Connect with us

Video Stories

സീതി സാഹിബ് വന്നില്ലായിരുന്നുവെങ്കില്‍

Published

on

സി.പി സൈതലവി

അധികാരത്തിന്റെ കൊടിപ്പടങ്ങള്‍ തനിക്കായി താണുപറക്കുമ്പോള്‍, ദുനിയാവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആട്ടിയകറ്റപ്പെടുന്നവരുമായ ഒരു ജനതയുടെ ദുഃഖങ്ങളേറ്റുവാങ്ങാന്‍ പരദേശത്തേക്ക് ഇറങ്ങിപ്പുറപ്പെടുന്നത് രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത ത്യാഗമാണ്. 1921ലെ സ്വാതന്ത്ര്യകലാപങ്ങളില്‍ തകര്‍ന്നു തരിപ്പണമായ മലബാര്‍ ജനതയെ പുനരുദ്ധരിക്കാനും അവരില്‍ ആത്മാഭിമാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും ഉത്തേജകം കുത്തിവെക്കാനുമായി ജീവിതം തന്നെ മാറ്റിവെച്ച ഒരു മഹാപുരുഷഗാഥയാണ് കെ.എം. സീതി സാഹിബ്. വിദ്യാര്‍ഥി ജീവിതകാലത്തോട് ചേര്‍ന്നുതന്നെ മഹാത്മാഗാന്ധിയുടെ പ്രസംഗപരിഭാഷകന്‍, സ്വാതന്ത്ര്യസമര നേതാവ്, കൊച്ചി രാജാവിനും ദിവാനും ജനങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട യുവാവ്, ഇരുപത്തിരണ്ടാം വയസ്സില്‍ രാജ്യഭരണകാര്യാലയത്തിലേക്ക് കൊച്ചി ദിവാന്റെ ക്ഷണം, നാടെങ്ങും പുകള്‍പെറ്റ വാഗ്മി, യൗവനാരംഭത്തില്‍ കൈവന്ന എ.ഐ.സി.സി മെമ്പര്‍ സ്ഥാനം. പ്രായം ഇരുപതുകളില്‍ നില്‍ക്കുമ്പോള്‍തന്നെ കൊച്ചി നിയമസഭാംഗം, മൗലാനാ മുഹമ്മദലിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജീവചരിത്രകാരന്‍, സാഹിത്യകാരന്‍, കൊടുങ്ങല്ലൂരിലെ പ്രഭു കുടുംബസന്തതി, വക്കം മൗലവിയോടൊത്ത് സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര നായകന്‍, മുസ്‌ലിം ഐക്യസംഘത്തിന്റെ സാരഥി, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നിങ്ങനെ കീര്‍ത്തിമുദ്രകളുടെ ശോഭയില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് കെ.എം. സീതി സാഹിബ് മലയാളമണ്ണില്‍ നിലവിലില്ലാത്ത ഒരു പ്രസ്ഥാനത്തെ സ്ഥാപിക്കാന്‍ സര്‍വസംഗപരിത്യാഗിയായി ഇറങ്ങിപ്പുറപ്പെടുന്നത്. മലബാറില്‍ മുസ്‌ലിംലീഗിന്റെ വിത്തുപാകാന്‍ സത്താര്‍ സേട്ട് സാഹിബിനും അറക്കല്‍ അബ്ദുറഹിമാന്‍ ആദിരാജക്കും സി.പി. മമ്മുക്കേയി, ബി. പോക്കര്‍ സാഹിബ്, കെ. ഉപ്പിസാഹിബ്, ടി.എം. മൊയ്തു സാഹിബ്, മാഹിന്‍ ഷംനാട്, എ.കെ. കുഞ്ഞിമ്മായിന്‍ ഹാജി തുടങ്ങിയവര്‍ക്കുമൊപ്പം ഇരുണ്ട ഗ്രാമവീഥികളില്‍ നടന്നലഞ്ഞത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുമൊത്ത് സമുദായ പുരോഗതിയുടെ വഴിവെട്ടിയത്. പാണക്കാട് പൂക്കോയ തങ്ങള്‍, കെ.എം. മൗലവി, ഇ.കെ. മൗലവി, സി.എച്ച്. മുഹമ്മദ്‌കോയ തുടങ്ങിയ സഹപ്രവര്‍ത്തകരുമായി സമുദായത്തിന് പുതിയ ലോകം പണിതത്.
