Connect with us

Video Stories

കുറ്റാരോപിതര്‍ സ്വതന്ത്രരും അന്വേഷകന്‍ കുറ്റവാളികളുമാകുന്നു

Published

on

 

കഴിഞ്ഞ മൂന്നു വര്‍ഷമായി, സൊഹ്‌റാബുദ്ദീന്‍ കൗസര്‍ബി-തുളസീറാം പ്രജാപതി കൊലപാതകക്കേസുകളിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായ സി.ബി.ഐ വിവിധ അന്വേഷണങ്ങള്‍ നടത്തുകയാണ്. എന്നാല്‍ തങ്ങളുടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാഗാലാന്റ് കേഡറിലെ 2001 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സന്ദീപ് ടാംഗദ്‌ജെ എന്ന ഉദ്യോഗസ്ഥനെയാണ് സി.ബി.ഐ കുരുക്കാന്‍ ശ്രമിക്കുന്നത്. പട്ടിക ജാതിക്കാരനായ ടാംഗദ്‌ജെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളയാളാണ്. ഒക്ടോബര്‍ 2011 മുതല്‍ ഒക്ടോബര്‍ 2015 വരെ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. ടാംഗദ്‌ജെയെ അഴിമതിക്കേസില്‍ കുരുക്കുന്നതിന് വ്യാജ മൊഴി നല്‍കാന്‍ സി.ബി.ഐ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് രണ്ട് സാക്ഷികള്‍ നാഗ്പൂര്‍ കോടതിയിലും മഹാരാഷ്ട്ര പൊലീസിലും മൊഴി നല്‍കിയിരുന്നു.
2011 -15 കാലഘട്ടത്തില്‍ ടാംഗദ്‌ജെ സി.ബി.ഐയില്‍ പല ചുമതലകളും നിര്‍വഹിച്ചിരുന്നു. അതിലേറ്റവും പ്രധാനമായത് സി.ബി.ഐയുടെ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച്, മുംബൈ എസ്.പി ആയിട്ടായിരുന്നു. നവംബര്‍ 2011നും ഏപ്രില്‍ 2014നും ഇടക്ക് സൊഹ്‌റാബുദ്ദീന്റെയും ഭാര്യ കൗസര്‍ബിയുടെയും ഏറ്റുമുട്ടല്‍കൊലയിലെ നിര്‍ണായക ദൃക്‌സാക്ഷിയായ തുളസീറാം പ്രജാപതിയുടെയും കൊലപാതകങ്ങള്‍ അടക്കമുള്ള രണ്ട് കേസുകള്‍ അന്വേഷിച്ചു. കൗസര്‍ ബിയെ ബലാത്സംഗം ചെയ്തു കൊന്നശേഷം മൃതദേഹം നശിപ്പിച്ചു എന്നായിരുന്നു സി.ബി.ഐ കേസ്.
ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകക്കേസ് ടാംഗദ്‌ജെയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുകയും മുതിര്‍ന്ന ഗുജറാത്ത് പൊലീസ് മേധാവികള്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര സഹമന്ത്രി അമിത് ഷാക്കും ഏറെ വേണ്ടപ്പെട്ടവരായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നു കരുതുന്നു. മോദിയിപ്പോള്‍ പ്രധാനമന്ത്രിയാണ്, ഷാ ബി.ജെ.പി അധ്യക്ഷനും രാജ്യത്ത് മോദി കഴിഞ്ഞാല്‍ ഏറ്റവും അധികാരമുള്ളയാളും.
കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് ടാംഗദ്‌ജെ രണ്ടുതവണ അമിത്ഷായെ ചോദ്യം ചെയ്തിരുന്നു. 2012 ജനുവരിയില്‍ പ്രജാപതി കൊലപാതക കേസിലും 2013 ഒക്ടോബറില്‍ ഇസ്രത് ജഹാന്‍ കൊലപാതക കേസിലും. പ്രജാപതി കേസില്‍ കുറ്റപത്രം തയ്യാറാക്കിയതും ഷായെ മുഖ്യപ്രതിയും പ്രജാപതിയെ ‘ഇല്ലാതാക്കാന്‍’ പദ്ധതിയിട്ടതിലെ മുഖ്യ ആസൂത്രകനുമായി കാണിച്ചതും ടാംഗദ്‌ജെ ആയിരുന്നു. സൊഹ്‌റാബുദ്ദീന്‍-കൗസര്‍ബി കൊലപാതകക്കേസില്‍ അനുബന്ധ കുറ്റപത്രം തയ്യാറാക്കി, രണ്ടു കൊലപാതകങ്ങളിലും ഷായുടെ പങ്ക് എന്താണെന്ന് കൂടുതല്‍ വിശദമാക്കുകയും ചെയ്തു അദ്ദേഹം. ഇസ്രത് ജഹാന്‍ കൊലപാതകക്കേസില്‍ വിചാരണ ചെയ്യാന്‍ വേണ്ട തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് ഷായെ പ്രതിയാക്കിയില്ല, എന്നാല്‍ അയാള്‍ക്ക് വേണ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍, തട്ടിക്കൊണ്ടുപോകല്‍, കൊലപാതക കേസുകളില്‍ പ്രതികളായി. ഷായടക്കമുള്ള പ്രധാന പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതുകൂടാതെ, ടാംഗദ്‌ജെ സുപ്രീം കോടതി മുമ്പാകെ അന്വേഷണത്തിന്റെ നിരവധി തല്‍സ്ഥിതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഒരു ന്യായാധിപനും ടാംഗദ്‌ജെയുടെ ജോലിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല.
