Connect with us

Culture

ഹജ്ജാജിമാര്‍ അറഫയില്‍

Published

on

 

അറഫ, വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്‍മഭൂമിയും തല്‍ബിയ്യത് മന്ത്രങ്ങളാല്‍ മുഖരിതമാക്കി കൊണ്ട് ഹജ്ജാജിമാര്‍ അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ ഇന്നലെ മിനയില്‍ രാപാര്‍ത്ത ശേഷം ഇന്ന് പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് നീങ്ങി തുടങ്ങി. ളുഹറിന് മുമ്പായി മുഴുവന്‍ ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടന്നു. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്റുകള്‍ ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസദ്ലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. നാളെ രാവിലെ മിനയിലെത്തി ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കുകയും ചെയ്യും. ചില ഹാജിമാര്‍ കല്ലേറ് മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് ത്വവാഫും സഅ്യും നിര്‍വഹിക്കുക.

അറഫയാണ് ഹജ്ജ്:
സമത്വത്തിന്റെ മഹാ സന്ദേശം.
സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ട ശേഷം ഭൂമിയില്‍ വെച്ച് ആദി പിതാവിന്റെയും മാതാവിന്റെയും ആദ്യ സംഗമസ്ഥാനം. ഭൂമിയിലെ മാനവചരിത്രം അറഫയില്‍ നിന്നാരംഭിക്കുന്നു. വളരെ ലളിതമായി, എല്ലാ ആര്‍ഭാടങ്ങളും ഉപേക്ഷിച്ച് രണ്ടു കഷ്ണം ശുഭ്ര വസ്ത്രധാരികളായി ഹാജിമാര്‍ അവിടെ സമ്മേളിക്കുന്നു. വര്‍ണ, വര്‍ഗ, ഗോത്ര, ദേശ, ഭാഷാ വൈജാത്യങ്ങളോ സ്ഥാനമാന പദവി വലുപ്പ വ്യത്യാസങ്ങളോ ഇല്ലാതെ. അസൂയ, പക, വിദ്വേഷം, വൈരാഗ്യം, ശത്രുത, വിഭാഗീയത, നീരസം തുടങ്ങിയ ദുര്‍ഗുണങ്ങളൊന്നും ഇല്ലാതെ മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളായ സമന്മാരാണെന്ന ദൃഢബോധ്യത്തില്‍ സമാധാനത്തോടെ സ്‌നേഹം പങ്കിടാന്‍ സഹകരണത്തോടെ വര്‍ത്തിക്കാന്‍ തയ്യാറാണെന്ന ഉള്ളിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമാണ്.
പ്രതീകാത്മകമാണ് അറഫയിലെ നിര്‍ത്തവും പ്രാര്‍ത്ഥനകളും. (അല്ലാഹു മനുഷ്യനെ ആദ്യമായി സൃഷ്ടിച്ച ശുദ്ധ പ്രകൃതിയില്‍. അതിനാലാണ് ശരിയായി ഹജ്ജ് ചെയ്താല്‍ നവജാത ശിശുവിനെപ്പോലെ പരിശുദ്ധനാകും. ഹജ്ജിനുള്ള പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നുമില്ല. എന്നൊക്കെ നാം പഠിപ്പിക്കപ്പെട്ടത്.) അതിന് ശേഷവും ഒരാള്‍ സത്യവിശ്വാസികളോട് പോലും വിഭാഗീയതയും പക്ഷപാതിത്വവും സ്ഥാനമാന പദവി വലുപ്പമേന്മകളും കാട്ടുന്ന മനസ്ഥിതിയിലാണെങ്കില്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ അറഫയില്‍ നിന്നിട്ടില്ല. അറഫയില്ലെങ്കില്‍ ഹജ്ജില്ല. ഉപേക്ഷിക്കേണ്ടതൊന്നും ഉപേക്ഷിക്കാന്‍ തയ്യാറെല്ലങ്കില്‍ പണവും സമയവും അധ്വാനവും പാഴാക്കലാവും ഫലം.