പഞ്ചാബിലെ ലാഹോറില്‍ രവി നദിയുടെ തീരം കൊടും ശൈത്യത്തിലമര്‍ന്ന 1929 ഡിസംബര്‍ 31ന്റെ പാതിരാത്രിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അധ്യക്ഷത വഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. 1930 ജനുവരി 26നു പൂര്‍ണസ്വരാജ് ആണെന്ന്. ആ പ്രതിജ്ഞക്കായി സമ്മേളനപന്തലില്‍ കൈനീട്ടി മുഷ്ടി ചുരുട്ടിനിന്ന മൂന്നു മലയാളികളിലൊരാള്‍ കെ.എം. സീതിസാഹിബാണ്.
മഹാത്മജി, മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, തന്റെ മാതൃകാ പുരുഷനായ മൗലാനാ മുഹമ്മദലി, സുഭാഷ് ചന്ദ്രബോസ്, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. കിച്‌ലു, അബുല്‍കലാം ആസാദ് തുടങ്ങി മഹാരഥന്മാര്‍ നിരന്നുനിന്ന സമ്മേളനത്തില്‍ പങ്കെടുത്ത കേരള പ്രതിനിധി. അതും മുപ്പതാം വയസ്സില്‍. ഈ ബഹുമതി മുദ്രകളൊന്നും സീതി സാഹിബിന്റെ പുതിയ പുറപ്പാടിനു പിന്‍വിളിയായില്ല.
്‌നൂറ്റാണ്ടുകളുടെ ദേശാഭിമാനപ്പോരാട്ടങ്ങളില്‍ അധികാരി വര്‍ഗത്തിന്റെ ക്രൂരമായ ആക്രമണങ്ങളാല്‍ തളര്‍ന്നുപോയ മലബാര്‍ മാപ്പിളയില്‍ അറിവും ആത്മബലവും ഉശിരും ഊഷ്മാവും പകര്‍ന്നു സീതി സാഹിബ്. സര്‍സയ്യിദിയന്‍ സന്ദേശമായ ആധുനിക വിദ്യാഭ്യാസത്തിലേക്കും അതുവഴി ആധുനിക രാഷ്ട്രീയത്തിലേക്കും ഈ നിസ്വജനതയെ അദ്ദേഹം കൈപിടിച്ചു. പത്രവും പാര്‍ട്ടിയും പള്ളിക്കൂടങ്ങളുമുണ്ടാക്കി. മതവിദ്യാ കേന്ദ്രങ്ങളും, അനാഥ ശാലകളും പണിതു. 1934ല്‍ ‘ചന്ദ്രിക’ സ്ഥാപിച്ചു. 1934 മുതല്‍ നഗര, ഗ്രാമവീഥികളില്‍ ഹരിതപതാക പറന്നുതുടങ്ങി. 1937ല്‍ വ്യവസ്ഥാപിതമായ സംഘടനാ സംവിധാനം കൊണ്ടുവന്നു. മലബാറും കടന്ന് കൊച്ചിയും തിരുവിതാംകൂറുമായി ആ ജൈത്രയാത്ര പടര്‍ന്നു ന്യൂനപക്ഷം തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ പൊതുവിദ്യാലയങ്ങള്‍ സ്ഥാപിച്ചു. സ്‌കോളര്‍ഷിപ്പുകള്‍ നടപ്പാക്കി. സ്ത്രീ വിദ്യാഭ്യാസത്തിനു വാതില്‍ തുറന്നു. ഫാറൂഖ് കോളജും പിന്നെയും കലാലയങ്ങള്‍ പലതും സ്ഥാപിച്ചു. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനും സ്വതന്ത്ര തൊഴിലാളി യൂണിയനും രൂപീകരിച്ചു. ഗവണ്‍മെന്റ് സര്‍വീസില്‍ സാമുദായിക സംവരണത്തിനായി പൊരുതി. വിഭജനത്തിന്റെ മുറിപ്പാടുകള്‍ മലയാള മണ്ണിനെ സ്പര്‍ശിക്കാതെ കാത്തു. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ ഖാഇദേമില്ലത്തിനൊപ്പം ദേശാടനം നടത്തി. അധികാരം കാണിച്ച് ഭയപ്പെടുത്തി നിര്‍ത്തിയ ജനത അധികാര ശക്തിയാകുന്ന വിദ്യ സീതി സാഹിബ് ഇന്ത്യന്‍ രാഷ്ട്രീയത്തിനു വരച്ചുകാണിച്ചു. ദേശക്കൂറ് ചോദ്യംചെയ്തവരോട് ന്യായം നിരത്തി തെളിയിക്കുന്ന നിസ്സഹായതയല്ല; പറയാന്‍ മനസ്സില്ല എന്ന ചങ്കൂറ്റമാണ് മറുപടി എന്നു പഠിപ്പിച്ചു. ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവാന്‍ മുസ്‌ലിംലീഗ് മതിയാവില്ലെന്ന് പരിഹസിച്ചവര്‍ക്കു മുന്നിലൂടെ ഈ പച്ചക്കൊടിയുമായി രാജ്യഭരണത്തോളം വളരാനാവുമെന്ന് പ്രത്യുത്തരം നല്‍കി ആ ദര്‍ശനം.
