Connect with us

Video Stories

മുഹമ്മദലി ജിന്ന: നിലപാടുകളുടെ ജീവിതം- 2

Published

on

മുസ്തഫ തന്‍വീര്‍

ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്, അല്ലാതെ അതിന്റെ പുറത്തല്ല, ഉപഭൂഖണ്ഡത്തിലെ മുസ്ലിം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമന്വേഷിക്കേണ്ടത് എന്ന ജിന്നയുടെ നിലപാട്, പടിഞ്ഞാറന്‍ രാഷ്ട്രമീമാംസയെ ഒരേ സമയം പുല്‍കുകയും പ്രഹരിക്കുകയും ചെയ്യുന്നതാണ്. മുസ്ലിംകള്‍ സഹകരിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്യേണ്ട ഒന്നായി മതേതര ജനാധിപത്യത്തെ സമീപിക്കുന്ന മുസ്ലിം ലീഗ് ശൈലി മതപരമായി സാധൂകരണമുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് മത പണ്ഡിതനല്ലാത്ത ജിന്നയുടെ രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കാന്‍ കൊളോണിയല്‍ മലബാറില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെയും കെ.എം സീതി സാഹിബിനെയും കെ.എം മൗലവിയെയും എന്‍.വി അബ്ദുസ്സലാം മൗലവിയെയും പോലുള്ള ഭക്തരായ മുസ്ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും നേതാക്കളും മുന്നോട്ടുവന്നത്. ഇസ്ലാമികേതര ഭരണ സംവിധാനങ്ങളുടെ ഗുണഭോക്താക്കളാകുന്നത് ശിര്‍ക്കും കുഫ്റും ആണെന്ന, പ്രസിദ്ധ പണ്ഡിതനായിരുന്ന സയ്യിദ് മൗദൂദിയുടെ വാദത്തെ അവര്‍ നിരാകരിച്ചതും മതത്തെയും ജീവിക്കുന്ന സ്ഥലകാലത്തെയും ഒരുപോലെ ചൂഴ്ന്നുനിന്ന ജ്ഞാനപ്രഭ കൈമുതലായി ഉണ്ടായിരുന്നതുകൊണ്ടാണ്. എന്നാല്‍, മുസ്ലിംകള്‍ ബോധപൂര്‍വം ജനാധിപത്യത്തില്‍ സാമുദായിക പ്രാതിനിധ്യത്തിനുവേണ്ടി പരിശ്രമിക്കണമെന്ന ജിന്നയുടെ ഉള്‍കാഴ്ച, പടിഞ്ഞാറന്‍ മാതൃകയില്‍ ഉള്ള ഭരണക്രമങ്ങള്‍ മുസ്ലിംകളെ സ്വാഭാവികമായി സംരക്ഷിച്ചുകൊള്ളും എന്ന മിഥ്യാധാരണ അദ്ദേഹത്തിനില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. എല്ലാ മനുഷ്യരെയും തുല്യരായി പരിഗണിക്കുക എന്ന ജനാധിപത്യ പരികല്‍പന പ്രയോഗത്തില്‍ ഒരിക്കലും അങ്ങനെ ആയിരിക്കില്ലെന്ന തിരിച്ചറിവ് തന്നെയാണ് ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിംകള്‍ പ്രാന്തവല്‍കരിക്കപ്പെടാനുള്ള സാധ്യതയെ പരിഗണിച്ച് സമുദായം സ്വന്തം ഇടം രാഷ്ട്രീയ പോരാട്ടങ്ങള്‍ വഴി നേടിയെടുക്കണമെന്ന ‘ജിന്നാ തിസീസില്‍’ മുഴങ്ങുന്നത്. ഇവിടെ, പൗരന്മാരെ സമുദായങ്ങളില്‍ നിന്ന് സ്വതന്ത്രരായ നിരപേക്ഷ വ്യക്തികളായി ഭരണകൂടങ്ങള്‍ പരിഗണിക്കുമെന്ന ആധുനികതയുടെ അത്യുക്തിക്കുനേരെയുള്ള വിമര്‍ശനമുണ്ട്. മുസ്ലിം സ്വത്വം വിവേചനങ്ങള്‍ക്ക് കാരണമാകുമെന്ന ജിന്നയുടെ മുന്നറിവാണ് ദേശീയ പ്രസ്ഥാനവുമായി അദ്ദേഹത്തിനുണ്ടായ വിയോജിപ്പുകളുടെ മര്‍മ്മം തന്നെ. ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെ അടക്കിഭരിക്കുന്ന സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക ക്രമീകരണമായി ഉപഭൂഖണ്ഡത്തിലെ ജനാധിപത്യം രൂപാന്തരപ്പെടുന്നതിനെതിരിലുള്ള കണിശമായ ജാഗ്രതയാണ് ജിന്ന അടിസ്ഥാനപരമായി ബ്രിട്ടീഷ് ഗവണ്മെന്റില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ആവശ്യപ്പെട്ടത്. മുസ്ലിംകള്‍ക്ക് ന്യൂനപക്ഷം എന്ന നിലയിലുള്ള ഔദാര്യങ്ങളല്ല, മറിച്ച് രാജ്യത്ത് തുല്യ അര്‍ഹതയുള്ളവര്‍ എന്ന നിലയിലുള്ള സമകര്‍തൃത്വമാണ് വേണ്ടതെന്ന് കനപ്പിച്ച് പറയാന്‍ ജിന്ന ശ്രമിച്ചു. നെഹ്റു റിപ്പോര്‍ട്ടും ‘ജിന്നയുടെ പതിനാല് പോയിന്റുകളും’ തമ്മിലുള്ള സംഘര്‍ഷം മുതല്‍ക്കങ്ങോട്ട് ഇത് കൂടുതല്‍ പ്രകടമായി. ഇപ്പോള്‍ അക്കാദമിക രംഗത്ത് സജീവമാകുന്ന കീഴാള/സ്വത്വപഠനങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ വിശദമായി പരിഗണിക്കേണ്ടവരില്‍ ഒരാള്‍ തീര്‍ച്ചയായും ജിന്ന തന്നെ ആയിരിക്കും.
സ്വത്വസംബന്ധിയായ ബോധ്യങ്ങള്‍ മുസ്ലിം പ്രശ്നത്തിന് സമാനമായ പ്രതലത്തില്‍ ദലിത് പ്രതിസന്ധിയെയും പരിശോധിക്കാന്‍ ജിന്നയെ പ്രാപ്തനാക്കി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബി.ആര്‍ അംബേദ്കര്‍ മുതല്‍ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ വരെയുള്ള ദലിത് വിമോചന പോരാളികളുമായി ജിന്നയുടെ ആശയാവലിക്കുണ്ടായിരുന്ന സമാനതകള്‍ അവര്‍ തമ്മിലുള്ള വ്യക്തി സൗഹൃദത്തിനു മാത്രമല്ല, ദേശീയതയുടെ സവര്‍ണാഭിമുഖ്യത്തെ ഉന്നമാക്കിയുള്ള ഒരു ദലിത്-മുസ്ലിം വിമര്‍ശന പദ്ധതി കൊളോണിയല്‍ കാലഘത്തില്‍ തന്നെ രൂപം കൊള്ളാനും നിമിത്തമായി എന്നത് പ്രസക്തമാണ്. ബി.ആര്‍ അംബേദ്കര്‍ ഭരണഘടനാനിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ബംഗാള്‍ പ്രവിശ്യയില്‍ മുസ്ലിംലീഗ് അധികാരത്തിലെത്തിയതിന്റെ മാത്രം ബലത്തിലാണെന്ന് ഇന്ന് ഭരണഘടനയെ സംബന്ധിച്ച് വാചാലരാകുന്ന എത്ര പേര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാകും? അതിനേക്കാള്‍ ശ്രദ്ധേയമാണ്, ബംഗാളില്‍ നിന്നുള്ള അംബേദ്കറൈറ്റ് ജോഗേന്ദ്രനാഥ് മണ്ഡലിനെയാണ് പാക്കിസ്താന്റെ പ്രഥമ നിയമമന്ത്രിയായി ജിന്ന നിയമിച്ചതെന്ന കാര്യം. പാക്കിസ്താന്റെ ഭരണഘടനാരൂപീകരണത്തിലും നിര്‍ണായകമായ പങ്കാണ് ജോഗേന്ദ്രനാഥിന് ഉണ്ടായത്. ഹിന്ദുത്വത്തിന്റെ അധീശത്വ പ്രവണതയില്‍ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ദലിത്-മുസ്ലിം ഐക്യത്തിലൂന്നിയുള്ള രാഷ്ട്രീയം എന്ന ആശയത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്ന് തീര്‍ച്ചയായും ജിന്ന തന്നെയാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിനുള്ള പ്രസക്തിയെക്കുറിച്ച് ആരും തര്‍ക്കിക്കാനിടയില്ല. കേരളത്തില്‍ ദലിത്-മുസ്ലിം സഹവര്‍ത്തിത്വ രാഷ്ട്രീയ മുന്നേറ്റത്തെ സ്‌നിഗ്ധമാക്കുന്നതില്‍ മുസ്ലിം ലീഗ് നല്‍കിയ സംഭാവനകള്‍ പൊതുമണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന വസ്തുതയും ഇത്തരുണത്തില്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്.
