Connect with us

Art

അകക്കണ്ണിന്‍ വിജയവഴി

Published

on

പി.എ അബ്ദുല്‍ കരീം

വീടു വിട്ടിറങ്ങുമ്പോള്‍ അമ്മയും അച്ഛനും കരയുന്നുണ്ടായിരുന്നു. പോവരുതെന്ന് വിലക്കുന്നുണ്ടായിരുന്നു. ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ, അതൊന്നും മുഖവിലക്കെടുക്കാന്‍ അപ്പോള്‍ അവള്‍ക്കാവുമായിരുന്നില്ല.
പുലര്‍ച്ചെയെഴുന്നേറ്റു കുളിച്ചുറെഡിയായി. ഒരു കൊച്ചു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രം. കട്ടന്‍ചായ ഊതിക്കുടിക്കുമ്പോള്‍ കബനിയുടെ തീരത്തു നിന്നും കുളിരുള്ള കാറ്റടിക്കുന്നുണ്ടായിരുന്നു. കനലെരിയുന്ന ഉള്ളിലപ്പോള്‍ കുളിരായിരുന്നില്ല, വല്ലാത്ത നിസ്സംഗതയായിരുന്നു. മലയും വയലും തോടും അമ്പലക്കൊല്ലിയും പിന്നിട്ട് മാനന്തവാടിക്കടുത്ത തലപ്പുഴ റോഡിലൂടെ ചുരമിറങ്ങുമ്പോള്‍ സമയം നാലു മണി. കണ്ണിന്റെ മൂടലാണോ നേരം വെളുക്കാഞ്ഞിട്ടാണോ, ഇരുട്ടാണെങ്ങും. ആടിക്കുലുങ്ങുന്ന ജീപ്പില്‍ അച്ഛനുമമ്മയുമുണ്ട്. അച്ഛന്‍ ഇടയ്ക്ക് അമ്മയെ ആശ്വസിപ്പിക്കുന്നതു കേട്ടു: ”ഏറിയാല്‍ ഒരാഴ്ച. അതു കഴിഞ്ഞാല്‍ പോയ വഴിയേ തിരിച്ചു വരും; നീ നോക്കിക്കോ.”

പക്ഷെ, അവള്‍ക്ക് തിരിച്ചുവരാനാവുമായിരുന്നില്ല. ജീവിതം തിരിച്ചുപിടിക്കണം. അങ്ങനെ തോറ്റുകൊടുക്കാനവള്‍ക്ക് മനസ്സില്ലായിരുന്നു.
കൊല്ലം തോറും കെട്ടി മേയും മുമ്പ്, ഓലയും വൈക്കോലുമൊക്കെ നീക്കിയ പുരയുടെ നേര്‍ത്ത എല്ലിന്‍കൂടിലൂടെ മലര്‍ന്നു കിടന്ന് നേര്‍ത്ത വെളിച്ചപ്പൊട്ട് പോലെ അവള്‍ നക്ഷത്രങ്ങളെണ്ണുമായിരുന്നു. അതിന്റെ ഉത്തരത്തിലെവിടെയോ അവളുള്‍പ്പെടെ സഹോദരങ്ങളുടെയെല്ലാം ജനനത്തീയതി കരിക്കട്ട കൊണ്ട് അച്ഛന്‍ കോറിയിട്ടിട്ടുണ്ടായിരുന്നത് വരുന്നവരും പോകുന്നവരും വായിക്കുന്നത് അവളും കേട്ടിട്ടുണ്ട്. സുശീല, 1141 വൃശ്ചികം 8. പിന്നീടെപ്പോഴോ ആരോ അതു മായ്ച്ചു കളയുകയായിരുന്നു.
ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത ഒരു ജീവിതത്തിന്റെ കനല്‍വഴികള്‍ താണ്ടി പോക്കുവെയിലില്‍ പെരിയാറിന്റെ തീരത്തു നില്ക്കുന്ന അവളെയിപ്പോള്‍ എല്ലാവരും വായിക്കുന്നത് സുശീല ടീച്ചര്‍ എന്നാണ്. ആലുവയ്ക്കടുത്ത കുട്ടമശ്ശേരി ഗവണ്മെന്റ് ഹയര്‍സെക്കന്ററി വിദ്യാലയത്തിലെ അന്ധരായവരുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അമ്മയോ ചേച്ചിയോ ഒക്കെയായ, വിദ്യാലയത്തിന്റെ അവിഭാജ്യ ഘടകമായ ഭാഷാധ്യാപിക.

