Connect with us

Video Stories

പശുരാഷ്ട്രീയത്തിന്റെ ഭീകരതയും ബുലന്ദ്ശഹര്‍ കലാപവും

Published

on

 

ടി.പി.എം. ബഷീര്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ നടത്തിയ വര്‍ഗീയ കലാപം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന പശു കേന്ദ്രീകൃത രാഷ്ട്രീയ ഭീകരതയുടെ ഏറ്റവും പുതിയ അടയാളമാണ്. പ്രസ്തുത കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ്, രാജ്യത്തെ നടുക്കിയ പശു ഭീകരതയുടെ ഇരയായ മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിക്കുകയും ഒരു ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 18 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനാണ് എന്നത് ഈ കലാപത്തിന്റെ ഒളിയജണ്ട വെളിപ്പെടുത്തുന്നുണ്ട്.
2015 സെപ്തംബര്‍ 28ന് ഈദ് ദിനത്തിലാണ് പശുവിറച്ചി കഴിച്ചുവെന്ന പേരില്‍ ഒരു സംഘം മുഹമ്മദ് അഖ്‌ലാഖിനെ നിഷ്ഠൂരമായി കൊന്നത്. അതിന് നാലുമാസം മുമ്പ് രാജസ്ഥാനിലെ ബിന്‍ലോകയില്‍ ഒരു ആഘോഷത്തിനായി 200 പശുവിനെ കൊന്നുവെന്ന കിംവദന്തി പരത്തി അബ്ദുല്‍ ഗഫാര്‍ ഖുറൈശി എന്നയാളെ കൊലപ്പെടുത്തിയിരുന്നു. ആഗസ്റ്റ് 29ന് ഡല്‍ഹിയിലെ ചില്ല ഗ്രാമത്തില്‍ പോത്തുകളെ കടത്തിയെന്ന് ആരോപിച്ച് നാല് ട്രക്ക് ഡ്രൈവര്‍മാരെ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് നിസ്സാരവല്‍ക്കരിച്ച സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് ആള്‍ക്കൂട്ട ഭീകരതക്കിരയാകുന്നതും ഏറ്റവും ക്രൂരമായി കൊല്ലപ്പെടുന്നതും.
ശാസ്ത്രീയമായ പരിശോധനകളുടെയും അന്വേഷണങ്ങളുടെയും ഒടുവിലാണ് 18 പ്രതികള്‍ അറസ്റ്റിലായത്. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് മെഡിക്കല്‍ വെറ്ററിനറി സംഘത്തിന്റെ പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ രണ്ടാമത് നടത്തിയ പരിശോധനയില്‍ പശുവിറച്ചിയായിരുന്നു എന്ന് തെളിഞ്ഞതായി ഹിന്ദുത്വ ഭീകരതയുടെ വക്താക്കള്‍ വാദിച്ചു. ഷോക്കേറ്റു ചത്ത പശുവിന്റെ ഇറച്ചിയാണ് രണ്ടാമത് പരിശോധനക്കയച്ചത് എന്ന വാര്‍ത്തയും വന്നു. ഏതായാലും താന്‍കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം അവശേഷിച്ച് ഫാസിസം അടുക്കളയിലുമെത്തി എന്ന ചര്‍ച്ച വ്യാപകമായി.
