Connect with us

Food

‘ഒരു ബിരിയാണിയില്‍ ഇതൊക്കെ സംഭവിക്കുമോ’; അറിയാത്ത നമ്പറില്‍ വന്ന വിളി പങ്കുവെക്കുന്ന ബിരിയാണി ജിഹാദ്

Published

on

കഴിഞ്ഞ വെക്കേഷന്‍. അറിയാത്ത നമ്പറില്‍ നിന്നാണ് വിളി.

‘ഇങ്ങളെ ഞാന്‍ ഫ്ബിയില്‍ വായിക്കാറുണ്ട്. ബ ആണ് നമ്പര്‍ തന്നത്. നാട്ടിലുണ്ടെന്നറിഞ്ഞു. ഇന്ന് വൈകീട്ട് ഒന്ന് വീട്ടിലേക്കു വരുമോ? ഒരു ചെറിയ പരിപാടി ഉണ്ട്’

ഞാന്‍ യാത്ര ചെയ്യാന്‍ മടിയുള്ള ഒരു സാധനം ആണ്. പിന്നെ മുന്‍പരിചയമില്ലാത്ത സ്ഥലം.
‘എന്താണ് കാര്യം?’

‘രണ്ടു പേര്‍ ഇസ്ലാം സ്വീകരിക്കുന്നുണ്ട്. നിങ്ങളും കൂടി സാക്ഷിയായെങ്കില്‍ എന്ന ആഗ്രഹമാണ്’

വാക്കുകളില്‍ നിറ സ്‌നേഹമുണ്ട്. എനിക്കാണെങ്കില്‍ ഇത്തരം ചടങ്ങുകള്‍ വീക്ഷിക്കാനുള്ള കൗതുകം ഇപ്പോഴും പോയിട്ടുമില്ല. എന്നാലും ഭംഗിവാക്ക് പറഞ്ഞു

‘ഇതൊക്കെ ചടങ്ങ് ആക്കാനെന്തിരിക്കുന്നു? ബൈക്കില്‍ ഒരു ഒന്നരമണിക്കൂര്‍ യാത്ര ഉണ്ടാവും, . ഞാന്‍ ഒരു കൂട്ടുകാരനെ കൂടെ കൂട്ടട്ടെ’

‘അതിനെന്താ സന്തോഷാണ്’

ഞങ്ങള്‍ അവിടെയെത്തി. ആ വീട്ടിലെ പെണ്‍കുട്ടിയോടൊപ്പം ബി എഡ് ചെയ്ത കപ്പിള്‍സ് ആണ് കക്ഷികള്‍. . അന്‍സ്വാറയുടെ ഇണയാണ് എന്നെ വിളിച്ച സുഹൃത്ത്. ഞാന്‍ ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടു. എന്താണ്, എങ്ങിനെ എന്നൊക്കെ അറിയാനുള്ള ഒരു വ്യഗ്രത നിങ്ങള്‍ക്കൂഹിക്കാമല്ലോ?

ഏതാണ്ട് 25 വയസ്സിനു താഴെയുള്ള ആ യുവാവ് കാര്യം വളച്ചു കെട്ടില്ലാതെ പറഞ്ഞു തീര്‍ത്തു. ഞങ്ങള്‍ ദളിതരാണ്. രണ്ടുപേരും. ബിഎഡ് ചെയ്യുമ്പോള്‍ ആണ് പരിചയം. പ്രണയിച്ചു. കോഴ്‌സ് കഴിഞ്ഞു ജോലി ഒക്കെ കിട്ടി വിവാഹിതരാവാം എന്നാണ് കരുതിയത്. രണ്ടു പേരുടെ വീട്ടിലും എതിര്‍പ്പ്. അവളെ വേറൊരു വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ മുങ്ങി രജിസ്റ്റര്‍ മാര്യേജ് ചെയ്തു.

‘ഒരേ മതം(!) ഒരേ ജാതി എന്നിട്ടും എന്തിനാണ് എതിര്‍പ്പ്?’ ഞാന്‍ എന്റെ സംശയം മറച്ചു വച്ചില്ല.

‘അവള്‍ക്ക് സാമ്പത്തികം കുറവാണ്, എന്റെ അച്ഛന്‍ ഗവ ജോലിയുണ്ട്. കുടുംബക്കാര്‍ തമ്മില്‍ വേറെന്തെങ്കിലും ഉണ്ടോ എന്നറിയില്ല. എന്തായാലും രണ്ടു കൂട്ടരും സമ്മതിക്കില്ല എന്നുറപ്പായപ്പോളാണ് ഞങ്ങള്‍ വീട് വിട്ടിറങ്ങിയത്.’

‘ആദിവാസി വിഭാഗങ്ങളില്‍ കുറിച്യര്‍ക്കൊക്കെ കടുത്ത ഉപജാതി സ്പിരിറ്റ് ഉണ്ടെന്നു കേട്ടിട്ടുണ്ട്, നിങ്ങള്‍ക്കങ്ങിനെ വല്ലതും?’

