Connect with us

Video Stories

ആ കവിള്‍സ്പര്‍ശത്തിലെ നയതന്ത്രം

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പ്രിയപ്പെട്ട ഇ അഹമ്മദ് സാഹിബ് വിടവാങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ കലുഷിതാവസ്ഥയില്‍ ഇന്ത്യയിലെ മുസല്‍മാന്റെ സ്വസ്ഥ ജീവിതത്തിന്റെ നിറസ്വപ്‌നങ്ങളുമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് സ്ഥാപിതമാകുന്നത്. പതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രത്തില്‍ കഴിവുറ്റ, ഊര്‍ജ്ജസ്വലരായ നേതൃത്വത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് ഇന്ത്യയിലെ മുസ്്‌ലിംകള്‍ തങ്ങളുടെ നിലനില്‍പ്പിനെ സാധൂകരിച്ചെടുത്തത്. ആ നേതൃത്വത്തിലെ അനിഷേധ്യനായ ഒരു അമരക്കാരനേയാണ് നമുക്ക് അഹമ്മദ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.

അവരുടെ ഓര്‍മ്മകളില്‍ നിന്നും ശേഖരിച്ചെടുക്കാവുന്ന ഊര്‍ജ്ജം മാത്രമാണ് നമുക്കിനി കൈമുതലായുള്ളത്. അഹമ്മദ് സാഹിബിന്റെ മരണം മുസ്്‌ലിം സമൂഹത്തിനു മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം അത്രക്കു വലുതാണ്. പരന്നുകിടക്കുന്ന ഇന്ത്യാരാജ്യത്ത്, അപകടങ്ങളും ഭീഷണികളും പേമാരി പോലെ പെയ്തിറങ്ങുമ്പോഴും ഫാസിസത്തിന്റെ ഭീതിയില്‍ പനിച്ചു വിറക്കുമ്പോഴും അഹമ്മദ് സാഹിബ് ഉയര്‍ത്തിയ കനമേറിയ വാക്കുകളായിരുന്നു നമ്മെ ശരീരമാസകലം പൊതിഞ്ഞു സംരക്ഷിച്ചത്.

മുസ്്‌ലിം ലീഗ് മുന്നോട്ടുവെച്ച ചരിത്ര ദൗത്യങ്ങള്‍ ഒരു പരിധി വരെ പൂര്‍ണ്ണതയിലെത്തിച്ചേര്‍ന്നത് ഇ. അഹമ്മദിലൂടെയാണെന്നതിന് ചരിത്രം സാക്ഷിയാണ്. 2004 മെയ് 22 ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി അഹമ്മദ് സാഹിബ് ചുമതലയേറ്റെടുത്ത ദിനം ഇന്ത്യയിലെ മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും നിര്‍ണ്ണായകവുമായ ദിനമായിരുന്നു. ഖാഇദേമില്ലത്തിന്റെയും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും സീതിസാഹിബിന്റെയും സി.എച്ചിന്റെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ ചരിത്രം സാര്‍ത്ഥകമായി ഏറ്റെടുത്ത ദിനമായിരുന്നു അത്. ആരംഭ ഘട്ടം മുതല്‍ മുസ്്‌ലിം ലീഗിനെ വലയം ചെയ്തിരുന്ന വര്‍ഗീയ ആരോപണങ്ങള്‍ അഹമ്മദ് സാഹിബിന്റെ മികവേറിയ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭമായിത്തീര്‍ന്നു.

ഒരു മനുഷ്യായുസ്സിന്റെ പരിമിതികളെ അതിര്‍ലംഘിക്കുന്ന കര്‍മ്മ ചരിത്രമാണ് അഹമ്മദ് സാഹിബിനുള്ളത്. എം.എസ്.എഫില്‍ നിന്നു തുടങ്ങി ഐക്യരാഷ്ട്രസഭയോളം പടര്‍ന്നു പന്തലിച്ച ചരിത്രപുരുഷന്‍. ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു അഹമ്മദ് സാഹിബ് സമ്മാനിച്ചത്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍.

