Connect with us

columns

കോടതിമുറിയിലെ കൊലപാതകം

പാങ്ങിലെ കേസ് അന്നു കോടതിയില്‍ അവസാനത്തേതായിരുന്നു. മലപ്പുറം ജില്ല നിലവില്‍ വന്നിരുന്നുവെങ്കിലും ജില്ലാ സെഷന്‍സ് കോടതി, കോഴിക്കോട് ജില്ലാ കോടതിയുടെ അനുബന്ധമായി തുടരുകയാണ്. 1970 ഓക്ടോബര്‍- എട്ട് വ്യാഴാഴ്ച; വിചാരണ തീരുമ്പോള്‍ വൈകുന്നേരം അഞ്ചുമണിയായി

Published

on

സി.പി സൈതലവി

പാങ്ങിലെ കേസ് അന്നു കോടതിയില്‍ അവസാനത്തേതായിരുന്നു. മലപ്പുറം ജില്ല നിലവില്‍ വന്നിരുന്നുവെങ്കിലും ജില്ലാ സെഷന്‍സ് കോടതി, കോഴിക്കോട് ജില്ലാ കോടതിയുടെ അനുബന്ധമായി തുടരുകയാണ്. 1970 ഓക്ടോബര്‍- എട്ട് വ്യാഴാഴ്ച; വിചാരണ തീരുമ്പോള്‍ വൈകുന്നേരം അഞ്ചുമണിയായി. ബെഞ്ച് ക്ലാര്‍ക്ക് പ്രതികളുടെ ഒപ്പിന്നായി ഓരോരുത്തരെ വിളിച്ചു. ആദ്യം ഒപ്പിട്ട ഒന്നാം പ്രതി കുറുവ പഞ്ചായത്ത് പ്രസിഡന്റ് പി.കെ അഹമ്മദ് എന്ന ബാപ്പുട്ടിയുടെ പേന ക്ലാര്‍ക്ക്‌വാങ്ങി മറ്റുള്ളവര്‍ക്ക് ഒപ്പുവെക്കാന്‍ കൊടുത്തു. നൂറ്റാണ്ടു പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മിത കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും ഗോവണിയിറങ്ങിയ ബാപ്പുട്ടി എല്ലാവരും വന്നിട്ടും പേനകിട്ടാത്തതിനാല്‍ അതുവാങ്ങാന്‍ കാലിനു ജന്മനാലുള്ള തകരാര്‍ ഗൗനിക്കാതെ കോടതി മുറിയിലേക്കുതന്നെ കയറിച്ചെന്നു. സെഷന്‍സ് ജഡ്ജ് ജാനകിയമ്മ ചേംബറിലുണ്ട്. ക്ലാര്‍ക്കിനോട് പേന വാങ്ങി തിരിയുമ്പോഴേക്ക് വാതില്‍മറവില്‍നിന്നു ചാടിവീണ അക്രമി ബാപ്പുട്ടിയുടെ കഴുത്തിന് കുത്തിവീഴ്ത്തി. ഇരട്ടച്ചുരികയാല്‍ കഴുത്തും നെഞ്ചും പിളര്‍ന്ന് നാല്പത്തഞ്ചുകാരനായ ബാപ്പുട്ടി കോടതി മുറിയില്‍ പിടഞ്ഞമര്‍ന്നു. ജഡ്ജിയും പ്രാമാണികരായ അഭിഭാഷകരുമെല്ലാം സാക്ഷി നില്‍ക്കേ.
