Connect with us

Video Stories

കെടുതിക്കിടയിലും കെടുകാര്യസ്ഥത

Published

on

കാലവര്‍ഷക്കെടുതിയില്‍ തീരാദുരിതത്തിന്റെ ആഴക്കയത്തില്‍ ആപതിച്ചുകിടക്കുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താനാകാതെ സംസ്ഥാന ഭരണകൂടം കെടുകാര്യസ്ഥതയുടെ കാര്യക്കാരാവുകയാണ്. ഭരണ വൈഭവക്കുറവിന് കനത്ത വില കൊടുക്കേണ്ടിവന്ന പ്രളയ ദുരന്തത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഗതികിട്ടാതലയുന്ന സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു ദുരന്തമായിരിക്കുകയാണ്. മന്ത്രിമാരുടെ തമ്മിലടി കാരണമാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം ചേരാതിരുന്നത്. ഇതു മുതലെടുത്ത് ഉദ്യോഗസ്ഥര്‍ ചേരിപ്പോര് തുടരുകയും തന്നിഷ്ടം നടപ്പാക്കുകയും ചെയ്തു തുടങ്ങിയതോടെ സംസ്ഥാന ഭരണം നാഥനില്ലാപ്പടയുടെ പര്യവസാനം പോലെയായി. ചികിത്സ തേടി അമേരിക്കയിലേക്കു പറന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍ഗാമി എന്ന നിലയിലാണ് ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കവും മുന്നണിയുടെ അതൃപ്തിയും കാരണം ഇതു പരസ്യമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചറിഞ്ഞ ഇ.പി വിരുദ്ധ പക്ഷമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിന് കൂച്ചുവിലങ്ങിട്ടത്. ജയരാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാല്‍ തര്‍ക്കമുണ്ടാകുമെന്ന കാരണത്താലായിരുന്നു യോഗം നടക്കാതെപോയത്. തത്ത്വത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നിശ്ചലമായി നില്‍ക്കുകയാണ്. മഹാപ്രളയത്തില്‍ വെപ്രാളംപൂണ്ട് അണക്കെട്ടുകള്‍ തുറന്നുവിട്ടും ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയും പ്രയാസം സൃഷ്ടിച്ച ഇടതു സര്‍ക്കാറിന്റെ ഇപ്പോഴത്തെ ഭരണസ്തംഭനം പൊതുജനത്തെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ അപാകതയും ധനസമാഹരണത്തിലെ അവ്യക്തതയും സഹായധന വിതരണത്തിലെ മെല്ലെപ്പോക്കുമെല്ലാം പ്രളയ സമാനമായ ദുരിതമാണ് വിതച്ചുകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ വക ആഘോഷങ്ങള്‍ വേണ്ടെന്ന പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പരിശോധിക്കാനായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. സ്വന്തം വകുപ്പുകളിലെ കാര്യങ്ങളില്‍ തങ്ങളോട് ആലോചിക്കാതെ ഉത്തരവിറക്കിയതില്‍ അരിശംപൂണ്ടാണ് മന്ത്രിമാരായ എ. കെ ബാലനും കടകംപള്ളി സുരേന്ദ്രനും മന്ത്രിസഭായോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് വിഭാഗീയതയുടെ ആഴം വര്‍ധിപ്പിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ രണ്ടാമനായുള്ള ഇ.പി ജയരാജന്റെ മടങ്ങിവരവ് ധനമന്ത്രി തോമസ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി കണക്കാക്കി നേരത്തെ തന്നെ മന്ത്രിമാര്‍ക്കിടയില്‍ കലഹം തുടങ്ങിയതാണ്. ഇതിനിടയിലാണ് ആഘോഷത്തിന്റെ പേരില്‍ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം. ഇതു രൂക്ഷമാകുമെന്ന ഭയപ്പാടാണ് മന്ത്രിസഭായോഗം ചേരാതെ സര്‍ക്കാര്‍ തടിയൂരിയത്. ഭരണക്കുഴപ്പത്തിന്റെ ചുഴിയില്‍ അകപ്പെട്ട മുഖ്യമന്ത്രി പിണറായിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നാടിന്റെയും നാട്ടുകാരുടെയും ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയവും ശ്രദ്ധയുമില്ലെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്. പ്രളയാനന്തരമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സന്ദര്‍ഭമായിരുന്നു അത്. കുട്ടനാട് ഉള്‍പ്പെടെ ഇപ്പോഴും ദുരിതാശ്വാസ-പുനരധിവാസ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്തുകൂടി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു എന്നതൊഴിച്ചാല്‍ അത് അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തില്‍ പോലും ശുഷ്‌കാന്തി കാണിക്കുന്നില്ല. പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധികൂടി പടര്‍ന്നുപടിച്ച സാഹചര്യത്തില്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് സക്രിയമായ ഭരണം നടത്തേണ്ട സാഹചര്യമാണുള്ളത്. എലിപ്പനി ബാധിച്ച് അമ്പതോളം പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഡെങ്കിപ്പനി വ്യാപനവും ഭീതിയോടെയാണ് സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കനത്ത കാലവര്‍ഷക്കെടുതിയില്‍ മലയോര-തീരദേശ വാസികളും ആദിവാസികളുമെല്ലാം പട്ടിണിയിലും പനിയുടെ പിടിയിലുമാണ്. വയനാടും ഇടുക്കിയും ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ സൗജന്യറേഷനും ചികിത്സാ സഹായങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. ദൈനംദിനം മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത് വിലയിരുത്തേണ്ടത്ര പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പ്രത്യേകിച്ച്, പ്രളയബാധിത പ്രദേശങ്ങളിലെ ജീവല്‍പ്രശ്‌നങ്ങള്‍. എന്നാല്‍ കുത്തഴിഞ്ഞു കിടക്കുന്ന ഭരണകൂടം ഇതൊന്നും കാര്യമാക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.
മന്ത്രിസഭാ യോഗം ചേരുന്നതിനു പകരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയ മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയാണ് ഇപ്പോഴത്തെ രീതി. ധനമന്ത്രി ഡോ. തോമസ് ഐസകിനെ മാറ്റിനിര്‍ത്തിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുള്ളത്. ഭരണ കാര്യങ്ങളില്‍ സ്വന്തം വഴി തേടുന്ന തോമസ് ഐസകിനെ കൂടുതല്‍ അടുപ്പിക്കാതെയാണ് പിണറായി മുന്നോട്ടുപോയിരുന്നത്. ഇക്കാരണത്താല്‍ ധനമന്ത്രിയും തന്റെ മാത്രം വഴിയിലൂടെയാണ് വകുപ്പ് കൊണ്ടുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടക്കണക്കുകളും കേന്ദ്ര-സ്വകാര്യ മേഖലകളില്‍ നിന്നു ധനസഹായങ്ങളുമെല്ലാം കൈകാര്യം ചെയ്യേണ്ട ധനവകുപ്പിനെ മാറ്റിനിര്‍ത്തിയതിലുള്ള അസഹിഷ്ണുത ആ വകുപ്പിലൂടെ പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കുട്ടനാട്ടിലെ പമ്പിങ്ങിന്റെ പേരില്‍ ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തമ്മിലുണ്ടായ പരസ്യ വിഴുപ്പലക്കല്‍ ഇതിനു തെളിവാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവം ജനതയെയാണ് പ്രത്യക്ഷത്തില്‍ ഇതെല്ലാം ദോഷകരമായി ബാധിക്കുന്നത്. സര്‍ക്കാറിന്റെ പിടിവാശിയും പിടിപ്പുകേടും കാരണം പെരുവഴിയിലാകുന്നത് ലക്ഷക്കണക്കിന് ദുരിതബാധിതരാണ്. പുതിയ കേരളത്തെ പുനര്‍നിര്‍മിക്കാമെന്ന് പരസ്യക്കസര്‍ത്ത് നടത്തുകയല്ലാതെ പ്രായോഗികമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. പ്രളയത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം, പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ തീരുമാനം വൈകുന്നത് ഭരണതലത്തില്‍ താഴെ തട്ടില്‍കൂടി സാരമായി പ്രതിഫലിക്കുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന പ്രഖ്യാപനം കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. തുച്ഛം ആളുകള്‍ക്കു മാത്രമാണ് ഈ സഹായധനം ലഭിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇതിന്റെ രേഖകളുമായി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കയറിയിറങ്ങുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഓരോ ദിവസം കേരളം കാണുന്നത്. കാലവര്‍ഷക്കെടുതിയില്‍ നിന്നു കരകയറിയ വേഗതയില്‍ ഭരണ വൈകല്യച്ചുഴിയില്‍ നിന്നു സര്‍ക്കാറിനു രക്ഷപ്പെടാമെന്നു കരുതുന്നില്ല. കാരണം പ്രളയം പ്രകൃതിദുരന്തമായിരുന്നു, എന്നാല്‍ ഭരണസ്തംഭനം പിണറായി സര്‍ക്കാര്‍ തുടക്കം മുതല്‍ വരുത്തിവച്ച ദുരന്തങ്ങളുടെ ബാക്കിപത്രമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.