Connect with us

Video Stories

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പുതുയുഗത്തിലെ വെല്ലുവിളികള്‍

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

‘ഇസ്‌ലാം പേടി’ എന്ന പുതിയൊരായുധം പുറത്തെടുത്ത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആക്രമിക്കുന്ന പ്രവണത ലോകമെങ്ങും വ്യാപിക്കുകയാണ്. ആശയപരമായി ഇസ്‌ലാമിനെ നേരിടാന്‍ വ്യാജാരോപണങ്ങളുന്നയിച്ചും തെറ്റിദ്ധാരണകള്‍ പരത്തിയും നടത്തിയ പരിശ്രമങ്ങളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് ‘ഇസ്‌ലാം അപകടകാരിയായ മതം’ എന്ന ധാരണ സൃഷ്ടിച്ചു ഭയപ്പെടുത്തല്‍ തന്ത്രം മെനഞ്ഞത്. ആധുനിക മനുഷ്യന്റെ ആത്മീയ ദാഹം ശമിപ്പിക്കാന്‍ ഇസ്‌ലാമിന് മാത്രമേ കഴിയൂ എന്ന് വിശ്വസിക്കുന്ന വിദ്യാസമ്പന്നരും ബുദ്ധിജീവികളും സത്യനിഷ്ഠയുള്ളവരുമായ സ്ത്രീ-പുരുഷന്മാര്‍ മുന്നോട്ട് വരുന്നുവെന്നതാണ് അത്ഭുതകരം. മതം മാറിയ യുവതികള്‍ മുസ്‌ലിം യുവാക്കളെ വിവാഹം കഴിക്കുമ്പോള്‍ അതിനെ ഐ.എസ് എന്ന തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിച്ചു ഭയപ്പെടുത്തി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്ന കാഴ്ച മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്നു എന്നത് എത്ര വിചിത്രമായിരിക്കുന്നു. പക്ഷേ ഇസ്‌ലാമിക തത്വങ്ങളുടെ മാധുര്യം തൊട്ടറിഞ്ഞാല്‍ പിന്നെ ഇത്തരം പീഡനങ്ങളും പ്രലോഭനങ്ങളും ഒന്നും ഒരു ഫലവും ചെയ്യുകയില്ലെന്നത് വേറെ കാര്യം.
ഭീതി സൃഷ്ടിച്ച് ഇസ്‌ലാമിനെ നേരിടാനുള്ള ശ്രമം മുഹമ്മദ് നബിയുടെ കാലത്തും നടന്നിട്ടുണ്ട്. പല പ്രദേശങ്ങളില്‍ നിന്നുമായി മക്കയിലേക്ക് ഹജ്ജിന് വരുന്നവരെ മുഹമ്മദ് വശീകരിക്കും മുമ്പ് അവനെ അവര്‍ക്ക് പരിചയപ്പെടുത്തേണ്ടതെങ്ങനെ എന്നതിനെപ്പറ്റി അറബ് നേതാവായ വലീദുബ്‌നു മുഗീറയോട് ശത്രുക്കള്‍ അഭിപ്രായമാരാഞ്ഞു. അവര്‍ കവി, ഭ്രാന്തന്‍, ജാലവിദ്യക്കാരന്‍, ജോത്സ്യന്‍ എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചെങ്കിലും വലീദ് അവയെല്ലാം നിരസിച്ചു. അവസാനം മക്കളെയും പിതാവിനെയും തമ്മില്‍, ഭാര്യയെയും ഭര്‍ത്താവിനെയും തമ്മില്‍, കുടുംബാംഗങ്ങളെ തമ്മില്‍, സഹോദരന്മാരെ തമ്മില്‍ പിണക്കുന്ന മാരണക്കാരന്‍ എന്ന നിഗമനത്തിലെത്തി. പക്ഷേ, ഖുര്‍ആന്റെ മാസ്മരിക ശക്തിക്ക് മുമ്പില്‍ ഈ വേലകളൊന്നും വിലപ്പോയില്ല.
