Connect with us

Culture

ലേഖനമെഴുതിയതിന് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് വധഭീഷണിയെന്ന് ടി.കെ കുഞ്ഞഹമ്മദ് ഫൈസി

Published

on

 

ചന്ദ്രിക ദിനപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് ലേഖനമെഴുതിയതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് ടി.കെ കുഞ്ഞമ്മദ് ഫൈസി. എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ നിന്നു രാജവെച്ച ടി.കെ കുഞ്ഞമ്മദ് ഫൈസി സന്ദര്‍ശക വിസയില്‍ യു.എ.ഇ യില്‍ എത്തിയതായിരുന്നു. പ്രഭാത നമസ്‌കാരത്തിനു പുറപ്പെട്ടപ്പോഴായിരുന്നു ഫൈസിയെ തടഞ്ഞു നിര്‍ത്തി യു.എ.ഇ യിലെ ചില എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പടുത്തിയത്.

ടി.കെ കുഞ്ഞുമുഹമ്മദ് ഫൈസി പേരാമ്പ്ര

1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ കയറി. ടി.കെ രാമകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ആ കാലത്താണ് അറബി ഭാഷാ സമരത്തിനു നേര്‍ക്ക് മലപ്പുറത്ത് വെടിവെപ്പുണ്ടായതും മൂന്ന് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മരണപ്പെട്ടതും. മേല്‍ സമരത്തിന്റെ ഭാഗമായി അറബി ഭാഷക്കെതിരായ നീക്കത്തില്‍ നിന്നും നായനാര്‍ സര്‍ക്കാര്‍ പിന്മാറി.
കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ അക്കാലത്ത് സി.പി.എം സഖാക്കളുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ക്കെതിരെ അക്രമങ്ങളും നാളികേരം ഉള്‍പ്പെടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോവലും കൃഷിയിടങ്ങള്‍ നശിപ്പിക്കലും രൂക്ഷമായെങ്കിലും ഇടതുപക്ഷ പൊലീസ് നിഷ്‌ക്രിയമായിരുന്നു. ആ ഭരണം അധികം നീണ്ടുനിന്നില്ല.
അന്നത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സി.എച്ച് മുഹമ്മദ്കോയ സാഹിബ് പ്രസംഗിച്ചത്: ”നാദാപുരത്ത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും സംരക്ഷണം ലഭിക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യുക” എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെ. കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഗവ. അധികാരത്തില്‍ കയറി 1987 വരെ നാദാപുരം മേഖലയില്‍ ഉള്ളവര്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ കാരണം ശാന്തിയോടെ ജീവിച്ചു. അതിനിടെയാണ് നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സിമി ”ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കി രംഗത്തുവന്നത്. ”ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍” എന്ന മുദ്രാവാക്യവുമായി സംഘപരിവാരം അതിനെ നേരിടാനുമിറങ്ങി.
യു.ഡി.എഫിന്റെ കാലാവധി പൂര്‍ത്തിയാക്കി 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച് നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വീണ്ടും നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മുകാര്‍ മുസ്ലിംകള്‍ക്കു നേരെ അക്രമമഴിച്ചുവിട്ടു. മുസ്ലിംകള്‍ക്ക് ജീവഹാനി സംഭവിച്ചതിനു പുറമെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൃഷികള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടു. ക്രമസമാധാനം പാലിക്കേണ്ട പൊലീസ് നോക്കുകുത്തിയായെന്നു മാത്രമല്ല പലപ്പോഴും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയുമായിരുന്നു. ഇതിനെതിരെ അന്നത്തെ വിവാദ നായകനായ ഉത്തരമേഖലാ ഡി.ഐ.ജിയുടെ കോഴിക്കോട് ഓഫീസിലേക്ക് മുസ്ലിംലീഗ് മാര്‍ച്ച് നടത്തി. സമാധാനപരമായി നടന്ന മാര്‍ച്ചിലേക്ക് പൊലീസ് നോക്കിനില്‍ക്കെ സി.പി.എമ്മുകാര്‍ പ്രകടനമായി വന്നു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം പ്രവര്‍ത്തകര്‍ ശാന്തരായി. പക്ഷെ പിന്നെ കാണുന്നത് പൊലീസിന്റെ നരനായാട്ടായിരുന്നു. സീനിയര്‍ നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ് ഉള്‍പ്പെടെ ലീഗിന്റെ നേതാക്കള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് അക്രമം അഴിച്ചുവിട്ടു. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിഞ്ഞു. മാര്‍ച്ച് കഴിഞ്ഞ് പ്രവര്‍ത്തകര്‍ മാനാഞ്ചിറ മൈതാനിയില്‍ പൊതുയോഗത്തിനായി സംഗമിക്കുമ്പോഴായിരുന്നു ഈ അതിക്രമങ്ങളൊക്കെയും. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിയുന്ന ചിത്രങ്ങളുമായാണ് പിറ്റേ ദിവസം പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയത്. ഇതോടെ സമരം സംസ്ഥാന തലത്തില്‍ വ്യാപകമായി.
