Connect with us

Article

ഇരകളും വേട്ടക്കാരും

Published

on

 

ഷിബു മീരാന്‍

 

അത്യന്തം കൗതുകകരമാണ് ആഗോള തലത്തില്‍ തീവ്രവലതു രാഷ്ട്രീയത്തിന്റെ ഉള്‍പിരിവുകള്‍. ജൂത സമൂഹം ചരിത്രത്തില്‍ ഭീകരമാം വിധം വേട്ടയാടപ്പെട്ടു എന്നാണ് ഇന്ത്യയിലെ സംഘ്പരിവാരങ്ങള്‍ വിലപിക്കുന്നത്. സമീപകാല ലോക ചരിത്രത്തില്‍ ആരാണ് ജൂതസമൂഹത്തെ കുട്ടക്കൊല ചെയ്തത്? ഹിറ്റ്‌ലര്‍, പക്ഷേ ഹിറ്റ്‌ലര്‍ ഇന്ത്യന്‍ സംഘികളുടെ ആരാധ്യ പുരുഷനും ആദി മാതൃകയുമാണ് ഇപ്പോഴും. ക്രിസ്തു ഘാതകര്‍ എന്ന് വിളിച്ചും അവരെ അക്രമിച്ചിരുന്നു. ക്രിസ്തുവിനുശേഷവും കുരിശു യുദ്ധ കാലത്തും ഈ ചിന്ത ശക്തമായിരുന്നു. അങ്ങനെയൊരു ചിന്ത ക്രൈസ്തവ ലോകം അവസാനിപ്പിക്കുന്നത് 1962 മുതല്‍ 1965 വരെ നടന്ന വത്തിക്കാന്‍ കൗണ്‍സിലിലാണ്. ക്രിസ്തുവിനെതിരെ ഗൂഡാലോചന നടത്തി കള്ളസാക്ഷി പറഞ്ഞ് ഇവനെ ക്രൂശിക്കുക എന്നാര്‍ത്ത്‌വിളിച്ചവരെ വഴിതെറ്റിയ ഒരാള്‍ക്കൂട്ടമായിമാത്രം കാണണം. ജൂത സമൂഹമാകെ തെറ്റുകാരല്ല എന്ന് ആ നല്ലിടയന്‍ പറയുന്നത്‌വരെ പകയോടെ തന്നെയാണ് അവരെ സമീപിച്ചത്. ജൂതമതവും അതിന്റെ തുടര്‍ച്ചയായ ക്രിസ്തുമതവും തമ്മില്‍ സംഘര്‍ഷമവസാനിച്ച് സംവാദം സാധ്യമാകുന്നതില്‍ ഈ പ്രഖ്യാപനം വഹിച്ച പങ്ക് വളരെ വലുതാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അക്രമിക്കപ്പെട്ട ജൂത സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിയോടി. ഇന്ത്യയിലടക്കം അവരുടെ സാന്നിധ്യമുണ്ടായത് അങ്ങനെയാണ്.

പക്ഷേ യൂറോപ്പില്‍ ജര്‍മനി കാത്തു വച്ചതുപോലെ ക്രൂരമായ അനുഭവങ്ങള്‍ മറ്റെവിടെയും അവര്‍ക്ക് നേരിടേണ്ടിവന്നില്ല. ലോകം കണ്ട ക്രൂരമായ ജൂതഹത്യക്ക് അരങ്ങൊരുക്കിയ ഭരണാധികാരിയായിരുന്നു ഹിറ്റ്‌ലര്‍. 1933 ല്‍ ജര്‍മ്മനിയില്‍ അധികാരം നേടിയ ഹിറ്റ്‌ലര്‍ നടത്തിയ ഹോളോകാസ്റ്റ് ചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരമായ ജൂത വേട്ടയായിരുന്നു. ഏറ്റവും വ്യവസ്ഥാപിതമായിരുന്നു. ഭരണകൂട അജണ്ടയായിരുന്നു. ഇത്തരത്തില്‍ വംശവെറിയുടെ പേരില്‍ ഒരു ന്യൂനപക്ഷത്തെ കൊന്നുതീര്‍ക്കുക എന്നത് സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിച്ച അനുഭവം ചരിത്രത്തില്‍ വേറെ ദുര്‍ലഭമാണ്. തിയഡോര്‍ ഹെര്‍സല്‍ രൂപം കൊടുത്ത സയണിസം എന്ന വംശീയ തത്വശാസ്ത്രം യഹൂദര്‍ക്കൊരു രാഷ്ട്രം എന്ന അജണ്ട മുന്നോട്ട്‌വെക്കുന്നത് ഹിറ്റ്‌ലര്‍ക്കും മുന്നേയാണ്.

ഹിറ്റ്‌ലര്‍ നടത്തിയ ജൂത വേട്ട ആ വാദത്തിന് വൈകാരിക പിന്തുണ നേടിക്കൊടുത്തു. അങ്ങനെയൊരു രാഷ്ട്രം സ്ഥാപിക്കേണ്ടത് ദൈവജനത്തിന്റെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലാണെന്നും ജറുസലേം നഗരമാണ് ആ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ടതെന്നും അവര്‍ സംഘടിതമായി പ്രചരിപ്പിച്ചു. പഴയ വേട്ടക്കാരന്‍ ഹിറ്റ്‌ലറുടെ പ്രചാരകന്‍ ഗീബല്‍സിന്റെ തന്ത്രം തന്നെയാണ് സയണിസവും അതിനായി ഉപയോഗിച്ചത്. ചരിത്രത്തെയും സത്യത്തെയും സമ്പൂര്‍ണമായും നിരാകരിക്കുന്ന കള്ളങ്ങള്‍ സൃഷ്ടിച്ച് ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് സത്യമായി മാറ്റുക. രണ്ടാം ലോകയുദ്ധത്തിനുശേഷം കൊളോണിയലിസം വഴി അറബ് മേഖലയില്‍ സാമ്പത്തിക ചൂഷണം സാധ്യമല്ല എന്ന് ബോധ്യമായ സാമ്രാജ്യത്വശക്തികള്‍ ഈ നീക്കത്തിന് ഒത്താശ ചെയ്തു. മൂലധനാധിനിവേശത്തിലൂടെ അറബ് മേഖലയിലെ എണ്ണ സമ്പത്ത് ലക്ഷ്യംവെച്ച സാമ്രാജ്യത്വശക്തികള്‍ക്ക് അതോടൊപ്പംതന്നെ അവരുടെ സൈനിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു താവളവും വേണമായിരുന്നു. 1916 മെയ് മാസത്തില്‍തന്നെ കുപ്രസിദ്ധമായ സെക്‌സ് പിക്കോട്ട് ധാരണയിലൂടെ അവരത് പ്രഖ്യാപിച്ചു.