കേരളം ഒരു ഭരണമാറ്റത്തിന്റെ ആഘോഷപ്പൊലിമയിലായിരിക്കേ, രാവിലെ കോടതിയിലെത്തും മുമ്പ് കോഴിക്കോട് വലിയങ്ങാടിയില്‍ ചെന്ന് ബാഫഖി തങ്ങളുമായി കുശലം പറഞ്ഞുപോയ പി.കെ ബാപ്പുട്ടി നീതിപീഠത്തിനുമുന്നില്‍വീണു രക്തസാക്ഷിയാവുന്നു. കേരളംകണ്ട ഏറ്റവുംമികച്ച സാമൂഹിക പ്രവര്‍ത്തകരിലൊരാള്‍, ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്കായി അക്ഷരാര്‍ത്ഥത്തില്‍ ജീവിതം മാറ്റിവെച്ച വികസന നായകന്‍, ഒരു നാടിന്റെ സമ്പൂര്‍ണ വെളിച്ചം അണഞ്ഞുപോയ വാര്‍ത്ത ആദ്യമാര്‍ക്കും വിശ്വസിക്കാനായില്ല. കോടതി മുറിയിലെ കൊലപാതകം ഇന്നും ഏതോ നാട്ടില്‍ മാത്രം കേട്ടുകേള്‍വിയുള്ള അസാധാരണ വാര്‍ത്തയാണ്. അന്നത്തെ ഒന്നാം പേജ് പത്രവാര്‍ത്ത ഇതായിരുന്നു:
‘പി.കെ ബാപ്പുട്ടിയെ കോടതിയില്‍ വെച്ചു കുത്തിക്കൊന്നു’
‘കോഴിക്കോട്, ഒക്‌ടോ: 8- മലപ്പുറം ജില്ലയിലെ പ്രമുഖ മുസ്്‌ലിംലീഗു പ്രവര്‍ത്തകരിലൊരാളും കുറുവ പഞ്ചായത്ത് ബോര്‍ഡിന്റെയും പാങ്ങ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും പ്രസിഡന്റും മങ്കട നിയോജക മണ്ഡലത്തില്‍ മുസ്‌ലിംലീഗിന്റെ ജീവനാഡിയുമായ പി.കെ ബാപ്പുട്ടി ഇന്നു ഇവിടെ മലപ്പുറം ജില്ലാ സെഷന്‍സ് കോടതിയില്‍വെച്ച് ഒരക്രമിയില്‍ നിന്നും അതിദാരുണമാംവിധം കഠാരിക്കുത്തുകളേറ്റതിനാല്‍ മരണപ്പെട്ടവിവരം സവ്യസനം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാപ്പുട്ടിയ്യുടെ മൃതദേഹം ചേവായൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കെടുത്തിരിക്കുകയാണ്.
ഇന്നു വൈകുന്നേരം അഞ്ച് മണിക്കു ശേഷം ഇവിടെയുള്ള മലപ്പുറം ജില്ലാ കോടതിയില്‍ വെച്ചാണ് സംഭവമെന്നാണറിയുന്നത്. പ്രസ്തുത കോടതിയില്‍ ഇന്നു വിചാരണ തുടര്‍ന്ന പാങ്ങ് തീവെപ്പു കേസിലെ ഒന്നാം പ്രതിയായ ബാപ്പുട്ടി സാഹിബിനെ പ്രസ്തുത കേസിലെ പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളിലൊരാളായ കൃഷ്ണനാണത്രേ കുത്തിയത്. പ്രസ്തുത കേസിന്നാസ്പദമായ സംഭവത്തില്‍ മരണപ്പെട്ട അറുമുഖന്റെ അനുജനാണ് കൃഷ്ണന്‍. പ്രസ്തുത കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളുടെ വിസ്താരം ഇന്നാണ് കോടതി പൂര്‍ത്തിയാക്കിയത്. മുപ്പതുപ്രതികളുള്ള പാങ്ങ് തീവെപ്പു കേസ്സിലെ ഇന്നത്തെ വിസ്താരം കഴിഞ്ഞശേഷം പതിവുപോലെ പ്രതികളിലോരോരുത്തരെയായി കോടതി ക്ലാര്‍ക്ക് ഒപ്പുവാങ്ങി അയച്ചുകൊണ്ടിരുന്നുവെന്നും അതിനിടക്കാണ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പോലെ അക്രമി ബാപ്പുട്ടിയുടെ മേല്‍ ചാടിവീണ് ക്ഷണവേഗത്തില്‍ അനേകം തവണ കുത്തിയതെന്നും പറയപ്പെടുന്നു. കുഴുത്തിനും നെഞ്ചിനും പുറത്തും മറ്റും മാരകമായ കത്തിക്കുത്തിന്റെ മുറിവുകളേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം ഏതുശിലാഹൃദയനേയും നടുക്കും.
