Video Stories
തെരഞ്ഞെടുപ്പിലെ മതവും വര്‍ഗീയതയും
എ.വി ഫിര്‍ദൗസ്
ഒരു സമൂഹവും ജനതയും എത്രമാത്രം ജാതി, മതം, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധിതമായിരിക്കുമോ അത്രമാത്രം ആ ജനതയുടെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിലേക്കും ജാതി മതാദികളുടെ സ്വാധീന ഘടകങ്ങള്‍ കടന്നുചെല്ലുക സ്വാഭാവികമാണ്. ഭരണഘടനാപരമായി ഒരു ‘മതേതര പൗര സമൂഹ’മാണ് ഇന്ത്യയിലേതെങ്കിലും അടിസ്ഥാനപരമായി മതപരമായ ബഹുധയെ പ്രതിഫലിക്കുന്നതാണ് സമൂഹത്തിന്റെ സ്വഭാവം. ആ നിലക്ക് മതേതരത്വത്തിന് പോലും പുതിയ അര്‍ത്ഥങ്ങള്‍ നല്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ മതേതരത്വം മതനിരപേക്ഷതയും മതധര്‍മ്മ സമഭാവനയുമായി അങ്ങനെ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളെയും ചുമതലകളെയും കുറിച്ചുള്ള ചര്‍ച്ചകളിലേക്കെല്ലാം ഇന്ത്യന്‍ മതേതരത്വത്തിന്റെ അര്‍ത്ഥ വൈവിധ്യം കടന്നുചെല്ലാറുണ്ട്. എല്ലാ മതവിശ്വാസങ്ങള്‍ക്കും സൗമ്യമായ ഒരു നിലനില്‍പ്പ് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ഇന്ത്യയില്‍ എക്കാലവും ഭരണഘടനയുടെ മതേതരത്വ ഭദ്രതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോയിട്ടുള്ളൂ. രാഷ്ട്രീയത്തെ ഇത് കാര്യമായി സ്വാധീനിക്കതന്നെ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവയുടെ മതേതര സ്വഭാവത്തെ നിര്‍ണയിച്ചത് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമാറ് വിശാലാര്‍ത്ഥത്തിലാണ്. ദേശീയ പാര്‍ട്ടികളും വിപ്ലവകരമായ ആശയാദര്‍ശങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികളും കൂടുതലായി മതേരത്വത്തെ വ്യാഖ്യാനിക്കയും ചെയ്തിട്ടുണ്ട്. ജാതി വിഭാഗങ്ങള്‍ക്ക് അവയുടെ സ്വന്തം പാര്‍ട്ടികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവകാശ സ്വാതന്ത്ര്യങ്ങള്‍ നിലനില്‍ക്കുന്നതിനെ പ്രയോജനപ്പെടുത്തി ജാതി രാഷ്ട്രീയ പ്രസ്ഥാനങ്ങളും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരികയുണ്ടായി. മതേതരത്വത്തിന്റെ വിശാലാര്‍ത്ഥ നിര്‍ണയത്തെ മുന്‍നിര്‍ത്തി വിശ്വാസി സമൂഹങ്ങളുമായി സമദൂര സൗമ്യതയില്‍ വര്‍ത്തിക്കുന്ന രാഷ്ട്രീയവും, ജാതീയമായ സാമൂഹ്യ സാഹചര്യങ്ങളെ മുതലെടുത്ത് ആള്‍ക്കൂട്ട രൂപീകരണത്തിന് ശ്രമിക്കുന്ന ജാതി രാഷ്ട്രീയ ഗ്രൂപ്പുകളും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ സജീവമായിരുന്നപ്പോഴും തീവ്രമായ മതാശയ വാദങ്ങളില്‍ ഊന്നിപ്രവര്‍ത്തിക്കുന്ന മത-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ രൂപങ്ങള്‍ മുഖ്യധാരയെ കീഴടക്കുന്ന സ്ഥിതി ഉണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. എന്നാല്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വര്‍ഗീയമായി വഴി നടത്തുവാന്‍ ശ്രമിക്കുന്ന മതഗ്രൂപ്പുകളും ആര്.എസ്.എസ് പോലുള്ള തീവ്രമത ദേശീയ പ്രസ്ഥാനങ്ങളും ആ വിടവ് നികത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