ഈ കേസ് അന്വേഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സുബോധ് കുമാര്‍ സിംഗ് പശു ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുക സ്വാഭാവികം. അതുകൊണ്ടാകാം ബുലന്ദ്ഷഹര്‍ കലാപം ‘സ്വാഭാവിക’മാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. പശുക്കളെ കൊന്നത് സംബന്ധിച്ച് സത്വര അന്വേഷണത്തിന് ഉത്തരവിടുകയും സുബോധ് കുമാര്‍ സിംഗിന്റെ കൊലപാതകത്തെപ്പറ്റിയോ, വര്‍ഗീയ കലാപത്തെപ്പറ്റിയോ അന്വേഷിക്കുന്നതില്‍ വിമുഖത കാണിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
രാജ്യത്ത് പശു കേന്ദ്രീകൃത രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നരേന്ദ്രമോദിയുടെ അധികാരലബ്ധിയോടെ അതിനൊരു ആള്‍ക്കൂട്ട ഭീകരതയുടെ നിഗൂഢത കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രം. രാജ്യവ്യാപകമായി ഗോവധ നിരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍.എസ്.എസ് തലവന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തില്‍ 1960ല്‍ പാര്‍ലമെന്റ് വളയുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭം നടക്കുകയുണ്ടായി. ഇത് വര്‍ഗീയ കലാപമായി മാറുകയും ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഗോവധ നിരോധം സംബന്ധിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു സമിതിയെ നിയോഗിച്ചു. ഗോള്‍വാള്‍ക്കര്‍, പുരിശങ്കരാചാര്യ, അമൂല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് വര്‍ഗീസ് കുര്യന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
ഗോവധ നിരോധത്തിന് അനുകൂലമായി ഈ സമിതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ ഗോള്‍വാള്‍ക്കര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി വര്‍ഗീസ് കുര്യന്‍ തന്റെ ആത്മകഥയില്‍ (ക ീേീ വമറ മ റൃലമാ) പറയുന്നുണ്ട്. ”രാജ്യത്തെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള ശക്തി പശുവിനുണ്ട്. അത് ഭാരത സംസ്‌കാരത്തിന്റെ ചിഹ്നമാകുന്നു. ഗോവധം നിരോധിക്കാമെന്ന് ഈ കമ്മിറ്റിയില്‍ എനിക്കൊപ്പം താങ്കള്‍ വാദിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ രാജ്യത്തെ ഒന്നിപ്പിച്ച് കാണിച്ചുതരാം. ഞാനിതില്‍ അല്‍പം വാശിക്കാരനാണ്. പശുവിനെ ഉപയോഗിച്ച് ഞാന്‍ ഭാരതീയത പുറത്തുകൊണ്ടുവരാം. എന്നോട് ദയവായി സഹകരിക്കുക” ഗോള്‍വാള്‍ക്കര്‍ വര്‍ഗീസ് കുര്യനോട് പറഞ്ഞ വാക്കുകള്‍.
പശു ഭാരതീയ സംസ്‌കാരത്തിന്റെ ചിഹ്നമാകുന്നു എന്ന ഗോള്‍വാള്‍ക്കറിന്റെ വാദം ഹൈന്ദവ വേദങ്ങളുടെയും പുരാണങ്ങളുടെയും നിഷേധമാണ്. ഹൈന്ദവ വിശ്വാസാചാരങ്ങളുടെ ഭാഗമായിരുന്നു പശുവിറച്ചി ഉള്‍പ്പെടെയുള്ള മാംസാഹാരം. ബുദ്ധമതത്തിന്റെ സ്വാധീനവും വ്യാപനവും തടയാനുള്ള ബ്രാഹ്മണരുടെ രാഷ്ട്രീയ നീക്കമായാണ് മാംസവര്‍ജ്ജനം ഹിന്ദുവിശ്വാസത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്.
ഗോമാംസം ഇന്ത്യന്‍ ആഹാര സ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്നും മൃഗബലി വൈദിക കാലത്ത് സര്‍വസാധാരണമായിരുന്നുവെന്നും പ്രൊഫ. ദ്വിപേന്ദ്ര നാരായണന്‍ ഝാ ‘ങ്യവേ ീള വേല വീഹ്യ ഇീം’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘എല്ലാ യാഗങ്ങളുടെയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരു അനുഷ്ഠാനമായ ആഗ്നേയ എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്ന് നിഷ്‌കര്‍ഷിക്കുന്നു. അശ്വമേധ യാഗത്തില്‍ 600ല്‍പരം മൃഗങ്ങളെയും പക്ഷികളെയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തി 21 പശുക്കളെ കുരുതി കൊടുത്തായിരുന്നു. പൊതു യാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തെയും വാജപേയത്തെയും പോലെത്തന്നെ മാരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു.’
യാഥാര്‍ത്ഥ്യം ഇതാണെങ്കിലും പശു ഇന്ന് രാഷ്ട്രീയ ഭീകരതയുടെ പ്രതീകമായി മാറിയിരിക്കുന്നു. നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014 മുതല്‍ നൂറോളം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പശുവിന്റെ പേരില്‍ മാത്രം നടന്നുകഴിഞ്ഞിരിക്കുന്നു. 314 പേര്‍ അക്രമത്തിന് ഇരയാവുകയും 39 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. പശുക്കളെ പരിപാലിച്ച് ഉപജീവനം നയിക്കുന്ന ദലിതരും മുസ്‌ലിംകളുമാണ് ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാവുന്നതും കൊല്ലപ്പെടുന്നതും.
