Connect with us

india

യുഎഇയില്‍ എത്തുമ്പോള്‍ പോക്കറ്റിലുണ്ടായിരുന്നത് 56 രൂപ! അവിടന്നങ്ങോട്ട് ജൈത്രയാത്ര, അപ്രതീക്ഷിത വീഴ്ചയും- ബിആര്‍ ഷെട്ടി എന്‍എംസിയില്‍ നിന്ന് പുറത്തു പോകുമ്പോള്‍

കൊടുംചൂടേറ്റ് കഠിനമായി ജോലി ചെയ്ത് തിരിച്ചെത്തിയ ഷെട്ടി സ്വന്തമായി വസ്ത്രങ്ങള്‍ കഴുകി. രാത്രിയില്‍ ഉണക്കി അടുത്ത ദിവസം അതു തന്നെ ധരിച്ച് വീണ്ടും ജോലിക്ക് പോയി. അക്കാലത്ത് മരുന്നു വില്‍ക്കാനായി ഉപയോഗിച്ച സാംസോനൈറ്റ് ബാഗ് ഷെട്ടി ഓര്‍മയ്ക്കായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

Published

on

1970കളില്‍ പൂനെയിലെ ഒരു ചെറുകിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വിതരണക്കാരനായിരുന്നു ഷെട്ടി. ജോലിയേക്കാള്‍ ആ ചെറുപ്പക്കാരന് കൂടുതല്‍ ശ്രദ്ധ രാഷ്ട്രീയത്തിലായിരുന്നു. ഇതോടെ ബിസിനസ് പൊട്ടി. ഈയിടെയാണ് സഹോദരിയുടെ വിവാഹമെത്തിയത്. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് എം.ഡി കെ.കെ പൈയെ കണ്ട് ഒരു വ്യക്തിഗത വായ്പ സംഘടിപ്പിച്ചു. പണം തിരിച്ചടക്കാനായിരുന്നു പാട്. പണത്തിന് ബുദ്ധിമുട്ടായതോടെ അന്നത്തെ ഭാഗ്യാന്വേഷകരായ ചെറുപ്പക്കാരെ പോലെ ഷെട്ടിയും കടല്‍ കടന്ന് യു.എ.ഇയിലെത്തി.

ബാഗില്‍ അമ്പത്തിയാറ് രൂപ!

1973ലാണ് ഷെട്ടി അബുദാബിയിലായത്. അമ്പത്തിയാറ് രൂപ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. അത് മോഷ്ടിക്കപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചെങ്കിലും അറബി അറിയാത്തത് കൊണ്ട് അതു തരപ്പെട്ടില്ല. മരുന്നു വില്‍ക്കുന്ന നാട്ടിലെ ജോലിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കല്‍ റപ്രസന്റേറ്റീവായി.

എന്‍.എം.സിയുടെ പഴയ കെട്ടിടങ്ങളില്‍ ഒന്നിനു മുമ്പില്‍ ഷെട്ടി

കൊടുംചൂടേറ്റ് കഠിനമായി ജോലി ചെയ്ത് തിരിച്ചെത്തിയ ഷെട്ടി സ്വന്തമായി വസ്ത്രങ്ങള്‍ കഴുകി. രാത്രിയില്‍ ഉണക്കി അടുത്ത ദിവസം അതു തന്നെ ധരിച്ച് വീണ്ടും ജോലിക്ക് പോയി. അക്കാലത്ത് മരുന്നു വില്‍ക്കാനായി ഉപയോഗിച്ച സാംസോനൈറ്റ് ബാഗ് ഷെട്ടി ഓര്‍മയ്ക്കായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍ റപ്പില്‍ നിന്ന് കമ്മിഷന്‍ അടിസ്ഥാനത്തില്‍ പാക്കറ്റില്‍ അടച്ച ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ജോലി കൂടി ഷെട്ടിയാരംഭിച്ചു.

രണ്ടു മുറി അപ്പാര്‍ട്‌മെന്റിലെ ക്ലിനികും മണി എക്‌സ്‌ചേഞ്ചും

അതിനിടെ, 1975ല്‍ ഷെട്ടി ഒരു സ്വകാര്യ മെഡിക്കല്‍ ക്ലിനിക് ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സൗജന്യ ആരോഗ്യപരിരക്ഷ വഴിയായിരുന്നു പുതിയ സംരംഭം. ഷെട്ടി അതില്‍ ഒരവസരം കണ്ടു. രണ്ട് മുറി അപ്പാര്‍ട്‌മെന്റില്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍.എം.സി) എന്ന പേരിലായിരുന്നു ക്ലിനിക്. ഡോക്ടര്‍ ഭാര്യ തന്നെ, ചന്ദ്രകുമാരി ഷെട്ടി. ബിസിനസ് ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു ഇത്. അക്കാലത്ത് ക്ലിനികിലെ ആംബുലന്‍സ് ഡ്രൈവര്‍ പോലുമായിട്ടുണ്ട് ഷെട്ടി. എന്‍.എം.സി വളര്‍ന്നു വലുതായി, രണ്ടായിരം ഡോക്ടര്‍മാരും 45 ആശുപത്രിയുമുള്ള വലിയ സംരംഭമായി മാറി പിന്നീടത്.

അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഷെട്ടി അടുത്ത അവസരം ഉപയോഗപ്പെടുത്തിയത്. നാട്ടിലേക്ക് പണമയക്കാന്‍ വരി നില്‍ക്കുന്ന കുടിയേറ്റ തൊഴിലാകളില്‍ നിന്നാണ് ആ ആശയം ഷെട്ടിയുടെ മനസ്സില്‍ ഉയിരെടുത്തത്. ഇതോടെ 1980ല്‍ നാട്ടിലേക്ക് പണം അയക്കുന്നതിനായി യു.എ.ഇ മണി എക്‌സ്‌ചേഞ്ച് നിലവില്‍ വന്നു. ബാങ്കുകള്‍ വാങ്ങുന്നതിലും കുറച്ച് പണം ഈടാക്കിയതോടെ മണി എക്‌സ്‌ചേഞ്ച് വളര്‍ന്നു. 31 രാജ്യങ്ങളിലെ 850 ഡയറക്ട് ബ്രാഞ്ചുകളുണ്ടായി. എക്‌സ്പ്രസ് മണി പോലുള്ള ഉപകമ്പനികളും വലുതായി. പെട്ടെന്നുള്ള വിനിമയം, വേഗത്തിലുള്ള ട്രാന്‍സ്ഫര്‍ എന്നിവയായിരുന്നു മണി എക്‌സ്‌ചേഞ്ചിന്റെ വിജയരഹസ്യം. പിന്നീട് ഈ കമ്പനികള്‍ എല്ലാം ഫിനാബ്ലര്‍ എന്ന ഒറ്റക്കുടക്കീഴിലായി. 2003ല്‍ നിയോഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സംരംഭം തുടങ്ങി.

ബിസിനസ് വളര്‍ന്നു, ഷെട്ടിയും

ബിസിനസ് വളര്‍ന്നതോടെ ഷെട്ടിയുടെ മൂല്യവും കമ്പനികളുടെ മൂല്യവും വളര്‍ന്നു. 2005ല്‍ അബുദാബി സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് അബുദാബി പുരസ്‌കാരം നല്‍കി ഷെട്ടിയെ ആദരിച്ചു. 2009ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി. ഇക്കാലയളവില്‍ ഷെട്ടിയുടെ നോട്ടം ഇന്ത്യയിലുമെത്തി. 180 വര്‍ഷം പഴക്കമുള്ള അസം കമ്പനിയിലും മുംബൈയിലെ സെവന്‍ ഹില്‍സ് ഹോസ്പിറ്റലിലും നിക്ഷേപമിറക്കി. കേരളത്തിലെയും ഒഡിഷയിലെയും ആശുപത്രികളിലും ഷെട്ടി പണമിറക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ എന്‍.എം.സി ഹെല്‍ത്ത് രജിസ്റ്റര്‍ ചെയ്തു. എല്‍.എസ്.ഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ അബുദാബി കമ്പനിയായിരുന്നു എന്‍.എം.സി. 187 മില്യണ്‍ യു.എസ് ഡോളറായിരുന്നു ആസ്തി.

ബിസിനസുകാരന്‍ ആയിരിക്കെ തന്നെ നാട്ടിലെ കലയയെയും കലാകാരന്മാരെയും ഷെട്ടി ആദരിച്ചിരുന്നതായി സൂര്യ ഫെസ്റ്റിവല്‍ ഓഫ് ആര്‍ട് ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറയുന്നു. ‘മുപ്പത് വര്‍ഷമായി ഫെസ്റ്റിവലിന്റെ രക്ഷാധികാരിയാണ് ഷെട്ടി. കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ടായി ഞാനുണ്ടായിരുന്ന കാലത്ത് കലാകാരന്മാര്‍ക്കായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടു വന്നിരുന്നു. എല്ലാ കലാകാരന്മാരുടെയും ആറായിരം രൂപ വരുന്ന പ്രീമിയം അടച്ചത് ഷെട്ടിയാണ് എന്ന് മിക്കവര്‍ക്കും അറിയില്ല’ – അദ്ദേഹം വ്യക്തമാക്കി. മറ്റൊരവസരത്തില്‍ യേശുദാസിന്റെ സംഗീതക്കച്ചേരി കഴിഞ്ഞ് സ്റ്റേജില്‍ കയറി തന്റെ റോള്‍സ് റോയ്‌സിന്റെ ചാവിയാണ് ഷെട്ടി നല്‍കിയത്. ഇതിനിടെ ആയിരം കോടി ചെലവിട്ട് എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കാനുള്ള ആലോചനകളും നടന്നു. അതു മുന്നോട്ടു പോയില്ല.