‘ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു (49:13)’. പ്രവാചകന്റെ വിടവാങ്ങള്‍ പ്രസംഗത്തില്‍ നിന്ന്: ‘ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്, നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്, ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ’. അറഫയിലാണ് പ്രവാചകന്‍ (സ) സാര്‍വലൗകിക സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മഹാവിളംബരം ഏറ്റവും ഒടുവില്‍ നടത്തിയത്. ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷാ, പാര്‍ട്ടി, ഗ്രൂപ്പ് വിഭാഗങ്ങളായി തമ്മില്‍ തല്ലി തലകീറുകയും ചോര ചിന്തുകയും ചെയ്യുന്ന സമകാലിക ലോക ജനതക്ക് പഠിക്കാന്‍ അറഫാ സമ്മേളനത്തില്‍ ധാരാളം പാഠങ്ങളുണ്ട്.
ഹിജ്‌റയും ജിഹാദും ഒരുമിക്കുന്ന ഒരാരാധനയാണ് ഹജ്ജ്. രണ്ടിലും ആത്മബലിയുണ്ട്. ഹിജ്‌റയെന്നാല്‍ ഒരു സ്ഥലത്ത് നിന്ന് ഭൗതികമായി മറ്റൊരു സ്ഥലത്തേക്കുള്ള പലായനമല്ല, മറിച്ച് ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള പരിവര്‍ത്തനമാണ്. വ്യക്തമായി പറഞ്ഞാല്‍ അജ്ഞതയില്‍ നിന്ന് ദൈവാര്‍പ്പണത്തിലേക്കുള്ള പ്രയാണം എന്ന് പറയാം.
ദൈവ സമര്‍പ്പണം (സ്രഷ്ടാവിന്റെ ആജ്ഞ അനുസരിച്ച് ജീവിക്കല്‍) പ്രപഞ്ചത്തിന്റെ പ്രകൃതമാണ്. അതാണ് സത്യപാത. ആദി ഊര്‍ജത്തില്‍ തുടങ്ങി അണു മുതല്‍ ബ്രഹ്മാണ്ഡകടാഹം വരെ അത് കണിശമായി പാലിച്ചുപോരുന്നു എന്നതിന് ഈ മഹാപ്രപഞ്ചത്തിലെ ഓരോ ഊര്‍ജ ചലനവും അണുവും സാക്ഷിയാണ്. തെരെഞ്ഞെടുപ്പ് അധികാരം നല്‍കപ്പെട്ടിട്ടുള്ള മനുഷ്യ മനസ്സ് മാത്രം അത് കൃത്യമായി പാലിക്കാതെ അധികാര ദുര്‍വിനിയോഗം നടത്തുന്നു. നഫ്‌സുല്‍ അമ്മാറ പിശാചിനൊപ്പംകൂടി ദേഹേച്ഛകള്‍ ആസ്വദിക്കാനാണ് അങ്ങനെ ചെയ്യുന്നത്. അത് അസത്യവും അധര്‍മവും ക്രമരഹിതവുമാണ്. അപകടകരമായ ജീവിത പരാജയത്തിന്റെ വഴി. ദേഹേച്ഛകളുടെ താല്‍പര്യങ്ങളുടെ തടവറയില്‍ നിന്ന് മനസ്സിനെ മോചിപ്പിച്ചെടുക്കാന്‍, ആസ്വദിച്ച് ശീലിച്ച പ്രിയപ്പെട്ട പലതിനെയും ബലി നല്‍കേണ്ടിവരും. അതിന് വേഷഭൂഷാധികളിലും പരിസ്ഥിതിയിലും സ്ഥലത്തിലും മാറ്റം വേണ്ടിവരും. അവിടെയാണ് ഹിജ്‌റയും ജിഹാദും ബലിയുമൊക്കെ കടന്നുവരുന്നത്.