പശു കേന്ദ്രീകൃത രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ നിലവിലുണ്ടായിരുന്ന ഗോവധ നിരോധന നിയമം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുകയും ശിക്ഷ കഠിനമാക്കുന്ന ഭേദഗതികള്‍ നടപ്പാക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ബീഫ് കൈവശം വെച്ചാല്‍ 5 വര്‍ഷം തടവും 10,000 രൂപ പിഴയും. ഹരിയാനയില്‍ 10 വര്‍ഷം തടവും 50,000 രൂപ പിഴയും ചുമത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഗോവധ നിരോധത്തിന്റെ അനുബന്ധമെന്നോണം രാജ്യവ്യാപകമായി ഗോശാലകള്‍ പണിയുന്നതിന് ബജറ്റില്‍ വന്‍ തുക വിലയിരുത്തി. ഹരിയാന സര്‍ക്കാര്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു അവതരിപ്പിച്ച ബജറ്റില്‍ കാള, മൂരി എന്നിവയുടെ എണ്ണം കുറക്കാനും പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ 98.5 കോടിയാണ് പശുക്ഷേമത്തിന് വകയിരുത്തിയത്.
ഇതോടൊപ്പം കശാപ്പുശാലകള്‍ നിയന്ത്രിക്കാനും ഗോശാലകള്‍ നിര്‍മ്മിക്കാനും നടപടിയുണ്ടായി. ”രാജ്യവ്യാപകമായി ഗോശാലകള്‍ സ്ഥാപിക്കുകയും പാലിനു പുറമെ മൂത്രവും ചാണകവും സാമ്പത്തിക വരുമാന സ്രോതസ്സാക്കി മാറ്റുകയും ചെയ്തതിന് നാഗപൂര്‍ അനിമല്‍ ആന്റ് ഫിഷറി സയന്‍സ് സര്‍വകലാശാല ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഡിലിറ്റ് നല്‍കി ആദരിച്ചതും ഈ പശുകേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡുമായി കേന്ദ്ര സര്‍ക്കാരും ജി.പി.എസും ഗോസേവ മൊബൈല്‍ ആപ്പുമായി ഗുജറാത്ത് സര്‍ക്കാരും, ഗോവംഗ് ആംബുലന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാരും, ഗോസംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി ഹരിയാന സര്‍ക്കാരും രംഗത്ത് വരികയുണ്ടായി. പശുകേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പ് പദ്ധതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒരുപടി മുന്നില്‍ നിന്നു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന 2011നും 2014നും ഇടയില്‍ ഗോരക്ഷകര്‍ക്ക് 75 ലക്ഷം രൂപ കാഷ് അവാര്‍ഡായി നല്‍കുകയുണ്ടായി. ഗോസേവാ ആന്റ് ഗോചാര്‍ വികാസ് ബോര്‍ഡ് വഴി 1394 ഗോരക്ഷകര്‍ക്കാണ് ഈ തുക വിതരണം ചെയ്തത്. 1999ല്‍ ആരംഭിച്ച ഈ ബോര്‍ഡ് 2010ല്‍ വീണ്ടും സജീവമാക്കുകയും 1.5 കോടി രൂപയുടെ വാര്‍ഷിക ഗ്രാന്റ് 150 കോടിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. മികച്ച പശു സംരക്ഷകന് 25000 രൂപയും അനധികൃത പശുക്കടത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ 500 രൂപയും പാരിതോഷികം പ്രഖ്യാപിച്ചത് നരേന്ദ്രമോദിയാണ്. ഈ ആനുകൂല്യത്തിന്റെ ബലത്തിലാണ് ഗോരക്ഷസേനയും ഗോരക്ഷാദളും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങള്‍ വളര്‍ന്നുവന്നത്.