വോട്ടുബാങ്കധിഷ്ഠിത രാഷ്ട്രീയം പിന്തുടര്ന്നു വന്നിട്ടുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും തെരഞ്ഞെടുപ്പുകളെ മാത്രം മുന്നില്‍ക്കണ്ടാണ് മതസമൂഹങ്ങളുമായുള്ള അവരുടെ ആശയവിനിമയങ്ങളെ രൂപപ്പെടുത്തിയെടുത്തത്. ഈ ആശയവിനിമയങ്ങളില്‍ വിട്ടുവീഴ്ചകളുടെയും കണ്ണടയ്ക്കലുകളുടെയും വലിയ വശങ്ങള് ഉണ്ടായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മതാത്മക-വിശ്വാസി സമൂഹങ്ങളുമായി പുലര്‍ത്തിയ ബന്ധങ്ങളുടെ വിടവുകളിലൂടെ വര്‍ഗീയവാദത്തിന്റെയും മതതീവ്രവാദത്തിന്റെയും മുതലെടുപ്പുകള്‍ സംഭവിക്കുകയും ചെയ്തു. ഒരു വശത്ത് ഇന്ത്യന്‍ രാഷ്ട്രീയം മതനിരപേക്ഷമായ ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ മറുവശത്ത് വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും പ്രസ്ഥാന രൂപങ്ങള്‍ ഇവിടെ ശക്തിയാര്‍ജ്ജിച്ചു. പൊതു തെരഞ്ഞെടുപ്പുകള്‍ സമാഗതമാകുമ്പോള്‍ വര്‍ഗീയ ഗ്രൂപ്പുകള്‍ മുഖ്യധാരാ പാര്‍ട്ടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും പലപ്പോഴും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥ ഉണ്ടായിവരികയും ചെയ്തിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രഹസ്യമായി വര്‍ഗീയ ഗ്രൂപ്പുകളുമായി വോട്ട് ഡീലിങ്ങ്സിലേര്‍പ്പെടുന്നു എന്ന ആരോപണം എന്നാല്‍ ഒട്ടും കുറയാതെ നിലനിന്നിട്ടുമുണ്ട്. സത്യത്തില്‍ കഴിഞ്ഞ പതിറ്റാണ്ടുകളുടെ ഇന്ത്യന്‍ അവസ്ഥ വെച്ചു ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ മുഖ്യധാരാ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടി എന്നു പറയാന്‍ കഴിയുമായിരുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കുറിച്ചാണ്. കോണ്‍ഗ്രസിനെ സ്വാധീനിക്കാന്‍ ഇന്ത്യയിലെ ഏതെങ്കിലും വര്‍ഗീയ ശക്തികള്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നുവെങ്കില്‍ എന്നോ ഇന്ത്യയുടെ അവസ്ഥ തന്നെ മറ്റൊന്നായി മാറുമായിരുന്നു. കഴിയുന്നത്ര മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സാധിച്ചതിന്റെ ഫലം തന്നെയാണ് ‘മതേതരത്വം’ എന്ന ആശയത്തിന് ഇന്ത്യയില്‍ ഇന്നും അനന്യമായ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനാധിപത്യം എന്ന ആശയത്തോടും ഭരണഘടനയുടെ സ്വഭാവമായി നിര്ണയിക്കപ്പെട്ടിട്ടുള്ള മതേതരത്വത്തോടും ബന്ധപ്പെട്ടല്ലാതെ ഇവിടെ നിലനില്‍പ്പ് സാധിക്കുമായിരുന്നില്ല. അതിനുള്ള പശ്ചാത്തലം സംരക്ഷിച്ചുകൊണ്ടിരുന്നു എന്നതാണ് കോണ്‍ഗ്രസ് അടിസ്ഥാനപരമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്കിയ സംഭാവന. തെരഞ്ഞെടുപ്പുകള്‍ ആവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് അവരുടെ വരുംകാല ഭരണാധികാരികളെ നിര്‍ണയിക്കാനുള്ള അവകാശം സുരക്ഷിതമാണ് എന്നൊരു പ്രത്യാശ നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ ജാഗ്രത വലിയ പങ്കുവഹിച്ചു.
