Connect with us

Video Stories

ബനാത്ത്്‌വാല: പൗരാവകാശത്തിന്റെ പോരാളി

Published

on

 

പാണക്കാട് സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍

ഇന്ത്യ കണ്ട പ്രഗല്‍ഭ രാഷ്ട്രീയനേതാവും മികച്ച പാര്‍ലമെന്റേറിയനും ഭരണഘടനാപണ്ഡിതനും നിയമവിശാരദനുമായിരുന്ന മുസ്്‌ലിംലീഗ് നേതാവ് ഗുലാം മഹ്്മൂദ് ബനാത്‌വാല സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. മുസ്്‌ലിംലീഗില്‍ സജീവമായ കാലം മുതല്‍ അന്ത്യം സംഭവിക്കുന്നതു വരെയും കര്‍മപഥത്തിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ പിറന്നു രാജ്യത്തിനും അരികുവല്‍കരിക്കപ്പെട്ട ജനതതിക്കും വേണ്ടി കേരളത്തെ കര്‍മഭൂമിയാക്കിയ മഹാമനീഷിയായിരുന്നു ബനാത്‌വാല സാഹിബ്. ഇന്ത്യയിലെ മര്‍ദിതജനകോടികളുടെയും ന്യൂനപക്ഷ അധ:സ്ഥിതവിഭാഗങ്ങളുടെയും രക്ഷാകവചമായിരുന്നു അദ്ദേഹം.
1959ല്‍ മഹാനായ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് പരിശുദ്ധഹജ്ജ് കര്‍മം നിര്‍വഹിച്ച് തിരിച്ചുവരുമ്പോള്‍ മുംബൈ നഗരത്തില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണയോഗമാണ് സ്വാതന്ത്യാനന്തരം മഹാരാഷ്ട്രയിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ പ്രചോദനമായത്. സി.എച്ചിന്റെ സന്ദേശമുള്‍ക്കൊണ്ട് ബോംബെ സംസ്ഥാന മുസ്്‌ലിംലീഗ് കമ്മിറ്റി രൂപീകരണത്തില്‍ പങ്കാളിത്തം വഹിച്ച ബനാത്‌വാല അതിന്റെ സംസ്ഥാനസെക്രട്ടറിയായി. അന്നുമുതല്‍ കേരളത്തിലടക്കം തന്റെ കര്‍മവൈഭവം കൊണ്ട് ജനലക്ഷങ്ങളുടെ ആശാദീപമായി മാറി. ധീരമായിരുന്നു ആ നേതൃത്വപാടവം. സ്വതന്ത്രഇന്ത്യയിലെ പതിനഞ്ചുശതമാനത്തോളം വരുന്ന മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണകാര്യങ്ങളില്‍ മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടന വെല്ലുവിളി നേരിട്ട ഘട്ടങ്ങളിലൊക്കെ പാര്‍ലമെന്റേറിയന്മാരിലെ നിയമജ്ഞനായി വേറിട്ട വ്യക്തിത്വമായി നിലകൊണ്ടു അദ്ദേഹം. ബോംബെയുടെ വിവിധ ഭാഗങ്ങളിലും യു.പിയിലും ബീഹാറിലുമെല്ലാം ഉണ്ടായ വര്‍ഗീയ കലാപങ്ങളില്‍ അനേകമാളുകള്‍ മരിച്ചുവീണപ്പോള്‍ അവിടെയൊക്കെ ആശ്വാസത്തിന്റെ തെളിനീരുമായി അദ്ദേഹം ഓടിയെത്തി. അശരണര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനുപോലും മുന്നോട്ടുവന്നു. മികച്ച വാഗ്മി എന്നതുപോലെ അയത്‌നലളിതമായി സംസാരിക്കുന്നതിലുമുള്ള വൈശിഷ്ട്യമാണ് ബനാത്‌വാലയെ കേരളത്തിന്റെ ഇഷ്ടതോഴനാക്കിയത്. പൊന്നാനിയില്‍ 1977ലെ ആദ്യതിരഞ്ഞെടുപ്പുമുതല്‍ (91ലൊഴികെ) 1999 വരെ ബനാത്‌വാലസാഹിബ് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തി. അപ്പോഴൊക്കെയും പാര്‍ലമെന്റില്‍ തന്റെ ധിഷണ നിറഞ്ഞ സിംഹഗര്‍ജനം കൊണ്ട് പതിതജനകോടികളുടെ ദുഃഖങ്ങളവതരിപ്പിച്ച് അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും പ്രശ്‌നപരിഹാരത്തിന് കളമൊരുക്കാനും കഴിഞ്ഞു. വേദനിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിനുള്ള പാടവം തന്നെയായിരുന്നു തുടര്‍വിജയങ്ങളുടെ അടിസ്ഥാനമായത്. കാര്യമാത്രപ്രസക്തമായിരുന്നു അദ്ദേഹത്തിന്റെ വാചകങ്ങളെല്ലാം. അതുകേള്‍ക്കാന്‍ സാധാരണക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെ കാതോര്‍ത്തിരുന്നു. 1985ല്‍ മുസ്്‌ലിം വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദം രാജ്യത്ത് ഉയര്‍ന്നുവന്നപ്പോള്‍ ഭരണഘടനാപാണ്ഡിത്യത്തോടെയും മുസ്്‌ലിം വ്യക്തിനിയമങ്ങള്‍ വിശദീകരിച്ചും രാജ്യത്തിന് അദ്ദേഹം പുതിയ ദിശാബോധം നല്‍കി. അദ്ദേഹത്തിന്റെ സ്വകാര്യബില്ലാണ് പിന്നീട് 86ലെ മുസ്്‌ലിം സ്ത്രീകള്‍ക്കുള്ള ജീവനാംശം സംബന്ധിച്ച ചരിത്രപരമായ നിയമമായി മാറിയത്. മുംബൈയില്‍ നിര്‍ബന്ധിതവന്ധ്യംകരണ നിയമം സംബന്ധിച്ച പ്രശ്‌നം ഉയര്‍ന്നപ്പോഴും അലിഗഡ് മുസ്്‌ലിംസര്‍വകലാശാലയുടെ കാര്യത്തിലും ഏകസിവില്‍കോഡിന്റെ കാര്യത്തിലുമെന്നുവേണ്ട പാര്‍ലമെന്റിലെ ശ്രദ്ധേയ വിഷയങ്ങളിലെല്ലാം തികഞ്ഞ രാഷ്ട്രീയക്കാരനെന്നതിനോടൊപ്പം തന്നെ നിയമ-ഭരണഘടനാപരിജ്ഞാനിയെന്ന അദ്ദേഹത്തിന്റെ പ്രത്യേകതയും തന്നെയായിരുന്നു ന്യൂനപക്ഷങ്ങള്‍ക്കും നാടിനും നേട്ടമായത്.
ബാബരി മസ്്ജിദ് ധ്വംസനകാലത്തും ബംഗാളില്‍ നന്ദിഗ്രാമിലും സിംഗൂരിലും ഇടതുപക്ഷസര്‍ക്കാര്‍ ന്യൂനപക്ഷവേട്ട നടത്തിയപ്പോഴുമൊക്കെ വേട്ടയാടപ്പെട്ട ജനതയില്‍ ആശ്വാസകിരണമായി അദ്ദേഹം മാറി. തികഞ്ഞ പോരാട്ടവീര്യം, അചഞ്ചലമായ ധീരത, ആദര്‍ശ സ്ഥൈര്യം ഇതൊക്കെയായിരുന്നു ബനാത് വാല സാഹിബ്.
കറകളഞ്ഞ മനുഷ്യസ്‌നേഹിയെന്നതായിരുന്നു ബനാത്‌വാലയുടെ സവിശേഷത. ജനങ്ങളുടെ പ്രശ്‌നം മനസ്സിലാക്കാനും പരിഹാരം കണ്ടെത്തുന്നതിനും ഭാഷ തടസ്സമല്ലെന്ന് അദ്ദേഹം സ്വജീവിതത്തിലൂടെ തെളിയിച്ചു. ഇന്ത്യ കണ്ട പത്ത് മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു ബനാത് വാലയെന്ന് അക്കാലത്ത് ദേശീയമാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. രാജ്യത്തെ സ്പര്‍ശിക്കുന്ന വിവാദ ബില്ലുകള്‍ നിയമമായി വരുന്ന ഘട്ടങ്ങളിലെല്ലാം ബനാത് വാല സാഹിബ് എന്തുപറയുന്നുവെന്നായിരുന്നു മാധ്യമങ്ങളും ഇതരരാഷ്ട്രീയക്കാരും കാതോര്‍ത്തത്. അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചപ്പോള്‍ വിക്ടോറിയന്‍ കാലഘട്ടത്തിന്റെ അവസാന പ്രതിനിധിയുടെ അന്ത്യം എന്നാണ് പ്രമുഖ ദേശീയമാധ്യമമായ ഇന്ത്യ ടുഡേ വിശേഷിപ്പിച്ചത് എന്നതുമാത്രം മതി ബനാത് വാല സാഹിബിന്റെ വ്യക്തി മാഹാത്മ്യം ബോധ്യപ്പെടാന്‍. ആരാധനാലയങ്ങളുടെ ഉടമസ്ഥ തര്‍ക്കം സംബന്ധിച്ച് നിയമവിവാദം ഉയര്‍ന്നുവന്നപ്പോഴും ബനാത് വാലയുടെ അഭിപ്രായമായിരുന്നു രാജ്യം പാര്‍ലമെന്റിലൂടെ അംഗീകരിച്ചത്. 1950 ജനുവരി 26 കാലാവധിയായി ( കട്ട് ഓഫ് ഡേറ്റ് ) നിശ്ചയിക്കണമെന്ന നിര്‍ദ്ദേശത്തെ സ്വകാര്യബില്ലിലൂടെ അദ്ദേഹം തിരുത്തിച്ചു. അതാണ് പിന്നീട് 1947 ആഗസ്റ്റ് 15 ആയി നിശ്ചയിക്കപ്പെട്ടത്. മഥുര കാശി തുടങ്ങിയ പള്ളികളുടെ കാര്യത്തില്‍ ഇത് അവസാനവാക്കായി.
1967-77 ദശകത്തിലാണ് അദ്ദേഹം മഹാരാഷ്ട്ര അസംബ്ലിയില്‍ അംഗമായിരുന്നത്. ബോംബെയിലെ അശരണര്‍ക്കുവേണ്ടി മതവും ജാതിയും പ്രദേശവും നോക്കാതെയാണ് അദ്ദേഹം അഹോരാത്രം പോരാടിയിരുന്നത്.സ്വാഭാവികമായും മുസ്്‌ലിംലീഗ് ആ രാഷ്ട്രീയക്കാരന്റെ ഇഷ്ടതട്ടകമാവുകയും ചെയ്തു. ബോംബെയില്‍ തെക്കേ ഇന്ത്യക്കാര്‍ക്കെതിരെ മണ്ണിന്റെമക്കള്‍ വാദം കൊടുമ്പിരിക്കൊണ്ട കാലത്ത് അതിനെതിരെ മലയാളികള്‍ക്കും മറ്റും വേണ്ടി അദ്ദേഹം നിര്‍ഭയം രംഗത്തിറങ്ങി. പ്രവാചകനെ അവഹേളിക്കുന്ന സല്‍മാന്‍ റുഷ്ദിയുടെ ‘ സാത്താന്റെ വചനങ്ങള്‍ ‘ എന്ന വിവാദ നോവലിനെതിരെ അദ്ദേഹം പാര്‍ലമെന്റിലും പുറത്തും പോരാടി. നോവല്‍ നിരോധിക്കുന്നതിലേക്ക് ഇത് സര്‍ക്കാരിനെ കൊണ്ടെത്തിച്ചു. രാജ്യത്ത് പലഭാഗത്തും ഉണ്ടാകുമെന്ന് ഭയപ്പെട്ട വലിയ കോലാഹലങ്ങള്‍ ഇതോടെ കെട്ടടങ്ങി. ബാബരിമസ്്ജിദിനെതിരെ സംഘപരിവാരം ഉയര്‍ത്തിവിട്ട ഭീഷണി നാടിനും ജനങ്ങള്‍ക്കുമെതിരെയുയര്‍ന്ന വലിയ വെല്ലുവിളിയായി കണ്ട അദ്ദേഹം ഒരു രാഷ്ട്രീയനേതാവ് ഇത്തരം ഘട്ടങ്ങളില്‍ പാലിക്കേണ്ട പക്വമായ സമീപനത്തിനും അതേസമയംതന്നെ നിയമനിര്‍മാണ-ഭരണഘടനാ മേഖലകളില്‍ ചെലുത്തേണ്ട ജാഗ്രതയേറിയ സ്വാധീനത്തിനും ഉത്തമ മാതൃകയായി. ബാബ്‌രി മസ്ജിദിനെതിരെ പ്രക്ഷോഭം രൂപപ്പെട്ടുവന്ന 1980കളില്‍ പാര്‍ലമെന്റില്‍ ബനാത്ത്‌വാല നടത്തിയ പ്രസംഗങ്ങള്‍ ചരിത്രരേഖകളായി അവശേഷിക്കുന്നു. മുസ്്‌ലിംകളുടെ ക്ഷേമത്തിന് ഇനിയും തയ്യാറായില്ലെങ്കില്‍ രാജ്യം ഒരു നിലക്കും മുന്നോട്ടുപോകില്ലെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി നടത്തിയ വിശദമായ പഠനങ്ങള്‍ക്ക് ബനാത് വാലയുടെ വീക്ഷണങ്ങളും അവതരണങ്ങളും സ്രോതസ്സായി.