‘ഏയ് അതൊന്നുമല്ല’ അവന്‍ തുടരുകയാണ്
‘ജോലി ഇല്ലാത്ത രണ്ടുപേര്‍ വീടുവിട്ടിറങ്ങിയാല്‍? ശരിക്കും കഷ്ടപ്പെട്ടു. ഒരു സുഹൃത്ത് വീട് ഒപ്പിച്ചു തന്നു. കൂലിവേലയും, ട്യൂഷനും ഒക്കെ ആയി അങ്ങ് പോവുകയാണ്. പിഎസ്സിക്ക് ശ്രമിക്കണം. അതിനിടയില്‍ അവള്‍ ഗര്‍ഭിണിയായി, അതിന്റെ വല്ലായ്മ വേറെ. പ്രസവസമയത്ത് ഇവരൊക്കെയാണ് ഉണ്ടായത്. ഇപ്പൊ ആറു മാസം കഴിഞ്ഞു. ഇവര്‍ വന്നു പോയതിനു ശേഷം ഞങ്ങളുടെ ജീവിതത്തിനു ഒരു തെളിച്ചം ഒക്കെ വന്നിട്ടുണ്ട്. ഒറ്റപ്പെടുന്നവര്‍ക്ക് താങ്ങായി പടച്ചോന്‍ ഉണ്ടാവുമെന്ന ബോധം ഉണ്ട്. അതുകൊണ്ടു അങ്ങിനെ ജീവിച്ചു നോക്കാമെന്നു തീരുമാനിച്ചു. കൂടുതല്‍ പഠിച്ചിട്ടൊന്നും ഇല്ല. സമയം കിട്ടാറില്ല. അവള്‍ക്കു എന്നെക്കാള്‍ ധാരണയുണ്ട്. നല്ല വായന ഒക്കെയുണ്ട്’

മോള്‍ടെ പേര് ചോദിച്ചപ്പോള്‍. എനിക്ക് കൗതുകം ഏറി
അന്‍സ്വാറ

നമ്മുടെ ചെറുപ്പക്കാരനെ കൂട്ടുകാരന് വിട്ടു കൊടുത്ത് ഞാന്‍ അടുത്ത കക്ഷിയിലേക്ക്. എനിക്കിനി വേണ്ടത് അന്‍സ്വാറ ആണ്. അവളെ ഈ കഥയിലെ നായിക ആക്കാനാണ് ഇപ്പോളെനിക്ക് തോന്നുന്നത്. ചെറുപ്പക്കാരന്റെ ഭാര്യ അവളുടെ കൂടെ ഇരിക്കുന്നുണ്ട്. അവരുടെ മടിയില്‍ കൊച്ചു അന്‍സ്വാറയുമുണ്ട്.

‘ചോദിക്കുന്നത് കൊണ്ടൊന്നും വിചാരിക്കരുത്, ഈ എന്ത് കൂടോത്രം ആണ് ഇവര്‍ക്ക് ചെയ്തത്?’
അവര്‍ രണ്ടും പേരും പുഞ്ചിരിച്ചു.

‘അയ്യോ ഞാന്‍ ഒന്നും ചെയ്തിട്ടില്ല മാഷേ’
ആ മാഷേ വിളിയില്‍ തന്നെ അന്‍സ്വാറയുമായി എനിക്കെന്തോ ഒരടുപ്പം.

‘എന്നാല്‍ പറ, എന്താണ് ഇവരുടെ ഈ കടുത്ത തീരുമാനത്തിന് പിറകില്‍? മതം മാറുക എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോള്‍ ചെറിയ കളിയല്ല കേട്ടോ, പ്രേരണാകുറ്റത്തിന് ചിലപ്പോള്‍ ജയിലില്‍ പോവേണ്ടി വരും’

‘അതിനൊക്കെ റെഡിയാണ് മാഷേ പക്ഷെ പ്രേരണ കൊടുത്തതിന്റെ പുണ്യം കിട്ടാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല എന്ന സങ്കടം മാത്രമേയുള്ളു. ഇവള്‍ നന്നായി വായിക്കും.’ അന്‍സ്വാറ വീണ്ടും അത്ഭുതപ്പെടുത്തുന്നു.

‘എന്നാലും പറ’

