാറാണെന്നും കേരളാപോലീസ് അവര്‍ക്കു സുരക്ഷയൊരുക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തതോടെ നിലകൊണ്ടു.
മാറ്റത്തിന്റെ, പ്രതിരോധത്തിന്റെ കാറ്റ് കണ്ടു പേടിച്ച നേതാക്കന്മാര്‍ അണികളെന്ന പേരില്‍ കൂലിത്തല്ലുകാരെയും വിഷജീവികളെയും ഇളക്കിയിറക്കി വിട്ട് അണിയറയിലേക്കു പതുങ്ങി. ഹര്‍ത്താലിനെ എതിര്‍ക്കുന്നവരെ പേടിപ്പിക്കാന്‍ തലേന്ന് തന്നെ ‘അണികള്‍’ തെരുവുകളില്‍ അഴിഞ്ഞാട്ടം തുടങ്ങി.

പക്ഷെ, സഹനത്തിന്റെ അങ്ങേയറ്റത്തു നിന്ന് ലഭിക്കുന്ന ധൈര്യത്തോടെ കേരളത്തിലെ എല്ലായിടത്തുമെന്നപോലെ കോഴിക്കോട്ടും കച്ചവടക്കാര്‍ കടതുറക്കാന്‍ തീരുമാനിക്കുന്നു. പോലീസ് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

രാവിലെ തന്നെ പൊലീസുകാരെ വിന്യസിച്ചു. കടകള്‍ തുറന്നു. അക്രമമുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏതാനും പേരെ പിടികൂടി.പക്ഷേ, കടകള്‍ അടക്കേണ്ടി വന്നു. വാഗ്ദാനം ചെയ്ത സുരക്ഷ എവിടെയോ പോയി. വെയിലും ചൂടും കല്ലേറും നേരിട്ട പൊലീസിന് പഴി മാത്രം ബാക്കിയായി.

എന്ത് കൊണ്ട്? ആരാണുത്തരവാദി?
ആ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് കോഴിക്കോട്ടെ ജില്ലാ പോലീസ് മേധാവി ഒരു വന്‍ പരാജയമാണെന്നു തിരിച്ചറിയുന്നത്. എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സ്.

മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ല എന്നാണദ്ദേഹം പറഞ്ഞത്. ആ വഴികളൊന്നും പുതിയതല്ല. ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ് അക്രമികള്‍ വന്നത്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുന്‍പേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളില്‍ അക്രമികളെ തടയാനുള്ള പോലീസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു. അതുണ്ടായില്ല. അക്രമമുണ്ടായ ശേഷം അറസ്റ്റ് ചെയ്യുന്നതല്ല , അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്ന് ഒരു കജട ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് താന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ബന്തവസ്സിനെക്കുറിച്ചു മനസ്സിലാക്കികൊടുക്കേണ്ടതും മറ്റു യൂണിറ്റുകളില്‍ നിന്നും വന്നു ജോലിചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികള്‍ക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ?
സര്‍ക്കാരും ഡി ജി.പിയും നിര്‍ദ്ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങള്‍ കൊണ്ടോ?

അക്രമികളെ അടിച്ചോടിക്കുമ്പോള്‍ അവര്‍ പോകുന്ന വഴിക്കൊക്കെ അലമ്പുണ്ടാക്കുമെന്നും തച്ചു തകര്‍ക്കുമെന്നും അറിയാത്തതല്ലല്ലോ. അമ്പതു പേരെയെങ്കിലും അറസ്റ്റ് ചെയ്തു മാറ്റുവാനുള്ള സംവിധാനം ഇല്ലാതെ പോയതെന്തുകൊണ്ടാണ്?
തലേ ദിവസം സ്ത്രീകളുള്‍പ്പെടയുള്ളവരെ അക്രമിച്ച അതേ ഗുണ്ടകള്‍ പിറ്റേന്നും അക്രമത്തിനു മുന്‍പില്‍ നിന്നത് കണ്ടു. അക്രമം നടത്തി സുഖമായി വീട്ടില്‍ പോയുറങ്ങി പിറ്റേന്ന് വീണ്ടും അക്രമിയായി വരാന്‍ അവര്‍ക്കെങ്ങനെ ധൈര്യം കിട്ടുന്നു? ഉത്തരേന്ത്യന്‍ കലാപങ്ങളുടെ മാതൃകയില്‍ റോഡുകളിലൂടെ ( ആ സമയത്ത് ഒരു പോലീസ് സാന്നിധ്യവുമില്ലാതെ കോഴിക്കോടന്‍ റോഡുകള്‍ ) സകലതും തകര്‍ത്തെറിഞ്ഞും തീകൊളുത്തിയും നടന്നു നീങ്ങുന്ന കാഴ്ച കോഴിക്കോടന്‍ ജനതയിലുണ്ടാക്കിയ അരക്ഷിതത്വത്തിനു ഉത്തരവാദി ജില്ലാ പോലീസ് മേധാവിയല്ലേ?