പാങ്ങില്‍വെച്ച് ഒസ്സാന്‍ മുഹമ്മദ് എന്ന യുവാവിനെ കഠാരികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചകേസിലെ ഒന്നാം പ്രതിയായിരുന്നു ആര്‍.എസ്.എസുകാരനായ കൃഷ്ണനെങ്കിലും പ്രസ്തുതകേസ്സില്‍ കോടതി വിട്ടയക്കുകയാണുണ്ടായത്. ഇന്നത്തെ സംഭവത്തെ തുടര്‍ന്ന് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേഹത്തിന്റെ പലഭാഗത്തും ഭീകരത ജനിപ്പിക്കുന്ന കുത്തുകളാണ് ബാപ്പുട്ടിക്കേറ്റിട്ടുള്ളത്. കഴുത്തിന്റെ വലതുവശത്ത് ഏതാണ്ട് അഞ്ചിഞ്ച് നീളത്തില്‍ ആഴത്തിലുള്ള കുത്തേറ്റതിനെ തുടര്‍ന്ന് കണ്ഠനാളത്തില്‍ ബീഭത്സമായ മുറിവാണേറ്റിട്ടുള്ളത്. നെഞ്ചിന്റെ ഇടതുവശത്ത് വലിച്ചുകീറിയത് പോലെ ഏതാണ്ട് ആറിഞ്ച് നീളത്തിലും മൂന്നിഞ്ച് വീതിയിലും ഉള്ളതാണ് മാരകമായ മറ്റൊരു മുറിവ്. ബാപ്പുട്ടിയുടെ പുറത്ത് ഗുരുതരമായ മറ്റൊരു കുത്തുമേറ്റിട്ടുണ്ട്.
വലതു കൈയിന്റെ മണികണ്ഠത്തിന്റെ രണ്ടു പാര്‍ശ്വങ്ങളില്‍ ഏതാണ്ട് ആറിഞ്ചും നാലിഞ്ചും നീളത്തില്‍ പറ്റിയിട്ടുള്ള മുറിവുകളും, മണികണ്ഠത്തിന്റെ മീതെയായി ഉള്ളില്‍ അത്ര തന്നെ നീളത്തില്‍ പറ്റിയിട്ടുള്ള മുറിവും നിരായുധനായ ബാപ്പുട്ടി അക്രമിയുടെ കുത്തുകള്‍ തണ്ടന്‍കൈകൊണ്ട് തടുത്തപ്പോള്‍ ഏറ്റതാണെന്നു തോന്നിക്കും. വലതുകൈയിന്റെ തള്ളവിരലിലും ചൂണ്ടുവിരലിനുമിടയിലും കഠാരയേറ്റിട്ടുണ്ട്.
ഏതവസ്ഥയിലും മുസ്‌ലിം സമുദായത്തിനുവേണ്ടി എന്തു ത്യാഗത്തിനും തയ്യാറുള്ള ബാപ്പുട്ടിക്കു 45 വയസ്സു പ്രായമുണ്ട്. ‘
മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ നിമിഷങ്ങള്‍ക്കകം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മയ്യിത്ത് സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രി സി.എച്ചും എത്തി. സാധാരണക്കാര്‍ക്കിടയില്‍ ഹീറോ ആയി നില്‍ക്കുന്ന ബാപ്പുട്ടിയുടെ കൊലപാതകം സംബന്ധിച്ച വാര്‍ത്ത സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ക്ഷമയും സമാധാനവും പാലിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അടിയന്തരമായി പത്രപ്രസ്താവനയിറക്കി. നാട്ടില്‍ അസാമാധാനവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന അക്രമികള്‍ക്കു വളംവെച്ചുകൊടുക്കുന്ന വിധത്തിലുള്ള യാതൊരു സംഗതികളിലും ആരും ഏര്‍പ്പെട്ടുപോകരുത് എന്ന തങ്ങളുടെ പ്രസ്താവന പത്രങ്ങള്‍ പ്രാധാന്യ പൂര്‍വം നല്‍കി.

മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ തിങ്ങിനില്‍ക്കെ മെഡിക്കല്‍ കോളജിലെത്തി മയ്യിത്ത് ഏറ്റുവാങ്ങി. ആസ്പത്രി പരിസരത്ത് മയ്യിത്ത് നമസ്‌കാരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. പൂക്കോയ തങ്ങളുടെ നേതൃത്വത്തില്‍ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര സ്വദേശമായ മലപ്പുറം കുറുവയിലെ പാങ്ങിലേക്കു പുറപ്പെട്ടു. പാങ്ങ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി.