‘ഞങ്ങള്‍ മൂന്നു പേരും ബി എഡിന് ക്ലാസ് മേറ്റ്‌സ് ആയിരുന്നു. ഇവരുടെ കഥ ഒക്കെ എനിക്കറിയാമായിരുന്നു. ഇവളെന്നോട് ഒക്കെ പങ്കു വെക്കാറുണ്ട്. കോഴ്‌സ് കഴിഞ്ഞ ഉടന്‍ എന്റെ നിക്കാഹും, കാര്യങ്ങളും ഒക്കെ ആയി ഞാന്‍ തിരക്കിലായി, കുറെ കഴിഞ്ഞാണ് ഇവളുടെ കാര്യം ഒക്കെ ഡീറ്റൈല്‍ ആയി അറിഞ്ഞത്. പ്രസവം അടുത്തു എന്നൊക്കെ. അപ്പോള്‍ ഞാന്‍ ഇക്കയെയും കൂട്ടി ഒന്ന് കാണാന്‍ പോയതാണ്. അന്ന് തന്നെ മടങ്ങാനാണ് പോയത്. ഇവളുടെ അവസ്ഥ കണ്ടപ്പോള്‍ വിട്ടു പോരാന്‍ തോന്നിയില്ല. ഞാന്‍ എട്ടു ദിവസം അവിടെ താമസിച്ചു. ഇക്കാക്ക് ഷോപ്പുള്ളതു കൊണ്ട് പിറ്റേന്ന് തന്നെ തിരിച്ചു വന്നു. എന്റെ അനിയന്‍ ഡ്രസ്സ് ഒക്കെ കൊണ്ട് വന്നു. എന്നോടൊപ്പം അവനും അവിടെ നിന്നു. ഇവളുടെ പ്രസവം ഒക്കെ കഴിഞ്ഞാണ് തിരിച്ചു പോന്നത്. അത്രേ ഉള്ളു.’

‘അന്‍സ്വാറ, ഇതിലെന്താണ് പ്രലോഭനം? എന്തെങ്കിലും സ്‌പെഷ്യല്‍ ആയുണ്ടെങ്കില്‍ മറച്ചു വെക്കരുത് കേട്ടോ, ഞങ്ങള്‍ക്ക് ഇതൊക്കെ പരിശീലിക്കേണ്ടതുണ്ട്’ ഞാന്‍ വീണ്ടും കുഴിച്ചു.

‘വേറെന്തൊക്കെയാണ് നിങ്ങള്‍ സംസാരിച്ചത്, പ്രേരിപ്പിച്ചത്.’

അപ്പോള്‍ കൂട്ടുകാരിയാണ് മറുപടി പറഞ്ഞത്

‘ഇവള്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പൊതി ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നിരുന്നു. വീട്ടിലെ അവസ്ഥ കുറച്ചു കഷ്ടമാണ്, സത്യം പറഞ്ഞാല്‍ പ്ലേറ്റ് പോലും രണ്ടെണ്ണമേ ഉള്ളു . ആരും ഞങ്ങളെ കാണാന്‍ വരാറൊന്നും ഇല്ല. പുതിയ സ്ഥലമാണ്. പരിചയം ആയി വരുന്നതേയുള്ളു. ഞാന്‍ അത് തുറന്നു പറഞ്ഞപ്പോള്‍ ഓരോ പൊതി തുറന്നും ഞാനും ഇവളും പങ്കിട്ടു. ഏട്ടനും ഇവളുടെ ഇക്കയും മറ്റൊരു പൊതിയും. അത് തിന്നുമ്പോള്‍ ഏട്ടന്‍ ഒരു ഓര്‍മ്മ പറഞ്ഞു. അവരുടെ അമ്മയുടെ അമ്മയൊക്കെ പായ തുന്നി വിറ്റിട്ട് ഒക്കെയാണ് ജീവിക്കുക. അമ്മാമ പറഞ്ഞു കൊടുത്ത കാര്യമാണ്. അവര്‍ തോടിനരികിലെ ഓലയോക്കെ വെട്ടി ഉണക്കി, ചില വീട്ടുകാരുടെ മുറ്റത്തു പോയിട്ടാണ് മെടഞ്ഞു കൊടുക്കുക. പായ അവര്‍ ഉള്ളിലേക്കെടുക്കും. മെടയുന്നവര്‍ മുറ്റത്തിനപ്പുറത്തേക്കു കടക്കാന്‍ പാടില്ല. കൂലി ആയിട്ടു വല്ലതും കിട്ടിയാലായി, കൊണ്ട് പോയ പാത്രത്തില്‍ നിറയെ ചോറ് കിട്ടും. അത് തന്നെ വലിയ കാര്യം. കറി ഉണ്ടെങ്കില്‍ അതിനു പാത്രം ഇല്ലെങ്കില്‍, മണ്ണില്‍ ഒരു കുഴി കുത്തി അതില്‍ ചേമ്പിന്‍ താള് വച്ച് ഒഴിച്ച് കൊടുക്കും. ഇവളുടെ ഇക്കയോടപ്പം ഒന്നിച്ചിരുന്നു കഴിച്ചപ്പോള്‍ ഏട്ടനു അക്കാര്യമൊക്കെ പറഞ്ഞു. മനുഷ്യരെന്ന പരിഗണന പരസ്പരം കൊടുക്കുന്നതും അനുഭവിക്കുന്നതും വല്യേ കാര്യമല്ലേ മാഷേ ‘

