Connect with us

Video Stories

ജന വികാരം തിരസ്‌ക്കരിക്കുന്ന നിസ്സഹകരണ ജനാധിപത്യം

Published

on

ഇയാസ് മുഹമ്മദ്

കേരളത്തിന്റെ ബദല്‍ സമ്പദ് വ്യവസ്ഥയാണ് സഹകരണ മേഖല. കേരളം സഞ്ചരിച്ച നവോത്ഥാന വഴികളില്‍ കൂടെ കൂട്ടിയതാണ് സഹകരണ പ്രസ്ഥാനത്തെ. സമരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അതിശയിപ്പിക്കുന്ന ചരിത്രം ഓരോ സംഘത്തിന്റെയും പിന്നിലുണ്ട്. കേരളം ഇന്ന് കാണുന്ന പൊലിമയിലേക്ക് ചെന്നെത്തുന്നതിന് മുമ്പ്, കാര്‍ഷിക, ചെറുകച്ചവട മേഖലയില്‍ സാധാരണക്കാരന്റെയും കര്‍ഷകന്റേയും കൈത്താങ്ങായിരുന്നു, ലക്ഷക്കണക്കിന് മനുഷ്യര്‍ അണിചേര്‍ന്ന സഹകരണ പ്രസ്ഥാനം. ഇന്നും അത് അങ്ങനെയൊക്കെ തന്നെയാണ്. ദരിദ്രകര്‍ഷകനും, നിരക്ഷരനും തന്റെ കൂടി ഓഹരി ഉണ്ടെന്ന അഹങ്കാരത്തോടെ, തനിക്ക് കൂടി ഉടമസ്ഥതയുണ്ടെന്ന വിശ്വാസത്തോടെ ഓടിച്ചെല്ലാവുന്ന ബാങ്കിങ് മേഖല.

 

എയര്‍ കണ്ടീഷനിങിന്റെ തണുപ്പില്ലെങ്കിലും, ആത്മവിശ്വാസത്തിന്റെ കുളിരുകിട്ടും കര്‍ഷകനും സാധാരണക്കാരനും അവിടെ. ഇങ്ങനെ കേരളീയന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തെ മുച്ചൂടും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭരണകൂടം കരുക്കള്‍ നീക്കുന്നതെന്ന് സംശയങ്ങള്‍ ഉയരുന്നു. കഴിഞ്ഞ എട്ടാം തീയതി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് രാജ്യത്തോട് പ്രസംഗിച്ചത്, ഈ നടപടി കള്ളപ്പണം കണ്ടെത്താനും രാജ്യത്തെ രക്ഷിക്കാനുമുള്ളതാണെന്ന്. കേട്ടവരെല്ലാം വിശ്വസിക്കുകയും ചെയ്തു. രാജ്യത്തെ കള്ളപ്പണം കണ്ടെത്തുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക, രാജ്യത്തെ സാധാരണക്കാരാണ്.

 

എന്നാല്‍ നടപടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നിരിക്കുന്നത് അവരായി മാറിയിരിക്കുന്നു. നടപടിയുടെ മറവില്‍ മറ്റൊന്നു കൂടി കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നുണ്ട്. കേരള മോഡല്‍ സൃഷ്ടിച്ചെടുത്ത, കേരളത്തിന്റെ സ്വന്തം ബാങ്കിങ് ബദലായ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ഒളി അജണ്ടയാണ് നടപ്പില്‍ വരുത്തുന്നത്. അതിന് വേണ്ടി സഹകരണ മേഖലയെക്കുറിച്ച് വ്യാപകമായി നുണപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കേരളത്തില്‍ ചെയ്യുന്നത്. വൈരനിര്യാതന ബുദ്ധിയോടെ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം ജനജീവിതം ഉണ്ടെന്ന ബോധം തന്നെ നശിച്ച മട്ടില്‍ സഹകരണ മേഖലക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് ആ പാര്‍ട്ടി.

 
സഹകരണ പ്രസ്ഥാനത്തെ സംശയത്തിന്റെ മുനമ്പില്‍ നിര്‍ത്തി, നവസ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ പോലും നിഷേധിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും. ഇതിന് കാരണമായി അവര്‍ പറയുന്ന ഒരു കാര്യം, പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.പി.എം നേതാവ് നല്‍കിയ പരാതിയാണ്. പരാതി പരിശോധിക്കുന്നതിന് പകരം കേരളത്തിലെ മാത്രമല്ല, രാജ്യത്തെയാകെ സഹകരണ ബാങ്കുകളില്‍ നിന്നും നോട്ടുമാറ്റി എടുക്കാനുള്ള അവകാശം എടുത്തു മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

 
കോര്‍പറേറ്റുകളുടെ മേല്‍കയ്യില്‍ നടക്കുന്ന പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് നോട്ടുമാറാനുള്ള അവകാശം നല്‍കുകയും സഹകരണ മേഖലയെ മാറ്റിനിര്‍ത്തുകയും ചെയ്തതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ടാണ്് കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്ത സര്‍വകക്ഷി യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് കേരളത്തിന്റെ ഉത്കണ്ഠ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയെയും സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതത്തെയും നേരിട്ടു ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

 

കേരള നിയമസഭയും പ്രത്യേക യോഗം ചേര്‍ന്നു സഹകരണ മേഖല സംബന്ധിച്ച പ്രമേയം പാസ്സാക്കി. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമ്പോള്‍ നിയമസഭയുടെ പ്രമേയവും നല്‍കാന്‍ തീരുമാനിച്ചു. നിയമസഭയില്‍ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ഐകകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ സഹകരിക്കണമെന്ന മറ്റു പാര്‍ട്ടികളുടെയെല്ലാം ആവശ്യത്തെ ബി.ജെ.പി നിയമസഭയില്‍ നിരാകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിനെക്കാള്‍ ആശങ്കാ ജനകമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച നിലപാട്. കേരളത്തിന്റെ വികാരം അറിയിക്കാനുള്ള സര്‍വകക്ഷി സംഘത്തെ കാണാനുള്ള അവസരം നിഷേധിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തത്.