അധികാരത്തെ അഹമ്മദ് സാഹിബ് നിര്‍വചിച്ചത് അളവറ്റ സേവനങ്ങള്‍ കൊണ്ടായിരുന്നു. അധികാരി സേവകനാകണമെന്ന വലിയ പാഠം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു വായിച്ചെടുക്കാന്‍ സാധിക്കും. അധികാരം സര്‍വ്വരേയും ദുഷിപ്പിക്കുന്ന ഈ കാലത്ത്, അധികാരത്തെ അപരനെ മര്‍ദ്ദിക്കാനുള്ള ആയുധമായി സ്വീകരിക്കുന്ന ഈ കാലത്ത് വിശദീകരണങ്ങള്‍ക്കുമപ്പുറത്തേക്ക് അഹമ്മദ് സാഹിബ് വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മര്‍ദ്ദിതരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നവരുടെയും മുമ്പില്‍ പ്രതീക്ഷയായി തെളിഞ്ഞിരുന്നത് അഹമ്മദ് സാഹിബായിരുന്നു. ദേശാതിര്‍ത്തികള്‍ക്കപ്പുറം, ഭാഷുടെ പരിധികള്‍ കടന്ന് സാന്ത്വനസ്പര്‍ശവുമായി അദ്ദേഹം കടന്നു ചെന്നു. ഇറാഖിലും ഫലസ്തീനിലും നടത്തിയ ഇടപെടലുകള്‍ ഇന്നും അവിസ്മരണീയമായിത്തുടരുന്നു. ഇസ്രയേലിന്റെ ഭീകരതക്കു മുന്നില്‍ വെന്തുനീറിയ ഫലസ്തീന്‍ ജനതക്കുമുന്നില്‍ മാലാഖയെപ്പോലെയാണ് അഹമ്മദ് സാഹിബ് പ്രത്യക്ഷപ്പെടുന്നത്. ഒരു രാഷ്ട്രം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളുടെ രക്ഷക്കായി ഒരു ജനത മുഴുവന്‍ ഹൃദയം കൊണ്ട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുമുള്ള ജീവസുറ്റ സന്ദേശവുമായാണ് അദ്ദേഹം ഫലസ്തീനിലെത്തുന്നത്.

ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍, ഗുജറാത്തിലും, മുറാദാബാദിലും മുംബൈയിലും മീററ്റിലും ഭീവണ്ടിയിലും രക്തം ചിന്തിയ കൊടുംകലാപങ്ങള്‍ അരങ്ങേറുകയായിരുന്നു. ആയിരങ്ങള്‍ ജീവശ്വാസവും തേടി ചിതറിയോടുന്ന ഭയാനകമായ വേളയില്‍ സംരക്ഷണത്തിന്റെ കരസ്പര്‍ശവുമായി അഹമ്മദ് സാഹിബ് ഓടി നടന്നു. ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷം വിതക്കാന്‍, സമാധാനം പകരാന്‍ സാധിച്ചാല്‍ വലിയ പുണ്യമുണ്ടെന്ന് പ്രാവചകന്റെ വചനം പുലരുകയായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന മര്‍ദ്ദന മുറകള്‍ക്കെതിരെ, അധികാര പ്രയോഗങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായ സാന്നധ്യമായി അദ്ദേഹമുണ്ടായിരുന്നു.

അവസാന കാലത്ത്, വാര്‍ധക്യത്തിന്റെ വിവശതയില്‍ പോലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഉള്‍സാരങ്ങള്‍ കൊണ്ട് സമ്പന്നവും മാരകപ്രഹരശേഷി പേറുന്നവയുമായിരുന്നു. അധികാരത്തിന്റെ ഹിംസയുടെ ഭാവനകള്‍ക്കെതിരെ ഭരണഘടനയുടെ താളുകളില്‍ നിന്ന് അദ്ദേഹം ചോദ്യങ്ങളുടെ ശരങ്ങളുതിര്‍ത്തു. അവകാശം നിഷേധിക്കപ്പെടുന്ന മുഴുവന്‍ തന്നിലേക്കാവഹിച്ച് പാര്‍ലമെന്റിനെ പ്രകമ്പനം കൊള്ളിച്ചു. ഓര്‍മ്മയില്‍ തിളങ്ങുന്ന സ്മരണകളായി ഇവ എന്നുമുണ്ടാകുമെന്ന് തീര്‍ച്ച. മുസ്്‌ലിം രാഷ്ട്രീയത്തിന്റെ മാതൃകാപരമായ ഏടായി അഹമ്മദ് സാഹിബിന്റെ രാഷ്ട്രീയ സാന്നിധ്യം എന്നുമുണ്ടാവും.

