Connect with us

Video Stories

പാര്‍ലമെന്റ് കൈയടിച്ച മൗലവിയുടെ മലപ്പുറം

Published

on

മങ്കട കര്‍ക്കിടകത്തെ നമസ്‌കാരപള്ളി വിപുലീകരിക്കുന്നതിന് കര്‍ക്കിടകം മനയുടെ കൈവശത്തിലുള്ള കുറച്ചു സ്ഥലം വിലക്കു തരുമോ എന്നു ചോദിക്കാന്‍ മനയില്‍ ചെന്നു അസീസ് മൗലവിയുടെ നിര്‍ദേശപ്രകാരം നാട്ടുകാര്‍. ‘ആ സ്ഥലം വിലക്കു തരുന്ന പ്രശ്‌നമില്ല’ എന്നായിരുന്നു വലിയ തിരുമേനിയുടെ മുഖമടച്ച മറുപടി. ‘അസീസ് മൗലവി അയച്ച ആളുകളാവ്വാ; നമസ്‌കാരപള്ളീടെ ആവശ്യത്തിനാവ്വാ. എന്നിട്ട് വിലക്ക് തര്വേ? അത് മന വക സംഭാവനയായിട്ടങ്ങ് തരും.’ എന്ന് തിരുമേനി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ കൂടിയവരുടെ മനസ്സിലുണ്ടായ അതൃപ്പം എഴുതിയാലും പറഞ്ഞാലും തീരില്ല. മലപ്പുറം ജില്ലയുടെ ഓരോ ഗ്രാമവും അവിടത്തെ മനുഷ്യരും മതഭേദം തീണ്ടാതെ എങ്ങനെ ചിന്തിക്കുന്നു; പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി എന്ന ഗോപുര വ്യക്തിത്വത്തിന്റെ ജീവിതയാത്ര.
ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തൊട്ട് അസ്തിവാരം വരെ അടിച്ചു തകര്‍ക്കുന്നതിന്റെ ഘോരഗര്‍ജ്ജനങ്ങളില്‍ ലോകം നടുങ്ങി നില്‍ക്കെ; ഇന്ത്യയെങ്ങും വര്‍ഗീയാഗ്നി പടരുമ്പോള്‍ അസീസ് മൗലവി മുന്‍കൈയെടുത്ത ഒരു ദൗത്യം മനുഷ്യമഹത്വത്തിന്റെയും മതമൈത്രിയുടെയും മഹാമാതൃകയായി പാര്‍ലിമെന്റില്‍ പോലും ചര്‍ച്ചക്കെത്തി. മങ്കടയിലെ ഒരു സംഘം ഹൈന്ദവ സഹോദരന്മാര്‍ അനേക നൂറ്റാണ്ടുകള്‍ക്കപ്പുറം തകര്‍ന്നുപോയ ശിവക്ഷേത്രത്തിന്റെ സാന്നിധ്യം പരിസരത്തെ തെങ്ങിന്‍ തോപ്പുകളിലെവിടെയോ മങ്ങിക്കിടപ്പുണ്ടെന്ന് പ്രശ്‌നംവെപ്പിലും ഗവേഷണത്തിലുമായി അനുമാനിച്ചു. ആധാരങ്ങളും രേഖകളുമൊന്നും നിര്‍ണയം ചെയ്യാത്ത, കാലങ്ങളിലൂടെ കൈമാറിപ്പോന്ന ആ സ്ഥലം, അസീസ് മൗലവിയുടെ സഹോദരിയും പരേതനായ തയ്യില്‍ അബ്ദുറഹിമാന്‍കുട്ടി ഹാജിയുടെ ഭാര്യയുമായ മറിയം ഹജ്ജുമ്മയുടെ കൈവശഭൂമിയിലെവിടെയോ ആവാമെന്നായിരുന്നു