1960ല്‍ കേരള നിയമസഭയുടെ സ്പീക്കറായി അദ്ദേഹം. 1961 ഏപ്രില്‍ 17ന് 62-ാം വയസ്സില്‍ സീതി സാഹിബ് അന്തരിക്കുമ്പോള്‍, ഒരുകാലം നിരക്ഷരരും നിര്‍ധനരുമായിരുന്ന തന്റെ സമുദായം അറിവിന്റെയും അധികാരത്തിന്റെയും ഉയര്‍ന്ന പടവുകളിലേക്ക് ചുവടുവെച്ചുതുടങ്ങിയിരുന്നു. കേരളത്തിന്റെ മതമൈത്രിയുടെ കാവല്‍പ്പടയായി, ജനാധിപത്യത്തിന്റെ തേരാളികളായി മുസ്‌ലിംലീഗിനെ നാട് അംഗീകരിച്ചുകഴിഞ്ഞിരുന്നു. പിന്നെയും ദൂരങ്ങള്‍ താണ്ടാനുള്ള പാഥേയമായിരുന്നു സീതിസാഹിബിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. ഏത് കൊടുങ്കാറ്റിലും ഒരു വിശ്വാസിയുടെ ജീവിതനിഷ്ഠകള്‍ പുലര്‍ത്തിയും മുസ്‌ലിംലീഗിന്റെ കൊടിയുയര്‍ത്തിയും നിര്‍ഭയം പ്രയാണം തുടരാനുള്ള ഇന്ധനം. ”എന്റെ ജീവനുള്ള കാലത്തോളം മുസ്‌ലിംലീഗിനെ നശിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും” എന്ന് മദിരാശി സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയും ഉഗ്ര പ്രതികാരമൂര്‍ത്തിയുമായ ഡോ. സുബ്ബരായന്‍ ഭീഷണി മുഴക്കിയപ്പോള്‍ ”എന്റെ ജീവനുള്ള കാലത്തോളം ഞാനതിനെ നിലനിര്‍ത്തുക തന്നെ ചെയ്യും” എന്ന് മുഖമടച്ച് മറുപടി നല്‍കാന്‍ ഭയന്നില്ല സീതിസാഹിബ്. മത, കക്ഷി ഭേദമന്യെ സര്‍വരാലും അംഗീകരിക്കപ്പെടുന്നവരായിരിക്കണം മുസ്‌ലിംലീഗ് പ്രവര്‍ത്തകരെന്ന് സ്വജീവിതത്താല്‍ അദ്ദേഹം മാതൃക കാണിച്ചു.
ക്രൈസ്തവ പുരോഹിതനും രാഷ്ട്രീയ നേതാവും പത്രാധിപരുമെല്ലാമായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ പറഞ്ഞു: ”ആഴം കൂടുംതോറും ഓളം കുറഞ്ഞുവരുന്ന ഒരു കടലായിരുന്നു സീതി സാഹിബ്. സ്പീക്കര്‍ സീതി സാഹിബിനെകുറിച്ച് ന്യൂ ഡല്‍ഹിയിലും ബോംബെയിലുമുണ്ടായിരുന്ന അഭിപ്രായം ചില ഉന്നത വ്യക്തികളിലൂടെ ഞാന്‍ കേട്ടിട്ടുണ്ട്. പ്രശസ്തനായൊരു കോണ്‍ഗ്രസ് നേതാവ് ഒരിക്കല്‍ എന്നോട് പറഞ്ഞു: കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ അസോസിയേറ്റഡ് മെമ്പര്‍മാരാകാനെങ്കിലും ലീഗ് എം.എല്‍.എമാര്‍ സമ്മതിക്കുകയാണെങ്കില്‍ സീതിസാഹിബായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി.”