ദുരിതപര്‍വങ്ങളുടെ ഇന്നലെകള്‍

സുശീല ടീച്ചറുടെ ജീവിതകഥയറിയാന്‍ പ്രാരബ്ധങ്ങളുടെ മല കയറണം. കാടും മേടും നഗരവുമെല്ലാം ടീച്ചര്‍ക്കിപ്പോള്‍ ഒരുപോലെ. ഭുവനൈകശില്പി മിഴിനീരിലിട്ട് ഉരുക്കിയെടുത്ത ജീവിതം. കുട്ടിക്കാലത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അല്പനേരത്തെ മൗനത്തിനു ശേഷം വേദന കലര്‍ന്ന ഒരു നേര്‍ത്ത ചിരി.

ഇനി ടീച്ചര്‍ തന്നെ പറയട്ടെ:

ശൈശവവും ബാല്യവും കൗമാരയൗവനങ്ങളൊന്നുമില്ലാതെ നേരിട്ടു ജീവിതത്തിലേക്കു വന്നവളാണു ഞാന്‍. ജനനം 1966 ഫെബ്രുവരി 2 ന്. വയനാട് അമ്പലക്കൊല്ലിയില്‍ പരമേശ്വരന്‍ തങ്കമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമത്തവള്‍. എന്നാല്‍ എന്റെ ജനനം ആരിലും സന്തോഷം ജനിപ്പിച്ചില്ല. ആഞ്ഞൊന്നു കരയാന്‍പ്പോലും കരുത്തില്ലാത്ത പെണ്‍കുഞ്ഞിന് കണ്ണുകളുണ്ടായിരുന്നില്ല! കണ്ണിന്റെ അടയാളം പോലും ഉണ്ടായിരുന്നില്ലത്രേ. ആരുടെയൊക്കെയോ ഉപദേശപ്രകാരം ആ സ്ഥാനത്ത് അമ്മ പതുക്കെ തലോടുമായിരുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം നെല്‍പ്പോള പൊട്ടി വരുമ്പോലെ രണ്ടു ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെട്ടു. അമ്മയുടെ പരിചരണവും പ്രാര്‍ത്ഥനയും കൊണ്ടാവണം പയ്യെപ്പയ്യെ അവ രണ്ടു കുഞ്ഞിക്കണ്ണുകളായി രൂപാന്തരപ്പെട്ടു, നേരിയ കാഴ്ചയോടെ. ഇഴഞ്ഞു നടക്കുന്ന പ്രായത്തില്‍ ഞാന്‍ ഇരിക്കുകയായിരുന്നു. നാലുവര്‍ഷം മലര്‍ന്നുകിടന്നു ചെലവഴിച്ചു. അമ്മ ഒരുപാടു സഹിച്ചു. മുഖത്തുവീണ നനഞ്ഞൊരു തുണിയില്‍ കുഞ്ഞുസുശീലയുടെ ജീവിതം കെടുത്താതിരുന്നത് അമ്മയുടെ കാരുണ്യം.

