Connect with us

Video Stories

വിവാദങ്ങളുടെ ‘പാലാരിവട്ട’വും 245 പാലങ്ങളും

Published

on


ഫിര്‍ദൗസ് കായല്‍പ്പുറം

കേരളത്തിന്റെ വികസന ചരിത്രത്തില്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യനേട്ടങ്ങളില്‍ അവിസ്മരണീയ അധ്യായം എഴുതിച്ചേര്‍ത്തത് 2011-16ലെ യു.ഡി.എഫ് സര്‍ക്കാരായിരുന്നു. അതിന് നേതൃത്വം നല്‍കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും. പൊതുവേ തര്‍ക്കങ്ങളുടെയും സമരങ്ങളുടെയും സംസ്ഥാനമായ കേരളത്തില്‍ കേവലം അഞ്ചുവര്‍ഷങ്ങള്‍ക്കിടെ 245 പാലങ്ങളും നിരവധി ബൈപ്പാസുകളും റോഡുകളും നിര്‍മിച്ച ഒരു സര്‍ക്കാര്‍ വേറെയില്ല.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ആ സുവര്‍ണകാലം ആര്‍ക്കും വിസ്മരിക്കാനാവില്ല. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് പിറവിയെടുത്ത പാലാരിവട്ടം മേല്‍പ്പാലം ഇന്ന് സജീവ ചര്‍ച്ചയാണ്. പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോള്‍ ഉത്തരവാദിത്തം കഴിഞ്ഞ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടാകുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പണി ആരംഭിച്ച പാലാരിവട്ടം ഫ്‌ളൈഓവര്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ഒക്‌ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. 2016 ഒക്‌ടോബര്‍ 12-ലെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയില്‍ ഈ പാലത്തിന്റെ മധ്യഭാഗമുള്‍പ്പെടെയുളള പ്രധാന നിര്‍മ്മാണങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ആരംഭിച്ചത് എന്ന് പറയുന്നുണ്ട്. അതേസമയം പാലത്തിന് നിര്‍മ്മാണ വൈകല്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത് തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയാണ്. എന്നാല്‍ ഇടതു ജനാധിപത്യമുന്നണിയിലെ ഒരു പാര്‍ട്ടി കളമശേരി എം.എല്‍.എ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് രാജാവിനേക്കാള്‍ വലിയ രാജഭക്തി ആയിട്ടു മാത്രമേ പൊതുസമൂഹം കണ്ടിട്ടുളളൂ. പിന്നീട് സി.പി.എമ്മും ആ വഴിയേ നീങ്ങിയെന്ന് മാത്രം. കുന്നത്തുനാട് ഭൂമി നികത്തലിലും ചൂര്‍ണ്ണിക്കര വ്യാജരേഖ പ്രശ്‌നത്തിലും റവന്യൂമന്ത്രിയുടെ വീട്ടിലേക്കോ പരീക്ഷ തട്ടിപ്പില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കോ മാര്‍ച്ച് നടത്തുന്നതിനോ കശുവണ്ടി തൊഴിലാളികളുടെ ആനുകൂല്യം തട്ടിയെടുത്ത കേസില്‍ ബന്ധപ്പെട്ട മന്ത്രിയെ ഉപരോധിക്കാനോ ഇക്കൂട്ടര്‍ തയാറാകാത്തത് വിചിത്രമാണ്.
പി.ഡബ്ല്യു.ഡി മാനുവല്‍ അനുസരിച്ച് ഒരു പാലം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അത് കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് നിര്‍മ്മാണത്തിന്റെ കരാറില്‍ ഒപ്പിട്ട എഗ്രിമെന്റ് അതോറിറ്റി പരിശോധിച്ച് പാലം ഗതാഗതയോഗ്യമാണെന്നും പാലത്തിന് അപാകതകളൊന്നുമില്ലെന്നും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം. ഇവിടെ അതുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. അതുണ്ടായിട്ടില്ലെങ്കില്‍ പാലം കമ്മീഷന്‍ ചെയ്തത് തെറ്റാണ്. അങ്ങനെയെങ്കില്‍ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തുക തന്നെ വേണം. പാലത്തിന്റെ നിര്‍മ്മാണത്തിനുളള ഭരണാനുമതി നല്‍കി കഴിഞ്ഞാല്‍ മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ മറ്റ് മന്ത്രിമാരോ മറ്റു കാര്യങ്ങളില്‍ ഇടപെടാറില്ല. ഉദേ്യാഗസ്ഥ തലത്തിലും മന്ത്രി തലങ്ങളിലുമുളള പുരോഗതി അവലോകനങ്ങളാണ് പിന്നീട് നടക്കുന്നത്. അതില്‍ കണ്‍സള്‍ട്ടന്റും എഞ്ചിനീയര്‍മാരും വകുപ്പ് തലവന്‍മാരും നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ചര്‍ച്ച ചെയ്യുന്നത്.
പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ചത് ആര്‍.ബി.ഡി.സി.കെയാണ്. ഡെക്ക് കണ്‍ഡിന്യൂറ്റി എന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച കേരളത്തിലെ ആദ്യത്തെ പാലമാണ്. വേണ്ടത്ര അവധാനതയും സൂക്ഷ്മതയും കാണിച്ചല്ല പുതിയ സാങ്കേതിക വിദ്യ പ്രയോഗിച്ചതെന്ന് വ്യക്തമാണ്. അതോടൊപ്പം കമ്പിയും സിമെന്റും വേണ്ടത്ര തോതില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അത് നോക്കാന്‍ ഏല്‍പ്പിച്ചിട്ടുളള ഉദേ്യാഗസ്ഥര്‍ക്കാണ്. പണിയില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ കരാറുകാരനും സാങ്കേതിക വിദ്യ നല്‍കിയവരും കണ്‍സള്‍ട്ടന്റും ഉത്തരവാദികളാണ്. 1999ല്‍ രൂപീകൃതമായ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ റെയില്‍വെ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ 40 മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലുളള ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
47 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പാലാരിവട്ടം പദ്ധതിക്കായി കണക്കാക്കിയത്. പിന്നീട് 13 ശതമാനം കുറവിന് 42 കോടിക്ക് കരാര്‍ ഉറപ്പിച്ചു. 34 കോടിയാണ് ഇതുവരെ കോണ്‍ട്രാക്ടര്‍ക്ക് ബില്ല് നല്‍കിയത്. ജി.ഒ (എം.എസ്.)73/2013/പി.ഡബ്ല്യു.ഡി. തീയതി 31.08.2013 പ്രകാരം ഡിഫക്ട് ലയബിലിറ്റി ക്ലോസ്’ നടപ്പിലാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. ഇപ്പോള്‍ വരുന്ന റീഹാബിലിറ്റേഷന്‍ പണികള്‍ക്കുളള ചെലവ് അതുകൊണ്ട് തന്നെ കരാറുകാരനില്‍ നിന്നും ഈടാക്കാന്‍ സാധിക്കും. സര്‍ക്കാരിന്റെ പണം ദുരുപയോഗപ്പെടുന്ന സാഹചര്യം ഇക്കാര്യത്തിലില്ലെന്ന് വ്യക്തം.
കൊച്ചി ബൈപ്പാസില്‍ നാല് ഫ്‌ളൈഓവറുകള്‍ നിര്‍മ്മിച്ച് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന് 2013 മാര്‍ച്ച് രണ്ടിന് നടന്ന ഒരു ആശയ കൂട്ടായ്മയില്‍ കൊച്ചിയിലെ ജനപ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യയോട് ഗവണ്‍മെന്റ് അത് ആവശ്യപ്പെടുകയും അവര്‍ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.