അവള്‍ക്കു ഞാന്‍ മാഷായി. അതും മറ്റൊരു സന്തോഷം, പെണ്‍കുട്ടി നിര്‍ത്തിയില്ല

‘ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടും ഇവള്‍ പോയില്ല. അതെനിക്ക് തന്ന ആശ്വാസം പറഞ്ഞു തീര്‍ക്കാനാവില്ല, കടപ്പാടും. ഒരാഴ്ച കൂടെ നിന്നപ്പോള്‍ ഇവളുടെ ചിട്ടകളൊക്കെ എന്നെ അത്ഭുതപ്പെടുത്തി. അനിയനെ വെള്ളിയാഴ്ച പള്ളിയില്‍ കൊണ്ട് പോകാന്‍ ഏട്ടന്‍ 4 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. അത് മാത്രമാണ് ഇവരായിട്ടു ആവശ്യപ്പെട്ടത്. ഞങ്ങളുടെ എല്ലാ പരിമിതികളും സഹിച്ചാണല്ലോ ഇവള്‍ എനിക്ക് കൂട്ടിരുന്നത്. ഇങ്ങിനെയും ഒക്കെ ജീവിതങ്ങള്‍ ഉണ്ടെന്നു അടുത്ത് കണ്ടപ്പോള്‍ കൂടുതല്‍ അറിയണം എന്ന് തോന്നി. അങ്ങിനെയാണ് വായന തുടങ്ങിയത്. ചില ആദര്‍ശങ്ങളുടെ തണലില്‍ ജീവിക്കുന്നത് സമാധാനം ആണെന്ന് തോന്നി.അങ്ങിനെ ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഞങ്ങളുടെ ജീവിതം ഞങ്ങളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയല്ലോ. അതിനു കുറച്ചു കൂടി സഹായം കിട്ടാന്‍ വേണ്ടി തന്നെയാണ് ഇവളുടെ അടുത്ത് ഇപ്പോള്‍ വന്നത്’

‘ശെടാ, ഒരു ബിരിയാണിയില്‍ ഇതൊക്കെ സംഭവിക്കുമെങ്കില്‍, ഞാന്‍ എത്ര വേണമെങ്കിലും വാങ്ങിച്ചു തരാമല്ലോ’

ഞാന്‍ തമാശ പറഞെങ്കിലും അവരുടെ പറച്ചിലില്‍ മനുഷ്യര്‍ ഒന്നിച്ചുണ്ട് ഉറങ്ങുമ്പോള്‍ പകര്‍ന്നെടുത്തേക്കാവുന്ന നന്മകളുടെ ചില വീര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഈ വീര്യം അത്ര പെട്ടെന്ന് മങ്ങുകില്ലെന്നും. പിന്നെ എനിക്ക് ഒന്നുമില്ല. ഒരാവേശത്തിനു എടുത്തു ചാടിയതാണെങ്കില്‍ വെള്ളം ഒഴിച്ച് കെടുത്തുന്നതാണ് നല്ലത് എന്നഭിപ്രായം ഉള്ളത് കൊണ്ടുമാത്രമാണ് കുറിച്ച് ചുഴിഞ്ഞന്വേഷിച്ചത്. അല്ലാതെ ഒരാള്‍ ബോധപൂര്‍വം തിരഞ്ഞെടുത്ത മതത്തിനോ രാഷ്ട്രീയത്തിനോ അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍ അതിന്റെ ആഖ്യയും ആഖ്യാതവും പരതാന്‍ ഞാനാര്? നിങ്ങളാര് ?

അനുഭവങ്ങളും ചരിത്രങ്ങളും ഇടകലരുമ്പോള്‍ ആവശ്യഘട്ടങ്ങളില്‍ ഒന്ന് കൂടെയിരുന്നാല്‍ മാത്രം മതി മനുഷ്യര്‍ക്ക് റബ്ബിന്റെ കാരുണ്യം തിരിച്ചറിയാന്‍. നിഷ്‌കളങ്കമായി ചെയ്യുന്ന അത്തരം കൂടെയാവലുകള്‍ക്കിടയില്‍ എവിടെയോ ആണ് പടച്ച തമ്പുരാന്‍ ജീവിതം മുന്നോട്ടു നയിക്കാനുള്ള ഊന്നു വടികള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ആ പ്രതീക്ഷകള്‍ മരണത്തിനപ്പുറത്തേക്കും പോലും നീട്ടാം എന്നത് ദീനിന്റെ സൗന്ദര്യവും. അതിനെ ഹിദായത്ത് എന്നൊക്കെ നിങ്ങള്‍ വിളിച്ചാലും, ഇല്ലെങ്കിലും.

ഇസ്ലാമിക പ്രബോധനം എന്ന പേരില്‍ മൈക്ക് കെട്ടി മത താരതമ്യങ്ങള്‍ നടത്തി അപരനെ വിഷമിപ്പിക്കുന്നവര്‍ക്കും, ഞങ്ങള്‍ മനസ്സിലാക്കിയ സത്യം(?) മറ്റുള്ളവര്‍ക്ക് എങ്ങിനെയാണ് മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന് വേപഥു പൂണ്ടു നടക്കുന്നവരുടെയും കണ്ണ് തുറക്കാന്‍ തന്നെയാണ് ഈ കുറിപ്പ്. കൂടെയാവുമ്പോള്‍ മനുഷ്യര്‍ എത്ര പെട്ടെന്നാണ് നന്മകള്‍ പകര്‍ന്നെടുക്കയെന്നോ?