1917 ലെ ബാല്‍ഫര്‍ പ്രഖ്യാപനം ഈ ധാരണ അരക്കിട്ടുറപ്പിച്ചു. അങ്ങനെ സാമ്രാജ്യത്വവും സയണിസവും കൈകോര്‍ത്തപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനക്ക് 1948 മെയ് 14 ന് കളമൊരുങ്ങി. ഇസ്രാഈല്‍ പിറന്നുവീണു. ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ പ്രദേശത്തെ രണ്ടായി പകുത്തു. പ്രമേയമനുസരിച്ച് കൂടുതല്‍ ഭൂപ്രദേശത്തിന്റെ അവകാശം ഫലസ്തീനികള്‍ക്കുതന്നെ. പക്ഷേ ഇസ്രാഈല്‍ സ്ഥാപിതമായതുതന്നെ ആ കരാര്‍ പോലും ലംഘിച്ച്‌കൊണ്ടാണ്. 48 ലെ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോഴേക്കും ഫലസ്തീനികള്‍ക്ക് അവശേഷിച്ചത് വെറും 22 ശതമാനം ഭൂമി മാത്രം. 1967ലെ യുദ്ധത്തില്‍ ജറുസലേമും ഗോലാന്‍കുന്നുകളും ഇസ്രാഈല്‍ പിടിച്ചെടുത്തു. 1980 ല്‍ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്രസമൂഹം അതംഗീരിച്ചില്ല. അങ്ങനെ അഭയംതേടി വന്നവര്‍ തദ്ദേശീയ ജനതയെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാക്കിമാറ്റി. പിറന്ന മണ്ണില്‍ ജീവിക്കാനും യാത്ര ചെയ്യാനും കുടിയേറിയവരുടെ അനുവാദം കാത്ത്‌നില്‍ക്കേണ്ടിവന്ന സ്വന്തം ജനതയെ വന്നു കയറിയവര്‍ കൊന്നുകളയുന്നത് നോക്കിനില്‍ക്കേണ്ടിവന്ന ഒരു ജനത പ്രതിരോധിച്ചു. ദര്‍വീഷിന്റെ കവിതയും കുട്ടികളുടെ കയ്യിലെ കല്ലുകളും പോരാളികളുടെ റോക്കറ്റുകളും അധിനിവേശ ശക്തികള്‍ക്കെതിരെ പ്രയോഗിച്ചു. ഫലസ്തീനിലെ ഉമ്മമാര്‍ പോരാളികളെ ഗര്‍ഭത്തിലും സ്വന്തം മക്കള്‍ രക്തസാക്ഷികളായപ്പോള്‍ അവരുടെ ശവമഞ്ചം തോളിലും ചുമന്നു. പിറന്ന മണ്ണിന്റെ മോചനത്തിനുവേണ്ടി പൊരുതിയ ആ ജനതയെ വിളിക്കാന്‍ ലോകം ഒരു തെറിവാക്കും കണ്ട് പിടിച്ചു, തീവ്രവാദികള്‍.

ക്രിസ്തുവിനും 3000 വര്‍ഷങ്ങള്‍ക്ക്മുമ്പ് കാനാന്‍കാരുടെ നഗരമായിരുന്നു ഫലസ്തീന്‍. ദാവീദ് ജൂത ക്ഷേത്രം നിര്‍മ്മിച്ചതു ജൂത സമൂഹം അവരുടെ ചരിത്രത്തെ അവിടവുമായി ബന്ധിപ്പിക്കുന്നു. യഹോവ ദൈവജനത്തിന് വാഗ്ദത്തം ചെയ്ത ഭൂമിയാണ് എന്നതാണ് ഫലസ്തീനെക്കുറിച്ച് സയണിസ്റ്റുകളുടെ അവകാശവാദം. ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദിസ് ജൂത സമൂഹത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായാലേ മിശിഹാഭൂമിയിലേക്ക് മടങ്ങൂ എന്നവര്‍ വിശ്വസിക്കുന്നു. എ.ഡി 70 ല്‍ ജറൂസലേമിലേക്ക് അധിനിവേശം നടത്തി അവിടെനിന്ന് തുരത്തിയോടിച്ചത് റോമാക്കാരാണ് എന്ന് ചരിത്രം പറയുന്നു. അങ്ങനെയാണവര്‍ അറേബ്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് ചിതറിയോടിയത്. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ച പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ കാലം മുതല്‍ സഹിഷ്ണുതാപരമായ സമീപനം സ്വീകരിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഹുദൈബിയ സന്ധി. അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും സാമൂഹിക സ്വത്വത്തെയും പ്രവാചകന്‍ സമ്പൂര്‍ണമായും അംഗീകരിച്ചു. മദീന എന്ന നവജാത രാഷ്ട്രത്തിന്റെ പരമാധികാരത്തെ ഉള്ളില്‍നിന്ന് പലവട്ടം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടില്ല. ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒട്ടും മതപരമായിരുന്നില്ല. മദീനയുടെ പരമാധികാരത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച പ്രവാചകന്റെ സ്വന്തം അനുയായികള്‍തന്നെയും വലിയ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ഖലീഫ ഉമറിന്റെ കാലത്താണ് റോമന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തി ജറുസലേം വീണ്ടെടുക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ആദ്യത്തെ ഖിബ്‌ല എന്ന പ്രത്യേകതകൂടി ബൈത്തുല്‍ മുഖദ്ദസിന് ഉണ്ടായിരുന്നു.