രാജ്യത്തറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും തിരുകൊച്ചി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്‍ താന്‍ അടുത്തറിഞ്ഞ സീതിസാഹിബിനെക്കുറിച്ച് മനസ്സ് തുറന്നെഴുതി:
‘ജനാബ് സീതി സാഹിബിന്റെ മരണംമൂലം തികഞ്ഞ വ്യക്തിത്വവും അഭിപ്രായസ്ഥൈര്യവും ഉള്ള ഒരു മഹാനാണ് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനെപ്പറ്റി സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനിതരസാധാരണമായ വാഗ്മിത്വമാണ് ഏറ്റവും വലിയ യോഗ്യത എന്നതുകൊണ്ടല്ല ഞാനിതു പറയുന്നത്. അദ്ദേഹത്തിനെ ഞാനാദ്യമായി കണ്ടത് നിര്‍ഗളം പ്രവഹിക്കുന്ന വാചോധാരയോടുകൂടി ഒരു പ്രസംഗം ചെയ്യുമ്പോഴാണ്. അന്നു ഞാന്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും സീതി സാഹിബ് സര്‍വകലാശാലാ ബിരുദം പുതിയതായി നേടിയ ഒരു അഭിഭാഷകനുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ വലിയ ഹാളില്‍, ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ നാനാവശങ്ങളെപ്പറ്റി പ്രഗത്ഭമായി പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന സീതിസാഹിബിന്റെ രൂപം എന്റെ മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞിട്ടില്ലാത്ത ഒരു ചിത്രമാണ്. പ്രസംഗകലയില്‍, മലയാളത്തിലെ പ്രസംഗകരില്‍ അത്യുന്നതമായ ഒരു സ്ഥാനം പരേതന്‍ അലങ്കരിച്ചിരുന്നു. കര്‍ണാനന്ദകരമായ ശബ്ദമാധുര്യം, സാഹിത്യഭംഗിയുള്ളതും കുറ്റമറ്റതുമായ ഭാഷാ ശൈലി, അര്‍ഥശങ്കക്കിടം നല്‍കാത്ത പ്രസാദഗുണം, ആശയ പൗഷ്‌കല്യം, സര്‍വോപരി പുളകോദ്ഗമകാരിയായ വചഃപ്രസരം ഇതെല്ലാമായിരുന്നു അദ്ദേഹത്തെ അത്രക്ക് ഉന്നതനായ ഒരു വാഗ്മിയാക്കി ഉയര്‍ത്തിയത്.
അദ്ദേഹം കോണ്‍ഗ്രസ് രംഗത്തുനിന്നു മാറിയത് ആ സംഘടനക്ക് എത്രമാത്രം നഷ്ടമായോ, അത്രതന്നെ ലീഗിന് അത് ഒരു ശക്തിയുമായിരുന്നു. കേരള മുസ്‌ലിംലീഗിന്റെ മസ്തിഷ്‌കമായിരുന്നു സീതിസാഹിബെന്ന് ഞാന്‍ ധരിച്ചിട്ടുണ്ട്.
ലീഗിന്റെ നേതാവെന്ന നിലയില്‍ അദ്ദേഹത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം അദ്ദേഹം ഒരു സന്ദര്‍ഭത്തിലും വെടിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷ ബഹുമാനമാകുന്നു. ശാന്തതയും ശാലീനതയും തികഞ്ഞ ഒരു മഹാനില്‍ ഔന്നത്യമോ പരനിന്ദാ സ്വഭാവമോ ഉണ്ടാവുകയില്ലല്ലോ.