ഒടുവില്‍ മുസ്ലിംലീഗിന്റെ പ്രതിഷേധത്തിനുമുമ്പില്‍ മുട്ടുമടക്കിയ നായനാര്‍ സര്‍ക്കാര്‍ വിവാദ നായകനായ ഡി.ഐ.ജിയെ മാറ്റി പാലക്കാട് എസ്.പിയായിരുന്ന ജേക്കബ് പുന്നൂസിനെ നിയമിച്ചു. നായനാര്‍ ഗവണ്‍മെന്റിന്റെ തുടര്‍ന്നുള്ള ദുര്‍ഭരണത്തിനെതിരെ പ്രസിഡന്റ് എം.കെ മുനീറിന്റെ നേതൃത്വത്തില്‍ യൂത്ത്ലീഗ് കാസര്‍ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യുവജനയാത്ര നടത്തി.
ഇങ്ങനെ ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങളിലൂടെ മുസ്ലിംലീഗ് അവകാശങ്ങള്‍ നേടിയെടുത്ത് കൊണ്ടിരിക്കുന്ന കാലത്ത് ഈ മാര്‍ഗം മതിയാവില്ലെന്നും കായികമായി അക്രമികളെ നേരിടണമെന്നും അതിനായി സംഘടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വടകരക്കാരനായ ഒരു കളരി ഗുരുക്കള്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലെ മുസ്ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവര്‍ക്ക് കായിക പരിശീലനങ്ങള്‍ നല്‍കി. ജില്ലയിലെ മുസ്ലിംലീഗ് നേതൃത്വം ഇവരെ സഹായിക്കാത്തതിനാല്‍ ”ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കിയ സിമിയുടെ പഴയ നേതാക്കളെ കോഴിക്കോട്ടെ യൂത്ത് സെന്ററില്‍ പോയി കണ്ടു. തുടര്‍ന്നവര്‍ വടകരയില്‍ മീറ്റിങ്ങുകള്‍ നടത്തി അണികളെ വശത്താക്കി സ്ഥാപക നേതാവിനെ ഒഴിവാക്കി. 1989 ല്‍ പുതിയൊരു സംഘടന ഉണ്ടാക്കുകയായിരുന്നു. അതീവ രഹസ്യമായി പ്രവര്‍ത്തിച്ച സംഘടനക്ക് എന്‍.ഡി.എഫ് (നാഷണല്‍ ഡിഫന്‍സ് ഫോഴ്സ്) അഥവാ ദേശീയ പ്രതിരോധ സേന എന്നായിരുന്നു പേരിട്ടത്. നാദാപുരത്തെ സഖാക്കളുടെ അക്രമങ്ങളില്‍ നിന്നും ആര്‍.എസ്.സ് അക്രമങ്ങളില്‍ നിന്നും മുസ്ലിംകളെ രക്ഷിക്കുന്നതിനുള്ള കൂട്ടായ്മയാണെന്നും ബി.ജെ.പി ഒഴികെ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലും ഇഷ്ടപ്പെട്ട മത സംഘടനകളിലും പ്രവര്‍ത്തിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചത്. സിമിയുടെയോ, ജമാഅത്തിന്റെയോ ആശയങ്ങള്‍ പറഞ്ഞിരുന്നില്ല. ഇന്ത്യയില്‍ മുസ്ലിംകളുടെ പരിതാവസ്ഥയും ആര്‍.എസ്.എസിന്റെ അക്രമങ്ങളും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ക്ലാസുകള്‍ നല്‍കി പ്രതിജ്ഞ ചെയ്യിച്ചാണ് എന്‍.ഡി.എഫിലേക്ക് ആളുകളെ ചേര്‍ത്തത്. എന്‍.ഡി.എഫില്‍ ചേര്‍ന്നയുടന്‍ രണ്ട് ദിവസത്തെ ക്യാമ്പ് നടത്തി അംഗങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ആദ്യകാലത്ത് ഇത്തരം ക്യാമ്പുകള്‍ക്കായി ജമാഅത്ത് സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് സ്വന്തമായി സ്ഥലം വാങ്ങി. നിരോധനം ഭയന്നതിനാല്‍ ജമാഅത്ത് മാതൃകയില്‍ ട്രസ്റ്റുകളുണ്ടാക്കി റജിസ്റ്റര്‍ ചെയ്താണ് സ്ഥാപനങ്ങള്‍, ഓഫീസുകള്‍ നിര്‍മ്മിച്ച് പരിപാടികള്‍ നടത്തിവന്നത്. മാസത്തില്‍ ഒരു യൂണിറ്റ് യോഗം, എന്‍.ഡി.എഫിന്റെ പ്രസക്തി വിളിച്ചോതുന്ന ഒരു മതപരമായ ക്ലാസ്, ആഴ്ചയില്‍ രണ്ട് ദിവസത്തെ കായിക പരിശീലനങ്ങളും അംഗങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.
ആദ്യകാലത്ത് യൂണിറ്റിന് ”സെല്‍” എന്നും നേതാവിന് ചീഫ് എന്നും ഉന്നത നേതൃത്വത്തിന്” സുപ്രീം കൗണ്‍സില്‍” എന്നുമായിരുന്നു പേര്. സ്വന്തം പേരില്‍ ഓഫീസ് തുടങ്ങുന്നതുവരെ കോഴിക്കോട്ടെ യൂത്ത് സെന്ററായിരുന്നു ഓഫീസായി ഉപയോഗിച്ചിരുന്നത്, നേരത്തെ കവാത്ത് പഠിപ്പിക്കുമ്പോള്‍ ഒരുനാള്‍ ഇത് റോഡില്‍ ഇറങ്ങി ആര്‍.എസ്. എസിന് ബദലായി നടത്തുമെന്ന് അണികളെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.
അക്രമങ്ങളില്‍ പിടിക്കപ്പെട്ടാല്‍ സംഘടനയുടെ പേര് പറയരുതെന്നും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരേ പറയാവൂ എന്നും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നു.
രഹസ്യമായി മലബാറില്‍ എന്‍.ഡി.എഫ് വളരുമ്പോള്‍ 1989ല്‍ തന്നെ തെക്കന്‍ കേരളത്തില്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ അത്യന്തം വൈകാരിക പ്രഭാഷണങ്ങളോടെ ആര്‍.എസ്.എസിന് ബദലായി ഐ.എസ്.എസ് രൂപംകൊണ്ടു. ഐ.എസ്.എസിന്റെ അന്നത്തെ ഒരു പ്രസംഗകന്‍ 6666 യൂണിറ്റുകള്‍ ഐ.എസ്.എസിനുണ്ടെന്ന് വരെ തട്ടിവിട്ടു. മേല്‍ വിഷയം ഗൗരിയമ്മ നിയമസഭയില്‍ പറയുകയുണ്ടായി. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ഇത്തരം വൈകാരിക പ്രകടനങ്ങളെ മുസ്ലിംലീഗ് ശക്തമായി എതിര്‍ത്തു. ഇവിടെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയുള്ള അവകാശ പോരാട്ടമാണ് വേണ്ടതെന്ന് മുസ്ലിംലീഗ് കേരള സമൂഹത്തെയും മുസ്ലിം സമുദായത്തെയും ബോധ്യപ്പെടുത്തി.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ആര്‍.എസ്.എസിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും ഐ.എസ്.എസിനെയും നിരോധിച്ചു. ഐ.എസ്.എസ് പിരിച്ചുവിട്ട് മഅ്ദനി ഒളിവില്‍ പോയി. പിന്നീടാണ് മഅ്ദനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും തന്റെ കാല്‍ ബോംബെറിഞ്ഞു തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മാപ്പ് കൊടുക്കുന്നതും. അതോടെ മുസ്ലിംലീഗ് നിലപാടാണ് ശരിയെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെടുകയായിരുന്നു.
