Connect with us

Video Stories

കാത്തുനില്‍ക്കാന്‍ ഇനി സമയമില്ല

Published

on

 

ഇന്ത്യയിലിപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടം ഏതെങ്കിലും വിധത്തില്‍ അധികാരം കൈക്കലാക്കാനുള്ളതല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല. ‘ദലിത് -മുസ്‌ലിം സാഹോദര്യം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഭരണഘടനാശില്‍പി ഭാരതരത്‌ന ഡോ. ഭീമറാവു അംബേദ്കറുടെ പൗത്രനും മുന്‍ എം.പിയുമായ ബാലാസാഹേബ് അംബേദ്കര്‍ മലപ്പുറത്ത് ‘ചന്ദ്രിക’ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭാരിപ ബഹുജന്‍ മഹാസംഘത്തിന്റെ അധ്യക്ഷനായ ഈ അറുപത്തിമൂന്നുകാരന്‍ ഭാര്യ പൂനെയിലെ കോളജില്‍ അസി. പ്രൊഫസറായ അഞ്ജലി മെയ്‌മോവുമൊത്താണ് കേരളത്തിലെത്തിയത്. അഭിമുഖത്തില്‍ നിന്ന്:

? എന്താണ് താങ്കളുടെ പ്രവര്‍ത്തനമണ്ഡലം
= നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന അഭൂതപൂര്‍വമായ ഫാസിസ്റ്റ് -ഏകാധിപത്യ വാഴ്ചക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ അവരുടെ പരിദേവനങ്ങള്‍ക്ക് രാജ്യത്തെ സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അവര്‍ വോട്ടു ചെയ്യാന്‍ പോകുന്നത്. എന്നാല്‍ അധികാരത്തിലേറിയവര്‍ ചെയ്യുന്നത് വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരിക്കുകയാണ്. ജനങ്ങളുടെ നേര്‍ക്ക് അക്രമത്തിന് മുതിരുകയും ചെയ്യുന്നു. ഇതിനെതിരെ പോരാടേണ്ടത് രാജ്യത്തിലെ ഓരോ പൗരന്റെയും കര്‍ത്തവ്യമാണ്. രാജ്യമില്ലാതെ നമുക്ക് മറ്റൊന്നും ഉണ്ടാകില്ല. ജനാധിപത്യം പോലും നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ ഇതേപോലെ നിലനിന്നേ തീരൂ. ആ പോരാട്ടത്തിലൊരു ചെറിയ പങ്കാണ് ഞാനും എന്റെ പാര്‍ട്ടിയും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

? ദലിത് രാഷ്ട്രീയമാണോ താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
= നോക്കൂ. രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന് പിന്നില്‍ ജാതി രാഷ്ട്രീയത്തിന് മുഖ്യപങ്കുണ്ട്. ഇന്ത്യയുടെ മുന്‍നിര നേതാക്കളെല്ലാം വിഭാവനം ചെയ്തത് ജാതി രഹിത സമൂഹമായിരുന്നു. അവരുടെ ലക്ഷ്യം സാക്ഷാല്‍കൃതമാകണമെങ്കില്‍ സമൂഹത്തിലെ ഏറെ പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനം പ്രധാനമാണ്. ദലിതുകള്‍ അവരിലൊരു വിഭാഗം മാത്രവും.

? എങ്ങനെയാണ് ഈ പോരാട്ടത്തില്‍ വിജയം കൈവരിക്കാനാകുമെന്ന് കരുതുന്നത്.
= ദലിതുകള്‍ക്കോ മറ്റേതെങ്കിലും വിഭാഗത്തിനോ മാത്രമായി ഒരു പോരാട്ടവും തനിച്ച് നടത്തി വിജയിക്കാനാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അതിന് ഇന്നത്തെ രാജ്യാധികാരികള്‍ക്കെതിരെ പൊരുതുന്ന സകല മനുഷ്യരുടെയും പിന്തുണയും സഹായവും സഹകരണവും ആവശ്യമാണ്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, മറ്റു പിന്നാക്ക സമുദായക്കാര്‍ ഒക്കെ ഇതില്‍ ഭാഗഭാക്കുകളാണ്. അതിലൂടെ മാത്രമേ ഈയൊരു ഭീഷണിയെ ചെറുക്കാനാകൂ. ചെറുത്താല്‍ മാത്രം പോരാ തോല്‍പിക്കാനുമാകണം.