എന്നിട്ടും സി.ബി.ഐ 2014 ഏപ്രിലില്‍ ഗുജറാത്ത് കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ടാംഗദ്‌ജെയെ മാറ്റി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ്. അപ്പോഴേക്കും ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നു. നിര്‍ണായകമായ സി.ബി.ഐ അന്വേഷണങ്ങളില്‍ തിരിമറി കാട്ടിയതിന് ഇപ്പോള്‍ അന്വേഷണം നേരിടുന്ന രഞ്ജിത് സിന്‍ഹയായിരുന്നു അന്ന് സി.ബി.ഐ ഡയറക്ടര്‍. ടാംഗദ്‌ജെയെ മാറ്റി ആറ് മാസങ്ങള്‍ക്ക് ശേഷം, 2014 ഡിസംബര്‍ 30ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എം.ബി ഗോശാവി, അമിത് ഷായെ കുറ്റവിമുക്തനാക്കി. ജൂലൈ 2015ല്‍ ടാംഗദ്‌ജെയുടെ സുരക്ഷ പിന്‍വലിച്ചു. ഒക്ടോബര്‍ 2015ന് അദ്ദേഹത്തെ വീണ്ടും നാഗാലാന്‍ഡ് സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു.
അതിനെത്തുടര്‍ന്ന് നാഗ്പൂര്‍ സി.ബി.ഐയുടെ എ.സി.ബി വിഭാഗം എസ്.പിയായിരിക്കുമ്പോള്‍ ടാംഗദ്‌ജെക്കെതിരെ സി.ബി.ഐ നടത്തിയ രണ്ട് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. രണ്ടു കേസുകളും ഗുജറാത്ത് ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ടവയല്ലായിരുന്നു. അത്തരം ഒരന്വേഷണത്തില്‍ സി.ബി.ഐ ടാംഗദ്‌ജെയെ വ്യാജ തെളിവുകള്‍ വെച്ചു കുരുക്കാന്‍ ശ്രമിക്കുന്നു എന്നതിന് ബലം നല്‍കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വര്‍ക്കേഴ്‌സ് എഡ്യുക്കേഷന്‍ നാഗ്പൂര്‍ കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥന്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയപ്പോള്‍ സി.ബി.ഐ പിടികൂടിയ സംഭവമാണ് ഒരു കേസ്. സി.ബി.ഐയുടെ എ.സി.ബി വിഭാഗമാണ് 2013 സെപ്തംബര്‍ ആദ്യവാരം കേസ് രേഖപ്പെടുത്തിയത്. ആ സമയത്ത് ടാംഗദ്‌ജെ എ.സി.ബി എസ്പിയുടെ അധിക ചുമതലകൂടി വഹിക്കുന്നുണ്ടായിരുന്നു. ഈ കേസിന്റെ അന്വേഷണ മേല്‍നോട്ടം ടാംഗദ്‌ജെക്കായിരുന്നു. അന്വേഷണത്തിനൊടുവില്‍ അതിലുള്‍പ്പെട്ട എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുതല്‍ നിയമ ഉദ്യോഗസ്ഥന്‍ വരെ പ്രതിയെ വിചാരണ ചെയ്യാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ സി.ബി.ഐ വിചിത്ര രീതിയില്‍ നിലപാട് മാറ്റി. ഏജന്‍സി നാഗ്പൂര്‍ കോടതിയില്‍ കേസ് അവസാനിപ്പിക്കാനുള്ള വിടുതല്‍ റിപ്പോര്‍ട്ട് നല്‍കി. വേണ്ടത്ര തെളിവുകളില്ല എന്നായിരുന്നു കാരണം പറഞ്ഞത്. ഒരു കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെ കുരുക്കാനായി സി.ബി.ഐയിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നവകാശപ്പെട്ട സി.ബി.ഐ ഒരു പ്രാഥമിക അന്വേഷണവും രേഖപ്പെടുത്തി. ആരാണ് ഈ പരാതി പറഞ്ഞതെന്ന് ഇതില്‍ പറഞ്ഞില്ല. പ്രാഥമിക അന്വേഷണം രേഖപ്പെടുത്തിയതിന് ശേഷം ഏജന്‍സി ടാംഗദ്‌ജെക്കെതിരെ അന്വേഷണം തുടങ്ങി.
