Connect with us

Video Stories

തെരഞ്ഞെടുപ്പിന് നിലമൊരുക്കുന്ന ബി.ജെ.പി

Published

on

സലീം പടനിലം

രാജ്യത്തെ പിന്നാക്ക, ദലിത്, മത ന്യൂനപക്ഷങ്ങള്‍ സങ്കീര്‍ണങ്ങളായ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് മുസ്‌ലിംകള്‍. ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്‍ നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്‍. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വവും ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്‍ വര്‍ത്തമാന ഇന്ത്യ തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന മനോഭാവമാണ് ചിലര്‍ വെച്ചുപുലര്‍ത്തുന്നത്. ഇന്ത്യ ആരുടെയും കുത്തകയല്ല; രാജ്യത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയ പൗരന്റേതുമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് എന്നോ പാഴ്‌സിയെന്നോ ബുദ്ധനെന്നോ ജൈനനെന്നോ മതമുള്ളവനെന്നോ ഇല്ലാത്തവനെന്നോയെന്ന യാതൊരു വ്യത്യാസവുമില്ല.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. അവരുടെ വിശ്വാസാചാരങ്ങളെ പോലും ചോദ്യം ചെയ്യപ്പെടുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അതിന്റെ പ്രകടമായ തെളിവാണ് മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും പുതിയ സംവരണ ബില്ലുമൊക്കെ.
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്ത മുത്തലാഖ് ബില്‍ (മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമം) ലക്ഷ്യമിടുന്നത് മുസ്‌ലിം സ്ത്രീകളുടെ സുരക്ഷിതത്വത്തേക്കാളുപരി ഇപ്പേരില്‍ മുസ്‌ലിം യുവാക്കളെ എങ്ങിനെ തടങ്കലിലിടാമെന്നതാണെന്ന ധാരണ ശക്തമാണ്. ഒരുമിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ നല്‍കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. മറ്റൊന്ന് മുത്തലാഖ് ചൊല്ലി തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍ ഭാര്യക്ക് ജീവനാംശവും നല്‍കണമെന്നതാണ്. ഇതെങ്ങിനെ സാധ്യമാകും? തൊഴില്‍ ചെയ്തു പണമുണ്ടാക്കാന്‍ അവസരമില്ലാതെ ജയിലില്‍ കഴിയുന്നയാള്‍ എങ്ങിനെയാണ് ജീവനാംശം നല്‍കുക? മുസ്‌ലിം വനിതകള്‍ അനുഭവിക്കുന്ന വിവേചനവും പീഡനവും അവസാനിപ്പിക്കാനാണ് മുത്തലാഖ് ബില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മറ്റു പല മതവിഭാഗങ്ങളിലും സ്ത്രീകള്‍ കൊടിയ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നിരിക്കെ, മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ എന്തിനിത്ര ആവേശം കാണിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാന്‍ ഗാര്‍ഹിക പീഡന വിരുദ്ധ നിയമം നിലവിലുണ്ട്. ഇത് മുസ്‌ലിംകള്‍ക്കും ബാധകമാണെന്നിരിക്കെ, പിന്നെന്തിനാണ് മുസ്‌ലിംകള്‍ക്കു മാത്രമായി പ്രത്യേകമൊരു വനിതാവിവാഹ സംരക്ഷണ നിയമമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീകളോടുള്ള അനുകമ്പയല്ല, മറിച്ച് രാജ്യം മുസ്‌ലിംകള്‍ക്ക് അനുവദിച്ചതും ഭരണഘടന സംരക്ഷണം ഉറപ്പ് നല്‍കിയതുമായ ‘മുസ്‌ലിം വ്യക്തിനിയമം’ തന്നെ ഇല്ലാതാക്കി മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വത്തെ നിഷ്‌കാസനം ചെയ്യുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനൊക്കുമോ? അതിന്റെ ആദ്യപടിയായി വേണം മുത്തലാഖ് വിരുദ്ധ ബില്ലിനെ കാണാന്‍. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ നിയമത്തിനുകീഴിലുള്ളതാണ്. അതിന് ക്രിമിനല്‍ ശിക്ഷ നല്‍കുന്നത് ശരിയായ നടപടിയല്ല. സിവില്‍ നിയമപ്രകാരം കാണേണ്ട തെറ്റ് ക്രിമിനല്‍ കുറ്റമാകുമ്പോള്‍ യഥാര്‍ഥത്തില്‍ വാദിക്കും പ്രതിക്കും നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. തലാഖ് ഒന്നായാലും മൂന്നും ഒന്നിച്ചു ചൊല്ലിയാലും ഫലത്തില്‍ ഭാര്യയെ ഉപേക്ഷിക്കലാണത്. എന്നാല്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് മറ്റു സമുദായങ്ങളിലെല്ലാം സിവില്‍ കുറ്റമാണ്. എന്തുകൊണ്ട് മുസ്‌ലിം സമുദായത്തില്‍ മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറുന്നു? ബില്ലിലെ ഇസ്‌ലാമിക വിരുദ്ധത ചൂണ്ടിക്കാട്ടുമ്പോള്‍, ഇത് മതവിഷയമല്ല ലിംഗ നീതിയുടെ പ്രശ്‌നമാണെന്നാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും പറയുന്നത്. സ്ത്രീമാന്യത, തുല്യനീതി, ലിംഗനീതി എന്നിങ്ങിനെയുള്ള വിഷയങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. അങ്ങിനെയെങ്കില്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും എന്തുകൊണ്ടാണ് അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുന്നത്? ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പാക്കാന്‍ സഹായകമായ നിയമ നിര്‍മാണത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാവുന്നില്ല? സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കിലും മുത്തലാഖ്, ശബരിമല വിഷയങ്ങള്‍ സമാനമല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നത്. മുത്തലാഖ് സ്ത്രീ-പുരുഷ സമത്വത്തിന്റേതും ശബരിമലയിലെ യുവതി പ്രവേശന വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. യഥാര്‍ഥത്തില്‍ ലിംഗനീതിയല്ല; തികഞ്ഞ മുസ്‌ലിം വിരുദ്ധതയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതെന്ന് ഈ ഇരട്ടത്താപ്പിലൂടെ ബോധ്യപ്പെടും.
ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലും മുസ്‌ലിം വിരുദ്ധത പ്രകടമാണ്. അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40.07 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 3.29 കോടി ജനങ്ങളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അസമില്‍ 2.89 കോടി പേര്‍ മാത്രമാണ് അവസാന കരട് പ്രകാരം പൗരന്മാരായിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് അനുഭവപ്പെടുന്നതായും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൗരന്മാരെ രജിസ്റ്റര്‍ ചെയ്യുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമാക്കിയുള്ള ഗൂഢനീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷത്തിലേറെ പേരെയാണ് പൗരത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ – 2019 സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതു പ്രകാരം 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം ലഭിക്കും. അതത് രാജ്യങ്ങളില്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ എന്ന ന്യായീകരണത്തില്‍ ആയിരങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിലൂടെ അനധികൃത കുടിയേറ്റത്തിന് കൈയ്യൊപ്പ് ചാര്‍ത്തുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍. മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങളായ റോഹിംഗ്യകള്‍ കൊടിയ പീഡനങ്ങളെത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം അഭയംതേടി ഇന്ത്യയിലെത്തുമ്പോള്‍ അവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയോടിക്കുന്നവര്‍ക്ക് എങ്ങിനെയാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ചേക്കേറിയ ന്യൂനപക്ഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ കഴിയുക? മുത്തലാഖ് പോലെ പൗരത്വ ഭേദഗതി ബില്ലും ബി. ജെ.പിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. മുസ്‌ലിംകളെ മാറ്റിനിര്‍ത്തുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നത് സ്പഷ്ടമാണ്. പൗരത്വത്തെ വര്‍ഗീയമായി വേര്‍തിരിക്കുന്നതിലൂടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹിത മൂല്യങ്ങളെയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ നിരാകരിക്കുന്നത്.
ഉയര്‍ന്ന ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെത്തിക്കൊണ്ടുള്ള 124ാം ഭരണഘടനാ ഭേദഗതി ബില്‍-2019 പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ പാസാക്കിയെടുക്കുകയുണ്ടായി. ഇതും വര്‍ഗീയ പ്രീണനനയത്തിന്റെ ഭാഗമാണ്. സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള ഒന്നല്ല. മറിച്ച് അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ഒരു സുരക്ഷാപദ്ധതിയാണ്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ക്ലേശം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. പിന്നാക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു സാമ്പത്തിക സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ആവിഷ്‌കരിക്കുന്നത് നീതിയുക്തമല്ല.
എട്ടുലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്‍ വ്യവസ്ഥയിലാണ് പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ സംവരണ ആനുകൂല്യം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ മാനദണ്ഡമനുസരിച്ച് എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളും പുതുതായി സംവരണത്തിന് അര്‍ഹത നേടുന്നു. ഇതോടെ മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും സംവരണത്തിന് ഒരേ വരുമാന പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി യഥാര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ സാമുദായിക സംവരണം അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായതോടെ വര്‍ഗീയ പ്രീണനവും മത വിഭജനവും നടത്തി ഹിന്ദു വോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി സര്‍ക്കാരിന്റെ ധൃതിപ്പെട്ടുള്ള ഈ നിയമ നിര്‍മാണങ്ങള്‍. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുള്ള ഇത്തരം നീക്കങ്ങള്‍ അവരില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.