വ്യക്തിപരമായി ഓര്‍മകളിലെ ഊഷ്മള സാന്നിദ്ധ്യമാണ് അഹ്്മദ് സാഹിബ്. ഓര്‍മ വെച്ച നാള്‍ മുതല്‍ അദ്ദേഹം കൂടെയുണ്ടായിരുന്നു. ബാപ്പയുടെ ഉറ്റ സുഹൃത്ത് പരേതനായ അഹ്്മദ് ഹാജിയുടെ സ്ഥിരമിരിപ്പിടമുണ്ടായിരുന്നു ഓഫീസ് റൂമില്‍. അഹ്്മദ് സാഹിബ് ആ മുറിയിലിരിക്കുന്ന ചിത്രമാണ് ആ കാലത്തെ കുറിച്ചുള്ള എന്റെ ഓര്‍മ. സൗമ്യവും ആകര്‍ഷകവുമായ സംസാരം. ബാപ്പയോടും അഹ്്മദ് ഹാജിയോടുമൊപ്പമുള്ള സൗഹൃദ നിമിഷങ്ങള്‍, പായയില്‍ കൂടെയിരുന്ന് ഭക്ഷണം കഴിച്ചത് തുടങ്ങിയ അമൂല്യ നിമിഷങ്ങള്‍ ഓര്‍മയിലേക്ക് ഓടിയെത്തുന്നു.

പിന്നീട് ജ്യേഷ്ഠന്‍ ശിഹാബ് തങ്ങളുടെ കാലത്ത് ഞങ്ങളോടൊപ്പം നിത്യ സാന്നിദ്ധ്യമായി അഹമദ് സാഹിബുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ സുഖത്തിലും സന്താപത്തിലും ഈണത്തിലും താരാട്ടിലും ആരവത്തിലും ഉള്ളാലെ വാത്സല്യത്തോടെ അദ്ദേഹം നിലകൊണ്ടു. കുടുംബത്തിലെ കൊച്ചു കുട്ടികള്‍ പോലും അദ്ദേഹത്തിന്റെ ആദരവ് കലര്‍ന്ന ലാളനകള്‍ അനുഭവിച്ചിട്ടുണ്ട്.
ഔദ്യോഗിക ചടങ്ങുകളുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം പുഞ്ചിരിയോടെ ഞങ്ങളെ കാണാനെത്തും. കവിള്‍ ചേര്‍ത്തുവെച്ച് സ്‌നേഹം നിറച്ച് വെച്ച് സംസാരിച്ച് തുടങ്ങും. അടുത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തും.

ബാപ്പയുടെയും ശിഹാബ് തങ്ങളുടെയും സുഖവിവരങ്ങള്‍ ആരായും. ജീവിതം മുഴുവന്‍ കരുത്തേകുന്ന, ആത്മസ്ഥൈര്യം പകരുന്ന അനുഭവങ്ങളാണവയെല്ലാം. ദൈനംദിന ജീവിതത്തിലെ നിസാര കാര്യങ്ങള്‍ മുതല്‍ രാഷ്ട്രീയവും പഠനവും കുടുംബവുമെല്ലാം ആ സംസാരത്തിനകത്ത് കടന്നുവരും. ഏറ്റവുമൊടുവില്‍ അഹ്്മദ് സാഹിബിനെ കാണുന്നത് മുനവ്വറലിയുടെ ഗൃഹപ്രവേശന ചടങ്ങിലാണ്. നെഞ്ചിലേക്ക് അണച്ചുപിടിച്ച് വസ്വിയ്യത്ത് പോലെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ദുബായിലെ അദ്ദേഹത്തിന്റെ മകള്‍ ഫൗസിയയുടെ വീട്ടില്‍ വെച്ച് അദ്ദേഹത്തെ കാണാനിടയായി.