രണ്ടര ഏക്കര്‍ പറമ്പും ഏതാണ്ടത്ര തന്നെ വയലും ഞങ്ങള്‍ക്കുണ്ടായിരുന്നു. പാടത്തും പറമ്പിലുമായി അതികഠിനമായി അച്ഛനുമമ്മയും പണിയെടുത്തു. പക്ഷേ അച്ഛന്റെ മദ്യാസക്തി ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. മക്കളില്‍ മൂത്തവളായ ഓമനച്ചേച്ചി അസ്സലായി പഠിക്കുമായിരുന്നു. എന്നെയും താഴെയുള്ളവരെയും നോക്കാനായി നാലാംക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ചേച്ചി ഇന്നും എന്റെ വേദനയാണ്. രണ്ടാമത്തെ ചേട്ടന്‍ ഗംഗാധരനും പഠിക്കാന്‍ മോശമല്ലായിരുന്നു. ചേട്ടനൊക്കെ സ്‌കൂളില്‍ പോകുന്നതു കാണുമ്പോള്‍ എനിക്കു സങ്കടം വരും. കുറച്ചൊക്കെ എനിക്കും കാണാമല്ലോ. പക്ഷേ, എന്നെ സ്‌കൂളില്‍ ചേര്‍ത്തുന്ന ലക്ഷണമൊന്നും കാണുന്നില്ല. ചേട്ടന്‍ സ്ലേറ്റില്‍ ഗൃഹപാഠമൊക്കെ ചെയ്തു വച്ചതു കാണുമ്പോള്‍ എനിക്കു കലി കയറും. വെള്ളമൊഴിച്ച് ഞാനതൊക്കെ മായ്ച്ചുകളയും. എനിക്കില്ലാത്ത അക്ഷരവെളിച്ചം ആര്‍ക്കും വേണ്ട, അത്ര തന്നെ. ചേട്ടന്‍ വായിക്കുന്ന പാഠഭാഗങ്ങള്‍ ഞാന്‍ കേട്ടിരിക്കും.
പിന്നെപ്പിന്നെ അമ്മയോടൊപ്പം കൃഷിപ്പണിക്കും നെല്ലുകൊയ്യാനും കറ്റമെതിക്കാനും നെല്ലുകുത്താനും പാചകംചെയ്യാനുമെന്നുവേണ്ട, വീട്ടിലും പറമ്പിലുമായി എല്ലുനുറുങ്ങും വരെ ഞാനും പണിയെടുത്തു. ഒരു മൃഗത്തെക്കാള്‍ കഷ്ടമായിരുന്നു എന്റെ ജീവിതം. എനിക്കു മടുത്തു തുടങ്ങി. അച്ഛനമ്മമാരുടെ കാലശേഷം ഞാനും നാലനിയത്തിമാരും എങ്ങനെ കഴിയും? പഠിച്ച് ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ അവരെയും സഹായിച്ച് കഴിയാമായിരുന്നു. നേത്രഞരമ്പ് ദുര്‍ബലമായ എന്റെ കാഴ്ച അല്പാല്പമായി കുറഞ്ഞു തുടങ്ങിയിരുന്നു.

വഴിത്തിരിവ്

മൂവാറ്റുപുഴ വാഴക്കുളത്തിനടുത്ത തെക്കുമ്മലയിലേക്ക് വിവാഹം കഴിച്ചയച്ച അമ്മയുടെ ചേച്ചിയുടെ മകന്‍ ഗിരിയായിരുന്നു, തോട്ടുമുഖത്തിനടുത്ത ശ്രീനാരായണഗിരിയെപ്പറ്റി പറഞ്ഞത്. തൊടുപുഴ എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറിയാണ് ആള്‍. ഗിരിയിലെ സേവികാസമാജത്തിന് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ജോലിയുണ്ട്. അന്ധരായവരെ സംരക്ഷിക്കുന്ന അവിടെ സുശീല സുരക്ഷിതമായിരിക്കുമെന്ന് ഗിരി പറഞ്ഞു. ആ വാക്കുകള്‍ ഒരു രക്ഷാമാര്‍ഗത്തിന്റെതായിരുന്നെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. പോകണമെന്നു ഞാനും. അങ്ങനെയാണ് ഒരു ദിവസം രണ്ടും കല്‍പ്പിച്ച് മലയിറങ്ങുന്നത്.
ഇറച്ചിയും മീനും വേണ്ടതൊക്കെയും വാങ്ങിത്തന്ന് അച്ഛന്‍ ഞങ്ങളെ സന്തോഷിപ്പിക്കുമായിരുന്നു. കുടിച്ചു വന്നാലോ എല്ലാവരെയും തല്ലും. കുട്ടിയായിരുന്നപ്പോള്‍, ഓടിപ്പോകാതിരിക്കുന്ന എനിക്കായിരിക്കും കൂടുതല്‍ തല്ല്. ചിലപ്പോള്‍ അമ്മയ്ക്കു വേണ്ടിയും ഞാന്‍ തല്ലു വാങ്ങുമായിരുന്നു. പറമ്പില്‍ മോശമല്ലാതെ കാപ്പിയും കുരുമുളകും ഏലവുമൊക്കെയുണ്ട്. കായ് വീണു തുടങ്ങുമ്പോഴേക്കും കച്ചവടക്കാരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി അച്ഛന്‍ കുടിച്ചു തീര്‍ക്കും.