അതു മാത്രമല്ല മൂസ, ഈസ തുടങ്ങിയ പ്രവാചകര്‍ പ്രചരിപ്പിച്ച ദര്‍ശനത്തിന്റെ സമ്പൂര്‍ണ രൂപമാണ് മുഹമ്മദ് നബി പ്രബോധനം ചെയ്തത് എന്നും ഇസ്‌ലാമിക സമൂഹം വിശ്വാസിച്ചു. വൈകാരികമായ ഇക്കാരണങ്ങള്‍ കൂടാതെ തീര്‍ത്തും രാഷ്ട്രീയ കാരണങ്ങളും അത്തരമൊരു സൈനിക നീക്കത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നും കരുതാന്‍ ന്യായമുണ്ട്. ജറൂസലേം എന്ന വിശുദ്ധ ഭൂമില്‍ ജീവിക്കാനും ആരാധന നടത്താനും ക്രൈസ്തവ ജൂത സമൂഹങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തെ അദ്ദേഹം നിഷേധിച്ചില്ല എന്നാണ് ചരിത്രം പറയുന്നത്. ആ വിശുദ്ധ നഗരത്തിന്റെ ചരിത്രത്തില്‍ രണ്ട് വിഭാഗങ്ങളുടെയും പങ്ക് അനുവദിച്ച് കൊടുത്തു. കീഴടക്കിയ പ്രദേശങ്ങള്‍ സമ്പൂര്‍ണമായും കൊള്ളയടിക്കുകയും തദ്ദേശീയരായ മനുഷ്യരെ അടിമകളാക്കുകയും ചെയ്യുന്ന ഗോത്ര യുദ്ധ നീതി നടമാടിയിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. എതിരാളികള്‍ എഴുതിയ ചരിത്രം പോലും ഉമറിനെ നീതിമാന്‍ എന്ന് വിളിച്ചത് അത് കൊണ്ട്കൂടിയാണ്. പിന്നീട് കുരിശു യുദ്ധകാലത്ത് വിശുദ്ധ ഭൂമി സംഘര്‍ഷഭരിതമായിമാറി. കുരിശു യോദ്ധാക്കളുടെ കാലത്തും ജൂത സമൂഹം വേട്ടയാടപ്പെട്ടു.

അന്നും താരതമ്യേന ജൂത സമൂഹം സുരക്ഷിതമായിരുന്നത് അറേബ്യയില്‍തന്നെ. ഇപ്പോഴത്തെ ജൂത വിശ്വാസത്തിലെ മുഖ്യധാരയായ റെബാനിക് ധാരയുടെ സ്ഥാപകനായ റാബെ അഖീവ (തല്‍മുദില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന പ്രമുഖനായ ജൂതമത ആചാര്യന്‍) കൊല്ലപ്പെടുന്നത് റോമന്‍ അധിനിവേശ കാലത്താണ്. സാദിയ ബെന്‍ യോസഫ് അബ്രഹാമിക് ബൈബിള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തപ്പെടുന്നതും ജൂതമത ദര്‍ശനം വികാസം പ്രാപിച്ചതുമൊക്കെ അറേബ്യയിലെ കാലത്താണ്. മെമോനിഡിസ് എന്ന ജൂത ആചാര്യന്റെ ദൈവശാസ്ത്ര കൃതികളധികവും അറബിയിലായിരുന്നു. അറേബ്യയില്‍ സാമ്പത്തികമായി അവര്‍ മുതലാളി വര്‍ഗമായിരുന്നു. മതപരമായും സാംസ്‌കാരികമായും അവര്‍ അംഗീകരിക്കപ്പെട്ടു. ജീവനും സ്വത്തും സുരക്ഷിതമായിരുന്നു. പിന്നീട് ഒന്നാം കുരിശ് യുദ്ധം ജയിച്ച അലക്‌സിയന്‍ ചക്രവര്‍ത്തി ജറുസലേമില്‍ ക്രിസ്ത്യന്‍ രാജ്യം സ്ഥാപിച്ചു. ജറുസലേമിനോട് ക്രിസ്തുമതത്തിനും വൈകാരികമായ അടുപ്പമുണ്ട്. മൂന്നാം കുരിശ് യുദ്ധത്തോടെ സലാഹുദ്ധീന്‍ അയ്യൂബി 1087 ല്‍ ഫലസ്തീന്‍ വിമോചിപ്പിച്ചു. പിന്നീട് ഫലസ്തീന്‍ തുര്‍ക്കി ഖിലാഫത്തിന്റെ കൈകളിലേക്കും ലോക യുദ്ധാനന്തരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിലും വരുന്നു.