പ്രഗത്ഭ അഭിഭാഷകനായ അഡ്വ. കെ. കുഞ്ഞിരാമമേനോന്‍ വാദിച്ച കേസ് പി.കെ ബാപ്പുട്ടി, സഹോദരന്‍ പി.കെ കുഞ്ഞു തുടങ്ങി പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം കുറ്റക്കാരല്ലെന്നു കണ്ടു പിന്നീട് കോടതി വെറുതെ വിട്ടു.
കോടതി മുറിയിലെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്സുകാരനായ കൃഷ്ണന്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു.
കോടതി ശിക്ഷിച്ചാലും ഈ കേസില്‍ ബാപ്പുട്ടി കുറ്റക്കാരനാണെന്നു നാട്ടിലൊരാളും വിശ്വസിക്കുകയില്ലായിരുന്നു. നാട്ടുമ്പുറത്തെ ഇടുങ്ങിയ ഒറ്റയടിപ്പാതയിലൂടെ വരുമ്പോള്‍ ആരാദ്യം താഴെയിറങ്ങിക്കൊടുക്കണമെന്ന നിലവാരം കുറഞ്ഞ മൂപ്പിളമ തര്‍ക്കം മൂര്‍ച്ഛിച്ചു സംഘര്‍ഷത്തില്‍ കലാശിച്ച ഒരു സംഭവത്തില്‍, പി.കെ ബാപ്പുട്ടി എന്ന മത, ജാതി, രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളെസേവിച്ചു കഴിഞ്ഞഒരാള്‍ കക്ഷിചേരില്ലെന്നു ആര്‍ക്കുമറിയാത്തതല്ല. തൊട്ടുമുമ്പ് നടന്ന അക്രമത്തില്‍ പരിക്കുപറ്റിയ ആളെ സന്ദര്‍ശിക്കാന്‍ പോയ ബാപ്പുട്ടി കേസിനാസ്പദമായ സംഭവസമയം പെരിന്തല്‍മണ്ണ ഗവ. ആസ്പത്രിയിലായിരുന്നുവെന്ന് സാക്ഷിപറയാന്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ ഏറെയുണ്ടായിരുന്നുതാനും. പക്ഷേ നാട്ടിലെല്ലാവര്‍ക്കും കണ്ണിലുണ്ണിയായിരുന്നുവെങ്കിലും ബാപ്പുട്ടിയുടെ രാഷ്ട്രീയവും ജനപ്രിയതയും കണ്ണിലെ കരടായിമാറിയിരുന്നു മറ്റു ചിലര്‍ക്ക്.

സ്വാതന്ത്ര്യാനന്തരം സംഘ്പരിവാരം ഇന്ത്യയാകെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പന്തം കൊളുത്താന്‍ സമരായുധമാക്കിയ ‘മലപ്പുറം ജില്ല’ എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് പി.കെ ബാപ്പുട്ടി. മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും പെരിന്തല്‍മണ്ണ താലൂക്ക് മുസ്‌ലിംലീഗ് ജോയിന്റ് സെക്രട്ടറിയും മങ്കട ഫര്‍ക്കാ മുസ്‌ലിംലീഗിന്റെ ആകെത്തുകയുമായിരുന്നു അദ്ദേഹം. മെലിഞ്ഞു പൊക്കം കൂടിയ സുന്ദരനും സുമുഖനുമായ വെള്ളാരം കണ്ണുകളുള്ള, ആദ്യപരിചയത്തില്‍ തന്നെ ആരെയും തന്റെ നിലപാടുകളിലേക്ക് വശീകരിക്കാന്‍ തക്ക സംഭാഷണ ചതുരനായ പി.കെ ബാപ്പുട്ടി താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവേശനാമമായി മാറി. വേദികളിലല്ലായിരുന്നു; എപ്പോഴും ആള്‍ക്കൂട്ടത്തില്‍ മാത്രം.