സേവികാസമാജത്തിലെ അന്തേവാസി

ആലുവയിലെ ശ്രീനാരായണ ഗിരിയിലെത്തുമ്പോള്‍ നേരം രാത്രിയായിരുന്നു. 1989 ഡിസംബര്‍ 31. അന്തേവാസികളെല്ലാം ‘ഹാപ്പി ന്യൂ ഇയര്‍’ ആശംസിച്ചു. ആ വെളിച്ചത്തിലും അവരെ നേരാംവണ്ണം കാണാനോ അവര്‍ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാനോ സാധിച്ചില്ല. നേത്രഞരമ്പുകള്‍ കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നു. റൂംമേറ്റായ പ്രേമയാണ് ആ ആശംസകളുടെ അര്‍ത്ഥം പറഞ്ഞു തന്നത്. പ്രേമ പാലക്കാട്ടുകാരി. അച്ഛനമ്മമാരില്ല. സഹോദരങ്ങള്‍ കൈയൊഴിഞ്ഞു.
പത്തു ദിവസത്തിനകം ഗിരിയിലെ ജീവിതവുമായി പൊരുത്തപ്പെട്ടു. അപ്പോഴാണ് ഒരു നിമിത്തം പോലെ ലക്ഷ്മിച്ചേച്ചിയെ പരിചയപ്പെടുന്നത്. പഠിക്കാനുള്ള തന്റെ ആഗ്രഹത്തിനു പറ്റിയ ഇടം പോത്താനിക്കാട് അന്ധവിദ്യാലയമാണെന്ന് അവരില്‍ നിന്നറിഞ്ഞു. സമാജത്തിലുള്ളവരും അതിനു പിന്തുണ നല്‍കിയതോടെ പതിനൊന്നാം നാള്‍ അവിടെയെത്തി.

പോത്താനിക്കാട് അന്ധവിദ്യാലയത്തില്‍

‘കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ്’ എന്ന സംഘടനയ്ക്കു കീഴില്‍ സര്‍ക്കാര്‍ ഗ്രാന്റും ഉദാരമതികളുടെ സഹായവും കൊണ്ട് പ്രവര്‍ത്തിക്കുന്ന അന്ധ വനിതാ പുനരധിവാസ കേന്ദ്രത്തില്‍ സുശീലയെത്തി. അന്തേവാസികള്‍ക്ക് കുട, മെഴുകുതിരി നിര്‍മാണം, തയ്യല്‍ തുടങ്ങിയവയില്‍ പരിശീലനമാണ് മുഖ്യം. അവിടത്തെ രാജമ്മ ടീച്ചര്‍ പറഞ്ഞു: ”നീ മിടുക്കിയാണ്. ഈ തൊഴിലൊന്നും വേണ്ട. നീ പത്താംക്ലാസ് പരീക്ഷയെഴുത്.” ഉള്ളു നടുങ്ങിപ്പോയി. അക്ഷരം പോലുമറിയാത്തവള്‍, കാഴ്ചാപരിമിതിയുള്ളവള്‍.
തോറ്റു പോയാലും ഈ ലോകത്തിന് ഒന്നും സംഭവിക്കില്ലെന്ന ടീച്ചറുടെ നിര്‍ബന്ധമാണ് പതിനെട്ടു മാസത്തെ കണ്ടന്‍സ്ഡ് കോഴ്‌സിനു ചേരാന്‍ നിമിത്തമായത്. പത്താം ക്ലാസ് പരീക്ഷയ്ക്കു വേണ്ട വിഷയങ്ങളിലൂടെ ഓരോട്ടപ്രദക്ഷിണമാണ് പരിപാടി.