റിലീജിയന്‍ ആന്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ,മുസ്്‌ലിംലീഗ് ആസാദ് കി ബാദ് എന്ന രണ്ടു ഗ്രന്ഥങ്ങള്‍ ബനാത് വാലയുടെ രാഷ്ട്രീയപാണ്ഡിത്യത്തിനുള്ള തെളിവായി. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പദവി വഹിച്ച് 1994 മുതല്‍ മുസ്്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷപദവിയിലെത്തുന്നതോടൊപ്പം തന്നെ അലിഗഡ് മുസ്്‌ലിം കോര്‍ട്ട്, അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമബോര്‍ഡ് , അഖിലേന്ത്യാ മജ്്‌ലിസെ മുശാവറ തുടങ്ങിയ ഉന്നത സമിതികളില്‍ അദ്ദേഹം അംഗമായി.ഖാഇദെ മില്ലത്തിന്റെ മുദ്രാവാക്യമായ അഭിമാനകരമായ അസ്തിത്വം എന്ന തത്വത്തിനുവേണ്ടിയാണ് കര്‍മരംഗത്ത് അവസാനശ്വാസം വരെ അദ്ദേഹം നിലകൊണ്ടതും പ്രവര്‍ത്തിച്ചതും. 1977ല്‍ പൊന്നാനിയില്‍ നിന്ന് കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിച്ച ബനാത്ത്്‌വാല സാഹിബ് 1980, 84, 89, 96, 98, 99 വര്‍ഷങ്ങളില്‍ അവിടെ നിന്നുതന്നെ രാജ്യത്തിന്റെ അത്യുന്നത നിയമനിര്‍മാണസഭയിലെത്തി. മലയാളിയല്ലെന്നും മലയാളമറിയില്ലെന്നുമുള്ള രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപങ്ങളെ അദ്ദേഹം ചിരപ്രസിദ്ധമായ പുഞ്ചിരിയോടെ നേരിട്ടു. അദ്ദേഹത്തിന്റെ മനസ്സില്‍ കേവലരാഷ്ട്രീയ വ്ാഗ്വാദങ്ങള്‍ക്കപ്പുറം നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതു മാത്രമായിരുന്നു ചിന്ത. എതിരാളികളുടെ വായടക്കാന്‍ അദ്ദേഹത്തിനും മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കും ഇത് യഥേഷ്ടം മതിയായിരുന്നു. ചെന്നൈയിലെ മുസ്്‌ലിം ലീഗ് സമ്മേളനമായിരുന്നു അവസാനപ്രഭാഷണവേദി. വൈകാതെ മരണം തേടിയെത്തിയത് എഴുപത്തിനാലാം വയസ്സില്‍. കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനും മറ്റും വേണ്ടി പോരാടി. അദ്ദേഹം ഈ നാട്ടുകാരനല്ലെന്ന ആരോപണത്തിന് മറുപടിയായിരുന്നു ഓരോ തവണയും ഏറിയേറി വന്ന ഭൂരിപക്ഷങ്ങള്‍. രാജ്യം ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഭയാനകമായ കൊടിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ബനാത് വാലയെ പോലൊരു രാഷ്ട്രമീമാംസകന്‍ ഇന്ത്യക്ക് ഇല്ലാതെ പോയത് മനുഷ്യസ്‌നേഹികളായ എല്ലാവരെയും അലട്ടുന്ന വിഷയമാണ്്. പാര്‍ലമെന്റിലും സംസ്ഥാന നിയമനിര്‍മാണസഭകളിലും ജുഡീഷ്യറിയിലും മാധ്യമരംഗത്തുപോലും മുതലാളിത്ത കുത്തക ശക്തികള്‍ പിടിമുറുക്കുമ്പോള്‍ അവക്കെതിരെ ഘോരഘോരം ശബ്ദിക്കാന്‍ ധീരനും ധിഷണശാലിയുമായ ബനാത്ത്്‌വാല ഇല്ലെന്നത് രാഷ്ട്രത്തിന്റെ നഷ്ടമാണ്. അതുതന്നെയാണ് ബനാത് വാലയുടെ പ്രസക്തിയും പ്രാധാന്യവും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.