Video Stories
കുത്തകകളുടെ ജലമൂറ്റല്‍ തടയണം
കേരളത്തിന്റെ നാടും നഗരവും അഭൂതപൂര്‍വമായ ജല ക്ഷാമത്തിലേക്ക് നിപതിക്കുമ്പോള്‍ പുര കത്തുമ്പോള്‍ കഴുക്കോല് ഊരാനൊരുമ്പെടുകയാണ് പതിവു പോലെ ചില ലാഭക്കൊതിയന്മാര്. വരാനിരിക്കുന്ന കൊടുംവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിധി പോലെ സൂക്ഷിച്ചുവെച്ചിരിക്കുന്ന ജലം പരമാവധി ഊറ്റിയെടുത്ത് കച്ചവടമാക്കാമെന്നാണ് ഇവരുടെ നോട്ടം. സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂടും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്ന നെല്ലറയായ പാലക്കാട് ജില്ലയിലാണ് കുത്തക കുപ്പിവെള്ള-പാനീയ-മദ്യക്കമ്പനികള്‍ കണ്ണും കാതുമില്ലാതെ ഭൂഗര്‍ഭജലം ഊറ്റിക്കൊണ്ടിരിക്കുന്നത്. കുടിവെള്ളക്ഷാമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോള്‍ ഒരു കുപ്പി വെള്ളത്തിനും പാനീയത്തിനുമൊക്കെ ഇരുപതും മുപ്പതും രൂപ വരെ ഈടാക്കി വെള്ളത്തെ പരമാവധി കച്ചവടത്തിന്റെയും ലാഭത്തിന്റെയും ഉപകരണമാക്കുകയാണ് ഇത്തരം കമ്പനികള്‍.
കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലകളെയും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള വ്യക്തവും കര്‍ക്കശവുമായ പുനര്‍നടപടികള്‍ കാര്യമായി നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മന്ത്രിമാര്‍ക്ക് ഓരോ ജില്ലകളുടെ ചുമതല നല്‍കിയെങ്കിലും വരള്‍ച്ചാ അവലോകനം മാത്രമാണ് ചില ജില്ലാ ആസ്ഥാനങ്ങളില്‍ നടന്നിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇനിയുള്ള ജലം അണക്കെട്ടുകളില്‍ തന്നെ കുടിവെള്ളത്തിനായി ശേഖരിച്ച് നിര്‍ത്തണമെന്നും 75 ശതമാനം ഭൂഗര്‍ഭ ജലം മാത്രമേ അനുവദിക്കാനാകുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടും ജലചൂഷണം പഴയതുപോലെ തുടരുക തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന പെപ്സികോ കമ്പനിയാണ് പ്രതിദിനം പത്തു ലക്ഷം ലിറ്ററിലധികം വെള്ളം, വരള്‍ച്ചകൊണ്ട് മരുഭൂമിക്ക് സമാനമായ ജില്ലയുടെ തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് ഊറ്റിക്കൊണ്ടുപോകുന്നത്. ഇവര്‍ക്ക് അനുവദിച്ചത് നാലു കുഴല്‍കിണറുകളും പ്രതിദിനം 2.4 ലക്ഷം ലിറ്റര്‍ ജലമെടുക്കലുമാണെന്നിരിക്കെയാണീ പകല്‍ കവര്‍ച്ച. ഇവിടെ നിര്‍മിക്കുന്ന പാനീയങ്ങള്‍ സംസ്ഥാനത്തും പുറത്തും വന്‍ വിലക്ക് വിറ്റഴിക്കുകയാണ് കമ്പനി ചെയ്യുന്നത്. കഞ്ചിക്കോട്ടെ തന്നെ യു.ബി ഡിസ്റ്റിലറീസ് എന്ന ബിയര്‍ കമ്പനി പ്രതിദിനം ഊറ്റുന്നത് അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളമാണ്. എം.പി ഡിസ്റ്റിലറീസ് 33000 ലിറ്ററും. പ്രദേശത്ത് അര ഡസനോളം ജലാധിഷ്ഠിത കമ്പനികളും ഇരുമ്പുരുക്ക്, ഡൈ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.