പക്ഷെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്ലിംലീഗ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് തെരുവിലിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമിയും അവരുടെ പത്രവും കൂടെ അവരുടെ വലയില്‍ പെട്ട ചില നേതാക്കളും പ്രഖ്യാപിച്ചു. ”ഖാഇദെമില്ലത്ത് കള്‍ച്ചറള്‍ ഫോറം” എന്ന പേരില്‍ ഒരു സംഘടന തന്നെ നിലവില്‍ വന്നു. ജമാഅത്തിന്റെ കൂടെ ഈ സംഘടനക്ക് എല്ലാ അണിയറ സഹായങ്ങളും അന്ന് എന്‍.ഡി.എഫ് നേതൃത്വം ചെയ്തു കൊടുത്തിരുന്നു.
മുസ്ലിംലീഗിനെ തകര്‍ക്കാന്‍ പറ്റിയ അവസരമായി ഇതിനെ സുമദായത്തിലെ ലീഗ് വിരോധികള്‍ക്കൊപ്പം കണ്ട സി.പി.എം, ആര്‍.എസ്.എസ് പള്ളി തകര്‍ത്തതിലുള്ള മുസ്ലിം സമുദായത്തിന്റെ വികാരം, കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ലീഗിനെതിരെ തിരിച്ചുവിടാന്‍ എല്ലാ ശ്രമവും നടത്തി. ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലം ഇലക്ഷനിലും ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഇലക്ഷനിലും അവര്‍ക്കതിന്റെ ഗുണം കിട്ടി. ഒറ്റപ്പാലത്ത് അബ്ദുനാസര്‍ മഅ്ദനി അടക്കം സി.പി.എമ്മിന്റെ കൂടെ നിന്നാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഗുരുവായൂരില്‍ ജമാഅത്തും ഐ.എന്‍.എല്ലും ഒന്നിച്ചുള്ള സ്ഥാനാര്‍ത്ഥിയെയും മഅ്ദനി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയുമാണ് ലീഗിനെ പരാജയപ്പെടുത്തിയത്.
മുസ്ലിംലീഗ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിച്ച കാലമായിരുന്നു അത്. സത്യത്തില്‍ മുസ്ലിംലീഗിന്റെ അന്നത്തെ നിലപാടാണ് കേരളം കശ്മീരായി കാണാന്‍ കൊതിച്ച പലരുടെയും ആഗ്രഹങ്ങള്‍ തകര്‍ത്തുകളഞ്ഞത്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടാളം റൂട്ട് മാര്‍ച്ച് നടത്തുമ്പോഴാണ് ഗവണ്‍മെന്റില്‍ നിന്നും മുസ്ലിം ലീഗ് രാജിവെച്ച് തെരുവിലിറങ്ങണമെന്ന് വൈകാരികമായി സംസാരിക്കുന്നവര്‍ ആവശ്യപ്പെട്ടത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അന്നത്തെ ആഹ്വാനമാണ് കേരളം സമാധാനമായി നില്‍ക്കാന്‍ കാരണമായത്.
താല്‍ക്കാലിക നഷ്ടങ്ങള്‍ മുസ്ലിംലീഗിന് സംഭവിച്ചെങ്കിലും അന്നത്തെ നിലപാടാണ് പാര്‍ട്ടിയുടെ ദീര്‍ഘദൃഷ്ടിയും നേതാക്കളുടെ നേതൃപാടവും നമ്മെ ബോധ്യപ്പെടുത്തുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെയും ഇടപെടലായിരുന്നു പയ്യോളിയിലെ ഒരു കൊലപാതകത്തിന്റെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ജനസംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത്.