അതിന്റെ നിര്‍മ്മാണ ചെലവും സ്ഥലമേറ്റെടുക്കുന്ന സംഖ്യയുമുള്‍പ്പെടെ കോടാനുകോടി രൂപ ചെലവ് വരുമ്പോള്‍ ഒരു അംബാസിഡര്‍ കാര്‍ ഒരു വശത്തേക്ക് കടക്കുന്നതിന് കുറഞ്ഞത് 100 രൂപയെങ്കിലും ടോള്‍ വരും എന്ന് കണക്കാക്കപ്പെട്ടു. മാത്രമല്ല നഗരത്തിന്റെ ഹൃദയഭാഗത്ത് നാല് പാലങ്ങള്‍ക്ക് ടോള്‍ പിരിവ് വരുമ്പോള്‍ ഉണ്ടാകാവുന്ന വിഷ്യത്തുകള്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുകയും ടോളില്ലാത്ത പാലമാണ് ആവശ്യമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഈ ഘട്ടത്തില്‍ കൊച്ചിയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.എച്ച്.എ.ഐ, കെ.എസ്.ടി.പി, കെ.എം.ആര്‍.എല്‍, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം, നിരത്തുകളും പാലങ്ങളും വിഭാഗം, ഗതാഗത വകുപ്പ് എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്തു. ഇതേത്തുടര്‍ന്നാണ് ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളില്‍ നാല് ഫ്‌ളൈഓവറുകള്‍ സ്പീഡ് കേരള (സസ്റ്റെയ്‌നബിള്‍ ആന്റ് പ്ലാന്‍ഡ് ഇഫര്‍ട്ട് ടു എന്‍ഷ്വര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് ഇന്‍ കേരള) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ചതും 2013 നവംബര്‍ 22നും 2014 ഫെബ്രുവരി 22നും സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തത്. അതനുസരിച്ച് പാലാരിവട്ടം ഫ്‌ളൈ ഓവര്‍ ആര്‍.ബി.ഡി.സി.കെയെ ഏല്‍പ്പിക്കുകയും ഇതിനാവശ്യമായ തുക റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
പദ്ധതി പ്രകാരം ഇടപ്പളളി ഫ്‌ളൈഓവറും പാലാരിവട്ടം പാലവും പണി ആരംഭിച്ചു. വൈറ്റിലയും കുണ്ടന്നൂരും പണി ആരംഭിക്കാനുളള പ്രാഥമിക നടപടികള്‍ സ്വീകരിച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം വന്നതുകാരണം നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചില്ല. അതിന്റെ നിര്‍മ്മാണം ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.കോര്‍പറേഷന്‍, മുനിസിപ്പല്‍, ഗ്രാമീണ റോഡുകള്‍ ഉള്‍പെടെ 11770 റോഡുകള്‍ 6,000 കോടി രൂപ മുടക്കി ഉപരിതലം പുതുക്കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കേരളത്തിന്റെ മുഖമുദ്രയായിരുന്ന കാലത്തുനിന്നും മനോഹരമായ റോഡുകള്‍ സമ്മാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.
തകര്‍ന്നു കിടന്ന 5000 റോഡുകളാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുതുക്കിയെടുത്തത്. മഹാപ്രളയത്തെ പോലും അതിജീവിച്ച അഞ്ച് വര്‍ഷത്തിലേറെ പഴക്കമുളള ബി.എം ആന്‍ഡ് ബി.സി റോഡുകള്‍ വിസ്മയം തന്നെയാണ്. 1500 കെട്ടിടങ്ങളാണ് കഴിഞ്ഞ യു.ഡി.എഫ് കാലത്ത് നിര്‍മ്മിച്ചത്. വാടക ഇനത്തിലും കാലപ്പഴക്കത്താലും ഭീമമായ നഷ്ടം ഉണ്ടാക്കിവച്ച സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുതുക്കി പണിതതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലാഭിക്കാന്‍ കഴിഞ്ഞത്.ദേശീയപാതാ വികസനം പ്രാവര്‍ത്തികമാകാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉണ്ടായ ക്ലേശം പരിഹരിക്കാന്‍ 1870 കോടി രൂപയുടെ അഞ്ച് ബൈപ്പാസുകളാണ് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. സംസ്ഥാനം പൂര്‍ണ്ണമായും ചെലവ് വഹിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ദേശീയപാതയായ കോഴിക്കോട് ബൈപ്പാസ് അക്കാലത്ത് പൂര്‍ത്തിയായതാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മ്മാണം.