പാലപ്ര കൊറ്റോത്ത് കുഞ്ഞിപ്പോക്കരുടെ പുത്രനായി 1925 ജൂലൈ 15 ന് ജനിച്ച അഹമ്മദ് പില്‍ക്കാലം പി.കെ ബാപ്പുട്ടി എന്നു മാത്രമായി അറിയപ്പെട്ടതു തന്നെ ആ ജനസ്‌നേഹ നിമിത്തം. പ്രമാണിയായ പിതാവ് കുഞ്ഞിപ്പോക്കര്‍ പ്രസിദ്ധനായ നാട്ടുമാധ്യസ്ഥന്‍. കൃഷിയും സമ്പത്തുമുള്ള കുടുംബകാര്യങ്ങള്‍ നോക്കാതെ ബാല്യം തൊട്ടേ പാവപ്പെട്ടവരുടെ തോഴനായി ജനകീയ പ്രശ്‌നങ്ങളുടെ തോളില്‍ കയ്യിട്ടു നടന്നു ബാപ്പുട്ടി. വികസനത്തിന്റെ ഒരു തരിമ്പുമെത്താത്ത സ്വന്തം ദേശത്ത് സ്‌കൂളുകളും ആസ്പത്രികളും പാലവും കറന്റും വെള്ളവുമെത്തുന്നത് സ്വപ്‌നംകണ്ടു അതിനുപിന്നാലെ പോയി. ആ യാത്രയില്‍ ദീര്‍ഘകാലം പാങ്ങില്‍ നിന്നുള്ള ഗ്രാമപഞ്ചായത്തംഗമായി. 1963 ല്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തില്‍ വന്ന കുറുവ പഞ്ചായത്ത് ബോര്‍ഡിന്റെ പ്രസിഡന്റുമായി. ഒരു ഡയറിയും കക്ഷത്തുവെച്ച് അതിരാവിലെ വീട്ടില്‍ നിന്നു പുറപ്പെടുന്ന ബാപ്പുട്ടി, റോഡും വാഹനങ്ങളുമൊന്നും യാത്രാസൗകര്യം നല്‍കാത്ത കാലത്ത് കിലോമീറ്ററുകള്‍ കാല്‍നടയായി പോയി അധികാര കേന്ദ്രങ്ങളെ സമീപിച്ചു നാടിനു വികസനം കൊണ്ടുവന്നു. സമ്പന്ന കുടുംബത്തിലെ അംഗമാണെങ്കിലും കയ്യിലൊരു ചില്ലിക്കാശുപോലും കാണില്ല മിക്കപ്പോഴും. ഉള്ളത് അത്യാവശ്യക്കാര്‍ക്കു കൊടുത്താവും യാത്ര.

എത്തിയിടത്ത് കാണാം എന്ന ഈ യാത്രയിലാണ് വള്ളുവനാട്ടില്‍ ചുവപ്പുകോട്ടകള്‍ ഭേദിച്ച് പി.കെ ബാപ്പുട്ടി പച്ചക്കൊടി ഉയര്‍ത്തിയത്. സര്‍വേന്ത്യ മുസ്‌ലിംലീഗ് കാലം തൊട്ടേ സംഘടനയുടെ മുന്‍നിര പ്രവര്‍ത്തകനായി ഓടിനടന്ന ബാപ്പുട്ടി കെ.കെ മുഹമ്മദ് ശാഫി, പി.ടി സൈത് സാഹിബ്, പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, കെ.വി എസ് തങ്ങള്‍, വെങ്കിട്ട മുഹമ്മദ് കുഞ്ഞാപ്പ തുടങ്ങിയവര്‍ക്കൊപ്പം പെരിന്തല്‍മണ്ണ താലൂക്കില്‍ മുസ്്‌ലിംലീഗിനെ ബഹുജന ശക്തിയാക്കി മാറ്റി. പി.കെ ബാപ്പുട്ടിയുടെ പ്രവര്‍ത്തനങ്ങളും മങ്കട അബ്ദുല്‍ അസീസിന്റെ പ്രസംഗങ്ങളുമാണ് വള്ളുവനാട്ടിലെ കമ്യൂണിസ്റ്റ് വേരുകള്‍ തകര്‍ത്ത് മുസ്‌ലിംലീഗിനെ സ്ഥാപിച്ചതെന്ന് സി.എച്ച് മുഹമ്മദ് കോയ വിശേഷിപ്പിച്ചു. സഞ്ചാര യോഗ്യമായ റോഡുകളില്ലാത്ത കാലത്ത് പെരിന്തല്‍മണ്ണ താലൂക്കിലുടനീളം കാല്‍നട യാത്ര ചെയ്താണ് ബാപ്പുട്ടി മുസ്‌ലിംലീഗ് സംഘടിപ്പിച്ചത്. താലൂക്കില്‍ പി.കെ ബാപ്പുട്ടിയോളം മറ്റൊരു മേഖലയിലേക്കും നീങ്ങാതെ സമ്പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം ഏര്‍പ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല.