ദിവാസ്വപ്നം കാണുന്ന അണികള്‍ (2)

ഐ.എസ്.എസ് പിരിച്ചുവിട്ടതോടെ എന്.ഡി. എഫ് തെക്കന്‍ കേരളത്തിലും പ്രവര്‍ത്തനം ശക്തമാക്കി. ബാബരിയുടെ പതനവും ആളുകളെ കൂട്ടുന്നതില്‍ എന്‍.ഡി.എഫിന് സഹായകമായി. വര്‍ഗീയ മുദ്രാവാക്യങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട പഴയ സിമി നേതാക്കള്‍ക്ക് സമുദായത്തിലെ വ്യത്യസ്ത ആശയക്കാരും പാര്‍ട്ടിക്കാരും അണികളായി ലഭിച്ചപ്പോള്‍ അവരുടെ തീവ്ര ആശയങ്ങള്‍ അല്‍പാല്‍പമായി അണികളിലേക്ക് പകര്‍ന്നു നല്‍കി. എന്‍.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചാല്‍ രക്തസാക്ഷികളുടെ കൂടെ ഏറ്റവും ഉന്നതമായ സ്ഥാനം സ്വര്‍ഗത്തില്‍ ലഭിക്കുമെന്നും സഹാബാക്കളുടെ പിന്‍മുറക്കാരാണ് എന്‍.ഡി.എഫുകാരെന്നും അണികളെ പഠിപ്പിക്കുക വഴി എന്തും ത്യജിക്കാനും സഹിക്കാനുമുള്ള മാനസികാവസ്ഥയില്‍ അവരെ എത്തിച്ചു.
രഹസ്യമായി പ്രവര്‍ത്തിക്കുന്ന എന്‍.ഡി.എഫിന്റെ പല പ്രവര്‍ത്തനങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ‘രഹസ്യ വിംഗിനെ സൂക്ഷിക്കുക’ എന്ന ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫും രംഗത്ത് വന്നു. നിവൃത്തിയില്ലാതെ എന്‍.ഡി.എഫ് പരസ്യപ്പെടുത്തുകയായിരുന്നു. 1994 ഡിസംബറില്‍ കോഴിക്കോട് റാലി സംഘടിപ്പിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്ന എന്‍.ഡി. എഫ് പേരിന്റെ ഫുള്‍ഫോമില്‍ മാറ്റം വരുത്തി. ‘നാഷണല്‍ ഡിഫന്‍സ് ഫോഴ്സ്’ എന്നത് ‘നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട്’ എന്നാക്കി. ഇത് പൊലീസിനെ ഭയന്നുകൊണ്ടായിരുന്നു.
ദേശീയ വികസനം പുറത്തു പറഞ്ഞപ്പോള്‍ എന്‍.ഡി.എഫിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ 1996 ആയപ്പോഴേക്കും ജനങ്ങളും പൊലീസും തിരിച്ചറിഞ്ഞു. കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ധാരാളം കേസുകള്‍ എന്‍.ഡി.എഫിന്റെ പേരില്‍ വന്നു. കുറ്റ്യാടി പള്ളിയിലെ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിച്ച കേസ്, കുറ്റ്യാടി പള്ളിക്കാട്ടില്‍ നിന്നും മേപ്പയ്യൂര്‍ പള്ളിയില്‍ നിന്നും ബോംബ് പിടിച്ചതും പേരാമ്പ്ര എടവരാട്ടെ മിശ്രവിവാഹിതരെ ബോംബെറിഞ്ഞ് ആക്രമിച്ച കേസുകള്‍ ഉള്‍പ്പെടെ എന്‍.ഡി.എഫുകാര്‍ പ്രതികളായി.
എടവരാട്ടെ അക്രമം നടക്കുമ്പോള്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഈ കുറിപ്പുകാരന്‍ പിറ്റേ ദിവസം രാവിലെ മദ്രസയില്‍ ജോലിക്കായി പോകാന്‍ വാഹനം കയറുമ്പോഴാണ് നാട്ടുകാര്‍ പറഞ്ഞ് വിവരമറിയുന്നത്. എന്‍.ഡി.എഫ് നേതാവായതിന്റെ പേരില്‍ എന്നെയും കേസില്‍ പ്രതിയാക്കി എന്‍.