നിഗമനം. മടിച്ചുമടിച്ചാണ് ക്ഷേത്രബന്ധുക്കള്‍ ഇക്കാര്യം മൗലവിയെ ധരിപ്പിച്ചത്. നിയമപരമായ സാധുതകള്‍ക്കോ വ്യവഹാരങ്ങള്‍ക്കോ വിശദമായ ഒരു ചര്‍ച്ചക്കു പോലുമോ നില്‍ക്കാതെ അസീസ് മൗലവി തന്റെ സഹോദരിയെയും മക്കളെയും വിളിച്ചുചേര്‍ത്ത് ക്ഷേത്രത്തിന് സ്ഥലം കൊടുക്കാന്‍ ഉപദേശിച്ചു. ഭൂമി ക്ഷേത്ര കമ്മിറ്റിക്ക് തല്‍ക്ഷണം കൈമാറി. മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ ആ മലപ്പുറം മാതൃകകേട്ട് കൈയടിച്ചു ഇന്ത്യന്‍ പാര്‍ലമെന്റ്. അസീസ് മൗലവി മഹല്ല് സാരഥ്യം വഹിച്ചിരുന്ന മങ്കട ജുമാമസ്ജിദിന്റെ വിളിപ്പാടകലെ മറിയം ഹജ്ജുമ്മയുടെ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്നു പുതിയ മാണിക്യേടത്ത് ശിവപാര്‍വതി ക്ഷേത്രം. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം’ എന്ന ഖുര്‍ആനിക തത്വത്തില്‍ ചുവടുറച്ച് നീങ്ങിയ മൗലവി മാനവികതയുടെ ആ പരസ്പര ഈടുവെപ്പിനും ചരിത്രത്തെ ഒപ്പം കൂട്ടും.
1921ലെ മലബാര്‍ കലാപത്തിന്റെ മറവില്‍ സമര പോരാളികളെന്ന വ്യാജേന കൊള്ളക്കു മുതിര്‍ന്ന അക്രമിസംഘത്തില്‍ നിന്നും മങ്കട കോവിലകത്തെയും അന്ത:പുരവാസികളെയും രക്ഷിക്കാന്‍ മാസങ്ങളോളം ഉറക്കമൊഴിച്ച് ഊഴമിട്ടു കാവലിരുന്നു മങ്കടയിലെ മാപ്പിളമാര്‍. കോവിലകത്തിന്റെ പരിസരത്ത് എത്തിനോക്കാന്‍ പോലും അക്രമികള്‍ക്ക് അന്ന് ധൈര്യം വന്നില്ല. സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കടുത്ത ശിക്ഷ നല്‍കിയിരുന്നതും ഇത്തരം കൊള്ളക്കാര്‍ക്കായിരുന്നു. അക്രമികളില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കണ്ണിമയ്ക്കാതെ കാത്തിരുന്ന മാപ്പിളമാരോടുള്ള കടപ്പാടും സ്‌നേഹവും കോവിലകം തലമുറകളിലൂടെ തിരിച്ചു നല്‍കി. 1922ല്‍ മങ്കടയില്‍ ജുമാമസ്ജിദ് നിര്‍മിക്കുന്നതിനുള്ള സ്ഥലവും മരവും പണവും സംഭാവന ചെയ്ത കോവിലകത്തിന്റെ സ്‌നേഹം മങ്കടക്കാരെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു മൗലവി.
