kerala
ഗുജറാത്തില്‍ നിഴലിക്കുന്നത് ബി.ജെ.പിയുടെ ആശങ്ക – എഡിറ്റോറിയല്‍
കേന്ദ്ര ഭരണം കൈപ്പിടിയിലുണ്ടായിട്ടുകൂടി സംസ്ഥാനത്ത് പല കുതന്ത്രങ്ങളും പണ്ടേ പോലെ ഫലിക്കുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും തട്ടകമായ ഗുജറാത്തില്‍ വിജയ് രൂപാണിയെ മുഖ്യമന്ത്രി കസേരയില്‍നിന്ന് മാറ്റി ഭൂപേന്ദ്ര പട്ടേലിനെ അവരോധിച്ചത് അപ്രതീക്ഷിതമോ നാടകീയമോ അല്ല. ദേശീയതലത്തില്‍ ബി.ജെ.പിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളും സംസ്ഥാന രാഷ്ട്രീയ അടിയൊഴുക്കുകളുമാണ് പുതിയ ഇളക്കി പ്രതിഷ്ഠക്ക് കാരണം. വര്‍ഗീയ കാര്‍ഡിറക്കി തുടര്‍ച്ചയായി 12 വര്‍ഷത്തിലേറെ കാലം മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് കൈവിട്ടുപോകുമെന്ന പേടി പാര്‍ട്ടിക്കുണ്ട്.
കേന്ദ്ര ഭരണം കൈപ്പിടിയിലുണ്ടായിട്ടുകൂടി സംസ്ഥാനത്ത് പല കുതന്ത്രങ്ങളും പണ്ടേ പോലെ ഫലിക്കുന്നില്ല. നിയമസഭാതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കെയാണ് വിജയ് രൂപാണിയെ മാറ്റിയത്. രൂപാണിയുടെ രാജിയും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തലുമെല്ലാം അതിവേഗം പൂര്‍ത്തിയാക്കിയതില്‍നിന്ന്തന്നെ ബി.ജെ.പി നേതൃത്വം ഇതെല്ലാം കാലേക്കൂട്ടി ആലോചിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. സത്യത്തില്‍ രൂപാണിയെ പാര്‍ട്ടി വലിച്ച് താഴെ ഇറക്കുകയാണ് ചെയ്തത്.
ബി.ജെ.പിക്കുകീഴില്‍ ഗുജറാത്ത് പരാജയപ്പെട്ട സംസ്ഥാനമായിമാറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. രൂപാണിയെ മുന്നില്‍നിര്‍ത്തി വോട്ട് ചോദിച്ച് ജനങ്ങളെ സമീപിച്ചാല്‍ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് പല സര്‍വേകളും ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2017ല്‍ ഏറെ വിയര്‍ത്താണ് ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്തിയത്. എഴുപതോളം സീറ്റുമായി പ്രതിപക്ഷത്ത് കോണ്‍ഗ്രസ് നിലയുറപ്പിക്കുന്നത് ബി.ജെ.പിയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ അടുത്ത തവണ ഭരണം നഷ്ടപ്പെടുമെന്ന ദേശീയ നേതൃത്വത്തിന്റെ പേടിയാണ് രൂപാണിയുടെ കസേര തെറിക്കാനുള്ള ഒരു കാരണം.
2017ലും മുഖ്യമന്ത്രിയെ മാറ്റിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്നത്തെ മുഖ്യമന്ത്രി ആനന്ദിബെന്നിനെ പ്രായാധിക്യം ചൂണ്ടിക്കാട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവം ഉണ്ടായിട്ടുപോലും ബി.ജെ.പിക്ക് ഭൂരിപക്ഷം കുറഞ്ഞു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാണ്. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധ രംഗത്തുണ്ടായ പരാജയങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിച്ചിട്ടുണ്ട്. കോവിഡ് തരംഗങ്ങളില്‍ രാജ്യം വീര്‍പ്പുമുട്ടിയപ്പോള്‍ മോദിയും സഹപ്രവര്‍ത്തകരും കാഴ്ചക്കാരുടെ റോളിലേക്ക് മാറുകയായിരുന്നു. ഗുജറാത്തിലെ കോവിഡ് വ്യാപനം ബി.ജെ.പിയെ ഏറെ തളര്‍ത്തി. സംസ്ഥാനത്തുപോലും ഫലപ്രദമായി ഇടപെടാന്‍ മോദിക്ക് സാധിച്ചില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ ഹൈക്കോടതി പലപ്പോഴും വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് രോഗം അതിവേഗം പടര്‍ന്നുപിടിച്ചതിനെതുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുയര്‍ന്നു.
ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍പോലും പഴയതുപോലെ മോദിയെ ഉയര്‍ത്തിക്കാട്ടി തെഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. മോദി തരംഗത്തിന്റെ കാലം കഴിഞ്ഞതായി ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ വ്യക്തിപ്രഭാവമുള്ള ആരുമില്ലെന്നതാണ് സത്യം. മോദിയും അമിത്ഷായും തമ്മിലുള്ള അഭിപ്രായഭിന്നതകളും ഗുജറാത്തിലെ ഇളക്കി പ്രതിഷ്ഠയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആനന്ദി ബെന്നിന് പകരം കൊണ്ടുവന്ന രൂപാണി അമിത് ഷായുടെ സ്വന്തക്കാരനായിരുന്നെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് മോദിയുടെ വിശ്വസ്തനായ സി.ആര്‍ പാട്ടീലാണ്. രൂപാണിയെ പുറത്താക്കി മോദിയുടെ പിടിയിലൊതുങ്ങുന്ന ഒരാളെ മുഖ്യമന്ത്രിയാക്കുകയെന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ പാട്ടീലിന്റെ ആവശ്യമായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന പാര്‍ട്ടി നേതൃ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് അമിത്ഷാ അതൃപ്തി തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ രംഗത്തുണ്ടായ പരാജയം ചൂണ്ടിക്കാട്ടി രൂപാണിയെ പാട്ടീല്‍ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചിരുന്നു. അമിത്ഷാ കൊണ്ടുവന്ന മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ആയുധമായാണ് അദ്ദേഹം കോവിഡിനെ കണ്ടത്.
ഗുജറാത്തില്‍ ബി.ജെ.പിയുടെ ഉയര്‍ച്ചക്ക് സഹായികളായി നിന്ന പട്ടേല്‍ വിഭാഗത്തെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയ നടപടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരുകാലത്ത് കോണ്‍ഗ്രസിനോടൊപ്പം നിന്ന പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗുജറാത്തില്‍ ബി.ജെ.പി കാലുറപ്പിച്ചത്. കുറച്ചു കാലമായി അവര്‍ ബി.ജെ.പിയില്‍നിന്ന് അകന്നുതുടങ്ങിയിട്ടുണ്ട്. പട്ടേല്‍ വിഭാഗം പാര്‍ട്ടിയെ കയ്യൊഴിയുന്നതോടെ സംസ്ഥാനം കൈവിടുമെന്ന പേടിയാണ് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം. ബി.ജെ.പിക്ക് എതിരെയുള്ള അഭിപ്രായ സര്‍വേകള്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അടുത്ത നിയമസസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 84 സീറ്റുമായി പ്രതിപക്ഷത്തേക്ക് ഒതുങ്ങുകയും കോണ്‍ഗ്രസ് 100 സീറ്റുകള്‍ നേടി ഭരണത്തിലേക്ക് ഉയരുകയും ചെയ്യുമെന്നാണ് പല അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി കാലുറപ്പിച്ചു തുടങ്ങിയതും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും ആം ആദ്മിയുടെ ഉയര്‍ച്ചയും ഭരണ മാറ്റത്തിലേക്ക് നയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഗുജറാത്തില്‍ ബി.ജെ.പി പരീക്ഷിച്ചത്. ആരെയും തുടര്‍ച്ചയായി അധികാരത്തില്‍ ഇരുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. മോദിയുടെ വാചകകസര്‍ത്തുകള്‍ക്കപ്പുറം വികസന രംഗത്ത് സംസ്ഥാനം വട്ടപൂജ്യമാണ്. ഗുജറാത്തില്‍ മാത്രമല്ല പാര്‍ട്ടി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. സംസ്ഥാന നേതാക്കളെമാത്രം വിശ്വസിച്ച് മുന്നോട്ടുപോയാല്‍ പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയില്‍ വീഴുമെന്ന് അവര്‍ ഭയക്കുന്നു. അതുകൊണ്ട് സംസ്ഥാന ഘടകങ്ങളെ മൂക്കുകയറിട്ട് പിടിക്കാനാണ് ബി. ജെ.പി ഹൈക്കമാന്റ് ശ്രമിക്കുന്നത്. ഈ വര്‍ഷം ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് കസേര തെറിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ തീരഥ് സിങ് റാവത്തും അസമില്‍ സര്‍ബാനന്ദ് സോനാവാളും കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയും ബി.ജെ.പി ഹൈക്കമാന്‍ഡിന്റെ അപ്രീതിക്കിരയായി പുറത്തുപോയവരാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല രാജിയെന്ന് സ്ഥാപിക്കാന്‍ യെദ്യൂരപ്പ അവസാനനിമിഷംവരെ ശ്രമിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തിനും മൗനം പാലിക്കേണ്ടിവന്നു. ദേശീയ നേതൃത്വം വിചാരിച്ചാല്‍ ആരെയും പിടിച്ചുപുറത്തിടാമെന്ന രീതിയിലേക്ക് ബി.ജെ.പിയുടെ സംഘടനാ പ്രവര്‍ത്തനം വഴിമാറിയിരിക്കുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ സംസ്ഥാന ഘടകങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ചുപോരുന്നത്. കേന്ദ്രത്തില്‍ ഭരണത്തിലുണ്ടെങ്കിലും അധിക കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ബി.ജെ.പിക്ക് അറിയാം. സംസ്ഥാനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗുജറാത്തില്‍ രൂപാണിയെ ഇറക്കി പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ പാര്‍ട്ടിയുടെ ഉള്‍ഭയമാണ് മറനീക്കിയിരിക്കുന്നത്.
kerala
അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി
സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.
സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.
കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.
പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.
india
രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്
സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