ആധുനികതയോട് കോളനിവാസികള്‍ പ്രതികരിക്കേണ്ട രീതികളെ സംബന്ധിച്ച ഇളക്കാനാവാത്ത നിശ്ചയങ്ങളാണ് ജിന്നയുടെ രാഷ്ട്രീയത്തിന്റെ അന്തസത്ത എന്ന വസ്തുതയുടെ വെളിച്ചത്തില്‍ ദേശീയ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ഇടപാടുകളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ഒരര്‍ത്ഥത്തില്‍, സര്‍ സയ്യിദിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും തീര്‍ത്തും വിഭിന്നങ്ങളെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വഴികളെ തന്റേതായ രീതിയില്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ച മൗലികതയുള്ള രാഷ്ട്രീയക്കാരനായിരുന്നു ജിന്ന. ബാലഗംഗാധര തിലകന്റെയും ഭഗത് സിങിന്റെയും പൗരാവകാശങ്ങള്‍ക്കുവേണ്ടി കൊളോണിയല്‍ അധികാരികള്‍ക്കുമുന്നില്‍ ജിന്ന ശബ്ദമുയര്‍ത്തിയ കാര്യം പോലും ഓര്‍ക്കപ്പെടാത്ത നമ്മുടെ നാടിന്റെ പൊതുബോധത്തിന് മുസ്ലിം സാമുദായികതയുടെ സങ്കീര്‍ണ്ണതകളെയൊന്നും അഭിമുഖീകരിക്കാനുള്ള ശേഷിയുണ്ടാവില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഗവണ്മെന്റുമായി നടന്ന സായുധ സംഘട്ടനങ്ങളുടെ വഴിയില്‍ നിന്നുമാറി ജനാധിപത്യത്തിന്റെ വഴിയില്‍ ഇന്ത്യന്‍ അന്തസ്സിനുവേണ്ടി പൊരുതുക എന്ന ദര്‍ശനമാണല്ലോ കോണ്‍ഗ്രസിന്റെ ജന്മത്തിന് നിമിത്തമായത്. ജിന്നയെപ്പോലുള്ള ഒരു ‘ആധുനികതാ വാദി’ക്ക് തീര്‍ച്ചയായും താദാത്മ്യപ്പെടാവുന്ന ഒട്ടനേകം കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തട്ടകമായ ബോംബെ തന്നെയായിരുന്നു ജിന്നയുടെയും ആസ്ഥാന നഗരം. ഗോപാലകൃഷ്ണ ഗോഖലെയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ആകൃഷ്ടനായി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കം മുതല്‍ തന്നെ ജിന്ന ദേശീയ പ്രസ്ഥാനത്തില്‍ സജീവമാകുന്നുണ്ട്. ആനീ ബസന്റിന്റെ ഹോം റൂള്‍ ലീഗ് ജിന്നയുടെ പ്രധാന കര്‍മ്മരംഗങ്ങളില്‍ ഒന്നായിരുന്നു. ഇതെല്ലാം ആയിരിക്കെ തന്നെയാണ് ജിന്ന മുസ്ലിംലീഗുകാരന്‍ കൂടി ആകാന്‍ തീരുമാനിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമരാവേശം ലീഗിന് പകര്‍ന്നുനല്‍കുകയും ലീഗ് ഉന്നയിക്കുന്ന മുസ്ലിം പ്രശ്‌നം കോണ്‍ഗ്രസിനെ മനസ്സിലാക്കിക്കുകയും ചെയ്താല്‍ രണ്ട് പ്രസ്ഥാനങ്ങള്‍ക്കും കൈകോര്‍ത്ത് നടക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസക്കാരന്‍ ആയിരുന്നു ജിന്ന. ഈ ദിശയില്‍ അദ്ദേഹം നടത്തിയ അധ്വാനങ്ങളാണ് കോണ്‍ഗ്രസും മുസ്‌ലിംലീഗും തമ്മില്‍ 1916ലെ ചരിത്രപ്രസിദ്ധമായ ലക്‌നൗ കരാറിന് കളമൊരുക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിന്റെ ‘ജനകീയ ഘട്ട’ത്തില്‍ പ്രവര്‍ത്തിച്ചത് ഒരു ആധുനിക ദേശീയ പ്രസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ അല്ലെന്ന് ജിന്ന കരുതി. ജനാധിപത്യ മതനിരപേക്ഷതയുടെ ആധുനിക ഭാഷ ഉപേക്ഷിച്ച് ഹിന്ദു ആത്മീയ രൂപകങ്ങളില്‍ രാഷ്ട്രീയം സംസാരിക്കാനുള്ള ശ്രമം ദേശീയ പ്രസ്ഥാനത്തിന്റെ കാലോന്മുഖതക്ക് പരിക്കേല്‍പിക്കുന്നതും ഹിന്ദു പുനരുത്ഥാനവാദികള്‍ക്ക് സാംസ്‌കാരികാന്തരീക്ഷം ഒരുക്കുന്നതും ആണെന്നായിരുന്നു ജിന്നയുടെ പക്ഷം. ഇത് മുസ്ലിം താല്‍പര്യങ്ങളെ മാത്രമല്ല, ഇന്ത്യയുടെ രാഷ്ട്രീയ ആധുനികവത്കരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ജിന്ന വിശ്വസിച്ചത്. തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ ജിന്നക്ക് വിപ്രതിപത്തി വളര്‍ന്നത്‌കോണ്‍ഗ്രസ് എന്ന ആശയത്തോട് പൂര്‍ണമായല്ല, പ്രത്യുത അതിന്റെ ചില ആവിഷ്‌കാരങ്ങളോടാണെന്ന് പറയാവുന്നതാണ്.
ജിന്ന കോണ്‍ഗ്രസില്‍ നിന്നകന്നതെങ്ങനെ എന്നന്വേഷിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ജിന്നയില്‍നിന്ന് അകന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതാണ്. ലക്‌നൗ കരാറിന്റെ സമയത്തെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം രാഷ്ട്രീയത്തിന്റെ സര്‍ സയ്യിദ് ധാരയെ ദൂരേക്ക് മാറ്റിനിര്‍ത്തുന്ന തരത്തിലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കപ്പെട്ടത്. ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ ഏറ്റെടുത്തതായിരുന്നു ഇതിന്റെ സന്ദര്‍ഭം. തുര്‍ക്കി വിഷയത്തിലെ ബ്രിട്ടീഷ്‌വഞ്ചനയോടുള്ള സ്വാഭാവിക മുസ്ലിം പ്രതിഷേധത്തില്‍ ജിന്നയും ഭാഗവാക്കായിരുന്നെങ്കിലും അഫ്ഗാനിപക്ഷ പണ്ഡിതന്മാര്‍ അതിനെ അവതരിപ്പിച്ച രീതിയോട് സര്‍ സയ്യിദ് ധാരക്കാരനായ ജിന്നക്ക് സ്വാഭാവികമായും യോജിപ്പുണ്ടായിരുന്നില്ല. ഖിലാഫത്തിന്റെ പതനത്തെ സംബന്ധിച്ച ആനുപാതികമല്ലാത്ത ഉത്കണഠകള്‍ക്കുപകരം ഉപഭൂഖണ്ഡത്തിലെ മുസ്ലിംകളുടെ ഭാസുരമായ ജനാധിപത്യഭാവിക്കുവേണ്ടിയുള്ള കാലോചിതമായ ആലോചനകളാണ് സമുദായ നേതൃത്വത്തെ നയിക്കേണ്ടതെന്ന് കരുതി. മുസ്ലിം സമുദായത്തില്‍ സര്‍ സയ്യിദിന്റെ സമചിത്തതക്കുപകരം അഫ്ഗാനിയുടെ ആവേശത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഉള്ള ശ്രമം ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രഖ്യാതനായ വിമര്‍ശകന്‍ ആക്കി ജിന്നയെ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭൂതകാല സ്ഥാപനങ്ങളില്‍ മതം നിര്‍ദ്ദേശിച്ചിട്ടില്ലാത്ത വിധത്തില്‍ കുരുങ്ങിക്കിടന്ന് വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നഷ്ടപ്പെടുന്ന ദുരവസ്ഥ മുസ്ലിം സമൂഹത്തിനില്ലാതെ നോക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുഹമ്മദ് അലി ജിന്ന ആ നിലപാടിനാണ് ജീവിതം കൊണ്ട് അര്‍ത്ഥം നല്‍കിയതും. ജിന്നയുടെ ജീവിതം, അതുകൊണ്ടുതന്നെ, എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും മുസ്ലിം സമൂഹങ്ങള്‍ ബൗദ്ധിക വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ആധുനികതയെ പിഴക്കാതെ അഭിമുഖീകരിക്കാന്‍ അത് തീര്‍ച്ചയായും രാഷ്ട്രീയ തലമുറകളെ പഠിപ്പിക്കും.
(അവസാനിച്ചു)

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.