Connect with us

gulf

ഹാശിം എഞ്ചിനീയർ; ഓർമ്മ പുസ്തകവുമായി കെ.എം.സി.സി

സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും
സഊദി ദേശീയ സമിതി ട്രഷററുമായിരുന്ന എഞ്ചിനീയർ സി.ഹാശിമിൻറെ സമർപ്പിത ജീവിതം പുസ്തകമാകുന്നു.

അദ്ദേഹത്തിന്റെ വേർപാടിന്റെ നാലാം വർഷത്തിൽ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അണിനിരത്തി സഊദി കിഴക്കൻ പ്രവിശ്യ കേന്ദ്ര സമിതി തയ്യാറാക്കുന്ന ഗഹനമായഗ്രന്ഥം മൂന്നു മാസത്തിനകം പ്രകാശിതമാകുമെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.

ദമ്മാം കേന്ദ്രീകരിച്ച് സഊദി കിഴക്കന്‍ പ്രവിശ്യയിലെ പൊതു മണ്ഡലത്തിൽ നാല് പതിറ്റാണ്ടിലധികം ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച ഹാശിം പുതു തലമുറക്ക് വഴികാട്ടിയും ഹരിത രാഷ്ട്രീയത്തിലെ നിലപാട് തറയിൽ ഒത്ത് തീർപ്പില്ലാത്ത പോരാളിയുമായിരുന്നു.
കുടിയേറ്റ ഭൂമികയിലെ പ്രഥമ സംഘടിത രൂപമായ കെ.എം.സി.സിക്കും അതിൻറെ വിവിധങ്ങളായ പോഷക ഘടകങ്ങൾക്കും രൂപം നൽകുകയും കക്ഷിരാഷ്ട്രീയ താല്പര്യ ങ്ങൾക്കപ്പുറം പ്രവാസി സമൂഹത്തിൻറെ പൊതു ധാരയിൽ നേതൃപരമായ പങ്ക് വഹിക്കുകയും അത് വഴി ജന മനസ്സുകളിൽ ജീവിക്കാൻ അസുലഭ ഭാഗ്യം കൈവരിക്കുകയും ചെയ്ത അനിതര സാധാരണവും നിസ്തുലവുമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ഹാശിം.

ഈ സന്ദേശം പരിചയപ്പെടുത്തുകയാണ് സമരണികയുടെ ലക്ഷ്യമെന്ന് കെഎംസിസി കൂട്ടിച്ചേർത്തു.
പ്രവിശ്യയിലെ മുഴുവൻ കെ എം സി സി ഘടകങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സ്മരണിക ഒരുങ്ങുന്നത്.
ഹാശിമിന്റെ ജ്വലിക്കുന്ന ഓർമ്മകൾ, ചിത്രങ്ങൾ, കർമ്മ മണ്ഡലങ്ങൾ എന്നിവ കോർത്തിണക്കി ബഹുവർണ്ണത്തിലാണ് പുസ്തകം തയ്യാറാക്കുന്നത്.
പൊതു രംഗത്തെ പ്രമുഖരുടെ ഓർമ്മകുറിപ്പുകൾ ഗതകാല പ്രവാസത്തിൻറെ ചരിത്രരേഖ കൂടിയാകും.

സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി.
ഖാദർ ചെങ്കള (രക്ഷാധികാരി) മുഹമ്മദ് കുട്ടി കോഡൂർ (ചെയർ മാൻ) ആലിക്കുട്ടി ഒളവട്ടൂർ (കൺവീനർ)
മാമു നിസാർ ( ഫിനാൻസ് കൺവീനർ ) ശരീഫ് സി പി (പബ്ലിസിറ്റി കൺവീനർ ) ഖാദി മുഹമ്മദ്, അസീസ്‌ എരുവാട്ടി, സലിം പാണമ്പ്ര, നൗഷാദ് തിരുവനന്തപുരം, സലിം അരീക്കാട്, അഷ്‌റഫ്‌ ഗസാല്‍, മുഷ്താഖ് പേങ്ങാട് എന്നിവരെ പ്രസാധക സമിതിയായും
മാലിക് മഖ്ബൂൽ അലുങ്ങൽ ( ചീഫ് എഡിർ)
കാദർ മാസ്റ്റർ വാണിയമ്പലം (മാനേജിങ് എഡിറ്റർ)
അഷ്‌റഫ് ആളത്ത് (അസ്സോസിയേറ്റ് എഡിറ്റർ)
ഹമീദ് വടകര,അമീർ അലി കൊയിലാണ്ടി,സിറാജ് ആലുവ (എഡിറ്റേഴ്സ് )
എന്നിവരെ പത്രാധിപസമിതിയായും തെരഞ്ഞെടുത്തു.
ഹാശിം എഞ്ചിനീയറുടെ സമകാലികരും സുഹൃത്തുക്കളും സഹപ്രവർത്തകാരുമായി നാട്ടിലും മറുനാട്ടിലുമുള്ള സഹൃദയർ അദ്ദേഹവുമൊത്തുള്ള തങ്ങളുടെ ഓർമ്മകൾ, അപൂർവ്വ ചിത്രങ്ങൾ, വേറിട്ട അനുഭവങ്ങൾ തുടങ്ങിയവ പങ്ക് വെക്കണമെന്ന് കെഎംസിസി അഭ്യർത്ഥിച്ചു.
രചനകൾ
Hashimsouvenir@gmail.com എന്ന ഇമെയിൽ ഐഡിയിലോ
00966553095517 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അയക്കണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

gulf

സഊദി സ്വീകരിക്കാനിരിക്കുന്നത് ഒരുകോടി ഉംറ തീര്‍ത്ഥാടകരെ

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.

Published

on

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.

Continue Reading

gulf

കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്‌.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.

മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.

കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Continue Reading

gulf

വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.

Published

on

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.

ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.

ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.