Connect with us

india

ഐ.പി.എല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിനു ആദ്യ സീസണില്‍ തന്നെ കിരീടം.

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിനു ആദ്യ സീസണില്‍ തന്നെ കിരീടം. മികച്ച ഫോമിലായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. ഐ.പി.എല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറായ 130 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 18.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ് ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

രാജസ്ഥാനെ പോലെ ഗുജറാത്തിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ വൃദ്ധിമാന്‍ സാഹ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ പുറത്തായി. പിന്നാലെ എട്ടു റണ്‍സെടുത്ത മാത്യു വേഡിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. എന്നാല്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (34), ശുഭ്മാന്‍ ഗില്ലും (45*) ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിനെ വിജയരഥത്തിലേറ്റുകയായിരുന്നു. പാണ്ഡ്യ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 34 റണ്‍സ് നേടി പുറത്തായപ്പോള്‍ ഗില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ഡേവിഡ് മില്ലര്‍ 19 പന്തില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 32 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. ഗുജറാത്ത് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രാജസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി യാഷ് ദയാല്‍ ഗുജറാത്തിന് ആദ്യ ബ്രേക്ക് നല്‍കി. 16 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ജയ്‌സ്വാള്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങി. ജയ്‌സ്വാളിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. 6.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നതോടെ സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ചെങ്കിലും സഞ്ജുവിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 11 പന്തുകളില്‍ നിന്ന് 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കലാണ് പിന്നീട് ക്രീസിലെത്തിയത്. ഗുജറാത്ത് ബൗളര്‍മാരുടെ കണിശതക്കു മുന്നില്‍ രാജസ്ഥാന്റെ സ്‌കോറിങ് വേഗം ഒച്ചിഴയും വേഗത്തിലായി. സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് റണ്‍സ് കണ്ടെത്താനാവാതെ വിയര്‍ത്തു. ഒടുവില്‍ 10 പന്തുകളില്‍ രണ്ട് റണ്‍സ് എടുത്ത ദേവ്ദത്തിനെ റാഷിദ് ഖാന്‍ മുഹമ്മദ് ഷമിയുടെ കൈയ്യിലെത്തിച്ചു. പിന്നീട് എല്ലാ പ്രതീക്ഷയും ജോസ് ബട്‌ലറിലായിരുന്നു. പക്ഷേ തൊട്ടടുത്ത ഓവറില്‍ ബട്‌ലറും പുറത്തായി. പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി ബട്‌ലര്‍ മടങ്ങി. 35 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെ സഹായത്തോടെ 39 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ബട്‌ലര്‍ പുറത്തായ ശേഷം ഷിംറോണ്‍ ഹെറ്റ്‌മെയറും അശ്വിനും എത്തിയെങ്കിലും രണ്ട് ബൗണ്ടറി നേടിയെ ഹെറ്റ്‌മെയറെ ഹാര്‍ദിക് പുറത്താക്കി. 11 റണ്‍സ് സംഭാവന.

ഇതോടെ 94 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി. പിന്നാലെ വന്നത് പോലെ അശ്വിനും മടങ്ങി. ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 16.2 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. റിയാന്‍ പരാഗും ട്രെന്റ് ബോള്‍ട്ടുമാണ് അവസാന ഓവറുകളില്‍ രാജസ്ഥാനു വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പക്ഷേ ടീം സ്‌കോര്‍ 112ല്‍ നില്‍ക്കേ ട്രെന്റ് ബോള്‍ട്ട് പുറത്തായി. 11 റണ്‍സെടുത്ത ബോള്‍ട്ടിനെ സായ് കിഷോര്‍ തെവാത്തിയയുടെ കൈയ്യിലെത്തിച്ചു. ബോള്‍ട്ടിന് പകരം ഒബെഡ് മക്കോയിയാണ് ക്രീസിലെത്തിയത്. ഒരു സിക്‌സടിച്ചുകൊണ്ട് മക്കോയ് ടീം സ്‌കോര്‍ 120 കടത്തി. റിയാന്‍ പരാഗ് അവസാന ഓവറുകളില്‍ പരാജയമായി. ഗുജറാത്തിന് വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.