Connect with us

Video Stories

കവര്‍ച്ചക്കാരുടെ സ്വന്തം കേരളം

Published

on

മലയാളികുടുംബങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കവര്‍ച്ചാ-കൊള്ളസംഘങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. രാത്രിയിലോ പകലോ എന്നുവേണ്ട ഏതുസമയത്തും സ്വര്‍ണവും പണവും മാത്രമല്ല, ജീവനുകള്‍ തന്നെ കവര്‍ന്നെടുക്കപ്പെടുമെന്ന അവസ്ഥയാണിന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്. അടുത്തിടെയായി തുടര്‍ച്ചയായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇതരസംസ്ഥാനക്കാരുടെ കവര്‍ച്ചാപരമ്പരക്ക് നിരവധി കുടുംബങ്ങള്‍ ഇരയായി. മൂന്നുമാസത്തിനിടെ എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വളരെ നിഷ്ഠൂരമായ രീതിയിലാണ് വന്‍കവര്‍ച്ചകള്‍ അരങ്ങേറിയത്. ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടതുമാത്രമല്ല, വയോധികയടക്കം പലര്‍ക്കും ജീവന്‍ സംരക്ഷിക്കാനായത് തലനാരിഴക്ക് ഭാഗ്യംകൊണ്ടുമാത്രമാണ്.
തൃപ്പൂണിത്തുറയില്‍ മുഖംമൂടിയണിഞ്ഞ പതിനഞ്ചോളം വരുന്ന സംഘമാണ് കഴിഞ്ഞയാഴ്ച വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി അമ്പതുപവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളഞ്ഞത്. തൃപ്പൂണിത്തുറ എസ്.എം.പി റോഡിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ആസൂത്രിതമായാണ് സംഘം വീട്ടിലെത്തിയെന്നതിന് സി.സി.ടി.വി കാമറകള്‍ സാക്ഷിയാണ്. ഇരുപതിനായിരംരൂപയുടെ കറന്‍സിയും നാല് മൊബൈല്‍ ഫോണുകളും എ.ടി.എം ,ക്രെഡിറ്റ് കാര്‍ഡുകളും കവര്‍ന്ന സംഘം പ്രദേശത്ത് മുന്‍കൂട്ടി എത്തിസമയം തള്ളിനീക്കാനായി രാത്രി സമീപത്തെ തീയേറ്ററില്‍ സിനിമക്ക് കയറിയതാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചനലഭിക്കാന്‍ സഹായകമായത്. അര്‍ധരാത്രി രണ്ടുമണിയോടെ നടന്ന സംഭവത്തെക്കുറിച്ച് പുലര്‍ച്ചെ നാലോടെ അയല്‍വാസിയും മറ്റും ചേര്‍ന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്. വീട്ടുടമ അനന്തകുമാറിന്റെ ഭാര്യ ശാരിയെയും മകനെയും മകളെയും വൃദ്ധമാതാവ് സ്വര്‍ണമ്മയെയും കയറുകൊണ്ട് വരിഞ്ഞുമുറുക്കി കെട്ടിയിട്ടശേഷമായിരുന്നു കവര്‍ച്ച. തലക്ക് മാരകമായി അടിയേറ്റ അനന്തകുമാര്‍ സ്വകാര്യആസ്പത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതിനുരണ്ടുദിവസം മുമ്പാണ് കൊച്ചി നഗരത്തിലെ പുല്ലേപ്പടിയില്‍ പ്രമുഖവ്യവസയായി ബാബുമൂപ്പന്റെ ഭാര്യാവസതിയില്‍ വീട്ടുകാരെ കെട്ടിയിട്ട് അഞ്ചുപവന്‍ കവര്‍ന്ന ദാരുണസംഭവം. കണ്ണൂര്‍ ഇരിക്കൂറില്‍ നടന്ന മുഖംമൂടിയിട്ടുള്ള എ.ടി.എം കവര്‍ച്ചാശ്രമം ഒക്ടോബറിലായിരുന്നു. കാസര്‍കോട്ട് ക്ഷേത്രത്തിലും വീടുകളിലും നടന്ന ലക്ഷക്കണക്കിന് രൂപയുടെ കവര്‍ച്ചയും വലിയ പാഠമൊന്നും നമ്മുടെ അധികാരികളെ പഠിപ്പിച്ചില്ല എന്നാണ് കൊച്ചിസംഭവം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 130 പവന്‍ കവര്‍ന്ന സംഘത്തെയും ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
സമ്പന്നരുടെ വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, എ.ടി.എമ്മുകള്‍ തുടങ്ങിയവയിലും ഇത്തരക്കാരുടെ കരവിരുത് പതിവായിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് പാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമായി ലക്ഷ്വറികാറിലെത്തി മോഷണം നടത്തിക്കടന്ന സംഭവവും വിരല്‍ചൂണ്ടുന്നതും മേല്‍ജാഗ്രതയിലേക്കുതന്നെ. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് പിടിയിലായ മംഗലാപുരത്തുകാരനില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് പൊലീസ് കണ്ടെടുത്തത്. കേരളത്തിലെ നൂറോളം വീടുകളില്‍ കവര്‍ച്ച നടത്തിയതായാണ് ഇയാള്‍ സമ്മതിച്ചത്. തിരുവനന്തപുരത്ത് നാലുവര്‍ഷം മുമ്പ് നടന്ന കവര്‍ച്ചാസംഭവത്തില്‍ കാറുമായി കടന്നുകളഞ്ഞ ബണ്ടിചോര്‍ എന്നയാളെ പിടികൂടാന്‍ സഹായിച്ചത് പൂനെയിലെ ഹോട്ടല്‍ജീവനക്കാരനായ മലയാളിയായിരുന്നു. ഇവരുടെയൊക്കെ മുഖ്യലക്ഷ്യം കേരളമാകുന്നതിന് കാരണം അവിടെനിന്നുള്ള യുവാക്കള്‍ യഥേഷ്ടം കേരളത്തിലെത്തുന്നതും സ്ഥലങ്ങളെക്കുറിച്ചും മറ്റുമുള്ള അറിവുമാണ്. മുമ്പ് തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നും മറ്റുമായിരുന്നു കവര്‍ച്ചാസംഘങ്ങളുടെ കൂട്ടവരവ്. ഇരുസംസ്ഥാനങ്ങളിലെയും പൊലീസിന്റെ ശക്തമായ നടപടിമൂലം ഇതിന് അല്‍പം ശമനം ലഭിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് മധ്യ-വടക്കേഇന്ത്യയില്‍ നിന്നുള്ള തസ്‌കരഗണത്തിന്റെ അരങ്ങേറ്റം.പ്രധാനമായും മഹാരാഷ്ട്രയിലെ പൂനെയിലെ പ്രാന്തപ്രദേശങ്ങളില്‍ കവര്‍ച്ചാസംഘങ്ങളുടേതായ സമുദായം പോലുമുണ്ടെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ചസംഘത്തിന് മനസ്സിലായിട്ടുള്ളത്.
കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നുകളും വലിയതോതില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകളും അടുത്തിടെയാണ് കൂടുതലായി പുറത്തുവരുന്നത്. ഇതില്‍ പങ്കാളികളാകുന്നതില്‍ നല്ലൊരു പങ്ക് ഇതരസംസ്ഥാനതൊഴിലാളികളാണ് എന്നത് വസ്തുതയാണ്. ദിവസേന പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും മറ്റുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിചെക്ക് പോസ്റ്റുകളില്‍ വില്‍പനനികുതിപിരിവ് സംവിധാനം നിലച്ചതോടെ എന്തും സുഗമമായി എത്തിക്കാമെന്ന അവസ്ഥയാണിപ്പോഴുണ്ടായിട്ടുള്ളത്. ഇതിനുത്തരവാദിത്തപ്പെട്ട എക്‌സൈസ് വകുപ്പിനാകട്ടെ മതിയായ സുരക്ഷാപരിശോധനാ ഉപകരണങ്ങള്‍ ഇല്ലെന്ന പരാതിയാണ്.
കേരളത്തില്‍ നാല്‍പതുലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് ഏകദേശകണക്ക്. ഇതില്‍ നല്ലൊരുപങ്കും സമാധാനപ്രിയരായ തൊഴിലാളികളാണ് എന്നത് സത്യം തന്നെ. എന്നാല്‍ ഏത് സമൂഹത്തിലുമെന്നതുപോലെ ഇവര്‍ക്കിടയിലും ക്രിമിനലുകള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നത് നാം മറക്കരുത്. പ്രത്യേകിച്ചും തിരുവില്വാമലയില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെയും പെരുമ്പാവൂര്‍ ജിഷയുടെയും കിരാതസംഭവങ്ങളുടെ പശ്ചാത്തലത്തില്‍. എറണാകുളം പോലുള്ളൊരു വ്യാവസായിക-വ്യാപാര നഗരത്തിനുസമീപത്താണ് ഇത്തരം അതിക്രൂരമായ സംഭവം നടന്നതെന്നത് ചെറിയകാര്യമല്ല. പ്രതികളെ ഇനിയും പിടികൂടുന്നതിന് പൊലീസിനായിട്ടില്ലെന്നതോ പോകട്ടെ, ഇത്തരമൊരു സംഭവം നടക്കുമെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായ ഭയവും മുന്നറിയിപ്പുമുണ്ടായിട്ടും അതൊന്നും പരിഗണിക്കാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് വലിയ നാണക്കേടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ബാധ്യതയായിരിക്കെ കൊച്ചിപോലെ കേരളത്തിന്റെ മഹാനഗരത്തില്‍ നടന്ന ഈ സംഭവങ്ങള്‍ നമ്മുടെ പൊലീസ് സംവിധാനത്തിനും ആഭ്യന്തരവകുപ്പിനും കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിലെയും വകുപ്പിലെയും ബന്ധപ്പെട്ടവര്‍ക്ക് ഇതേക്കുറിച്ച് മിണ്ടാട്ടമില്ലാതെ പാര്‍ട്ടിസമ്മേളനത്തിന്റെ തിരക്കുകളിലാണത്രെ അവരെല്ലാം. കേരളം ഇത്രയും സാങ്കേതികസൗകര്യങ്ങള്‍ അനുഭവിക്കുമ്പോഴും മലയാളിയുടെ ജീവനും വസ്തുവകകള്‍ക്കും ഒരുപിടി സാമൂഹികദ്രോഹികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവുന്നില്ല എന്നത് ശാസ്ത്രീയപരിശീലനത്തെയും കുറ്റാന്വേഷണ രീതികളെക്കുറിച്ചും അഭിമാനിക്കുന്ന നമ്മുടെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് എന്തുപറയാനാണ്. ദുരന്തമുണ്ടാകുമ്പോഴും കവര്‍ച്ച നടക്കുമ്പോഴുമെല്ലാം കയ്യുംകെട്ടിനോക്കിയിരിക്കുന്ന സര്‍ക്കാരാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.