രണ്ടായിരാമാണ്ട് പിറന്നപ്പോള്‍ ദാന്തെയും വോള്‍ട്ടയറും ടോള്‍സ്റ്റോയിയും സല്‍മാന്‍ റുഷ്ദിയും മറ്റു പാശ്ചാത്യരായ ഇസ്‌ലാം വിമര്‍ശകരും നബിയെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്താന്‍ എഴുതിയതൊക്കെ നിഷ്പ്രഭമാക്കും വിധമുള്ള അംഗീകാരം ലോകം ഇസ്‌ലാമിന് നല്‍കുന്നതാണ് കണ്ടത്. പുതിയൊരു മുസ്‌ലിം ഉണര്‍വ് ലോകത്ത് ഉയര്‍ന്നുവന്നുവെങ്കിലും അത് താമസിയാതെ വഴിവിട്ട് തീവ്രവാദ ചിന്തയിലേക്ക് തിരിഞ്ഞു. തിരിച്ചുവിടുന്നതില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിജയിച്ചു എന്ന് പറയുന്നതാകും ശരി. 2001-ല്‍ ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം ഇസ്‌ലാം ലോകം ഭയപ്പെടേണ്ട ഒരു വിപത്താണെന്ന ധാരണക്ക് വളമേകി. 2005-ല്‍ ഡെന്‍മാര്‍ക്കില്‍ നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ ഒരു മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെതിരില്‍ മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. പല അനിഷ്ട സംഭവങ്ങള്‍ക്കും അത് കാരണമായി. പാശ്ചാത്യര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിംകളെ സംസ്‌കാര ശൂന്യരായി ചിത്രീകരിക്കുകയും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. അതേ അവസരം യേശുവിനെയും മര്‍യമിനെയും ബന്ധപ്പെടുത്തി യൂറോപ്പില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ അത് ക്രിസ്ത്രീയ സമൂഹത്തെ രോഷാകുലരാക്കി. ഫിലിം പ്രദര്‍ശിപ്പിച്ച സിനിമാ തിയേറ്റര്‍ അഗ്നിക്കിരയാക്കപ്പെട്ടു. പ്രദര്‍ശനം നിറുത്തിവെപ്പിച്ചു. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്‌നം ഉന്നയിക്കപ്പെട്ടില്ല. ഒരു പ്രവാചകനെയും മതാചാര്യനെയും- മുസ്‌ലിംകളുടെയോ, ക്രിസ്ത്യാനികളുടെയോ, യഹൂദരുടെയോ, ഹിന്ദുക്കളുടെയോ എന്നല്ല ഏത് മതക്കാരുടെയാകട്ടെ- അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ഒരു മതക്കാരുടെയും ദേവാലയത്തിന്റെ പവിത്രതക്ക് ഭംഗമേല്‍പ്പിക്കാന്‍ പാടില്ല.
രണ്ടായിരാമാണ്ടിന്റെ പിറവിക്ക് ശേഷം മുസ്‌ലിം സമൂഹത്തില്‍പെട്ടവര്‍ മത തത്വങ്ങള്‍ക്ക് വിരുദ്ധമായ പല അക്രമ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട് എന്ന സത്യം നിഷേധിക്കാവതല്ല. മുസ്‌ലിം സമൂഹത്തിന് നേരെ അഴിച്ചുവിടുന്ന അക്രമങ്ങളോടുള്ള പ്രതികാര ബുദ്ധിയാണ് അവക്ക് പ്രേരകമെങ്കിലും പ്രതിരോധത്തിന് ഇസ്‌ലാം നിശ്ചയിച്ച മാര്‍ഗരേഖക്ക് വിരുദ്ധമാണ് ഇത്തരം പ്രവൃത്തികള്‍. ലോകത്തിന്റെ പല ഭാഗത്തും മുസ്‌ലിംകളുടെ നേരെ അഴിച്ചുവിടുന്ന അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയോ, ന്യായീകരിക്കുകയോ ചെയ്യുകയും മുസ്‌ലിംകളുടെ പ്രവര്‍ത്തനങ്ങളെ മാത്രം ആക്ഷേപിക്കുകയും ചെയ്യുന്ന വിവേചനാപൂര്‍ണമായ നിലപാടാണ് ഇന്ന് കാണപ്പെടുന്നത്. മ്യാന്മറിലെ സൂചി ഗവണ്‍മെന്റ് റോഹിന്‍ഗ്യകള്‍ എന്ന് വിളിക്കപ്പെടുന്ന അവിടത്തെ മുസ്‌ലിം ജനതയുടെ നേരെ എത്ര ക്രൂരമായ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. എത്രയോ പേര്‍ വധിക്കപ്പെട്ടു. ലക്ഷക്കണക്കിന് മുസ്‌ലിംകളെ നാട്ടില്‍ നിന്ന് അടിച്ചോടിച്ചു. വന്‍ ശക്തികള്‍ മൗനം പാലിക്കുന്നു. ഒരു ചെറിയ വിഭാഗത്തിന്റെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമായി ചിത്രീകരിച്ചു പുകമറ സൃഷ്ടിക്കാനാണ് നോബേല്‍ സമ്മാനജേത്രിയായ സൂചി ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ നടത്തുന്ന അന്യാചാരങ്ങളെ അപലപിക്കുന്നവര്‍ മ്യാന്മറിന്റെ കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം ദീക്ഷിക്കുന്നു. ഭീകര-തീവ്രവാദ പ്രവര്‍ത്തനം എന്ന് ഉരുവിട്ടാല്‍ ഇന്ന് ലക്ഷ്യം വെക്കുന്നത് മുസ്‌ലിംകളെ മാത്രം. ഫലസ്തീന്‍ യഹൂദര്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം.