മറ്റൊരു ഗുരുനാഥ ജയടീച്ചര്‍ ജനറല്‍ സയന്‍സും പൊതുവായ കാര്യങ്ങളും പഠിപ്പിച്ചു. ഇതിനകം ബ്രെയില്‍ ലിപിയില്‍ പരിശീലനം നേടിയിരുന്നു. കരിമല കയറ്റത്തിനെക്കാള്‍ കഠിനം. ഒഴിവുവേളകളില്‍ കുട, മെഴുകുതിരി, തയ്യല്‍. ടൈപ്പും ഷോര്‍ട്ട് ഹാന്റും പരിശീലിക്കാന്‍ തിരുവനന്തപുരത്ത് ഏതാനും മാസത്തേക്കയച്ചതും അവരായിരുന്നു. 1992 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എല്ലാം മാറ്റിമറിച്ചു. 266 മാര്‍ക്കോടെ സുശീല വിജയിച്ചു! ദൈവമേ, മങ്ങിയ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നു. ആ ഇരുനൂറ്റി അറുപത്താറ് അവള്‍ക്ക് 916 പൊന്നായിരുന്നു.
പ്രീഡിഗ്രി പ്രവേശനത്തിന് പല കോളേജുകളിലും കയറിയിറങ്ങി. ആര്‍ക്കും കാഴ്ചാപരിമിതിയുള്ളവളുടെ ആ മാര്‍ക്കു വേണ്ട. ആലുവ സെന്റ് സേവ്യേഴ്‌സില്‍ നിന്നിറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞ അവളെക്കണ്ട ബിഷപ്പു പറഞ്ഞു: ”നീ ഇവിടെപ്പഠിക്കും. പഠിച്ചു മിടുക്കിയാവണം.” ചരിത്രവും സാമ്പത്തികശാസ്ത്രവുമൊക്കെയായി രണ്ടു വര്‍ഷം. മലയാളാധ്യാപിക ലില്ലി ടീച്ചറുടെ ക്ലാസ്സുകളാണ് ഭാഷയോടും സാഹിത്യത്തോടും താത്പര്യമുണ്ടാക്കിയത്.
അതേ കോളേജില്‍ത്തന്നെ ബിരുദ പഠനം. മോശമല്ലാത്ത രണ്ടാം ക്ലാസ് മാര്‍ക്കോടെ മലയാള ബിരുദം. തുടര്‍ന്ന് യു.സി. കോളജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. വി.ടി പറഞ്ഞ പോലെ ഉണങ്ങിവരണ്ട ചപ്പിലക്കൂട്ടങ്ങളെ ആളിക്കത്തിക്കുന്ന ആവേശം തന്നെ. ഇതിനിടെ വിവരങ്ങളെല്ലാം വീട്ടിലേക്കെഴുതുമായിരുന്നു. മറുപടിയൊന്നുമില്ലെന്നു മാത്രം.