ഏറ്റവും രസകരമായ വസ്തുത ഗോസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച ഗോശാലകളില്‍ ഭക്ഷണവും വെള്ളവും പരിചരണവും കിട്ടാതെ ആയിരക്കണക്കിന് പശുക്കള്‍ ചത്തൊടുങ്ങുന്ന വാര്‍ത്തകളാണ്. രാജസ്ഥാനില്‍ മൃഗസംരക്ഷണ വകുപ്പിന് പുറമെ ഗോസംരക്ഷണ വകുപ്പ് പ്രത്യേകമായുണ്ട്. ഔദാരം ദേവസി എന്നാണ് വകുപ്പ് മന്ത്രിയുടെ പേര്. എന്നാല്‍ രാജസ്ഥാനിലെ ഹിങ്കോണിയ ഗോശാലയിലാണ് ഏറ്റവും കൂടുതല്‍ പശുക്കള്‍ ചത്തൊടുങ്ങിയത്. 8122. ഈ ഗോശാലയില്‍ മാത്രം 14 മൃഗഡോക്ടര്‍മാരും 24 ലൈവ്‌സ്റ്റോക്ക് അസിസ്റ്റന്റുമാര്‍, 200 ജീവനക്കാര്‍ എന്നിവര്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ട്.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ 25 പശുക്കളും മധ്യപ്രദേശിലെ അഗര്‍മാള്‍വം ജില്ലയിലെ ഗോശാലയില്‍ 28 ദിവസത്തിനകം 58 പശുക്കളും ഭക്ഷണവും വെള്ളവും കിട്ടാതെ ചത്തു. റായ്പൂര്‍ ബി.ജെ.പി നേതാവ് ഹരീഷ്ശര്‍മ്മയുടെ ഫാമില്‍ 200 പശുക്കള്‍ ചത്തു. ഇതില്‍ 27 പശുക്കളെ മാത്രം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ഗൂര്‍ഗ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.കെ. ചൗള വെളിപ്പെടുത്തി. ബാക്കി പശുക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ ഗ്വാളിയര്‍ ടിപ്പാറ ഗോശാലയില്‍ 1300 പശുക്കള്‍ ചത്തു. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ആരംഭിച്ച ഗോശാലകളില്‍ മതിയായ പരിചരണം ലഭിക്കാതെ ഗോമാതാക്കള്‍ ഇങ്ങനെ ചത്തൊടുങ്ങുമ്പോഴാണ് പശുവിനെ പരിചരിച്ചും പാല്‍ വിറ്റും ചാണകം വളമായി ഉപയോഗിച്ചും ജീവിച്ചുപോരുന്ന സാധാരണ കര്‍ഷകരെ പശുക്കടത്തിന്റെയും പശുക്കൊലയുടെയും പേരില്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതും അടിച്ചും ചുട്ടും കൊല്ലുന്നതും എന്ന് ഓര്‍ക്കുമ്പോഴാണ് ഇവരുടെ ‘പശുഭക്തി’യുടെ കാപട്യം നമുക്ക് ബോധ്യപ്പെടുക.
ഈ അക്രമ പരമ്പര ആസൂത്രിതമായി വര്‍ധിച്ചപ്പോഴാണ് പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നത്. പശു ഭീകരതക്കെതികെ തുഷാര്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര, എ.എം ഖാന്‍ വില്ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ വിധി പ്രസ്താവത്തില്‍ ആള്‍ക്കൂട്ട അക്രമങ്ങളെയും ഇരകളെയും ജാതിയും മതവുമായും ബന്ധിപ്പിക്കരുതെന്നും വ്യക്തമാക്കി. പക്ഷെ പിന്നേയും പശുഭീകരത അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുകയും പല മന്ത്രിമാരും ബി.ജെ.പി നേതാക്കളും ആള്‍ക്കൂട്ട ഭീകരതയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു.
ഏറ്റവുമൊടുവില്‍ ബുലന്ദ്ശഹറില്‍ 32 പശുക്കളെ കൊന്നുവെന്ന അഭ്യൂഹമുയര്‍ത്തിയാണ് വര്‍ഗീയ കലാപം സൃഷ്ടിച്ചത്. ഈ കലാപത്തിന് നേതൃത്വം നല്‍കിയ യോഗേന്ദ്രരാജ് തന്നെ പശുക്കൊലക്കെതിരെ പരാതി നല്‍കി വാദിയാകാന്‍ ശ്രമിക്കുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് മുസ്‌ലിം കുട്ടികളെ പ്രതിയാക്കി കേസെടുക്കാന്‍ നടത്തിയ നീക്കം വിജയിച്ചിട്ടില്ല. ഈ പശുക്കള്‍ അണുബാധമൂലം ചത്തതാണെന്നും ബോധപൂര്‍വം കലാപം സൃഷ്ടിക്കാന്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും വാര്‍ത്തയുണ്ട്.
കലാപത്തിന് നേതൃത്വം നല്‍കിയ യോഗേന്ദ്രരാജും സൂബോധ്കുമാര്‍ സിംഗ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊന്ന ജീതു ഫൗജി എന്ന ജിതേന്ദ്രമാലിക് എന്ന സൈനികനും അറസ്റ്റിലായിട്ടുണ്ട്. ഒരു സൈനികന്‍ വര്‍ഗീയ കലാപത്തിന് നേതൃത്വം നല്‍കുന്നതും മനുഷ്യനേക്കാള്‍ പശുവിന് പ്രാധാന്യം ലഭിക്കുന്നതും രാജ്യം നേരിടുന്ന ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. ബുലന്ദ്ശഹര് ഈ ഗുരുതരാവസ്ഥയുടെ ഏറ്റവും പുതിയ അടയാളമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.