പ്രൊഫസറില്‍ തുടങ്ങി മൗലവിയില്‍ അവസാനിക്കുന്ന പേരിന്റെ അസാധാരണത്വം പോലെ തന്നെ ആര്‍ക്കും അളക്കാനാവാത്ത അപരിമേയമായ അറിവിന്റെയും അനുഭവങ്ങളുടെയും പ്രതിഭയുടെയും ആഴവും പരപ്പുമുള്ളതായിരുന്നു മങ്കട അബ്ദുല്‍ അസീസ് സാഹിബ് എന്ന വ്യക്തിപ്രഭാവം. മൗലവിയുമായി സംസാരിക്കാനിടവന്ന ആരിലും അമ്പരപ്പുളവാക്കുന്ന സര്‍വ വിജ്ഞാനശേഖരം. അറിവിന്റെ തീരത്തുകൂടെ നടന്നുനടന്നു പുതിയ വഴികള്‍ കണ്ടെത്തിയ ജീനിയസ്. അതീവ ജ്വലനശേഷിയുള്ള ചിന്തയുടെ ഉടമ. വിശ്രുത അറബ് സാഹിത്യകാരനും പണ്ഡിതനും നൂറ്റി ഇരുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മദീന യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും മൂന്നു പതിറ്റാണ്ടോളം റാബിത്വയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ശൈഖ് മുഹമ്മദ് ഉബൂദി, തന്റെ ‘ഫീ ജനൂബില്‍ ഹിന്ദ്’ എന്ന കൃതിയില്‍ പലയിടത്തായി മങ്കട അബ്ദുല്‍ അസീസ് മൗലവിയെ പരാമര്‍ശിക്കുന്നുണ്ട്: ”മദ്രാസില്‍ ഞങ്ങളുടെ ഗൈഡ് സഹോദരന്‍ പ്രൊഫ. അബ്ദുല്‍അസീസ് കമാല്‍ തയ്യില്‍ ആയിരുന്നു. ഒരു കോളജ് പ്രൊഫസറായ അദ്ദേഹം സാഹിത്യ അറബി ഒഴുക്കോടെ ഭംഗിയായി സംസാരിക്കാന്‍ കഴിയുന്ന ഇന്ത്യക്കാരനാണ്. ജാഹിലിയ്യ- അബ്ബാസിയ്യ കാലങ്ങളിലെ നിരവധി കവിതാ സാഹിത്യഭാഗങ്ങള്‍ അദ്ദേഹത്തിനു മന:പാഠമാണ്. അറബികള്‍ക്കിടയില്‍ത്തന്നെ അല്‍പം പേര്‍ക്കേ ഈ കഴിവുള്ളൂ” (പേജ് 63).
‘ഫത്ഹുല്‍ മുബീന്‍പോലെ പ്രശസ്തമായ കേരളീയ മധ്യകാലീന അറബി വീരഗാഥ വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച പ്രൊഫ. അസീസ് സാഹിബില്‍ ഒരു കവിയുടെ കാവ്യബോധവും സൗന്ദര്യാസ്വാദനവും ഒരേവിധം കുടികൊള്ളുന്നു’വെന്ന് പ്രസിദ്ധ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് എഴുതിയത് ഇതിന്റെ അനുബന്ധമാണ്. ചരിത്രത്തിന്റെ സ്രോതസ്സുകളായ ബഹുഭാഷകളില്‍ പ്രാവീണ്യമുള്ള മങ്കട അബ്ദുല്‍ അസീസ് അധ്യാപനത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മുഴുകിപ്പോയതിനാല്‍ അനേക ചരിത്ര, വിജ്ഞാന കൃതികള്‍ മലയാളത്തിന് ലഭിക്കാതെപോയെന്ന് ചരിത്ര പണ്ഡിതന്‍ ഡോ. എം. ഗംഗാധരന്‍ പ്രസംഗമധ്യേ അഭിപ്രായപ്പെട്ടതും ആ പ്രതിഭാസാക്ഷ്യം തന്നെ.