കഞ്ചിക്കോട് പെപ്സികോ പ്രവര്‍ത്തിക്കുന്ന പ്രദേശം പുതുശേരി പഞ്ചായത്തിലാണ്. ഇവിടെ ഭരിക്കുന്നത് സംസ്ഥാന ഭരണ കക്ഷിയാണെന്നതാണ് ഏറെ കൗതുകകരം. ഈ കുത്തകകമ്പനി ഇവിടെ പ്രവര്‍ത്തിക്കുന്നതു കാരണം പാവപ്പെട്ട ഗ്രാമീണ ജനതയുടെ കുടിവെള്ളം മുട്ടിക്കുന്നുണ്ടെന്നത് ഏറെക്കാലമായുള്ള പരാതിയാണ്. എന്നിട്ടും കോടതിയില്‍ വരെ എത്തിയകേസുകളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതെ കമ്പനിയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് പ്രാദേശിക ഭരണകൂടവും ഇപ്പോഴത്തെ ഇടതു സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കമ്പനി പ്രവര്‍ത്തിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക വ്യവസായ മേഖലയിലാണെന്നതാണ് കോടതികള്‍ ഇവര്‍ക്കനുകൂലമായ വിധി നല്കാന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ മുമ്പ് കമ്പനിക്ക് പ്രവര്‍ത്തനനാനുമതി നിഷേധിച്ചെങ്കിലും കോടതിയുടെ ബലത്തില്‍ കമ്പനി ജലമൂറ്റല്‍ നിര്‍ബാധം തുടര്‍ന്നുവരികയാണ്. പ്രദേശത്തെ മുന്നൂറോളം കുഴല്‍ കിണറുകള്‍ വറ്റിവരണ്ടുകഴിഞ്ഞു. 2009ല്‍ നിയമസഭാ സമിതി സ്ഥാപനം സന്ദര്‍ശിച്ച് പ്രതിദിനം 2.4 ലക്ഷം ലിറ്റര്‍ ലിറ്റര്‍ മാത്രം ജലമെടുക്കാനാണ് നിര്‍ദേശിച്ചതെങ്കിലും കമ്പനി കോടതിയെ സമീപിച്ച് അതിനെതിരെ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. ഭൂഗര്‍ഭ ജല വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് കടത്തിവിടാത്ത അവസ്ഥയും മുമ്പുണ്ടായിട്ടുണ്ട്. 53 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി പുതുശേരി പ്രദേശത്തെ അമ്പത് ശതമാനം ജലവും ഊറ്റുന്നതായാണ് കണക്ക്. പ്രതിവര്‍ഷം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അരക്കോടിയോളം രൂപയാണ് ചെലവു വരുന്നത്.