തെരഞ്ഞെടുപ്പുകളില്‍ മതവും വിശ്വാസവും ഉപയോഗിക്കുന്നതിനെതിരായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പുകള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കയും, ചില സംസ്ഥാനങ്ങളിലെങ്കിലും പ്രധാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അതാവര്‍ത്തിക്കുകയും ചെയ്തു വരുന്നുണ്ട്. രാമക്ഷേത്രത്തിന്റെ പേരില്‍ വര്‍ഗീയ മതഭ്രാന്തിളക്കിവിട്ട് വോട്ടുബാങ്ക് സൃഷ്ടിച്ച് അധികാരമുറപ്പിക്കാന്‍ ശ്രമിച്ചുവന്ന ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഇക്കാലത്തും തെരഞ്ഞെടുപ്പ് കമ്മീഷന് അക്കാര്യത്തില്‍ പിറകോട്ടു പോയിട്ടൊന്നുമില്ല. സ്ഥാനാര്‍ത്ഥിയുടെ മതവും വിശ്വാസപക്ഷവും ചൂണ്ടിക്കാണിച്ച് അതേ മതവും വിശ്വാസപക്ഷവുമുള്ള വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നതും വോട്ടു നേടാന്‍ ശ്രമിക്കുന്നതും തെറ്റാണെങ്കില്‍, 1947ന് ശേഷം ഇന്നാള്‍വരെയും ഇന്ത്യക്കകത്ത് നടന്നിട്ടുള്ള ചെറുതും വലുതുമായ ഏതു തെരഞ്ഞെടുപ്പുകളിലാണ് അത്തരത്തിലുള്ള സ്വാധീന നീക്കങ്ങള്‍ നടക്കാതിരുന്നിട്ടുള്ളത് എന്നതാണ് ചോദ്യം. പരസ്യമായി അത്തരം നീക്കങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ നടത്താറില്ലെങ്കിലും, രഹസ്യമായും, ചില പോക്കറ്റുകള്‍ കേന്ദ്രീകരിച്ചും സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി അവരുടെ വിജയം ഉറപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്തരം ശ്രമങ്ങള്‍ നടത്താറുണ്ട് എന്നത് ഒരിന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരം വോട്ടു പിടുത്തങ്ങള്‍ പരമാവധി തിരശ്ശീലക്കു പിന്നില്‍ നടക്കുന്നവയായിരിക്കയാല്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഉപരിപ്ലവ തലങ്ങളെ പൊതുവേ ബാധിക്കാറില്ല. എന്നാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനായി മറ്റൊരു സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്ന മതവും വിശ്വാസവും വര്‍ഗീയതയും ആണ് അപകടകരമായ തലങ്ങളിലേക്കെത്തുന്നത്. ഒരു സ്ഥാനാര്‍ത്ഥി സ്വന്തം മതം ചൂണ്ടിക്കാണിച്ച് അതേ മതത്തില്‍പെട്ട ചില വ്യക്തികളെ തനിക്കനുകൂലമാക്കാന്‍ ശ്രമിക്കുന്നതും, എതിര് സ്ഥാനാര്‍ത്ഥിയുടെ മതം ചൂണ്ടിക്കാണിച്ച് വോട്ടര്‍മാരെ അയാള്‍ക്കെതിരാക്കി മാറ്റുവാന്‍ യത്നിക്കുന്നതും തമ്മിലുള്ള വ്യത്യാസം വലുതാണ്. ചില വിഭാഗം വിശ്വാസികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളില്‍ ആ വിഭാഗക്കാരുടെ ഏകോപനത്തിലൂടെ തങ്ങള്‍ക്കനുകൂലമായ വോട്ടുബാങ്ക് സാഹചര്യം രൂപപ്പെടുത്തിയെടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളായി മാറിയതിന് ഗോധ്ര മുതല്‍ മുസാഫര്‍നഗര്‍ വരെയുള്ള അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇന്ത്യയില്‍ എക്കാലത്തും എവിടെയും നടന്നിട്ടുള്ള വര്‍ഗീയ കലാപങ്ങളുടെ അടിവേരുകള്‍ ചില പൊതു തെരഞ്ഞെടുപ്പുകള്‍ വരെ നീണ്ടുചെല്ലുന്നവയാണ്. ഇതൊന്നും ഇല്ലാതെയാക്കുവാന്‍ അതാതു കാലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കോ, സിവില്‍ അധികാരികള്‍ക്കോ സാധിക്കയുണ്ടായിട്ടില്ല. അതീവ ഗോപ്യവും ആസൂത്രിതവുമായ വിധത്തില്‍ മതത്തെയും വര്‍ഗീയതയെയും പൊതു തെരഞ്ഞെടുപ്പുകളില്‍ യഥേഷ്ടം വിനിയോഗിക്കപ്പെട്ടുവന്നിട്ടുള്ള ഒരു രാജ്യത്ത്, ജനാധിപത്യ പ്രക്രിയകളുടെ പരമാവധി തലങ്ങളില്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായ നീതിനിര്‍വഹണം ഉറപ്പുവരുത്തുന്ന ഉദ്യോഗസ്ഥര്‍ എക്കാലവും ഉണ്ടായിരുന്നുവെന്നതും അവിസ്മരണീയമാണ്.