എന്നും പദയാത്രകള്‍. പാര്‍ട്ടിയില്‍ അംഗങ്ങളെച്ചേര്‍ക്കാനുള്ള പരിശ്രമങ്ങള്‍. തനിക്ക് ഏറെ അടുപ്പമുള്ള ധനാഢ്യനായ ഒരു വ്യക്തിയെ സമീപിച്ച് മുസ്‌ലിംലീഗില്‍ അംഗത്വമെടുക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം ചെന്ന ബാപ്പുട്ടി ആവശ്യപ്പെട്ടു. വേണമെങ്കില്‍ പണംതരാം; മെമ്പര്‍ഷിപ്പ് വേണ്ടെന്നു അദ്ദേഹം നിരസിച്ചു. ജീവിക്കാന്‍ ഗതിയില്ലാതെ സഹായം തേടിയല്ല; ഈ രാജ്യത്തു സമുദായത്തിന് മാന്യമായി നിലനില്‍ക്കാന്‍ മുസ്‌ലിംലീഗ് വേണം. അതിനു ചേരാന്‍ ഒരുക്കമാണോ എന്നറിയാനാണ് വന്നതെന്നു മുഖത്തടിച്ചപോലെ പറഞ്ഞ ബാപ്പുട്ടിക്കു മുന്നില്‍ മൗനിയായ ധനാഢ്യബന്ധു, പില്‍ക്കാലം മുസ്‌ലിംലീഗില്‍ ചേരുകയും ചെയ്തു. നിലപാടുകളിലെ ധീരതയും ലക്ഷ്യം നേടുന്നതിലുള്ള ദൃഢനിശ്ചയവുമായിരുന്നു ബാപ്പുട്ടിയുടെ മുദ്ര. വികസനത്തിന്റെ ഫയല്‍ പാസ്സാക്കാന്‍ ബന്ധപ്പെട്ട ഓഫീസില്‍ ഒരു തവണയേ ബാപ്പുട്ടിക്ക് പോവേണ്ടതുള്ളു. ബാപ്പുട്ടി ഒരു ഓഫീസിലെത്തിയോ ആ പദ്ധതി അനുവദിച്ചുകിട്ടിയിരിക്കും.
പി.കെ ബാപ്പുട്ടിയുമായുള്ള ആത്മ സൗഹൃദത്തിന്റെ സമ്മര്‍ദ്ദം കൂടിയാണ് 1967 ല്‍ മങ്കടയില്‍ മത്സരിക്കാന്‍ സി.എച്ച് താല്‍പര്യമെടുത്തതെന്ന് കേട്ടിട്ടുണ്ട്. സി.എച്ച് ആദ്യമായി മന്ത്രിയായതും മങ്കടയില്‍ നിന്ന് വിജയിച്ചാണ്. റോഡിനും മറ്റുമായി സി.എച്ചിന്റെ ശിപാര്‍ശക്കത്തും വാങ്ങി പൊതുമരാമത്ത് മന്ത്രി ടി.കെ ദിവാകരനെ കാണാന്‍ ബാപ്പുട്ടി ചെല്ലും. സി.എച്ച് തന്നെ ബാപ്പുട്ടിയോട് പിന്നീട് പറഞ്ഞു: ‘ദിവാകരന്‍ മന്ത്രി എന്തുവേണമെങ്കിലും അനുവദിച്ചോളാം; ദയവു ചെയ്ത് ബാപ്പുട്ടിയെ ഇങ്ങോട്ട് അയക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.’ കാരണം ബാപ്പുട്ടി ചെന്നാല്‍ അന്നു മന്ത്രിക്കു മറ്റൊരു ഫയലും നോക്കാന്‍ നേരം കിട്ടി എന്നു വരില്ല.

ഖബറടക്ക ചടങ്ങ് കഴിഞ്ഞു നില്‍ക്കുമ്പോള്‍ പ്രഥമ കലക്ടര്‍ കെ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു: ജില്ല നിലവില്‍ വന്ന ഈ പതിനാലു മാസത്തിനകം ഏറ്റവുമധികം തവണ തന്നെ ഓഫീസില്‍ വന്നു കണ്ട് ഏറ്റവുമധികം വികസനം കൊണ്ടു പോയ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാപ്പുട്ടിയാണെന്ന്.