വേരുകളെ തേടി ജലം യാത്ര ചെയ്യും. അടിയില്‍ നിന്ന് മുകളിലേക്കൊഴുകും! നിങ്ങള്‍ പച്ചപ്പ് നട്ടാല്‍ മാത്രം മതി എന്ന്. ലഘുലേഖ വിതരണം ചെയ്ത മതം വിറ്റു ചുളുവില്‍ പ്രതിഫലം നേടാമെന്ന് കരുതുന്നവരൊക്കെ ഈ എട് ഒന്ന് പരിശോധിച്ച് നോക്കുക.

ആര്‍ക്കൊക്കെയാണ് ആ ചുവന്ന ഒട്ടകങ്ങള്‍ കിട്ടിയിട്ടുണ്ടാവുക. അന്‍സ്വാറയെ അവിടെ നിര്‍ത്തി പോന്ന ആ ചെറുപ്പക്കാരന്റെ മനസ്സ് നിങ്ങള്‍ ശ്രദ്ധിച്ചുവോ? വീട്ടില്‍ നിന്ന് എന്തൊക്കെ വിമര്‍ശനങ്ങള്‍ വന്നു കാണും. പക്ഷെ നിങ്ങള്‍ നന്മകള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുമ്പോള്‍ പടച്ചോന്‍ ആകാശത്തിന്റെ വാതില്‍ തുറന്നു കളയും!

ഞാന്‍ വീണ്ടും കാര്യങ്ങള്‍ക്കു വ്യക്തത വരുത്താന്‍ ചിലതൊക്കെ ചോദിച്ചു, പറഞ്ഞു.

അന്‍സ്വാറാ തൗഹീദും (ഏക ദൈവ വിശ്വാസം) ആഖിറത്തും (പരലോക വിശ്വാസവും) രിസാലത്തും (പ്രവാചകന്മാരിലുള്ള വിശ്വാസം) ഒന്നും പറയാതെ ബിരിയാണി കൊടുത്തിട്ടൊക്കെയാണ് നീ ദഅവത്ത് നടത്തിയത് എന്ന് തമാശ പറഞ്ഞു.

നിങ്ങള്‍ മനുഷ്യരിലേക്ക് പടരുക. പടച്ചോന്‍ ഹിദായത്തിന്റെ വാതിലുകള്‍ നമുക്കും, അവര്‍ക്കും തുറന്നു തരാതിരിക്കില്ല. എന്ന് തന്നെയാണ് അന്‍സ്വാറമാര്‍ പറയാതെ പറയുന്നത്.

ഞാന്‍ കൊണ്ട് പോയ കൂട്ടുകാരന്റെ വക ഒരു ചെറിയ പ്രസംഗം. ഒരാള്‍ മുസ്ലിം ആവാന്‍ തീരുമാനിക്കുന്നതോടെ ചുമലിലേറ്റുന്ന ബാധ്യതകള്‍ ഓര്‍മ്മിപ്പിച്ചു. ദൈവത്തോട്, സഹജീവികളോട്, പ്രകൃതിയോട്. കൂടുതല്‍ ആയപ്പോള്‍ ഞാന്‍ കണ്ണുരുട്ടി. പാവങ്ങളെ എല്ലാം പറഞ്ഞു വിഷമിപ്പിക്കരുതല്ലോ?
അവര്‍ തന്നെ രുചിയോടെ കണ്ടെത്തട്ടെ. അനുഭവിക്കട്ടെ, ഓരോന്നായി. എങ്കിലും മാതാപിതാക്കളോടുള്ള ബാധ്യത തീര്‍ച്ചയായും നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അതിനായി പരമാവധി ശ്രമിക്കണം എന്നും ഊന്നി പറഞ്ഞത് ഇഷ്ടപ്പെട്ടു. ഇസ്ലാം കൊണ്ട് തിരിച്ചു പിടിക്കേണ്ട ഒരു പാട് സമാധാനങ്ങളുണ്ട്. അതില്‍ ആദ്യം മാതാപിതാക്കള്‍ തന്നെയാവട്ടെ. ആള്‍ ഈ വിഷയങ്ങള്‍ പറയാന്‍ പുലിയാണ്.