‘ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ മതവികാരം ഇളക്കിവിടുന്ന വിധത്തില്‍ വ്യാഖ്യാനിച്ച് ഈ പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുത്’ എന്നാണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആ വിഷയത്തെ കേരളത്തിലെ ഭരണകൂടം സമീപിക്കുകയും കൈകാര്യം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലെ പ്രശ്നവശങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പരിധിയില്‍ വരുന്നില്ല എന്നോര്‍ക്കണം. ‘വിശ്വാസ സംരക്ഷണാവകാശം’ എന്ന ഭരണഘടനാപരമായ മൂല്യത്തിനെതിരെ നില്ക്കുന്ന തലങ്ങള്‍ അതിലുള്ള കാലത്തോളം കേരളത്തിലെ പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരായ വിഷയമെന്ന നിലയില്‍ അതുന്നയിക്കാന്‍ കഴിയും. എന്നാല്‍ അതില്‍ സംഘ്പരിവാറിനെയോ, ബി.ജെ.പിയെയോ സഹായിക്കുന്ന ഘടകങ്ങള്‍ ഒന്നുമില്ല. ശബരിമല വിഷയത്തെ അതിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ മാനങ്ങളില്‍ നിന്ന് വര്‍ഗീയ-മതഭ്രാന്തിന്റെ മാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് സംഘ്പരിവാര്‍ ശ്രമിച്ചതും ശ്രമിച്ചുവരുന്നതും. അതുകൊണ്ടാണ് ആ വിഷയത്തെ സംഘ്പരിവാര്‍ തെരഞ്ഞെടുപ്പ് വിഷയമായുന്നയിക്കുന്നിടത്ത് ചട്ടലംഘനങ്ങള്‍ സ്വാഭാവികമായിത്തീരുന്നത്. സത്യത്തില്‍ സംഘ്പരിവാറിന് ശബരിമല വിഷയത്തില്‍ സംസാരിക്കുവാനേ അര്‍ഹതയില്ലെന്നാണ് അവര്‍ തന്നെ തെളിയിച്ചത്. കേരളത്തിലെ ജനാധിപത്യ ശക്തികള്‍ ഇടതുപക്ഷവും വലതുപക്ഷവുമാണ്. വിഷയങ്ങളുടെ നേരിയ പഴുതുകളിലൂടെ നുഴഞ്ഞുകയറി സമൂഹത്തിലും പൊതു മണ്ഡലത്തിലും തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ശ്രമിക്കുന്ന സംഘ്പരിവാറിനെ കേരളത്തിലെ പ്രബുദ്ധ ജനങ്ങള്‍ ഒരു ജനാധിപത്യ ചേരിയായി അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശബരിമല പ്രക്ഷോഭ കാലത്ത് ഹൈന്ദവ പൊതു സമൂഹത്തെ വേദനിപ്പിക്കുമാറ് സംഘ്പരിവാര്‍ അവരുടെ സമരരീതികളെ അരാഷ്ട്രീയവല്‍ക്കരിച്ചതോര്‍ക്കുക. ശബരിമലക്ക് കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലുള്ള പേരും പ്രശസ്തിയും തേച്ചുമായ്ച്ചു കളയുന്ന വിധത്തിലുള്ള അട്ടഹാസങ്ങളും ആള്‍ക്കൂട്ട ഭ്രാന്തുകളും സംഘ്പരിവാര്‍ സമരങ്ങളുടെ മറവില്‍ അവിടെ അരങ്ങേറിയത് കേരളത്തിലെ ജനങ്ങള്‍ നേരിട്ടു കണ്ടതാണ്. അതുകൊണ്ട് ശബരിമലയുടെ പേരില്‍ വര്‍ഗീയ മതവികാരം ഇളക്കിവിട്ട് വോട്ടു നേടാമെന്നുള്ള സംഘ്പരിവാര്‍ നേതൃത്വത്തിന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ല. കാരണം, ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ നിലപാടുകള്‍ തനിക്കാപട്യമാണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ കാപട്യമാണ് വര്‍ഗീയതയായും മതധ്രുവീകരണമായും അപകടം ചെയ്യാനിടയുള്ളത്. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ‘ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമാക്കരുതെന്ന്’ പറയുമ്പോള്‍ ആ നിര്‍ദ്ദശം സംഘ്പരിവാറിന് ബാധകമായി മാറുന്നതും, ജനാധിപത്യ ശക്തികള്‍ക്ക് ബാധകമാകാതെ വരുന്നതും ഈ അടിസ്ഥാനത്തിലാണ്. മതവുമായും വിശ്വാസവുമായും ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ പോലും അവയുടെ തരവും സ്വഭാവവും അനുസരിച്ചാണ് പൊതു തെരഞ്ഞെടുപ്പുകളിലെ ഉപയോഗത്തിന്റെ സാധ്യതയും അസാധ്യതയും നിലനില്‍ക്കുന്നത് എന്നര്‍ത്ഥം.