നഗര ഗതാഗതം സുഗമമാക്കുന്നതിനായി കൊണ്ടുവന്ന നഗരറോഡ് വികസന പദ്ധതികള്‍ തിരുവനന്തപുരത്തും കോഴിക്കോടും പൂര്‍ത്തിയായി. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കൊല്ലം, കോട്ടയം, ആലപ്പുഴ നഗരങ്ങളില്‍ കൂടി ഇത് നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചെങ്കിലും അധികാരത്തില്‍ തുടരാന്‍ കഴിയാത്തതിനാല്‍ അവ തുടങ്ങിയിടത്തു തന്നെ ഇപ്പോഴും നില്‍ക്കുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കുക കൂടി ചെയ്തിട്ടില്ല. നഷ്ടപ്പെട്ടതെന്ന് കരുതിയ കെ.എസ്.ടി.പി രണ്ടാംഘട്ടത്തിന് 1166 കോടി രൂപ ലോകബാങ്ക് സഹായം നേടിയെടുക്കാനും നിര്‍മ്മാണം തുടങ്ങാനും കഴിഞ്ഞത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. സംസ്ഥാനത്തെ 363 കി.മീ. വരുന്ന ഒന്‍പത് റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം 1106 കി.മീ. റോഡുകള്‍ ഹെവി മെയിന്റനന്‍സ് നടത്തുവാനും സാധിച്ചു.
ഇവയില്‍ ചിലതിന്റെ ഉദ്ഘാടനം നടത്തുക മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. എം.സി റോഡിലെ 80 കി.മീ. റോഡ് സംസ്ഥാനത്തെ ആദ്യസുരക്ഷാ ഇടനാഴി ആക്കിയതും ഇതിനായി ലോകബാങ്കിന്റെ സഹായം നേടിയെടുക്കാനുമായി.
5100 കോടി രൂപ മുതല്‍ മുടക്കില്‍ 1204 കി.മീ. റോഡുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പില്‍ വരുത്തിയ സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്, സംസ്ഥാനത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം, കരമന – കളിയിക്കാവിള പാത, ഹൈക്കോടതിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അഭിനന്ദനം നേടിയെടുത്ത ശബരിമല റോഡ് വികസനം, കൊച്ചിയിലെ സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ട വികസനവും വീതികൂട്ടലും കൊച്ചി മുതല്‍ കോഴിക്കോട് വരെ നീളുന്ന തീരദേശ ഇടനാഴി, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുണ്ടായിരുന്ന 8570 കി.മീ റോഡുകളെ മേജര്‍ ഡിസ്ട്രിക്ട് റോഡുകളായി മാറ്റിയ വിപ്ലവകരമായ തീരുമാനം, ഗതാഗത യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുളള പ്രതീക്ഷ, ആശ്വാസ് കമ്പനികള്‍, കേരള ചരിത്രത്തില്‍ ആദ്യമായി ഹരിത നിര്‍മ്മാണ നയം, പൈതൃക കെട്ടിട സംരക്ഷണം, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ സ്വതന്ത്രമാക്കല്‍, പ്ലാസ്റ്റിക് റോഡ് നിര്‍മ്മാണം, 17 റെയില്‍വെ മേല്‍പ്പാലങ്ങള്‍, റോഡ് കുഴിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍, നിര്‍മ്മാണത്തിന് ഗ്യാരന്റി തുടങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഒട്ടേറെയാണ്.
ഇ- ഗവേണന്‍സ് ആദ്യം നടപ്പിലാക്കിയത് പൊതുമരാമത്ത് വകുപ്പിലായിരുന്നുവെന്നതും ഇ-ടെണ്ടര്‍ കൊണ്ടു വന്നതും 40 വര്‍ഷങ്ങള്‍ക്കുശേഷം മാനുവല്‍ പരിഷ്‌ക്കരിച്ചതും വിസ്മരിക്കാനാവില്ല. പദ്ധതി വിഹിതത്തേക്കാള്‍ 300 ശതമാനം ചെലവാക്കി ആസൂത്രണ വകുപ്പിന്റെ അംഗീകാരം നേടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹരിക്കുക തന്നെവേണം. എന്നാല്‍ പാലാരിവട്ടത്തിന്റെ പേരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയെയും വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിമര്‍ശിക്കുന്നത് നീതികേടാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.