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒളിവില്‍ പോയ എനിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രയാസങ്ങളായിരുന്നു. നാട്ടില്‍ മുഴുവന്‍ കേസന്വേഷണത്തിന്റെ ഭാഗമായി ഇടതുപക്ഷ പൊലീസിന്റെ നരനായാട്ട് സമുദായം അനുഭവിച്ചത് ചില്ലറയൊന്നുമല്ല. പൊലീസ് എന്റെ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തി. പൊലീസ് സ്റ്റേഷനുകളില്‍ ഫോട്ടോ വെച്ച് ലൂക്കൗട്ട് നോട്ടീസ് പതിച്ചു. ഞാനുമായി ബന്ധമില്ലാത്തതിനാല്‍ വിവരങ്ങള്‍ അറിയാതെ കുടുംബത്തിന് ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍. നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒളിവില്‍ പോയ എനിക്ക് കേരളത്തിനു പുറത്തുള്ള ഗുണ്ടല്‍പേട്ടയില്‍ ഫോറസ്റ്റിനോട് ചേര്‍ന്ന് ഇവര്‍ വാങ്ങിയ 108 ഏക്കര്‍ തോട്ടത്തിലെ ചെറിയ വീട്ടിലെ ഒറ്റക്കുള്ള താമസം ഹൃദയഭേദകമായിരുന്നു. രാത്രി വന്യജീവികളെ ഭയന്ന് ഉറക്കമില്ലായിരുന്നു. ഈ സംഭവത്തോടെ മദ്രസയിലെയും പള്ളിയിലെയും ജോലികളില്‍നിന്ന് പിരിച്ചുവിട്ട് പൊതുരംഗത്ത് സജീവമായിരുന്ന എന്നെ മഹല്ല് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ പുറത്താക്കപ്പെട്ട് എല്ലാവരാലും അവഗണിക്കപ്പെട്ട് തീവ്രവാദിയായി കഴിയേണ്ടിവന്നു. വരുന്ന കല്യാണാലോചനകള്‍ വരെ തിരസ്‌കരിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കൊടുവില്‍ കല്യാണം കഴിച്ച് ജോലിയില്ലാതെ കടത്തില്‍ മുങ്ങി രക്ഷപ്പെടാന്‍ ഗള്‍ഫിലേക്ക് കടന്ന എനിക്ക് അവിടെയും കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കേസുകള്‍ വാറണ്ടായതു കാരണം താമസിക്കുന്ന കൂരയും സ്ഥലവും കോടതി ജപ്തി ചെയ്തതിനാല്‍ ഗള്‍ഫ് ഒഴിവാക്കി നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. എന്റെ അനുഭവം ഇതാണെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമായ അവസ്ഥയുള്ള ഒരുപാട് ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളുമുണ്ട്.
ആറു വര്‍ഷം പുറംലോകം കാണാതെ ജയിലില്‍ കിടന്ന കണ്ണൂരിലെ നാറാത്തെ ചെറുപ്പക്കാരും മുവാറ്റുപുഴ കൈവെട്ടു കേസിലെ പ്രതികളും അവരുടെ കുടുംബങ്ങളും അനുഭവിച്ച യാതനകള്‍ വളരെ വലുതാണ്. ഇത്തരം ഒരു കേസിലും എന്‍.ഡി.എഫ് ബുദ്ധികേന്ദ്രങ്ങളായ നേതാക്കളോ ആശ്രിതരോ ഇതുവരെയും ഉള്‍പ്പെട്ടിട്ടില്ലെന്നത് എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കുടുംബങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഞാനിതെഴുതുന്നത്. എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും മുസ്ലിം സമുദായത്തെ മൊത്തം തീവ്രവാദികളാക്കുന്നതും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്ന് മനസിലാക്കിയ മുസ്ലിംലീഗും സമുദായ സംഘടനകളും ശക്തമായി എതിര്‍ത്തതു കൊണ്ടാണ് എന്‍.ഡി.എഫിന്റെ വളര്‍ച്ച മുരടിച്ചുപോയത്. കഴിഞ്ഞ 25 വര്‍ഷത്തെ വളര്‍ച്ച ഒരേ നില്‍പ്പാണ്. പുതിയ അംഗങ്ങള്‍ ചേരുന്നതിനനുസരിച്ച് പഴയ അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നതാണ് ഇതിന് കാരണം. ഇതു മനസിലാക്കിയ എന്‍.ഡി.എഫ് നേതൃത്വം സ്വന്തമായി പണ്ഡിത സംഘടന, വിദ്യാര്‍ത്ഥി സംഘടന, വനിതാ സംഘടന, രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവ ഉണ്ടാക്കുകയായിരുന്നു. പക്ഷേ, ഇതു കൊണ്ടൊന്നും സമുദായത്തെ കൂടെ നിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.