മലപ്പുറം ജില്ലയിലെ പഴയ വള്ളുവനാടന്‍ കര്‍ഷക ഗ്രാമമായ മങ്കടയില്‍ മതപണ്ഡിതനായ തയ്യില്‍ കമ്മാലി മുസ്‌ല്യാരുടെ മകനായി 1931 ജൂലൈ 15ന് ജനിച്ച അബ്ദുല്‍അസീസ് എന്ന സാധാരണ ബാലന്‍ 2007 ഓഗസ്റ്റ് 12ന് വിടവാങ്ങുമ്പോഴേക്ക് ലോകമറിയുന്ന പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയിലേക്ക് വളര്‍ന്നത് കുറുക്കുവഴികളിലൂടെയല്ല; കലര്‍പ്പറ്റ ആത്മാര്‍ത്ഥതയും കിടയറ്റ ബുദ്ധിശക്തിയും കര്‍മനിരതമായ ജീവിതവും കൊണ്ടുമാത്രം. മാരക രോഗത്തിന്റെ പിടിയിലാണ് താനെന്നുറപ്പുള്ളപ്പോഴും ഉള്ളുലയാതെ നിന്ന് സഹയാത്രികര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് മൗലവി യാത്ര തുടര്‍ന്നു. മരണം മാത്രമാണ് പോരാളിക്ക് വിശ്രമമെന്ന് തെളിയിച്ച ജീവിതം. ഗൗരവവും നര്‍മവും ആത്മീയതയും ഭൗതികതയും നാട്ടറിവും ഗവേഷണജ്ഞാനവും പണ്ഡിതനായും പടയാളിയായും ഒരു സമ്മിശ്ര ജീവിതം. അതിനുള്ളില്‍ ഒരു മാത്ര പോലും വ്യതിചലിക്കാത്ത ആദര്‍ശ സ്ഥൈര്യം. തനിക്ക് ശരിയെന്ന് തോന്നിയത് ആര്‍ക്കുമുന്നിലും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജവം. തന്റെ വിശ്വാസത്തിനും രാജ്യത്തിനും പാര്‍ട്ടിക്കും വേണ്ടി ഏതറ്റംവരെയും പൊരുതാനുള്ള ഒരുക്കം. അനുമോദിക്കുന്നതിനിടെ തന്നെ അനിവാര്യമായ ശാസനയും പ്രതീക്ഷിക്കാം. ഉപദേശത്തിനും ശാസനക്കും പ്രയോഗിക്കുന്ന വാക്കുകളിലും കാണും തത്വജ്ഞാനത്തിന്റെ വെളിച്ചം.
ഒരു സമ്മേളന ദിവസം രാവിലെ മൗലവി പാര്‍ട്ടി പ്രവര്‍ത്തകനോട് ചോദിച്ചു. ‘എന്താ കുട്ടീ ഇന്നലെ രാത്രി തോരണങ്ങള്‍ കെട്ടാതിരുന്നത്’?. അത് സര്‍; രാത്രി മഞ്ഞുപെയ്ത് കടലാസ് മാലകള്‍ കേട് വന്നാലോ എന്ന് കരുതി ഇന്ന് പകല്‍ കെട്ടാമെന്ന് വെച്ചു’. ഉടന്‍ മൗലവിയുടെ മറുപടി: ‘എടോ, ഒഴിവ് കഴിവു പറയല്‍ ആത്മാര്‍ത്ഥതയില്ലായ്മയില്‍ നിന്നുണ്ടാകുന്നതാണ്. അത് മനസ്സിലാക്കണം’. അതിലടങ്ങിയിട്ടുണ്ട് എല്ലാം.
വിദ്യാഭ്യാസ വിചക്ഷണനും നവോത്ഥാന നായകനും ചിന്തകനും വാഗ്മിയും രാഷ്ട്രീയ നേതാവും മതപണ്ഡിതനും ചരിത്രകാരനും സൈദ്ധാന്തികനും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനും ഭാഷാ സാഹിത്യപണ്ഡിതനും അധ്യാപകനും എല്ലാമെല്ലാമായി വിശേഷപ്പെട്ട ജീവിതം. ഒരേ സമയം മൂന്നു വ്യത്യസ്ത സംഘടനകളില്‍ രാഷ്ട്രീയം (മുസ്‌ലിംലീഗ്), മതം (മുജാഹിദ്) വിദ്യാഭ്യാസം (എം.ഇ.എസ്) എന്നിങ്ങനെ സജീവ നേതൃത്വം. അതിനൊപ്പം അനാഥശാലാ അറബിക് കോളജ്, ട്രെയിനിങ് കോളജ്, പള്ളി, മഹല്ല് തുടങ്ങിയ സേവനരംഗം വേറെയും.