ഇടതു സര്‍ക്കാര്‍ അനുവദിച്ച പാലക്കാട്ടെ തന്നെ പെരുമാട്ടി കന്നിമാരിയിലെ അന്താരാഷ്ട്ര ഭീമന്റെ പ്ലാച്ചിമട കൊക്കകോള ഫാക്ടറി ഇതുപോലെ ജലമൂറ്റലും കടുത്ത കുടിവെള്ള ക്ഷാമവും ജനകീയപ്രക്ഷോഭവും കാരണം പന്ത്രണ്ടു വര്‍ഷം മുമ്പ് പൂട്ടുകയായിരുന്നുവെന്ന് ഓര്‍ക്കണം. അന്ന് അവിടെ സമരത്തിനിറങ്ങിയവരില്‍ പെരുമാട്ടി പഞ്ചായത്ത് ഭരിക്കുന്ന ജനതാദളും സി.പി.എമ്മും ആദിവാസികളും പിരസ്ഥിതി പ്രവര്‍ത്തകരുമൊക്കെയായിരുന്നു. പാലക്കാട്ട് ഇതിനകം തന്നെ പകുതിയോളം പ്രദേശത്ത് നെല്‍ കൃഷി ചെയ്യുന്നില്ല. 115 വര്ഷത്തിനകത്തെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2016ല്‍ ജില്ല അനുഭവിച്ചത്. അമ്പതുശതമാനത്തിലധികം മഴക്കുറവാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രേഖപ്പെടുത്തപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായ മലമ്പുഴയില്‍ നിന്ന് കുടിവെള്ളത്തിന് മാത്രമേ ഇനി വെള്ളം നല്‍കാനാവൂ എന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചുകഴിഞ്ഞു. സമരങ്ങള്‍ക്ക് പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നത് ജില്ലയില്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ 27 ദിവസമായി മലമ്പുഴയില്‍ നിന്ന് രണ്ടാം വിളക്കുള്ള വെള്ളം വിട്ടുനല്‍കിയിട്ടും പകുതിയോളം പ്രദേശത്ത് ഉണക്കം ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങളില്‍ ഭൂഗര്‍ഭ ജല മൂറ്റുന്നത് പരമാവധി നിരുല്സാഹപ്പെടുത്തുകയും കുത്തക വ്യവസായികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കഞ്ചിക്കോട്ട് തന്നെ പെപ്സിക്ക് പുറമെ ബിവറിജസ് കമ്പനികളും വന്‍ തോതില്‍ ജലമൂറ്റുന്നതായി സര്‍ക്കാരിന്റെ കണക്കുകളില്‍ തന്നെയുണ്ട്. സ്വകാര്യ കുത്തക കമ്പനികളാണിവയെല്ലാം. മദ്യത്തിന് വെള്ളമെടുത്താല്‍ അരി വേവിക്കാന്‍ വെള്ളം വേണ്ടേ എന്നാണ് പാലക്കാടന്‍ ജനത ചോദിക്കുന്നത്. പരമാവധി നിയന്ത്രണം പാലിച്ചാല്‍ ഇത്തരുണത്തില്‍ പാലക്കാട് ജില്ലക്ക് ഈ വര്‍ഷം മേയ് വരെ കുടിവെള്ളം നല്‍കാനുള്ള വെള്ളം അണക്കെട്ടുകളിലുണ്ട്.
കേരളത്തിലെ രണ്ടാമത്തെ വലിയ പുഴയായ നിള വറ്റി വരണ്ടുകഴിഞ്ഞു. ഇരുന്നൂറോളം പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന പുഴയാണ് മെലിഞ്ഞില്ലാതാകുന്നത്. ജില്ലയില്‍ ഇത്തവണ 28602 ഹെക്ടറിലാണ് കൃഷിയിറക്കിയിട്ടുള്ളത്. ഇതില്‍ പകുതിയും ഉണക്കുഭീഷണിയിലാണ്. പുട്ടില്‍ പരുവമാകുമ്പോള്‍ മലമ്പുഴയില്‍ നിന്നും മറ്റും തുറന്നുവിട്ട വെള്ളം ഫലത്തില്‍ തികയാതെ വരുന്നതുകൊണ്ട് കുടം കമഴ്ത്തി വെള്ളമൊഴിച്ചതിന് സമാനമായിരിക്കുകയാണ്. 12642 ഹെക്ടറില്‍ ഇത്തവണ കൃഷിയിറക്കിയിട്ടില്ല. വരള്‍ച്ചയെ നേരിടുന്ന കാര്യത്തിലും കുത്തകകളുടെ ജലമൂറ്റല്‍ തടയുന്നതിലും പതിവു ആലസ്യം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല. പ്രശ്നം ചുവപ്പു നാടയില്‍ കുരുക്കാതെ ഭരണാധികാരികള്‍ അടിയന്തിരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