Connect with us

Video Stories

തെറ്റുതിരുത്തല്‍ എന്ന അസംബന്ധ നാടകം

Published

on


രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

ശബരിമല യുവതീ പ്രവേശനം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും അതുമൂലം വിശ്വാസികള്‍ പാര്‍ട്ടിയില്‍ നിന്നകന്നുവെന്നുമുള്ള സി. പി.എം സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തലില്‍ വലിയ അത്ഭുതം തോന്നേണ്ടകാര്യമില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, ഞങ്ങള്‍ക്ക് തെറ്റ് പറ്റിയേ എന്ന് തലയില്‍ കൈവച്ച് സമ്മതിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് വഴിക്കാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഈ നിലപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ കാപട്യവും ആശയപരമായ പാപ്പരത്തവും മറനീക്കി പുറത്ത്‌വരുന്നത് കാണാം. കേരളത്തിലെ സി.പി.എം മുമ്പെങ്ങുമില്ലാത്തവിധം ചെന്ന്‌പെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയുടെ നേര്‍ചിത്രമാണ് മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും വാക്കുകളിലൂടെ പുറത്ത്‌വരുന്നത്. ഇറങ്ങുകയും ചെയ്തു, മഴ നനയുകയും ചെയ്തു, വീട്ടിലെത്തിയതുമില്ല എന്ന അവസ്ഥയാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി. പി.എമ്മിനുണ്ടായത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വാരിക്കൂട്ടി നിലത്തടിച്ചപ്പോഴാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തല നേരെ ആയത്. അതോടെ വിശ്വാസികളുടെ മുമ്പില്‍ മുഖം രക്ഷിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസിലാക്കിയ സി.പി.എം നേതൃത്വം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് വലിയ വായിലെ നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ മുഖ്യമന്ത്രിക്കാകട്ടെ ചുമ്മാ കിട്ടിയ നവോത്ഥാന നായക പട്ടം അങ്ങിനെയങ്ങ് ഉപേക്ഷിക്കാനും വയ്യ. ചുരുക്കത്തില്‍ വിശ്വാസികളുടെ മുമ്പില്‍ പിടിച്ച്‌നില്‍ക്കാനും അതേസമയം മുഖ്യമന്ത്രിയുടെ നവോത്ഥാന നായക ഇമേജ് നിലനിര്‍ത്താനുമുള്ള കപട നാടകമാണ് വിശ്വാസികള്‍ എതിരായി തെറ്റി പറ്റിപ്പോയി എന്നൊക്കെയുള്ള വിലയിരുത്തലുകള്‍.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം മത- ജാതി ധ്രുവീകരണത്തിന് കളമൊരുക്കാനാണ് ശബരിമല യുവതി പ്രവേശന വിഷയത്തിലൂടെ സി.പി.എം ശ്രമിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അതിനെതിരെ ചരിത്രത്തിലെ ഏറ്റവും മികച്ച മറുപടിയാണ് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവര്‍ക്ക് നല്‍കിയത്. ജനങ്ങളെ കബളിപ്പിക്കാനോ, അവരുടെ കണ്ണടച്ച് കെട്ടാനോ കഴിയില്ലെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സി. പി.എം ഇനിയും ശ്രമിക്കുന്നില്ല.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്കതില്‍ കാര്യമില്ലന്നുമുള്ള ഒരുതരം മുടന്തന്‍ ന്യായവാദമാണ് തെറ്റ് പറ്റിയെന്ന പ്രസ്താവനയില്‍ അന്തര്‍ലീനമായിരിക്കുന്നത്. ആ നിലപാട് ശുദ്ധ കാപട്യവും ഭീരുത്വവും ആണ്. ഈ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാന്‍ സി.പി.എമ്മും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരും ഒരേ മനസോടെയാണ് ശ്രമിച്ചത്. ബി.ജെ.പിയെ കേരളത്തില്‍ എങ്ങിനെയെങ്കിലും പച്ചപിടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ ഇതിന് പിന്നിലുണ്ടായിരുന്നുള്ളു. പക്ഷെ ആ നീക്കം അമ്പേ പാളുകയും, സി.പി.എമ്മിനെയും ബി.ജെ. പിയെയും കേരളത്തിലെ ജനങ്ങള്‍ സമ്പൂര്‍ണ്ണമായി കയ്യൊഴികയുകയും ചെയത്‌പ്പോള്‍ പിടിച്ച്‌നില്‍ക്കാന്‍വേണ്ടി തെറ്റ്പറ്റിപ്പോയി എന്ന ഏറ്റ് പറച്ചിലുമായി രംഗത്ത്‌വന്നിരിക്കുകയാണ് സി.പി.എം കേരള ഘടകം.