ബുര്‍ജ് ഖലീഫയിലെ 100,140 നിലകള്‍ മുഴുവന്‍ വാങ്ങിയതോടെ ഷെട്ടി വാര്‍ത്തകളില്‍ നിറഞ്ഞു. ദുബൈയിലെ വേള്‍ഡ് ട്രൈഡ് സെന്ററിലും പാം ജുമൈറയിലും അദ്ദേഹത്തിന് ആസ്തികളുണ്ടായി. ഏഴ് റോള്‍സ് റോയ്‌സ് കാറുകളും ഒരു മേ ബാക്കും ഒരു വിന്‍ഡേജ് മോറിസ് മൈനര്‍ കാറും സ്വന്തമായുണ്ട്.

മലയാളികളുടെ ശക്തിയില്‍

എന്‍.എ.സിയുടെ പേരിലാണ് ഷെട്ടി ആഗോളതലത്തില്‍ അറിയപ്പെട്ടത്. 2018ല്‍ രണ്ടു ബില്യണ്‍ യു.എസ് ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2019 മെയില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളുടെ അംബ്രല്ല ബോഡിയായ ഫിനാബ്ലര്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.

പാലക്കാട്ടുകാരായ രണ്ടു മലയാളികളായിരുന്നു ഇതിന്റെ ചാലകശക്തികള്‍. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന വേളയില്‍ എന്‍.എം.സിയുടെ സി.എഫ്.ഒ പ്രശാന്ത് മംഗാട്ടായിരുന്നു. സഹോദരന്‍ പ്രമോദ് മംഗാട്ട് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒയും ഫിനാബ്ലറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും. 2003ലാണ് ഈ കുടുംബം ഷെട്ടിയുടെ സാമ്രാജ്യത്തിലെത്തിയത്. 2017ല്‍ ഷെട്ടി എന്‍.എം.സി ഹെല്‍ത്തിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി. പ്രശാന്തായി അടുത്ത സി.ഇ.ഒ.

എല്ലാം തകിടം മറിയുന്നു

2019ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായ ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനി മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയത് അടക്കമുള്ള അക്കൗണ്ടുകളിലെ കൃത്രിമമാണ് മഡ്ഡി വാട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയത്. ഇതോടെ 2020 ജനുവരിയില്‍ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞു. ആരോപണം അന്വേഷിക്കാന്‍ മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ നേതൃത്വം നല്‍കുന്ന ഫ്രീഹ് ഗ്രൂപ്പിനെ കമ്പനി ഏല്‍പ്പിച്ചു.

യു.എ.ഇ ഭരണാധികാരിയുടെ കൂടെ

ഡയറക്ടര്‍ ബോര്‍ഡിനും സ്‌റ്റോക് മാര്‍ക്കറ്റിനും അജ്ഞാതമായ 335 മില്യണ്‍ യു.എസ് ഡോളറിന്റെ ധനയിടപാട് ഷെട്ടിയും മറ്റൊരു പ്രധാന ഓഹരിയുടമ ഖലീഫ ബിന്‍ ബുത്തിയും നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഓരോ ഓഹരിയുടമയ്ക്കും എത്ര ഓഹരികള്‍ ഉണ്ട് എന്നതിലും ആശയക്കുഴപ്പം നിലനിന്നു. ചില ഓഹരിയുടമകള്‍ അവരുടെ ഓഹരിയെ കുറിച്ച് ‘തെറ്റായ വിവരങ്ങള്‍ നല്‍കി’യെന്ന് കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. രഹസ്യ വായ്പ പുറത്തു വന്നതോടെ സി.ഇ.ഒ മംഗാട്ട് തെറിച്ചു. ഫെബ്രുവരിയില്‍ ഷെട്ടിയും പടിയിറങ്ങി.