നേരത്തെ പഠിപ്പിച്ചിരുന്ന കവാത്തിന്റെ അറബിയിലുള്ള കമന്റുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റി ഫ്രീഡം പരേഡ് എന്ന പേരില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് ആര്‍.എസ്.എസിനെ ഭയപ്പെടുത്താന്‍ ശ്രമിച്ചത് സത്യത്തില്‍ ആര്‍.എസ്.എസിന് ഗുണമാവുകയാണ് ചെയ്തത്. പട്ടാളച്ചിട്ടയിലുള്ള പരേഡ് ഭാവിയില്‍ ഇവര്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പറഞ്ഞ് ആര്‍.എസ്.എസിലേക്ക് ആളെ കൂട്ടാന്‍ സാധിച്ചുവെന്നല്ലാതെ സമുദായത്തിന് ദോഷം മാത്രമാണുണ്ടാക്കിയത്. പവിത്രമായ സ്വാതന്ത്ര്യദിനാഘോഷം മറ്റു താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. മുസ്ലിം സമുദായത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കാനിറങ്ങിയ ഇവര്‍ അവസാനം മുസ്ലിംലീഗുള്‍പ്പെടെ സ്വന്തം സമുദായത്തിലെ ആളുകളെ ആക്രമിക്കുന്നതും കൊല ചെയ്യുന്നതുമാണ് കണ്ടത്. വേളം പുത്തലത്തെ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകനായ നസ്റുദ്ദീനെ കൊലപ്പെടുത്തിയത് എന്‍.ഡി.എഫ് കാരായിരുന്നു.
സമുദായ സംരക്ഷണം പറഞ്ഞും ഉത്തരേന്ത്യയിലെ മുസ്ലിംകളുടെ കഷ്ടപ്പാടുകള്‍ നിരത്തിയും വിശുദ്ധ റമസാനില്‍ സ്വദേശത്തും വിദേശത്തും ഇവര്‍ പിരിക്കുന്ന കോടികള്‍ ഇത്തരം കേസുകള്‍ നടത്തുന്നതോടൊപ്പം ഒരു കേസിലും പ്രതിയാകാത്ത കഷ്ടപ്പെടാത്ത നേതാക്കളുടെ സുഖ ജീവിതത്തിനുവരെ ചിലവഴിക്കുന്നു. സ്വന്തം കീശയില്‍ നിന്നും കാശെടുത്ത് പ്രതിഫലം വാങ്ങാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന മുസ്ലിംലീഗിനെ വിമര്‍ശിക്കുന്ന ഇവരാണ് ശമ്പളം വാഹനം, താമസം തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും പൊതുമുതല്‍ ഉപയോഗിക്കുന്നത്.
അണികളെ പിടിച്ചുനിര്‍ത്താന്‍ വലിയ സ്വപ്നങ്ങളാണിവര്‍ അവര്‍ക്ക് നല്‍കുന്നത്. ആദ്യം നമ്മള്‍ തോല്‍പ്പിക്കാനും പിന്നെ തോല്‍ക്കാനും പിന്നെ ജയിക്കാനും മത്സരിക്കുമെന്ന് പറഞ്ഞ സ്ഥാപക നേതാവ് ഇപ്പോള്‍ പറയുന്നത് അടുത്ത തലമുറക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ്. 29 വര്‍ഷമായിട്ടും ഒന്നും നേടാന്‍ കഴിയാത്തവര്‍ ഇനിയെന്താണ് നേടിക്കൊടുക്കാന്‍ പോകുന്നത്. വലിയ പ്രതീക്ഷയില്‍ എം.എല്‍.എ ഉണ്ടാകുമെന്നവര്‍ പറഞ്ഞ കര്‍ണാടകയിലെ നരസിംഹരാജ മണ്ഡലത്തില്‍ ഈ പ്രാവശ്യം വോട്ട് കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നതാണ് കണ്ടത്. എന്‍.ഡി.എഫ് തുടങ്ങുമ്പോള്‍ രണ്ട് എം.പിമാര്‍ ഉണ്ടായിരുന്ന ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുന്നു. ആര്‍.എസ്.എസിന് തടയിടാന്‍ ഉണ്ടാക്കിയ എന്‍.ഡി.എഫ് കൊണ്ട് ആര്‍.എസ്.എസിന്റെ വളര്‍ച്ചയല്ലാതെ സമുദായത്തിന് എന്ത് നേട്ടമാണുണ്ടായത്. യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി പറയുന്നത് നമ്മള്‍ നട്ടെല്ലു വളക്കാത്തവരാണ്. അല്ലാഹുവിനെ മാത്രമെ പേടിക്കൂ. ആര്‍.എസ്.എസിനും സി.പി.എമ്മിനും പൊലീസിനും നമ്മെ പേടിയാണ് എന്നൊക്കെയാണെങ്കില്‍ എന്‍.ഡി.എഫിന്റെ ഫുള്‍ഫോമില്‍ മാറ്റം വരുത്തിയതും വീണ്ടും വേറെ പേരിലേക്ക് മാറിയതും ആരെ ഭയപ്പെട്ടതു കൊണ്ടാണെന്ന് വ്യക്തമാക്കണം.