ബന്തവസ്സിന്റെ പരാജയത്തിനു ഏറ്റവും വലിയ ഉദാരണമായിരുന്നു വലിയങ്ങാടിയില്‍ കണ്ടത്. കച്ചവടക്കാര്‍ ധീരമായി കടകള്‍ തുറന്ന വലിയങ്ങാടിയില്‍ നിയോഗിച്ചത് രണ്ടേ രണ്ടു പൊലീസുകാരെ. ആളെക്കൂട്ടി വരാമെന്നു ഭീഷണിപ്പെടുത്തി പോയ അക്രമികളെ പേടിച്ചിട്ടായിരിക്കില്ല കടകള്‍ പൂട്ടിയത്- ആ രണ്ടു പോലീസുകാരുടെ ജീവന്‍ കൊണ്ട് കളിക്കാന്‍ കമ്മീഷണറെപ്പോലെ കച്ചവടക്കാര്‍ക്ക് മനസ്സു വരാത്തതുകൊണ്ടാകണം. സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പൊലീസുകാരെ വേണ്ടി വരുമ്പോള്‍ ഒരങ്ങാടിയിലെ കലാപമൊഴിവാക്കാന്‍ വിന്യസിച്ചത് വെറും രണ്ടു പേരെ!

ഇത്രയും പറഞ്ഞത്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കൃത്യമായ ബന്തവസ്സ് സ്‌കീമുണ്ടാക്കി സുരക്ഷയൊരുക്കാന്‍ സിറ്റി പോലീസ് മേധാവി തയ്യാറാകാണം എന്നപേക്ഷിക്കാനാണ്. ഹര്‍ത്താലിന്റെ സ്ഥിരം ബന്തവസ്സ് സ്‌കീം തീയതി മാറ്റി കോപ്പി പേസ്റ്റ് ചെയ്താല്‍ പോരാ, അതാതു സമയത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത് പുതുക്കിപ്പണിയണം. കമാന്റിംഗ് ഓഫീസര്‍മാര്‍ക്കെങ്കിലും അതിന്റെ പകര്‍പ്പ് നല്കണം.

പോലീസുകാരെ അടിമകളെന്ന മട്ടില്‍ കാണാതെ അവര്‍ക്കു ധൈര്യവും ഊര്‍ജ്ജവും നല്‍കി നയിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ പോലീസ് മേധാവിയാകുന്നത്. അതിനു കീഴുദ്യോഗസ്ഥര്‍ വിഡ്ഢികളാണെന്ന ധാരണ മാറ്റണം . ചുമലിലുള്ള മൂന്നക്ഷരമൊഴിച്ചാല്‍ ഒപ്പം നില്‍ക്കാന്‍ പറ്റുന്ന വിദ്യാഭ്യാസമുള്ളവരാണ് പോലീസുകാരിലേറെയും. ഫീല്‍ഡില്‍ നില്‍ക്കുന്ന, ജനങ്ങളോടിടപഴകുന്ന എ സി പി മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെയുള്ള പോലീസുകാര്‍ക്ക് അനുഭവജ്ഞാനം കൂടുതലുണ്ടാവും. അവരില്‍ നിന്ന് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ ഗുണമുണ്ടാവും. ഹൈറാര്‍ക്കിയുടെ ഉയരത്തില്‍ നിന്ന് കല്‍പ്പനകള്‍ മാത്രം പുറപ്പെടുവിക്കുന്ന ഒരാള്‍ക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാന്‍ പറ്റില്ല.

ഇതൊക്കെ നേരെ ചെന്ന് പറഞ്ഞാല്‍ പോരെ, പൊതു സമൂഹത്തില്‍ പറയുന്നത് കുറ്റമല്ലേ എന്ന് ചോദ്യം വരും.
പക്ഷേ, നേരെ ചെന്ന് ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍?
ഇതാവുമ്പോള്‍ അച്ചടക്ക നടപടികള്‍ വന്നാല്‍ എനിക്ക് കണ്ടം തികയാതെ വരുമെങ്കിലും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുക തന്നെ ചെയ്യും. വായിക്കേണ്ടവര്‍ വായിക്കുകയും.

(അക്രമികള്‍ എറിഞ്ഞ വാക്കുകളോളം മൂര്‍ച്ച കല്ലുകള്‍ക്കില്ല! ഉള്ളില്‍ കുത്തിനിറച്ച വീര്യം കൂടിയ വിഷം പതഞ്ഞുണ്ടായ വാക്കുകള്‍! പിറ്റേ ദിവസം മുതല്‍ കച്ചവടക്കാരുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് കേസൊഴിവാക്കിക്കിട്ടാന്‍ യാചിക്കുന്നുണ്ട് വില്ലാളി വീരന്മാര്‍!)
Midnight Photography: Alice Cheevel

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.