ത്വവാഫ് ഒരു പ്രകടനവും പ്രഖ്യാപനവുമാണ്. ഖുറൈശികള്‍ ഒരാരോപണം പ്രചരിപ്പിച്ചു: ‘സുഭിക്ഷമായി നമ്മോടൊപ്പം മക്കയില്‍ കഴിഞ്ഞിരുന്ന വേണ്ടപ്പെട്ട പലരും മുഹമ്മദിന്റെ കൂടെക്കൂടി മദീനയിലേക്ക് പോയപ്പോള്‍ പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പേക്കോലങ്ങളായി മാറി’ ഈ വിവരം പ്രവാചകന്റെ ചെവിയിലുമെത്തി. പുരുഷ ഹാജിമാരെല്ലാം ഒരു തോള്‍ ഒഴിവാക്കി ഇഹ്‌റാം വസ്ത്രം ധരിച്ച് തങ്ങളുടെ ആരോഗ്യം പ്രദര്‍ശിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. അതോടൊപ്പം ചിട്ടയായി അടിവെച്ചടിവെച്ച് പട്ടാളത്തെപ്പോലെ കഅബയെ വലയം ചെയ്യുന്ന മുസ്‌ലിംകളെ കീഴ്‌പ്പെടുത്താന്‍ ഇനി ഖുറൈശികള്‍ക്കോ മറ്റോ സാധ്യമല്ലന്ന സന്ദേശം നല്‍കാനും പ്രവാചകന്‍ ത്വവാഫിന്റെ ക്രമീകരണത്തിലൂടെ ഉദ്ദേശിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം എവിടെയും എപ്പോഴും അല്ലാഹുവിനെ വിട്ടു പോകാതെ, ഈ മന്ദിരത്തെ വലയം ചെയ്യുന്ന പോലെ, അല്ലാഹുവിന്റെ ഹുദൂദ് (അതിര്‍വരമ്പുകള്‍, മറ്റുവാക്കില്‍ പറഞ്ഞാല്‍ ശരീഅത്ത്) പാലിക്കാന്‍ ഞങ്ങളിതാ തയ്യാറാണ് എന്ന പ്രഖ്യാപനത്തിന്റെ പ്രതീകമാണ് ആ പ്രദക്ഷിണം. ‘അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു.’ (65:1).
സഅ’യ് ആണ് ഹജ്ജിലെ മറ്റൊരു പ്രധാന പ്രതീകം. ദാഹാര്‍ത്തനായ പുത്രന് ജലം നല്‍കാന്‍ സഫാ, മര്‍വ മലകള്‍ക്കിടയില്‍ മാതാവ് ഹാജറ ഓടിയും നടന്നും അധ്വാനിച്ച ചരിത്രപ്രസിദ്ധമായ സംഭവ കഥയെ ഓര്‍മിപ്പിക്കുന്ന സഅ’യ് എന്ന പ്രതീകാത്മക കര്‍മം ജീവിതത്തിന്റെ നേര്‍ ചിത്രമാണ്. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ പണയം വെച്ച് അധ്വാനിച്ച ഹാജറയെപ്പോലെ ഈ ദീന്‍ നിലനിര്‍ത്തി അധ്വാനിക്കാന്‍ ഞാനിതാ തയ്യാറാണ് നാഥാ എന്ന ഹാജിയുടെ വിളംബരമാണ് സഅ’യ്.
മനുഷ്യന്‍ = പ്രയത്‌നം.
മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല (53:39). അതിന് തക്കവണ്ണമാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ‘തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു(90:4)’. ‘ഹേ, മനുഷ്യാ, നീ നിന്റെ രക്ഷിതാവിലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു (84:6)’.
ജലം അന്വേഷിച്ച് പാരവശ്യത്തോടെ പാഞ്ഞ ഹാജറക്ക് പ്രത്യക്ഷത്തില്‍ ആ പ്രയത്‌നത്തില്‍ വിജയിക്കുന്ന അടയാളമൊന്നും കാണാനുണ്ടായിരുന്നില്ല. എന്നാല്‍ ഒരു പ്രവാചകന്റെ കീഴില്‍ ശരിയായ സത്യവിശ്വാസ ജീവിത പരിശീലനം നേടിയിരുന്ന ഹാജറ അവസാനിക്കാത്ത പ്രതീക്ഷയോടും അതിലേറെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടും ക്ഷമയോടെ പ്രയത്‌നം ആവര്‍ത്തിച്ചത് സത്യവിശ്വാസികള്‍ക്ക് മാതൃകയാവാനാണ് ആവര്‍ത്തനം. ഹാജറയുടെ അധ്വാനമല്ല അവര്‍ക്ക് ജലം നേടിക്കൊടുത്തത്. ഇസ്മാഈലിന്റെ കുഞ്ഞിക്കാലുകള്‍ പതിച്ചിടത്ത് അല്ലാഹുവിന്റെ പ്രത്യേക ഇടപെടല്‍ കൊണ്ടാണ് കുളിര്‍നീരുറവ പൊട്ടി ഒഴുകിയത്. മനുഷ്യപ്രയത്‌നം അല്ലാഹു സ്വീകരിച്ചു കൊണ്ട് അവന്റെ യുക്തി അനുസരിച്ചാണ് ഫലം നല്‍കുക എന്നൊരു പാഠവും ഇതിലൂടെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെയെല്ലാം കാര്യം അങ്ങനെ തന്നെയാണ്. അതിനാലാണ് ചില പ്രാര്‍ത്ഥനകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും നാം അവ ആത്മാര്‍ഥമായി ചെയ്യുമ്പോഴും പ്രതീക്ഷിക്കുന്ന രീതിയില്‍ ഫലം ലഭിക്കാത്തത്. അതുകൊണ്ട് പ്രാര്‍ത്ഥനയോ പ്രയത്‌നമോ പാഴായിപ്പോയി എന്ന് സത്യവിശ്വാസി നിരാശപ്പെടേണ്ടതില്ല. കാര്യങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അടിമക്ക് ഉത്തമമായത് അടിമയെക്കാല്‍ ഏറ്റവും നന്നായി അറിയുന്നത് സര്‍വജ്ഞനായ സംരക്ഷകനാണ്. ഈ യാഥാര്‍ഥ്യം മനസ്സില്‍ ദൃഢമാകുമ്പോള്‍ മനുഷ്യന്‍ വിധിയോട് സംതൃപ്തമായി പൊരുത്തപ്പെട്ട് ശാന്തമായി മൂന്നാട്ട് നീങ്ങും. അതിനാല്‍ സത്യവിശ്വാസി ഏത് അങ്കലാപ്പിനിടയിലും പ്രതീക്ഷാനിര്‍ഭരനും ശുഭാപ്തി വിശ്വാസിയുമായിരിക്കും. അതാണ് ഹാജറയിലൂടെ അല്ലാഹു പ്രകടമാക്കുന്നത്.
പുത്ര ബലിക്ക് ദൈവിക നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ അതില്‍ നിന്ന് ഇബ്രാഹീം നബി(അ)യെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൈശാചിക പ്രേരണയെ തുരത്താനാണ് അദ്ദേഹം കല്ലെറിഞ്ഞത്. സത്യവിശ്വാസികള്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ പ്രതീകമാണ് കല്ലേറ്. സ്തൂപങ്ങളിലേക്കല്ല സ്വന്തം ഹൃദയത്തിലേക്കാണ് ആ ഏറ് ചെന്നു പതിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രിയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ‘മക്കളില്ലാത്ത എനിക്ക് ഒരു പുത്രനുണ്ടായാല്‍ അവനെയും അല്ലാഹുവിന്റെ തൃപ്തിക്ക് ബലി നല്‍കാന്‍ ഞാന്‍ തയ്യാറാണന്ന് ‘ ഒരിക്കല്‍ ഇബ്രാഹീം നബി പറഞ്ഞതായി കഥയുണ്ട്. അത് പരീക്ഷിക്കാനായിരുന്നു പുത്ര ബലി കല്‍പന. തനിക്കേറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹുവിന്റെ തൃപ്തിക്കായി ബലി നല്‍കുക, അതാണ് ബലിയുടെ സന്ദേശം. അപ്പോള്‍ നാം അവനവന്റെ ഇസ്മാഈലിനെ അല്ലാഹുവിന്റെ തൃപ്തിക്കായി ബലി കൊടുക്കുക. സത്യവിശ്വാസ സാക്ഷ്യത്തിന്റെ ഔന്നിത്യമാണത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.