പിന്നെ കലിമ ചൊല്ലി കൊടുക്കാന്‍ എന്നോട്! ഐനും ഗ്വയ്നും ഇപ്പോഴും ശരിക്കും ഉച്ചരിക്കാനറിയാത്ത ഞാനോ? അതൊക്കെ ഉസ്താദുമാരുടെ ജോലി എന്ന് പറഞ്ഞു ഞാനൊഴിഞ്ഞു. അല്ലെങ്കിലും ഇതൊക്കെ വെറും സാങ്കേതികമല്ലേ. ഞങ്ങള്‍ക്ക് തുണയായി ഒരു പടച്ചോനുണ്ടെന്നും, അവന്‍ ലോകത്തെല്ലാവര്‍ക്കും ഉള്ള അതേ ഏകനായ ദൈവമാണെന്നും തിരിച്ചറിയുന്ന ഒരാള്‍ പ്രവാചകന്‍ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് ജീവിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ഒരു ശഹാദത്ത് സംഭവിക്കുന്നുണ്ട്. ആരും കണ്ടില്ലെങ്കിലും, കേട്ടില്ലെങ്കിലും. എങ്കിലും സാമൂഹ്യ ജീവിതത്തിന്റെ ആധാരമായി ഇങ്ങിനെ ഒരു സമൂഹത്തിന്റെ സഹോദര്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ സംഭവിക്കേണ്ടുന്ന സ്വാഭാവികമായ കൊടുക്കല്‍ വാങ്ങലുകള്‍ പ്രധാനമാണ് താനും.

അതെ അന്‍സ്വാറ മോള്‍ക്ക് കുറെ അന്‍സ്വാരികളെ ആവശ്യമുണ്ട്. അതിനു ഞാനും നിങ്ങളും തയ്യാറാവുന്നുണ്ടോ എന്നതും കൂടി ആയിരിക്കണമല്ലോ ഇത്തരം ജീവിതാവസ്ഥകളില്‍ നമ്മെ കൊണ്ടെത്തിച്ചു പടച്ചവനും നോക്കുന്നത്? അങ്ങിനെ മനുഷ്യരെ കരുതാന്‍ തുടങ്ങുമ്പോള്‍ ആണ് വിപ്ലവങ്ങള്‍ നടക്കുക.

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്
(യഥാര്‍ത്ഥ ദൈവമല്ലാതെ മറ്റേത് ദൈവങ്ങളും ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് ആ ദൈവത്തിന്റെ പ്രവാചകന്‍ ആണെന്നും : സ്വതന്ത്ര ആശയ വിവര്‍ത്തനം )

അവര്‍ രണ്ടു പേരും ശഹാദത്ത് കലിമ (സാക്ഷ്യ പ്രതിജ്ഞ) ചൊല്ലി, പക്ഷെ എന്തിനാണ് കൂട്ടുകാരികള്‍ കെട്ടിപിടിച്ചു കരയുന്നത്?

വരാനിരിക്കുന്ന കഷ്ടങ്ങള്‍ ഓര്‍ത്തിട്ടോ? അതോ എല്ലാ കഷ്ടങ്ങളും നിഷ്പ്രഭമാക്കുന്ന എന്തോ ഒന്നിന്റെ സുഗന്ധം ആസ്വദിച്ചിട്ടോ?

ഒടുക്കം
മെസ്സേജ് കോപ്പി ചെയ്യുന്നവര്‍ തലക്കെട്ട് ഉണ്ടാക്കി കഷ്ടപ്പെടരുത്. ബിരിയാണി ജിഹാദ് അത്രേം മതി. അതിനാണ് മാര്‍ക്കറ്റ്. എഴുതാന്‍ പറഞ്ഞ ടൈറ്റില്‍ ‘കൂടെയാവുന്നതിലാണ് സ്വര്‍ഗം’ എന്നതാണ്. ആരുടെ കൂടെ, എപ്പോള്‍ എന്നൊക്കെ നിങ്ങള്‍ തീരുമാനിക്കുക.

https://www.facebook.com/prasannan.kp/posts/3402735489773427

Continue Reading
Click to comment

Leave a Reply

Your email address will not be published.

Food

ഗര്‍ഭിണികളും റമസാന്‍ വ്രതവും-ഡോ. റഷീദ ബീഗം

നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല.

Published

on

ഡോ. റഷീദ ബീഗം,സീനിയര്‍ കണ്‍സട്ടന്റ് & ഹെഡ്.
Obstetrics & Gynaecology Aster MIMS, Calicut.

വീണ്ടും ഒരു പുണ്യമാസം കൂടി പിറക്കുകയായി. ലോകമെങ്ങുമുള്ള ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് വിശുദ്ധിയുടേയും വിശ്വാസത്തിന്റെയും മാസമാണിത്. മനസ്സും ശരീരവും ഒന്നുപോലെ വിശുദ്ധമാക്കുന്ന ഉപവാസമാണ് റമസാന്‍ മാസത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന്. അതുകൊണ്ട് തന്നെ റമസാന്‍ മാസത്തിലെ വ്രതം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ഗര്‍ഭിണികളായവരെ സംബന്ധിച്ച് ഇത് ആശങ്കയുടേയും ആകുലതകളുടേയും സംശയങ്ങളുടേയും കൂടി കാലമാണ്. നിരവധിയായ സംശയങ്ങളുമായി അനേകം ഗര്‍ഭിണികള്‍ ദിവസേന വിളിക്കുകയോ ഒ പി യില്‍ സന്ദര്‍ശിക്കുകയോ ഒക്കെ ചെയ്യാറുണ്ട്.

നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല. ഗര്‍ഭിണിയുടെ ആരോഗ്യം, ഗര്‍ഭാവസ്ഥയുടെ സങ്കീര്‍ണ്ണത, ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള ആരോഗ്യം തുടങ്ങിയ അനേകം കാര്യങ്ങളെ പരിഗണിച്ചാണ് നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സാധിക്കുകയുള്ളൂ.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപവസിക്കാന്‍ സാധിക്കില്ല എന്ന തോന്നല്‍ സ്വയമുണ്ടെങ്കില്‍ പിന്നെ ഉപവാസം സ്വീകരിക്കാതിരിക്കുക തന്നെയാണ് നല്ലത്. വ്രതം അനുഷ്ഠിക്കാന്‍ ആരോഗ്യം അനുവദിക്കും എന്ന് തോന്നിയാല്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിച്ച് ഉപദേശം തേടണം. പ്രമേഹം, വിളര്‍ച്ച മുതലായവ ഉള്ളവര്‍ നോമ്പെടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഉപവാസമെടുക്കുന്നവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിര്‍ബന്ധമായും പിന്‍തുടരണം. സ്ഥിരമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കമം.

ജോലി ചെയ്യുന്നവര്‍ റമസാന്‍ കാലത്ത് ജോലി സമയം കുറയ്ക്കുകയോ, അധിക ഇടവേളകള്‍ എടുക്കുകയോ വേണം. ഭക്ഷണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ നല്‍കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ക്ക് വേണമെങ്കില്‍ ഡയറ്റീഷ്യനെ കൂടി സമീപിക്കാവുന്നതാണ്. മധുരം അമിതമായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, റെഡ്മീറ്റ്, പൊരിച്ചതും വറുത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കോളകള്‍ മുതലായവ ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ആവശ്യമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് ഗര്‍ഭകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്നാണ്. ആവശ്യത്തിന് ശരീരഭാരമില്ലെന്ന് തോന്നിയാലോ, ശരീരഭാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടാലോ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കുക.

അമിതദാഹം, മൂത്രം കുറച്ച് മാത്രം ഒഴിക്കുക, മൂത്രത്തിന്റെ കടുത്ത നിറത്തില്‍ കാണപ്പെടുക, ശക്തമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഇത് മൂത്രാശയത്തിലെ അണുബാധ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക.

തലവേദന, മറ്റ് ശരീരവേദനകള്‍, പനി മുതലായവ ശ്രദ്ധയില്‍ പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഛര്‍ദ്ദി, ഓക്കാനം മുതലായവ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ആവശ്യമെങ്കില്‍ ഡോക്ടറെ കാണുകയും ചെയ്യണം.

അവസാന മാസങ്ങളിലെത്തിയവര്‍ക്ക് കുഞ്ഞിന്റെ ചലനസംബന്ധമായ വ്യതിയാനങ്ങളോ ചലിക്കാതിരിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദര്‍ശിക്കണം.

അവസാന മാസത്തിലെത്തിയവര്‍ക്ക് ശക്തമായ വേദന, വെള്ളപ്പോക്ക് പോലുള്ള ലക്ഷണങ്ങള്‍ ചിലപ്പോള്‍ പ്രസവത്തിന്റേതാവാന്‍ സാധ്യതയുള്ളതിനാല്‍ കാത്തിരിക്കാതെ ആശുപത്രിയിലെത്തണം.

അമിതമായ ക്ഷീണം, അവശത മുതലായവ അനുഭവപ്പെട്ടാല്‍ വ്രതം മുറിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. എന്നിട്ടും ക്ഷീണം മാറിയില്ലെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിക്കണം.

ഗര്‍ഭിണികള്‍ വ്രതം മുറിക്കേണ്ടതെങ്ങിനെ?

ഊര്‍ജ്ജം സാവധാനം പുറത്ത് വിടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് വ്രതം മുറിക്കുന്ന സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടത്. പയര്‍ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഫൈബര്‍ കൂടുതലായടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഇവ മലബന്ധം തടയാനും സഹായകരമാകും.

മധുരം അമിതമായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഇത് പ്രമേഹനില അമിതമായി വര്‍ദ്ധിക്കുവാനും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുവാനും ഇടയാക്കും.

ചുവന്ന മാംസം (മട്ടണ്‍, ബീഫ്) ഒഴിവാക്കുക. ബീന്‍സ്, പരിപ്പ്, നന്നായി വേവിച്ച മാംസം (ചുവന്ന മാംസം ഒഴികെ), മുട്ട എന്നിവ ആവശ്യത്തിന് ഉപയോഗിക്കാ. ഇവയില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കുറഞ്ഞത് 2 ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.