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടായ കാലം മുതല്‍ തെറ്റുചെയ്യുക, തിരുത്തുക എന്നതാണ് അവയുടെ ശീലം. ഇത്രയുമധികം ഭീമാബദ്ധങ്ങളും മണ്ടത്തരങ്ങളും ചെയ്ത്കൂട്ടുകയും പിന്നീട് തെറ്റ് പറ്റിപ്പോയി എന്ന് വിലപിക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ചരിത്രത്തലില്ല. 1947 ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് ബൂര്‍ഷ്വാസ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് സായുധ വിപ്ലവത്തിനിറങ്ങിയത്മുതല്‍ ട്രാക്ടറിനും കമ്പ്യൂട്ടറിനും എന്തിന് എ.ടി.എമ്മിനെതിരെ വരെ എടുത്ത നിലപാടപകളും നടത്തിയ സമരങ്ങളും പിന്നീട് തെറ്റായെന്ന് പറഞ്ഞ് തിരുത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സി.പി.എം. തങ്ങളുടെ ജനവഞ്ചനകളും രാഷ്ട്രീയ കാപട്യങ്ങളും തുറന്ന്കാട്ടപ്പെടുമ്പോള്‍ തന്ത്രപരമായി അതില്‍നിന്ന് രക്ഷപ്പെടാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ ഉപയോഗിക്കുന്ന ലൊടുക്കു വിദ്യയാണ് തെറ്റ്പറ്റിപ്പോയി, അത് തിരുത്തുമെന്നുമൊക്കെയുള്ള വിലാപങ്ങള്‍. നാട്ടിന്‍പുറങ്ങളില്‍ കക്കാനിറങ്ങുന്നവനെ ആളുകള്‍ പിടിച്ച് കെട്ടിയിടുമ്പോള്‍ അവര്‍ രക്ഷപ്പെടാന്‍ പറയാറുള്ള ഡയലോഗുണ്ട് ‘മോഷ്ടിക്കാനൊന്നുമല്ല, വെറുതെ നിങ്ങളെയൊക്കെ പരീക്ഷിക്കാന്‍ വേണ്ടി ഇറങ്ങിയതാണെന്ന്’. അതേ അവസ്ഥയാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ സി.പി.എം നേരിടുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് എന്ന സി.പി.എമ്മിന്റെ സ്ഥിരം തന്ത്രത്തെ കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ കയ്യോടെ പിടികൂടി. അതിന്റെ ജാള്യത മറക്കാനാണീ പുതിയ കുമ്പസാരം. മുഖ്യമന്ത്രിയാകട്ടെ നവോത്ഥാന നായക പരിവേഷം തലക്ക് പിടിച്ചതിന്‌ശേഷം ലക്കും ലഗാനുമില്ലാത്ത അവസ്ഥയിലാണ്. തെറ്റ് പറ്റിയത് ആര്‍ക്കാണ്? മുഖ്യമന്ത്രിക്കോ, പാര്‍ട്ടിക്കോ, അതോ രണ്ട് പേര്‍ക്കുമോ? ഈ ചോദ്യത്തിന്മുന്നില്‍ തന്ത്രപൂര്‍വം ഒളിച്ച് കളിക്കുകയാണ് സി.പി.എം.
സി.പി.എം ഒരു ഭാഗത്തും ബി.ജെ.പി – സംഘ്പരിവാര്‍ ശക്തികള്‍ മറുഭാഗത്തുമായി അണിനിരക്കുന്ന കൃത്യമായ വര്‍ഗീയ വിഭജനമാണ് സി.പി. എം ശബരിമല സുപ്രീംകോടതി വിധിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഇപ്പോള്‍ വ്യക്തമായികഴിഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ശക്തമായ മതേതര ചേരിയെ മേല്‍വിലാസം പോലുമില്ലാതെ രാഷ്ട്രീയ കേരളത്തിന്റെ മൂലക്ക് തള്ളാനും ബി.ജെ.പിയുടെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മളും അവരും മാത്രമാകുന്ന രാഷ്ട്രീയകാലാവസ്ഥ സൃഷ്ടിക്കാനുമാണ് സര്‍ക്കാരും സി.പി.എമ്മും ഉദ്ദേശിച്ചത്. പക്ഷെ കേരളത്തിലെ ജനങ്ങള്‍ അതിനും അപ്പുറം കാണുന്നവരായിരുന്നു. ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എക്കാലവും സംഭവിച്ച വലിയ വീഴ്ചകളിലൊന്ന് ജനമനസിനെ വിലയിരുത്താനുള്ള കഴിവ്‌കേട് തന്നെയായിരുന്നു. യു.ഡി.എഫിനെ തള്ളിക്കളഞ്ഞ് കേരളത്തിലെ ജനങ്ങള്‍ തല്‍സ്ഥാനത്ത് ബി.ജെ.പിയെ കുടിയിരുത്തുമെന്ന തലതിരിഞ്ഞ രാഷ്ട്രീയ ചിന്തയാണ് കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ അടിപടലേ വാരിയത്. ഇത്രയുമായിട്ടും കേരളത്തിലെ ജനങ്ങളുടെ മനസ് മനസിലാക്കാന്‍ സി.പി.