അവിഭക്ത പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് ജനങ്ങളുടെ ആവലാതികളുമായി കലക്ടറെ കണ്ടു മടങ്ങണമെങ്കില്‍ തന്നെ 180 ല്‍ പരം കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവരുന്ന ദുരനുഭവങ്ങളില്‍ നിന്ന് പി.കെ ബാപ്പുട്ടി എന്ന യുവ പൊതു പ്രവര്‍ത്തകനുണ്ടായ ഉള്‍വിളിയാണ് മലപ്പുറം ജില്ല എന്ന ആശയമായിത്തീര്‍ന്നത്. വികസനം വരണമെങ്കില്‍ റവന്യൂ ഭരണ മേഖലയുടെ വിസ്തൃതി ചുരുക്കിയേ മതിയാവൂ.
1959 ല്‍ പെരിന്തല്‍മണ്ണ കോസ്‌മോ പൊളിറ്റന്‍ ഹാളില്‍ നടന്ന താലൂക്ക് മുസ്‌ലിംലീഗ് വാര്‍ഷിക കൗണ്‍സിലില്‍ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ അവികസിത പ്രദേശങ്ങള്‍ ചേര്‍ത്ത് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് പി.കെ ബാപ്പുട്ടി പ്രമേയം വഴി ആവശ്യപ്പെട്ടു. അന്നത് ഏറെപേരും അപ്രായോഗികമായ ഒരു ചിന്തയായി കരുതി. സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന 57 താലൂക്കുകളില്‍ വികസനത്തില്‍ ഏറ്റവും പിന്നിലെ സ്ഥാനത്തുള്ള ഏറനാട് (53), പെരിന്തല്‍മണ്ണ (51), തിരൂര്‍ (50), പൊന്നാനി (49) താലൂക്കുകളെയാണ് മലപ്പുറം ജില്ല വരുമ്പോള്‍ ഉള്‍പ്പെടുത്തിയത്. ഇതനുസരിച്ചുള്ള ഒരു പട്ടിക തയ്യാറാക്കിയായിരുന്നു കൗണ്‍സിലില്‍ ബാപ്പുട്ടി സംസാരിച്ചത്. 1960 ല്‍ മങ്കടയില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച അഡ്വ. ആലങ്കോട് പി അബ്ദുല്‍ മജീദിനോടു മലപ്പുറംജില്ല എന്ന ആവശ്യം ഉയര്‍ത്താനുള്ള പ്രേരണ ചെലുത്തിയതും ബാപ്പുട്ടി തന്നെ. 1961 ല്‍ അഡ്വ. അബ്ദുല്‍ മജീദ് സാഹിബ് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിക്കണം എന്ന ആവശ്യം നിയമസഭയില്‍ ആദ്യമായി ഉന്നയിച്ചു. വ്യക്തമായ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

1967 ല്‍ മുസ്‌ലിംലീഗിന് ആദ്യമന്ത്രിസഭാപ്രവേശം ലഭിക്കുമ്പോള്‍ മങ്കടയുടെ ജനപ്രതിനിധിയായിരുന്ന സി.എച്ചിനോടും തന്റെ പ്രിയ സുഹൃത്ത് എം.പി.എം അഹമ്മദ് കുരിക്കളോടും മലപ്പുറം ജില്ലാകാര്യമുണര്‍ത്തി തിരുവനന്തപുരം യാത്ര പലവട്ടം നടത്തി ബാപ്പുട്ടി. മന്ത്രി ബാപ്പു കുരിക്കള്‍ പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിന് മലപ്പുറം ജില്ല രൂപീകരിക്കുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചു. സി.എച്ച് മുന്നില്‍ നിന്നു. സംഘ്പരിവാരം എതിര്‍പ്പിന്റെ കൊടുങ്കാറ്റുയര്‍ത്തി. രാജ്യമെങ്ങും പ്രതിഷേധ സമരങ്ങള്‍ നടത്തി. ആര്‍.എസ്.എസ് പരമാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ മുതല്‍ അടല്‍ ബിഹാരി വാജ്‌പേയ്‌വരെ ഈ പ്രക്ഷോഭത്തില്‍ കണ്ണി ചേര്‍ന്നു. 1969 ഫെബ്രു 8 ന് തൃശൂരില്‍ നടന്ന ആര്‍.എസ്.എസ് സംഗമത്തില്‍ പ്രസംഗിച്ച ഗോള്‍വാള്‍ക്കര്‍ മലപ്പുറം ജില്ല എന്നത് ഒരു ‘മഹാവിപത്ത്’ ആണെന്ന് പ്രഖ്യാപിച്ചു ഹിന്ദുത്വ രാഷ്ട്രീയത്തിനു ചൂടുപകര്‍ന്നു.