? മുമ്പുതന്നെയുള്ള പ്രതിഭാസമാണല്ലോ ഇന്ത്യന്‍ ജാതി വ്യവസ്ഥ.
= അതുശരിതന്നെ. എന്നാല്‍ ഒരു ഹിന്ദു സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ഇന്നാണ്. ബ്രാഹ്മണിക്കല്‍ സമ്പ്രദായങ്ങളുടെയും വ്യവസ്ഥകളുടെയും എല്ലാവിധ രീതികളും ഇവരില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നു. മുമ്പ് പുറത്തുവരാന്‍ മടിച്ചുനിന്നവയെല്ലാം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പോലുള്ളവ നോക്കുക. 2024ല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ബ്രാഹ്മണിക്കല്‍ മേധാവിത്വവാദികളുടെ പരിശ്രമം. അതിനെ ചെറുക്കേണ്ടത് ഇനി കാത്തുനിന്നിട്ടല്ല. പോരാട്ടം തുടരുകതന്നെ വേണം.

? ഹിന്ദു രാഷ്ട്രവാദത്തെക്കുറിച്ച്.
= ഹിന്ദു രാഷ്ട്രമെന്നത് ഒരു മിഥ്യയാണ്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അതംഗീകരിക്കുന്നില്ല. ലോകത്തെ ഒരു രാജ്യത്തും മതാധികാരം വിജയം കണ്ടിട്ടില്ല. സത്യത്തില്‍ ഹിന്ദു രാഷ്ട്രമെന്നതിനേക്കാളും അതിന്റെ മറവില്‍ അഴിമതി നടത്തി പണം കടത്തുകയാണ് കേന്ദ്ര സര്‍ക്കാരിലെ ആളുകള്‍ ചെയ്യുന്നത്.

? അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം സാധ്യമാകുമെന്ന് കരുതാമോ.
= അടുത്ത തെരഞ്ഞെടുപ്പ് 2019ലാണെങ്കിലും അതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞാന്‍ അനുമാനിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതെരഞ്ഞെടുപ്പുകളോടൊപ്പം തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇന്നത്തെ നിലയിലൊരു വിജയം നേടാനാകുമെന്നാണ് ആര്‍.എസ്.എസും ബി.ജെ.പിയും കണക്കുകൂട്ടുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടാന്‍ പോകുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കാരണം വലിയ രീതിയിലുള്ള അഴിമതിയായിരുന്നു. വിലക്കയറ്റവും കാരണമായി. ഇന്ന് ഫാസിസമാണ് മുഖ്യ എതിരാളി. അതിനെ പിടിച്ചുകെട്ടുക എന്നതാണ് വലിയ ദൗത്യം. അതിന് അധികാരാരോഹണവുമായി ബന്ധമില്ല. ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതുണ്ട്.

? നോട്ടുനിരോധനം കാരണം ജനം ദുരിതത്തിലായിട്ടും സംഭവിക്കുന്ന ബി.ജെ.പിയുടെ തുടര്‍ വിജയങ്ങളെ എങ്ങനെ കാണുന്നു.
= അതിന് കാരണം പ്രതിപക്ഷത്തെ യോജിപ്പില്ലായ്മയാണ്. നോക്കൂ. ബീഹാറില്‍ പ്രതിപക്ഷകക്ഷികള്‍ ഒരുമിച്ചുനിന്നപ്പോഴുണ്ടായ ഫലം. പിന്നീട് ഗുജറാത്തിലും വിജയത്തിന് അടുത്തെത്താന്‍ കോണ്‍ഗ്രസിനായി. അതേസമയം ആദിവാസികളാണ് കോണ്‍ഗ്രസിനെ ഗുജറാത്തില്‍ കൈയൊഴിഞ്ഞത്. അവരെയും മുസ്‌ലിംകളെയും കുറെക്കൂടി ശക്തിയായി വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നെങ്കില്‍ ഗുജറാത്തില്‍ വിജയിക്കാനാകുമായിരുന്നു. 30 ശതമാനത്തോളം ആദിവാസികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

? എന്നിട്ടും കച്ച്, സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കിയല്ലോ.
= ഗ്രാമീണ മേഖലയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞത് ഉണ്ടായില്ലെന്ന് മാത്രമല്ല, ഗ്രാമീണ കാര്‍ഷിക-ചെറുകിട മേഖലയുടെ തകര്‍ച്ചക്കാണ് അത് വഴിവെച്ചത്. ഇത് ഇനിയും നടക്കും. ബി.ജെ.പിയില്‍ നിന്ന ്പിന്നാക്കക്കാരും ദലിതുകളും തിരിച്ചുപോക്കിലാണിപ്പോള്‍. ബ്രാഹ്മണരിലെ തന്നെ ചിന്തിക്കുന്നവരും കൂടെ നില്‍ക്കും. ബ്രാഹ്മണിസത്തിനെതിരാണ് നാം. ബ്രാഹ്മണര്‍ക്കെതിരല്ല. ഇത് തിരിച്ചറിയപ്പെടണം.