എമ്മിന് കഴിയാതെപോയത് തന്നെയാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇരുപതില്‍ പത്തൊമ്പത് സീറ്റും തോറ്റിട്ടും ഇപ്പോഴും കണ്ണില്‍പൊടിയിട്ട് പിടിച്ച്‌നില്‍ക്കാമോ എന്നാണ് സി.പി.എം നേതൃത്വം നോക്കുന്നത്. തെറ്റ് പറ്റിയെന്ന് പാര്‍ട്ടിയും ഇല്ലെന്ന് മുഖ്യമന്ത്രിയും പറയുന്നത്തന്നെ വലിയൊരു കബളിപ്പിക്കല്‍ ആണെന്ന് ജനങ്ങള്‍ക്കറിയാം. തങ്ങള്‍ പറഞ്ഞത് കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടും അതിനെ സത്യമാക്കി മാറ്റാനുള്ള രാസവിദ്യ തിരയുകയാണ് മുഖ്യമന്ത്രിയടക്കമുളള സി.പി.എം നേതൃത്വം.
സി.പി.എമ്മിനും ബി.ജെ.പിക്കും ശബരിമല യുവതീ പ്രവേശന വിധി വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനുള്ള സുവര്‍ണ്ണവസരമായിരുന്നെങ്കില്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇതുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ആശങ്കകള്‍ പരിഹരിക്കുക എന്ന ഏക അജണ്ട മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. സുപ്രിംകോടതി വിധിയില്‍മേലുള്ള ഏത്തരം വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനും യു.ഡി.എഫ് ആദ്യം മുതലേ എതിരായിരുന്നു. വിശ്വാസികള്‍ക്കൊപ്പംനില്‍ക്കുക എന്നാല്‍ വര്‍ഗീയതക്കൊപ്പം നില്‍ക്കുക എന്നല്ല മറിച്ച് മതേതരത്വത്തിനൊപ്പം നില്‍ക്കുക എന്നതാണ്. ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യു.ഡി. എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല. സി.പി.എമ്മും ബി. ജെ.പിയും ആസൂത്രണം ചെയ്ത ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന അജണ്ടയെ പൊതു ജനമധ്യത്തില്‍ തൊലിയുരിച്ച്കാണിക്കാനും ആ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനും യു. ഡി.എഫിന് കഴിയുകയും ചെയ്തു. ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെ ന്യായീകരിക്കാന്‍ പുതിയ ഭാഷ്യങ്ങളുമായി രംഗത്ത്‌വന്ന് ഇനിയും നാണം കെടാതിരിക്കുന്നതാണ് സി.പി.എമ്മിനും സര്‍ക്കാരിനും നല്ലത്.
കേരളത്തില്‍ ബി.ജെ.പിയെയും സംഘ്പരിവാറിനെയും വളര്‍ത്താനുള്ള ശ്രമത്തില്‍നിന്ന് സി.പി.എം ഇനിയും പിന്തിരിഞ്ഞിട്ടില്ല. ബി.ജെ.പി ആകാശംമുട്ടെ വളരുമെന്നും അതോടെ യു.ഡി.എഫ് അപ്രസക്തമാകുമെന്നും കരുതി മനപ്പായസമുണ്ണുന്ന സി.പി.എം നേതൃത്വം ഇനിയെങ്കിലും ഒന്ന് മനസിലാക്കണം. കോണ്‍ഗ്രസ് മാത്രമാണ് സമ്പൂര്‍ണ്ണ ആര്‍.എസ്.എസ് വിരുദ്ധരായി എന്നും നിലകൊണ്ടിട്ടുള്ളത്. 1925 ല്‍ ആര്‍.എസ്.എസിന്റെ ആരംഭകാലം മുതല്‍ ഇന്നുവരെ ആ സംഘടന അവരുടെ പ്രതിയോഗിയായി കണ്ട ഇന്ത്യയിലെ ഒരേ യൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. അത്‌കൊണ്ട് കോണ്‍ഗ്രസിനെയും അത് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നണിയായ യു.ഡി.എഫിനെയും സംഘ്പരിവാറിനെ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്താന്‍ സി. പി.എം ശ്രമിക്കുമ്പോള്‍ അവര്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ് ചെയ്യന്നത്. ശബരിമല മാത്രമല്ല വിശ്വാസികളുമായി ബന്ധപ്പെട്ട ഒരു വിഷയവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതല്ല. ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയുള്ളതല്ല. എല്ലാ മത വിശ്വാസി സമൂഹങ്ങളും, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. അങ്ങിനെ സംഭവിക്കുമ്പോഴേ വര്‍ഗീയതക്ക് സൂചി കുത്താന്‍ പോലും ഇടം ലഭിക്കാതിരിക്കുകയുള്ളു. കേരളത്തിലെ സി.പി.എം ഇനിയെങ്കിലും ഇത് തിരിച്ചറിയണം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.