അതിനിടെ, ഫിനാബ്ലറിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. മൂന്നാം കക്ഷി വായ്പയ്ക്കായി 100 മില്യണ്‍ യു.എസ് ഡോളറിന്റെ അണ്‍ ഡിസ്‌ക്ലോസ്ഡ് ചെക്ക് നല്‍കി എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. എന്‍.എം.സിക്ക് 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടാണ് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. 2.1 ബില്യണ്‍ ഡോളറാണ് കടം എന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. വായ്പാ ദാതാക്കള്‍ മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

ചെറിയ കടങ്ങളല്ല എന്‍.എം.സിക്ക് തിരിച്ചടക്കാനുള്ളത്. എണ്‍പതോളം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കമ്പനി വായ്പയെടുത്തിട്ടുണ്ട്. അബൂദാബി കമേഴ്‌സ്യല്‍ ബാങ്ക് (963 മില്യണ്‍ യു.എസ് ഡോളര്‍), ദുബൈ ഇസ്‌ലാമിക് ബാങ്ക് (541 മില്യണ്‍ യു.എസ് ഡോളര്‍), അബുദാബി ഇസ്‌ലാമിക് ബാങ്ക് (325 മില്യണ്‍ യു.എസ് ഡോളര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് (250 മില്യണ്‍ യു.എസ് ഡോളര്‍), ബാര്‍ക്ലേയ്‌സ് ((146 മില്യണ്‍ യു.എസ് ഡോളര്‍) എന്നിവ ഇതില്‍ ചിലതു മാത്രം. ഗ്രൂപ്പിന്റെ മൊത്തം കടം 6.6 ബില്യണ്‍ ഡോളറാണ് എന്നാണ് കരുതപ്പെടുന്നത്.

കൈവിടാത്ത രാഷ്ട്രീയച്ചായ്‌വ്

കോണ്‍ഗ്രസുകാരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ഷെട്ടി. അച്ഛന്‍ കോണ്‍ഗ്രസ് അനുഭാവിയാണ് എങ്കിലും മകന് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തോടായിരുന്നു പ്രിയം. തന്റെ ഇരുപതുകളില്‍ രണ്ടു തവണ ഉഡുപ്പി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ഷെട്ടി ജനസംഘം ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെ

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങി. ‘അക്കാലത്ത് ഊര്‍ജ്ജ്വസ്വലനായ കുട്ടിയായിരുന്നു ഞാന്‍. വായ്‌പേയി നല്ല പ്രാസംഗികന്‍ ആയിരുന്നു. ഞങ്ങളുടെ പ്രദേശത്ത് എന്റെ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം’ – 2018ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 1968ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ഉഡുപ്പിയില്‍ ജനസംഘ് അധികാരത്തിലെത്തി. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷെട്ടി കൗണ്‍സിലിലെ വൈസ് പ്രസിഡണ്ടുമായി. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ എത്തിയ വേളയില്‍ അതിന്റെ പ്രധാന സംഘാടകരില്‍ ഒരാളും ഷെട്ടിയായിരുന്നു.

ബന്ധം അവസാനിക്കുന്നു

കഴിഞ്ഞ ദിവസം ഡോ ചന്ദ്രകുമാരി ഷെട്ടിയുമായുള്ള ബന്ധം എന്‍എംസി വിച്ഛേദിച്ചതോടെ കമ്പനിയില്‍ ബിആര്‍ ഷെട്ടിയുടെ പതനം പൂര്‍ണമായി. എന്‍എംസിയിലെ മെഡിക്കല്‍ ഡയറക്ടറായിരുന്നു ഇവര്‍. 1970കളിലെ മധ്യത്തില്‍ സ്ഥാപിക്കപ്പെട്ട എന്‍എംസിയിലെ ആദ്യത്തെ ജീവനക്കാരിയായിരുന്നു ഡോ ചന്ദ്രകുമാരി. പ്രതിമാസം 200,000 ലേറെ ദിര്‍ഹം ശമ്പളാണ് ഇവര്‍ വാങ്ങിക്കൊണ്ടിരുന്നത്.

ഷെട്ടിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന ശമ്പളം നല്‍കിയത് എന്നും മാര്‍ച്ച് മുതല്‍ അദ്ദേഹം സ്ഥാപനത്തില്‍ സജീവമായി ഇല്ലെന്നും എന്‍എംസി ഹെല്‍ത്ത് സിഇഒ മൈക്കല്‍ ഡേവിസ് വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തില്‍ നിന്ന് സ്വയം രാജിവയ്ക്കാന്‍ ഡോ ചന്ദ്രകുമാരിയോട് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ ജോലി ചെയ്യാത്ത സാഹചര്യത്തിലാണ് അവരെ നീക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

(ദ എക്‌ണോമിക് ടൈംസ് മാഗസിനില്‍ ഇന്ദുലേഖ അരവിന്ദ് എഴുതിയ ബി.ആര്‍ ഷെട്ടി: ദ സ്ട്രാഗറിങ് റൈസ് ആന്‍ഡ് ഇന്‍ക്രഡിബ്ള്‍ ഫാള്‍ ഓഫ് എ ബില്യണയര്‍ എന്ന ലേഖനത്തില്‍ നിന്നെടുത്തത്)

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.