ഏപ്രില്‍ 27 ന് മുംബൈയില്‍ നടന്ന ജനസംഘം വാര്‍ഷിക സമ്മേളനം മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭത്തിന് കമ്മിറ്റി രൂപീകരിച്ചു. എ. ബി വാജ്‌പേയ് അധ്യക്ഷനായിരുന്നു. കേരളത്തില്‍ കേളപ്പന്‍ സമരം നയിച്ചു.
കോലാഹലങ്ങളെ കൂസാതെ സപ്ത മുന്നണി സര്‍ക്കാര്‍ മലപ്പുറം ജില്ല പ്രഖ്യാപിച്ചു. 1969 ജൂണ്‍ 16 ന് ജില്ല നിലവില്‍വന്നു. പി.കെ ബാപ്പുട്ടിയുടെ ജീവിതാഭിലാഷം സാഫല്യം നേടി. ഈ ചിന്ത ആദ്യമുണര്‍ത്തിയ ബാപ്പുട്ടി എന്ന ജനകീയ നാമം സംഘ്പരിവാരത്തിന്റെ ഉള്ളില്‍ കനലായി കിടന്നു. മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭത്തിന്റെ അനുബന്ധമായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്ര പ്രശ്‌നവും. ഇതിന്റെ മറവില്‍ സംഘര്‍ഷം വിതക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ ഹൈന്ദവ വിശ്വാസികളെപ്പോലും സജ്ജമാക്കുന്നതില്‍ പി.കെ ബാപ്പുട്ടിയുടെ ജനകീയ തന്ത്രങ്ങള്‍ വിജയിച്ചു. ബാപ്പുട്ടിയുടെ കര്‍മ്മമേഖലയിലെ അങ്ങാടിപ്പുറം ആയിരുന്നു ജില്ലാ വിരുദ്ധ സമരത്തിന്റെയും തളിക്ഷേത്ര പ്രക്ഷോഭത്തിന്റെയും പ്രധാന കേന്ദ്രം. പരിസര പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ആര്‍.എസ്.എസ് മുതിര്‍ന്നു. എല്ലാ ഗൂഢ നീക്കങ്ങളെയും പരാജയപ്പെടുത്തിയ മതഭേദമില്ലാത്ത ജനസ്വാധീനമായിരുന്നു പി.കെ ബാപ്പുട്ടി. 1960കളുടെ അവസാനം മലപ്പുറം ജില്ലാ പ്രദേശത്ത് സംഘ്പരിവാരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പുതുരീതികള്‍ തേടിയപ്പോള്‍ കലാപത്തിന്റെ പ്രഭവകേന്ദ്രമാകുമെന്ന് കരുതിയ പെരിന്തല്‍മണ്ണ താലൂക്കില്‍ അക്രമികളുടെ തന്ത്രങ്ങളെ മത സൗഹാര്‍ദ്ദവും സമാധാന ശ്രമങ്ങളും കൊണ്ട് അടിത്തട്ടില്‍ പ്രതിരോധിച്ച നയതന്ത്രജ്ഞന്‍, മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ കരുത്തും കാതലും. ആരോടും സ്‌നേഹത്തോടെ ചിരിച്ചു മാത്രം സംസാരിക്കാറുണ്ടായിരുന്ന ബാപ്പുട്ടിക്ക് ഒരു പങ്കുമില്ലെന്ന് പകല്‍ വെളിച്ചം പോലെ അറിയുന്ന വിഷയത്തിന്റെ പേരില്‍ കൊന്നു തള്ളാന്‍ മാത്രം വിരോധം ആര്‍.എസ്.എസ്സു കാരനില്‍ ചെലുത്തിയ കാരണം മറ്റെന്തുണ്ട്.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.