ഒരു അധ്യാപിക ജനിക്കുന്നു

ആര്യാദേവി ടീച്ചറാണ് ബി.എഡിനു പോകാന്‍ ഉപദേശിച്ചത്. ടീച്ചറും അന്ധയായിരുന്നല്ലോ. ആശങ്കകളുണ്ടായിരുന്നു. ഒടുവില്‍ അധ്യാപന പരിശീലനത്തിന് കോഴിക്കോട്ടേക്ക്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ കുറച്ചു നേരം. എന്റെ സഹായി ടി.വി.യും കണ്ടിരുന്നു. പോകാന്‍ നോക്കുമ്പോള്‍ ബാഗില്ല. വസ്ത്രങ്ങളും പഠനാവശ്യത്തിനുള്ള ടേപ്പ് റെക്കോര്‍ഡറുമെല്ലാം പോയി. രണ്ടും കല്പിച്ച് ഫറൂഖിലെത്തി. 900 രൂപ ഫീസടയ്ക്കണം. കാല്‍ കാശില്ല. വിശപ്പും ക്ഷീണവും. കണ്ണീരു കണ്ട് ഒരാള്‍ ആശ്വസിപ്പിച്ചു. മകളെ ചേര്‍ക്കാന്‍ വന്നിരിക്കുകയാണ്. ഒരു ഡോക്ടര്‍. അദ്ദേഹം ആയിരം രൂപ തന്നു. ഫീസടച്ചു. പിറ്റേന്ന് പുതിയ വസ്ത്രങ്ങളും ഒരു പുത്തന്‍ ടേപ്പ് റെക്കോര്‍ഡറും കഴിക്കാന്‍ വൈറ്റമിന്‍ ഗുളികകളുമായി അദ്ദേഹമെത്തി. ഡോക്ടറുടെ മകള്‍ നബീസയായിരുന്നു റൂം മേറ്റ്. ചാര്‍ട്ടുകളും ലസണ്‍ പ്ലാനും മോഡലുകളുമൊക്കെ കൂട്ടുകാര്‍ തയ്യാറാക്കിത്തന്നു. അവരൊക്കെ ഏറെ സഹായിച്ചു.

തൊഴിലിടം

ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റിലെ നിരന്തര സന്ദര്‍ശനശല്യത്തിനൊടുവില്‍ വാഴക്കുളം ഗവ: ഹൈസ്‌കൂളില്‍ യു.പി.ടീച്ചറായി താല്ക്കാലിക നിയമനം കിട്ടി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ പി.എസ്.സിയുടെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സ്‌പെഷല്‍ നിയമനം. എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നൂറിന പരിപാടിയുമായി ബന്ധപ്പെട്ടാണ്, എറണാകുളം റാങ്കുലിസ്റ്റിലുള്ള ടീച്ചറുടെ നിയമനം. അങ്ങനെ ഇരുപത്തിമൂന്നാം വയസ്സില്‍ പഠിച്ചു തുടങ്ങിയ ആ കുട്ടി മുപ്പത്തിയൊമ്പതാം വയസ്സില്‍ അധ്യാപികയായിരിക്കുന്നു! 2005 ല്‍ ചെങ്ങമനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി. തസ്തികയില്‍.
അടുത്ത വര്‍ഷം ട്രാന്‍സ്ഫറിലൂടെ സേവികാ സമാജത്തിനടുത്തുള്ള കുട്ടമശ്ശേരി സ്‌കൂളിലേക്കു മാറി. മുന്‍ വിദ്യാലയത്തിലേതുപോലെത്തന്നെ ഇവിടെയുള്ളവര്‍ക്കും ആശങ്കയുണ്ടായിരുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അധ്യാപകരുടെ നിലനില്പിനെ ബാധിക്കുന്ന സമയത്ത് ഈ ആശങ്കകള്‍ സ്വാഭാവികം. അന്ധയായ ഒരധ്യാപിക കൂടി വന്നാല്‍ രക്ഷിതാക്കള്‍ മക്കളെ ആ വിദ്യാലയത്തിലേക്കയക്കുമോ? ഡി.ഡി കൂടി ഇടപെട്ടാണ് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞത്. നാലു വര്‍ഷം അവിടെത്തുടര്‍ന്നു. കുട്ടികള്‍ കൂടിത്തുടങ്ങിയതോടെ ടീച്ചര്‍ കുട്ടമശ്ശേരിയുടെ പ്രിയങ്കരിയായി. അപ്പോള്‍ ഹൈസ്‌കൂള്‍ ടീച്ചറായി പ്രൊമോഷന്‍. ആലുവ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും പിന്നെ പറവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലും.

