Connect with us

Video Stories

കര്‍ഷകക്കണ്ണീരില്‍ അലിയാത്ത ഭരണകൂടങ്ങള്‍

Published

on

 

കെപി ജലീല്‍

രാജ്യത്തെ എണ്‍പതുകോടിയോളം വരുന്ന കര്‍ഷകര്‍ ഒരു ജീവന്‍മരണപ്പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോള്‍. പല സംസ്ഥാനങ്ങളിലും ജൂണ്‍ഒന്നുമുതല്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പാതയിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന കാഴ്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ചെലവിനനുസൃതമായ വിലയില്ലാത്തതും കടമെടുത്ത് ഇറക്കിയ വിളകളുടെ വിലകൊണ്ട് കടം തിരിച്ചടക്കാനാകാത്തതുമാണ് അടിസ്ഥാനകാരണങ്ങള്‍. എന്നാല്‍ ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന കര്‍ഷകദ്രോഹനടപടികളാണ് ഇത്തരമൊരു സന്നിഗ്ധാവസ്ഥയിലേക്ക് രാജ്യത്തെ പകുതിയോളം ജനങ്ങളെ പിടിച്ചുവലിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
മധ്യപ്രദേശിലെ മന്‍സോറില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ആറിന് ആറ് കര്‍ഷകരെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചുകൊന്ന ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ വാര്‍ഷികദിനമായിരുന്നു ആറിന്. ജൂണ്‍ ഒന്നിനാരംഭിച്ച് പത്തിന് സമാപിക്കുന്ന വിധത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും കേരളമടക്കം, കര്‍ഷകരുടെ പ്രതിഷേധക്കൂട്ടായ്മകളും സമരങ്ങളും അരങ്ങേറി. കര്‍ഷകര്‍ പച്ചക്കറികളും പാലുമൊക്കെ റോഡില്‍ തള്ളുന്നത് തുടരുകതന്നെയാണ്. പത്തിന് അഖിലേന്ത്യാതലത്തില്‍ ബന്ദിനും കര്‍ഷകസംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തിരിക്കയാണ്.
ഇരുന്നൂറോളം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാകിസാന്‍ സംഘര്‍ഷ് സമിതിയും രാഷ്ട്രീയസ്വാഭിമാന്‍ ആന്ദോളനും ഭൂമി അധികാര്‍ ആന്ദോളനുമാണ് ഇപ്പോഴത്തെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവയിലൊന്നും പെടാത്ത നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ വലിയ ശതമാനം വരുന്ന ചെറുകിട കര്‍ഷകരാണ് സമരത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകളുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സമരത്തിന് പിന്തുണപ്രഖ്യാപിച്ചതിനെ രാഷ്ട്രീയമുതലെടുപ്പായാണ് കേന്ദ്രഭരണകൂടം ചിത്രീകരിച്ചിരിക്കുന്നത്. ഇത് അവരുടെ അല്‍പത്തരമെന്നല്ലാതെന്ത് പറയാനാണ്? സമരക്കാരുമായി ചര്‍ച്ചക്കു പോലും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനംമതി രാജ്യത്തെ അറുപതുശതമാനം വരുന്ന കര്‍ഷകജനതയുടെ നീറുന്ന പ്രശ്‌നങ്ങളോടുള്ള സര്‍ക്കാര്‍ നയം എന്തെന്ന് വ്യക്തമാകാന്‍.
അധികാരത്തിലേറിയ ശേഷം കുത്തക വ്യവസായികളുടെ 2.72 ലക്ഷംകോടിരൂപയുടെ കടങ്ങളാണ് മോദിസര്‍ക്കാര്‍ എഴുതിത്തള്ളിയത്. നിരവധിപേര്‍ക്ക് അവര്‍ തൊഴില്‍ നല്‍കുന്നുവെന്നതാണത്രെ കാരണം. എന്നാല്‍ കോടിക്കണക്കിന് ജനതയുടെ വിശപ്പടക്കുന്ന കര്‍ഷകരുടെ വായ്പകള്‍ അടച്ചു തീര്‍ത്തേപറ്റൂ. നിത്യേന മുപ്പതോളം കര്‍ഷകര്‍ കഠിനാധ്വാനത്തിന്റെ ഫലമായ തങ്ങളുടെ വിളകള്‍ക്ക് ന്യായവില കിട്ടാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം. ചെറുകിടകര്‍ഷകരുടെ പതിനായിരം രൂപക്ക് ജപ്തിയുമായി വീട്ടുപടിക്കലെത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വെറും ആറു മാസത്തിനകം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കോര്‍പറേറ്റ് വായ്പ 55356 കോടിയുടെയാണ്. പ്രതിവര്‍ഷം 12000 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത്. രാജ്യത്തെ ആത്മഹത്യാനിരക്കില്‍ 11.2 ശതമാനം കര്‍ഷകരുടേതാണ്. ഇന്ത്യയുടെ എഴുപത് ശതമാനം സമ്പത്തും ഒരു ശതമാനം കുത്തകമുതലാളിമാരില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണിത്.