മുസ്ലിംലീഗിന് പ്രതികരണ ശേഷിയില്ലെന്നും സമുദായത്തിന് നേരെ വരുന്ന എല്ലാ അക്രമങ്ങള്‍ക്കും ശക്തമായി തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ച എന്‍.ഡി.എഫ് സ്വന്തം അണികളെ കൊന്നവര്‍ക്കെതിരെ എന്തു സമീപനമാണ് സ്വീകരിച്ചതെന്ന് മറുപടി പറയണം. ആദ്യമായി ആര്‍.എസ്.എസുകാരാല്‍ വധിക്കപ്പെട്ട രഹസ്യകാലത്തെ എന്‍.ഡി.എഫിന്റെ ജില്ലാ നേതാവായിരുന്ന കുറ്റ്യാടിയിലെ അബൂബക്കര്‍ മാസ്റ്റര്‍, സി.പി.എമ്മുകാരാല്‍ ചെറിയ പെരുന്നാള്‍ തലേന്ന് കൊല്ലപ്പെട്ട തലശ്ശേരിയിലെ ഫസല്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട കാസര്‍കോട് തളങ്കരയിലെ സൈനുല്‍ ആബിദ് ഇവരുടെ ഘാതകരോട് എന്ത് പ്രതികാരമാണ് എന്‍.ഡി.എഫിന് ചെയ്യാന്‍ കഴിഞ്ഞത് എന്ന് ചിന്തിക്കണം, അതാണ് മുസ്ലിംലീഗ് പറയുന്നത് വെട്ടും കുത്തും ഒന്നിനും പരിഹാരമല്ല. ജനാധിപത്യപരമായ ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള സമര പോരാട്ടങ്ങളേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കൂ. അല്ലാത്തതൊക്കെ സമുദായത്തിന്റെ ശക്തി തകര്‍ക്കാനല്ലാതെ ഒരു ഗുണവും ചെയ്യില്ല.
അടുത്ത ഭാവിയില്‍ എന്‍.ഡി.എഫിന്റെ പാര്‍ട്ടി ഇന്ത്യ ഭരിക്കുമെന്ന ദിവാസ്വപ്നം അണികള്‍ക്കു നല്‍കി സമുദായത്തിലെ ഉള്ള സംഘടിത ശക്തിയെയും തകര്‍ത്ത് സമുദായത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്താന്‍ എന്‍.ഡി.എഫ് കാരണമാവുന്നുവെന്നല്ലാതെ എന്തു നേട്ടമാണുണ്ടാവുക. പരിപാടികള്‍ക്ക് കാശ് മുടക്കി ദീര്‍ഘദൂരങ്ങളില്‍ നിന്ന് ആളുകളെ കൊണ്ട്വന്ന് ജനക്കൂട്ടത്തെ കാണിച്ചത് കൊണ്ടും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്നത് കൊണ്ടും തീവ്രവാദത്തിന് ബഹുജന പ്രസ്ഥാനമാകാന്‍ കഴിയില്ല. അതാണ് തെരഞ്ഞെടുപ്പുകള്‍ കഴിയുന്തോറും ജനപിന്തുണ കുറഞ്ഞുവരുന്നത്. ഇതില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ ഇതു മനസിലാക്കേണ്ടുതണ്ട്. ദീര്‍ഘകാലം അതില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കു ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇവിടെ കുറിച്ചത്.

(എന്‍.ഡി.എഫിന്റെ ആക്രമണോത്സുകമായ നയനിലപാടുകളും തീവ്രവാദ സ്വഭാവവും ഉള്‍ക്കൊള്ളാനാവാതെ സംഘടന വിട്ട ആദ്യ കാല പ്രവര്‍ത്തകനാണ് ലേഖകന്‍)

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.