ജില്ലയിലെ ഏറ്റവും വലിയ കലാലയങ്ങളിലൊന്നായ മമ്പാട് എം.ഇ.എസ് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും വിരമിച്ചയുടന്‍, ചന്ദ്രികയുടെ മുഖ്യപത്രാധിപര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികളില്‍ നിയുക്തനായി. കാലിക്കറ്റ് സര്‍വകലാശാല ഇസ്‌ലാമിക് ഹിസ്റ്ററി ചെയറിന്റെ പ്രഥമ മേധാവി, കാലിക്കറ്റ് യൂനിവാഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് മെമ്പര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ഇ.എസ് കോളജസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍, സ്റ്റേറ്റ് കരിക്കുലം കമ്മിറ്റി, അസോസിയേഷന്‍ ഓഫ് മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂഷന്‍സ ് എന്നിവയിലംഗം. മങ്കട യതീംഖാന-വിദ്യാഭ്യാസ സമുച്ചയത്തിന്റെ സ്ഥാപകന്‍, മങ്കട മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങള്‍. മുസ്‌ലിംലീഗ് സംസ്ഥാന സമിതിഅംഗം, നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് തുടങ്ങിയ സംഘടനാ പദവികള്‍. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി, ദാറുല്‍ ഇഫ്ത തുടങ്ങിയ അന്താരാഷ്ട്ര ഇസ്‌ലാമിക് വേദികളുടെ അതിഥിയും നിരന്തര സമ്പര്‍ക്കമുള്ള പണ്ഡിതനും.
ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകഥ, കേരള മുസ്‌ലിം ചരിത്രം- കാണാത്ത കണ്ണികള്‍, സാമൂതിരിക്ക് സമര്‍പ്പിച്ച അറബി മഹാകാവ്യം, മുസ്‌ലിം ചിന്താപ്രസ്ഥാനങ്ങള്‍, ഗാന്ധിജിയുടെ മതമൗലികവാദം ഒരു വിലയിരുത്തല്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, എന്റെ സുഊദി കാഴ്ചകള്‍ (തീര്‍ത്ഥാടന ഭൂമിയിലൂടെ) തുടങ്ങിയ കൃതികളും. യുവതയുടെ ‘ഇസ്‌ലാം’ പരമ്പരയില്‍ താന്‍ എഡിറ്ററായ ‘ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥവും സമാഹരിക്കപ്പെടാത്ത ആയിരക്കണക്കിനു ലേഖനങ്ങളും മൗലവിയുടെ രചനാസിദ്ധിയുടെ മുദ്രകളാണ്. ചിന്തയും നര്‍മവും സാഹിത്യവും ചരിത്രവ്യാഖ്യാനങ്ങളും കോര്‍ത്തൊരുക്കിയ സവിശേഷ എഴുത്ത് രീതി. എഴുത്തുപോലെ തന്നെ, ഒറ്റക്കുതിപ്പില്‍ ഒരായിരം അറിവുകളില്‍ തൊടുന്ന പ്രഭാഷണ ചാരുത. ബഹുഭാഷാ കൃതികള്‍ തേടിയുള്ള വിപുലമായ വായനയും നിതാന്ത ജാഗ്രതയോടെയുള്ള പഠന ഗവേഷണവും എഴുത്തിലും പ്രസംഗത്തിലും ഒരു പോലെയുള്ള വൈദഗ്ധ്യവും സമന്വയിച്ച മൗലവിക്ക് വിജ്ഞാന മേഖലയില്‍ എത്തിപ്പിടിക്കാനാവാത്ത ഒരു ശിഖരവുമില്ലായിരുന്നു. വിഖ്യാതമായ മൂന്ന് അന്താരാഷ്ട്ര അറബിക് സെമിനാറുകളുടെയും ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് സെമിനാറിന്റെയും അരങ്ങാവാന്‍ മലയാളക്കരക്ക് സാധിച്ചതും മൗലവിയുടെ സംഘാടന വൈഭവം.