പറവൂരില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അമ്മയുടെ മരണം. കടുത്ത പ്രമേഹം. ഏഴു വര്‍ഷം ചികിത്സ. ചെലവു വഹിച്ചു. നട്ടെല്ലിന് അകല്‍ച്ച വന്ന് പെട്ടെന്നു മരിച്ചു. 2016ല്‍ അച്ഛനും പോയി. മരിയ്ക്കുന്നതിനു രണ്ടു ദിവസംമുമ്പ് തന്നെ കാണണമെന്ന് അച്ഛന്‍ പറഞ്ഞു. പരീക്ഷത്തിരക്കു കാരണം പോകാന്‍ പറ്റിയില്ല. ചേട്ടന്‍ വന്നു വിളിച്ചു കൊണ്ടുപോയി. ഫ്രീസറില്‍ അച്ഛന്റെ തണുത്തുറഞ്ഞ ശരീരത്തിനരികെ ഞാന്‍ വിറങ്ങലിച്ചു നിന്നു.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ടീച്ചറെ ആദരിച്ചു. പ്രൊഫ.എം.കെ.സാനുവില്‍ നിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. ആദരവുകളും അംഗീകാരങ്ങളും നല്‍കുന്ന ഊര്‍ജം കുടിച്ചിറക്കിയ സങ്കടങ്ങളേക്കാള്‍ വലുതാണെന്ന് ടീച്ചര്‍ കരുതുന്നു. ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും ടീച്ചര്‍ക്കിനി പറയാനില്ല. വിവാഹത്തിന് ശ്രമിച്ചെങ്കിലും ഒന്നും ഒത്തുവന്നില്ല. ആരുമില്ലാത്ത തന്റെ സന്തത സഹചാരിയായ പ്രേമയോടൊത്ത് ശിഷ്ടകാലം ചെലവഴിക്കാനാണ് തീരുമാനം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Art

റിസബാവ ഇനി ഒാര്‍മ; മൃതദേഹം ഖബറടക്കി

കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനിലാണ് മറവുചെയ്തത്

Published

on

കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനിലാണ് മറവുചെയ്തത്. ഔദ്യോഗിക ചടങ്ങുകളോടെയായിരുന്നു മരണാനന്തര ചടങ്ങുകള്‍. എറണാകുളം ജില്ലാ കലക്ടര്‍ അന്തിമോപചാരമര്‍പിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണശേഷം നടത്തിയ പരിശോധനയില്‍ റിസബാവക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി.

നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ റിസബാവ നാടകവേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം.

Continue Reading

Art

‘സഫിയ’ വെള്ളിത്തിരയിലേക്ക്

പ്രവാസ ജീവകാരുണ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന രീതികളിലുടെ വ്യത്യസ്ഥയായ മരണപ്പെട്ട സഫിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

Published

on

ദമ്മാം: പ്രവാസ ജീവകാരുണ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന രീതികളിലുടെ വ്യത്യസ്ഥയായ മരണപ്പെട്ട സഫിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സഫിയയുടെ ജീവിതത്തിനൊപ്പം നടന്ന ഒരു കൂട്ടം കലാകാരന്മാരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഈ ജീവിതം തിരശ്ശീലയില്‍ പതിയുന്നത്. ഡോക്യൂമെന്ററിയായും, ഷോര്‍ട് ഫിലിമായുമൊക്കെ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടും ആ ജീവിതത്തിന്റെ പകുതി പോലും പറയാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സിനിമ എന്ന സ്വപ്നത്തിലേക്ക് ഇതിന്റെ അണിയറ ശില്‍പികള്‍ എത്തിയത്.

ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുണയുമായി വ്യവസായികളും, കച്ചവടക്കാരും കലാകാരന്മാരുമായ കുറേപ്പേര്‍ രംഗത്ത് വന്നതോടെ വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുകയാണ്. വളരെ അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരുക്കങ്ങളുമായി മുന്നാട്ട് പോകുന്ന ഈ ചിത്രം യാഥാര്‍ത്ഥ്യമാക്കുന്നത് സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ ചിത്രം എന്ന അംഗീകാരം കൂടിയായിരിക്കും. തേജോമയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സതീഷ്‌കുമാര്‍ ജുബൈല്‍, നിതിന്‍ കണ്ടമ്പേത്ത്, ജേക്കബ് ഉതുപ്പ്, മഹേന്ദ്രന്‍ ജനാര്‍ദ്ധനന്‍ എന്നിവരായിരിക്കും ഇതിന്റെ നിര്‍മ്മാതാക്കള്‍. സഹീര്‍ഷാ കൊല്ലമാണ് സംവിധാനം.

എഴുത്തുകാരി സബീന എം സാലിയുടെ തണല്‍പ്പെയ്ത് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സഫിയയുടെ കഥയുടെ ദൃശ്യ ഭാഷ വികസിക്കുന്നത്. ഇതിന്റെ തിരക്കഥ എഴുതുന്നതും സബീന എം സാലി തന്നെയാണ്. പുരുഷന്‍മാര്‍ക്ക് മാത്രം മേധാവിത്തമുണ്ടായിരുന്ന സൗദിയുടെ ജീവകാരുണ്യ മേഖലയില്‍ വിസ്മരിക്കാന്‍ കഴിയാത്ത അടയാളപെടുത്തലുകളാണ് സഫിയ നടത്തിയത്. വീട്ടുകാരികളായ നിരവധി സ്ത്രീകള്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സഫിയക്ക് കഴിഞ്ഞു. സഫിയയുടെ പ്രവര്‍ത്തങ്ങളിലെആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ് സൗദി അധികൃതര്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് നല്‍കിയത്. ദമ്മാമിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും അവര്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. കാന്‍സര്‍ ബാധിതയായ അവര്‍ 2015 ജനുവരിയില്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതയായി. സഫിയയുടെ ജീവിതം പറയുമ്പോള്‍ പ്രവാസത്തിന്റെ വൈവിധ്യങ്ങളേയും, വൈരുദ്ധ്യങ്ങളേയും പറയാന്‍ പറ്റുമെന്നും ഇവിടെയുള്ള നിരവധി കലാകാരന്മാര്‍ക്ക് അവസരമൊരുക്കുമെന്നും സംവിധായകന്‍ സഹീര്‍ ഷാ പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖ നടിയായിക്കും കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുക. ഗള്‍ഫിലും, നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും സഹീര്‍ഷാ പറഞ്ഞു.

 

Continue Reading

Art

യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

Published

on

യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് മുക്തനായി വീട്ടില്‍ എത്തിയിരുന്നുവെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള കോഓര്‍ഡിനേറ്ററും കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു ബാദുഷ. ഒരു മിനിറ്റ് കൊണ്ട് ആളുകളുടെ വണ്‍ മിനിറ്റ് കാരിക്കേച്ചര്‍ വരയ്ക്കുന്ന ബാദുഷ കാര്‍ട്ടൂണ്‍ മാന്‍ എന്നും അറിയപ്പെട്ടിരുന്നു. തത്സമയ കാരിക്കേച്ചര്‍ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും മാതൃകയായിരുന്നു.

തോട്ടുംമുഖം കല്ലുങ്കല്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാന്‍,ആയിഷ,അമാന്‍ എന്നിവര്‍ മക്കളാണ്.ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയില്‍ നടക്കും.

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.