1948 ല്‍ ലോകം മുഴുവന്‍ ചിതറിപ്പോയ ജൂത സമൂഹത്തിന്‌വേണ്ടി ഒരു രാഷ്ട്രം അവിടെ സ്ഥാപിക്കപ്പെടുന്നു. ജൂത സമൂഹത്തെ വേട്ടയാടിയതില്‍ ഒരു പങ്കുമില്ലാത്ത ഒരു ജനതയുടെ ചിലവില്‍ മറ്റാര്‍ക്കും ഒരു നഷ്ടവുമില്ലാത്ത ഒട്ടേറെ ഗൂഡ ലക്ഷ്യങ്ങളൊളിപ്പിച്ചുവെച്ച ഒരു പുനരധിവാസം. ഒരു ചരിത്ര ഘട്ടത്തില്‍ ഇരകളായിരുന്ന ഒരു സമൂഹം മറ്റൊരു ഘട്ടത്തില്‍ വേട്ടക്കാരായിമാറുന്നതാണ് പിന്നെ കണ്ടത്. വാഗ്ദത്ത ഭൂമിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറുന്നവര്‍ക്കുവേണ്ടി ഒരു രാഷ്ട്രം സ്ഥാപിച്ചാല്‍ നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന തദ്ദേശീയര്‍ എന്തുവേണം? അവരെവിടേക്കു പോകണം? ഇപ്പോള്‍ ഇസ്രാഈലിനെ പിന്തുണക്കുന്ന ആര്‍ക്കെങ്കിലും സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ വേണ്ട സ്വന്തം പേരിലുള്ള ഒരു സെന്റ് ഭൂമിയുടെ കാര്യത്തില്‍ ഇത് സ്വീകാര്യമാകുമോ? അന്ന് കൊടിയ അനീതിയാണ് സംഭവിച്ചത്. ആ അനീതിക്ക് ഇടനില നിന്നവര്‍ ഫലസ്തീനികളുടെ മണ്ണ് അവര്‍ക്കും ഇസ്രാഈലിനുമിടയില്‍ വീതം വച്ചു. ഒത്തുതീര്‍പ്പില്‍ ആ മണ്ണില്‍ കാലുകുത്തിയവര്‍ പിന്നീട് കാലുറച്ചപ്പോള്‍ അധിനിവേശം തുടങ്ങി. ഇഞ്ചിഞ്ചായി ഭൂമി പിടിച്ചെടുത്തു. മുന്നില്‍ കാണുന്ന മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന കുട്ടികളും സ്ത്രീകളും വൃദ്ധരും അവര്‍ക്ക് ശത്രുക്കളാണ്. അവസാനത്തെ ഫലസ്തീനിയെയും കൊല്ലണം. അവര്‍ക്ക് വേണ്ടത് ഫലസ്തീനികളില്ലാത്ത ഫലസ്തീനാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.