Video Stories
പൊലിഞ്ഞുപോയ പ്രകാശഗോപുരം
പ്രസിദ്ധ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ വിടവാങ്ങിയിരിക്കുന്നു. കലഹവും കാലുഷ്യവും നിറഞ്ഞ സമകാലിക പരിസരങ്ങളില്‍ കുലീനതയിലൂന്നിയ മതപ്രബോധനത്തിന് കര്‍മപഥം കണ്ടെത്തിയ സാത്വിക പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തിലൂടെ മുസ്‌ലിം സമുദായത്തിന് നഷ്ടമായിരിക്കുന്നത്. ആറരപ്പതിറ്റാണ്ടിലേറെക്കാലം അറിവ് പകര്‍ന്നും പങ്കുവച്ചും ജീവിത സപര്യയെ പ്രശോഭിതമാക്കിയ ആ അതുല്യ പണ്ഡിതന്‍ ഇനി ജനമനസ്സില്‍. പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും അതിന്റെ പവിത്രതയില്‍ പ്രോജ്ജ്വലമാക്കിയാണ് മുഹമ്മദ് മുസ്‌ലിയാരെന്ന പ്രകാശം പൊലിഞ്ഞുപോയത്. അല്‍പ്പകാലത്തെ അധ്യക്ഷ പദവിയില്‍ അതിവിശിഷ്ടമായ നേതൃത്വത്തിന്റെ അനുകരണീയ മാതൃകകള്‍ അദ്ദേഹം സൃഷ്ടിച്ചു.
പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് ഇസ്‌ലാമിക പാഠം. ദൈവിക സന്ദേശങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ അതിന്റെ സാരാംശങ്ങളിലൂടെ ജീവിച്ചവരാണ് പ്രവാചകന്മാര്‍. ഇരുളടഞ്ഞ ഊടുവഴികളിലെല്ലാം നിത്യവെളിച്ചത്തിന്റെ വിളക്കുതിരികള്‍ കൊളുത്തിവച്ചവരാണവര്‍. അന്ത്യപ്രവാചകനു ശേഷം ഈ ദൗത്യം നിര്‍വഹിക്കപ്പെടുന്നത് പണ്ഡിതന്മാരാണ്. പ്രതിസന്ധികളുടെ വൈതരണികളെ വകഞ്ഞുമാറ്റി സത്യപാന്ഥാവ് പടുത്തുയര്‍ത്തിയ പ്രവാചകന്മാരുടെ പാതയാണ് പണ്ഡിതന്മാര്‍ പിന്തുടരുന്നത്. സ്വാര്‍ത്ഥതയും സമ്പന്നതയും സുഖലോലുപതയും ആഗ്രഹിക്കാതെയാണ് ദൈവ ദൂതന്മാര്‍ സ്രഷ്ടാവിലേക്ക് അതിരുകളില്ലാത്ത സാമീപ്യമുണ്ടാക്കിയത്. അഭൗമികരായ പണ്ഡിതന്മാര്‍ അവരുടെ ജീവിതം കടഞ്ഞെടുക്കുന്നത് ഇത്തരം പാഠങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ നിന്നു കേരള മുസ്‌ലിംകളുടെ ഹൃദയാന്തരങ്ങളില്‍ അറിവിന്റെയും ആര്‍ദ്രതയുടെയും അക്ഷരപാഠങ്ങള്‍ കൊത്തിവച്ച അമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഇത്തരം ഗണത്തിലെ നിസ്തുലനായ പണ്ഡിതനായിരുന്നുവെന്ന് നിസ്സംശയം പറയാം.
പറഞ്ഞുകൊടുക്കാന്‍ മാത്രമുള്ളതായിരുന്നില്ല മുഹമ്മദ് മുസ്്‌ലിയാര്‍ക്ക് പാണ്ഡിത്യം. പകര്‍ന്നുകൊടുക്കുക എന്ന ഉദാത്തമായ ലക്ഷ്യംകൂടി അദ്ദേഹം മരണം വരെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പഠിച്ചതെല്ലാം ജീവിത പതിവാക്കുകയും അത് ശിഷ്യഗണങ്ങളില്‍ ശീലമായി കാണണമെന്ന് ശഠിക്കുകയും ചെയ്തു. മാര്‍ഗദര്‍ശികളായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ ജീവിതത്തില്‍ നിന്നാണ് മുഹമ്മദ് മുസ്‌ലിയാര്‍ ഇതു സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിച്ചത്. അതുകൊണ്ടുതന്നെയാണ് ആരും കൊതിക്കുന്ന ആദരവ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരുന്നത്.