Continue Reading

Food

റൊമ്പ നല്ലായിറുക്ക്: വില്ലേജ് കുക്കിംഗ് ടീമിനൊപ്പം കൂണ്‍ ബിരിയാണി രുചിച്ച ശേഷം രാഹുല്‍ഗാന്ധിയുടെ മറുപടി വൈറല്‍

ബിരിയാണി രുചിച്ച ശേഷം നല്ലയിറുക്ക്… റൊമ്പ നല്ലായിറുക്ക് എന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Published

on

ചെന്നൈ:തമിഴ്‌നാട്ടിലെ പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിംഗില്‍ അതിഥിയായെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വെള്ളിയാഴ്ച യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ആദ്യമണിക്കൂല്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. വില്ലേജ് കുക്കിംഗ് പാചക സംഘത്തോടൊപ്പം കൂണ്‍ ബിരിയാണി രുചിച്ച രാഹുല്‍, സലാഡ് തയാറാക്കാന്‍ കൂടുകയും ചെയ്തു. എഴുപത് ലക്ഷം സസ്‌ക്രൈബേഴ്‌സുമായി ലോകത്തുതന്നെ ഏറ്റവും പ്രശസ്തമായ യുട്യൂബ് കുക്കിംഗ് ചാനലാണ് വില്ലേജ് കുക്കിംഗ്.

സവാളയും തൈരും ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ വീഡിയോയില്‍ രാഹുല്‍ഗാന്ധി പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനല്‍ ഉടമകളുമായി ആശയവിനിയം നടത്തി. വിദേശത്തുപോയി പാചകം ചെയ്യണമെന്ന ഇവരുടെ ആഗ്രഹത്തിന് പ്രോത്സാഹനമേകിയ അദ്ദേഹം ഒരുമിച്ചിരുന്ന് ഇലയിട്ട് ഭക്ഷണംകഴിച്ച ശേഷമാണ് മടങ്ങിയത്.

ബിരിയാണി രുചിച്ച ശേഷം നല്ലയിറുക്ക്… റൊമ്പ നല്ലായിറുക്ക് എന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

 

Continue Reading

Food

വണ്ണം കുറയ്ക്കണോ… പരീക്ഷിക്കൂ ഈ ഭക്ഷണം

പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്.

Published

on

ശരീരവണ്ണം കുറയ്ക്കുന്നതിന് പലവഴികള്‍ പരീക്ഷിക്കുന്നവരുണ്ട്. വ്യായാമത്തോടൊപ്പം ഭക്ഷണക്രമീകരണവും വണ്ണംകുറയ്ക്കുന്നതിന് പ്രധാനമാണ്. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ പരീക്ഷിക്കാവുന്ന ഭക്ഷണവിഭവമാണ് ഓട്‌സ്. രുചികരവും ആരോഗ്യകരവുമാണെന്നത് ഇതിനോടുള്ള ഇഷ്ടം വര്‍ധിപ്പിക്കുന്നു. വളരെയെളുപ്പത്തില്‍ പാകംചെയ്യാനാകുമെന്നതും സഹായകരമാണ്.

പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്. ശരീര ഭാരം നിയന്ത്രിക്കുന്നതോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ഹൃദ്രോഗസാധ്യതകുറയ്ക്കുന്നതിനുമെല്ലാം ഓട്‌സ് സഹായിക്കുന്നു. ദഹനത്തിന് സമയമെടുക്കുമെന്നതിനാല്‍ ഈ ഭക്ഷണംകഴിച്ചാല്‍ വിശപ്പ് അനുഭവപ്പെടാതെ കൂടുതല്‍ സമയം നിലനിര്‍ത്താനും സാധിക്കും.

പാലുത്പന്നത്തിന് പകരം സസ്യഅധിഷ്ഠിത ബദലാണ് തിരയുന്നതെങ്കില്‍ ബദാം പാല്‍, സോയപാല്‍ എന്നിവയോടൊപ്പംതന്നെ ഓട്‌സ് പാലും മികച്ചതാണ്. കാല്‍സ്യം കൂടുതലായി അടങ്ങിയിരിക്കുന്ന ഓട്‌സ് പാലില്‍ പ്രോട്ടീനും വിറ്റാമിനുകളുംകൂടുതലായുണ്ട്. കലോറി കുറവായതിനാല്‍ ശരീരഭാരം കൂടുമെന്ന ഭയവും വേണ്ട. പഞ്ചസാര ചേര്‍ക്കാത്ത ഓട്‌സ് പാലാണ് കുടിക്കേണ്ടത് എന്നകാര്യം പ്രത്യേകം ഓര്‍മിക്കണം.

ഓട്‌സിലുണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ് ഒാട്‌സ് സ്മൂത്തി. പാഴപഴം ഉപയോഗിച്ചോമറ്റോ തയാറാക്കുന്ന സ്മൂത്തികളിലേക്ക് അല്‍പം ഓട്‌സ് കൂടെ ചേര്‍ക്കാം. ഇന്‍സ്റ്റന്റ് ഓട്‌സില്‍ കൃത്രിമചേരുവകള്‍ ചേര്‍ക്കുമെന്നതിനാല്‍ പോഷകമൂല്യം കുറയ്ക്കും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.