ഇവിടെ ഉയര്‍ന്നുവരുന്ന ഒരു സുപ്രധാന ചോദ്യമുണ്ട്: ‘മതവും വിശ്വാസവും വര്‍ഗീയതയും ഉപയോഗിച്ച് വോട്ടു പിടിക്കുക’ എന്നതിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലേ, ‘ചില പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരായി വര്‍ഗീയ ബന്ധം ആരോപിച്ച് പൊതു സമൂഹത്തില്‍ മോശമായ അഭിപ്രായ രൂപീകരണത്തിന് ഉദ്യഗമിക്കുന്നതും വിജയം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും?’ എന്നതാണ് ചോദ്യം. ചില സ്ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും വര്‍ഗീയ-മതമൗലിക പ്രസ്ഥാനങ്ങളുടെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എന്ന വിധത്തില്‍ കുപ്രചരണം നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും സത്യത്തില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും വര്‍ഗീയതയുടെയുമെല്ലാം തെരഞ്ഞെടുപ്പ് ദുരുപയോഗമായിത്തന്നെയാണ് കാണേണ്ടത്. കാരണം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആത്യന്തികമായി മുന്നില്‍ കാണുന്നതും ലക്ഷ്യമിടുന്നതും തങ്ങള്‍ക്കനുകൂലമായ വര്‍ഗീയ- മതവിശ്വാസ ധ്രുവീകരണം തന്നെയാണ്. മതേതരത്വ രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതയും കറകളഞ്ഞ കടപ്പാടും കൊണ്ടല്ല ആരോപണം ഉന്നയിക്കുന്നവര്‍ രംഗത്ത് വരുന്നതെന്ന് എല്ലാവര്ക്കും അറിയാമെന്നിരിക്കേ, മതം, വിശ്വാസം, വര്‍ഗീയത എന്നിവയെ മുന്‍നിര്‍ത്തിയുള്ള വോട്ടുപിടുത്തം തന്നെയാണ് ഇത്തരം ദുരാരോപണങ്ങളിലും ഉള്ളത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വിലക്കപ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ ആത്യന്തികമായി ഇത്തരം ആരോപണങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള വോട്ടുപിടുത്തങ്ങളില്‍ വര്‍ഗീയതയും മതതീവ്രതയും കടന്നുവരുന്നതാണ് പ്രശ്നം എന്നു കരുതുന്നുവരുണ്ട്. അതേസമയം അവകാശങ്ങള്‍, പൗര സ്വാതന്ത്ര്യങ്ങള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് മതം, വിശ്വാസം എന്നിവയുടെ അനുവദനീയങ്ങളായ വിനിമയങ്ങളും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അത്തരം വിനിമയങ്ങള്‍ക്കെതിരെ സംഭവിക്കുന്ന ഇടപെടലുകളും തെരഞ്ഞെടുപ്പ് വിഷയങ്ങളാകാതിരിക്കുക ഒരു ജനാധിപത്യ സമൂഹത്തില്‍ അസാധ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട തെറ്റായ വിനിമയങ്ങളെ വിലക്കിയ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ദേശിക്കുന്ന പരിധിയില്‍ വരുന്നതു തന്നെയാണ് ചില പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരായി ഉന്നയിക്കപ്പെടുന്ന തെറ്റായ വര്‍ഗീയബന്ധ ആരോപണവും, ആ നിലക്ക് പ്രസ്തുത ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കേണ്ടതാണ്. മതത്തെയും വിശ്വാസത്തെയും തെരഞ്ഞെടുപ്പുകള്‍ക്കായി ചൂഷണം ചെയ്യുക എന്ന ഇന്ത്യയില്‍ ഏറിയും കുറഞ്ഞും എക്കാലവും നിലനിന്നു വന്നിട്ടുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം സാധ്യമാകുന്ന കാലം സത്യത്തില്‍ വളരെ ദൂരെത്തന്നെയാണ്. മതവിധേയത്വത്തില്‍ നിന്ന് മതാധിഷ്ഠിത രാഷ്ട്രീയത്തിലേക്കെത്തിയ ദേശീയ രാഷ്ട്രീയ ചരിത്രമുള്ള ഇന്ത്യയില്‍ ആ ദൂരം വളരെ വലുതാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