കേരള നിയമസഭയുടെ സ്പീക്കറെന്ന നിലയില്‍ അദ്ദേഹത്തിന് വമ്പിച്ച വിജയമാണുണ്ടായിട്ടുള്ളത്. ആരേയും മുഷിപ്പിക്കാതെ, ദൃഢതയോടുകൂടി, സഭാനടപടികള്‍ നിയന്ത്രിക്കുന്നതിലാണ് ഒരു സഭാധ്യക്ഷന്റെ വൈഭവം. ക്ഷമ, വിവേകം, തന്റേടം മുതലായ അസുലഭഗുണങ്ങള്‍ ഉള്ളവര്‍ക്കേ ഇതു സാധിക്കൂ. വജ്രംപോലെ കഠിനമായും പുഷ്പംപോലെ മൃദുവായും പെരുമാറുവാന്‍ സാധിക്കുന്നവരായിരിക്കണം നിയമസഭാധ്യക്ഷന്മാര്‍. സീതിസാഹിബിന് ഇതു സാധിച്ചിട്ടുണ്ട്. സ്പീക്കറായി ജോലിയിലിരിക്കുമ്പോള്‍ അന്തരിച്ചതിനാല്‍ മാത്രമല്ല, അത്യധികം വൈഭവത്തോടുകൂടി വിഷമംപിടിച്ച ആ ജോലി നിര്‍വഹിച്ചതുകൊണ്ടും ”സ്പീക്കര്‍ സീതി സാഹിബ്” എന്ന് കേരളം എന്നും അദ്ദേഹത്തെ സ്മരിക്കും (സീതി സാഹിബ് സ്മാരക ഗ്രന്ഥം).
സീതി സാഹിബിന്റെ ജീവിത നന്മയും ഭാവശുദ്ധിയും കമ്യൂണിസ്റ്റ് നേതാവും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടും ശാസ്ത്ര-സാഹിത്യകാരനും പി.എസ്.സി അംഗവുമായിരുന്ന പി.ടി. ഭാസ്‌ക്കരപ്പണിക്കരുടെ വാക്കുകളില്‍ തുടിച്ചുനില്‍പ്പുണ്ട്:
‘1955-ല്‍ ആണെന്നു തോന്നുന്നു. അന്നു ഞാന്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടാണ്. കോഴിക്കോട്ടുനിന്ന് അതിരാവിലെയുള്ള വണ്ടിയില്‍ ഷൊറണൂരിലേക്കു പോവുകയാണ്. വഴിക്കുവെച്ചു തിരൂര്‍ സ്റ്റേഷനില്‍ കാപ്പി കുടിക്കാനിറങ്ങി. അതേ വണ്ടിയില്‍ത്തന്നെ സീതിസാഹിബും യാത്ര ചെയ്തിരുന്നു. ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പര്‍ മൊയ്തീന്‍കുട്ടി ഹാജി സ്റ്റേഷനിലുണ്ടായിരുന്നു. അദ്ദേഹം എന്നെ സീതിസാഹിബിനു പരിചയപ്പെടുത്തിക്കൊടുത്തു. കൈപിടിച്ചുകുലുക്കലും കുശലപ്രശ്‌നങ്ങളും നടന്നു. വെറും ഉപചാരത്തിനുവേണ്ടിയായിരുന്നില്ല അതെന്ന് എനിക്കു തോന്നി.
പിന്നീട് ഞങ്ങള്‍ ഒന്നിച്ചാണ് കുറെ ദൂരം സഞ്ചരിച്ചത്. ഭംഗിയായി, കാര്യം മനസ്സിലാക്കി സംസാരിക്കാന്‍ സീതിസാഹിബിനുള്ള കഴിവ് എനിക്കന്നുതന്നെ ബോധ്യമായി. എന്നാല്‍ അതിലുമധികം എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സാധാരണക്കാരോടുള്ള പെരുമാറ്റമായിരുന്നു. വണ്ടി ഏതു സ്റ്റേഷനില്‍ നിന്നാലും അദ്ദേഹം പുറത്തിറങ്ങിനില്‍ക്കും. അദ്ദേഹത്തെ അറിയുന്ന മുസ്‌ലിം കാരണവന്മാരും ചെറുപ്പക്കാരും ഉടന്‍ ചുറ്റും വന്നുകൂടും. പിന്നെ എല്ലാവരോടും സുഖവിവരങ്ങളന്വേഷിക്കലായി, അഭിപ്രായം പറയലായി. വണ്ടി പുറപ്പെടുമ്പോഴേക്കും അവിടെക്കൂടിയവരിലദ്ദേഹത്തെ അറിയുന്നവരോടെല്ലാം എന്തെങ്കിലും രണ്ടുവാക്ക് അദ്ദേഹം സംസാരിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന്റെ വാക്കും നോട്ടവും ചിരിയുമെല്ലാം സൗഹാര്‍ദം നിറഞ്ഞതായിരിക്കും.