ദേശസ്‌നേഹം മുസ്‌ലിം സംസ്‌കാരത്തിന്റെ ഭാഗമാണ്. ഖലീഫ ഉമര്‍ പറഞ്ഞു: ‘ദേശസ്‌നേഹം കൊണ്ട് നാടുകളെ അല്ലാഹു ജനക്ഷേമമുള്ളവയാക്കട്ടെ’. ജന്മനാടായ മക്കയെപ്പറ്റി നബി പറഞ്ഞു: ‘ഹോ, മക്കാ നീ എത്ര നല്ല നാട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാട്. എന്നെ എന്റെ ജനത പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊരു നാട്ടില്‍ താമസിക്കുമായിരുന്നില്ല’. പിന്നെ മദീനയില്‍ താമസമാക്കിയപ്പോള്‍ അതായി അദ്ദേഹത്തിന്റെ സ്വദേശം. മക്കയെയും മദീനയെയും രണ്ടിനെയും അദ്ദേഹം സ്‌നേഹിച്ചു. രാജ്യത്തെ പൗരന്മാരെ മുഴുവന്‍ ഒന്നായി കാണുന്ന സമീപനമാണ് ഇസ്‌ലാമിന്റേത്. ‘മുസ്‌ലിംകള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ട്’. മുസ്‌ലിംകളുടെ കടമകള്‍ അവര്‍ക്കും കടമകളാണ്. ഈ നയമാണ് ഒന്നാമത്തെ ഇസ്‌ലാമിക രാഷ്ട്രമായ മദീന മുതല്‍ സ്വീകരിച്ചുവന്നതും. നബി (സ) അമുസ്‌ലിംകള്‍ക്ക് നല്‍കിയിരുന്ന അവകാശപത്രികയില്‍ അവരുടെ മതത്തിനും ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് ഉറപ്പ് കൊടുത്തിരുന്നു. മുസ്‌ലിം ഭരണാധികാരികളെല്ലാം ഈ തത്വം പാലിക്കുന്നവരായിരുന്നു. സിന്ധില്‍ ഭരണം നടത്തിയിരുന്ന മുഹമ്മദുബ്‌നുല്‍ ഖാസിം ഹിന്ദുക്കളെ ‘അഹ്‌ലുല്‍കിതാബ്’ ആയി ഗണിച്ചിരുന്നു. മുഗള്‍ ഭരണകാലത്തെ ഫത്‌വാകളുടെ സമാഹാരമായ ‘ഫതാവാ ആലംഗീരിയ’യില്‍ ഹിന്ദുക്കളുമായി ബന്ധപ്പെട്ട എല്ലാ ഫത്‌വാകളിലും അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തുല്യതയും അംഗീകരിക്കുംവിധമുള്ള വിധികള്‍ കാണാന്‍ കഴിയും. എന്നാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പു നല്‍കുന്ന മഹത്തായ ഒരു ഭരണഘടനയുള്ള മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുമോ എന്ന ഒരാശങ്ക ഉയര്‍ന്നുവന്നിരിക്കുന്നു. ബീഫിന്റെയും പശുവിന്റെയും പേരില്‍ അവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഭരണാധികാരികളുടെ മൗനാനുവാദങ്ങളും ഈ ആശങ്ക ശരിവെക്കുന്നു.
പ്രശ്‌നങ്ങളോടുള്ള മുസ്‌ലിംകളുടെ സമീപനം ഒരിക്കലും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നേരെ ഭയവും വെറുപ്പും ജനിപ്പിക്കുംവിധമായിക്കൂടാ- മനുഷ്യ സ്‌നേഹവും സമാധാനവും സൗഹൃദവും ഐക്യവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. പീഡനങ്ങളെയും അവകാശ നിഷേധങ്ങളെയും പ്രതിരോധിക്കാനുള്ള അവകാശം മൗലികമാണ്. എന്നാല്‍ അതിന്റെ പ്രയോഗം സമാധാന മാര്‍ഗത്തിലൂടെയായിരിക്കണം. ആധുനിക മനുഷ്യന്‍ നേരിടുന്ന കടുത്ത മാനസിക ദാഹം ശമിപ്പിക്കാന്‍ ജനം ഇസ്‌ലാമിലേക്കാണ് ഉറ്റുനോക്കുന്നത്. ഇസ്‌ലാമിനു മുമ്പില്‍ മുസ്‌ലിംകള്‍ ഒരിക്കലും ഒരു തടസ്സമായിക്കൂടാ. മുസ്‌ലിംകളില്‍ ലോകം ഒരു നല്ല മാതൃക ദര്‍ശിക്കുന്ന സന്തോഷാവസ്ഥ സംജാതമാകട്ടെ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.