ഏറ്റവും കൂടുതല്‍ ധാന്യം ഉല്‍പാദിപ്പിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ കര്‍ഷകരാണ് ഒരു വര്‍ഷത്തിനുശേഷവും തങ്ങളുടെ പ്രശ്‌നങ്ങളില്‍ തീരുമാനമാകാതെ വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മധ്യപ്രദേശില്‍ ഗ്രാമബന്ദ് നടന്നുവരികയാണ്. തമിഴ്‌നാട്ടിലും ബന്ദ് നടക്കുകയുണ്ടായി. സ്വതന്ത്രകര്‍ഷകസംഘം കഴിഞ്ഞമാസം പാര്‍ലമെന്റ്മാര്‍ച്ച് നടത്തി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ കേരളസര്‍ക്കാരും പാവപ്പെട്ടവരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൗനം തുടരുകയാണ്. കഴിഞ്ഞവിളക്ക് സംഭരിച്ച നെല്ലിന്റെ വിലപോലും ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ദേശീയപാതയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന കാഴ്ചകള്‍ വേറെ. പത്ത് സംസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ കര്‍ഷകപ്രക്ഷോഭത്തിനുമുന്നില്‍നില്‍ക്കുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം 2011 വരെയുള്ള കടങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. റബറിനെ വ്യാവസായികപട്ടികയില്‍നിന്ന് കേന്ദ്രം നീക്കിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ദേശീയ കര്‍ഷക കമ്മീഷന്‍ 2006ല്‍ നിയോഗിച്ച ഡോ. സ്വാമിനാഥന്‍ സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ മുന്നോട്ടുവെച്ചത്.
ഇറക്കുമതി നയമാണ് മറ്റൊരു വെല്ലുവിളി. കാര്‍ഷികോല്‍പന്നങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതിനായി തീരുവകളില്‍ ഇളവ് വരുത്തുന്നതും അതുവഴി നാട്ടിലെ കര്‍ഷകര്‍ കുത്തുപാളയെടുക്കേണ്ടിവരുന്നതും പരിദേവനമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാവ്യതിയാനവും വന്യജീവി ആക്രമണവുമാണ് മറ്റുകാരണങ്ങള്‍. ഗത്യന്തരമില്ലാതെ പല കര്‍ഷകരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 2007ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സ്വയാഹുതി ചെയ്തപ്പോള്‍ 2008ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച 60.000 കോടിയുടെ വായ്പാ എഴുതിത്തള്ളല്‍ നടപടി വലിയ ആശ്വാസമായിരുന്നു. കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ അതിനുശേഷം ഇന്നുവരെയും കടാശ്വാസ പദ്ധതികളൊക്കെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലും ബജറ്റുകളിലുമായി ഒതുങ്ങുകയാണ്. ഫലം കര്‍ഷകകൂട്ടക്കുരുതികളുടെ തുടര്‍ക്കഥ.
കഴിഞ്ഞവര്‍ഷം നടന്ന മധ്യപ്രദേശിലെ വെടിവെയ്പില്‍ പതിനാറുകാരന്‍ വരെ കൊല്ലപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ് ഭരണകൂടങ്ങള്‍. മാര്‍ച്ചില്‍ കാല്‍ലക്ഷംപേര്‍ പങ്കെടുത്ത മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം മുംബൈ മഹാനഗരത്തെ മൂന്നു ദിവസം സ്തംഭിപ്പിച്ചിട്ടും നഗരജനത കര്‍ഷകരുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് നല്‍കിയ സ്വീകരണത്തെ വിലകുറച്ചുകാണിച്ചതാണ് പിന്നീടുള്ള സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളില്‍ ദര്‍ശിതമായത്. രാജ്യത്തെ എണ്‍പതു കോടികര്‍ഷകര്‍ ജീവിക്കുന്ന ഗ്രാമങ്ങളിലാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും അവയുടെ സ്വയംപര്യാപ്തതയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗമിക്കാന്‍ കഴിയൂ എന്നും പ്രഖ്യാപിച്ചത് ഗ്രാമസ്വരാജ് ആശയത്തിന്റെ പ്രണേതാവ് രാഷ്ട്രപിതാവാണ്. എന്നാലിന്ന് സ്വന്തം സ്വദേശി മുദ്രാവാക്യം പോലും കുത്തകകള്‍ക്കു മുന്നില്‍ അടിയറവു വെച്ച ആര്‍.എസ്.എസിനും മോദി സര്‍ക്കാരിനും കര്‍ഷകരുടെ കണ്ണീരിനെക്കുറിച്ച് ഒന്നുരിയാടാന്‍ പോലും നേരമില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.