? താങ്കളുടെ വീക്ഷണത്തില്‍ കോണ്‍ഗ്രസിതര കക്ഷികളുടെ റോളെങ്ങനെയാണ്.
= വിവിധ കക്ഷികളും സംഘടനകളും ഉണ്ടായിക്കൊള്ളട്ടെ. അവര്‍ ഒരു ഏകോന്മുഖമായ ലക്ഷ്യത്തിനായിരിക്കണം പ്രയത്‌നിക്കേണ്ടത്. ദലിതുകള്‍ക്കുപോലും ഇന്ത്യയില്‍ നൂറുകണക്കിന് സംഘടനകളും കക്ഷികളുമുണ്ട്. മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പോലുള്ളവ അംബേദ്കര്‍ ചിന്താധാരയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ പ്രധാനമായത് എല്ലാവരും ഒരേ ലക്ഷ്യത്തിലാണ് നീങ്ങുന്നത് എന്നതാണ്.

? ജിഗ്നേഷ് മേവാനിയെക്കുറിച്ച്. ഒരു രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയല്ലാതെ ജാതീയത തുടച്ചുനീക്കാനാവില്ലെന്നാണല്ലോ ജിഗ്നേഷും മറ്റും പറയുന്നത്.
= വിപ്ലവത്തെക്കുറിച്ച് അംബേദ്കറും പറഞ്ഞിട്ടുണ്ട്്. എന്നാലത് വിദ്യാഭ്യാസവും ബോധവത്കരണവും മനോഭാവം കൊണ്ടാണ് ഉണ്ടാകേണ്ടത്. രക്തം ചിന്തിയത് കൊണ്ട് ലക്ഷ്യം നേടണമെന്നില്ല.

? ദലിത്- മുസ്്‌ലിം സാഹോദര്യത്തെക്കുറിച്ച്.
= ദലിതുകള്‍ ജാതീയതയുടെ ഇരകളാണ്. മുസ്്്‌ലിംകളുടെ കാര്യത്തിലും അത് കുറെയൊക്കെ വടക്കേ ഇന്ത്യയില്‍ ശരിയാണ്. ഇന്നും ദലിതുകളോടൊപ്പം തന്നെയാണ് മുസ്‌ലിംകളുടെയും സാമ്പത്തികാവസ്ഥ. അവരിരുകൂട്ടരും കഴിയുന്നത് കൊടിയ സാമ്പത്തിക ഉച്ചനീചത്വത്തിന്റെ ഇരകളായാണ്. അതുകൊണ്ടുതന്നെ ഇന്ന് വലിയൊരു യോജിച്ച മുന്നേറ്റത്തിന് ഇരുകൂട്ടര്‍ക്കും തമ്മില്‍ ഏറെ പ്രസക്തിയുണ്ട്.

? ജഗജീവന്റാമിനെപോലെ വലിയ ദലിത് നേതാക്കളോ മുസ്്‌ലിം നേതാക്കളോ ഇക്കാലത്ത് ഉയര്‍ന്നുവരാത്തത് എന്തുകൊണ്ടാണ്.
= പല പാര്‍ട്ടികളിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലടക്കം, സവര്‍ണ നേതാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വ്യക്തികള്‍ക്കല്ല പ്രസക്തിയെങ്കിലും ഒരു പരിധിവരെ നയരൂപീകരണത്തില്‍ സവര്‍ണ താല്‍പര്യങ്ങള്‍ പ്രകടമാകുന്നുണ്ട്. എന്നാലവര്‍ ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നെന്ന് പറയാനാവില്ല. മുമ്പുകാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നതുപോലുള്ള ബൗദ്ധിക നേതൃത്വം ഇനിയുമുണ്ടാകണം. മൃദുഹിന്ദുത്വം ബി.ജെ.പിക്കേ ഗുണം ചെയ്യൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.