കേരളത്തിലെ ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരില്‍ പലരുടെയും ഗുരുവര്യരായിരുന്നിട്ടും അതിന്റെ ലാഞ്ചന തെല്ലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെവിടെയും നിഴലിച്ചുകണ്ടില്ല. ആരവങ്ങളുടെയും ഒച്ചപ്പാടുകളുടെയും കാലത്ത് പത്രാസുകള്‍ മോഹിക്കാതെ ജീവിച്ചു എന്നതാണ് മുഹമ്മദ് മുസ്‌ലിയാരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സമസ്തയുടെ പ്രസിഡന്റ് പദവിയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വൈസ് പ്രിന്‍സിപ്പല്‍ പദവിയും പെരുമ നടിക്കാനായി എവിടെയും ഉപയോഗപ്പെടുത്തിയില്ല. അനാവശ്യമായി നോക്കോ വാക്കോ ഉപയോഗിക്കാതെ എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പാലിച്ചുള്ള ഇത്തരം ജീവിതങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ‘കാരുണ്യവാനായ അല്ലാഹുവിന്റെ ദാസന്മാര്‍ വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് അഭിമുഖ സംഭാഷണം നടത്തിയാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു’ എന്ന ഖുര്‍ആനിക അധ്യാപനത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. യഥാര്‍ഥ പണ്ഡിതന്റെ കടമയെന്തെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാനാണ് ദര്‍സ് പഠനകാലംതൊട്ടേ അദ്ദേഹം ശീലിച്ചുവന്നത്. സുഖസൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും അളവറ്റതരത്തിലുണ്ടായിട്ടും ആഢംബരങ്ങളില്‍ നിന്ന് അകന്നു നിന്ന വിനയത്തിന്റെ പ്രതീകമായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍.
അറിവിന്റെ തെളിമയാര്‍ന്ന വഴികളില്‍ തനിക്കു മുന്നിലെത്തിയ ജനങ്ങളെ സത്യമതത്തിന്റെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹം പഠിപ്പിച്ചത്. കൃത്യമായ ചിട്ടകളും കണിശമായ നിലപാടുകളും കൊണ്ട് മുഹമ്മദ് മുസ്‌ലിയാര്‍ പടുത്തുയര്‍ത്തിയ ജീവിതരീതി പണ്ഡിതന്മാര്‍ക്കു പോലും പാഠമാണ്. മുസ്‌ലിം ലോകം കല്ലും മുള്ളും നിറഞ്ഞ കനല്‍പഥങ്ങളിലൂടെ കടന്നുപോകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പക്വമതികളായ പണ്ഡിതന്മാരുടെ വിയോഗം വലിയ വിടവാണുണ്ടാക്കുക. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും വിടവാങ്ങിയതിന്റെ വേദന തീരുംമുമ്പാണ് സമസ്തയുടെ നേതൃനിരയില്‍ നിന്ന് ഒരു പണ്ഡിതന്‍കൂടി പോയ്മറയുന്നത്.
പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമെന്നാണ് ആപ്തവാക്യം. സമുദായ നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ സ്തുത്യര്‍ഹമായ ഇടം രേഖപ്പെടുത്തിയവരാണ് കേരളത്തിലെ മണ്‍മറഞ്ഞ മഹാപണ്ഡിതന്മാര്‍. മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതവും സേവനങ്ങളും എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
മുസ്‌ലിം സമൂഹത്തിന്റെ അന്തസ്സും ആത്മാഭിമാനവും നിലനിര്‍ത്താന്‍ നിഷ്‌കളങ്കരായ സമുദായ നേതാക്കളുടെ സേവനം അനിവാര്യമായ സമയമാണിത്. ആരും ആര്‍ക്കും പകരമാവില്ലെങ്കിലും ഇത്തരം ശൂന്യതകളുടെ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു വഴികാണിക്കുന്ന മഹാപണ്ഡിതന്മാര്‍ അവതരിക്കേണ്ടതുണ്ട്. എ.പി മുഹമ്മദ് മുസ്‌ലിയാരുടെ വേര്‍പാടിന്റെ വേദനയില്‍ വ്യസനിക്കുന്നവരുടെ സന്താപത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് സമുദായ സമുദ്ധാരണത്തിന് നേതൃത്വം നല്‍കാന്‍ നിഷ്‌കാമ കര്‍മികളായ പണ്ഡിതന്മാര്‍ ഇനിയും ഉയര്‍ന്നുവരട്ടെ എന്നു പ്രാര്‍ഥിക്കാം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