 
ഇതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യമാണെന്ന വാര്‍ത്തയാണ് തൊട്ടുപിറകെ പുറത്തുവന്നത്. സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് ബിജെപി കേരള ഘടകത്തിന്റെ ആവശ്യപ്രകാരമാണെന്ന വാര്‍ത്ത വരുന്നതിനെ ഗൗരവത്തോടെ മാത്രമേ കാണാന്‍ കഴിയൂ. സര്‍വ്വകക്ഷി സംഘം പോകുന്നതിന് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളെ കണ്ടിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായും ബിജെപി നേതാക്കളുമായും കുമ്മനം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സര്‍വ്വ കക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത്. ബി.ജെ.പിയുടെ കേരള ഘടകത്തിന്റെ താളത്തിനൊത്ത് തുള്ളുന്ന ഓഫീസായി പ്രധാനമന്ത്രിയുടെ കാര്യാലയം മാറുമ്പോള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനാണ് ക്ഷതമേല്‍ക്കുന്നത്.

 
ഇവിടെ പരിശോധിക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വ്യാജ പ്രചാരണമാണ് ബിജെപിയും ആര്‍ എസ് എസും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ശരിയാണെന്ന് വാദത്തിന് വേണ്ടി സമ്മതിക്കുകയാണെങ്കില്‍ പോലും റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ ഇവ്വിധമാണോ കൈകാര്യം ചെയ്യേണ്ടത്? അല്ലെന്ന് എല്ലാവര്‍ക്കുമറിയാം.

 

സഹകരണ മേഖലയെ തകര്‍ക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഇപ്പോഴത്തെ പ്രചരണങ്ങളും നടപടിയും. ബാങ്കുകളുടെ നിക്ഷേപവും കണക്കും ലഭ്യമാക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയാണെങ്കില്‍ അതിന് അനുമതി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ ശേഷവും അതനുസരിച്ചുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരോ ആദായ നികുതി വകുപ്പോ റിസര്‍വ്വ് ബാങ്കോ തയ്യാറായിട്ടില്ല. എന്നാല്‍, കര്‍ഷകരടക്കം സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ഇടപാടുകള്‍ സ്തംഭിപ്പിച്ച് സഹകരണ ബാങ്കുകളുടെ മേലുള്ള നിയന്ത്രണം തുടരുകയുമാണ്.
ബിജെപിക്ക് സ്വാധീനമില്ലാത്തതുകൊണ്ടു മാത്രം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയും സഹകരണ പ്രസ്ഥാനത്തിന് പകരമായി പുതുതലമുറ സ്വകാര്യ ബാങ്കുകളെ പ്രതിഷ്ഠിക്കുകയും ചെയ്യുകയെന്ന അജണ്ടക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസും കൂട്ടുനില്‍ക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ തിട്ടൂരമനുസരിച്ച് തുള്ളേണ്ട സ്ഥാപനമാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്; ‘നിയമസഭയെ അംഗീകരിക്കുക, സംസ്ഥാനത്തെ അംഗീകരിക്കുക എന്നതൊക്കെ ജനാധിപത്യ മര്യാദയുടെ ഭാഗമാണ്.

 

ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നാസിസത്തിന്റെയും ഫാസിസത്തിന്റെയും നയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് വലിയ തോതിലുള്ള ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല.’ കേരളത്തിന്റെ വികാരത്തെ അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം മാത്രമല്ല ഇത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ് ഘടനയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന് പിന്നില്‍ ഫാസിസത്തിന്റെ താല്‍പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാവണം മുഖ്യമന്ത്രിയുടെ പ്രതികരണം.

 
രാജ്യം പിന്തുടരുന്ന ജനാധിപത്യ മൂല്യങ്ങള്‍ തനിക്ക് ബാധകമല്ലെന്ന നിലപാടിലേക്ക് പ്രധാനമന്ത്രി മുന്നേറുന്നത് രാജ്യത്തെ സംബന്ധിച്ച് ശുഭകരമല്ല. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട്, സ്വകാര്യ മുതലാളിത്തത്തിന് ലാഭം കൊയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് മോദി ചെയ്യുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്ത് കോര്‍പറേറ്റുകളെ വാഴിക്കാനുള്ള നീക്കം കേരളം ഒരു നിലക്കും അംഗീകരിക്കാന്‍ പോകുന്നില്ല. കേരള ജനതയുടെ പൊതു വികാരത്തെ തിരസ്‌കാരത്തിലൂടെ ഏറെനാള്‍ അവഗണിക്കാന്‍ ഒരു പ്രധാനമന്ത്രിക്കും കഴിയില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.