പതിവില്ലാതെ ചില പ്രത്യേക കാര്യങ്ങള്‍ അന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുടുംബത്തോടുള്ള അടുപ്പത്തില്‍ തുടങ്ങി, പിന്നെ പറഞ്ഞു തുടങ്ങി: ”നിങ്ങളുടെ കുടുംബത്തോട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും ഒപ്പം തുടങ്ങിയതാണ് അഹ്്മദിന്റെ ബന്ധം. അവിടത്തെ കൊച്ചു കുട്ടികളെ പോലും ഞാന്‍ ആദരിക്കുന്നുണ്ട്. അത് എന്ത്‌കൊണ്ടെന്നറിയാമോ? പൂക്കോയ തങ്ങള്‍ മുതല്‍ക്ക് നിങ്ങളുടെ കുടുംബം പാര്‍ട്ടിക്ക് ഒരു പോറലുമേല്‍പ്പിച്ചിട്ടില്ല. ഏത് സന്നിഗ്ധ ഘട്ടത്തിലും നിങ്ങളെടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ താല്‍പര്യങ്ങള്‍ ഒരിക്കലും പാര്‍ട്ടിക്കു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ നിങ്ങള്‍ അനുസരിക്കുകയും നടപ്പാക്കുകയും ചെയ്തു. എന്റെ ഇത്രയും കാലത്തെ ജീവിതത്തില്‍ എനിക്കേറ്റവും സംതൃപ്തിയും അഭിമാനവുമുള്ള കാര്യമാണത്. ആ വഴയില്‍ തന്നെ മുന്നോട്ട് പോകണം. ഞാനിത് ആരുടെ മുന്നിലും തുറന്ന് പറയും. ഇന്നത്തെ കാലത്ത് പലരും പൊങ്ങിവരും. നിങ്ങളുടെ കുടുംബം അതിലൊന്നും വശംവദരായിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉറച്ചുനിന്നു. അതാണ് ഞങ്ങളുടെ സമാധാനം.” ഒരു വസ്വിയ്യത്ത് പോലെ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

അന്ന് ദുബായില്‍ ജുമുഅക്ക് കൂടിയതും അഹ്്മദ് സാഹിബിനെ കാണാനിടയായതും ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതും വിധിയുടെ, സ്‌നേഹത്തിന്റെ നൂലിഴയില്‍ കോര്‍ത്ത തപസ്സിന്റെ മധുര ശബ്ദമായി ഞാനിപ്പോഴും ഓര്‍ക്കുന്നു. മനസ്സില്‍ പതിഞ്ഞ ആ മന്ദസ്മിതവും ആ കവിള്‍ സ്പര്‍ശത്തിലെ മാസ്മരികതയും തണുപ്പും ഇനി കിട്ടില്ല എന്ന് ഞാനറിഞ്ഞു ഫാസിസം ആഴത്തില്‍ വേരുറപ്പിക്കുന്ന ചരിത്രസന്ദര്‍ഭത്തില്‍ ഈ വിയോഗം വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. വര്‍ഗീയതയുടെ ദുര്‍ഭൂതങ്ങളെ, ആര്‍ജവത്തോടെ തടഞ്ഞു നിര്‍ത്തി, താന്‍ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സമൂഹത്തെ ഒരു പോറലുമേല്‍ക്കാതെ പരിരക്ഷിച്ച മഹാമനുഷ്യനാണ് വിടവാങ്ങിയിരിക്കുന്നത്.

പതിറ്റാണ്ടുകളോളം ശോഭ കെടാതെ, മുനിഞ്ഞു കത്തിയ നിറദീപമാണ് അണഞ്ഞിരിക്കുന്നത്. നമുക്കു മുന്നില്‍ കനത്ത ഇരുട്ട് പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വലിയ ഗര്‍ത്തങ്ങളും കുഴികളും നമുക്കറിയാതെ വന്നേക്കും. അവയില്‍ വീഴാതെ, നമ്മുടെ കൈ പിടിച്ചു നടന്ന ഒരു മഹാന്റെ അസാന്നിധ്യം ഏറെ പേടിപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.