മങ്കട എലിമെന്ററി സ്‌കൂളില്‍ നിന്ന് ഇ.എസ്.എസ്.എല്‍.സി കഴിഞ്ഞ് തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ ചേര്‍ന്നത് ജീവിതഗതി നിര്‍ണയിച്ചു. കെ.എം മൗലവി എന്ന ഗുരുനാഥനും അദ്ദേഹത്തെ കാണാനെത്തുന്ന സീതിസാഹിബും പോക്കര്‍ സാഹിബും ഉപ്പി സാഹിബും ആ ജീവിതത്തെ സ്വാധീനിച്ചു. റൗളത്തുല്‍ ഉലൂമില്‍ അബുസ്സബാഹ് മൗലവിയുടെ ശിഷ്യത്വം. എസ്.എസ്.എല്‍.സിയും അഫ്ദലുല്‍ ഉലമയും ബി.എയും അലീഗഡില്‍ പോയി അറബിക് ആന്റ് ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ എം.എയും പ്രൈവറ്റായി പഠിച്ചു ഒന്നാം ക്ലാസോടെ പരീക്ഷ പാസായി. അനേകം പേര്‍ പി.എച്ച്.ഡി നേടുന്നതിന് മൗലവിയെ സ്രോതസ്സാക്കി. പക്ഷേ, എന്തുകൊണ്ട് പി.എച്ച്.ഡി എടുത്തില്ല എന്ന ചോദ്യത്തിന് മൗലവി പറഞ്ഞു: അത് നമ്മുടെ പഠനത്തെ ആ ഒന്നില്‍ മാത്രമായി ചുരുക്കികെട്ടുമെന്ന്. തിരൂരങ്ങാടിയില്‍ നിന്ന് പഠനത്തിനൊപ്പം മുസ്‌ലിംലീഗും തലയില്‍ കയറിയെന്നാണ് മൗലവിയുടെ ഭാഷ്യം. മങ്കട ടൗണില്‍ ആദ്യമായി ഹരിതപതാക കുത്തിയ ആള്‍ എന്ന അഭിമാനം പങ്കുവെക്കും.
തിരൂരങ്ങാടി പഠനകാലത്ത്, 1946ലെ പരപ്പനങ്ങാടി സമ്മേളനത്തില്‍ വെച്ച് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി പഞ്ചാബുകാരനായ ഖാസി ഈസയുടെ പ്രസംഗ പരിഭാഷയും തുടര്‍ന്നു വെടിക്കെട്ടുപോലുള്ള പ്രസംഗവും നടത്തിയ സി.എച്ച് മുഹമ്മദ് കോയ എന്ന പതിനെട്ടുകാരനെ ഉള്ളിലാവാഹിച്ച മൗലവി അന്ത്യംവരെ ആ സി.എച്ച് ഭ്രമം സിരകളില്‍ കൊണ്ടുനടന്നു. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും പിന്നീട് ശിഹാബ് തങ്ങളും തന്റെ കരള്‍ത്തുടിപ്പുകളാണെന്ന് മൗലവി പറയുമ്പോള്‍ ഒരു കൗമാരക്കാരന്റെ ആവേശത്തള്ളിച്ചയുണ്ടാകും.
ലോകത്തുള്ള ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും മൗലവിക്ക് ഉത്തരമുണ്ടെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരിക്കല്‍ പറഞ്ഞു. അത് ഖുര്‍ആനും ഹദീസുമായാലും മതവും രാഷ്ട്രീയവും ചരിത്രവും ശാസ്ത്രവുമായാലും മാധ്യമ മേഖലയും സാഹിത്യരംഗവും ഗോളശാസ്ത്രവും ഏതായാലും മൗലവിക്ക് ഉത്തരമുണ്ട്. ‘സമുദായത്തിനുള്ളിലെ ഐക്യവും സമുദായങ്ങള്‍ തമ്മിലെ ഐക്യവും നശിച്ചാല്‍ നാം തകരും’ എന്ന മുന്നറിയിപ്പിലാണ് മൗലവിയുടെ സംഭാഷണങ്ങളെല്ലാം എത്തിച്ചേരുക.
പാവപ്പെട്ട മുസല്‍മാന്‍ നിന്ദിതനും പീഢിതനുമായി അ

പമാനിക്കപ്പെട്ടിരുന്ന കാലത്ത് ആരുടെ മുന്നിലും തലയുയര്‍ത്തി നില്‍ക്കാനുതകുന്ന പ്രസംഗംകൊണ്ട് ആ സാധു മനുഷ്യരില്‍ ആത്മവീര്യം പകര്‍ന്നത് മുസ്‌ലിംലീഗിന്റെ സീതിസാഹിബും സി.എച്ചുമാണെന്ന് മൗലവി പറയുമ്പോള്‍, ആ വീറുറ്റ പാരമ്പര്യം ഖല്‍ബിലുറപ്പിച്ച പതാക പാറുന്നതു കാണുമായിരുന്നു മുഖത്ത്. അതുതന്നെയായിരുന്നു മൗലവിയുടെ ജീവിതദൗത്യവും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.