ഒരു നേതാവിനുണ്ടാവേണ്ട ഗുണങ്ങളില്‍ വളരെ പ്രധാനമാണിത്. താന്‍ നേതാവാണെന്ന മട്ടില്‍ കഴുത്തിനു ഘനംപിടിപ്പിച്ച്, ഒന്നു തിരിഞ്ഞുനോക്കുന്നതുപോലും അന്തസ്സിനു കുറവാണെന്ന മട്ടില്‍ നടക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍ സീതിസാഹിബില്‍നിന്നു പാഠിക്കേണ്ട ഒരു പാഠമാണിത്. സാധാരണക്കാരോടു ഭംഗിയായും നന്നായും പെരുമാറുക, അവരുമായി സംസാരിക്കാന്‍ കിട്ടിയ അവസരം തികച്ചും ഉപയോഗിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുക, ചെറുപ്പക്കാരായാലും വൃദ്ധന്മാരായാലും ഓരോരുത്തരോടും മിതമായും തന്റേടത്തോടുകൂടിയും പെരുമാറുക -സീതിസാഹിബിനുള്ള പ്രത്യേകതകളാണിത്. അദ്ദേഹത്തില്‍നിന്നു പഠിച്ച ആ പാഠം പ്രയോഗത്തില്‍വരുത്താന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ അടുത്തൊന്നും എത്താനെനിക്കു കഴിഞ്ഞിട്ടില്ല.
വളരെ ആലോചിച്ചുകൊണ്ടേ അദ്ദേഹം അഭിപ്രായങ്ങള്‍ വല്ലതും പറയൂ. പക്ഷേ എന്നെ ആകര്‍ഷിച്ചതു -മറ്റെന്തിനേക്കാളും- ആ അകമഴിഞ്ഞ, ആത്മാര്‍ഥമായ പെരുമാറ്റമാണ്. വെറും ‘പോളീഷിട്ട’ പെരുമാറ്റമായിരുന്നില്ല, ഉള്ളില്‍തട്ടിയ ഔദാര്യബോധത്തില്‍നിന്നു വളര്‍ന്നതും ജീവിതസമരത്തില്‍ക്കൂടി ശീലിച്ചതുമായ ഒന്നായിരുന്നു അത്. അനുകരണീയമായ ഒരു മഹല്‍ഗുണമാണത്. (സീതി സാഹിബ് സ്മാരക ഗ്രന്ഥം).
1947; ഖാഇദേമില്ലത്തും സീതിസാഹിബും ഒരു ജനതയുടെ കണ്ണീരും കിനാക്കളും പങ്കുവെച്ച് ആ കല്‍ക്കത്ത യാത്ര നടത്തിയില്ലായിരുന്നുവെങ്കില്‍; ഇന്ത്യയിലവശേഷിക്കുന്ന മുസ്‌ലിം നേതാക്കളില്‍ രാഷ്ട്രീയ ചെങ്കോലും കിരീടവുമുള്ള സുഹ്ര്‍വര്‍ദിയുടെ ഉള്ളിലിരിപ്പ് തകര്‍ക്കാന്‍ അവരിരുവരും ഓടിക്കിതച്ചെത്തിയില്ലായിരുന്നുവെങ്കില്‍; ഒരു നവംബറിന്റെ നഷ്ടമായി, നിത്യനൈരാശ്യമായി; തീരാശോകമായി സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ- വിഭജനത്തിന്റെ ചോരപ്പാടുകളില്‍ വീണുപോയവരെ ഞെരിച്ചമര്‍ത്തി രാഷ്ട്രീയ രഥങ്ങള്‍ കുതിച്ചുപായുമ്പോള്‍ ആ നിലവിളിയൊന്ന് അധികാര കേന്ദ്രങ്ങളെ കേള്‍പ്പിക്കാന്‍ പോലും മറ്റാരും വരില്ലായിരുന്നു. അനിശ്ചിതവും അനന്തവുമായ മരുപ്പറമ്പിലാണ് ആ രണ്ടു സാത്വികന്‍ സമുദായത്തിനു മീതെ പ്രത്യാശയുടെ പച്ചക്കുട നിവര്‍ത്തിയത്. 1930കളില്‍ സീതി സാഹിബ് തെക്കുനിന്ന് വടക്കോട്ട്; മലബാറിന്റെ മണ്ണിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ കേരളമാകെ, രാജ്യമാകെ പടരാന്‍ ന്യൂനപക്ഷ പിന്നാക്ക രാഷ്ട്രീയത്തിന്റെ സംഘശക്തിക്ക് ഈ മണ്ണ് പാകപ്പെടുമായിരുന്നോ?

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.