ശരിക്കുള്ള കേസില്‍ ശാന്താറാം പാട്ടീല്‍, സഞ്ജയ സിന്‍ഹ എന്ന രണ്ടു പരാതിക്കാരാണ് ഉണ്ടായിരുന്നത്. ഇവരുടെ പരാതിയിലാണ് സി.ബി.ഐ ഈ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ തൊണ്ടിയോടെ പിടികൂടിയത്. 2015 ഒക്ടോബറില്‍ കള്ള മൊഴി നല്‍കാന്‍ സി.ബി.ഐയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്നു കാണിച്ച് സിന്‍ഹ നാഗ്പൂരിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അപമാനിച്ചുവെന്നും തുടര്‍ച്ചയായി നിര്‍ബന്ധിച്ച് ചില വെള്ളക്കടലാസുകളില്‍ ഒപ്പ് വെപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഐ.പി.സി വകുപ്പുകള്‍ 323, 504, 506 പ്രകാരം എഫ്.ഐ.ആര്‍ രേഖപ്പെടുത്തി.
പക്ഷേ അതിനുശേഷവും സെന്‍ട്രല്‍ ബോര്‍ ഡ് ഓഫ് വര്‍ക്കേഴ്‌സ് എഡ്യുക്കേഷന്‍ ഉദ്യോഗസ്ഥനെ കുരുക്കാന്‍ ടാംഗദ്‌ജെ ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു. 2016 മാര്‍ച്ച് 21ന് ടാംഗദ്‌ജെക്കെതിരെ കളവായ പ്രസ്താവന നല്‍കാന്‍ സി.ബി.ഐ തന്നെ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് രണ്ടാം പരാതികാരനായ ശാന്താറാം പാട്ടീല്‍ നാഗ്പൂര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വെള്ളക്കടലാസില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടിവിച്ചു എന്നും പാട്ടീല്‍ പറഞ്ഞു. ഈ രണ്ടു എഫ്.ഐ.ആറും സത്യവാങ്മൂലവും തന്റെ പക്കലുണ്ട്. എന്നാല്‍ ഇതൊന്നും സി.ബി.ഐയെ കേസുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും തടഞ്ഞില്ല. 2017 ജനുവരി 23ന് സി.ബി.ഐ, പ്രാഥമിക അന്വേഷണം ഒരു ക്രമപ്രകാരമുള്ള കേസാക്കി മാറ്റി. ഇതുപോലൊരു കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലെ പിഴവിനാണ് ടാംഗദ്‌ജെക്കെതിരെ രണ്ടാമത്തെ കേസ്. സി.ബി.ഐ പരിശോധനയില്‍ പിടിച്ചെടുത്ത ചില തൊണ്ടിമുതലുകള്‍ കാണാതെ പോയി എന്നാണ് ആരോപണം.
ടാംഗദ്‌ജെ കുറ്റം ചെയ്തു എന്നു തെളിയിക്കാന്‍ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ടാംഗദ്‌ജെയില്‍ നിന്നും വലിയ പിഴ ഈടാക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണ് സി.ബി.ഐ. ഇത് പിരിച്ചുവിടല്‍ വരെയാകാം. ഈ ശിപാര്‍ശയിപ്പോള്‍ നാഗാലാന്‍ഡ് സര്‍ക്കാരിന് മുന്നിലാണ്. ടാംഗദ്‌ജെയുടെ വാര്‍ഷിക രഹസ്യ സ്വഭാവ റിപ്പോര്‍ട്ടിലും മോശം വിലയിരുത്തലുകളാണ് സി.ബി.ഐ നല്‍കിയത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലക്കുള്ള ജോലിക്കയറ്റത്തെ അത് ബാധിക്കും. ഈ റിപ്പോര്‍ട്ടും മറ്റ് രേഖകളും തന്റെ പക്കലുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടാംഗദ്‌ജെ ഗുജറാത്ത് കൊലപാതക അന്വേഷണം നടത്തിയത്. മൂന്നു കൊല്ലം അദ്ദേഹം അന്വേഷണ ഉദദ്യോഗസ്ഥനായിരുന്നു. കേസിന്റെ വിശദാംശങ്ങളും തെളിവുകള്‍ കിട്ടാനും മറ്റും സഹായകരമാകും എന്നതിനാല്‍ വിചാരണയെ സഹായിക്കാന്‍ ഇതേ അന്വേഷണ ഉദ്യോഗസ്ഥനെ വെക്കുന്നത് പതിവാണ്. എന്നാല്‍ മെയ് 2014നു ശേഷം ഇതിന്റെ വിചാരണയില്‍ ടാംഗദ്‌ജെയുടെ സഹായം തേടിയിട്ടില്ല. അമിത്ഷാ അടക്കം 15 പ്രതികളെ കോടതി ഇതുവരെ കുറ്റവിമുക്തരാക്കി. 28 സാക്ഷികളോളം കൂറുമാറി. ഒന്നിലേറെ കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകലിലും പ്രതികളായിരുന്നവര്‍ വിചാരണയൊഴിവായി ആശ്വസിക്കുമ്പോള്‍, ആ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണ നേരിടുകയാണ്.
(കടപ്പാട്: വേലംശൃല.ശി)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.